റാഹേലിനെ മഹാറോൻ ചൊല്ലി ഇടവകയിൽ നിന്ന് പുറത്താക്കിയ വിവരം ഞായറാഴ്ച കുർബ്ബാന മധ്യേ വികാരിയച്ചൻ വിളിച്ചറിയിച്ചതിന്റെ പിറ്റേന്നാണ്, പള്ളിയിലെ സ്വർണ്ണക്കുരിശ് മോഷണം പോയ കാര്യം നാട്ടുകാരറിഞ്ഞത്. ആണ്ടുതോറുമുള്ള തിരുനാൾ പ്രദക്ഷിണത്തിനു മാത്രമേ ഈ കുരിശ് പുറത്തെടുത്തിരുന്നുള്ളൂ. മറ്റ് തിരുസ്വരൂപങ്ങളും വർണ്ണക്കുടകളും അങ്ങനെ തന്നെയുണ്ടായിരുന്നു. മുറി പൂട്ടിയ നിലയിലും. കപ്യാരും പ്രധാനകൈക്കാരനും അറിയാതെ അത് പോകാൻ വഴിയില്ലെന്ന് കുബുദ്ധികളായ ചിലർ അവിടെയുമിവിടെയും ഇരുന്ന് അടക്കം പറഞ്ഞു.

നാടിനെ നടുക്കിയ രണ്ട് പ്രധാനസംഭവങ്ങളിലെ ശരിതെറ്റുകളെക്കുറിച്ച് കുട്ടപ്പന്റെ ചായക്കടയിലിരുന്ന് ജനം തർക്കിച്ചു. ഏകപക്ഷീയമായ തീരുമാനമെടുത്ത വികാരിയച്ചനും പള്ളിക്കമ്മിറ്റിക്കാരും വിമർശനവിധേയരായി.

“അല്ലേലും അവളൊരു തെറ്റ് ചെയ്തെന്നും വച്ച് … ഇതൊക്കെ എന്നതാ?

ഇടവകയോഗം വിളിച്ച് ആലോചിക്കണ്ടായോ?” മേസ്തിരി വറീത് വീണ്ടും ഒരു തിരികൊളുത്തി. ചായക്കട ഒരു നിമിഷത്തിലേക്ക് മൗനത്തിലാണ്ടു. കാർമേഘങ്ങൾ സൂര്യനെ മറച്ച് അതിവേഗത്തിൽ പടിഞ്ഞാറോട്ടു നീങ്ങിപ്പോയി. ഉച്ചവെയിൽ ചാഞ്ഞു തുടങ്ങി. ചായ്പ്പിലെ ഓടിൽ തട്ടിയ സൂര്യരശ്മികൾ പുറത്തേയ്ക്ക് പതിച്ച് വരാന്തയിൽ നിന്ന് റോഡിലേക്ക് നിഴൽപ്പൂക്കളം വരച്ചു. വൈകുന്നേരത്തിന്റെ തണുപ്പിനെ വരവേൽക്കാൻ അന്തരീക്ഷം പിൻവാങ്ങി തുടങ്ങി.

രണ്ടു സംഭവങ്ങളിലും നേരിട്ടല്ലാതെ ബന്ധമുള്ള ഒരേയൊരാൾ കപ്യാരായിരുന്നു. റാഹേൽ, അയാളുടെ മകളായിരുന്നു. അടിയന്തിര ഇടവകയോഗം വിളിക്കണമെന്നുള്ള വറീതിന്റെ ഗിരിപ്രഭാഷണം കേട്ട് ജയിംസും പ്രഭാകരനും തലകുലുക്കി. മാസത്തിലെ അവസാന ഞായറാഴ്ച മാത്രം പള്ളിയിൽപ്പോകുന്ന വറീത് ഇതൊന്നും കമ്മിറ്റി കൂടുമ്പോൾ പറയില്ലെന്ന് ഉറപ്പുള്ള ചില ചെറുപ്പക്കാർ ഉള്ളിൽ ചിരിച്ചു. വാദങ്ങൾക്കും മാറുവാദങ്ങൾക്കുമൊടുവിൽ ചായ ഗ്ലാസ് കാലിയായിക്കൊണ്ടിരുന്നു.

“ഒരു ലൈറ്റ് ചായ”

“ഒരു സ്ട്രോങ്ങ്”

“വിത്തൌട്ട് ഒരെണ്ണം”

കടവരാന്തയിൽ നിന്ന് അകത്തേക്ക് നോക്കി അലയടിച്ച ഓരോ വിളിക്കുമൊപ്പം കുട്ടപ്പൻ ചായയെടുത്തുകൊണ്ടിരുന്നു. സമോവറിലെ ആവിക്കൊപ്പം അയാളുടെ മുഖത്ത് വിയർപ്പുത്തുള്ളികൾ പൊടിഞ്ഞു. അതിനിടയിൽ വരാന്തയിലേക്ക് തുറന്നുവെച്ചിരുന്ന വലത്തേ ചെവിയിൽ അവർ പറയുന്ന സംഭാഷണശകലങ്ങൾ കാറ്റത്ത് വിട്ടു. ആവശ്യമുള്ളവ പിന്നീടുപയോഗിക്കാൻ അവിടെ സംഭരിച്ചിട്ട്, ബാക്കിയുള്ളവ മറവിയുടെ ശൂന്യസ്ഥലികളിലേക്ക് തള്ളി. നേരത്തെ സ്കൂൾ വിട്ടുവന്ന രണ്ടു കുട്ടികൾ ചില്ലലമാരയിൽ മണിയനീച്ചകളുടെ കൊതിപിടിച്ചുപറ്റിയ രണ്ടു സുഖിയൻ പുറത്തെടുത്തു. പിന്നെ താഴെവച്ചിരുന്ന സ്റ്റീൽപാത്രത്തിലേക്ക് ഒരു പഴംപൊരികൂടി എടുത്തു. പുറത്തെ മാവ് കടിച്ചുമാറ്റിയതും ചെറുപയർമണികൾ സ്വാതന്ത്ര്യം പ്രഖ്യാപ്പിച്ച് പ്ലേറ്റിന്റെ തണുപ്പിലേക്ക് ഭൂജാതരായി. കത്തലടങ്ങിയ പിള്ളേർ, പ്ലേറ്റിൽ അവശേഷിച്ച പൊടിയും തീർത്ത്, പറ്റെഴുതിക്കൊള്ളാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് വീട്ടിലേക്കുള്ള നടത്തത്തിന് ആക്കം കൂട്ടി. ചുമരിൽ കിടന്ന 97-ലെ കലണ്ടറിലെ ചുകപ്പും കറുപ്പും അക്കങ്ങൾ മാറിനിന്ന ഇടത്ത് തെക്കെവീട്ടിൽ ജോർജ്ജ് (പറ്റ്) എന്നെഴുതി തുക കുറിച്ച്, ഒരു ഗുണനചിഹ്നവും ഇട്ട് കുട്ടപ്പൻ തന്റെ കടമ നിർവഹിച്ചു.

shimmi thomas, short story , malayalam story

“അവൾക്കിതെന്തിന്റെ കേടാരുന്നു”

“ആർക്ക്?”

