ജലം ഒരു ഇളക്കക്കാരിയാണ് . പഴയ ഉടുപ്പുകളഴിച്ചു വെച്ച് തന്നെ സ്വീകരിക്കുന്ന പാത്രങ്ങളുടെ രൂപങ്ങളെ അവള്‍ മാറി മാറി അണിയുന്നു. ഒരു നേര്‍ത്തചലനത്തിനു പോലും അവളെ ഉണര്‍ത്താന്‍ കഴിയും. അവളെ ജീവന്‍റെ നിത്യനര്‍ത്തകി എന്ന്  വിളിക്കാനാണെനിക്കിഷ്ടം. അവളില്‍ മുങ്ങിക്കുളിച്ചവര്‍ പരിശുദ്ധിയുടെ ഉടുപ്പുകളണിയുന്നു. ക്രിസ്തു അവളില്‍ നിന്നാണ് ജ്ഞാനസ്നാനം ഏറ്റത്‌. അവളുടെ തഴുകല്‍ കഠിനഹൃദയരായ പാറകളെപ്പോലും പ്രണയം പഠിപ്പിക്കുന്നു. സൃഷ്ടിയുടെ ആദിമമായ പ്രസവവേദന അവളുടെ ഓര്‍മ്മകളില്‍ എപ്പോഴും ഉണ്ടായിരിക്കണം. നീട്ടിവെച്ച പാദങ്ങളില്‍ ഇളംകുഞ്ഞിനെ കമിഴ്ത്തിക്കിടത്തി കുളിപ്പിക്കുന്ന ഒരമ്മയുടെ ചിത്രമാണ് അവളെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം എന്നിലുണരുന്നത്. ഈ മാതൃബോധം അവളുടെ നിത്യജാഗ്രതയില്‍ സദാ പ്രകടമാകുന്നുണ്ടല്ലോ! ചെറു ഇലയനക്കങ്ങളില്‍പോലും അവളുണര്‍ന്ന് തന്‍റെ കുഞ്ഞിനെ തിരയുന്നു. എന്തുകൊണ്ടാണ് പ്രത്യേകിച്ച് കുട്ടികള്‍ ജലകേളികളില്‍ ഇത്രയേറെ ആഹ്ളാദിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? മഴ നനയുമ്പോള്‍ മുതിര്‍ന്നവരില്‍ പോലും മയിലുകള്‍ പീലിവിടര്‍ത്തി നൃത്തം ചെയ്യാറില്ലേ? ജലത്തിന് ഇത്തരമൊരു ആനന്ദദായക ശേഷി ഉണ്ടെന്ന് നമുക്കറിയാം. പൊള്ളുന്ന പനിയിൽ നെറ്റിയില്‍ അമ്മയായി പതിയുന്ന നനഞ്ഞ ശീലയുടെ ഓര്‍മ്മ ഇപ്പോഴും ബാല്യകാലസ്മരണകളില്‍ ഉണ്ട്.

അവളില്‍ ലയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവള്‍ തന്നെയായി മാറാം. ലയിക്കാന്‍ മടിക്കുന്ന ഖരവസ്തുക്കളെ അവള്‍ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകും. ഭാവിയിലേയ്ക്ക് മാനസാന്തരപ്പെടുത്തുവാനായി. ഉള്ളു പൊള്ളയായവര്‍ക്ക് ജലത്തിന്‍റെ പ്രതല സുഖങ്ങളില്‍ ഒഴുകി നടക്കാനാണിഷ്ടം. ആത്മരതിക്കാര്‍ക്ക് അഭിരമിക്കാന്‍ അവള്‍ വാല്‍ക്കണ്ണാടി നീട്ടിക്കൊടുക്കും. രാഷ്ട്രീയത്തില്‍ എപ്പോഴും സമനിരപ്പ് കണ്ടെത്തുന്ന സോഷ്യലിസ്റ്റാണവള്‍. ജലത്തിന്‍റെ കാവ്യാത്മകമായ വഴക്കങ്ങള്‍ക്ക് സ്വാഗതമാശംശിച്ചു കൊണ്ടുതന്നെ തുടങ്ങാമെന്നു കരുതി. കവിത നിരൂപണമാവുകയില്ല എന്നറിയാം ,അതൊരു കീഴ്‌വഴക്കമാണ് .കീഴ്‌വഴക്കങ്ങളെ ലംഘിക്കുന്ന ഒരു രൂപകം എന്ന നിലയില്‍ കൂടിയാണ് ജലത്തെ നിര്‍വചിച്ചു കൊണ്ട് ഒരു ചെറുകഥയുടെ ആന്തരികതകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നത്. കഥയിലേക്ക് കവിതയില്‍ക്കൂടിയും ഒരു വഴിയുണ്ട് എന്ന് പറയുവാനുള്ള ഒരവസരമായും ഇതിനെ ഉപയോഗപ്പെടുത്തുകയാണ് .

