ആമി,കമല,കമലാദാസ്,മാധവിക്കുട്ടി,കമല സുരയ്യ അങ്ങിനെയങ്ങിനെ ഒരുപാട് ജന്മങ്ങളും ഉപജന്മങ്ങളും മരണങ്ങളും പുനര്‍ജനികളുമുള്ള ഒരു മഹാഖ്യാനമായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം എന്ന് ശരിക്കും ബോധ്യപ്പെട്ടത് ആമി എന്ന സിനിമ കണ്ടപ്പോഴാണ്. ഒരു മഹാസാഗരത്തിനു മുന്‍പില്‍ ഒരു ഭിക്ഷാപാത്രവുമായി നില്‍ക്കുന്ന സംവിധായകന്‍റെ നിസ്സഹായതയാണ് ‘ആമി’യുടെ സംവിധായകന്‍ എന്ന നിലയില്‍ കമല്‍ നേരിടുന്നതെന്ന് തോന്നി .ഇത് ഒരു സ്വാഭാവിക നിസ്സഹായതയാണ് .ഓരോരുത്തര്‍ക്കും അവരവര്‍ക്കാവശ്യമുള്ളത് തെരഞ്ഞെടുക്കാവുന്ന ഒരു മൾട്ടിപ്പിൾ ചോയിസ് (multiple choice) ആയിരുന്നു ഈ എഴുത്തുകാരിയുടെ ജീവിതവും എഴുത്തും. ‘എന്‍റെ കഥ’ എഴുതിയ ധീരതയും,രാജ്യാന്തര തലത്തില്‍ പ്രശസ്തി നേടിയ കമലാദാസ് എന്ന കവയത്രിയും മലയാളത്തിന്‍റെ പ്രിയ കഥകളെഴുതിയ മാധവിക്കുട്ടിയും വേറെ വേറെ എഴുത്ത് ജന്മങ്ങളാണ്. നാലപ്പാട്ടെ നായര്‍ തറവാട്ടില്‍ ജനിച്ച മാധവിക്കുട്ടിയുടെ മരണത്തില്‍ നിന്ന് കമലാസുരയ്യ എന്ന പുതു ജന്മത്തിന്‍റെ വിത്ത് മുളയ്ക്കുന്നു. ഒരു മരണത്തിലും തളച്ചിടാനാകാത്ത ജീവന്‍റെ അനസ്യൂതമായ മഹാപ്രവാഹമാണ് ഈ എഴുത്തുകാരി.
പ്രിയകഥകളുടെ ഹൃദയ സമാഹാരത്തില്‍ ഞാന്‍ എന്നെന്നും ചേര്‍ത്തു വെച്ച് വീണ്ടും വീണ്ടും വായിച്ചു പോരുന്ന കഥയാണ് മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണം’.ഒരിക്കല്‍ ഈ കഥയെക്കുറിച്ച് എഴുതിയിട്ടുമുണ്ട്.ഇപ്പോള്‍ ഈ കഥയെ ഒന്നു കൂടി വീണ്ടെടുക്കാന്‍ കാരണം കമലിന്‍റെ ‘ആമി’ എന്ന സിനിമയാണ് .ഈ സിനിമ ദൃശ്യ സാക്ഷാത്കാരം നല്‍കി തിരഞ്ഞെടുക്കുന്ന മാധവിക്കുട്ടിയുടെ ഒരേയൊരു കഥയാണ് ‘പക്ഷിയുടെ മണം’.
