scorecardresearch
Latest News

പഞ്ചപക്ഷിശാസ്ത്രം – ജേക്കബ് എബ്രഹാമിന്റെ കഥ

അമ്മ മകളുടെ കൂട് മുറുക്കെ പിടിച്ചു. മകളെ പേടിപ്പിക്കുന്ന കുട്ടിയുടെ നേരെ അമ്മ നിറഞ്ഞുതുളുമ്പിയ കണ്ണുരുട്ടി. ഏതൊക്കെയോ ചിന്തകളില്‍ അമ്മ ലയിച്ചു പോയി.

പഞ്ചപക്ഷിശാസ്ത്രം – ജേക്കബ് എബ്രഹാമിന്റെ കഥ

അമ്മയും മകളും വീട് പൂട്ടി പുറത്തിറങ്ങി. വലിയൊരു പൂട്ടൊന്നുമല്ല. ഒരു കുഞ്ഞന്‍ താഴ്. ചെതുക്കിത്തുടങ്ങിയതെങ്കിലും കുമ്മായം പൂശിയ വൃത്തിയുളള കതകില്‍ താഴ് ചെറുതായി പൂട്ടലിന്റെ ആക്കത്തിലാടി. കുന്നിന്‍ ചരുവിലെ ഓടിട്ട ഒറ്റ മുറി വീടാണ്. ചായ്പുളള വീട് കണ്ടാല്‍ ഒരു തൊപ്പിക്കാരനെപ്പോലെ തോന്നും. കുമ്മായം വലിച്ച ചുമരുകള്‍ക്ക് നല്ല വൃത്തി. മുറ്റത്ത് ഒറ്റക്കരിയിലയില്ല. മാഞ്ചുവട്ടില്‍ കാരണവന്മാരുടെ അസ്ഥിത്തറയുണ്ട്, ചുവന്ന പട്ടും ശൂലങ്ങളും കുത്തിനിര്‍ത്തിയിട്ടുണ്ട്. വിളക്കുവെക്കുന്നതിന്റെ കരിയും പാടുമുണ്ട്. പട്ടിന്റെ തിളക്കം വെയില്‍ വീണ് മങ്ങിയിട്ടുണ്ട്. കാരണവന്മാരുടെ അസ്ഥിത്തറയില്‍, തട്ടില്‍ സൂക്ഷിക്കുന്ന ഭസ്മം നുളളി, ചുവന്ന വലിയ പൊട്ടിന് മുകളിലായി അണ്ണാന്‍വര വരച്ചു. കാരണവന്മാരോട് യാത്രപറഞ്ഞ് അമ്മയും മകളുമിറങ്ങി. കുംഭച്ചൂടില്‍ തളര്‍ന്ന് അനങ്ങാതെ നിന്ന മാവിന്റെ തളിരിലികളിലൂടെ ഒരു ചൂട് കാറ്റ് മൃദുവായി വീശി.

കുംഭം പിറന്നാല്‍ അമ്മയും മകളും പുറപ്പെട്ടുപോകും. കാവായ കാവുകള്‍ താണ്ടി ഉത്സവപ്പറമ്പുകളായ പറമ്പുകള്‍ കറങ്ങിത്തിരിയും. രണ്ട് പുഴയും നാല് കുന്നും കടന്നുളള നടപ്പാണ്. അത്രയ്ക്ക് ക്ഷീണമുണ്ടെങ്കില്‍ മാത്രം ബസില്‍ കയറും. ഒരിക്കല്‍ മാത്രം തീവണ്ടിയില്‍ പോയിട്ടുണ്ട്. മുത്തപ്പന്‍ കാവുകളിലും തെയ്യംപറമ്പുകളിലും ചുറ്റിത്തിരിയുമ്പോള്‍ അവിടെത്തന്നെ വിരിവെച്ച് കിടക്കും. കൂര്‍മ്പയുടെ കാവില്‍ ചെല്ലുമ്പോള്‍ മാത്രം അമ്മയും മകളും മുത്തമ്മയുടെ കുടിയില്‍ പോയിക്കിടക്കും. മുത്തമ്മയ്ക്ക് നിര്‍ബന്ധമാണ്. അങ്ങനെ നാടായ നാട് ചുറ്റി ഉത്സവസീസണ്‍ അവസാനിക്കുമ്പോള്‍ കുംഭവും മേടവും കഴിഞ്ഞ് ഇടവപ്പാതിക്കോളിനൊപ്പം കുന്നിന്‍പുറത്തെ ഓടിട്ട ഒറ്റമുറി വീട്ടിലേക്ക് ഇരുവരും മടങ്ങും. വര്‍ഷങ്ങളായി ഇതാണ് പതിവ്. പക്ഷെ ഇത്തവണത്തെ പുറപ്പെട്ടുപോക്കിന് ഇരുവരുടെ മുഖത്തും ദെണ്ണമുണ്ട്. അമ്മ കരച്ചിലിന്റെ ഭാവമുള്ള മുഖത്തോടെയാണ് മകളുടെ കൂട് പിടിച്ചിരിക്കുന്നത്. അമ്മയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞു.

‘അമ്മേ..അമ്മേ ..കരയല്ലെ.. കരയല്ലെ’ മകള്‍ പറഞ്ഞു.