പറഞ്ഞു വരുന്നത് ഇ .സന്തോഷ്‌‌കുമാറിന്‍റെ “പരുന്ത്” എന്ന കഥയെക്കുറിച്ചാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന പൊതുവേ നന്നായി സ്വീകരിക്കപ്പെട്ട കഥയാണിത്. സ്വീകാര്യതയാണോ ഒരു കഥയുടെ മികവിനെ നിര്‍ണ്ണയിക്കുന്നത് എന്നത് നല്ലൊരു പ്രതിപക്ഷ ചോദ്യമാണ് .സ്വീകാര്യത കൊണ്ടു മാത്രം ഒരു കഥ നല്ല കഥയാകണമെന്നില്ല എന്ന അഭിപ്രായം സത്യത്തിനോട്‌ വളരെ അടുത്തു നില്‍ക്കുന്നു. തീര്‍ച്ചയായും സന്തോഷ്‌കുമാറിന്‍റെ കഥകളുടെ ഒരു ആകര്‍ഷക ഘടകം അവയുടെ പാരായണക്ഷമതയാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കഥയുടെ ബാഹ്യലാളിത്യത്തില്‍ മാത്രം അഭിരമിക്കുന്ന,പൂമുഖ ലാളിത്യത്തിനപ്പുറം അവയുടെ അകക്കാഴ്ചകളിലേക്ക് പോകാന്‍ നമുക്ക് കഴിയണം .

ഒരു കലാസൃഷ്ടിയും ഒരര്‍ത്ഥത്തെ മാത്രമല്ല ഉല്‍പ്പാദിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ ഒരു വായനയും അന്തിമമവും ആധികാരികവുമായ വായനയല്ല. സന്തോഷ്‌ കുമാറിന്‍റെ കഥയെ ഇങ്ങിനെയും വായിക്കാം എന്ന എളിയ അവകാശവാദമേ എനിക്കുള്ളൂ. ഏതു വായനക്ക് ശേഷവും കഥ നമ്മുടെ അളവുപാത്രങ്ങളില്‍ ഒതുങ്ങാതെ നിറഞ്ഞൊഴുകുമ്പോള്‍ മാത്രമേ അതു നിത്യ നിരതിശായിയായ കലാസൃഷ്ടിയായി മാറുകയുള്ളൂ. അളവുകള്‍ക്ക് വഴങ്ങാത്ത വലുപ്പം സന്തോഷ്‌ കുമാറിന്‍റെ കഥയ്ക്കുണ്ട് .കുറുമുനിയായ അഗസ്ത്യന്‍ കാവേരി നദിയെ തന്‍റെ കമണ്ഡലുവില്‍ ഒതുക്കി കൊണ്ടു നടന്ന പുരാണ കഥ പോലെയാണത്. അലങ്കാരങ്ങളുടെ ബാഹ്യഭംഗികള്‍ അഴിച്ചുവെച്ച് കഥ വിനീതമായി ഒതുങ്ങി നില്‍ക്കുന്നു. കഥയുടെ കമണ്ഡലുവില്‍ ജീവിതത്തിന്‍റെ മഹാനദി ഒളിഞ്ഞിരിക്കുന്നത് വായനക്കാര്‍ അറിയുന്നില്ല. കാക്കയുടെ രൂപത്തില്‍ വന്ന് അഗസ്ത്യ മഹര്‍ഷിയുടെ കമണ്ഡലു മറിച്ചിട്ടാണ് ഗണപതി കാവേരിയുടെ ഒഴുക്കിനെ വീണ്ടെടുത്തത് .അതു പോലെയുള്ള വായനാശ്രമങ്ങള്‍ ഈ കഥ ആവശ്യപ്പെടുന്നുണ്ട്? ഈ വെല്ലുവിളി എല്ലാ വായനക്കാരും ഏറ്റെടുക്കണമെന്നില്ല,ഏറ്റെടുക്കേണ്ടതുമില്ല.നിങ്ങളുടെ കൈവശമുള്ള പാത്രത്തിന്‍റെ വലുപ്പത്തിനനുസരിച്ച് കോരിയെടുത്തോളൂ. ഓരോ വായനക്കുമനുസരിച്ചു സ്വയം വികസിക്കാനുള്ള അത്ഭുതശേഷിയാണ് ഈ കഥയെ വ്യത്യസ്ഥമാക്കുന്നത്.

parunthu ,story , e.santhosh kumar, m.k sreekumar

സന്തോഷ്‌ കുമാറിന്‍റെ കഥകളിലേയ്ക്ക് മണ്ണിലൂടെയും മരങ്ങളിലൂടെയും, പുഴകളിലൂടെയും പ്രവേശന മാര്‍ഗങ്ങള്‍ ഉണ്ട്. “ഗാലപ്പഗോസ്” എന്ന ആദ്യ സമാഹാരംതന്നെ ഈ ഹരിത ജാതകത്തിന്‍റെ തലക്കുറിയായിരുന്നല്ലോ! ഈ കഥയും ഹരിത രാഷ്ട്രീയത്തിന്‍റെയും ഹരിത സമ്പദ് വ്യവസ്ഥയുടെയും ആവശ്യകത ബോധ്യപ്പെടുത്തുന്ന ചുരുക്കെഴുത്തുകള്‍ തന്നെയാണ്.