സ്നേഹത്തിന്‍റെ നിതാന്ത ലാളനകള്‍ക്കായി കൊതിക്കുന്ന ബന്ധിതയായ ഗൃഹസ്ഥയുടെ സ്വാതന്ത്ര്യ കാമനകളാണ് മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണം’ എന്ന കഥയില്‍ ചിറക് വിടര്‍ത്തുന്ന പ്രമേയം. മരണത്തിന്‍റെ മയൂര നൃത്തം എന്ന് ഈ കഥയെ വിശേഷിപ്പിയ്ക്കാം.മരണം കഥയുടെ ഒരു അര്‍ദ്ധതലം പങ്കു വെയ്ക്കുന്നു.മരണത്തിന് അത്രത്തോളം തന്നെ ആഴത്തില്‍ പ്രതിഫലിക്കുന്ന മറ്റൊരു അര്‍ത്ഥതലം കൂടി ചേരുമ്പോള്‍ വസ്തുവും അതിന്‍റെ പ്രതിബിംബവും ചേര്‍ന്നുണ്ടാകുന്ന ഒരു ശില്പമായി മാറുന്നു. പുരുഷനും മരണവും ഒരു സമവാക്യത്തിനപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ബിംബങ്ങളാണീ കഥയില്‍. വേർതിരിച്ചറിയാനാവാത്ത വിധം അവ ഒന്ന് തന്നെയായി അനുഭവപ്പെടുന്നു.സ്ത്രീ അവളുടെ സ്നേഹത്തെ പുരുഷന് നിവേദിക്കുന്നതിലൂടെ അലൗകികമായ നിത്യാഹ്ളാദത്തിലേയ്ക്കുയര്‍ത്തപ്പെടുകയാണ് എന്ന ഈ കഥാസങ്കൽപ്പം ഫെമിനിസ്റ്റുകള്‍ക്ക് സ്വീകാര്യമായ ഒന്നല്ല.പൂര്‍ണ്ണമായ ഈ സ്നേഹസമര്‍പ്പണത്തിലൂടെയേ സ്ത്രീയുടെ വിമോചനം സാധ്യമാകൂ എന്നാണ് ഈ കഥ പറയാന്‍ ശ്രമിക്കുന്നത്. വിമോചനം മരണം കൂടിയാകുന്ന ദ്വന്ദമുഹൂര്‍ത്തമാണിത്. സ്ത്രീക്ക് സ്നേഹം മരണത്തിന്‍റെ പര്യായമായി മാറുകയാണ്. തനിക്കുള്ളതെല്ലാം മറ്റൊരാള്‍ക്ക് നല്കുന്നതിലൂടെയാണ് സ്നേഹം അതിന്‍റെ ഏറ്റവും ഉദാത്തവും ഉന്നതവുമായ അവസ്ഥയെ പ്രാപിക്കുന്നതെന്ന് ഈ കഥയില്‍ കാണാം. എന്നാലിത് ഒരടിമയുടെ ഏകപക്ഷീയമായ സമര്‍പ്പണമാവരുത് .ഇവിടെ പുരുഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉടമയുടെ അധികാര ഭാവങ്ങളല്ല. മറിച്ച് നിത്യമായ അഭയത്തിന്‍റെയും സ്നേഹത്തിന്‍റെയും സങ്കേതമാകണം പുരുഷന്‍.ഈ നിത്യകാമുക സങ്കല്‍പ്പത്തെ കൃഷ്ണരൂപത്തില്‍ കമല്‍ ‘ആമി’ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത് ഇവിടെ സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ് .ഈ നിത്യകാമുക സങ്കല്‍പ്പത്തെ മരണവുമായി ബന്ധിക്കുന്നതിന്‍റെ മനോഹാരിതയാണ് ‘പക്ഷിയുടെ മണം’ പ്രദര്‍ശിപ്പിക്കുന്നത്.മരണം നിതാന്തമായ സ്നേഹം നല്‍കുന്ന നിത്യകാമുകനായി കൈനീട്ടി നില്‍ക്കുന്നു .