ഒതുക്കുകല്ലിറങ്ങിയപ്പോള്‍ മകളുടെ മുന്നിലെ ചെറിയ കിണ്ണത്തില്‍ കിടന്ന കുഞ്ഞന്‍ ഞാലിപ്പുവന്‍പഴം നടപ്പിന്റെ താളത്തിലങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു. നീലക്കരയുളള വെളള മുണ്ടും ആകാശത്തിന്റെ നീലക്കളര്‍ ബ്‌ളൗസുമാണ് അമ്മയുടെ വേഷം. മകളുടെ കൂട് കൂടാതെ ചെറിയൊരു സഞ്ചി മാത്രമെ അമ്മയുടെ കൈയ്യിലുളളു. വസ്ത്രങ്ങള്‍ക്കൊപ്പം രാമന്റെയും സീതയുടെയും ഹനുമാന്റെയും നരസിംഹത്തിന്റെയും മറ്റ് ദൈവങ്ങളുടെയും ചിത്രങ്ങളുളള ഭാഗ്യശീട്ടുകളും സഞ്ചിയിലുണ്ട്. പാറപ്പുറമിറങ്ങുമ്പോള്‍ അമ്മയുടെ കാലുപൊളളി. വരണ്ടപാടം പോലെയാണ് കാലിന്റെ പാദം വിണ്ടുകീറിയ ചാലുകള്‍ പോലെ. ചെരുപ്പിട്ട ശീലമില്ല. എത്ര നടന്ന കാലുകളാണ്. മകളുടെ കാലുകള്‍ കൂട്ടിലാണ്. കൂട്ടിലെ കമ്പിവളയത്തില്‍ അവള്‍ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് അളളിപ്പിടിച്ചിരിക്കുകയാണ്. കുന്നിന്‍പുറമിറങ്ങി തോടിനടുത്തെത്തി. വഴിയരികെ ചെമ്പരത്തിവേലികെട്ടിയ വീട്ടിലേക്ക് കയറി. തെയ്യം കെട്ടുന്ന മലയന്മാരുടെ വീടാണ്. അവിടത്തെ അമ്മ മകളെ നോക്കി. കൂടിനിടയിലൂടെ വിരല് കൊണ്ട് മകളുടെ ചിറകില്‍ തലോടി. തലോടലേറ്റപ്പോള്‍ തത്തമ്മച്ചുണ്ടിളകി.

‘ പോയ് വരാം അമ്മേ..പോയ് വരാം അമ്മേ..അനുഗ്രഹിച്ചാലും..’
രണ്ടമ്മമാരുടെയും കണ്ണുകള്‍ പൊടിഞ്ഞു. രണ്ടമ്മമാരും ഒന്നും പറഞ്ഞില്ല. വീടിന്റെ താക്കോല്‍ അവിടത്തെ അമ്മയെ ഏല്പിച്ചശേഷം അമ്മയും മകളും നടന്നു.

അണ്ടല്ലൂര്‍ക്കാവിലെത്തുമ്പോള്‍ പിരിയാനാണ് അമ്മയുടെയും മകളുടെയും തീരുമാനം. അഞ്ചാറുവര്‍ഷം മുമ്പ് അവിടെ വെച്ചാണ് മകളെ രാമന്‍ പൂശാരിയ്ക്ക് കിട്ടിയത്. അണ്ടല്ലൂര്‍ക്കാവിലെ ഉത്സവം വിശേഷമാണ്. രാമായണകഥ ചൊല്ലിയാടുന്ന കാവാണ്. അങ്കക്കാരനും ബെപ്പുരനും വാനരന്മാരുമുളള ഉത്സവമാണ്. രാമന്‍ പൂശാരിയ്ക്ക് കൈനിറയെ കോളാണ്. വിവിധ ദേശങ്ങളില്‍ നിന്ന് കാക്കാലന്മാരും കാക്കാത്തിമാരും മണ്ണെണ്ണ വിളക്കുമായി കുത്തിയിരിക്കുന്ന പൂരപ്പറമ്പാണ്. വെളള വലിച്ച വീടുകള്‍ കുംഭവെയിലിനൊപ്പം തിളങ്ങുന്ന പകലുകളില്‍ തത്തയെക്കൊണ്ട് ഭാഗ്യശീട്ടെടുപ്പിക്കാനാളു കൂടും. ധര്‍മ്മടം പുഴ കടന്നും അഞ്ചരക്കണ്ടി പുഴ കടന്നും ദേശത്തെ നാനാ ദിക്കില്‍ നിന്നും ജനം വന്നുചേരുന്ന കാവാണ്. അണ്ടല്ലൂരിലെ തിറഉത്സവത്തിന് അവിലും പഴവും മലരുമാണ് പ്രസാദം. മേലേക്കാവിലും താഴെക്കാവിലുമായി രാമായണകഥയാടുന്ന കാവാണ്. എരിഞ്ഞിയും ആലും കൂവളവും ചെമ്പകവും കാഞ്ഞിരവുമുളള വിശാലമായ മേടപറമ്പിലാണ് കാവ്.