ജലദൗര്‍ലഭ്യവും മലിനീകരണവും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങളാണല്ലോ! ചുട്ടു പൊള്ളുന്ന താപസാന്നിധ്യം ഭൂമിയിലെ ജീവിതം അസഹ്യമാക്കിക്കൊണ്ടിരിക്കുന്നു .കുടിവെള്ളത്തിനു വേണ്ടി കേഴുന്ന വേഴാമ്പലുകലെപ്പോലെയായിരിക്കുന്നു മനുഷ്യര്‍ .ജീവന്‍റെ നിലനില്‍പ്പിന്‍റെ ഈ അടിസ്ഥാന പ്രശ്നത്തെ മനുഷ്യന്‍റെ ലാഭക്കൊതി കണ്ടില്ലെന്നു നടിക്കുന്നിടത്താണ് നമ്മുടെ ദുര്‍വിധി ആരംഭിക്കുന്നത്. .ഏതു ദുര്‍വിധിയിലും നീരുറവ പോലെ ശാന്തത കാത്തിരിപ്പുണ്ട്‌ എന്ന ആ പഴയ കാല്‍പ്പനിക പ്രതീക്ഷ ഇപ്പോഴും തെളിഞ്ഞൊഴുകുന്നുണ്ട് എന്നു തന്നെയാണ് ഈ കഥ നല്‍കുന്ന സര്‍ഗാത്മക സാക്ഷ്യം. ഒഴുക്കുകള്‍ മതിയാക്കി ഒരു സിമന്‍റ് തൊട്ടിയിലേക്കു സ്വയം ചുരുങ്ങി നില്‍ക്കുന്ന ജലം ഭീഷണമായൊരു അടിസ്ഥാന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന രൂപകമായി വേണം വായിക്കുവാന്‍. ജലദൗര്‍ലഭ്യത്തിന്‍റെ വര്‍ത്തമാനാവസ്ഥയെ ധ്വനിപ്പിക്കുവാന്‍ ഈ ന്യൂനീകരണം സഹായിക്കുന്നു. ജലം പ്രതിരോധം മാത്രമല്ല. പ്രകൃതിയെ നിര്‍ലജ്ജം വസ്ത്രാക്ഷേപം ചെയ്യുന്ന നിസ്സഹായ വേളകളില്‍ ക്ഷമയുടെ പര്യായ പദവി അഴിച്ചു വെച്ച് സമര സന്നദ്ധമാവുന്ന പോരാളി കൂടിയാണ്. പ്രളയം,ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങളിലൂടെ പ്രകൃതി നമുക്ക് ശക്തമായ താക്കീത് നല്കാറില്ലേ? ആരുകേള്‍ക്കാന്‍,അല്ലേ? നമ്മുടെ അടഞ്ഞുപോയ ചെവികളെ തുറക്കുവാനുള്ള ഇത്തരം കഥാശ്രമങ്ങളെ അര്‍ഹമായ വിധം അടയാളപ്പെടുത്തേണ്ടത് സാഹിത്യ സേവനം മാത്രമല്ല സാമൂഹിക സേവനം കൂടിയാണ്.

ജലമായിരിക്കുക . ആര്‍ദ്രത നഷ്ടപ്പെട്ട ഒരു ഖരരൂപമായി ചിട്ടപ്പെടാതിരിക്കുക .പരിസ്‌തിഥിക്കിണങ്ങും വിധം മാറാന്‍ പഠിക്കുക. അതിജീവനക്ഷമത വീണ്ടെടുക്കുക . സഹജവികസനത്തിന്‍റെ പ്രകൃതി പാഠം ഉള്‍ക്കൊണ്ടുകൊണ്ട് സ്വയംവളരാന്‍ അനുവദിക്കുക. ഭൂമിയുടെ ഉപ്പായി മനുഷ്യന്‍റെ കണ്ണുനീരില്‍, വിയര്‍പ്പിൽ,,മാനവികതയുടെ സമുദ്ര വിശാലതയില്‍ നിറയുക. ഭൂമിയുടെ നിലനില്‍പ്പിനു അടിസ്ഥാനമാകേണ്ട ഇത്തരം ലളിത പാഠങ്ങള്‍ ആണ് ഈ കഥ എഴുത്തോലയുടെ ഞരമ്പുകളില്‍ നാരായ വേദനകളായി രേഖപ്പെടുത്തുന്നത്. കുഴല്‍ ജലം, കുപ്പിവെള്ളം, കൃത്രിമ പാനീയങ്ങള്‍ അഴുക്കുചാല്‍, മലിനീകരിക്കപ്പെട്ട ജലസ്രോതസ്സുകള്‍ എന്നിവ ജലത്തിന്‍റെ രോഗാവസ്ഥകളാണ്. മൂന്നില്‍ രണ്ടു ഭാഗത്ത് പൊതിഞ്ഞു നില്‍ക്കുന്ന ഭൂമിയുടെ സംരക്ഷണപുതപ്പു മാത്രമല്ല ജലം, വരുംതലമുറകളുടെ സുരക്ഷിതഭാവിയെ ഉറപ്പു വരുത്തുന്ന ഭൂമിയുടെ ഗര്‍ഭജലം കൂടിയാണത്. ഈ ഭാവിചിന്തയാണ് സന്തോഷിന്‍റെ കഥ പങ്കിടുന്ന ആശങ്ക. ഈ ആശങ്കയുടെ വൃഷ്ടി പ്രദേശമായി വര്‍ത്തിക്കാന്‍ കഴിയുന്നിടത്താണ് “പരുന്ത്” എന്ന കഥ അതിന്‍റെ സാമൂഹിക ദൗത്യം ഏറ്റെടുക്കുന്നത് .

