All houses are the x-rays of human society

മുമ്പ്

ശരിക്ക് ഒരു വീടിന്റെ സിറ്റൗട്ട് ഇത്ര തന്നെ വലുപ്പം വേണം. കൈകളില്‍ പൊക്കിപ്പിടിച്ചതും തങ്ങളാല്‍ നിര്‍മ്മിക്കപ്പെടാന്‍ പോകുന്നതുമായ വീടിന്റെ രൂപരേഖയിലേക്ക് കണ്ണുകളാഴ്ത്തി ഫ്‌ളാറ്റിലെ ഒരു തുണ്ട് ബെഡ്‌റൂമില്‍ കിടക്കുന്ന നയനയുടെ വന്‍കുടല്‍, കുറച്ചുമുമ്പ് ഗുജറാത്തി ദാബയില്‍ നിന്നും കഴിച്ച ഷവര്‍മായുടെ ചുവയുള്ള ഏമ്പക്കം പുറത്തേക്ക് മുറിച്ചിട്ടു.
ഹരിയുടെ തലച്ചോര്‍, വീടിന്റെ രേഖാചിത്രം ലാപ്പില്‍ കണക്ട് ചെയ്ത് ചുമരുകള്‍ക്കുള്ള പെയിന്റിങ്ങുകളുടെ തിരക്കുപിടിച്ച അന്വേഷണങ്ങളിലായിരുന്നു അപ്പോള്‍.

അതെയതെ, നാല് ചെയറിട്ടാല്‍ ചെറിയ ഫങ്ഷനൊക്കെ അവിടെത്തന്നെ നടത്താലോ..
അവന്റെ ശ്വാസം, ഇടത്തേക്കണ്ണിനെ ചെറുതാക്കികൊണ്ട് എരിയുന്ന സിഗരറ്റില്‍ നിന്നും പുകയുടെ അല്‍പ്പം വലിയ വിഹിതം രുചിയോടെ വിഴുങ്ങി.
മുറിയിലെ തണുപ്പില്‍ പുകയില പൂത്തു.

ajijesh pachat, short story, vishnuram

പിന്നെ ഹരീ.., നമ്മുടെ ബഡ്‌റൂമില്‍ എ. സി. വേണ്ട കേട്ടോ. ബ്ലോവേഴ്‌സ് മതി. നീ കണ്ടിട്ടില്ലേ പണ്ടത്തെ സിനിമാടാക്കീസുകളില്‍ ചുമരിന്റെ മുകള്‍ഭാഗത്തായി നിരത്തിവെച്ച കരിപിടിച്ച ഫാനുകളെ?

ഹരിയുടെ കൈ, അവള്‍ കാണാതെ സിഗരറ്റിന്റെ ചുവന്ന ചുണ്ട് ആഷ്ട്രയിലേക്ക് ഉരച്ചുചേര്‍ത്തു, പിന്നെ മൂക്കിന്റെ ദ്വാരങ്ങള്‍ മുളപ്പിച്ചുയര്‍ത്തി വിട്ട ഇലകളില്ലാത്ത പുകമരം മാടിയൊരുക്കി.

തീര്‍ച്ചയായും. ഫ്‌ളോര്‍ മുഴുവന്‍ കട്ട്ണി മാര്‍ബിളായതോണ്ട് നല്ല തണുപ്പുണ്ടാകും. അപ്പോള്‍ എ.സി വേണമെന്നില്ല. പോരാത്തതിന് ചുമരിന് ലീഫ്‌സ് ഗ്രീനാ ഞാന്‍ സെലക്ട് ചെയ്യാന്‍ പോകുന്നത്. കംപ്ലീറ്റ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് ചെയ്തതിന് ശേഷം. എങ്ങനെയുണ്ടാകും?
വീടിന്റെ മുന്‍ഭാഗത്തെ ചെറിയ ചുമരിലേക്ക് വിരലുകള്‍കൊണ്ട് പച്ചചായം ക്ലിക്ക് ചെയ്ത് ഹരി ചോദിച്ചു.

പ്ലാസ്റ്റ് ഓഫ് പാരീസ് ചെയ്താല്‍ നല്ല മിനുമിനുപ്പുണ്ടാകും. പക്ഷേ ഹരീ, ഗ്രീനിനേക്കാള്‍ ബെറ്റര്‍ ഗ്രേയല്ലേ?
നയനയുടെ ശ്രദ്ധ ലാപ്പിലേക്ക് കൊളുത്തപ്പെട്ടു.

ഒന്നാകെ പച്ചപ്പുണ്ടാകട്ടെടോ. പിന്നെ, നീ വിചാരിക്കുന്ന പച്ചയല്ലിത്. ഹരിതകം ചേര്‍ത്തതാ. ശരിക്കും ഇലപ്പച്ച. അവന്റെ വിരലുകള്‍ തൊട്ടടുത്ത ചുമരിലേക്കും കൂടി പച്ച ചേര്‍ത്തു.

ബെഡ്‌റൂംസ് നാലെണ്ണം മതിയോ ഹരീ? പ്ലാന്‍ കിടക്കയിലേക്ക് വെച്ചുകൊണ്ട് 60 കിലോ തൂക്കം വരുന്ന നയനയുടെ ശരീരം ഹരിക്ക് അഭിമുഖമായി.

കൂടുതലെന്തിനാ? നീയൊരു ഡെലിവറി നടത്തിയാല്‍ മതി. ചുമരുകളില്‍ മുഴുവന്‍ പച്ചച്ചായം പടര്‍ന്നുകഴിഞ്ഞപ്പോള്‍ ഹരിയുടെ കണ്ണുകള്‍ വീടിന് മുകളിലൂടെ അരിച്ചുനടന്നു.
പിന്നീട് ഉണ്ടാവില്ല എന്നില്ലല്ലോ . നയനയുടെ മറുപടി ഹരിയുടെ നെറ്റിയില്‍ ചുളിവുകളുണ്ടാക്കി.

ഭ്രാന്ത് പറയല്ലേ കുട്ടാ, ഒരു കുഞ്ഞിലൂടെ എത്ര സമയമാ ഭാര്യക്കും ഭര്‍ത്താവിനും നഷ്ടപ്പെടുന്നതറിയുമോ? 21,50,000 മിനുട്ടുകള്‍!