പത്രത്തിൽ കണ്ട തമിഴ് സിനിമാപ്പരസ്യത്തിന്റെ ആഴക്കയങ്ങളിലോട്ട്മു ങ്ങാംകുഴിയിട്ടുകഴിഞ്ഞ ജയിംസ് തിരിച്ചുചോദിച്ചു.

“ആ റാഹേലിന്, ദിവാകരന്റെ കൂടെ ഒളിച്ചോടേണ്ട വല്ല കാര്യവും…”

“കപ്യാരുടെ മകളാണെന്നെങ്കിലും ഓർക്കണ്ടായിരുന്നൊ ?”

പ്രശ്നപരിഹാരത്തിന് ഇടപെടേണ്ടിവരുന്ന പതിവുകാരായ ഉപദേശകരിലേക്ക് ആ നാട്ടുക്കൂട്ടം ചുരുങ്ങി. കുറ്റപ്പെടുത്തലിന്റേയും വിശകലനത്തിന്റേയും സമയം കഴിഞ്ഞു.

“ഒന്ന് സംസാരിച്ചിരുന്നെങ്കില് കാർന്നോന്മാര് സമ്മതിച്ചേനേ.” കുട്ടപ്പന്റെ മൊഴികൾ ആദ്യമായി പൊതുസഭയിലേക്ക് കാരമുള്ള് പോലെ തെറിച്ചു വീണു. പെണ്ണിനെ കൂടോത്രം ചെയ്തു കൊണ്ടുപോയതായിരിക്കുമെന്ന് കപ്യാരുടെ അയൽവാസി മറിയാമ്മ കണ്ടവരോടൊക്കെ പറഞ്ഞു. റഹേലിനെ ഉള്ളുകൊണ്ട് അത്ര ഇഷ്ടമില്ലാതിരുന്ന അവൾക്ക് ആശ്വാസത്തിന് ഒരു വകയായി. അവളുടെ കൂടെ കൂടി ചീത്തയാകാതിരുന്നതിന് സ്വന്തം മകളെയോർത്ത് കന്യാമറിയത്തിന് സ്തുതി പറഞ്ഞു.

ദിവാകരന്റെ കാര്യവും ഏതാണ്ട് അങ്ങനെതന്നെയായിരുന്നു. പള്ളിയുടെ നാലഞ്ച് വീടുകൾക്ക് അപ്പുറമാണ് ദിവാകരൻ താമസിച്ചിരുന്നത്. അത്യാവശ്യം പ്രീഡിഗ്രി വരെ പ്രൈവറ്റായി പഠിച്ചു. നാട്ടിലെ ഏതു കാര്യത്തിലും മുൻപന്തിയിലുണ്ടാവും. ഇപ്പൊ കോൺട്രാക്റ്റർ പൗലോയുടെ കൂടെയാണ്. ചെറിയ ബിസിനസ്സുകള്ളുള്ള നാട്ടിലെ ഒരിടത്തരം, സ്വയംപ്രഖ്യാപിത ‘കൺട്രാക്ക്’ ആയിരുന്നു പൗലോ. പഞ്ചായത്തിലെ പല ചെറുകിടനിർമാണപദ്ധതികളും പൗലോയാണ് ഏറ്റിരുന്നത്. പള്ളിയുടെ പണികളും, കല്ല്യാണവീട് പെയിന്റടിയും, അത്യാവശ്യം വേണ്ട സിമന്റ്, കന്പി, വയറിങ്ങ് സാധനങ്ങൾ തുടങ്ങിയവ മംഗലാപുരത്തുനിന്നും കണ്ണൂരുനിന്നും അയാൾ എത്തിച്ചുകൊടുത്തിരുന്നു. അത്യാവശ്യം വിലക്കുറവുണ്ടെന്ന് തോന്നിയാൽ മാഹിയിൽനിന്ന് കൂടുതൽ അളവിൽ പ്ലംബിങ്, ഇലക്ട്രിക്കൽ ഐറ്റംസ് ഇറക്കാനും അയാൾ മറന്നില്ല.

“പൗലോയേയും പൊലീസ് വിളിച്ചാരുന്നു.” ആധികാരികമായി കിട്ടിയ ഒരറിവ് കുട്ടപ്പൻ പങ്കുവെച്ചു

ഇതിനിടയിൽ സണ്ണിക്ക് ഒരു സംശയം. എന്തിനും ഏതിനും ആദ്യമേ കയറി ഒടക്ക് വർത്തമാനം പറഞ്ഞ് തുടങ്ങുന്നതിനാൽ മൊടക്ക് സണ്ണിയെന്നാണ് അയാൾ അറിയപ്പെട്ടിരുന്നത്.

“രണ്ടും കൂടി വല്ല അബദ്ധവും ഒപ്പിച്ചിട്ടൊണ്ടാവും”

“അതാ നട്ടുച്ചനേരത്ത് സ്ഥലം വിട്ടത്”

അങ്ങനെ വല്ലതുമാണേൽ താനറിയാതെ വരികേലല്ലോയെന്ന് ഒരു കനത്ത നോട്ടത്തിലൂടെ വറീത് സണ്ണിയെ ബോധ്യപ്പെടുത്തി. യുദ്ധമുഖത്ത് നിർവീര്യനാക്കപെട്ട കാലാൾപടയാളിയായി സണ്ണി പരിണമിച്ചു. നേരത്തെ തന്നെ, റാഹേലിന്റെ പുഷ്പ്പിക്കൽ തന്റെ ആകാശവാണിയിൽ കണ്ടുപിടിക്കാൻ പറ്റാത്തതിന്റെ പരിഭവം സണ്ണിയിൽ പ്രകടമായി. റാഹേലിന്റെ ശ്രദ്ധയാകർഷിക്കാൻ പണ്ട് സ്കൂളിൽനിന്ന് തിരിച്ചുവരുന്നവഴി സണ്ണി ഒരു വിഫലപ്രകടനം നടത്തിയിരുന്നു. ഗോളിയില്ലാത്ത പോസ്റ്റിനു മുൻപിൽ എത്തിയിട്ടും പന്തു പുറത്തേക്കടിച്ചു കളയാൻ വിധിക്കപ്പെട്ടവനെപ്പോലെ അവന്റെ വിചാരങ്ങൾ ശൂന്യതയിൽ ഇല്ലാതായി.

