aymanam john, vishnuram, short sotry,
ണ്ടൊരിക്കൽ , ഞങ്ങളുടെ നാടിന്റെ പരിസരങ്ങൾ ഉച്ചമയക്കങ്ങളിൽ മോഹാലസ്യപ്പെട്ട് കിടക്കാറുള്ള രണ്ടര മൂന്നു മണി നേരത്ത് പത്ത് പതിനാറ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലൻ അലക്കി വൃത്തിയാക്കിയതെങ്കിലും തേയ്ക്കാത്തതിനാൽ നിറയെ ചുളിവുകൾ വീണ് കിടന്ന നിക്കറും ഉടുപ്പുമെടുത്തിട്ട് കണ്ണാടിയിൽ നോക്കി തല മുടി നന്നായി ചീകിയൊതുക്കി മുഖത്ത് പൗഡറും പൂശിയിട്ട് , “അമ്മെ ഞാൻ പോകുകാ…..”എന്നുറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് നാലഞ്ച് കടച്ചക്കകൾ നിറച്ച ഒരു തുണിസഞ്ചിയും എടുത്ത് തൂക്കിപ്പിടിച്ച് അവന്റെ വീട്ടിൽ നിന്നിറങ്ങി, ആ വീട്ടുവളപ്പിന്റെ വേലിയോരം ചേർന്ന് പോയിരുന്ന ഒറ്റയടിപ്പാതയിലൂടെ, പാതയോരമരങ്ങളുടെ തണൽ പറ്റി നടന്ന് നടന്ന് ഒടുവിൽ ആ പാത തീരുന്നിടത്ത് അടുത്തടുത്തുണ്ടായിരുന്ന രണ്ടു തെങ്ങിൻതടി പാലങ്ങൾ കൂടി പേടിച്ച് പേടിച്ച് കയറിയിറങ്ങി – ഒരു വയലിന്റെ ഓരത്തെത്തിയപ്പോൾ അവിടെ ഒരു വഴിയോരവൃക്ഷത്തിന്മേൽ രണ്ട് ഓന്തുകൾ ഒന്നിന് മുകളിൽ ഒന്നായി ഇരിക്കുന്നത് കാണുകയും അത് കുറെ നേരം കൗതുകത്തോടെ നോക്കി നിന്ന ശേഷം വയലരികിലൂടെ ചെരിഞ്ഞും തിരിഞ്ഞും നീണ്ടു കിടന്ന ചെമ്മൺപാതയിലൂടെ പിന്നെയും തണലുകൾ പറ്റി സാവധാനം നടത്തം തുടരുകയും ചെയ്തിട്ട് വെയിലാറവെ ചെന്ന് ചേർന്ന പുല്ലും കാടും പടർന്ന് വിജനമായിക്കിടന്നിരുന്നതും ഒരുപാട് യക്ഷിക്കഥകൾക്ക് പശ്ചാത്തലമായിരുന്നതുമായ ഒരു വലിയ പറമ്പിന് നടുവിലൂടെപ്പോയിരുന്ന മരക്കൂട്ടങ്ങളുടെ ഇരുളിമ നിറഞ്ഞ മറ്റൊരു ഒറ്റയടിപ്പാതയിലേക്ക് കയറിയിപ്പോയ പോക്കിൽ ആ പറമ്പിന്റെ ഏതാണ്ട് ഒത്ത മധ്യത്തിൽ ഉണ്ടായിരുന്നതും കാട്ടുവള്ളികൾ പടർന്നു കയറിക്കിടന്നതുമായ ഒരു പഴയ കൽത്തൂണിന് അടുത്തെത്തിയതും -കയ്യിൽ ഒരരിവാളും പേറി ആ തൂണിനു മറഞ്ഞു നിൽക്കുകയായിരുന്ന , ഇറക്കം കുറഞ്ഞ ഇറുകിയ ബ്ലൗസും താഴ്ത്തിയുടുത്ത കള്ളിമുണ്ടും ധരിച്ച , മുടിക്കെട്ടിന്മേൽ ഒരു ചുവന്ന പൂവും ചൂടിയ ഉയരം കുറഞ്ഞ്, കൊഴുത്തുരുണ്ട ശരീരപ്രകൃതിയോട് കൂടിയ ഒരു യുവതി അവനോട് നാണം കുണുങ്ങിക്കൊണ്ട് “എവിടെപ്പോകുവാ …” എന്ന് പതിഞ്ഞ ശബ്ദത്തിൽ ചോദിക്കുകയും ആകെ പരിഭ്രമിച്ചു പോയ പയ്യൻ “അച്ചമ്മേടെ വീട്ടിപ്പോകുകാ” എന്ന് മറുപടി കൊടുത്തിട്ട് “എന്നാത്തിനാ ഇവിടെ നിക്കുന്ന” തെന്ന് തിരിച്ചു ചോദിച്ചപ്പോൾ “പുല്ലു ചെത്താൻ വന്നതാ കൈ മുറിഞ്ഞു” എന്ന് പറഞ്ഞിട്ട് മുറിഞ്ഞ കൈവിരൽ അവൻ പരിചരിക്കണം എന്നൊരാഗ്രഹത്തോടെയെന്നോണം അവനു നേരെ നീട്ടിക്കാട്ടി വശ്യമായി ചിരിച്ചു കൊണ്ട് നിന്നപ്പോൾ അവളുടെ പല്ലുകൾക്കിടയിലും നാക്കിൻതുമ്പത്തുമുണ്ടായിരുന്ന ചോര അവന്റെ കണ്ണിൽപ്പെടുകയും അവൻ ഒരനുകമ്പയും കാട്ടാൻ നിൽക്കാതെ അവൾ പറഞ്ഞതിന് മറുപടിയായി എന്തോ ഒരൊച്ച മാത്രം പുറപ്പെടുവിച്ചിട്ട് തിടുക്കം കൂട്ടി നടന്ന്, വഴിയുടെ അടുത്ത വളവു തിരിഞ്ഞപ്പോൾ പിന്നിൽ അവളുടെ ചിരിയുയർന്നത് പോലെ തോന്നിയിട്ട് ഒരൊറ്റയോട്ടവുമോടി അച്ചമ്മയുടെ വീട്ടുമുറ്റത്തെത്തിയപ്പോൾ തിണ്ണയിൽ വെറ്റില മുറുക്കിക്കൊണ്ടു ഇരിക്കുകയായിരുന്ന അച്ചമ്മ അവന്റെ മുഖം കണ്ട് ആകെ പരിഭ്രമിച്ച് “എന്നാ പറ്റിയെടാ ശംഭൂ” എന്ന് അങ്കലാപ്പോടെ ചോദിക്കുകയും അവൻ അണപ്പ് കൊണ്ട് മറുപടി പോലും കൊടുക്കാൻ കഴിയാതെ അടുക്കളയിലേക്ക് ഓടിക്കയറി അവിടെ മൺകൂജയിൽ സൂക്ഷിച്ചിരുന്ന തണുത്ത വെള്ളം കൂജയോടെ എടുത്ത് വായിലേക്ക് കമഴ്ത്തി വലിയ പരവേശത്തോടെ അൽപ്പം പോലും ബാക്കി വയ്ക്കാതെ കുടിച്ചു തീർക്കുകയും ചെയ്തു.

 

Read More: അയ്‌മനം ജോൺ ഐഇ മലയാളത്തിൽ എഴുതിയ മറ്റൊരു കഥ ഇവിടെ വായിക്കാം .സ്വപ്നസംവാദം 

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