പ്രതിരോധവും ആക്രമണവും അതിജീവനകലയാണെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന കായികകലയുടെ ചക്രവര്‍ത്തിയായിരുന്ന ബ്രൂസ് ലിയെ സ്മരിക്കാവുന്ന സന്ദര്‍ഭമാണിത് .അദ്ദേഹത്തിന്‍റെ പ്രശസ്തമായ ഒരു രൂപകമാണ് ജലം .കായിക കലയെ തത്വ ചിന്തയുമായി ബന്ധിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ വ്യത്യസ്തതയും അപൂര്‍വതയും. അദ്ദേഹത്തിന്‍റെ ആചാര്യനായിരുന്ന യിപ് മാൻ (Yip Man) ബ്രൂസ് ലീയെ അനാസക്തിയുടെ കല (The art of detachment) പഠിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ലീ യോട് പറഞ്ഞു: ”വസ്തുക്കളുടെ സഹജമായ വളവുകളെ പിന്തുടര്‍ന്ന് നീ സ്വയം കാത്തു സൂക്ഷിക്കുക.അവയില്‍ ഇടപെടാതിരിക്കുക .പ്രകൃതിക്കെതിരെ ഒരിക്കലും നീങ്ങാതിരിക്കുക.ഒരു പ്രശനത്തെയും നേര്‍ക്ക്‌ നേര്‍ എതിര്‍ത്ത് നില്‍ക്കരുത്. പകരം അതിനോടൊപ്പം ചലിച്ചു അതിനെ നിയന്ത്രിക്കുക .ഈ ആഴ്ചയില്‍ നീയിതു പരിശീലിക്കരുത്. വീട്ടില്‍പോയി ഇതിനെക്കുറിച്ച്‌ നന്നായി വിചിന്തനം ചെയ്യുക.”

parunthu ,story , e.santhosh kumar, m.k sreekumar

ബ്രുസ് ലീ അതെപ്പറ്റി ഇങ്ങനെ എഴുതുന്നു:”ധ്യാനിച്ചു കൊണ്ടും പരിശീലിച്ചുകൊണ്ടും അനേകം മണിക്കൂറുകള്‍ ചെലവഴിച്ച ശേഷം,ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ച് ഒരു പായ്ക്കപ്പലില്‍ ഞാന്‍ ഏകനായി കടലില്‍ യാത്രചെയ്തു. ഞാന്‍ അതുവരെ ചെയ്ത പരിശീലനങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് ഭ്രാന്തു പിടിക്കുകയും ഞാന്‍ വെള്ളത്തിനെ മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു.! ആ ഒരൊറ്റ നിമിഷത്തില്‍ ഒരു ചിന്ത പൊടുന്നനെ എന്നില്‍ ഉദിച്ചു.കുങ്ങ് ഫുവിന്‍റെ ആത്മസത്ത ഈ ജലം തന്നെയല്ലേ? കുങ്ങ് ഫുവിന്‍റെ തത്വം ഈ ജലം എനിക്കിപ്പോള്‍ തരുകയല്ലേ ചെയ്തത്? ഞാന്‍ വെള്ളത്തെ പ്രഹരിച്ചു .പക്ഷെ അതിനു വേദനിച്ചില്ല .ഞാന്‍ സര്‍വ ശക്തിയും സംഭരിച്ചു വെള്ളത്തെ വീണ്ടും പ്രഹരിച്ചു .അപ്പോഴും അതിനു മുറിവേറ്റില്ല.അപ്പോള്‍ ഞാന്‍ ഒരു കൈകുമ്പിള്‍ ജലത്തെ പിടിയിലൊതുക്കാന്‍ ശ്രമിച്ചു .എന്നാല്‍ അത് അസാധ്യമാണെന്ന് തെളിയിക്കപ്പെട്ടു.ഈ ജലം, ഏതു ചെറിയ പാത്രത്തിനും ഉള്‍ക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള ഈ വസ്തു ഏറ്റവും ദുര്‍ബലമായതായി മാത്രം കാണപ്പെടുന്നു.വാസ്തവത്തില്‍ ലോകത്തിലെ ഏറ്റവും കഠിന വസ്തുവിനെപ്പോലും തുളച്ചു കടക്കുവാന്‍ അതിനു കഴിയും. ജലത്തിന്‍റെ സ്വഭാവം സ്വായത്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.പെട്ടെന്ന് ഒരു പക്ഷി പറന്നുപോകുകയും അതിന്‍റെ നിഴല്‍ ജലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.”