“ഇതൊന്നും ഇപ്പൊ പറഞ്ഞാ, പിള്ളേരുടെ തലയിൽ കേറൂല്ലാ, ഇല്ലേടാ ജയിംസേ”, മേസ്തിരി വറീത് പറഞ്ഞു.

അതു ശരിയെന്നു സമ്മതിക്കുന്ന തരത്തിൽ ജയിംസ് തലകുലുക്കി. ഇതിനുമുൻപേ പരാജയപ്പെട്ട ഒരു പ്രണയത്തിനുടമയായിരുന്നു, അയാൾ. ഗൃഹാന്തരീക്ഷത്തിലെ എല്ലാ എതിർപ്പുകളേയും അവഗണിച്ച്, രണ്ടു ദിവസം പട്ടിണി സമരം നടത്തിയിട്ടും, ആലീസിന്റെ അമ്മ, അവളുടെ ആഗ്രഹത്തിന് എതിര് നിന്നു. നീ  പടിയിറങ്ങിപ്പോയാൽ പിന്നെയെന്നെ കാണില്ലെന്ന് ഉത്തരത്തിൽ നോക്കി ഒരു ഭീഷണിയും. ആലീസ് അതിൽ വീണു. അമ്മയെ ഓർത്തു, ഉത്തരത്തെ ഓർത്തു, ജയിംസിനെ മറന്നു. മനസ്സിൽ സ്വരുക്കൂട്ടിയ മുല്ലപ്പൂക്കൾ കരിഞ്ഞുണങ്ങിയപ്പോൾ, ഓർമയുടെ ഫ്രെയിമിൽ ചില്ലിട്ട് അവ എന്നേക്കുമായി ജയിംസ് ലോക്കറിൽ വച്ചു പൂട്ടി.

സൺഡേ സ്കൂൾ കെട്ടിടത്തിന്റെ പണിക്ക് മണൽ കയറ്റിക്കൊണ്ടു വന്ന ലോറിയിൽ ദിവാകരൻ തിരികെപ്പോകുന്നത് കണ്ടവരുണ്ട്. മംഗലാപുരത്തു നിന്നാണ് ലോഡ് എടുത്തിരുന്നത്. കാഞ്ഞങ്ങാട് വരെ പൗലോ തന്നെയാണ് ലോറി ഓടിച്ചിരുന്നതും. റാഹേൽ എഴുതിവച്ച കത്ത് അന്ന് വൈകുന്നേരമാണ് കപ്യാർക്ക് കിട്ടുന്നത്. 9:30 വരെ അവൾ അയലോക്കത്തെ മറിയാമ്മയുടെ വീട്ടിലുണ്ടാകുമെന്നാണ് കരുതിയത്. ദിവാകരനെ ഇഷ്ടമാണെന്നും, ഞങ്ങൾ തമ്മിൽ ഒരു മാസം മുൻപേ കല്ല്യാണം കഴിച്ചതാണെന്നും ഇവിടെ ജീവിക്കാൻ പറ്റാത്തതിനാൽ നാടുവിടുന്നെന്നും അവളെഴുതി. അന്യമതക്കാരനെ വിവാഹം കഴിച്ച് ദൈവദോഷത്തിനു പാത്രമായതിനാൽ റാഹേലിനെ പള്ളിയിൽനിന്ന് പുറത്താക്കി. ഞായറാഴ്ച രണ്ടാമത്തെ കുർബ്ബാനയ്കുള്ള കൂട്ടമണി അടിക്കുമ്പോഴും  കപ്യാർ നിർവികാരനായി കാണപ്പെട്ടു.

വഴിവിളക്ക് തെളിഞ്ഞു. കുരുത്തംകെട്ട പിള്ളേർ ബൾബ് എറിഞ്ഞു പൊട്ടിച്ച മൂന്ന് കോൺക്രീറ്റ് പോസ്റ്റുകൾ വെളിച്ചമില്ലാതെ നാണിച്ച് തലതാഴ്ത്തി. നാല് മണിക്ക് തുടങ്ങിയ കവല ചർച്ചയിലെ സമയം പോയത് അപ്പോഴാണ് അവരറിഞ്ഞത്. ചില പോസ്റ്റുകളിൽ അറുപത് വാട്ട് ബൾബ് മിന്നി. വൈദ്യുതിയുടെ ഏറ്റകുറച്ചിലനുസരിച്ച് അവ നൃത്തമാടിക്കൊണ്ടിരുന്നു. ലൈൻമാൻ കേശവൻ തലയിൽ മിന്നിച്ച വാറ്റുചാരായത്തിന്റെ ശക്തിയിൽ വീടന്വേഷിച്ചുള്ള യാത്രയിലായിരുന്നു. ആ ഏകാംഗജാഥയ്ക്ക് സാക്ഷിയായി പലചരക്കുകടയും ചായക്കടയും നിന്നു. പാർട്ടി പതാകകൾ പാറിച്ചു നിന്ന യൂത്തന്മാരുടെ കൊടിമരങ്ങൾ അന്നത്തെ സഞ്ചാരം നിർത്തി രാത്രിയെ വരവേറ്റു. ഒരു ദിവസത്തെ പരിദേവനങ്ങളും ആൾക്കാരുടെ ആത്മഗതങ്ങളും പേറി ഭാരം ഏറ്റ മരത്തടിബെഞ്ചുകളും ഡെസ്‌കും ഒന്നു നെടുവീർപ്പിട്ടു. ഇലക്ട്രിക്ക് പോസ്റ്റിനു താഴെ ഒട്ടിച്ച, പഞ്ചായത്ത് ഇലക്ഷനിൽ തോറ്റ സ്ഥാനാർത്ഥിയുടെ ചിത്രം എല്ലാത്തിനും മൌനസാക്ഷിയായി. നമ്പ്യാരുടെ പറമ്പിലെ തെങ്ങിൻതോപ്പിൽ കാക്കകളുടെ ജില്ലാ സമ്മേളനം കഴിഞ്ഞു. ചിലവ കൂടണഞ്ഞു. മറ്റു ചിലർ അന്തിക്കൂട്ട് തേടി തൊട്ടടുത്ത വാർഡിലെ മാവിൻകൊമ്പിലേയ്ക്ക്  ചേക്കേറി.