ഈ സ്നേഹ സാക്ഷാത്ക്കാരത്തിന് സ്ത്രീക്ക് കൊടുക്കേണ്ടി വരുന്ന വിലയോ രക്തസാക്ഷിത്വത്തില്‍ കുറഞ്ഞൊന്നുമല്ല. ആമി, കമലദാസ്, മാധവിക്കുട്ടി, കമല സുരയ്യ എന്നിങ്ങനെയുള്ള ഓരോ പേരിന്‍റെ മരണത്തിലൂടെയും അവര്‍ പുതിയൊരാളായി പുനര്‍ജ്ജനിച്ച് കൊണ്ടിരുന്നു. ഇത് അവസാനിക്കാത്ത സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. കുടുംബിനി എന്ന വ്യവസ്ഥാപിത സങ്കല്‍പ്പത്തിന്‍റെ സ്വയംഹത്യ ‘എന്‍റെ കഥ’യിലൂടെ തന്നെ കമലാദാസ് വളരെ നേരത്തേ തന്നെ നിര്‍വഹിച്ചു കഴിഞ്ഞിരുന്നതായി നമുക്കറിയാം. ഒടുവില്‍ കമല സുരയ്യ എന്ന മുസ്‌ലിം നാമസ്വീകരണവും ഒരു പ്രണയബലിയായി തീരുകയായിരുന്നു. കുടുംബിനി എന്ന വ്യവസ്ഥാപിത സങ്കല്‍പ്പത്തിന്‍റെ സ്വയംഹത്യയിലൂടെയല്ലാതെ സ്ത്രീക്ക് തന്‍റെ സ്നേഹവാഞ്‌ഛ പൂര്‍ത്തീകരിക്കാന്‍ കഴിയുകയില്ല എന്നാണ് ഈ കഥയിലൂടെ മാധവിക്കുട്ടി സൂചിപ്പിക്കുന്നത്.സാധിതമാക്കാന്‍ കഴിയാതെ പോകുന്ന ഈ ബലി എന്നും അസംതൃപ്തിയുടെ നിത്യമായ ഇരുളില്‍ സ്ത്രീയെ തളച്ചിടുന്നു .
പത്രത്തില്‍ പരസ്യം കണ്ട് എഴു നിലകളും ഇരുന്നൂറിലധികം മുറികളും വളരെയധികം വരാന്തകളുമുള്ള ഒരു കൂറ്റന്‍ കെട്ടിടത്തില്‍ ജോലി തേടിയെത്തുന്ന കഥയിലെ ചെറുപ്പക്കാരി വ്യവസ്ഥാപിത കുടുംബ സ്ത്രീ സങ്കല്‍പ്പത്തില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്നവളാണ്.ഭര്‍ത്താവിന്‍റെ അഭിപ്രായം വകവെക്കാതെയാണ് ഈ ജോലിക്ക് വന്നതെന്നും ഒരൊറ്റ സ്ത്രീയെയും അവിടെയെങ്ങും കണ്ടില്ല എന്നുമുള്ള പരാമര്‍ശങ്ങള്‍ ഈ ഒറ്റയാന്‍ സ്വാതന്ത്ര്യയാത്രയുടെ സൂചനകളാണ്.സ്ത്രീക്ക് ജോലി സ്വാശ്രയത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പുറം ലോകത്തിലേയ്ക്ക് തുറക്കുന്ന വാതിലുകള്‍ കൂടിയാണ്. തുറന്നിട്ട വാതിലിലൂടെ നിഗൂഡമായി താലോലിക്കുന്ന ഒരു സ്വപ്നത്തിന്‍റെ ആകർഷണീയതയാല്‍ വശംവദയായി ഒരു നിദ്രാടകയെപ്പോലെയാണവള്‍ ചരിക്കുന്നത് .