ബ്രുസ് ലീയുടെ അനുഭവത്തിന്‍റെ പക്ഷി പറക്കുമ്പോള്‍ അതിന്‍റെ ആശയപ്രതിഫലനം സന്തോഷ്‌ കുമാറിന്‍റെ കഥയിലാണ് നാം കാണുന്നത് .കാടിന്‍റെ സമാധാനപരമായ സഹവര്‍ത്തിത്വത്തോട് അരികു ചേര്‍ന്നു നില്‍ക്കുന്ന കുരിയാക്കുവിന്‍റെ കുടിലിന്‍റെ ധ്യാന ശാന്തിയെ നാഗരിക സന്ദര്‍ശകരായ ചിത്രകാരന്‍റെയും ഭാര്യയുടെയും അവിശുദ്ധ സാന്നിധ്യം ഒരു നിമിഷം ഭന്ജിക്കുന്നു .എന്നാല്‍ അത് ജലത്തെ പോലെ നിമിഷ നേരം കൊണ്ട് അതിന്‍റെ നഷ്ടശാന്തി വീണ്ടെടുക്കുന്നു .ജലത്തെ ആര്‍ക്കും മുറിവേല്‍പ്പിക്കാന്‍ കഴിയുകയില്ല .പറന്നു പോയ പരുന്ത് തിരിച്ചെത്തുന്നു എന്നു തന്നെയാണ് കഥാന്ത്യത്തിലെ വിചിത്രമായ ശബ്ദത്തിലൂടെ കഥാകൃത്ത് നല്‍കുന്ന ധ്വനി.
parunthu ,story , e.santhosh kumar, m.k sreekumar
പണവും പരുന്തും പഴഞ്ചൊല്ലില്‍ ബന്ധിക്കപ്പെട്ടിട്ടുള്ള വൈരുദ്ധ്യങ്ങളാണ് ഇ.സന്തോഷ്‌‌കുമാറിന്‍റെ പരുന്ത് എന്ന കഥയിലും അധികാരത്തിനു മീതെ പറക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് തീവ്രവാദ പരുന്തുകളുടെ പ്രതിനിധിയുണ്ട്. ,കാടിനു വേലി കെട്ടാന്‍ ശ്രമിക്കുന്ന നാഗരികതയുടെ നിക്ഷേപ ബുദ്ധിയും വന സമ്പത്തിന്‍റെ അതിരുകളില്ലാത്ത വിഭവ സമൃദ്ധിക്കുള്ളില്‍ പട്ടിണി കിടക്കേണ്ടി വരുന്ന കുടിയേറ്റക്കാരന്‍റെ ജീവിത ദൈന്യതയും ഇ. സന്തോഷ് കുമാറിന്‍റെ കഥയില്‍ സംഘര്‍ഷം നഷ്ടപ്പെട്ട വര്‍ഗ വൈരുദ്ധ്യങ്ങളായി നിലകൊള്ളുന്നു .
കഥാകൃത്ത്‌ വന പശ്ചാത്തലത്തില്‍ കഥയെഴുതിയാല്‍ നിരൂപകനും കാട് കയറണം. പരിധിയില്ലാത്ത ഭാവനയുടെ വ്യാഖ്യാന സാധ്യതകളാണ് കാട് എന്ന രൂപകത്തില്‍ ഒളിഞ്ഞിരുന്ന് നിരൂപകനെ ആകര്‍ഷിക്കുന്നത്. നിരൂപണം മൃഗയാ വിനോദമാക്കിയവര്‍ക്ക് കാടിന്‍റെ രഹസ്യ ഭംഗികള്‍ ഒട്ടും മുഷിയില്ല. എനിക്കെപ്പോഴും വായനയില്‍ സാഹസികതയുടെ വെടിയിറച്ചിയാണിഷ്ടം .പിടിതരാതെ ഒളിച്ചു പായുന്ന അര്‍ത്ഥങ്ങളെ വേട്ടയാടുന്നതിലേ നിരൂപക രസമുള്ളൂ.

കാട് തീവ്രവാദരാഷ്ട്രീയത്തിന്‍റെ ആവാസവ്യവസ്ഥയാണ്‌. സന്തോഷ്‌ കുമാര്‍ “അന്ധകാരനഴി” എന്ന നോവലില്‍ ഇടിവെട്ടിപ്പെയ്തൊഴിഞ്ഞ രാഷ്ട്രീയ വിഷയം തന്നെയാണ് “പരുന്ത്” എന്ന കഥയിലും മഴ കഴിഞ്ഞ ഒറ്റമരമായി പെയ്യുന്നത് .

കഥ വായിച്ചാല്‍ മനസ്സിലാവുകയില്ല എന്ന വായനക്കാരുടെ പരാതിയെ കണക്കിന് കബളിപ്പിക്കുന്നവയാണ് സന്തോഷ്‌ കുമാറിന്‍റെ കഥകളിലെ ബാഹ്യലാളിത്യം..ഈ കഥ വായിച്ച് ഏമ്പക്കം വിടുന്ന എത്ര ലാളിത്യ പ്രേമികള്‍ക്ക് കഥയുടെ ആന്തരിക യാഥാർത്ഥ്യയത്തിലേക്ക് പ്രവേശനം കിട്ടുന്നുണ്ട്‌ എന്ന് ചോദിച്ചാല്‍ “വിളിക്കപ്പെട്ടവര്‍ അനേകം തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം” എന്ന ബൈബിള്‍ വചനമേ മറുപടിയുള്ളൂ. യേശു സംസാരിച്ചതും മീന്‍പിടുത്തക്കാരുടെ ലളിത ഭാഷയില്‍ ആയിരുന്നെങ്കിലും ആ ഉപമകളുടെ വാറഴിക്കാന്‍ യോഗ്യരായവര്‍ ചുരുക്കമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ആ ശ്രമം തുടരുകയാണ് .ബൈബിള്‍ കാലത്തെ അതിജീവിക്കുന്ന ഉത്തമ കലാസൃഷ്ടി കൂടിയാകുന്നത്‌ അത് കൊണ്ടാണ്. വ്യാഖ്യാനങ്ങള്‍ക്ക് എളുപ്പം വഴങ്ങുന്നു എന്ന് തോന്നിപ്പിക്കുന്ന വഴങ്ങായ്മയാണ് നല്ല സാഹിത്യ സൃഷ്ടികളുടെ ശരീര ശാസ്ത്രം .