shimmi thomas, short story , malayalam story

പള്ളിയുടെ മുമ്പിലെ ഇടവഴിയിലൂടെ വന്ന പൊലീസ് ജീപ്പ് കവലയിൽ ഒന്ന് ചവിട്ടി. പുതുതായി വന്ന എസ് ഐ മുൻസീറ്റിലിരിക്കുന്നത് കണ്ട് കവലയിലുണ്ടായിരുന്നവർ ഭവ്യതയോടെ എഴുന്നേറ്റു. അച്ചടക്കമുള്ള സ്‌കൂൾകുട്ടിയായി   വറീത് തലേക്കെട്ടഴിച്ചു.  ജയിംസ് മാടികുത്തിയ കൈലിമുണ്ട് നേരെയാക്കി

“കട അടയ്‌ക്കാൻ നേരമായില്ലേ?”

“ഉവ്വ്”

“എന്നാൽ അടച്ചിട്ട് പോ”

“പൗലോയുടെ വീടേതാ”

“ആ വളവ് കഴിഞ്ഞ് മൂന്നാമത്തെ വീടാ. കറുപ്പും മഞ്ഞയും പെയിന്റടിച്ച ഒരു ഗേറ്റ് കാണാം” . കടയടക്കാനായി പൂജ്യം മുതൽ ഒന്നു വരെ നമ്പരിട്ട മരപ്പലകകൾ ഒന്നൊന്നായി തട്ടിലേക്കിടുകയായിരുന്നു, കുട്ടപ്പൻ.

കപ്യാരുടെ മകൾ റാഹേൽ, എന്റെ പെങ്ങളായിരുന്നു. കേട്ടറിവുകൾ ശരിയാണെങ്കിൽ, കാഞ്ഞങ്ങാട്ടുനിന്നും ട്രെയിൻ കയറിയ റാഹേലും ദിവാകരനും കോട്ടയത്തെത്തി. അവിടെ ജോലി ചെയ്തിരുന്ന ദിവാകരന്റെ ബന്ധു അവരെയും കൊണ്ട് ഹൈറേഞ്ചിന് പോയെന്നും കേൾക്കുന്നുണ്ട്.

പൊലീസ് ജീപ്പ് പൊടിപറത്തികൊണ്ട് പൗലോയുടെ വീട്ടിലേക്ക് പോയി. ‘കൺട്രാക്കി’നെ പരിചയപ്പെടാൻ പോയതായിരിക്കും. അങ്ങനെ സമാധാനിച്ച് വറീത് കടയിൽ നിന്നിറങ്ങി. പൊലീസ് ജീപ്പ് പോയ വഴിയേ പേടിച്ചിട്ടെന്നവണ്ണം അന്തരീക്ഷം മാറി. കാറ്റിൽ ഇളകിയാടിക്കൊണ്ടിരുന്ന വാഴത്തൈകൾ സ്‌കൂൾ അസംബ്ലിയിലെ പോലെ ഇമവെട്ടാതെ നിന്നു. സ്വാമീസ് ഹോട്ടലിലെ ഉച്ചയൂണിനു വിളമ്പാൻ, ഗോപാലൻ കണ്ണുംവച്ചിരുന്ന രണ്ട് ലോഡ് വാഴയിലകൾ ഞൊടിയിടയിൽ പൊടിയിലും ജീപ്പിന്റെ പുകയിലും അഭിഷിക്തനായി. കല്ലുപതിപ്പിച്ച വഴിയിൽനിന്ന് ടാർറോഡിലേക്ക് കടന്ന ജീപ്പ് കൺവെട്ടത്തുനിന്ന് അപ്രത്യക്ഷമായി. ചായക്കട വരെയാണ് പഞ്ചായത്ത് റോഡ് ടാർ ചെയ്തിരുന്നത്. മാറിമാറി ഭരിച്ച മുന്നണികൾ മെന്പറുടെ   ആവശ്യാനുസരണം 200 മീറ്ററും 500 മീറ്ററും ടാർ ചെയ്‌ത്‌, അങ്ങേത്തലയ്‌ക്കൽ  അവരുടെ പേരും ‘പാർട്ടിവക’ അഭിവാദനങ്ങൾ എന്ന ബോർഡും സ്ഥാപിച്ചു.

സ്വർണ്ണക്കുരിശ് കട്ടവരെ ആരും കണ്ടുപിടിച്ചില്ല.   ആദ്യമാദ്യം എവറസ്റ്റ് കയറിയ ആവേശം തണുത്തുറഞ്ഞു. പഴയ അച്ചൻ സ്ഥലം മാറി പുതിയ വികാരിയും വന്നു. കപ്യാരേയും മറ്റും ആദ്യകാലത്ത് ചോദ്യം ചെയ്തിരുന്നു. കള്ളത്താക്കോൽ ഉണ്ടാക്കി ആരോ മുറി തുറന്നെന്നായിരുന്നു ആദ്യ നിഗമനം . കൃത്യമായും സ്ഥലം അറിയാവുന്ന ആരോ പിന്നിലുണ്ടാവണം. പെയിന്റടിയുടേയും  കെട്ടിടംപണിയുടേയും   തിരക്കിൽ   കമ്മിറ്റിക്കാരും അത് ശ്രദ്ധിക്കാതെയായി.   പൗലോ   ആ വർഷം പുതിയ പള്ളികമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.   അവസാനം പോലീസ് സ്റ്റേഷനിലെ ഒരു ഫയൽ നമ്പറിൽ ആ കേസ്   തുമ്പില്ലാതെ ഒതുങ്ങി. പള്ളിക്കിണറിലും കുളങ്ങളിലും സെമിത്തേരിയിലെ പുതിയ കോൺക്രീറ്റ് കല്ലറകളിലും ഇറങ്ങി തപ്പിയവർ നിരാശരായി. അക്കാലത്ത് ഏത് അന്യനാട്ടുകാരനെ അവിടെ  കണ്ടാലും നാടൻ സംശയത്തിന്റെ ക്യാമറക്കണ്ണുകൾ   അവർക്കുചുറ്റും വല വിരിച്ചു .