സാമൂഹിക സദാചാരങ്ങളുടെ അലംഘനീയമായ വിധി സ്ത്രീയെ കാപട്യത്തിന്‍റെ മുഖംമൂടി അണിയാന്‍ പലപ്പോഴും നിര്‍ബന്ധിതയാക്കുന്നു. തന്‍റെ ആത്മാവിന്‍റെ തൃഷ്ണകളെ മറച്ചുവെച്ച് ഒരഭിനേത്രിയെപ്പോലെ സ്വയം കബളിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട് ഈ ചെറുപ്പക്കാരി.താനെന്തിന് ഈ ചെറുപ്പക്കാരന്‍റെ വീട്ടില്‍ വന്നു,എങ്ങിനെയെങ്കിലും അവിടെ നിന്ന് പുറത്തുകടന്നു വീട്ടിലേയ്ക്ക് മടങ്ങിയാല്‍ മതി എന്നീ ചിന്തകള്‍ ഈ കാപട്യത്തിന്‍റെ ഭയസ്ഫുരണങ്ങളാണ്. ചെറുപ്പക്കാരന്‍ അവളെ ഒന്നു സ്പര്‍ശിക്കുക പോലും ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ് .സ്വന്തം അഭിലാഷങ്ങളുടെ തന്നെ അദൃശ്യമായ വലകളില്‍പ്പെട്ടാണ് അവള്‍ പിടയുന്നത് .ഒരു സുവര്‍ണ്ണനാളത്തിന്‍റെ മോഹവലയത്തില്‍പ്പെട്ടു പറന്നകലുവാന്‍ കഴിയാത്ത ശലഭത്തെപ്പോലെയാണവള്‍. കുടുംബിനിയുടെയും കാമിനിയുടെയും ആന്തര സംഘര്‍ഷങ്ങളുടെ ഈ വൈരുധ്യമാണ് ഈ കഥയുടെ ഊര്‍ജ്ജം .കാമുകിയുടെ അഭിലാഷങ്ങളെയും ആസക്തികളെയും കുടുംബിനിയുടെ സാമൂഹ്യനിയന്ത്രണത്താല്‍ മറച്ചുവെക്കാന്‍ പാടുപെടുകയാണ് ചെറുപ്പക്കാരി.എന്നാല്‍, അവളുടെ ആത്മാവിന്‍റെ ലിപികളാവട്ടെ ഒരു മോണിട്ടറിലെന്ന വണ്ണം സുവ്യക്തമാണ് .അവള്‍ പറയുന്നു: ”എന്നെ പോവാന്‍ സമ്മതിക്കണം.ഞാനിങ്ങോട്ടു വരാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.”
അവളുടെ കാപട്യം ഒരു വസ്ത്രം പോലെ അയാള്‍ ഉരിഞ്ഞു കളയുന്നു: ”നീ നുണ പറയുകയാണ്. നീ എത്ര തവണ ഉദ്ദേശിച്ചിരിക്കുന്നു ഇവിടെ വന്നെത്തുവാന്‍! എത്രയോ സുഖകരമായ ഒരവസാനത്തിനു നീ എത്ര തവണ ഉദ്ദേശിച്ചിരിക്കുന്നു.മൃദുലങ്ങളായ തിരമാലകള്‍ നിറഞ്ഞ,ദീര്‍ഘമായി നിശ്വസിക്കുന്ന കടലില്‍ ചെന്നു വീഴുവാന്‍,ആലസ്യത്തോടെ ചെന്നു ലയിക്കുവാന്‍ മോഹിക്കുന്ന നദി പോലെയല്ലേ നീ?പറയൂ, ഓമനേ… നീ മോഹിക്കുന്നില്ലേ ആ അവസാനത്തെ ലാളന അനുഭവിക്കുവാന്‍?”
സുഖകരമായ ഒരവസാനം, ദീര്‍ഘമായി നിശ്വസിക്കുന്ന,ആലസ്യത്തോടെ ചെന്നു ലയിക്കുക, അവസാനത്തെ ലാളന തുടങ്ങിയ പ്രയോഗങ്ങള്‍ നിലീനവും അസംതൃപ്തവുമായ രതി തൃഷ്ണയേയും തീവ്രമായ മരണാഭിമുഖ്യത്തേയും സമര്‍ത്ഥമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു .
“ഏതാണ് നിനക്ക് പ്രിയപ്പെട്ട നേരം? നേരെ മുകളില്‍ നിന്ന് നോക്കുന്ന സൂര്യന്‍റെ മുന്‍പില്‍ ലജ്ജയില്ലാതെ ഈ ലോകം നഗ്നമായിക്കിടക്കുന്ന സമയത്തോ?” ഈ വരികളിലെത്തുമ്പോള്‍ അവളുടെ മറച്ച് വെയ്ക്കപ്പെട്ട രതിതൃഷ്ണയെ അയാള്‍ ഉടുപ്പഴിച്ചു കാട്ടുന്നു. മരണാഭിമുഖ്യത്തെ രതി ലഹരിയുമായി ചേര്‍ത്തു വെച്ച ദ്വയാര്‍ത്ഥധ്വനികളുടെ മനോഹാരിത സാന്ദ്രമാകുന്നത് താഴെ വരികളിലാണ് :
“എനിക്ക് നീ ഓരോന്നായി കാഴ്ച വെയ്ക്കും …ചുവന്ന ചുണ്ടുകള്‍,ചാഞ്ചാടുന്ന കണ്ണുകള്‍,അവയവ ഭംഗിയുള്ള ദേഹം…എല്ലാം.ഓരോ രോമകൂപങ്ങള്‍ കൂടി നീ കാഴ്ച വെക്കും .ഒന്നും നിന്‍റെതല്ലാതാവും. പക്ഷെ, എല്ലാമായിത്തീരും. കടലിന്‍റെ ഇരമ്പലിലും നീ ഉണ്ടാവും. മഴക്കാലത്ത് കൂമ്പുകള്‍ പൊട്ടിമുളക്കുന്ന പഴയ മരങ്ങളില്‍ നീ ചലിക്കുന്നുണ്ടാവും, പ്രസവവേദന അനുഭവിക്കുന്ന വിത്തുകള്‍ മണ്ണിന്‍റെയടിയില്‍ കിടന്നു തേങ്ങുമ്പോള്‍, നിന്‍റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും.നീ കാറ്റാവും, നീ മഴത്തുള്ളികളാവും,നീ മണ്ണിന്‍റെ തരികളാവും… നീയായിത്തീരും ഈ ലോകത്തിന്‍റെ സൗന്ദര്യം…” ഇത്തരത്തില്‍ സ്തുതി വചനങ്ങള്‍ കൊണ്ട് അവസാനത്തെ കാമുകനും ആമി എന്ന സിനിമയില്‍ കമലയെ മറ്റൊരു പ്രതീകാത്മക മരണത്തിലേയ്ക്ക് വശീകരിച്ചെടുക്കുന്നത് കാണാം. പക്ഷെ അവിടെയും ഈ എഴുത്തുകാരി ഒരു മതത്തില്‍ നിന്ന് കൂടു വിട്ടു കൂടുമാറി മതങ്ങളുടെ സാര്‍വലൗകിക മാനവികതയിലേയ്ക്ക് പുനര്‍ജ്ജനിക്കുകയാണ്.
‘മലഞ്ചെരുവുകളില്‍ ‘എന്ന കഥയില്‍ മാധവിക്കുട്ടി എഴുതുന്നത് പോലെ ‘മരണം ഇവിടെ ഒരവസാനിക്കലല്ല .പല മരണങ്ങളിലൂടെ പുനര്‍ജ്ജനിച്ച ഒരെഴുത്തുകാരിയാണ് ആമിയെന്ന, കമലാദാസെന്ന, മാധവിക്കുട്ടിയെന്ന, കമലാ സുരയ്യയെന്ന ബഹുജീവിതം. മാധവിക്കുട്ടിയെ/കമല സുരയ്യയെ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ ഇതില്‍ ഏതു പേര് ഉപയോഗിക്കണം എന്ന ആശയക്കുഴപ്പം നമ്മള്‍ നേരിടേണ്ടി വരുന്നു. ഒരു ഹിന്ദുവിന് അവളെ ആമിയോ കമലയോ മാധവിക്കുട്ടിയോ ആയി സ്വീകരിക്കാം ഒരു മുസ്‌ലിമിന് അവര്‍ കമല സുരയ്യ ആയിരിക്കാം. ഒരു മതേതര വാദിക്ക് ഇവള്‍ എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്ന സമഗ്രത വ്യക്തിത്വമാകാം .