നയന കുസൃതിയോടെ ചിരിച്ചു. സൗഹൃദകലാപം ഒഴിവാക്കുവാനായി അവള്‍ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടിയില്ല.
ഹരിയുടെ അമ്മ ഇന്നലെയും കൂടി പറഞ്ഞിട്ടുണ്ട്. തുളസിത്തറയുടേയും പൂജാമുറിയുടേയും പൂച്ചക്കൂടിന്റേയും കാര്യം. വല്ലാത്ത മിസസ്സണ്ടര്‍സ്റ്റാന്റിങ്ങാ ഈ പഴയ ജനറേഷന്‍ ലേ?
പൂച്ചക്കൂടൊന്നും നടക്കില്ല. മറ്റുള്ളവ നോക്കാം.

അമ്മ കേള്‍ക്കണ്ട. മകന്റെ ജാരസന്തതികളെപ്പോലെയാണ് പൂച്ചകുഞ്ഞുങ്ങള്‍ ഇവിടെ വാഴ്ത്തപ്പെടുന്നത്. ഏതായാലും പൂച്ചകള്‍ക്ക് പോലും പ്രസവരക്ഷ നല്‍കുന്ന ഹരിയുടെ അമ്മക്ക് പിറക്കാതെ പോയ പെണ്‍കുഞ്ഞായിരിക്കും ഈ ലോകത്തിലെ ഏറ്റവും വലിയ ഹതഭാഗ്യ.

അത് ഹരിക്കും തോന്നിയിട്ടുണ്ട്. ചലനങ്ങളില്‍ വ്യാകരണപ്പിശകുള്ളതും വയറുന്തിയതുമായ പൂച്ചകള്‍ക്കും പട്ടികള്‍ക്കും നേരെയുള്ള അമ്മയുടെ മൃദുസമീപനവും ഭക്ഷണദാനവും കാലങ്ങള്‍ക്ക് മുമ്പ് തന്നെ അവന് സുപരിചിതമാണ്. അതുകൊണ്ട് തന്നെ വീടിനടുത്തുള്ള സകലമൃഗങ്ങള്‍ക്കും അമ്മയുടെ മണമറിയാം.
തുടര്‍ന്നും തന്നില്‍ വെച്ച് പോറ്റാന്‍ കഴിയാത്തതുകൊണ്ട് മാത്രമാണ് ഓരോ അമ്മയും കുഞ്ഞിനായി ഗര്‍ഭപാത്രവാതിലുകൾ തുറന്നിടുന്നത്. അതിനുളള ആരോഗ്യമെങ്കിലും അത്തരത്തിലുള്ളവയ്ക്ക് ഉണ്ടാക്കിയെടുക്കേണ്ടത് ഭൂമിയിലെ സഹജീവജാലങ്ങള്‍ എന്ന നിലയില്‍ നമ്മുടേയും കൂടി ഉത്തരവാദിത്തമാണ്. ഇത് ഞാന്‍ പറയുന്നതല്ല, അമ്മയുടെ സിദ്ധാന്തമാണ്. എങ്ങനുണ്ട്?

ajijehs pachat, short story, vishnuramനിങ്ങടെ അമ്മ ഒരു സംഭവമല്ലേ. നയനയുടെ ശരീരം കിടക്ക വിട്ട് ഹരിയുടെ അരികിലുള്ള കസേരയിലേക്ക് ചേര്‍ന്നു. അവന്റെ വിരലുകള്‍ വീടിന്റെ പ്ലാന്‍ സേവ് ചെയ്ത ഫോള്‍ഡറിലേക്കും.
ഈ സ്റ്റെയര്‍കെയ്‌സിനടിയിലെ ബാത്‌റൂം കഴിഞ്ഞാല്‍ കുറച്ച് സ്‌പേസ് ബാക്കിയുണ്ട്. ഒരു ലൈബ്രററിക്ക് സ്‌ക്കോപ്പുണ്ട്. കുറച്ച് പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിക്കാം. അതല്ലെങ്കില്‍ തല്‍ക്കാലം അവിടെ പൂജാറൂം ക്രിയേറ്റ് ചെയ്യാം. നാലഞ്ച് ഫോട്ടോസും വിളക്കും വെക്കാനുള്ള ഇടം മതിയല്ലോ.

വായിക്കപ്പെടാത്ത ലൈബ്രററിയേക്കാളും നല്ലത് പൂജാമുറി തന്നെയാണ്. പക്ഷേ ബാത്‌റൂമിനരികിലെ പൂജാമുറി ഏതായാലും ഹരിയുടെ അമ്മ സമ്മതിച്ചത് തന്നെ !
അവളുടെ മറുപടിയിലൂടെ ഹരി വീണ്ടും പെയിന്റിങ്ങ് കഴിഞ്ഞ വീട്ടിലേക്ക് തിരിച്ചെത്തി.
പുറത്ത് നല്ല മഴയുണ്ടെന്ന് തോന്നുന്നു. സിഗരറ്റ് പായ്ക്കറ്റ് വാരിയെടുത്തുകൊണ്ട് അവന്റെ കൈകള്‍ ബാല്‍ക്കെണിയിലേക്കുള്ള വാതില്‍ തുറന്നു.

മഴ പെയ്തുതുടങ്ങുകയാണ്.

ജലവിരലുകള്‍ക്കിഴയാന്‍ പാകത്തില്‍ വെളിച്ചം തേച്ച് കിടക്കുന്ന നഗരത്തിന്റെ എല്ലാ അവയവങ്ങളെയും അവരുടെ പന്ത്രാണ്ടാം നിലയിലുള്ള ഫ്‌ളാറ്റില്‍ നിന്നും നോക്കിയാല്‍ വ്യക്തമായി കാണാം.
രാത്രിയുടെ തണുപ്പില്‍ ചാരി നിന്ന് പഫിന് ഒരു മിനുട്ട് എന്ന രീതിയില്‍ സമയം ആസ്വദിച്ചിറക്കിയതിന് ശേഷമാണ് പിന്നീട് ഹരിയുടെ ശരീരം ബഡ്‌റൂമിലേക്കെത്തപ്പെട്ടത്. അപ്പോഴേക്കും നയനയുടെ നെല്‍ക്കതിര്‍ക്കണ്ണുകള്‍ വീടിന്റെ സണ്‍ഷൈഡുകളില്‍ പതിക്കാനുള്ള ഓടിന്റെ മോഡല്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു.