അന്ന് നാലഞ്ച് വര്‍ഷം മുമ്പ് ഉത്സവപ്പറമ്പിനപ്പുറമുളള വയലിനക്കരെ പലര്‍ച്ചെ രാമന്‍ പൂശാരി വെളിക്കിറങ്ങാന്‍ പോയി വരുമ്പോഴാണ് വാഴക്കൂട്ടത്തിലൊരു ചിറകടി കേട്ടത്. ഒരു പറ്റം നാട്ടുതത്തകള്‍ കലപില കൂട്ടുകയാണ്. പൂന്തത്തകളുടെ കളികള്‍ നോക്കി പൂശാരി കുറച്ചുനേരം അനങ്ങാതെ നിന്നു. വാഴത്തേന്‍ കുടിച്ചും പാറിപ്പറന്നും മദിക്കുകയാണ് നാട്ടുതത്തക്കൂട്ടം. കൂട്ടത്തിലൊരു കുഞ്ഞുതത്തയുമുണ്ട്. രാമന്‍ പൂശാരിയ്ക്ക് ചില ഒടിവിദ്യകളിറിയാം.

panchapakshi sastram, jacob abraham, vishnu ram

ശബ്ദംകേള്‍പ്പിക്കാതെ നടന്ന് നടന്ന് വാഴക്കുട്ടത്തിനടുത്തെത്തി. പുലരിവെയില്‍ വെട്ടിത്തിളങ്ങുന്നുണ്ട്. ലക്ഷ്മി തത്തയ്ക്ക് പ്രായം കുറെയായി. എപ്പോഴും ക്ഷീണമാണ്. കൂട്ടില്‍ കിടന്നുറക്കമാണ്. പൂശാരിയ്ക്ക് തന്നെ പലപ്പോഴും അവളുടെ തളര്‍ച്ച് കണ്ട് സങ്കടം തോന്നും. പടമെടുക്കാനിപ്പോ ഒരുത്സാഹവുമില്ല. ഒരു ഇണക്കമുളള നാട്ടുതത്ത വേണമെന്ന് മനസ്സിലാശിച്ചിരിക്കുമ്പോഴാണ് മുന്നില്‍ വന്ന് പെട്ടിരിക്കുന്നത്. നാട്ടുതത്തക്കൂട്ടത്തിലൊരു തത്തയെപ്പോലെ പൂശാരി പാറിക്കളിച്ചു. പറന്ന് പറന്ന് ചിറകടിച്ചു, വാഴക്കൂമ്പില്‍ കൊത്തി. കൈക്കുമ്പിളില്‍ കുഞ്ഞന്‍തത്തയെ കോരിയെടുത്ത് പറന്നിറങ്ങി. മനുഷ്യനെ കണ്ട്, വിരുത് കണ്ട് തത്തക്കൂട്ടം കലപില കൂട്ടി. ചകിതരായി ചിറകടിച്ചു. അമ്മതത്ത ചിറകടിച്ച് കരഞ്ഞ് പറന്ന് മാറി. രാമന്‍ പൂശാരി തത്തക്കൂട്ടത്തെ വിട്ട് വയല്‍വരമ്പിലൂടെ നടന്നു.

ഇളംചൂടുളള ഇളം പച്ചംപനം തത്തകുഞ്ഞിനെ പൂശാരി വിശദമായി പരിശോധിച്ചു. ലക്ഷണമൊത്തതാണ്. ദേഹമാസകലം പച്ചനിറം പുതച്ചിട്ടുണ്ട്. വാലിന് മുകളില്‍ നീലനിറവും അടിഭാഗത്ത് മഞ്ഞനിറവുമുണ്ട്. കൊക്കിന്റെ മുകള്‍ പകുതി ചുകന്നതും കീഴ്പകുതി കറുത്തതുമാണ്. കൊക്കിന്റെ അടിയില്‍ നിന്നും പുറം കഴുത്തിനെ ചുറ്റിപ്പോകുന്ന ഒരു കറുത്തമാലയുണ്ട്. അതിനെ ചുറ്റി ഒരു ഇളം ചുകപ്പുവരയുണ്ട്. പുല്‍പ്പച്ചനിറമുളള കണ്ഠാഭരണമുണ്ട്. രാമന്‍ പൂശാരിയ്ക്ക് സന്തോഷമായി.