സ്വർണ്ണക്കുരിശുമായി നാടുവിട്ട കപ്യാരുടെ മകളെക്കുറിച്ചുള്ള കഥകൾ വാമൊഴിയായി നാട്ടിൽ പരന്നു. സ്വർണ്ണം കട്ട കപ്യാരുടെ മകൻ എന്ന പുതിയൊരു ലേബലും അറിയപ്പെടാത്ത രീതിയിൽ എന്റെ പേരിനൊപ്പം ചാർത്തപ്പെട്ടു. അത് ശരിവെക്കുന്ന സംഭവമാണ് കപ്യാരുടെ ജീവിതത്തിൽ സംഭവിച്ചത്.  കുറ്റ്യാടിയിലുള്ള നേർപെങ്ങൾ   ഈ ദുരവസ്ഥ അറിഞ്ഞ് കപ്യാരേയും എന്നെയും കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചു. സ്ഥലം കച്ചവടമാക്കി. തീയതിയും പറഞ്ഞുറപ്പിച്ചു

അക്കൊല്ലത്തെ ആണ്ടു തിരുനാൾ കഴിഞ്ഞ് പള്ളിമണി ഗോപുരത്തിലേയ്ക്ക് കയറുന്നതിനിടെ, ഗോവണിയിൽ കാൽതെറ്റി കപ്യാർ വീണു. മണിമേടയിൽ നിന്ന് വീണു കാലൊടിഞ്ഞ കപ്യാർ ഏതാണ്ട് അരമണിക്കൂർ അവിടെ കിടന്നു. സന്ധ്യാപ്രാർത്ഥനയ്‌ക്കുള്ള കുരിശുമണി അന്നാരും കേട്ടില്ല. പള്ളിക്കകത്തു കയറി അഞ്ചുമിനിറ്റു നേരത്തെ അൻപത്തിമൂന്നുമണിജപം ചൊല്ലാനൊരുങ്ങിയ വികാരിയച്ചൻ അതൊട്ട് ശ്രദ്ധിച്ചുമില്ല. സന്ധ്യാമണിയുടെ പ്രാധാന്യം നാട്ടുകാർ അറിഞ്ഞു. ഭവനങ്ങളിലെ സന്ധ്യാപ്രാർത്ഥനകൾ തെറ്റി. ഏഴ് മണിക്ക് ചെയ്തിരുന്ന കാര്യങ്ങൾക്കെല്ലാം ഭംഗം   വന്നു. കുട്ടപ്പന്റെ ചായക്കടയിലെ പലകഷട്ടറുകൾ മുതൽ അവസാന ട്രിപ്പ് ഓടിയ ‘മേരിമാതാ’ ബസ് വരെ ഈ താളക്രമത്തിന്    ചെവിയോർത്തു. ചായക്കടയിലും കലുങ്കിലും വെടിവർത്തമാനം പറഞ്ഞിരുന്നവർ, സമയസൂചികളില്ലാത്ത ലോകത്തിൽ പെട്ടപോലെയായി. പിന്നെ വൈകി ആകാശവാണി തുറന്നപ്പോഴേക്കും ഡൽഹിയിൽനിന്നുള്ള   മലയാളം    വാർത്ത അപ്പുറത്തെ   മലയിൽ നിന്ന് കേൾക്കാൻ തുടങ്ങി.

സങ്കീർത്തനം കൂടി വായിച്ച് 7.30 ക്ക് പള്ളി അടച്ചോയെന്ന് നോക്കാൻ വന്ന വികാരിയച്ചനാണ് മണിമേടയുടെ ചുവട്ടിൽ കിടന്ന കപ്യാരെ കണ്ടത്. സാധാരണഗതിയിൽ അച്ചനുള്ളപ്പോൾ വൈകിട്ടത്തെ മണിയടി നിർവഹിച്ചോളും. കപ്യാർ നേരത്തേ വീട്ടിലും പോകും.

എന്തോ നേർച്ച ചെയ്യാനെന്നപോലെ “ഇന്നും കൂടി ഞാൻ ചെയ്തോളാം. ഏതായാലും ഇനി ഒരാഴ്ച കൂടിയല്ലേ ഇവിടൊള്ളൂ ” എന്ന് വികാരിയച്ചനോട് മറുവർത്തമാനം പറഞ്ഞ് ചോദിച്ചുവാങ്ങിയതാണ് ആ അവകാശം

പ്ലാസ്റ്ററിട്ട കാലുമായി ഒരു മാസം കിടന്നു സ്ഥലത്തിന്റെ അവധി രണ്ടാഴ്ച കൂടി നീട്ടി.

“ഇത് ദൈവദോഷമാണ്” വറീത് മേസ്തിരി കവലയിലിരുന്നു പറഞ്ഞു

“വളർത്തുദോഷവും ദൈവദോഷവും. കപ്യാരുടെ ഒരു വിധിയെന്ന് പറഞ്ഞാൽ മതി”   കുട്ടപ്പൻ അതിനെ പിന്താങ്ങി.

shimmi thomas, short story , malayalam story

കുറ്റ്യാടിയിലേക്ക്   പോകേണ്ടതിന്റെ അഞ്ചു ദിവസം മുമ്പ്, ഒരു നെഞ്ചുവേദന വന്ന് കപ്യാർ മരിച്ചു. ദൂരെ ഗീവർഗ്ഗിസ്  പുണ്യാളന്റെ രൂപം   ഇറങ്ങി അടുത്തേക്ക് വരുന്നത് കണ്ട്   എന്നെ അടുത്തു  വിളിച്ചു . എന്റെ കൈ ചേർത്തു പിടിച്ചു. പിന്നെ മെല്ലെ മന്ത്രിച്ചു. “നീയൊന്നു കൊണ്ടും പേടിക്കേണ്ട. പുണ്യാളൻ   വിളിക്കുന്നുണ്ട്. കുതിരപ്പുറത്ത് ഇങ്ങനെ വരുന്നത് എനിക്ക് കാണാം. നീ അവളെ പോയി കാണണം. അവൾ തെറ്റൊന്നും ചെയ്തിട്ടില്ല. ചെയ്തവർ ഇവിടെത്തന്നെയുണ്ട്. എല്ലാം വിളിച്ചുപറഞ്ഞിട്ട് നാമെന്തിനു കൂടുതൽ പേരെ ശത്രുക്കളാക്കണം. ദൈവഹിതമേ നടക്കൂ … ദൈവഹിതം.” എന്റെ കൈകളിലെ പിടി അയഞ്ഞു. ആ തണുപ്പ് എന്നിലേക്ക് പടരുന്നതറിഞ്ഞു.