ഈ ഡിസൈന്‍ കുഴപ്പിമില്ലാട്ടോ.

ചീറന്‍ തണുപ്പ്.

ഹരി ഇരുചുമലുകള്‍ കൊണ്ട് നിര്‍മ്മിച്ച വിറയലിന് മറുപടിയായി നയനയുടെ ചൂണ്ടുവിരല്‍ കിടക്കയില്‍ മുഴച്ചു കിടന്ന ചാന്ദ്രപര്‍വ്വം പോലുള്ള കമ്പിളിപ്പുതപ്പിലേക്ക് നീണ്ടു.
എനിക്ക് വേണ്ട, അതിന് ചെമ്മരിയാടിന്റെ വൃത്തികെട്ട മണമാണ് അതും പറഞ്ഞ് അവന്‍ അവളുടെ പിന്നില്‍ കുനിഞ്ഞ് നിന്ന് മൂര്‍ദ്ധാവില്‍ താടി താഴ്ത്തി.

അല്ല ഹരീ. നീ വീട്ടിനുള്ളില്‍ എന്തൊക്കെയോ സേഫ്റ്റിപ്ലാന്‍സ് അറേഞ്ച് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ.

സര്‍ക്യൂട്ടുകളുടെ റിസല്‍ട്ട് എല്ലാം കൂടി ലാപ്പിലേക്ക് കണക്ട് ചെയ്യുന്ന രീതിയില്‍ ഫുള്‍കവര്‍ ക്യാമറ, പിന്നെ എല്ലാ ചുമരുകളിലും ഡെയ്ഞ്ചര്‍പോയിന്റ് സ്വിച്ചുകളും അങ്ങനെയാകുമ്പോള്‍ ലോകത്തിന്റെ ഏത് കോണിലിരുന്നും വീട് വിരല്‍ത്തുമ്പിലിട്ട് കറക്കാം.

ഹരി അവളുടെ തൊട്ടരികില്‍ തന്നെ കസേര വലിച്ചിട്ടിരുന്നു.

സ്വിമ്മിങ്ങ് പൂൾ മറക്കണ്ട.

അതിനും ഏരിയ കണ്ടുവെച്ചിട്ടുണ്ട്. ഇതിന്റെ കൂടെ ഏതായാലും ബജറ്റുണ്ടാകുമെന്ന് തോന്നുന്നില്ല. പെയിന്റിങ് കഴിഞ്ഞ വീടിനെ വിവിധ വീക്ഷണകോണുകളിലേക്ക് വളരെ വേഗത്തില്‍ ഹരിയുടെ കണ്ണുകള്‍ ഒപ്പിയെടുത്തുകൊണ്ടിരുന്നു.

ഒക്കെക്കൂടിയാകുമ്പോള്‍ ബജറ്റ് പിടുത്തം വിടുമോ ഹരീ?  നയനയുടെ കൈകള്‍ പരന്ന് കിടന്ന മുടി ഒന്നാകെ വാരിക്കെട്ടി മുഖം അമര്‍ത്തിയുഴിഞ്ഞ് നിദ്രയുടെ പാത വെട്ടിത്തളിച്ചു.
1.16 ആണ് സാമിന്റെ കണക്കുകൂട്ടല്‍. എന്‍ജിനീയര്‍മാരുടെ കണക്കല്ലേ. . രണ്ട് എംബിഎ ക്കാരെ സംബന്ധിച്ച് നമ്മുടേത് തീരെ ചെറിയ ബജറ്റാണെന്നാണ് അവന്റെ അഭിപ്രായം. ഒക്കെക്കൂടി തട്ടിയൊപ്പിച്ചാല്‍ എന്റടുത്ത് എണ്‍പതേ കാണൂ. മിക്കവാറും നീ എഫ്‌ ഡി പൊളിക്കേണ്ടി വരും.

അവന്റെ വിരലുകള്‍ ഗേറ്റിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍മാരുടെ സൈറ്റുകളിലേക്ക് ഓടിക്കയറി.

കടമായിട്ടാണേല്‍ നോക്കാം. നയനയുടെ വെള്ളരിപ്പല്ലുകള്‍ നാക്കിന്‍തുമ്പ് കടിച്ചു.
നിനക്കറിയാലോ നമ്മുടെ പ്രൊഫഷന്റെ സ്വഭാവം. യാതൊരു സുരക്ഷയുമില്ലാത്ത ഈ ഫ്‌ളാറ്റില്‍ അമ്മയെ ഒറ്റക്കിട്ട് നമ്മളെങ്ങനെ പുറത്ത് പോകും? എന്തായാലും അടുത്ത പോസ്റ്റ് വല്ല സിംഗപ്പൂരോ മലേഷ്യയോ ആയിരിക്കും. മറ്റെവിടെയെങ്കിലും കൊണ്ടാക്കിയാല്‍ അത് ചീത്തപ്പേരാകും. കൂടെകൊണ്ടു പോകാമെന്ന് വെച്ചാല്‍ അച്ഛന്റെ മണ്ണ് വിട്ടാല്‍ അപ്പോള്‍ തുടങ്ങും അമ്മക്ക് അലര്‍ജി. നീയിത് കണ്ടോ വാതിലുകളും ജനലുകളും അടക്കമുള്ള എല്ലാ മരത്തിന്റെ ഉരുപ്പടികളും നല്ല നാടന്‍ തേക്കുകളാണുദ്ദേശിക്കുന്നത്.
ഹരിയുടെ വിരലുകള്‍ മറ്റൊരു ഫയല്‍ തുറന്ന് നയനയെ ക്ഷണിച്ചു.

അവളുടെ കണ്ണുകള്‍ സ്‌ക്രീനിലേക്ക് ചേര്‍ന്നു.

ഏകദേശം ആറ് ഇഞ്ചോളം കനത്തിലും വീതിയിലുമാണ് ഓരോ ജനലും വാതിലും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജനലുകളില്‍ കോര്‍ത്ത കമ്പിയുടെ വണ്ണം അര ഇഞ്ചാണെന്നും കമ്പികള്‍ കോര്‍ത്ത ഇരുമ്പുപട്ടയുടെ കനം കാൽ ഇഞ്ചാണെന്നും അതില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്.