രാമനതിന് ചെല്ലമെന്ന് പേരിട്ടു. പാലും പഴവും കൊടുത്തിട്ടും ചെല്ലമന്ന് തിന്നാന്‍ കൂട്ടാക്കിയില്ല. കൊത്തിനോക്കാന്‍ പോലും നോക്കിയല്ല. ലക്ഷ്മി, പൂശാരിയ്ക്ക് അറിയാത്ത ഭാഷയില്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചെല്ലത്തിന്റെ കണ്ണീര് തോര്‍ന്നില്ല. കാവുകളിലും പനംകാടുകളിലും വയലേലകളിലും തന്നെ തിരഞ്ഞ് പറന്ന് പറന്ന് നടക്കുന്ന അമ്മതത്തയായിരുന്നു അവളുടെ മനസ്സില്‍. ആ സീസണ്‍ രാമന്‍ പൂശാരിയ്ക്ക് മോശക്കാലമായിരുന്നു. മറ്റ് കാക്കാത്തിമാര് മണ്ണെണ്ണ വിളക്കും വെച്ച് പടമെടുപ്പിച്ച് പണം വരുമ്പോള്‍ അയാള്‍ തത്തക്കുഞ്ഞിനെ ഓര്‍ത്ത് വ്യാകുലപ്പെട്ടു. ഒരുവേള അത് തീറ്റയെടുക്കാതെ ചത്ത്‌ പോകുമെന്നുവരെ അയാള്‍ക്ക് തോന്നി. ചെറിയൊരു കൂട് വാങ്ങി തത്തയെ അതിനകത്താക്കി. ലക്ഷമിയുടെ ക്ഷീണവും ചെല്ലത്തിന്റെ ദു:ഖവും പേറി ഇരുകൂടുകളുമായി ആ ഉത്സവക്കാലം കഴിഞ്ഞ് വീടെത്തുമ്പോള്‍ രാമന്‍ പൂശാരിയെയും ഒരു നിരാശ പിടികൂടിയിരുന്നു. കുന്നിന്‍പുറം കയറുമ്പോള്‍ തന്നെ വാതില്‍പ്പടിയില്‍ കാത്തുനില്‍ക്കുന്ന അമ്മയെ അയാള്‍ കണ്ടു. രണ്ടു തത്തക്കൂടും ഒതുക്കി അയാള്‍ ഇറയത്തിരുന്നു. പുറപ്പെട്ടുപോകണം. രാമന്‍പൂശാരിയുടെ മനസ്സ് പറഞ്ഞു. അച്ഛന്‍ പോയ പോലെ. നടപ്പിന്റെ തളര്‍ച്ച തീര്‍ത്ത് രാമന്‍ പൂശാരി നോക്കുമ്പോള്‍ ചെല്ലം അമ്മ കൊടുത്ത മൈസൂര്‍ പഴം കൊത്തി തിന്നുന്നതു കണ്ടു. അതൊരു നല്ല നിമിത്തമായി രാമന് തോന്നി.

അച്ഛനും പുറപ്പെട്ടുപോയതാണ് . കാക്കാലനായിരുന്നു. മധുര മീനാക്ഷിക്കോവിലിനു മുമ്പിലായിരുന്നു അച്ഛന്റെ ആരൂഢം. അമ്മ മീനാക്ഷിക്കോവിലില്‍ തൊഴാന്‍പോയതായിരുന്നു. കൗതുകത്തിന് കൂട്ടത്തില്‍ പോയവര്‍ക്കൊപ്പം തത്തമ്മയ്ക്ക് മുമ്പില്‍ പടം വലിച്ച് ഭാഗ്യമറിയാനിരുന്നു. ഭാവി നോക്കിനിരുന്ന അമ്മയെ ഏത് ഭൂതമാണ് ആവേശിച്ചതെന്നറിയില്ല. അതോ കാക്കാലന്റെ കണ്‍മയക്കത്തില്‍ വീണു പോയതോ. കൂട്ടിലെ തത്തമ്മയുടെ കണ്ണില്‍ നോക്കിയും പഞ്ചവര്‍ണ്ണത്തിന്റെ നിറം നോക്കിയും സമയം പോയത് അമ്മയറിഞ്ഞില്ല.. തത്തമ്മ ചുണ്ടു കണ്ടാല്‍ ആരും ഏത്ര നേരം വേണമെങ്കിലും ഇരുന്നു പോകും. പൂന്തത്തയെ കണ്ടാല്‍ ആരും നോക്കിയിരുന്നു പോകും. തലയില്‍ ചുകപ്പ് നിറമാണ്. കഴുത്തില്‍ കറുത്ത മാലയും ചിറകില്‍ ചുമലിനരികിലായി ചുവന്നപൊട്ടും കാണാം. തത്തയെ കണ്ട് പെട്ടിരിക്കുന്ന പെണ്ണുങ്ങളുടെ ഉള്ളമറിയുന്നത് കാക്കാലന്റെ മനക്കണ്ണാണ്. ഉത്സവപ്പറമ്പുകളിലെ ആലിന്‍ചുവടുകളിലും തെയ്യപറമ്പുകളിലും കല്യാണമറിയാനും ഭാവിയറിയാനും വന്നെത്തുന്ന പെണ്ണുങ്ങള്‍ക്ക് തത്തമ്മയെ കാണുമ്പോള്‍ കണ്ണില്‍ വിടരുന്ന ലയം പലപ്പോഴും രാമന്‍ പൂശാരി നേരിട്ടനുഭവിച്ചിട്ടുണ്ട്. പൂന്തത്തയില്‍ മയങ്ങിപ്പോയ അമ്മ അച്ഛനൊപ്പം കോവിലിന്റെ പിന്നാമ്പുറത്തെ വഴിയിലൂടെ ഇറങ്ങിപ്പോയി. കൂട്ടത്തില്‍ വന്നവര്‍ അന്വേഷിച്ചലഞ്ഞെങ്കിലും പൂന്തത്തയുടെ പിന്നാലെ പോയവളെ കണ്ടെത്താനായില്ല.

