ഉറപ്പ്-പദ്മദാസ് എഴുതിയ കവിത

ലോകം അന്ധകാരാവൃതമെങ്കിലും യാതൊന്നിനും ഒരുറപ്പുമില്ലെങ്കിലും പ്രതീക്ഷ എന്ന സ്ത്രീയുടെ കൈപിടിച്ചാണ് എപ്പോഴുമയാളുടെ നടപ്പ്

padmadas , poem, iemalayalam

 

റെയില്‍വേ സ്റ്റേഷനിലെ
ആളൊഴിഞ്ഞ വടക്കേ കോണിലെ
മരച്ചുവട്ടില്‍ നിന്ന്
സഞ്ചിയും ഭാണ്ഡവുമെടുത്ത്
ആണ്‍കുട്ടിയെ
അന്ധനായ ഭര്‍ത്താവിനെ ഏല്‍പ്പിച്ച്
പെണ്‍കുട്ടിയെ തോളിലേറ്റി
തീവണ്ടി കയറാനുദ്യമിക്കുന്ന
സ്ത്രീക്ക് നന്നായറിയാം
ആ ആണ്‍കുട്ടി തന്‍റെതാണെന്ന്
അത് തന്‍റെതാണതെന്ന്
അയാള്‍ക്ക് അത്ര ഉറപ്പൊന്നുമില്ല
എങ്കിലും കുഞ്ഞിനെയെടുത്ത്
അയാള്‍ അവളെ അനുഗമിക്കുന്നു

അവള്‍ക്ക് നന്നായറിയാം
ആ വണ്ടി എങ്ങോട്ടു പോകുന്നുവെന്ന്
അയാള്‍ക്ക്
അത് അത്ര ഉറപ്പൊന്നുമില്ലpadmadas , poem, iemalayalam

തീവണ്ടിയില്‍
നീട്ടിയ തകരപ്പാട്ടയില്‍
നാണയത്തുട്ടുകള്‍ വീഴുമെന്ന്
അയാള്‍ക്കുറപ്പില്ല
എങ്കിലും പാട്ടുപാടി
അയാളതു നീട്ടുന്നു

കിട്ടിയ തുട്ടുകള്‍
തനിക്ക് ഭക്ഷണമേകുമെന്ന്
അയാള്‍ക്കുറപ്പൊന്നുമില്ല
എങ്കിലും
അയാളതു വാങ്ങുന്നു
ഇറങ്ങേണ്ട സ്റ്റേഷനേതെന്ന്
അയാള്‍ക്കറിയില്ല
എങ്കിലുമയാള്‍
വാതില്‍ക്കല്‍ എപ്പോഴും
ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു

ലോകം അന്ധകാരാവൃതമെങ്കിലും
യാതൊന്നിനും ഒരുറപ്പുമില്ലെങ്കിലും
പ്രതീക്ഷ എന്ന സ്ത്രീയുടെ കൈപിടിച്ചാണ്
എപ്പോഴുമയാളുടെ നടപ്പ്
ഇരുട്ട്
ജീവിതാന്ത്യം വരെ
കൂടെയുണ്ടാകും എന്ന
പാറപോലെ ഉറച്ചുപോയ
ഒരുറപ്പില്‍

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Padmadas poem urappu

Next Story
ഒറ്റക്കാലുള്ള കടൽകാക്കmajeed saidu, story ,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com