ചുമരുകളെല്ലാം കിടു കനമുണ്ട്… പട്ടയും കമ്പിയുമാണെങ്കില്‍ കട്ടിങ് സ്റ്റോണ്‍ ഏല്‍ക്കാത്ത മെറ്റല്‍സും ….. ഒരുത്തനും അകത്ത് കടക്കാന്‍ മിനക്കെടില്ല.
പട്ടാപ്പകല്‍ തലയ്ക്കടിയേറ്റ് മരിക്കാതിരിക്കണമെങ്കില്‍ ഇന്നത്തെ കാലത്ത് എന്തെല്ലാം നോക്കണം, അല്ലേ ഹരീ…..

ഹരിയുടെ കൈകള്‍ ഒരിക്കല്‍കൂടി സിഗരറ്റ് പായ്ക്കറ്റ് കോര്‍ത്തെടുത്തെങ്കിലും മറ്റേതോ ഓര്‍മ്മ വിലക്കുകളിട്ടു.

വീട് മൊത്തം കണ്‍ഫ്യൂസ്‌ഡ് ആണോന്നൊരു സംശയം. നോക്ക് ഹരീ.., സിറ്റൗട്ട് കഴിഞ്ഞ് ഡൈനിങ്ങ്, ഡൈനിങ്ങില്‍ നിന്നും ഒരു വാതില്‍ ഓഫീസ് റൂമിലേക്ക്, മറ്റൊന്ന് പാസേജിലേയ്ക്. നീണ്ടുകിടക്കുന്ന പാസേജില്‍ നിന്നും ബെഡ്‌റൂമിലേക്ക് ഒരു വഴി. പാസേജില്‍ നിന്നുള്ള മറ്റൊരു വഴി കിച്ചണിലേക്ക്, കിച്ചണില്‍ നിന്നും സ്റ്റോറിലേക്ക് കടക്കാം. കൂടാതെ പാസേജിന്റെ മറ്റേ അറ്റത്ത് ഗോവണി, കിച്ചണ്‍ കഴിഞ്ഞുപോയാല്‍ വര്‍ക്ക് ഏരിയ, വര്‍ക്ക് ഏരിയയില്‍ മറ്റൊരു സ്റ്റോര്‍റൂം. സ്റ്റോറിലെ വാതില്‍ നേരത്തെ പറഞ്ഞ പാസ്സേജില്‍ നിന്നുള്ള ബെഡ്‌റൂമിലേക്ക്. ഒന്നാകെ വഴി തെറ്റുമോ ഹരീ?
നയനയുടെ കണ്‍ തടങ്ങളില്‍ ആശ്ചര്യമൂറി.

മികച്ച ഓരോ വീടും തികവുറ്റ സ്ത്രീയുടല്‍പ്പോലെയാകണം. വഴിതെറ്റി അലയണം. അപ്പോഴേ ആസ്വദിക്കാന്‍ പറ്റൂ
പെട്ടെന്ന് ഹരിയുടെ മൊബൈലില്‍ നിന്നും ഒലിച്ചിറങ്ങിയ ‘രതിസുഖസാരമായ് ദേവി നിന്നെ വാര്‍ത്തൊരദൈവം’ എന്ന വരികള്‍ അവനെ ഫോണോട് കൂടി ബാല്‍ക്കെണിയിലെ മഴശബ്ദത്തിലേക്ക് ചേര്‍ത്തു.
അപ്പോഴും നയനയുടെ കാഴ്ച വീടിനുള്ളിലൂടെ നീങ്ങിക്കൊണ്ടിരുന്നു, എല്ലാ മുറികളിലൂടെയും…… വാതിലുകളിലൂടെയും ……… എവിടെനിന്നാണോ പൂട്ടുന്നത് അവിടെ നിന്നും മാത്രം തുറക്കാന്‍ കഴിയുന്ന വാതിലിന്റെ ലോക്കുകളിലൂടെയും ……… വീടിന്റെ സൗന്ദര്യത്തില്‍ കൊതിചേര്‍ത്ത് അവള്‍ സംഭരിച്ച വിസ്മയം ഹരി തിരിച്ചെത്തിയപ്പോള്‍ പൊട്ടിയൊലിച്ചു.
“ഫന്റാസ്റ്റിക്.”

അത്ര ആവേശം വേണ്ടട്ടോ, കാരണം ഇത് മുഴുവനായും എന്റെ ഐഡിയകളല്ല. സാംശങ്കര്‍ എന്ന ആര്‍ക്കിടെക്റ്റിന്റേതു കൂടിയാണ്.
ഹരിയുടെ വിരലുകള്‍ അവസാനമായി ഗേറ്റിന്റെ ഡിസൈന്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി.
വീടിനൊരു പേരിടണ്ടേ?
നയനയുടെ മുഖം ഹരിയുടെ കഴുത്തിലമര്‍ന്നു.

വേണം. ഗസ്സ് ചെയ്‌തോ. . .
ഗേറ്റിന്റെ ഡിസൈന്‍ കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ ഏകദേശം എട്ടടിയോളം ഉയരത്തില്‍ ചുറ്റും മതിലുകള്‍ നിര്‍മ്മിച്ച് കൂറ്റനൊരു ഗേറ്റ് ഫിറ്റ് ചെയ്ത് ആശ്വാസത്തിലേക്ക് മലര്‍ന്ന ഹരിയുടെ ശരീരത്തിനെ നയനയുടെ കൈകള്‍ ചുറ്റിവരിഞ്ഞു. പുറത്ത്, മഴ ഒരുപറ്റം മീന്‍പേറുകള്‍ പോലെയായി.

ശേഷം

 

ശരിക്ക് ഓരോ വീടിന്റെ സിറ്റൗട്ടും ഇത്ര തന്നെ വലുപ്പം വേണം.

കനത്ത മഴ ചവച്ചരക്കുന്ന പരിസരം നോക്കി മേസ്തിരി കൃഷ്‌ണേട്ടന്റെ നാവാണ് ആദ്യമായി ലാഘവത്തോടെ ചലിച്ചത്.

ഒരുപകാരമായി ല്ലേ കൃഷ്‌ണേട്ടാ?
ആശാരി മുരളിയുടെ ഹാന്‍സ് വഹിക്കുന്ന ചുണ്ടുകള്‍ വൈകൃതമില്ലാതെ അകലാന്‍ ശ്രമിച്ചു.
അവരെല്ലാവരും കൂടിയിരുന്നത് സിറ്റൗട്ടിലായിരുന്നു.

ajijesh pachat, vishnu ram, short story

ഏകദേശം 2500 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന വീട് എവിടെയാണ് ആദ്യം പൊളിക്കേണ്ടത് എന്ന ചര്‍ച്ചയില്‍ ആറടി ഉയരത്തിലുള്ളതും ഇംഗ്ലീഷില്‍ പേരെഴുതുമ്പോള്‍ 11 അക്ഷരങ്ങളുള്ളതുമായ സാംശങ്കര്‍ എന്ന 26-കാരന്‍ തീര്‍ത്തും നിശബ്ദനായിരുന്നു. നീണ്ടുമെലിഞ്ഞ അവന്റെ കൈവിരലുകള്‍ ലാപ്പ്‌ടോപ്പിലെ കീബോര്‍ഡില്‍ താറാവിന്‍കാലുകള്‍ പോലെ ചലിക്കുന്നതൊഴിച്ചാല്‍ മറ്റ് ശരീരങ്ങള്‍ തല്കാലം നിശ്ചലവുമാണ്. പൊളിക്കാനുള്ള വീടിന്റെ മൂന്ന് രീതിയിലുള്ള ചിത്രങ്ങള്‍ തെളിഞ്ഞിരുന്ന ലാപ്പിന്റെ നെറ്റിത്തടത്തിന് അഭിമുഖമായിട്ടായിട്ടാണ് അവന്റെ ഇരിപ്പ്. അതില്‍ ഒന്നാമത്തെ ചിത്രം ഒരു വാസ്തുശില്‍പ്പിയുടെ ബുദ്ധിക്ക് മാത്രം വികസിപ്പിച്ചെടുത്ത് ആസ്വദിക്കാന്‍ കഴിഞ്ഞേക്കാവുന്ന വീടിന്റെ അസ്ഥിപജ്ഞരങ്ങളാലും അളവുകളാലും സമ്പന്നമായിരുന്നു. രണ്ടാമത്തെ ചിത്രം വീടിന്റെ നിര്‍മ്മാണത്തിലെ ഓരോ ഘട്ടവും വിശദീകരിക്കുന്ന സ്വഭാവം പ്രകടമാക്കിയപ്പോള്‍ മൂന്നാമത്തേത് കാഴ്ചക്കാരന് മുകളില്‍ അധ്വാനഭാരം ചുമത്താനിഷ്ടപ്പെടാത്ത വീടിന്റെ പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച ശരീരമായിരുന്നു.
സാറേ നമുക്ക് മുകളിലെ റൂഫില്‍ നിന്നങ്ങോട്ട് തുടങ്ങിയാലോ?
നാല് വര്‍ഷത്തോളമായി സാമിന്റെ കീഴില്‍ വാര്‍പ്പ് പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അബോകര്‍ക്ക കണ്ണട മൂക്കിന്‍തുമ്പത്ത് നിന്നും പരമാവധി ഉയര്‍ത്തിവെച്ചു.

സാധാരണ സ്ലാബിനേക്കാള്‍ രണ്ടിഞ്ച് കനം കൂടുതലുള്ളതുകൊണ്ട് അത് നടക്കില്ല. ഏറ്റവും എളുപ്പം ഏതെങ്കിലും ഒരു ഭാഗത്തെ ചുമര് എടുക്കുന്നതായിരിക്കും.
സാംശങ്കറിന്റെ വിരലുകള്‍ സിസ്റ്റത്തിലെ രണ്ടാമത്തെ ഫയല്‍ ഡവലപ്പ് ചെയ്തു.
സാമേ, ചുമരിന് രണ്ട് കല്ലിന്റെ വീതി തന്നെ 16 ഇഞ്ചോളം വരും പിന്നെ തേപ്പിന്റെ കനം വേറെയും.
ഹരിയുടെ സംശയം വാലുകുത്തിയെഴുന്നേറ്റപ്പോള്‍ അത് ശരിയാണെന്ന

നിഗമനത്തിലേക്കാണ് സാമിന്റെ കണക്കുകൂട്ടലും എത്തിപ്പെട്ടത്. നിരതെറ്റിച്ച് വെച്ച രണ്ട് ചുമരുകളുടെ വീതിയിലാണ് വീടിന്റെ എല്ലാ ചുമരുകളും, വെയ്റ്റ് താങ്ങാനുള്ള ശേഷിക്കായി തലങ്ങുംവിലങ്ങും കോണ്‍ക്രീറ്റ് ബീമുകളുമുണ്ട്.
ചുമരിനേക്കാള്‍ നല്ലത് ഏതെങ്കിലും വാതിലോ ജന്നലോ എടുത്ത് മാറ്റുന്നതായിരിക്കുമെന്ന് തോന്നുന്നു.
സാംശങ്കറിലെ ചിന്ത അല്‍പ്പം മാറി നടന്നു.

നടക്കൂല്ല സാറേ. പടുക്കുന്ന സമയത്ത് വാതിലിനും ജന്നലിനും മുമ്മൂന്ന് ക്ലാമ്പാ അടിച്ചുകേറ്റിയത് അതും ഒരിഞ്ച് കനത്തിലുള്ളത്.
കൃഷ്‌ണേട്ടന്റെ കൈയ്യില്‍ ചുവന്നകൊടി പാറി.
മാത്രമല്ല ഹരിയേട്ടാ. ഉരുപ്പടികളില്‍ തൊട്ടാല്‍ പിന്നെ നമുക്കത് റീഫിറ്റിങിന് കഴിയില്ല.
ചുണ്ടുകള്‍ക്കിടയില്‍ നിന്നും നിരങ്ങിയെത്തിയ ഹാന്‍സിന്റെ ശകലങ്ങളെ മുരളിയുടെ നാക്ക് തിരഞ്ഞുപിടിച്ച് പുറത്തേക്ക് തെറിപ്പിച്ചു.

ഇതിന് എക്‌സ്ട്രാ കീയൊന്നുമില്ലേ?
ആരുടേയോ ചോദ്യം ഹരിയുടെ ചെവിയിലേക്ക് നീണ്ടു. വീട്ടിനുളളിലെ ലോക്കറില്‍ ഭദ്രമായി വെക്കുന്ന കീകളെക്കുറിച്ചോര്‍ത്ത് ആദ്യമായി ഹരിയില്‍ സങ്കടത്തിന്റെ വിലാപയാത്രയുണ്ടായി.
പിന്നൊരു വഴി സ്റ്റെയര്‍കേസിന് താഴെയുള്ള ബാത്‌റൂമിന്റെ എക്‌സ്‌ഹോസ്റ്റ്‌ വിന്റോയെടുത്ത് ഉള്ളില്‍ കയറുക എന്നതാണ്.

കൃഷ്‌ണേട്ടന്റെ കൈ ഘടികാരം നഷ്ടപ്പെട്ട ഗേറ്റ്മാനെപ്പോലെ പച്ചക്കൊടി താഴ്ത്തണോ ഉയര്‍ത്തണോ എന്ന സംശയത്തിലായിരുന്നു.
ഉടനെത്തന്നെ സാംശങ്കറിലെ സൂത്രധാരന്‍ അങ്ങനെയൊരു സാധ്യത വിലയിരുത്തി അധികം വൈകാതെ നിരാശയില്‍ കുതിര്‍ന്നു.
അതുകൊണ്ട് കാര്യമില്ല കൃഷ്‌ണേട്ടാ, ബാത്‌റൂം ബെഡ്‌റൂമില്‍ നിന്നായിരിക്കും പൂട്ടിയിട്ടുണ്ടാകുക. എവിടെ നിന്നാണോ പൂട്ടുന്നത് അവിടെ നിന്ന് മാത്രം തുറക്കാന്‍ പറ്റുന്ന വണ്‍സൈഡ് ലോക്കര്‍സാ മുഴുവനും.
ഹരിയുടെ കൈ നെറ്റിയിലമര്‍ന്നു.

പുറത്ത് കാഴ്ചക്കാരുടെ കൃഷി അഭിവൃദ്ധിപ്പെടാന്‍ തുടങ്ങി. കനത്തമഴയില്‍ കുടചൂടിയും, നനഞ്ഞും, തൊപ്പിയണിഞ്ഞും മൊബൈല്‍ ക്യാമറയേന്തിയും അഭിപ്രായങ്ങള്‍ കൈമാറിയും അവര്‍ ഏത് നിമിഷവും പൊളിഞ്ഞുതുടങ്ങിയേക്കാവുന്ന ആ കൂറ്റന്‍ പാര്‍പ്പിടത്തിന് ചുറ്റും കൂട്ടം കൂടി നിന്നും എത്തി നോക്കിയും ആത്മാര്‍ത്ഥയുള്ള കര്‍ഷകരെപ്പോലെ അധ്വാനിക്കുന്നുണ്ടായിരുന്നു.

ആളുകള്‍ വല്ലാതെ കൂടുന്നതിന് മുമ്പ് വെടിപ്പാക്കണം സാം.

ഹരീ നീയാ ലാപ്പൊന്ന് കണക്ട് ചെയ്യ്. ഉള്ളിലെ പരിതസ്ഥിതി അറിയാലോ.

ഉള്ളില്‍ സപ്ലൈ കട്ടായികിടക്കുകയാണ്.
ഹരിയുടെ സ്വരത്തില്‍ ഭീതിയുടെ വിള്ളലുകളുണ്ടായി.

എന്നാല്‍ നിസാറിനോട് ജനറേറ്ററിന്റെ കാര്യം പറയ് ഇരുട്ടിത്തുടങ്ങിയ സ്ഥിതിക്ക് എന്തായാലും വെളിച്ചം വേണം. ഒരു പരീക്ഷണത്തിന് ഉള്ളിലേക്കും കണക്ഷന്‍ കൊടുത്തുനോക്കാം.
സാമിന്റെ ശബ്ദം കുത്തനെ പൊങ്ങി.

തയ്യാറാക്കി വെച്ചിട്ടുള്ള ജനറേറ്ററിന് മുകളില്‍ രണ്ട് മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള നിസാറിന്റെ ചലനങ്ങള്‍ മെയിന്‍സര്‍ക്യൂട്ടിലേക്കുള്ള കണക്ഷനായി പരിണമിച്ചു.
ജെ.സി. ബിയുടെ കിതക്കുന്ന ശരീരവും കൂടി അവിടെക്കെത്താന്‍ തുടങ്ങിയപ്പോള്‍ സാമിന് നേരെ ഹരിയുടെ കണ്ണുകള്‍ തുറിച്ചു.

ajijesh pachat short story, vishnu ram

ഞാന്‍ ഏല്‍പ്പിച്ചതാ. ചിലപ്പോള്‍ വേണ്ടി വന്നേക്കും.
ജനറേറ്റര്‍ സ്റ്റാര്‍ട്ടായി. മലയിറങ്ങിവന്ന് വീടിന് ചുറ്റും കൂടി നിന്ന ചുവന്ന വെളിച്ചവും വീട്ടിനുള്ളിലെ കറുപ്പും വൈദ്യുതിയുടെ ആമാശയത്തിലേക്ക് വിഴുങ്ങപ്പെട്ടു. അന്തരീക്ഷത്തില്‍ ഡീസലിന്റെ നിശ്വാസങ്ങള്‍. നിരന്തരം വിസ്തീര്‍ണ്ണപ്പെട്ടുകൊണ്ടിരുന്ന ജനങ്ങളുടെ പിറുപിറുക്കലുകള്‍ ജനറേറ്ററിന്റെ അന്നനാളതരംഗങ്ങളില്‍ ലയിച്ചുപോയി.
ഹരീ, വേഗം. സ്പീഡ് അപ്. സാമിന്റെ നാക്ക് ഉയര്‍ന്നുചാടി.

ഹരിയുടെ പ്രവര്‍ത്തനങ്ങളിലൂടെ വീടിനുള്ളിലെ ക്യാമറകള്‍ ലാപ്പിലേക്ക് കണക്ട് ചെയ്യപ്പെട്ടു. ആദ്യം ബെഡ്‌റൂമായിരുന്നു സ്‌ക്രീനില്‍ തെളിഞ്ഞത്. അസ്വാഭാവികതകളൊന്നുമില്ലാത്തതിനാല്‍ ലൈന്‍ പൂജാമുറിയിലെ സിസ്റ്റത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഫോട്ടോകള്‍ക്ക് മുന്‍പില്‍ വെച്ചിരുന്ന ചെറിയ നിലവിളക്കിനെ സൂം ചെയ്തു. വിളക്കിലെ പഴക്കം ചെന്ന കരിന്തിരിയിലെ ഈര്‍പ്പരുചിയില്‍ പറ്റികിടക്കുന്ന ചുവന്ന ഉറുമ്പുകള്‍ ……., കാഴ്ച സ്വിമ്മിങ്ങ് പൂളിലേക്കെത്തി. അവിടെ ഒന്നാകെ കറങ്ങി നടന്ന് കിച്ചണുമായി കണക്ട് ചെയ്യുന്ന ആ നിമിഷം വീടിനുള്ളിലെ വെളിച്ചം ആവിയായിപ്പോയി.
നിസാറേ..
ഹരിയുടെ നെടുകെ കീറിയ വിളിയില്‍ നിസാര്‍ എവിടെ നിന്നോ ഉറ്റി വീണു.

ഉള്ളിലെ സപ്ലൈ കട്ടായി സാര്‍. ലൈനില്‍ എന്തോ പ്രോബ്ലം.
അവന്റെ മറുപടിക്ക് നിലവിളിയുടെ എരിവുണ്ടായിരുന്നു.

തുലനനിലയില്‍ ചൊരുക്കുകളുണ്ടായ ഹരിയുടെ ശരീരം ഒന്ന് ഉലഞ്ഞു. ചുറ്റുഭാഗങ്ങളില്‍ നിന്നുള്ള വെളിച്ചങ്ങള്‍ക്ക് നടുവില്‍ പാര്‍പ്പിടം വീണ്ടും ശവക്കല്ലറ പോലെ മരവിച്ചു കിടന്നു.
ഹരീ.. ഉള്ളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. പൊളിതുടങ്ങാം. പോലീസെത്തുന്നതിന് മുമ്പ് അകത്ത് കടക്കണം. എവിടെ നിന്നായിരിക്കും പൂട്ടിയിട്ടുണ്ടാകുക എന്ന വല്ല ഊഹവും?
സാംശങ്കറിന്റെ കണ്ണുകള്‍ ഹരിയുടെ മറുപടിയിലേക്ക് കൊക്കുകളാഴ്ത്തി.

ഒന്നും അറിയില്ല. മിക്കവാറും സിറ്റൗട്ടില്‍ നിന്നുതന്നെയായിരിക്കും.
ഹരിയുടെ വാക്കുകള്‍ക്ക് ഉറപ്പ് കുറവായിരുന്നു.

ജെ.സി.ബി. സ്റ്റാര്‍ട്ടായി. പതിയെ ചക്രങ്ങളിലുരുണ്ട് വന്ന് അത് വര്‍ക്ക് ഏരിയായുടെ ചുമരില്‍ തന്റെ നഖങ്ങള്‍ കൊണ്ട് ഒന്ന് മാണ്ടു. ഗ്ലാസിന്റെ മിനുക്കമുളള ചായം തേച്ച ചുമരില്‍ നഖങ്ങള്‍ ആദ്യമൊന്ന് വഴുതി. അടുത്ത തവണ പച്ചനിറമുള്ള സിമന്റ് പാളികളെ ആലിപ്പഴങ്ങള്‍ പോലെ വീഴ്ത്താന്‍ യന്ത്രത്തിന് കഴിഞ്ഞു. വളരെ കുറഞ്ഞ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ ഒരാള്‍ക്ക് കടന്നുപോകാനായി പതിനേഴ് ഇഞ്ചോളം ഉള്ളോട്ട് തുറന്നുള്ള മാര്‍ഗ്ഗം സംവിധാനം ചെയ്യപ്പെട്ടു. ആദ്യം എക്സ്റ്റന്റ് ചെയ്ത വെളിച്ചത്തിന്റെ ബള്‍ബുമായി നിസാറാണ് അകത്തേക്ക് കയറിയത്. പിന്നാലെ സാമും ഹരിയും മറ്റ് സംഘങ്ങളും.

വര്‍ക്ക് ഏരിയായില്‍ അവരെ കണ്ടതും വലിയൊരെലി അവിടെയൊന്നാകെ ശബ്ദമുണ്ടാക്കി ഓടിക്കളിച്ച് ആരോ മായ്ച്ചുകളഞ്ഞതുപോലെ അപ്രത്യക്ഷമായി. വര്‍ക്ക് ഏരിയയില്‍ നിന്നും കിച്ചണിലേക്കും സ്റ്റോര്‍മുറിയിലേക്കുമുള്ള വാതിലില്‍ കീ കാണാതായപ്പോള്‍ അവര്‍ പിന്നെയും ഒരു പറ്റം കോമകളെപ്പോലെ മരവിച്ചു നിന്നു.

വാതിലൊക്കെ ലോക്ക്ഡ് ആണല്ലോ ഹരീ.
സാമിലെ നിരാശ ഹരിയിലേക്കും ഓടിക്കയറി.
ഹരിയുടെ കൈ സ്റ്റോര്‍റൂമിന്റെ ഹാന്റല്‍ പിടിച്ച് പതിയെ തിരിഞ്ഞു. ശബ്ദമില്ലാതെ വാതില്‍ തുറന്നു.  പൂട്ടിയിട്ടില്ല. ആദ്യം ഹരിയാണ് കയറിയത്, പിന്നാലെ മറ്റുള്ളവരും. ഏതൊക്കെയോ കടലാസുകളിലൂടെയും പ്ലാസ്റ്റിക് കവറുകളിലൂടെയും ഒരുപറ്റം കൂറകളും പല്ലികളും വെളിച്ചം കണ്ട മാത്രയില്‍ പരതിയോടി, ഭക്ഷണസാധനങ്ങളായി ആ മുറിയില്‍ ഒരു ചാക്കിലായ് പകുതിയോളം നെല്ലുകുത്തരിയും അതിന്നിരികെ ഒരു ചെറിയ സഞ്ചിയില്‍ കുറച്ച് ചെറുപയറുമുണ്ട്. പിന്നെ നിലത്ത് വിരിച്ച വര്‍ത്തമാനപത്രത്തില്‍ പരത്തിയിട്ട കുറച്ച് തക്കാളികളും ഉണങ്ങിയ പച്ചമുളകും.