ഭാവിയറിയാതെയുളള യാത്രയായിരുന്നു അമ്മയുടേത്. ഭൂതകാലമില്ലാത്തയാളായിരുന്നു കൂടെ. മധുരയില്‍ നിന്നും പനംകായ് അടരുന്ന ഉച്ചവെയില്‍ ചവിട്ടി തിരുച്ചെന്തൂരും പഴനിയിലും മുരുകന്റെ ആറുപടൈ വീടുകളിലും അച്ഛനോടൊപ്പം പൂന്തത്തയില്‍ മയങ്ങി അമ്മ സഞ്ചരിച്ചു. രാമന്‍ പിറന്നതും വളര്‍ന്നതും കളിച്ചതുമെല്ലാം അമ്പലപ്പറമ്പുകളിലാണ്. കളിച്ചതെല്ലാം തത്തകളോടൊപ്പം. കോവിലുകളില്‍ വരുന്ന ഭക്തന്മാരും സന്യാസിമാരുമായിരുന്നു കൂട്ടുകാര്‍. കുട്ടികള്‍ വരുമ്പോള്‍ തത്തയെക്കണ്ട് അത്ഭുതപ്പെടും. ഓരോ കാലത്തും ഓരോ തത്തകളായിരുന്നു കൂട്ട്. ഒരിക്കല്‍ കര്‍ണാടകത്തില്‍ നിന്നും ബാബുഡാന്‍ എന്ന സൂഫിഗുരുവിന്റെ കബറിടത്തില്‍ നിന്നും വന്ന ഒരു നീലതത്തയായിരുന്നു കൂട്ടില്‍. ഖുറാന്‍ ഓതുന്ന നീലതത്ത അമ്പലപ്പറമ്പുകളില്‍ ഒരു കൗതുകമായി. തഞ്ചാവൂരില്‍ വെച്ചാണ് അമ്മയ്ക്ക് സ്വന്തബന്ധങ്ങളെക്കാണാന്‍ നാട്ടില്‍ പോകണമെന്ന് ആഗ്രഹം തോന്നിയത്. നീലതത്ത ചൊല്ലിയ ഏതോ കാവ്യം കേട്ട് ഖിന്നയായിപ്പോയ അമ്മയ്ക്ക് വീട്ടിൽ പോകണമെന്നു മാത്രമായി ആഗ്രഹം. പത്ത് പതിനഞ്ച് കൊല്ലം കടന്നു പോയെങ്കിലും വീട്ടിലേക്കുളള വഴി മറന്നില്ല. തേട്ടി തേട്ടി ഓര്‍മ്മകള്‍ വന്നു. കാക്കാലനൊപ്പം കാക്കാത്തിയായി രാമനുമായി പല പല പാസഞ്ചര്‍ ട്രെയിനുകളില്‍ കയറി കുന്നിന്‍പുറത്തെ വീടെത്തി.

തീവണ്ടിയിലിരുന്നും നടന്നും തളര്‍ന്നും രാമനാകെ വശം കെട്ടിരുന്നു. കണ്ണില്‍ തത്തപച്ച കത്തിയപോലെ വയലുകളും തെളിനീര് പോലുളള പുഴയും കഴുകിത്തുടച്ചുവെച്ചാലുളള ചെറിയ വീടുകളും വെളുത്തമുണ്ടുടുത്തു തോളില്‍ തോര്‍ത്തിട്ട് നടന്നുപോകുന്ന മനുഷ്യരെയും കണ്ടു. തോടിനടുത്തുളള കുന്നിന്‍പുറത്തെ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. കാറ്റുപിടിച്ച് മാവ് മാത്രം അമ്മയെ തിരിച്ചറിഞ്ഞു. താഴ് തുറന്ന് വീട്ടില്‍ കയറിയപ്പോള്‍ പതിനഞ്ച് വര്‍ഷങ്ങളുടെ ചിറകടിശബ്ദം അമ്മ കേട്ടു.

പിറ്റേക്കൊല്ലത്തെ ഉത്സവങ്ങള്‍ക്ക് തത്തയുമായി പോയെങ്കിലും അച്ഛനൊരു ഉത്സാഹം തോന്നിയില്ല, പാണ്ടി കാറ്റിന്റെ, പനമരങ്ങളിലെ ഊക്കമില്ലാതെ തെങ്ങോലകളെ തഴുകിവരുന്ന മൃദുവായ കാറ്റിന്റെ തണുപ്പ് അച്ഛനെ അലട്ടി. രണ്ടു തവണ മധുരയ്ക്ക് പോയി മടങ്ങി വന്നു. മൂന്നാം തവണ പോകാനിറങ്ങിയപ്പോള്‍ എന്തോ തീരുമാനിച്ചുറച്ചപോലെയുണ്ടായിരുന്നു. അമ്മയെ ഒന്നു നോക്കി. രാമന്റെ തലപിടിച്ചുഴിഞ്ഞ് കുന്നിറങ്ങിപ്പോയി. ഭാഗ്യം ചൊല്ലാനപ്പോഴേക്കും മകന്‍ പഠിച്ചിരുന്നു.

അങ്ങനെ അച്ഛന്‍ പോയ വഴിയെ മകനും പോയ ദിവസം അമ്മ ചെല്ലത്തെ മകളേന്ന് വിളിച്ചു, ലക്ഷ്മിയെയും അങ്ങനെയാണ് അമ്മ വിളിക്കുന്നത്. മൂത്ത മകളും ഇളയ മകളും. അമ്മയുടെ ദു:ഖം മനസ്സിലാക്കിയ മകള്‍ വിളികേട്ടു.