ഒരു തിരഞ്ഞെടുപ്പിനും വഴങ്ങാത്ത നിതാന്ത സ്വാന്ത്ര്യമായിരുന്നു ആ അനന്യ ജീവിതം. ജീവിതാന്ത്യത്തിലെ പ്രണയത്തിനു വേണ്ടി നാലപ്പാട്ടെ നീര്‍മാതള ത്തിന്‍റെ ഓര്‍മ്മകളെപ്പോലും മുറിച്ചു മാറ്റാന്‍ തയ്യാറായ ഏറ്റവും വലിയ ധീരരക്തസാക്ഷിയായിരുന്നു കമല സുരയ്യ .നിത്യ സായൂജ്യത്തിന്‍റെ അനന്ത വിശ്രാന്തിയിലേയ്ക്ക് ഇഷ്ടപുരുഷനിലൂടെ പുനര്‍ജ്ജനിക്കുകയാണ് സ്ത്രീ. നമ്മുടെ പരമ്പരാഗത ഫെമിനിസ്റ്റ് സങ്കല്‍പ്പങ്ങളില്‍ നിന്ന് കമലാദാസ് എന്ന എഴുത്തുകാരിയെ വ്യത്യസ്തയാക്കുന്നത് ഈ കാഴ്ചപ്പാടാണ്. പ്രണയത്തിന് എല്ലാം സമര്‍പ്പിക്കുന്നതിലൂടെ സ്ത്രീ മരണമില്ലാത്ത ലോകത്തെ നേടുന്നു .ഇവിടെ മരണം പ്രതീകവല്‍ക്കരിക്കപ്പെട്ട വിമോചനം തന്നെയാണ്.
ഇത് മരണമല്ല, സ്വാതന്ത്ര്യം തന്നെയാണ് എന്നു ധ്വനിപ്പിക്കുവാന്‍ പക്ഷി എന്ന പ്രതീകം സഹായകമാകുന്നു. ഈ കഥയിലെ മരണത്തിന് പക്ഷിത്തൂവലുകളുടെ മണമാണ്, സ്വാതന്ത്ര്യത്തിന്‍റെയും ഒപ്പം മരണത്തിന്റെയും മണമാണ് .ചെറുപ്പക്കാരിയുടെ സാരിയുടെ നിറവും പക്ഷിയുടെ തൂവലുകളുടെ നിറവും മഞ്ഞയാണ്. മഞ്ഞ മരണത്തിലേയ്ക്ക് കൊഴിയാന്‍ തയ്യാറായ മൂത്തു പഴുത്ത് സുഗന്ധം പരത്തുന്ന കനികളുടെ നിറമാണ് .
മരണം എന്ന വാക്കിനെ അക്ഷര ശസ്ത്രക്രിയയിലൂടെ മാധവിക്കുട്ടി മണമാക്കി മാറ്റുന്നത് കഥാശീര്‍ഷകത്തില്‍ കാണാം .മരണത്തെ പ്രണയസുഗന്ധമാക്കി മാറ്റുന്ന ഈ ദ്വന്ദവിദ്യ കഥയിലെ die,dye എന്നീ വാക്കുകളിലും കഥാകാരി മരണം /വിമോചനം എന്നിങ്ങനെ ഇരുപുറങ്ങളില്‍ വിന്യസിച്ച് സ്ത്രീത്വത്തിന്‍റെ ഇരട്ട വേഷങ്ങളെ ചിത്രീകരിക്കുന്നു.
ജോലി തേടി ആ വലിയ കെട്ടിടത്തിലെത്തുന്ന അവളെ കൈനഖങ്ങളില്‍ ചളിയുള്ള ഉയരം കുറഞ്ഞ ഒരു മദ്ധ്യവയസ്കന്‍ ടെക്സ്റ്റയില്‍ കമ്പനി കണ്ട് പിടിക്കുന്നതിനു സഹായിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവളത് നിരസിക്കുകയാണ്. അവള്‍ തന്‍റെ സങ്കല്പങ്ങള്‍ക്കനുസരിച്ചുള്ള ഒരു പുരുഷനെ അബോധ തലത്തില്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഈ നിരാസം സൂചിപ്പിക്കുന്നത്. ഇതിനു കമലാദാസിന്‍റെ ഭര്‍തൃരൂപത്തോട് സാമീപ്യമുണ്ടാകാം.