അപ്പന്റെ ശവമടക്കും, പിറ്റേന്നത്തെ ഒപ്പീസും കഴിഞ്ഞ് ഞാൻ  കുറ്റ്യാടിയിലേക്ക് യാത്രയായി. പിന്നീട് നീണ്ട 20 വർഷങ്ങൾക്കിടയിൽ അവളെക്കുറിച്ച് ഞാൻ കാര്യമായൊന്നും അന്വേഷിച്ചില്ല. കാണണമെന്നും തോന്നിയില്ല. ദിവാകരനോടുള്ള കലിപ്പിൽ എന്റെ വർഷങ്ങൾ നീണ്ട മൗനം ഉരുകിത്തീർന്നു. അപ്പന്റെ വീഴ്ചയ്‌ക്ക് കാരണക്കാരിയായവളുടെ ബ്ളാക്ക് & വൈറ്റ് ചിത്രമാണ് ഞാൻ മനസ്സിൽ ഫ്രെയിമിട്ടുവച്ചിരുന്നത്.

മലബാറിലൂടെ മണിപ്പാലിലേയ്‌ക്കും മംഗലാപുരത്തേയ്‌ക്കുമുള്ള യാത്രയ്‌ക്കിടയിൽ ഓരോ തവണ കാഞ്ഞങ്ങാട്ടെത്തുമ്പോഴും എന്റെ നെഞ്ചൊന്നു പിടയ്‌ക്കും. വെള്ളത്തിൽ നിന്നു കരയ്‌ക്കു വീണ മീനിന്റെ പിടച്ചിൽ. ഓരോ ട്രെയിൻയാത്രയും എനിക്ക് ഓരോ പീഡാനുഭവമാണ്. കഴിയുമെങ്കിൽ യാത്ര രാത്രിയിലാക്കും. റാഹേലിന്റെ കണ്ണീർ വീണ പാളങ്ങൾ, അപരിചിത ദേശത്തേക്ക് നീട്ടിവലിച്ച പാളങ്ങളിലൂടെയുള്ള നിർത്താതെയുള്ള ഓട്ടം…അവളുടെ നിശ്വാസവും പരിഭവവും മൂടുപടം അഴിച്ചിട്ട റെയിൽവേസ്റ്റേഷൻ. ‘എടാ’ എന്ന വിളിയുമായി, പിന്നാമ്പുറത്ത് കൂടി വന്ന് കൈത്തണ്ടയിൽ ഒരു കിഴുക്കും തന്ന് നടന്നുപോകുന്ന അവൾ എത്രയോ രാത്രികളിൽ എന്റെ ഉറക്കത്തെ നേർപകുതിയായി മുറിച്ചു.

ഇരുപത് വർഷത്തിനു ശേഷം ആ വഴിയെ തിരികെ ഡ്രൈവ് ചെയ്തു വരുമ്പോൾ, പഴയ പള്ളി പുതുക്കിപ്പണിയാൻ പോകുന്നതിന്റെ ഫ്ളക്‌സ് വഴിയരികിൽ. പിന്നെ, ഇടവകക്കാരുടെ പിരിവുവീതങ്ങളെക്കുറിച്ചുള്ള വിവരങ്ങളും. വിശ്വാസികളുടെ അകമഴിഞ്ഞ സംഭാവനകൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ഏതോ പോഷകസംഘടനയുടെ ബാനർ അന്തരീക്ഷത്തിൽ പാറിക്കളിച്ചു.

പഴയ സുഹൃത്ത്   സാബുവിനെ ഫോണിൽ വിളിച്ചു. ഞാനിവിടെയെത്തിയെന്ന് പറഞ്ഞു. നേരത്തെ പറഞ്ഞുറപ്പിച്ചതിനാൽ അവൻ കാത്തിരിക്കുന്നുണ്ടായിരുന്നു. 20 മിനിറ്റിൽ അവിടെയെത്താം എന്നു മറുപടി കിട്ടി. ഇനിയങ്ങോട്ടുള്ള വഴി അത്ര പരിചയമില്ലാത്തതിനാൽ അവന്റെ കൂട്ട് അത്യാവശ്യമാണ്.

താത്കാലിക പള്ളിയായി മാറിയ സൺഡേ സ്‌കൂൾ   ഹാളിലാണ് ഗീവർഗ്ഗീസ്  പുണ്യാളന്റെ രൂപം. മദ്ബഹയിൽ ക്രൂശിതരൂപം പാതിമറച്ച കർട്ടനിടയിലൂടെ കാണാം. വിശ്വാസികളുടെ ഭാഗത്തെ പുണ്യാളന്റെ രൂപക്കൂട്ടിൽ ഞാൻ കൈകൾ വച്ചു. ഒരു നിമിഷം കണ്ണുകളടച്ചു. പിന്നെ കൈ നെഞ്ചോടു ചേർത്തു. 20 വർഷങ്ങൾക്കു മുന്പുള്ള ഒരു നട്ടുച്ച നേരം. സത്യത്തിൽ എന്തായിരിക്കും   അന്ന്   സംഭവിച്ചത്?

shimmi thomas, short story , malayalam story

പള്ളിയിലേക്ക് മണൽ കൊണ്ടു വന്ന ലോറികളിലൊന്നിൽ കയറി തിരിച്ചുപോകുന്ന ദിവാകരൻ. തലയിൽ ചുവന്ന തോർത്ത് കെട്ടി, കള്ളിമുണ്ടിന്റെ മീതെ ബനിയനും ഇട്ട്, ‘അമ്മേ, മാതാവേ അനുഗ്രഹിക്കണമേ’ എന്നെഴുതിയ ബോർഡിനു പിന്നിൽ നിന്ന് യാത്രചെയ്യുന്നു. സൂര്യന്റെ ആശീർവാദങ്ങളേറ്റു വാങ്ങി മുന്നോട്ടു നീങ്ങുന്ന വണ്ടി. റാഹേൽ ഉച്ചയ്‌ക്ക് മാതാവിന്റെ കപ്പേളയിൽ തിരികത്തിക്കുന്നത് കണ്ടവരുണ്ട്. പിന്നെ, പള്ളിയുടെ പിന്നാമ്പുറത്തുകൂടി വീട്ടിലേയ്ക്കു   നടന്നു. പള്ളിയുടെ തലപ്പ് കാഴ്ചയിൽ നിന്ന് മറയുമെന്നായപ്പോൾ ലോറിയിൽ നിന്ന് ദിവാകരൻ തിരിഞ്ഞു നോക്കി. നീണ്ടു വളർന്ന റബർമരങ്ങൾക്കിടയിലൂടെ  പുണ്യാളൻ കണ്ട ആ  കാഴ്‌ച ഞാനും കണ്ടു. ലോറിയിൽ പാതിനിറച്ച അടയ്‌ക്കാ ചാക്കുകൾക്കിടയിൽ, തലയിൽ ഒരു ചുവന്ന തോർത്തും കെട്ടി, മാനം നോക്കി കിടക്കുന്ന റാഹേൽ. എന്റെ കണ്ണു നിറഞ്ഞു. കാഴ്ചയുടെ വൃത്തത്തിൽ നിന്ന് മൊബൈലിന്റെ സമചതുരത്തിലേക്ക് ഞാൻ തിരികെയെത്തി.