“പരുന്ത്” കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയില്‍ നിന്ന് പറന്നിറങ്ങിയ പ്രതീകമാണെന്ന് ആ കവിതകളുമായി അടുത്തു രാഷ്ട്രീയ പരിചയമുള്ള വായനക്കാര്‍ക്ക് മനസ്സിലാകും.പരാജയപ്പെട്ട വിപ്ലവ ശ്രമങ്ങള്‍ക്ക് ശേഷം അവനവന്‍റെ വ്രണപാത്രങ്ങളുമായി തമ്മില്‍ ചേരാതെ, ചാരാതെയും നില്‍ക്കുന്ന പരിണാമവിധേയനായ വിപ്ലവകാരിയുടെ പ്രതീകമാണ് ഈ കഥയിലെ പരുന്ത്.

കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകളുമായി ഈ കഥയ്ക്കുള്ള രാഷ്ട്രീയ സാമീപ്യം തൊട്ടു കാണിക്കുന്നതിന് ഒരു തെളിവു തരാം .സന്തോഷ്‌ കുമാറിന്‍റെ രാഷ്ട്രീയ നോവലായ അന്ധകാര നഴിയുടെ തുടക്കത്താളില്‍ കെജി എസ്സിന്‍റെ “മെഴുക്കു പുരണ്ട ചാരുകസേര” എന്ന കവിതയില്‍ നിന്നുള്ള താഴെപ്പറയുന്ന വരികള്‍ എടുത്തു ചേര്‍ത്തിരിക്കുന്നു :

“ഇല്ലാതെയായ്
പണ്ടിവിടെയൊരു വിളക്കിന്‍റെ
തിരികളായ് കത്തിയോര്‍,
പ്രാണനേക്കാള്‍ പ്രാണനായ്
ഉയരെ വിശ്വാസമാളിയോര്‍
അവര്‍ തന്നെയഗ്നി ശലഭങ്ങളായ്
പിന്നെ വരവായ കാളാഗ്നി നിയമങ്ങളില്‍ .
ചിലര്‍ തടങ്ങലില്‍
ചിലര്‍ വിഷങ്ങളില്‍,കാല
മന്ദത മടുത്തവര്‍
ഭ്രാന്തിന്‍റെ കുത്തൊഴുക്കിന്‍
നിശിത പാളങ്ങളില്‍ .
നമ്മുടെയറുപാപമറവിതന്‍
നാറുമന്ധകാരത്തില്‍”

parunthu ,story , e.santhosh kumar, m.k sreekumar
കൊടുങ്കാറ്റിന്രെ രാത്രിയാണ് പരുന്ത് എന്ന പ്രതീകത്തിന്‍റെ ജന്മ രാത്രിയെന്ന് കഥയിലെ വിവരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം :”വലിയ മരങ്ങള്‍ അശരണരായിവീണു കിടക്കുന്നു പക്ഷികളുടെ കൂടുകള്‍ താഴെ വീണു ചിതറിപ്പോയിരിക്കുന്നു .ഉടഞ്ഞ മുട്ടകള്‍ ,പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങള്‍ .അതിനിടയില്‍ നിന്നും കിട്ടിയതാണ് ഈ പരുന്തിന്‍ കുഞ്ഞിനെ.” ഈ കാളരാത്രിക്ക് അടിയന്തരാവസ്ഥയുമായുള്ള വിവരണ സാദൃശ്യം തള്ളിക്കളയാവുന്നതല്ല .എഴുത്തുകാരന്‍ കണ്ണുകെട്ടി സംസാരിക്കുന്നിടത്ത് നിരൂപകന്‍ കെട്ടുകള്‍ അഴിക്കാന്‍ ശ്രമിക്കും .അതിനായി അയാള്‍ കഥയിലെ ഓരോ വരികളെയും സൂക്ഷ്മമായി ചോദ്യം ചെയ്യും. കമ്യൂണിസ്റ്റ് തീവ്രവാദരാഷ്ട്രീയത്തിലെ വന്മരങ്ങള്‍ വീണു പോയത് അടിയന്തിരാവസ്ഥയിലാണ് .രാജനെപ്പോലുള്ള പറക്ക മുറ്റാത്ത കിളിക്കുഞ്ഞുങ്ങളും അടിയന്തിരാവസ്ഥയുടെ കാളാഗ്നി നിയമങ്ങളില്‍ അഗ്നിശലഭങ്ങളായി ഹോമിക്കപ്പെട്ടു .ഭാവിയുടെ മുട്ടകള്‍ പോലും ഉടഞ്ഞു പോയി എന്ന സൂചനയുണ്ട് കഥാകൃത്തിന്‍റെ വരികളില്‍ .പക്ഷികളുടെ കൂടുകള്‍ താഴെ വീണു ചിതറിപ്പോയിരിക്കുന്നു എന്ന വരിയിലെ ചിതറിപ്പോയിരിക്കുന്നു എന്ന പ്രയോഗത്തിന്‍റെ ലക്ഷ്യം കമ്യൂണിസ്റ്റ് തീവ്രവാദ സംഘടനകള്‍ക്ക് അടിയന്തിരാവസ്ഥക്ക് ശേഷം സംഭവിച്ച ശൈഥില്യത്തെ എടുത്തു കാട്ടുക എന്നതാണ് .അടിയന്തിരാവസ്ഥയിലെ ഭീകരമായ പോലീസ് വാഴ്ച സൃഷ്ടിച്ച ഭയം ഈ കഥയിലെ പരുന്തിന്‍റെ ഭാവി ജീവിതത്തെ നിയന്ത്രിക്കുന്നതായി കാണാം .
ആദര്‍ശത്തിന്‍റെ അടിക്കുപ്പായമില്ലാത്ത ഒരു ടൂറിസ്റ്റ് കാല്‍പ്പനിക സ്വപ്നം മാത്രമേ കഥയിലെ ചിത്രകാരനുള്ളൂ .അതിനപ്പുറം ഒരു താല്‍പ്പര്യമുണ്ടെങ്കില്‍ അത് കച്ചവട താല്‍പര്യം മാത്രമാണ് .