അവളുടെ കണ്ടെത്തലാകട്ടെ അബോധതല പ്രതീക്ഷയുടെ ഒരു സ്വപ്നരൂപമാണ്. അവള്‍ കണ്ണു തുറന്നു നോക്കുമ്പോള്‍ അയാള്‍ വിസ്കിയില്‍ സോഡ ചേര്‍ത്തു കഴിക്കുകയായിരുന്നു.കൈവിരലുകളുടെ മുകള്‍ ഭാഗത്ത് കനത്ത രോമങ്ങള്‍ വളര്‍ന്നു നിന്നിരുന്നു. ശക്തങ്ങളായിരുന്നു ആ കൈവിരലുകള്‍.അവയ്ക്ക് ബീഭത്സമായ ഒരാകര്‍ഷണമുണ്ടായിരുന്നു. അയാളുടെ മുഖം കുതിരയുടെതെന്ന പോലെ നീണ്ടതായിരുന്നു. ഈ വിശേഷണങ്ങളോരോന്നും ശക്ത്യുപാസനയുടെ അമര്‍ത്തപ്പെട്ട മന്ത്രങ്ങളായി അനുഭവപ്പെടുന്നു .
ഈ ശക്തിസ്വരൂപന്‍റെ കൈനീട്ടി പ്രണയ സാഗരത്തിലേയ്ക്ക് സ്വയം സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിയാതെ വരുന്നത് ഭാര്യയാണ്, അമ്മയാണ് എന്നൊക്കെയുള്ള ബന്ധനനിസ്സഹായതയാണ്. ഈ ബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട് മരണത്തിലേയ്ക്കോ സ്വാതന്ത്ര്യത്തിലേയ്ക്കോ നടന്നുപോകാന്‍ ഒരു സാധാരണ സ്ത്രീക്കാവില്ല .കുടുംബ ബന്ധങ്ങളുടെ നിത്യ ബന്ധനങ്ങളിലെയ്ക്ക് തിരിച്ചു പോകാന്‍ ചെറുപ്പക്കാരിയെ നിര്‍ബന്ധിതയാക്കുന്നത് ഈ നിസ്സഹായതയാണ്. സ്ത്രീയുടെ സ്നേഹാന്വേഷണത്തിന്‍റെ ഈ പരാജയത്തെ കലാത്മകമായി അഭിവ്യഞ്ജിപ്പിക്കുവാന്‍ ലിഫ്റ്റ് എന്ന പ്രതീകത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. മുറിയില്‍ നിന്ന് പുറത്തു കടന്നു കേടു വന്ന ലിഫ്ടിലേയ്ക്ക് കാലെടുത്തു വെയ്കുന്ന നിമിഷം അവള്‍ ഇരുട്ടിന്‍റെ നിത്യ പാതാളങ്ങളിലേയ്ക്ക് പതിക്കുന്നു .ഇവിടെയാണ് കമല സുരയ്യ വ്യത്യസ്തയാകുന്നത്. തന്‍റെ കുടുംബത്തെ മാത്രമല്ല ഒടുവില്‍ മതത്തെയും പ്രിയപ്പെട്ട നീര്‍മാതള ഭൂതകാലത്തെയും എല്ലാമെല്ലാം അവര്‍ പ്രണയത്തിനായി കാഴ്ചവെച്ചു. കഥയില്‍ പറയുന്ന പോലെ ഓരോ രോമകൂപത്തെയും മാധവിക്കുട്ടി പ്രണയത്തിനായി സമര്‍പ്പിച്ചു .അതൊരു മരണമായിരുന്നില്ല. കമല ഈ ലോകത്തിന്‍റെ നിത്യ സൗന്ദര്യത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു .