scorecardresearch
Latest News

ആകാശലോകത്തെ പരീക്ഷണജീവിതങ്ങൾ

തോമസ് ജോസഫ് ‘പരലോക വാസസ്ഥലങ്ങൾ’ എന്ന രചനയിലൂടെ പരമ്പരാഗത നോവൽ സങ്കല്പങ്ങൾ പൊളിക്കുകയാണെന്ന് “മലയാളത്തിലെ സാഹിത്യാന്വേഷണ പരീക്ഷണങ്ങളിൽ” യുവനിരൂപകനായ ലേഖകൻ

ആകാശലോകത്തെ പരീക്ഷണജീവിതങ്ങൾ

ഏകാന്തത വിഷാദമായി പരിണമിക്കുന്നത് അത്ഭുതകരമായ കാഴ്ചയൊന്നുമല്ല. എന്നാൽ ഭ്രമാത്മകതയിലേക്കും സർറിയലിസ്റ്റിക്ക് അന്തരീക്ഷത്തിലേക്കുമുള്ള വിഷാദത്തിന്റെ പടർച്ച സാധാരണമല്ല. ആഖ്യാനത്തിൽ ആഴവും പരപ്പും ദേശസങ്കല്പവും ഉപകഥകളുടെ ബലതന്ത്രവും ‘നോവൽ’ എന്ന ഫിക്ഷൻ രൂപത്തിന്റെ സജീവതയാണ്. എന്നാൽ ഇത്തരം സങ്കേതങ്ങളിൽ നിന്നും മാറി നിന്നുകൊണ്ട് രൂപപ്പെടുത്തിയ പരീക്ഷണാത്മക ഭാവന കലർന്ന ശൈലിയ്ക്കാണ് ആധുനികാനന്തര പരിസരത്തെ ചില നോവലുകൾ ശ്രദ്ധ പുലർത്തുന്നത്.

തോമസ് ജോസഫിന്റെ കഥകളെ കുറിച്ചു പറയുന്നതിനിടയിൽ, അമേരിക്കയിലെ എഴുത്തുകാരനായ കാർലോസ് കാസ്റ്റനെഡയെ പറ്റി സക്കറിയ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ‘ദ ആര്ട്ട് ഓഫ് ഡ്രീമിങ്’ എന്ന പുസ്തകത്തിൽ നമ്മുടെ സ്വപ്നങ്ങളെ ഉപയോഗിച്ചു നമ്മുടേതിന് സമാന്തരമായ മറുലോകങ്ങളിലേക്കു സഞ്ചരിക്കുന്നതിന്റെ രീതികളെയാണ് വിശദീകരിക്കുന്നത്. നമ്മുടെ ആവാസവ്യവസ്ഥയുമായി ബന്ധമില്ലാത്ത ഭാവനാലോകത്തു ഭൂമിയിലെ ജീവിതത്തിനിടയിലോ മരണാനന്തരമോ കടന്നു ചെല്ലാൻ സാധ്യമാകുന്നത് എങ്ങനെയെയാവും എന്നത് കൗതുകകരമാണ്. അവിടത്തെ നിലനിൽപ്പിന്റെ കളിനിയമങ്ങളും അതിജീവനത്തിന്റെ സമ്മർദങ്ങളും മറ്റൊരു വിധത്തിലുള്ളതാവാം. എന്നാൽ ഇതിൽ നിന്നും തോമസ് ജോസഫ് ജീവിതത്തെ സ്വപ്നലോകത്തിന്റെ നാലതിരുകൾക്കുള്ളിൽ തളച്ചിടുകയാണ് എന്നു കരുതേണ്ടതില്ല. ഫിക്ഷന്റെ പല തരത്തിലുള്ള സാധ്യതകളെയാണ് അദ്ദേഹം അന്വേഷിക്കുന്നത്. ലോകമെന്ന വ്യവഹാരത്തിന്റെ സങ്കീര്ണതകളെ പറ്റി ബോധവാൻ ആയിരിക്കുമ്പോൾ തന്നെ ഭാവനയുടെ ഭൂപടത്തിന്റെ അസ്തിത്വത്തെ അദ്ദേഹം മനസ്സിൽ കാണുന്നുണ്ട്. ഫാന്റസി കലർന്ന ആഖ്യാനത്തിന്റെ അകമ്പടിയോടെ യുക്തിഭദ്രമല്ലെന്നും യഥാർത്ഥമല്ലെന്നും തോന്നുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന്റെ നോവലായ ‘പരലോകവാസസ്ഥലത്തു’ കണ്ടു മുട്ടുന്നത്. പ്രത്യക്ഷ രാഷ്ട്രീയവിവക്ഷകളെ നിരാകരിച്ചു കൊണ്ട് സൂക്ഷ്മചിന്തയുടെയും സാമൂഹികബോധ്യത്തിന്റെയും വികിരണമാവാനാണ് ഈ നോവലിന്റെ ആഖ്യാനം ശ്രമിക്കുന്നത്. നിത്യജീവിതത്തിലെ പശ്ചാത്തലത്തിൽ നിന്ന് അകന്നു മാറി, തങ്ങളുടെ പ്രശ്നങ്ങളെ അയഥാർത്ഥമായ പാളികൾ കൊണ്ട് നിർധാരണം ചെയ്യാൻ ശ്രമിക്കുന്ന കഥാപാത്രങ്ങളാണ് ഈ നോവലിനെ വേറിട്ടു നിർത്തുന്നത്. മനുഷ്യന്റെ സ്വത്വത്തെ മരിച്ചവരുടെ ലോകത്തിലെ അന്തേവാസികളുടേതുമായി കൂട്ടിക്കെട്ടിയുള്ള വിനിമയമാണ് നോവലിസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. മിത്തിക്കൽ പരിവേഷമുള്ള ദൈവത്തെ സാധാരണക്കാരനാകുക വഴി, ദൈവവും മനുഷ്യൻ തന്നെയാണെന്ന് സങ്കൽപ്പിച്ചിരിക്കുകയാണ്.

thomas joseph , novel, rahul radhakrishnan

പൊതുവായ അർത്ഥത്തിൽ ഉള്ളടക്കത്തെ അപനിർമ്മിക്കുന്നുണ്ടെങ്കിലും ആഖ്യാനത്തിന്റെ അടരുകൾ പരിശോധിച്ചാൽ മറ്റൊരു ചിത്രമാണ് തെളിയുന്നത്. പരാജയപ്പെടുന്ന ജീവിതമുള്ള മനുഷ്യന്റെ വിജയിക്കുന്ന സ്വപ്നാനുഭവങ്ങളാണ് നോവലിന്റെ സത്ത. ജാഗ്രത്തിൽ ദുഃഖവും നിരാശയും അഭിമുഖീകരിക്കുന്ന അയാൾ, സ്വപ്നലോകത്ത് തന്റെ ആഗ്രഹങ്ങൾക്ക് മഷി നിറയ്ക്കുകയും അവ സഫലമാക്കുകയും ചെയ്യുന്നു. സ്വപ്നസാക്ഷാത്കാരത്തിനായി ദൈവം പോലും തുണയേകില്ലെന്നു ബോധ്യപ്പെടുത്തുന്ന നോവലിൽ ഒരു നേരത്തെ വിശപ്പടക്കാൻ ദൈവം വരെ അലയുന്ന പരിതാപകരമായ കാഴ്ച അവതരിപ്പിച്ചിരിക്കുന്നു. ദൈവപുത്രനായ മരപ്പണിക്കാരന്റെ മുഖമാണ് പരലോകവാസസ്ഥലങ്ങളിലെ ‘ദൈവത്തിനും’ ഉള്ളത്. എല്ലാ കഴിവുകളും നഷ്ടപ്പെട്ട ദൈവം ഒരു സാധാരണക്കാരനായി ജീവിക്കുകയാണ്. ദാരിദ്ര്യവും ഏകാന്തതയും അലട്ടുന്ന അയാൾക്ക് കാല്പന്തുകളി സന്തോഷം പകർന്നിരുന്നു. “എനിക്ക് കുറച്ചു കാശ് കിട്ടിയാൽ കൊള്ളാമായിരുന്നു. എന്റെ ഷർട്ടും പാന്റ്സും കീറിപ്പറിഞ്ഞു. ഭക്ഷണത്തിനും വളരെ ബുദ്ധിമുട്ടുണ്ട്.”എന്ന ദൈവത്തിന്റെ പരിദേവനം എടുത്തു പറയേണ്ടതാണ്. അതു വിരൽ ചൂണ്ടുന്നത് അധികാര/ആരാധ്യ ബിംബം എന്ന നിലയിലുള്ള അതീതശക്തിയുടെ പൊളിച്ചെഴുത്തിനെയാണ്. ജനാധിപത്യത്തിന്റെ ഭിത്തികൾ വരെ അധികാരമോഹികളുടെ സമ്മർദം കൊണ്ട് ദുർബലമാവുന്ന കാലത്ത് അധികാരബിംബങ്ങളുടെ ആരൂഢസ്ഥാനം തന്നെ ഭിക്ഷ യാചിക്കുന്ന രംഗം സൂക്ഷ്മരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ വേണം നോക്കേണ്ടത്. മാത്രമല്ലാ ഏകാധിപത്യത്തിന്റെ പരകായപ്രവേശങ്ങളും ഫാഷിസത്തിന്റെ പരശ്ശതം മുഖങ്ങളും ഭരണ/ അധികാര കേന്ദ്രങ്ങളിലെക്ക് വ്യാപനം നടത്തുകയും ജനാധിപത്യം എന്ന സംജ്ഞയ്ക്ക് വരെ വിറങ്ങൽ സംഭവിക്കുകയും ചെയ്യുന്നു. ഇത്തരമൊരു ചുറ്റുപാടിൽ , അശരണരുടെ അത്താണിയായ ‘ദൈവം’ എന്ന രൂപകം കരുത്തില്ലാത്തവനായി മാറുന്നത് പ്രതിലോമകരമാണ്

thomas joseph, book

മേതിൽ രാധാകൃഷ്ണന്റെ ‘കയറിന്റെ അറ്റം’ എന്ന കഥയിൽ കയറിലൂടെ പിടിച്ചു കയറി മറ്റൊരു ലോകത്തേക്ക് അപ്രത്യക്ഷമാകുന്ന വസ്തുക്കളെയും മനുഷ്യരെയും സംബന്ധിച്ച വ്യാഖ്യാനമുണ്ട്. ഈ ലോകത്തിനു സമാന്തരമായി വേറൊരു ലോകമുണ്ടെന്നു സ്ഥാപിക്കുന്ന പുലവനായ മാന്ത്രികന്റെ കഥയാണിത്. മരിക്കുക മറ്റൊരു ലോകത്തിലേക്കുള്ള അപ്രത്യക്ഷപ്പെടലാണെന്നുള്ള കൽപ്പനയെ വേറിട്ട ജ്ഞാനമണ്ഡലമായി കണക്കിലെടുത്താൽ പുലവന്റെ ബോധ്യങ്ങൾ ശരിയാണെന്നു സമ്മതിക്കേണ്ടി വരും. അതു പോലെ മരിച്ചവർ ‘ജീവിച്ചു കൊണ്ടിരിക്കുന്ന’ ഏഴ് ആകാശങ്ങളിലെ വ്യവഹാരങ്ങളാണ് പരലോകവാസസ്ഥലങ്ങളിൽ പ്രതിപാദിക്കുന്നത്. പരലോകവാസികളിൽ ചിലരാകട്ടെ സ്വപ്നങ്ങളിൽ പരലോകത്തേക്കു കടന്നു വരുന്നവരാണ്. സ്വപ്നം അവസാനിക്കുമ്പോൾ അവർ ഭൂമിയിലെ വീടുകളിലായിരിക്കും “മരിച്ചവരുടെ ലോകം മാന്ത്രികമാണ്. ആഗ്രഹിക്കുന്ന പല കാര്യങ്ങളും എനിക്ക് അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടും” എന്ന സൂസന്ന എന്ന കഥാപാത്രത്തിന്റെ പ്രസ്താവന ഈ ആശയമായി ഒത്തു പോകുന്നുണ്ട്. മരിച്ചവരുടെ ലോകങ്ങളിലേക്ക് എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നിറമുള്ള തീവണ്ടികളെ പറ്റിയും നോവലിലുണ്ട്. മരിച്ചവരുടെ ലോകത്ത് സമയവും കാലവുമില്ലെന്നുള്ള വിശ്വാസത്തെ നോവലിൽ പരാമർശിച്ചിട്ടുണ്ട്. എങ്കിലും ആ വിശ്വസനങ്ങൾക്ക് കുറുകെ സഞ്ചരിക്കുന്ന തീവണ്ടികൾ പല നിറങ്ങളിലുള്ള ആകാശങ്ങളിലൂടെ കൃത്യമായി ഓടിക്കൊണ്ടിരുന്നു.

ഒരു പൗരൻ എന്ന നിലയ്ക്കുള്ള ജീവിതം അനേകം ചുഴികളും വലയങ്ങളും നിറഞ്ഞതാണ്. ജീവിക്കാനുള്ള അവകാശത്തിന്റെയും നീതിബോധത്തിന്റെയും വലക്കണ്ണികൾ നെയ്യുന്നത് ‘സ്റ്റേറ്റ്’ ആകുന്ന വ്യവസ്ഥയ്ക്ക് ഒട്ടൊക്കെ നാം വിധേയരാണ്. ഇതേ വ്യവസ്ഥയുടെ, കൂടുതൽ സങ്കീർണവും വിചിത്രവുമായ നിയമങ്ങൾ പരലോകത്തും ഉണ്ടെന്നു നോവലിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരു തീവണ്ടിയിൽ ഒരേ സമയം ഒരു മരിച്ച മനുഷ്യനു മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂ എന്നത് തന്നെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്. സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മാനകങ്ങൾ പരസ്പരപൂരകമാകാതെ നിൽക്കുന്ന ഭൂമിയിലെ അവസ്ഥ തന്നെ മറുലോകത്തും സംജാതമാവുന്നു. തീവണ്ടിയിൽ ഒന്നിൽ കൂടുതൽ മരിച്ചവർ സഞ്ചരിച്ചാൽ പലതും ഇടിഞ്ഞു വീഴുമെന്ന വിശ്വാസം അവിടെ നിലവിലുണ്ട്. മേഘങ്ങൾ വരെ പൊളിഞ്ഞു താഴേക്കു വീഴുകയും ആകാശത്തിന്റെ മേൽവിതാനങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യുമെന്നാണ് പരക്കെ കരുതുന്നത്. വേദപുസ്തകങ്ങളിലും മതപ്രമാണങ്ങളിലും പറഞ്ഞു വെച്ചിരിക്കുന്ന “സത്യങ്ങൾ” മതേതരമായ വഴിയിലൂടെ അധികാരത്തിൽ എത്തിയവരും സന്ദർഭോചിതമായി പ്രയോഗിക്കുന്നുണ്ട്. അതിന്റെ മറ്റൊരു രൂപമാണിത്.

thomas joseph , novel, rahul radhakrishnan

ഭൂമിയിൽ നിന്നും പരലോകത്ത് എത്തിച്ചേരാൻ പല കടമ്പകൾ കടക്കേണ്ടതുണ്ട്. ആകാശവെണ്മ, ആകാശനീലിമ, ആകാശമഞ്ഞ, ആകാശപ്പച്ച, ആകാശച്ചുവപ്പ്, ആകാശക്കറുപ്പ്, ആകാശവയലറ്റ് തുടങ്ങിയ ഏഴ് ആകാശങ്ങൾ താണ്ടിയാലേ പരലോകത്ത് എത്തുകയുള്ളൂ. മരിച്ചവർ ഏഴ് ആകാശങ്ങളിലും സഞ്ചരിക്കുക പതിവാണ്. ജീവിച്ചിരിക്കുമ്പോൾ നടക്കാതെ പോയ പല മോഹങ്ങളും സാധിക്കുന്നത് മരണശേഷമാണ്. മരിച്ചവരുടെ പേരുകളും വിവരങ്ങളും മറ്റും സൂക്ഷിക്കുന്നവരായ സഹോദരിമാരായ ആഗ്നസും നടാഷയും തീപ്പൊള്ളലേറ്റു മരിച്ചവരാണ്. ആത്മ എന്ന ഗ്രാമത്തിലെ സാഹിത്യകാരനായ ആൽബർട്ട്, അയാളുടെ ഭാര്യയും പാട്ടുകാരിയുമായ ലില്ലിന (ദൈവം ലില്ലിനയിൽ പ്രണയപരവശനാകുന്നുമുണ്ട്), ആൽബർട്ടിന്റെ കാമുകിയായ സൂസന്ന, ആകാശത്തിന്റെ കാവൽക്കാരനായി ആന്റണി, ആകാശത്തെ ഓട്ടോക്കാരനായ റൂബൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. ആൽബർട്ടും ലില്ലിനയും വിവാഹദിവസം ഒരപകടത്തിൽ പെട്ട് മരിക്കുകയായിരുന്നു. അവരുടെ വിവാഹദിവസം സൂസന്ന ആത്മഹത്യ ചെയ്തു. പോലീസുകാരനാകാൻ കഴിയാതെ പോയ ആന്റണി സ്വപ്‌നാടകനായി കൊണ്ട് ആകാശത്തിന്റെ കാവൽജോലി ഏറ്റെടുത്ത ആളാണ്. ഉണർന്നു കഴിഞ്ഞാൽ അയാൾ ഭൂമിയിൽ തന്നെയാകും.

പരലോകവാസസ്ഥലങ്ങളുടെ മുഖചിത്രം ബോസ് കൃഷ്‌മാചാരി വരച്ച ഒരു അബ്സ്ട്രാക്ട് ചിത്രമാണ്. നോവലിന്റെ പ്രമേയത്തെ സൂചിപ്പിക്കുന്ന വിധത്തിലുള്ള ചിത്രമാണിത്. അതീതഭാവനായും വർണക്കൂട്ടുകളും നിറഞ്ഞ ഒരു ആഖ്യാനത്തെ ഈ ചിത്രം ശരിയായ അർത്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. ആകാശങ്ങളുടെ നിറവ്യത്യാസം പല ഭാവങ്ങളെ ദ്യോതിപ്പിക്കുന്നു. വെളുപ്പ് സമാധാനത്തിന്റെയും നീല ശാന്തയുടെയും നിറമാവുന്നത് പോലെ, ആകാശങ്ങളുടെ സ്വഭാവവും നിറങ്ങളും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ആകാശത്തു നിറങ്ങളെഴുതുന്ന ജോലിയ്ക്ക് നിയോഗിക്കപ്പെട്ട സൂസന്നയെ ഇവിടെ പരാമര്ശിക്കേണ്ടതാണ്. ചിത്രങ്ങൾക്കൊപ്പം സംഗീതത്തിനും ആഖ്യാനത്തിൽ പ്രാധാന്യമുണ്ട്. പിയാനോ വായിച്ചിരുന്നുആ ലില്ലിന, സിത്താർ വായിച്ചിരുന്ന സൂസന്ന എന്നിവരുടെ മികവിനെ വിവരിക്കുന്ന രംഗങ്ങൾ ഇതിന് ഉദാഹരണമാണ്. അധ്യായങ്ങളുടെ പേരിലും നിറങ്ങൾ തെളിച്ചും ഒളിച്ചും വെച്ചു കൊണ്ട് വാക്കുകളുടെയും വരകളുടെയും കൊളാഷ് ആക്കി മാറ്റുകയാണ് പരലോകവാസസ്ഥലങ്ങളെ.

പുതിയ ഒരു ലോകം സൃഷ്ടിക്കാൻ വേണ്ടി നോവലിന്റെ ഭൂമികയായി ആകാശത്തെ തീരുമാനിച്ചതിലൂടെ പരമ്പരാഗത നോവൽ സങ്കല്പങ്ങൾ തോമസ് ജോസഫ് പൊളിക്കുകയാണ്. കാല-ദേശങ്ങളെയും ചരിത്ര -രാഷ്ട്രീയ ബന്ധങ്ങളെയും കുടുംബ വ്യവസ്ഥിതികളായും സ്ത്രീ പുരുഷ വിനിമയങ്ങളേയും രേഖപ്പെടുത്തുന്നത് മാത്രമല്ല ഒരു നോവലിന്റെ കളിക്കളവും കരുക്കളും എന്ന് അദ്ദേഹം സ്ഥാപിക്കുന്നു

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Paraloka vasasthalangal novel thomas joseph rahul radhakrishnan