സാബു പുറത്തുണ്ട്. കാർ പള്ളിമുറ്റത്ത് പാർക്ക് ചെയ്തു.അവനെയും കൂട്ടി പൗലോയുടെ വീട്ടിലേക്ക്. ‘നീ പുറത്തു നിന്നാൽ മതിയെന്ന് ‘ സാബുവിനോട് ആംഗ്യം കാണിച്ചു.
“വെറുതെ എല്ലാവരെയും ഒന്ന് കാണാൻ  വന്നതാ” പരിചയപ്പെടുത്തിയപ്പോൾ പൗലോ ഒന്നു ചിരിച്ചു. പിന്നെ ഇരിക്കാൻ പറഞ്ഞു. കോളാമ്പിയെടുത്തു മുറുക്കാൻ തുപ്പി.

“നിന്റെ അപ്പൻ നല്ലവനാരുന്നു” മുഖവുരയില്ലാതെ പൗലോ പറഞ്ഞുതുടങ്ങി. “നല്ലവരെ ദൈവം വേഗം വിളിക്കും കർത്താവിന്റെ പൂന്തോട്ടം നോക്കി നടത്താൻ. കാലൊടിഞ്ഞു കിടക്കുമ്പോൾ കപ്യാരെ വന്ന്   കാണണമെന്നുണ്ടായിരുന്നു, നടന്നില്ല. എല്ലാം ദൈവവിധി.”

ഞാൻ ഒന്നും മിണ്ടിയില്ല.

“വെവരങ്ങളൊക്കെ ഞാനപ്പപ്പോൾ അറിയുന്നുണ്ടായിരുന്നു. ചികിത്സയ്‌ക്കുള്ള പണം കൊടുക്കാൻ ഞാൻ പള്ളിക്കമ്മിറ്റിയിൽ ഒരു നിർദ്ദേശം വച്ചിരുന്നു”

പൗലോ ഒന്നിരുത്തി മൂളി. കോളാമ്പിയിലേക്ക് നീട്ടിത്തുപ്പി.

യാത്ര പറയാനായി ഞാനടുത്തു ചെന്നു. എന്നിട്ട്, പൗലോയുടെ ചെവിയിൽ അയാൾക്കു മാത്രം കേൾക്കാവുന്ന ഒച്ചയിൽ ചോദിച്ചു.

“അറിയാനായിട്ടു ചോദിക്കുവാ, ആ സ്വർണ്ണക്കുരിശ് നിങ്ങളെന്തു ചെയ്തു?”

പ്രതീക്ഷിച്ചതു പോലെ, ഒരു ഭാവമാറ്റവും പൗലോയിൽ ഉണ്ടായില്ല.

“നല്ല കഥ. നീയിപ്പോഴും അതൊക്കെ ഓർത്തോണ്ടിരിക്കുവാണോ?”

“സ്വർണ്ണക്കുരിശ് അടിച്ചോണ്ടുപോയത്  കപ്യാരുടെ മകൾ. ജീവിക്കാൻ വേണ്ടി നാടുവിട്ടപ്പോൾ പള്ളീന് കുറച്ച് പങ്കെടുത്തെന്ന് വിചാരിച്ചാ മതി. കൂട്ടിനു ആ ദിവാകരനും”

അയാൾ ഓർത്തോർത്തു ചിരിച്ചു.

അരങ്ങിൽ കളി പഠിച്ച ആട്ടക്കാരന്റെ കൗശലം അയാളുടെ കണ്ണുകളിൽ തിളങ്ങി. കൃഷ്ണമണികൾ ഒരേ താളത്തിൽ വട്ടം ചുറ്റി. എന്റെ കണ്ണിലേക്കുറ്റു നോക്കിയിട്ട്, പിന്നേം പറഞ്ഞു.

“സത്യവാ”

“രണ്ട് ദിവസം മുന്പ് കപ്യാരുടെ കയ്യീന്ന് താക്കോല് വാങ്ങി. പെയിന്റടിക്കാൻ മുറികളുടെ അളവെടുക്കണമായിരുന്നു. “ഊഹക്കണക്കില് പലപ്പോഴും നഷ്ടം പറ്റും. കപ്യാരറിയാതെ കുരിശ് ചാക്കിലാക്കി വച്ചു. അതേ സ്ഥാനത്ത്, വെള്ളത്തുണിയിൽ പൊതിഞ്ഞ് അവിടെ കിടന്ന ഒരു മരക്കുരിശും വച്ചു. പള്ളിയിലെ അടയ്‌ക്കാ കച്ചവടമാക്കിയത് ഞാനായിരുന്നു. ദിവാകരനേയും കൂട്ടി അപ്പൊത്തന്നെ ആ ചാക്ക് അടയ്‌ക്ക സൂക്ഷിച്ചിരുന്ന മുറിയിലേക്ക് മാറ്റി. മുറി കപ്യാരെക്കൊണ്ടുതന്നെ പിന്നീട് പൂട്ടിച്ചു.”

“തിരക്കിനിടയിൽ നിന്റപ്പന് അതുവല്ലതും ഓർമ്മയുണ്ടോ” അയാൾ ഓർത്തോർത്ത് ചിരിച്ചു. ആ ഓരോ ചിരിയും കപ്യാരുടെ നെഞ്ചിൽ ചവിട്ടി തിരിച്ചുവരുന്നതു പോലെ തോന്നി. ആ  പ്രതിധ്വനികൾ എന്റെ ചെവിയിൽ പെരുന്പറ മുഴക്കി.

“നീ ചായ കുടിക്ക്.” പൗലോ ഒന്നു നിർത്തി. പിന്നെ മറ്റാരും കേൾക്കാത്ത ശബ്ദത്തിൽ പറഞ്ഞു:

“ഞാൻ  പറഞ്ഞത് സത്യവാ. ദിവാകരൻ എന്നോടൊരു സഹായം ചോദിച്ചു. കാഞ്ഞങ്ങാട് വരെ ഒരു ലിഫ്റ്റ്. ഐഡിയ പറഞ്ഞുകൊടുത്തത് ഞാനാ. അടയ്‌ക്കാ കൊണ്ടുപോകുന്ന വണ്ടിയിൽ രണ്ടാളെയും കൊണ്ടുപോകാമെന്ന് പറഞ്ഞു. ആ ട്രിപ്പിൽ ഡ്രൈവറോട് കാഞ്ഞങ്ങാട് നിന്ന് കേറിയാ മതീന്ന് പറഞ്ഞു. അവൻ  ചൊമന്നിട്ട ചാക്കിലൊന്നിൽ   ആ കുരിശുമൊണ്ടായിരുന്നു.”

shimmi thomas, short story , malayalam story

“ഞാൻ പറഞ്ഞത് സത്യമല്ലേ, കുരിശെടുത്തതും ലോറിയിലിട്ടതും എല്ലാം അവൻ. ട്രെയിനിൽ  കേറേണ്ട തെരക്കിൽ അവനുമാ കൊച്ചും ബാഗ് മാത്രമെടുത്ത് കൊണ്ടുപോയി. ഞാൻ പിന്നെ അതങ്ങ് സൂക്ഷിച്ചേക്കാമെന്ന് വച്ചു.”

അയാൾ ചിരിച്ചു. സത്യനീതിധർമ്മങ്ങളുടെ തുലാസിൽ അയാളുടെ ചിരിയുടെ തട്ട് ഉയർന്നുതന്നെയിരുന്നു. ഒരു കണ്ണീർതുള്ളിയുടെ കനം കൊണ്ട് നീതിയുടെ തട്ട് സമാസമം ഉയർത്താനാകുമെന്ന പ്രതീക്ഷയും  ഇല്ലാതായി.

യാത്ര പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി.

“മൂപ്പര് എന്നാ പറഞ്ഞു” സാബു ചോദിച്ചു

“പഴയ കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പന്റെ കാര്യമൊക്കെ പറഞ്ഞ്    കരഞ്ഞു.” സാബുവിന് ആശ്വാസമാകട്ടെയെന്നു കരുതി ചുരുങ്ങിയ വാക്കുകളിൽ ഞാനാ കൂടിക്കാഴ്ച വിവരിച്ചു.

സെമിത്തേരിയുടെ അടുത്ത് സാബു എന്നെ വിട്ടു. കപ്യാരുടെ കുഴിമാടത്തിനു മുന്പിൽ മുട്ടുകുത്തി. കപ്യാരുടെ ആത്മാവ് അപ്പോൾ പുണ്യാളന്റെ രൂപക്കൂടിനു ചുറ്റും കറങ്ങുന്നത് കണ്ടു. ചെറുമഴ പൊടിഞ്ഞു തുടങ്ങി. സെമിത്തേരിയിൽ നിന്ന് പള്ളിയിലേക്ക് നടന്നു. കാറിനടുത്ത് ചെന്നപ്പോൾ പൗലോയുടെ വീടിനു നേരെ മഴമേഘങ്ങൾ കുതിക്കുന്നത് കണ്ടു.   ഫാക്ടറിപ്പുകയിൽ വെന്തുനീറിയ കരിമേഘങ്ങൾ പോലെ അവ കാണപ്പെട്ടു. അപ്പോൾ ആകാശത്ത് കൊള്ളിയാൻ മിന്നി. മേഘത്തേരിൽ കുതിരപ്പുറത്ത് ഗീവർഗ്ഗീസ് പുണ്യാളൻ. ഒരു നിമിഷം ആ മേഘപാളികൾ പൗലോയുടെ വീടിനു മുകളിൽ നിന്നു. അപ്പോൾ ഹൈറേഞ്ചിലെവിടെയോ പുണ്യാളന്റേയും തിരുക്കുടുംബത്തിന്റെയും ചിത്രത്തിനു മുമ്പിൽ മെഴുകുതിരി കത്തിച്ചു വയ്‌ക്കുന്ന റാഹേലിനെ ഞാനോർത്തു.

“പുതുമഴയാ വരുന്നത്. പാമ്പുകളൊക്കെയിറങ്ങും. എന്റെ ഗീവർഗീസ് പുണ്യാളാ, കാത്തോളണേ.” പടവുകളിറങ്ങി പുറത്തേക്ക് പോയ വൃദ്ധയായ സ്ത്രീ നെറ്റിയിൽ കുരിശുവരച്ചു.

അപ്പോൾ കപ്യാരുപയ്യൻ കവലയിൽനിന്ന് ഓടിക്കിതച്ച് സൈക്കിൾ ചവിട്ടി വരുന്നത് കണ്ടു.

“നിങ്ങളറിഞ്ഞാരുന്നോ നമ്മുടെ പൗലോച്ചായൻ മരിച്ചുപോയി” ഒന്ന് നിർത്തിയിട്ട് കപ്യാരുപയ്യൻ തുടർന്നു. “അയാള് നല്ലവനായിരുന്നു. നല്ല മനുഷ്യരെ ദൈവം വേഗം വിളിക്കും”. അവൻ എന്റെ മറുപടിക്കു കാത്തുനിൽക്കാതെ തിടുക്കത്തിൽ പള്ളിമേടയിലേക്ക് നടന്നു.

അപ്പോൾ കപ്യാരുടെ ആത്മാവ് പുണ്യാളന്റെ രൂപത്തിനു മുകളിൽനിന്ന് ദൂരേയ്‌ക്ക് നീങ്ങുന്നത് കണ്ടു.

യാത്ര പറഞ്ഞിറങ്ങുമ്പോൾ, പൗലോച്ചായൻ പറഞ്ഞ വാക്കുകൾ തൊണ്ടയിൽനിന്ന് തികട്ടി വന്നു.

“കപ്യാർക്ക് അറിയാരുന്നു, എനിക്കതിൽ പങ്കൊണ്ടെന്ന്. നേരും നെറീമൊള്ള മനുഷേനാരുന്നു. എന്നെ തോല്പിച്ചു കളഞ്ഞു”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