‘ അമ്മേ..അമ്മേ’ ചെല്ലം വിളി കേട്ടു.

അധ്യാത്മരാമായണം കിളിപ്പാട്ടും ഷുകസപ്തതിയിലെ  കഥകളും അമ്മ മകള്‍ക്കു ചൊല്ലി കൊടുത്തു. ചെല്ലം വിളികളോടെ ചൊല്ലിക്കേട്ടത് ചെല്ലം ഹൃദിസ്ഥമാക്കി തിരികെ ചൊല്ലി അമ്മയെയും ലക്ഷ്മിയെയും സന്തോഷിപ്പിച്ചു. മഴയും മഞ്ഞും വെയിലും വന്നു പോയി. മകന്‍ പോയതോടെ അമ്മയ്ക്ക് തത്തമക്കള്‍ മാത്രമായി കൂട്ട്. അക്കൊല്ലത്തെ ഉത്സവത്തിന് അമ്മ ലക്ഷ്മിയെയും ചെല്ലത്തെയും കൂട്ടി കാവായ കാവെല്ലാം നടന്നു. ലക്ഷമി കൂട്ടില്‍ കൂട്ടിരുന്നതേയുളളു. ചെല്ലം പടങ്ങളെടുത്ത് നല്ലകാലം ചൊല്ലി പുല്‍പ്പായയില്‍ വന്നിരിക്കുന്നവരെ സന്തോഷിപ്പിച്ചു. അഞ്ചിന്റെയും പത്തിന്റെയും അമ്പതിന്റെയും നൂറിന്റെയും ദക്ഷിണ നോട്ടുകള്‍ അമ്മ കണ്ണില്‍ വെച്ച് തൊഴുതുവാങ്ങി. കുംഭവും മീനവും കഴിഞ്ഞ് ഇടവത്തില്‍ മൂവരും തിരച്ചെത്തി. കുന്നിന്‍പുറത്ത് മഴക്കാലമായി. പുതിയ വഴികള്‍ കണ്ടും ഉത്സവങ്ങള്‍ കൂടിയ ഉത്സാഹത്തിലും ചെല്ലമെല്ലാം മറന്നു.

എന്നാല്‍ അക്കൊല്ലത്തെ പറശ്ശിനിക്കടവ് മടപ്പുരയിലെ പുത്തരി തിരുവപ്പനയ്ക്കുണ്ടായ ഒരു സംഭവം അമ്മയുടെയും മക്കളുടെയും കണ്ണു നനയിച്ചു. പറശ്ശിനിപുഴയുടെ തീരത്ത്, മടപ്പുരയിലേക്കുളള ഇടവഴിയില്‍ ഇരുപ്പുറപ്പിച്ചതാണ്. മുത്തപ്പന്റെ അനുഗ്രഹം വാങ്ങാന്‍ നാനാജാതി മതസ്ഥർ വരും. നായാടിയാണ് മുത്തപ്പന്‍, കാട്ടുമൃഗങ്ങളെപ്പിടിച്ചും മത്സ്യ-മാംസാദികള്‍ തിന്നും ഊടാടി നടന്നവനാണ് മുത്തപ്പന്‍. കഥകള്‍ പലതുണ്ട്. അമ്മയും മക്കളും വന്‍പയര്‍ പ്രസാദവും തിന്ന് മുത്തപ്പന്റെ സവിധത്തിലിരുന്ന് ഭാഗ്യം പറയുകയായിരുന്നു. ആ സ്വാമിയെ കുറച്ചുദിവസമായി അമ്മ കാണുന്നത്. സാധാരണ അഗതികളായ സ്വാമികളില്‍ നിന്നും വ്യത്യസ്തനാണ്. തേജസ്സ് തീരെയില്ല. കുടിച്ചാടിയാണോ നടക്കുന്നതെന്ന് സംശയം തോന്നും. അമ്മയെയും മക്കളെയും സ്വാമി കുറെനേരമായി ശ്രദ്ധിക്കുന്നു. പടമെടുത്ത് ചെല്ലം മംഗലം കഴിഞ്ഞ് മുത്തപ്പനെ കാണാനെത്തിയ ഒരു പുതു ജോഡിയ്ക്ക് ഭാഗ്യം ചൊല്ലാന്‍ പടമെടുക്കാന്‍ തുടങ്ങുകയായിരുന്നു. അന്നേരം സ്വാമി ക്രൂരമായ മുഖഭാവത്തോടെ മുന്നോട്ട് വന്നു

‘ നിര്‍ത്തീന്‍…ഈ തട്ടിപ്പ് ങ്ങള് നിര്‍ത്തിക്കോളീന്‍…പഞ്ചപക്ഷി ശാസ്ത്രത്തില്‍ തത്തയ്‌ക്കെവിടെയാണ് സ്ഥാനമെന്ന് പറയ് കാക്കാലത്തീ..’

എല്ലാവരും തരിച്ചിരുന്നു പോയി. അമ്മയ്‌ക്കൊന്നും ഉരിയാടാന്‍ കഴിഞ്ഞില്ല

‘ കഴുകന്‍, മൂങ്ങ, പരുന്ത്, പൂവന്‍കോഴി, പരുന്ത്…എന്റെ അറിവില്‍ മനുഷ്യന്റെ ശാസ്ത്രം പറയാന്‍ കഴിയുന്ന പറവകളിവയാ..ഇതൊക്കേ ഓരോ തട്ടിപ്പാ ..’

പായയിലിരുന്ന പുതു മണവാളന്‍ ദെണ്ണത്തിലായ അമ്മയെ സംരക്ഷിക്കാനെന്നവണ്ണം സ്വാമിയോട് പറഞ്ഞു.

‘ ഇതൊക്കെ ഓരോ പഴയ ശാസത്രങ്ങളല്ലെ സ്വാമീ..ഈ അമ്മ ജീവിച്ചുപോട്ടെന്നെ…ങ്ങക്ക് അയിനെന്താ കുയപ്പം..’

മുറുമുറത്തുകൊണ്ട് ആള്‍ക്കൂട്ടത്തിലേക്ക് ദേഷ്യക്കാരന്‍ സ്വാമി അപ്രത്യക്ഷനായി.

jacob abraham, vishnuram, story
ആ മഴക്കാലം കഴിയവെ ലക്ഷിയ്ക്ക് വയ്യാതായി. ലക്ഷ്മിയെ അമ്മ കൂട് തുറന്നു വിട്ടു. വയ്യാത്ത കാലുകള്‍ നീട്ടിവെച്ച് തത്ത പത്തടി നടന്നു , നടന്നു. മെല്ലെ പറന്ന് മാവിന്‍കൊമ്പിലിരുന്നു. അമ്മയും മകളും നോക്കിയിരുന്നു. അമ്മയുടെ കണ്ണ് പൊടിഞ്ഞു. രണ്ട് കൊമ്പ് കയറി വീട്ടിലേക്ക് നോക്കി ലക്ഷ്മി ഇരിപ്പായി. തളര്‍ന്നുളള ഇരിപ്പ്. ഒരു രാത്രിയും ഒരു പകലും ലക്ഷ്മി അതേ ഇരുപ്പ് ഇരുന്നു. മൂന്നാം നാള്‍ ഉറമ്പരിച്ച നിലയില്‍ മാവിന്‍ചുവട്ടില്‍ ലക്ഷ്മി വീണു കിടന്നു. അമ്മ കാരണവന്മാരുടെ അസ്ഥിത്തറയ്ക്ക് മുമ്പില്‍ തന്നെയാണ് മകളുടെയും ഓര്‍മ്മത്തറയൊരുക്കിയത്.

ഓര്‍മ്മകള്‍ ദെണ്ണമാണ്. ഓര്‍മ്മകളില്‍ വേദനിച്ച് അമ്മയും മകളും നടന്നു. ചെമ്മണ്‍ പാത തീരുന്നിടം അമ്മ കിതപ്പാറ്റി നിന്നു. ഇനി താര്‍പാതയാണ്. ചുട്ടുപൊളളിക്കിടക്കുന്ന റോഡില്‍ നടക്കുമ്പോള്‍ കാലു പൊളളും. കുറച്ചിട ബസില്‍ പോകാം. ബസിലിരിക്കുമ്പോള്‍ പലരും അമ്മയെയും മകളെയും നോക്കി. കാക്കാത്തിമാരുടെ കൂട്ടം നാട്ടില്‍ കുറഞ്ഞു വരുന്നകൊണ്ടാവാം ഈ പുതുമ. ഒരു ആണ്‍കുട്ടി കൂടിനടുത്തെത്തി തത്തയെ നോക്കിനിന്നു. പെണ്ണുങ്ങളും കുട്ടികളും മകളെക്കുറിച്ച് പലതും പറയുന്നത് അമ്മ കേട്ടു. കുട്ടി കയ്യില്‍ നിന്നും കൂട് തട്ടിപ്പറിക്കുമോയെന്ന് വരെ അമ്മയ്ക്ക് തോന്നി. മടിയില്‍ വെച്ച് ബലമായി പിടിച്ചരുന്നു. ‘തത്തമ്മേ തത്തമ്മേ പൂച്ച പൂച്ചാന്ന്’ പറഞ്ഞ് കുട്ടി മകളെ പേടിപ്പിക്കാന്‍ നോക്കി. ബസിലെ കണ്ടക്ടറും ഡ്രൈവറും ചിരിച്ചു.

കടവില്‍ ബസ് നിര്‍ത്തി. ഉത്സവം കാണാന്‍ ഉത്സാഹത്തോടെ നില്‍ക്കുന്ന പെണ്ണുങ്ങളുടെയും കുട്ടികളുടെയും ആണുങ്ങളുടെയും കൂടെ അമ്മയും മകളും നിന്നും. ചെളി പൂണ്ട കറുത്ത പുഴയുടെ ഇരുവശവും കണ്ടല്‍ക്കാടുകള്‍ വളര്‍ന്നുനിന്നു. ജലത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വിരലകുള്‍ പോലെ കണ്ടല്‍വേരുകള്‍. വേരുകള്‍ക്കിടയിലൂടെ മീന്‍കുഞ്ഞുങ്ങള്‍ തുളളിക്കളിച്ചു. കുളക്കൊക്കുകളും ചിലപ്പന്‍ കിളികളും കണ്ടല്‍ക്കാട്ടില്‍ പറന്നു കളിച്ചു. മൂങ്ങാംകുഴിയിട്ടു നീന്തുന്നതിനിടയില്‍ നീര്‍ക്കാക്ക നീന്തല്‍ മതിയാക്കി അമ്മയെയും മകളെയും ചരിഞ്ഞു നോക്കി. അക്കരെപ്പോയ തോണിക്കാരനും തോണിയുമെത്തിയപ്പോള്‍ എല്ലാവരും തിരക്കൂകൂട്ടി അമ്മയും മകളും തിരക്കിനിടയിലൂടെ തോണിയില്‍ കയറി. ഊന്നുകാരനും മകളെ നോക്കി. കാക്കാലത്തിയ്ക്കയാളൊരു ചിരി സമ്മാനിച്ചു. കഴിഞ്ഞ കൊല്ലം അണ്ടല്ലൂരിലെ ഉത്സവത്തിന് വിളക്കുചുവട്ടിലിരുന്നു അയാളുടെ പടം കൊത്തി കൂട്ടില്‍ നിന്നിറങ്ങി ഭാഗ്യം ചൊല്ലിയ കാക്കാലത്തിയും തത്തമ്മയുമാണ്. പറഞ്ഞപോലെ അച്ചട്ടായിരുന്നു വിശേഷം. ഒഴുക്കു കെട്ട പുഴ പോലെ കിടന്ന അയാളുടെ ജീവിതം തെളിഞ്ഞു. മകളുടെ കല്യാണം കഴിഞ്ഞു. മകള്‍ക്ക് വിശേഷവുമായി. ആ സന്തോഷത്തിന്റെ പേരില്‍ അമ്മയും മകള്‍ക്കും ഊന്നലുകാരന്‍ തോണിയില്‍ മുന്‍നിരയിലെ തടിയില്‍ തന്നെ ഇരിപ്പിടം കൊടുത്തു.

jacob abraham, vishnuram, malayalam short story

ബസില്‍ കണ്ട കുട്ടി അമ്മയുടെയും മകളുടെയും അടുത്തുവന്നിരുന്നു. അച്ഛനമ്മമാരുടെ കൂട്ടത്തില്‍ നിന്നും തെറ്റി തത്തമ്മയെ കാണാനും വികൃതികാണിക്കാനുമായെത്തിയ വികൃതിച്ചെക്കനോട് അമ്മയ്ക്ക് അരിശം തോന്നി. തോണി തീരം വിട്ടു. ഒഴുക്കില്ലാതെ അഴുക്കില്‍ ഒറ്റപ്പെട്ടുകിടക്കുന്ന പുഴയോരം താണ്ടി. നദിയുടെ നടുവിലെത്തി. അണ്ടല്ലൂര്‍ക്കാവില്‍ ഉത്സവത്തിന് പോകുന്നവരാണ് തോണിയല്‍. വീടടച്ച് പോകുന്നവരുണ്ട്. ഉത്സവം കഴിഞ്ഞാണ് പലരുടെയും മടക്കം. സ്വന്തബന്ധങ്ങളുടെ വീട്ടില്‍ കൂടി സന്തോഷിക്കാന്‍ പോകുന്നവര്‍. അമ്മ മകളുടെ കൂട് മുറുക്കെ പിടിച്ചു. മകളെ പേടിപ്പിക്കുന്ന കുട്ടിയുടെ നേരെ അമ്മ നിറഞ്ഞുതുളുമ്പിയ കണ്ണുരുട്ടി. ഏതൊക്കെയോ ചിന്തകളില്‍ അമ്മ ലയിച്ചു പോയി. കുസൃതികാണിക്കാന്‍ ശഠിച്ച കുട്ടി അമ്മയറിയാതെ മെല്ലെ മെല്ലെ തത്തമ്മകൂടിന്റെ വാതില്‍ തുറന്നു. മകളുടെ കഴുത്ത് മെല്ലെ പുറത്തേക്ക് വന്നു. ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു അമ്മ. ഭാഗ്യം. തത്തമ്മേ പൂച്ച പൂച്ച കുട്ടിയുടെ ഉറക്കെയുളള പേടിപ്പിക്കലില്‍ തത്തമ്മ പറന്നു. മകള്‍ കൂടുതുറന്ന് പറക്കുന്നത് അമ്മ ഞെട്ടലോടെ കണ്ടു. നദിയുടെ നടുവില്‍ മണ്ട പോയിനില്‍ക്കുന്ന തെങ്ങിന്റെ മുകളില്‍ പോയി മകളിലിരുന്നു. അമ്മയുടെ ഹൃദയം നുറുങ്ങി. വികൃതിച്ചെക്കനെ അവന്റെ അച്ഛനാണ് ആദ്യം തല്ലിയത്. കുറച്ചുനേരം എല്ലാവരും കൂടെ തത്തമ്മയെ നോക്കി നിന്നു. തോണി അക്കരെയെത്തി.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Pancha pakshi sastram short story by jacob abraham