ഈ കഥയിലെ പരുന്ത് സ്വന്തം കാല്‍ക്കീഴിലെ നിഴല്‍പ്പാത്രത്തില്‍ നിഴല്‍ നോക്കി ചുരുങ്ങി നില്‍ക്കുന്ന നാര്‍സിസ്റ്റ് ആണ് .ക്രൂശിക്കപ്പെടാന്‍ പോകുന്ന വിപ്ലവകാരിയായ മകന്‍ കൊണ്ട് വരുന്ന അന്ത്യ ഭക്ഷണം ഭക്ഷിക്കപ്പെടാത്ത വേദനയായി കഥയില്‍ മുല ചുരന്നു നില്‍ക്കുന്നു .കാടിനുള്ളില്‍ എവിടെയോ മുഴങ്ങുന്ന വെടിയൊച്ചയില്‍ ഒതുക്കി നിറുത്തുന്ന ആ “ദിവ്യബലി”യുടെ ധ്വനി ഈ കഥയുടെ ആഖ്യാന മികവാണ്. പക്ഷിരാജനായ പരുന്തിന്‍റെ നിറം മങ്ങിയ ഒരുതൂവല്‍ മാത്രം ഒരു കൊടുങ്കാറ്റിന്‍റെ തിരുശേഷിപ്പായി സൂക്ഷിക്കപ്പെടുന്നു.തൂവലുകള്‍ ഒരു ചരിത്ര വസ്തുവായി; എങ്കിലും സൂക്ഷിക്കപ്പെടേണ്ടതുതന്നെ .എന്നാല്‍, അത് ഉയരങ്ങളില്‍ പറന്നു ജീവിച്ച പക്ഷിരാജനായ പരുന്തിന്‍റെ സാഹസിക ജന്മത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു മറന്നു പോകരുത്.

“Nothing is weaker than water,but when it attacks something hard or resistant,then nothing withstands it,and nothing will alter its way “-passage from the Tao te ching

ആദ്യകാല കഥകളിലെ ചിത്ര ശലഭങ്ങളുടെ പേലവമായ ബാഹ്യസൗന്ദര്യത്തില്‍ നിന്ന് കൊടുങ്കാറ്റിന്‍റെ പ്രചണ്ഡമായ ഉള്‍ക്കരുത്ത് ആവാഹിക്കുന്ന പില്‍ക്കാല കഥകളിലേക്കുള്ള ഒരു പരിണാമ പ്രക്രിയ സന്തോഷിന്‍റെ കഥാലോകത്ത് സംഭവിക്കുന്നുണ്ട് .chaos തിയറിയിലെ ശലഭ പ്രഭാവം(butterfly effect) എന്ന പ്രതിഭാസം കൊണ്ട് ഈ പരിണാമ പ്രക്രിയയെ വിശദീകരിക്കാന്‍ കഴിയും .ഈ പരിണാമ പ്രക്രിയ സമൂഹത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ പ്രതീകാത്മകമായ ഒരാവിഷ്ക്കാരം കൂടിയാണ് “പരുന്ത്” എന്ന കഥ.വിപ്ലവ ശ്രമങ്ങളുടെ പരാജയത്തെ തുടര്‍ന്ന് മെഴുക്കുപുരണ്ട ചാരുകസേരകളിലേയ്ക്ക് മടങ്ങുന്ന നിഷ്ക്രിയതയല്ല സന്തോഷിന്‍റെ കഥയിലെ പരുന്തിന്‍റെത് എന്ന് തിരിച്ചറിയപ്പടേണ്ടതുണ്ട്.പ്രാര്‍ത്ഥനയുടെ മുകളറ്റം കണ്ടവര്‍ താഴെ ജെറുസലേമിലേക്ക് വരണം, കാരണം ജെറുസലേം കര്‍മ്മഭൂമിയാണ്‌ എന്ന ഫാദര്‍ ബോബി ജോസ് കട്ടിക്കാടിന്‍റെ വരികളാണ് ഓര്‍മ്മ വരുന്നത്. വരാന്‍ പോകുന്ന ഭീഷണമായ ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന ധ്യാനമാണ് കഥയിലെ പരുന്തിന്‍റെതെന്നു നാം ഒടുവില്‍ മനസ്സിലാക്കുന്നു. മറ്റേതൊരു ജീവിയെക്കാളും കാഴ്ച ശക്തി പരുന്തിനുണ്ട് .ശരാശരി മനുഷ്യന്‍റേതില്‍ നിന്ന് ഏകദേശം നാല് മുതല്‍ എട്ട് ഇരട്ടി വരെയാണ് പരുന്തിന്‍റെ കാഴ്ച ശക്തി .ഏകാന്തമായ ധ്യാനത്തിന്‍റെ ഏതു ഉയരങ്ങളില്‍ പറക്കുമ്പോഴും താഴെ ഭൂമിയുടെ സൂക്ഷ്മ യാഥാര്‍ത്ഥ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള പരുന്തുകളുടെ ക്രാന്തദര്‍ശിത്വമാണ് കഥാകൃത്ത് ഈ പ്രതീക സ്വീകരണത്തിലൂടെ എടുത്തു പറയുന്നത് .

parunthu ,story , e.santhosh kumar, m.k sreekumar
വീടിന്‍റെ(കാടിന്‍റെയും)പ്രതിരോധ ധര്‍മ്മം പാലിക്കേണ്ടവര്‍ കഥയിലെ വയസ്സന്‍ നായയെപ്പോലെ ഉദാസീനരും, തന്നില്‍ എളിയവരായ ആടുകളുടെ മേല്‍ അധികാരം പ്രയോഗിച്ചു രസിക്കുന്നവരുമായി മാറുമ്പോള്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒരു കണ്ണ് ആവശ്യമായി വരുന്നു .ഈ നിതാന്ത ജാഗ്രതയാണ് കഥയിലെ നിഷ്ക്രകിയനെന്നു തോന്നിപ്പിക്കുന്ന പരുന്തില്‍ ഉള്ളത് .ബ്രസീലിലെ ഒരു ചിത്ര ശലഭത്തിന്‍റെ ചിറകടി ടെക്സാസിലെ ഒരു കൊടുംകാറ്റായി ക്രമത്തില്‍ രൂപാന്തരപ്പെടുമെന്ന പ്രസിദ്ധമായ ഉദാഹരണം butterfly effect നെ വിശദീകരിക്കാനായി ഉപയോഗിച്ചിട്ടുണ്ട് .കാട് ഒരു സ്വയം ഭരണ വ്യവസ്ഥയാണ്‌ .അവിടെ മനുഷ്യന്‍റെ ഏറ്റവും ചെറിയ ഇടപെടലുകള്‍പോലും ദൂര വ്യാപകമായ ദുരന്ത ഫലങ്ങള്‍ ഉണ്ടാക്കും .സാലിയുടെയും,ചിത്രകാരനായ ഭര്‍ത്താവിന്‍റെയും,അയാളുടെ ഭൂ സംഘത്തിന്‍റെയും വളരെ നിസ്സാരമെന്നു തോന്നിക്കുന്ന നാഗരിക,വ്യാപാര ഇടപെടലുകള്‍ അതിന്‍റെ മുളയിലെ തന്നെ ക്രാന്തദര്‍ശിയായ പരുന്ത് തിരിച്ചറിയുന്നു .കുടിവെള്ളത്തില്‍ അവര്‍ കല്ലുകള്‍ ഇടുമ്പോള്‍ കാടൊന്നാകെ ഒരു ഭൂമികുലുക്കത്തില്‍ എന്ന വണ്ണം ഇളകി മറിയുന്നത് പരുന്ത് കാണുന്നു .ഭാവി ദുരന്തങ്ങളെ രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പമാപിനിയായി പരുന്ത് പ്രവര്‍ത്തിക്കുന്നു.ദുരന്തങ്ങളെ തിരിച്ചറിയാനുള്ള ഈ seismographic സംവേദനശേഷിയാണ് സന്തോഷിന്‍റെ കഥയെ ഏറെ ഉയരങ്ങളിലെക്കെത്തിക്കുന്നത്. അതെ ഒരു പക്ഷിരാജനായി ഈ കഥ പ്രതികരണ ശേഷി നഷ്ടപ്പെട്ട നമ്മുടെ അലസ ജീവിതങ്ങള്‍ക്ക് മേല്‍ ഉയര്‍ന്നു പറക്കുകയാണ് .

കഥയെ വസ്ത്രാക്ഷേപം ചെയ്യുകയല്ല നിരൂപകന്‍റെ ജോലി .അതിന്‍റെ അനാവൃത ധ്വനിഭംഗികളെ തൊട്ടുകാണിക്കുക മാത്രമേ ഇവിടെ ചെയ്യുന്നുള്ളൂ .മിത്തോളജി കാലത്തെ അതിജീവിക്കുന്നത് അവയുടെ നിഗൂഡസൗന്ദര്യം കൊണ്ടാണ് .ചരിത്രരചനകളേക്കാള്‍ അവ ആകര്‍ഷകങ്ങളുമാണ്. മികച്ച സാഹിത്യസൃഷ്ടികള്‍ ഉടല്‍ മുഴുവന്‍ തുറന്നു കാട്ടുകയില്ല .ഈ മിത്തോളജിക്കല്‍ പരിചരണം “പരുന്ത്” എന്ന കഥയില്‍ ഇനിയുമിനിയും അനേകം വായനാസാധ്യതകള്‍ ബാക്കി വെയ്ക്കുന്നു. .മലയാളത്തിലെ മികച്ച കഥകളില്‍ ഒന്നായി ഈ കഥ മാറും എന്നു തന്നെയാണ് പ്രതീക്ഷ. ഇനിയുമിനിയും ഒരുപാട് സൂക്ഷ്മ വായനകള്‍ക്കായി കാത്തു നില്‍ക്കുന്ന ഈ കഥയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ഈയെഴുത്തിന്രെ ലക്ഷ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