സ്റ്റോര്‍മുറിയില്‍ നിന്നും പാസേജിലേയ്ക്കുള്ള വാതില്‍ പരിശോധിച്ചപ്പോള്‍ അവര്‍ വീണ്ടും പ്രതിസന്ധിയിലായി.
പണി പാളിയല്ലോ സാമേ.  ഹരിയുടെ കൈകള്‍ വാതിലിന്റെ ഹാന്റലില്‍ ഞെരിച്ചുകൊണ്ടേയിരുന്നു.

സാം ഉടനെ ലാപ്പിലെ രണ്ടാമത്തെ ഫയലിലേക്ക് കടന്നു. സ്റ്റോറില്‍ നിന്നും പാസേജിലെത്തിയാല്‍ രണ്ട് ബെഡ്‌റൂമുകളിലേക്കും കിച്ചണിലേക്കും എത്താമെന്ന വഴി നിയമം അവന്റെ അറിവിലേക്ക് ചേര്‍ന്നു.

മുരളീ… നീയീ ഡോറ് കുത്തിയെങ്കിലും പൊളിക്ക്.
ഹരിയുടെ ഊഹപുസ്തകത്തില്‍ ചില ജ്യോതിഷപ്രക്രിയകള്‍ നടന്നുകഴിഞ്ഞിരുന്നു.

സാംശങ്കറിന്റെ കണ്ണുകള്‍ ലാപ്പില്‍ നിന്നടര്‍ന്നുമാറി ഹരിയിലേക്ക് തുറിച്ചു.

അപ്പോഴേക്കും കൂട്ടത്തിലുള്ള ആരോ വലിയ ഒരു പിക്കാസും ഹാമറും സംഘടിപ്പിച്ചു കൊണ്ടുവന്നു കഴിഞ്ഞിരുന്നു. ഒരു രാക്ഷസന്റെ നെഞ്ചിന്‍ കൂടിലേക്കെന്നപോലെ ഒരു പറ്റം പ്രഹരങ്ങള്‍ ആഞ്ഞുപതിപ്പിച്ച് കനത്ത വാതില്‍ തിളക്കമുള്ള മാര്‍ബിള്‍ തറയിലേക്ക് അവര്‍ പൊളിച്ചുവീഴ്ത്തി. പൊടിപടലങ്ങളും വരണ്ട സിമന്റിന്റെ ഗന്ധവും അവര്‍ക്ക് ചുറ്റും അസാനാമ്യമായ ചിറകുകള്‍ വിരിച്ചു.

നിസാറിന്റെ കൈയ്യിലെ ബള്‍ബ്, വെളിച്ചത്തിനേയും കൊണ്ട് പാസ്സേജിലേക്ക് പാഞ്ഞു. പാസ്റ്റേജിന്റെ വലത്തേയറ്റത്തുള്ള ബെഡ്‌റൂമിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഹരിയുടെ ശ്രദ്ധ അവിടെ പറ്റി നില്‍ക്കുമ്പോള്‍ നിസ്സാര്‍ ബള്‍ബ് ഇടത്തേയറ്റത്തേക്ക് നീട്ടി.
പൊടുന്നനെ ആ ഭാഗത്തുനിന്നും ഒരു കനമുള്ള കറുത്ത പൂച്ച മുരള്‍ച്ചയോടെ അവര്‍ക്ക് നേരെ ചാടി. സാംശങ്കറിന്റെ നെഞ്ചില്‍ നഖങ്ങള്‍കൊണ്ട് ഭംഗിയുള്ള ചില ചിത്രങ്ങള്‍ നിര്‍മ്മിച്ച് തികഞ്ഞ അഭ്യാസിയെപ്പോലെ അത് നിലത്തേക്ക് പതുങ്ങി തേറ്റ കാട്ടി അപ്പുറത്തെ ഇരുട്ടിലേക്ക് കലങ്ങി.

ജ്വലിക്കുന്ന ബള്‍ബ് ഉണ്ടായിട്ടും അപ്രതീക്ഷിതമായ ആ ചലനം അവര്‍ക്ക് ചുറ്റും ഭീതി ഉല്‍പ്പാദിപ്പിച്ചു.
താഴെ വീണ് രണ്ട് കഷ്ണങ്ങളായ ലാപ്പ്‌ടോപ്പ് സാംശങ്കറിന്റെ കുനിഞ്ഞ ചലനത്തിലൂടെ കൈകളിലെത്തി. പെട്ടെന്ന് മറ്റൊരു പൂച്ച മുകളില്‍ നിന്നും ബള്‍ബ് പിടിച്ചു നിന്ന നിസാറിന്റെ ശിരസ്സിലേക്ക് അറ്റുവീണു. പേടിച്ചലറിയ അവന്റെ കൈയ്യില്‍ നിന്നും ബള്‍ബ് താഴേക്ക് വഴുതി. വലിയ ശബ്ദത്തോടെ വെളിച്ചം ഇല്ലാതെയായി.
ക്രമേണ അവരുടെ ചുറ്റുവട്ടത്ത് നിന്നും ഒരുപാട് പൂച്ചകള്‍ മുരളുകയും അമറുകയും ചെയ്യാന്‍ തുടങ്ങി.

പ്രകാശാ.. ഹരിയുടെ ശബ്ദത്തിന് നിലവിളിയുടെ രുചിയായിരുന്നു. എമര്‍ജന്‍സി ഓണായി.
പതിയെ അവര്‍ പാസേജില്‍ നിന്നും അടുക്കളയിലേക്കുള്ള വാതിലിന് നേരെ നടന്നു.
പാസ്സേജിലെ വെളിച്ചം കിച്ചണിലെ ഇരുട്ടുമായി ഇണചേര്‍ന്നു.
മാര്‍ബിള്‍തറയില്‍ ചീഞ്ഞഗന്ധം ഉല്പാദിപ്പിച്ച് അഴുകി കിടക്കുന്ന മാംസത്തിലെ വെളുത്ത പുഴുക്കളുടെ പുളഞ്ഞുമറിയുന്ന ശരീരചലനങ്ങളിലേക്ക് കണ്ണുകള്‍ തുറിക്കവേ ഹരി ആദ്യമായി തന്റെ അനാഥമായ പുക്കിള്‍ച്ചുഴി അമര്‍ത്തിപ്പിടിച്ച് പതുക്കെ ചുമരിലേക്ക് ചാരി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook