നിരപ്പലകയുടെ ഒരു പാളി മാത്രം തുറന്നുവെച്ച കടയ്ക്കകത്ത് കരിക്കകത്തമ്മയുടെ പടത്തിനു മുന്നിലെ സീറോ വോള്‍ട്ട് ബള്‍ബിനെ സാക്ഷിയാക്കി ‘ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍’ കേട്ടുകൊണ്ടിരിക്കുമ്പോള്‍ രാജേന്ദ്രന് എന്തെന്നില്ലാത്ത അരിശം തോന്നി. സാധാരണ എന്നും രാത്രി പത്തുമണിക്കെത്തുന്ന മില്‍മയുടെ പാല്‍വണ്ടി പത്തരയായിട്ടും കാണുന്നില്ല.
മൂലയ്ക്ക് ചാരിവെച്ചിരിക്കുന്ന അഴുകിത്തുടങ്ങിയ പാളയംതോടന്‍ കുലയില്‍ ആര്‍ക്കുന്ന പഴയീച്ച ഇടയ്ക്ക് കാലില്‍ കടിക്കുന്നുണ്ട്. ‘കിലോക്ക് 35 രൂപയാണെന്ന് പണ്ടാരങ്ങക്കറിയാമോ? രണ്ട് കിലോ ഗോവിയായി,’ അറ്റം ചീഞ്ഞ പഴം രണ്ടെണ്ണം ഉരിഞ്ഞു വായ്ക്കകത്തേക്കിട്ടുകൊണ്ട് അയാള്‍ സ്വയം പറഞ്ഞു. ‘ചെന്നിട്ടു വേണം വല്ലതും കഴിച്ചു കെടക്കാന്‍. രാവിലെ അഞ്ചുമണിക്ക് തുടങ്ങിയ കഷ്ടപ്പാടാണ്. മനുഷ്യനു സമാധാനം തരാത്ത ***മാര്! ഇനി പാലിറക്കിവെച്ച് വീടെത്തെുമ്പോള്‍ മണി പതിനൊന്ന് കഴിയും. പത്തു പൈസയുണ്ടാക്കുന്നതിന്റെ പങ്കപ്പാട് മറ്റുള്ളോരക്കറിയണ്ടല്ലോ! പരമനാറികള്‍!’
അയാള്‍ പ്ലാസ്റ്റിക് വരിഞ്ഞ കുട്ടക്കസേരയില്‍ നിന്നെണീറ്റു. കണ്ണാടിപ്പെട്ടിക്കകത്ത് മുട്ട പഫ്‌സില്‍ ഒരെണ്ണം ബാക്കി. രാജേന്ദ്രന്‍ അത് മണത്തുനോക്കി. ചെറിയ മണമുണ്ട്. ‘പന്ത്രണ്ടുരൂപേട മൊതലാണ്, വെറുതെ കളേണതെങ്ങനെ’ എന്ന് പിറുപിറുത്തുകൊണ്ട് അയാള്‍ അതും വായ്ക്കകത്താക്കി. ഉറക്കം വരുന്നു, സമയവും നീങ്ങുന്നില്ല. അന്നത്തെ കലക്ഷന്‍ അയാള്‍ എണ്ണിത്തിട്ടപ്പെടുത്തി റബര്‍ബാന്‍ഡിട്ടു കെട്ടി ബാഗില്‍ വെച്ചു. 17,465 രൂപ. തലേന്നത്തേക്കാള്‍ നാലായിരം കുറവ്. ‘പണ്ടാരം പിടിച്ച ഐഎസ്എല്ല് മനുഷ്യനു സ്വൈരവും തരൂല്ല. കളിയൊണ്ടന്നും വച്ച് ഒറ്റയൊരുത്തന്‍ വെളീലെറങ്ങൂല. എവനൊക്കെ വായുഭക്ഷണമാണോ? അല്ല, കളി കണ്ടാത്തന്നെ ആവശ്യമൊള്ളത് വാങ്ങിവെച്ചിറ്റിരുന്നൂടേ. അവമ്മാര ഒരു ‘ബ്ലാസ്‌റ്റേഴ്‌സ്. വൃത്തികെട്ടവമ്മാര്‍.’ അയാള്‍ ബാഗു തുറന്ന് നോട്ടെണ്ണല്‍ ആരംഭിച്ചു. രാജേന്ദ്രന് ഏറെ ഇഷ്ടമുള്ള വിനോദമാണിത്. പിടയ്ക്കുന്ന നോട്ടുകള്‍ വിരലുകളില്‍ സൃഷ്ടിക്കുന്ന ഓളങ്ങള്‍ അയാളുടെ ഏതുല്‍ക്കണ്ഠയെയും തുരത്താന്‍ കെല്‍പ്പുള്ളവയാണ്!
പത്തേമുക്കാലായപ്പോള്‍ പാലുവണ്ടി എത്തി. പാലിറക്കിക്കൊണ്ടിരുന്ന കിളി ചോദിച്ചു, “എന്തരണ്ണാ തനിയെ വര്‍ത്താനം പറേണത്? ഒറക്കപ്രാന്ത് മാറീല്ലേ?”
പാല്‍ കവര്‍ നിറച്ച ട്രേകള്‍ തൂക്കി കടയ്ക്കകത്തുവെക്കു തിരക്കിലായിരുന്ന രാജേന്ദ്രന് കലി വന്നു. “എന്റെ കൊണം മാറ്റല്ല്. പെട്ടെന്ന് എറക്കിവച്ചിട്ട് പോവിട് കുമാറേ. എന്റെ സ്വഭാവം എനിക്ക് തന്നെ പിടിക്കാത്ത സമേങ്ങളാണ്…” നര പടര്‍ന്നുതുടങ്ങിയ തലയില്‍ ശക്തിയായി മാന്തിക്കൊണ്ട് അയാള്‍ പറഞ്ഞു.
കുമാറിന് കാര്യം പെട്ടെന്ന് പിടി കിട്ടി. ചറപറാ പാലിറക്കി, ഒഴിഞ്ഞ ട്രേകള്‍ തിരിച്ചടുക്കി അവന്‍ വണ്ടിവിട്ടു.

ട്രേകളൊക്കെ തിരക്കിട്ട് ഒതുക്കി വെച്ച് ലൈറ്റു കെടുത്തി ബാഗുമെടുത്ത് പുറത്തിറങ്ങുമ്പോള്‍ രാജേന്ദ്രന്‍ കിതയ്ക്കുുണ്ടായിരുന്നു. എങ്ങനെ കിതയ്ക്കാതിരിക്കും? യാതൊരു വ്യായാമവുമില്ല, അതിനു നേരവുമില്ല. ഇരുട്ടിവെളുക്കെ കടയിലിരുപ്പായതിനാല്‍ അത്യാവശ്യം കുടവയറും ഗ്യാസുമൊക്കെയുണ്ട്. ഓ, അതൊക്കെ ആലോചിക്കാന്‍ തുടങ്ങിയാല്‍ എങ്ങുമെത്തില്ല. അയാള്‍ തുറന്നുവെച്ചിരുന്ന നിരപ്പാളി യഥാസ്ഥാനത്ത് സ്ഥാപിച്ച് നിരക്കമ്പി ഓരോന്നിലും കടത്തി കട പൂട്ടി. പിന്നെ, ലുങ്കിയുടെ മടക്കിക്കുത്തഴിച്ചു, കയ്യില്‍ കരുതിയിരുന്ന കര്‍പ്പൂരമെടുത്ത് കടത്തിണ്ണയില്‍ വെച്ചു ഭക്തിപൂര്‍വം കത്തിച്ചു.
അപ്പോഴാണ് പിറകില്‍ നിന്ന് ഹോണടി കേട്ടത്. തിരിഞ്ഞുനോക്കുമ്പോള്‍ ബാബുവണ്ണനാണ്. വയസ്സ് പത്തമ്പതായിട്ടും ‘കാള കളിച്ചു’ നടക്കുന്ന അവിവാഹിതന്‍. ഒരുകാലത്ത് രാജേന്ദ്രനും ഉണ്ടായിരുന്നു ബാബുവിന്റെ സംഘത്തില്‍. ചീട്ടുകളി, മദ്യപാനം, പിന്നെ അല്ലറ ചില്ലറ ‘സാമൂഹ്യവിരുദ്ധ’ പരിപാടികള്‍. ദോഷം പറയരുതല്ലോ, എല്ലാത്തിനും മുന്നില്‍ നില്‍ക്കുന്ന നേതാവാണ് ബാബു. തല്ലുകൊടുക്കാനായാലും കൊള്ളാനായാലും അയാള്‍ എപ്പോഴും കൂടെക്കാണും.
“എന്തരടേ രായാ, നീ വീട്ടീപ്പോണില്ലേ? എന്നും പോണ സമയമൊക്കെ കഴിഞ്ഞല്ല് മൊതലാളീ?” യമഹ ആര്‍.എക്‌സ് 100 ബൈക്കില്‍ നിന്നിറങ്ങാതെ ബാബു ചിരിക്കിടെ ചോദിച്ചു. മുണ്ടു മടക്കിക്കുത്തിയുള്ള ബാബുവിന്റെ ആ ഇരിപ്പ് രാജേന്ദ്രനെ അസ്വസ്ഥനാക്കി.
“ഇതെന്തരിരിപ്പാണ്. അയ്യേ, ജട്ടി വരെ കാണാമല്ല്!”
പക്ഷേ, ആ വല്ലായ്മ അയാള്‍ പുറത്തു കാണിച്ചില്ല. പതിവിലും സ്‌നേഹമുണ്ട് ബാബുവിന്റെ തെല്ല് കുഴയുന്ന ആഴമുള്ള ശബ്ദത്തില്‍. അയാളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരു മന്ദാരം.’ കുറഞ്ഞത് അഞ്ചെണ്ണം അകത്തുണ്ടാവും, രാജേന്ദ്രന്‍ ഉറപ്പിച്ചു.
“ഈ രാത്രീല് അണ്ണന്‍ എവിടെ പോയിറ്റ് വരണത്?”
സുന്ദരന്‍ താടി തടവി ബാബുവണ്ണന്‍ ചിരിച്ചു, ഏതു പെണ്ണിനും കാല്‍കുഴയുന്നത്ര ആകര്‍ഷകമായ ചിരി. അയാളുടെ നീണ്ട മൂക്കിന്റെ തുമ്പ് ചുവന്നു. നാലുചുറ്റും നോക്കി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പറഞ്ഞു, “ഒരു സെറ്റപ്പുണ്ടായിരുന്നടേ. രായാ, ടേ, നീ ആരടുത്തും പറയൂലെങ്കി പറയാം. നമ്മുടെ പാറ്റൂരെ ലെഷ്മിച്ചേച്ചിയെ നിനക്കറിഞ്ഞൂടേ?”
കടത്തിണ്ണയിലെ കര്‍പ്പൂരം ഊതിക്കെടുത്തി തിരിഞ്ഞ രാജേന്ദ്രന്‍ അസ്വസ്ഥനായി. “ലെഷ്മിച്ചേച്ചിയെ ആരക്കാണ് അറിഞ്ഞൂടാത്തത്? അണ്ണന്‍ കാര്യം പറ. നാലുമണിക്ക് എണീക്കാനൊള്ളതാണ്” ബാബു വണ്ടിയില്‍ നിന്നിറങ്ങി. പോക്കറ്റില്‍ നിന്നും വില്‍സിന്റെ പാക്കറ്റെടുത്തു പൊട്ടിച്ച് ഒരു സിഗരറ്റിന് തീകൊടുത്തു. ഒരെണ്ണം അവന് വെച്ചുനീട്ടി. നേരം വൈകില്ലേ എന്ന ഉത്കണ്ഠയെ അതിജീവിച്ച് അവനും കത്തിച്ചു.
“എടേ, മാടങ്കോവിലില്‍ കഴിഞ്ഞ ഉത്സവത്തിന് ചേച്ചിയുടെ കൂടെ വന്ന ചരക്കിനെ ഓര്‍മ്മയൊണ്ടാ?”
രണ്ടു പുക ആഞ്ഞുവലിച്ച് ബാബുവണ്ണന്‍ പറയാന്‍ തുടങ്ങി. രാജേന്ദ്രന്‍ തലകുലുക്കി. ഒരിക്കല്‍ കണ്ട ആരും മറക്കില്ല. അത്രയ്ക്ക് ചന്തമുള്ള, അല്ല മാദകത്വമുള്ള, മുപ്പതുകാരി. പോയി ആഴ്ചകള്‍ കഴിഞ്ഞിട്ടും മദ്യപാന ചര്‍ച്ചകളില്‍ അവര്‍ നിറഞ്ഞുനിന്നു.
“ലെഷ്മിച്ചേച്ചീര വീടിന്റെ മോളിലത്തെ നെലയില്‍ വാടകയ്ക്ക് താമസിക്കുന്ന ടീംസാണ്. ഭര്‍ത്താവ് ഗള്‍ഫിലാ അമേരിക്കേലാ ആണ്, കേട്ടാ. രാവിലേ ചേച്ചി വിളിച്ചുപറഞ്ഞു, മിന്നലടിച്ച് മോളിലത്തെ വീട്ടിലെ ഫ്രിജ്ജ് അടിച്ചുപോയെന്ന്.” സിഗരറ്റ് ആവേശത്തോടെ വലിച്ചുകേറ്റി പുകവിട്ട് ബാബുവണ്ണന്‍ തുടര്‍ന്നു.
“കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ വണ്ടി പാറ്റൂരോട്ട് വിട്ടു. നട്ടുച്ച നേരത്തായിരുന്നു. അവള പേര് ഗ്രേസി. ഇടയ്ക്ക് അവള് ഇംഗ്ലീഷില്‍ എന്തരൊക്കെയോ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. മൂന്ന് മണിക്ക് അവള കൊച്ച് സ്‌കൂളീന്നും വരുംമുമ്പ് ഞാന്‍ എല്ലാം സെറ്റപ്പാക്കി. ഫ്രിജ്ജിന്റേം അവളേം എല്ലാ ബള്‍ബും കത്തിയളിയാ. എന്റതു വല്ലതും കെട്ടോ എന്തോ?” ബാബു ഒരു വഷളന്‍ ചിരി ചിരിച്ചു.

രാജേന്ദ്രന് തെല്ല് നിരാശനായി.
“അണ്ണാ, സെറ്റപ്പാക്കിയെന്ന് പറഞ്ഞ് ഒഴപ്പിക്കളയാതെ. എങ്ങനേണ്ണാ, വെറും രണ്ടുമണിക്കൂര്‍ കൊണ്ട് സംഗതി സെറ്റപ്പാക്കിയത്?” രാജേന്ദ്രന്റെ ചോദ്യം കേട്ട് ബാബു സീരിയസ്സായി.
“രായാ, ചില കാര്യങ്ങള്‍ അങ്ങനെയാണ്. പറഞ്ഞു കേപ്പിക്കാന്‍ പറ്റൂല്ല, പഠിച്ചെടുക്കാനും പറ്റൂല്ല. അത് ബ്ലഡ്ഡിലുള്ള എന്തോ സംഭവമാണളിയാ. വീഴാന്‍ ചാന്‍സുള്ള പെണ്ണുങ്ങളെ കാണുമ്പം ഉള്ളില് തനിയെ ചെല സിഗ്‌നല് കത്തും. അതുപോലെ തന്നെ അവര്‍ക്കും. നടക്കണ കേസാണെങ്കില്‍ നമ്മള് നിക്കണ ഏരിയക്കു തന്നെ വാള്‍ട്ടേജ് കൂടും. പിന്നെല്ലാം ചറപറാ നടക്കും.”
പത്താം ക്ലാസില്‍ മൂന്നു തവണ തോറ്റ ബാബുവിന്റെ വാക്കുകള്‍ കേട്ട് സോഷ്യോളജി ബിരുദധാരിയായ രാജേന്ദ്രന്‍ ഞെട്ടി. നിരാശ മറച്ചുവെക്കാതെ അവന്‍ പറഞ്ഞു, ‘നമ്മള് ഇതുപോലെ എവിടേങ്കിലുമെത്തിയാ വോള്‍ട്ടേജ് കുത്തനെ കൊറയും. ആരെങ്കിലും മൈന്‍ഡ് ചെയ്യണെങ്കിത്തന്നെ അതു നമ്മളെ തേക്കാനായിരിക്കും. അത് പോട്ടണ്ണാ. പിന്നെന്തരായീന്ന് പറ…’
സിഗരറ്റുകുറ്റി വലിച്ചെറിഞ്ഞിട്ട് ബാബു പറഞ്ഞു, “നീ കേറ്, വീട്ടിലാക്കിത്തരാം.”
അയാള്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. “നിന്റെ കൂടെപ്പറഞ്ഞാ മനസ്സിലാവൂലല്ല്. കടേല് പൈസേം കൊണ്ട് പാതിരാത്രി തനിച്ചുപോവുമ്പം ആരെങ്കിലും കുത്തിമലത്തി എല്ലാം കൊണ്ടുപോയാലാ? ഒരു വണ്ടി വാങ്ങിക്കാന്‍ പറഞ്ഞാ കേക്കരുത്, പിന്നല്ല! ചത്തുപോവുമ്പം ആരും ഈ പണമൊന്നും കൊണ്ടുപോവൂലളിയാ!”
“അണ്ണന്‍ വണ്ടി വിട്, എന്നിട്ട് ബാക്കി പറ,” അക്ഷമനായി രാജേന്ദ്രന്‍ പറഞ്ഞു. രാജേന്ദ്രന്റെ അസ്വസ്ഥതയ്ക്ക് പ്രധാനകാരണം വിദേശചാനലിലെ ലാറ്റിന്‍ ഏഞ്ചല്‍സ് എന്ന പരിപാടിയാണ്. രാത്രി പതിനൊന്നരയ്ക്ക്. അതിനു മുമ്പ് വീട്ടിലെത്തണം.
ലാറ്റിനമേരിക്കയുടെ സൗന്ദര്യം മുഴുവന്‍ ശരീരവടിവുകളിലാവാഹിക്കുന്ന മാദകത്തിടമ്പുകളുമൊത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രകളാണ് പരിപാടിയില്‍. കാലുകള്‍ക്കിടയില്‍ കൈതിരുകി ആ പരിപാടി കണ്ടിരുന്ന് മനോരാജ്യം കാണുതാണ് അയാളുടെ ഏക ജീവിതാഡംബരം.
രാത്രിയുടെ നിശബ്ദതയെ തകര്‍ത്തുകൊണ്ട് യമഹ എഞ്ചിന്‍ മുഴങ്ങിത്തുടങ്ങിയപ്പോള്‍ എതിര്‍വശത്ത് രാജപ്പന്റെ മുറുക്കാന്‍ കടയ്ക്ക് മുന്നില്‍ വിശ്രമിക്കുകയായിരു തെരുവുനായ്ക്കള്‍ ഉച്ചത്തില്‍ കുരച്ചു. ചിലത് വണ്ടിക്കു പിന്നാലെ കുറച്ചുദൂരം ഓടി പരാജയപ്പെട്ട് പൂര്‍വസ്ഥാനങ്ങള്‍ പ്രാപിച്ചു.
ബാബു നിര്‍ത്തിയേടത്തുനിന്നും തുടങ്ങി. “എന്തര് പറയാനെടേ. വൈകിട്ട് ഗ്രേസി വിളിച്ച്. രാത്രി പത്തു മണിയോടെ ചെന്നാല്‍ അടുക്കളവാതല് തൊറന്നിട്ടേക്കാം എന്നു പറഞ്ഞു. ഞാന്‍ പോയി നോക്കി. അകത്ത് കേറണ്ടേ? ലെഷ്മിച്ചേച്ചീട അനിയനെങ്ങാണ്ടോ വന്നിട്ടുണ്ട്. പത്തരയായപ്പഴും വരാന്തയില്‍ നല്ല വെളിച്ചം. ഞാന്‍ പിന്നെ ഒരു ഫുള്ളെടുത്തു സലീടെ വീട്ടിലിരുന്നടിച്ചു. അവനില്ലാരുന്നു. അവന്റെ വാപ്പച്ചി കമ്പനി തന്നു. പക്ഷേ, മൂന്നെണ്ണമടിച്ചപ്പോള്‍ അങ്ങേര് കൊഞ്ചായിപ്പോയി. അങ്ങേര സോഫേക്കെടത്തി ഞാന്‍ പതുക്കെ സ്‌കൂട്ടായി. വെഷമം അതല്ല, അടിപൊളി ഒരെണ്ണം വാതിലും തൊറന്നു വച്ചോണ്ട് വിളിച്ചിട്ട് അറ്റന്‍ഡു ചെയ്യാന്‍ പറ്റീലല്ല്! ഇതെന്തരു പുല്ല് ജീവിതം!” നെടുവീര്‍പ്പിട്ട് ബാബു വണ്ടി പറപ്പിച്ചു.
കടയില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ് രാജേന്ദ്രന്റെ താമസം. എൺപത് കഴിഞ്ഞ മാതാപിതാക്കള്‍ക്കും വിവാഹിതരായ സഹോദരിമാര്‍ക്കുമൊപ്പം. അയാള്‍ക്ക് വരുന്ന ചിങ്ങത്തില്‍ 39 വയസ്സാകും. പുണര്‍തം നക്ഷത്രം. വിവാഹം കഴിച്ചിട്ടില്ല. പറ്റിയിട്ടില്ല. മൂത്ത സഹോദരി പ്രിയയുടെ കല്യാണം നടക്കുമ്പോള്‍ അവന് 27 വയസ്സാണ്. ചാക്കയിലെ റബര്‍ വര്‍ക്‌സില്‍ ജീവനക്കാരനായിരു അച്ഛന് ജോലി പോയിട്ട് ആറുമാസം. നാരങ്ങാവെള്ളവും ബീഡിയും സിഗററ്റും ചില്ലറ സ്‌റ്റേഷനറി സാധനങ്ങളും മാത്രം വില്‍ക്കുന്ന മുറുക്കാന്‍കട മാത്രം ആശ്രയം.
പിന്നെ രാജേന്ദ്രന്‍ ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ചാണ് ശ്രീകുമാരി പ്രൊവിഷന്‍സ്‌റ്റോറിനെ മൂന്നുമുക്ക് ഭാഗത്തെ ഏറ്റവും തിരക്കുള്ള പലവ്യഞ്ജനക്കടയാക്കിയത്. ഒരു ദിവസം പോലും അടയ്ക്കില്ല. രാവിലെ അഞ്ചരക്ക് തുറന്നാല്‍ അടയ്ക്കുന്നത് രാത്രി പത്തരയ്ക്കാണ്. തലയ്ക്കുമീതേ കടം കയറിയെങ്കിലും നല്ലരീതിയില്‍ പ്രിയയെ കെട്ടിച്ചയച്ചു. പ്രിയയും കുടുംബവുമാണ് ഇപ്പോള്‍ കൂടെ താമസിക്കുന്നത്. ഇളയ സഹോദരി രമ്യ ഭര്‍ത്താവുമൊത്ത് ഒമാനിലാണ്. അവരുടെ കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമാവുന്നു. അവരുടെ മകന്‍, അയാളുടെ പ്രിയപ്പെട്ട അനന്തരവന്‍ കുഞ്ഞുണ്ണിക്ക് വയസ്സ് മൂന്നായി!
വീട്ടിലേക്കു തിരിയുന്ന വളവില്‍ രാജേന്ദ്രനെ ഇറക്കി ബാബു വണ്ടി ഒതുക്കി. “എന്തരണ്ണാ, വീട്ടിപ്പോണില്ലേ? ഞാന്‍ തനിച്ചുപൊയ്‌ക്കോളാം!” എന്ന് രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍ ബാബു ചിരിച്ചു.
“ടേ, നെനക്ക് കൂട്ടുകെടക്കാന്‍ എനിക്ക് കിളിയൊന്നും പോയിട്ടില്ലടേ! ഇന്നത്തെ മനപ്രയാസത്തിന് ആരേങ്കിലും കെട്ടിപ്പിടിച്ചു കെടന്നേ പറ്റ്വൊള്ളൂ. ശാരദേങ്കി ശാരദ!”
രാജേന്ദ്രന്റെ കണ്ണുതള്ളിപ്പോയി. മുടുക്കില്‍ നാലാമത്തെ വീട് ശാരദയുടേതാണ്, എന്നുവെച്ചാല്‍ രാജേന്ദ്രന്റെ വീടിന് രണ്ടു മതിലിനപ്പുറം. ഹൈസ്‌കൂളില്‍ മലയാളം അധ്യാപിക, ഭര്‍ത്താവ് വിജിലന്‍സ് ഡിവൈ എസ് പിയാണ്. ഐശ്വര്യമുള്ള രണ്ടു കുഞ്ഞുങ്ങള്‍. കുലീനമായ ശാലീനസൗന്ദര്യം. അവരെ കണ്ടാല്‍ മറ്റൊരു കണ്ണില്‍ കാണാന്‍ കൂടി തോന്നില്ല.
“എന്റെ കരിക്കോത്തമ്മച്ചി, ഇവളുമാരെ ഒന്നും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളൂലല്ലോ,” അവന്റെ മനസ്സ് വിങ്ങി.
ടീച്ചറുടെ വീടിനു പുറത്തെ മതില്‍ വിദഗ്ദ്ധമായി ചാടിക്കടന്ന് ബാബു അടുക്കളഭാഗത്തേക്കു പോവുന്നതും അവിടെ ലൈറ്റ് തെളിഞ്ഞണയുന്നതും അയാള്‍ അസൂയയോടെ നോക്കി. പിന്നെ നിര്‍വികാരനായി വീട്ടിലേക്ക് നടന്നു. കോളിംഗ് ബെല്ലടിച്ചപ്പോള്‍ പതിവുപോലെ വാതില്‍ തുറന്നത് അച്ഛനാണ്.
“എന്തു മക്കളേ താമസിച്ചത്?” എന്ന ഉറക്കച്ചടവു പുരണ്ട ചോദ്യത്തിന് ഒരു മൂളലില്‍ ഉത്തരമൊതുക്കി രാജേന്ദ്രന്‍ കുളിമുറിയിലേക്ക് കയറി. ഡൈനിങ് ടേബിളില്‍ അമ്മ ഭാരതിയമ്മ എല്ലാം വിളമ്പി മൂടി വച്ചിട്ടുണ്ടായിരുന്നു.
അതിവേഗത്തില്‍ ഭക്ഷണം കഴിച്ച് വരാന്തയിലെത്തി ചാരുകസേരയില്‍ കിടന്ന് കാലുകള്‍ നീട്ടിവച്ച് അയാള്‍ ടെലിവിഷന്‍ ഓൺ ചെയ്യുമ്പോള്‍ മണി പതിനൊന്നേമുക്കാല്‍. അതേ, ലാറ്റിന്‍ ഏഞ്ചല്‍സ് തന്നെയാണ് പരിപാടി. പരസ്യത്തിന്റെ ഇടവേളയാണ്. ഇനി ഒരു സെഗ്മെന്റും ഒരു സുന്ദരിയും കാണുമായിരിക്കും, അയാള്‍ മനസ്സില്‍ കണക്കുകൂട്ടി.
ഒരിക്കലും പോകാനിടയില്ലാത്ത സ്ഥലങ്ങള്‍, ഒരിക്കലും കാണാനിടയില്ലാത്ത സൗന്ദര്യറാണിമാര്‍. തന്റെ ജീവിതത്തിലൊരിക്കലും വരുവാനിടയില്ലാത്ത സന്തോഷങ്ങള്‍. ഇനി ഒരുപക്ഷേ, വിവാഹം നടക്കാനുമിടയില്ല. അതെങ്ങനെ, പെൺകുട്ടികളെയൊന്നും പ്രിയയ്ക്കു പിടിക്കില്ല. “ആ, ഞാന്‍ കെട്ടാതിരിക്കണത് തന്നെ സഹോദരിമാര്‍ക്ക് ലാഭം!” രാജേന്ദ്രന്‍ നെടുവീര്‍പ്പിട്ടു.

പരസ്യ ഇടവേള കഴിഞ്ഞ് ‘ലാറ്റിന്‍ ഏഞ്ചല്‍സ്’ പുനരാരംഭിച്ചു. റോമിലെ ഏതോ മ്യൂസിയത്തിന്റെ മുന്നിലാണെന്ന് തോന്നുന്നു, ഇറുകിപ്പിടിച്ച പാന്റും മാറിടം മുഴുവന്‍ കാണാവുന്ന ഇറക്കിവെട്ടിയ ടോപ്പും ധരിച്ച അവതാരകയുടെ വെകിളി. ഒടുവില്‍ “നിങ്ങള്‍ കാത്തിരുന്ന സുന്ദരിയെ കൺകുളിര്‍ക്കെ കണ്ടോളൂ” എന്നുപറഞ്ഞ് അവള്‍ പിന്‍മാറി.
ഏതോ പഞ്ചനക്ഷത്രഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുകയാണ് പെറൂവിയന്‍ യുവതി ഹെന്റീറ്റാ മൊറാലസ്. ജലകന്യകയെപ്പോലെ അവള്‍ വെള്ളത്തില്‍ നിന്നും മെല്ലെ കരയ്ക്കുകയറി ശരീരത്തിന്റെ അളകഴവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. സ്വര്‍ണത്തലമുടി. കരിനീലക്കണ്ണുകള്‍. സ്വര്‍ണനിറമുള്ള ശരീരം. അവള്‍ തിരിഞ്ഞുനില്‍ക്കുമ്പോള്‍ ക്യാമറ അരക്കെട്ടിലെത്തി മടങ്ങിപ്പോയത് അയാളെ തെല്ലു നിരാശപ്പെടുത്തി.
‘കുറച്ചുകൂടി താഴ്ത്തിയിരുന്നെങ്കില്‍!’ ഒടുവില്‍ അവള്‍ തുടുത്ത ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് ക്യാമറയെ നോക്കി ചുംബനമുദ്ര കാണിക്കുമ്പോള്‍ രാജേന്ദ്രന്‍ കിതച്ചു, ക്ഷീണിച്ചു തളർന്നു. ചാരുകസേരയില്‍ ചാഞ്ഞു കിടന്ന് മയങ്ങി.
രാവിലത്തെ തിരക്കു കഴിഞ്ഞ് അച്ഛന്‍ കൊണ്ടുവെച്ച രണ്ട് കുറ്റി പുട്ടും പുഴുങ്ങിയ രണ്ട് ഏത്തപ്പഴവും ഒരു വലിയ കോപ്പ ഹോര്‍ലിക്‌സിട്ട പാലും കഴിച്ച് കടയുടെ പിന്നില്‍ കുത്തിയിരുന്ന് മൂത്രമൊഴിക്കുമ്പോഴാണ് രാജപ്പണ്ണന്‍ ഓടി വരുന്നതു കണ്ടത്.
“എടേ, നീ ഇവിടെ കളിച്ചോണ്ടിരി. അറിഞ്ഞാ, ബാബൂനെ പൊലീസ് പൊക്കി. ഡി വൈ എസ് പിയുടെ വീട്ടീന്ന്. ഇടിച്ചു പിരുത്തു കളഞ്ഞെടേ. ലോക്കപ്പില്‍ ജട്ടീല് നിര്‍ത്തീക്കേണ്.”
രാജേന്ദ്രന് ചിരിവന്നു. പക്ഷേ, ബുദ്ധിപൂര്‍വം ഒരു കള്ളച്ചുമയില്‍ അവന്‍ അതിനെ മൂടി.
“ടേയ്, നമുക്കാ സ്‌റ്റേഷന്‍ വരെ ഒന്നു നോക്കീട്ടുവരാം. എന്തര്, വരണില്ലേ?” എന്ന് രാജപ്പന്‍ ചോദിച്ചു.
“ഒരു രക്ഷയുമില്ലണ്ണാ, എനിക്ക് ഇപ്പം ഇവിടനങ്ങാന്‍ പറ്റൂല്ല. നിങ്ങള് പോയിട്ടുവാ,” എന്നു പറഞ്ഞ് അയാളൊഴിഞ്ഞു.
വിറ്റുപോവാത്ത മാസിക ഒന്നെടെുത്ത് അയാള്‍ വായന തുടങ്ങി. കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച സംഭവത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വായിച്ച് ധാര്‍മികരോഷത്തിന്റെ തീപിടിച്ചിരിക്കുമ്പോഴാണ് ഒരു ഓട്ടോറിക്ഷയില്‍ ആ മദാമ്മ വന്നിറങ്ങിയത്. അയഞ്ഞ പൈജാമയും ടോപ്പും ധരിച്ച, മുഖം മുഴുവന്‍ തവിട്ടു നിറത്തിലെ പുള്ളികളുള്ള ഒരു ഉയരക്കാരി.
‘ഐയെസ്ആറോയിലെ രാധാകിഷന്‍ സാറിന്റെ വീട്ടിലെ പുതിയ പേയിംഗ് ഗസ്റ്റായിരിക്കും,’ അയാളുറപ്പിച്ചു. അവള്‍ പരിസരത്തെത്തിയപ്പോള്‍ തന്നെ എന്തോ ഒരു മാറ്റം അയാള്‍ക്കനുഭവപ്പെട്ടു. പറയാന്‍ കഴിയാത്ത ഒരുന്മേഷം. അറിയാതെ അയാള്‍ കസേരയില്‍ നിന്നെണീറ്റു.
“യെസ് മാഡം?’ അവള്‍ അയാളെ സൂക്ഷിച്ചുനോക്കിയിട്ടു ചോദിച്ചു, ‘ചുണ്ണാമ്പുണ്ടോ ചേറ്റാ?’ അയാള്‍ ഒരു യന്ത്രത്തെപ്പോലെ ചുണ്ണാമ്പുപാത്രമെടുത്ത് നീട്ടി. അവള്‍ പതുക്കെ ബാഗുതുറന്ന് വെറ്റിലയും വാസനപ്പാക്കും പുകയിലയുമെടുത്തു, വെറ്റിലയില്‍ ചുണ്ണാമ്പുതേച്ച് പാക്ക് ചെറുതായി അരിഞ്ഞ് ചവയ്ക്കാന്‍ തുടങ്ങി.
നല്ല പുകയിലയുടെ മണം അന്തരീക്ഷത്തില്‍ പരന്നു. തല ചൊരുക്കുന്നതുപോലെ രാജേന്ദ്രന് തോന്നി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുള്ള മദാമ്മയുടെ കണ്ണില്‍ നിന്നും പുറപ്പെട്ട മൂര്‍ച്ചയേറിയ നോട്ടം രാജേന്ദ്രന്റെ ഹൃദയത്തെ ഒരു നൊടി നിശ്ചലമാക്കി. തലയില്‍ നിന്നും മെല്ലെ തൊപ്പിയുയര്‍ത്തി അല്‍പ്പം കരകരപ്പുള്ള ശബ്ദത്തില്‍ അവൾ പറഞ്ഞു, ‘ചേറ്റാ, വളരെ നന്ദിയുണ്ട്, താങ്ക് യൂ!’ രാജേന്ദ്രന്‍ കണ്ണുതിരുമ്മി വീണ്ടും നോക്കി, കാണുന്നത് സ്വപ്‌നമല്ല എന്നുറപ്പിക്കാന്‍. ‘ഇന്നലെ രാത്രി ലാറ്റിന്‍ ഏഞ്ചല്‍സില്‍ കണ്ട ഹെന്റീറ്റാ മൊറാലസ്! അല്‍പ്പം കൂടി തടിച്ചിട്ടുണ്ട് എന്ന വ്യത്യാസമേയുള്ളൂ.’ രാജേന്ദ്രന്റെ വാപൊളിച്ച നില്‍പ്പ് കണ്ട് അവര്‍ ചിരിച്ചു, ‘ഹല്ലോ, സംതിങ് റോങ്?’ അയാള്‍ ധൈര്യം സംഭരിച്ച് ചോദിച്ചു, ‘ഹെന്റീറ്റാ… ഹെന്റീറ്റാ മൊറാലസ്?’
ഇത്തവണ ഞെട്ടിയത് മദാമ്മയായിരുന്നു. ലിമയില്‍ നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ക്കിപ്പുറമുള്ള ഈ നാട്ടിലെത്തിയിട്ട് രണ്ടുദിവസമാവുന്നതേയുള്ളൂ. അതിനിടയ്ക്ക് എന്നെ തിരിച്ചറിഞ്ഞോ? ‘മാഡം, വാച്ച്ഡ് ലാറ്റിന്‍ ഏഞ്ചല്‍സ്. യൂ ആര്‍ വെരി ബ്യൂട്ടിഫുള്‍!’ എന്ന് രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് കൂടുതല്‍ അത്ഭുതമായി. ‘പക്ഷേ ചേറ്റാ, നാന്‍ ആ പ്രോഗ്രാം ചെയ്തിട്ട് പത്തു വര്‍ഷമായി!’ പിന്നെ, അയാള്‍ ഇതുവരെ കണ്ടതിൽ വച്ചേറ്റവും മനോഹരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവള്‍ ഹസ്തദാനത്തിന് കൈ നീട്ടി ‘ഇവിടെ കേരലയില്‍ എനിക്ക് ഒരു ഫാന്‍! ജീസസ്! എന്റെ കൂറ്റുകാര്‍ക്ക് വറ്റാകും! ലക്കി മീ!’ അവള്‍ ആവേശഭരിതയായി പറഞ്ഞു. രാജേന്ദ്രന്‍ കടയ്ക്ക് പുറത്തിറങ്ങി വന്ന് അവളുടെ രണ്ടുകൈകളും ചേര്‍ത്തുപിടിച്ചു കുലുക്കി.
സൂര്യന്‍ മെല്ലെ ലോകത്തിന്റെ നെറുകയിലേക്കുയർന്നു. നല്ല ചൂടുണ്ട്. പക്ഷേ, അയാള്‍ക്കറിയാത്ത ഒരു പ്രത്യേകതരം തണുപ്പും അനുഭവപ്പെടുന്നുണ്ട്. രാജേന്ദ്രന്റെ കൈകളില്‍ നിന്ന് സ്വന്തം കൈ വിടുവിച്ച ശേഷം ഹെന്റീറ്റ ചെറുചിരിയോടെ ക്ഷണിച്ചു, ‘ഇഫ് യൂ ഡോണ്ട് മൈന്‍ഡ്, എനിക്കൊപ്പം ലഞ്ച് കഷിക്കാം, പ്ലീസ്.’ ‘മൈ പ്ലെഷര്‍ മാം,’ ആഹ്ലാദം മറച്ചുവെക്കാതെ രാജേന്ദ്രന്‍ പറഞ്ഞു. പെട്ടെന്ന് അവള്‍ അയാളുടെ കൈയില്‍ പിടിച്ചിട്ട് പറഞ്ഞു, ‘കോള്‍ മീ ഹെന്റീറ്റാ. മാഡം എന്ന് വിളിക്കല്ലേ, പ്ലീസ്!’ കൈകള്‍ കോര്‍ത്തുപിടിച്ച് അവര്‍ കടയ്ക്ക് പുറത്തേക്കിറങ്ങി, റോഡ് മുറിച്ചു സഹകരണബാങ്ക് റോഡിലേക്ക് കയറി. കടയടച്ചില്ലെന്ന് രാജേന്ദ്രന്‍ ഓര്‍ത്തതേയില്ല.
ഇടറോഡിലേക്ക് നടക്കുമ്പോള്‍ അവള്‍ അയാളുടെ തോളില്‍ കയ്യിട്ടിരുന്നു. അയാള്‍ പെട്ടെന്ന് തിരിഞ്ഞ് നാലുപാടും നോക്കി. ആരെങ്കിലും കണ്ടാലോ? പക്ഷേ, റോഡിലെങ്ങും ആരെയും കണ്ടില്ല. ഒരു വാഹനത്തിന്റെ ഇരമ്പല്‍ പോലും കേള്‍ക്കാനില്ലായിരുന്നു. തങ്ങളുടെ സമാഗമത്തിന് പ്രകൃതി തന്നെ അരങ്ങൊരുക്കുകയാണോ എന്ന് രാജേന്ദ്രന്‍ സംശയിച്ചു. ഇതിനിടെ ഹെന്റീറ്റ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, അയാള്‍ മറ്റേതോ ലോകത്തും. കാമുകനുമായി പിരിഞ്ഞ ശേഷം മനസ്സമാധാനം തേടി ഇന്ത്യയിലെത്തിയതാണവള്‍. കുറച്ചുനാള്‍ കാശിയിലും ഹരിദ്വാരിലുമായിരുന്നു. കഥകളിയില്‍ ഗവേഷണം ചെയ്യാന്‍ പരിപാടിയുണ്ട്. കാമുകന് അവളുടെ പണം മാത്രം മതിയായിരുന്നത്രെ. പുരുഷവര്‍ഗ്ഗത്തോടു തന്നെ പകയുമായിട്ടാണ് ഇങ്ങോട്ടേയ്ക്ക് പോന്നത്. ‘പക്ഷേ, ചേറ്റനെ കണ്ടപ്പോള്‍… ഐ ഫീല്‍ വെരി ഹാപ്പി ആന്‍ഡ് റിലാക്സ്ഡ്.’ അയാളുടെ ഇടംകവിളിലെ അമിതവലിപ്പമുള്ള ഉണ്ണിയില്‍ തലോടി ഹെന്റീറ്റ പറഞ്ഞപ്പോള്‍ അയാള്‍ ചമ്മി. ‘എന്നെ തേയ്ക്കാന്‍ പറഞ്ഞതാരിക്കും!’ പക്ഷേ, അവള്‍ വിട്ടുകൊടുത്തില്ല. തെല്ല് കൊഞ്ചലുള്ള ശബ്ദത്തില്‍ അവള്‍ പറഞ്ഞു, ‘യൂ നോ മൈ ഡീയര്‍, എനിക്കരിഞ്ഞുകൂഡ അതു പരയാന്‍. ചേറ്റനുള്ളപ്പോള്‍, ഇറ്റ് സീംസ് ദ ഹോള്‍ അറ്റമോസ്ഫിയര്‍ ഈസ് ചാര്‍ജ്ഡ് അപ്! ജസ്റ്റ് ഡോണ്ട് നോ വൈ!’ അവള്‍ അയാളുടെ വലംകൈയില്‍ മുറുക്കിപ്പിടിച്ചു. ‘അപ്പോ ഇതാണ് ബാബുവണ്ണന്‍ പറഞ്ഞ വോൾട്ടേജ്. സംഭവം സെറ്റായെന്ന് തോന്നണ്’ അയാള്‍ തനിയെ ചിരിച്ചു.

റോസ് നിറത്തില്‍ ചായം തേച്ച ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലേക്ക് അവര്‍ കൈകള്‍ കോര്‍ത്തുപിടിച്ച് പടികള്‍ കയറി. അയാളെ സോഫയിലിരുത്തി, അവള്‍ അകത്തുപോയി, ഒരു കണ്ണാടിഗ്ലാസു നിറയെ ജ്യൂസുമായി വന്നു. ബാലെ നര്‍ത്തകിയെപ്പോലെ വിരലുകളില്‍ നടന്ന് അവള്‍ വരുന്നത് രാജേന്ദ്രന്‍ വാപൊളിച്ച് നോക്കിയിരുന്നു. ടീപ്പോയിയില്‍ ഗ്ലാസ് വെച്ചശേഷം അയാളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് അവള്‍ പിന്നോട്ട് നടന്നു.
‘കാലുകള്‍ക്ക് എന്തൊരു ചന്തമാണ്! ഓരോ ചുവടിലും പാദങ്ങളില്‍ മാറിമാറിവരുന്ന നിറങ്ങള്‍! വെള്ള, റോസ്, ഇളം ചുവപ്പ്, ചുവപ്പ്, രക്തച്ചുവപ്പ്, തവിട്ട്… ഹോ!’
ഹെന്റീറ്റ മുന്‍വാതിലടച്ചു. പെട്ടെന്ന് വീടുനിറയെ ഒരു പ്രത്യേക വെളിച്ചം പരന്നതുപോലെ അയാള്‍ക്ക് തോന്നി. ശരീരത്തിന് കനം കുറയുന്നതുപോലെ. ഹെന്റീറ്റ വാതില്‍ക്കല്‍ നിന്നും മുന്നോട്ട് കുതിച്ചു. സോഫയെച്ചുറ്റി അവള്‍ ചാടിയുയർന്നു. കാലുകള്‍ മുന്നോട്ടും പിന്നോട്ടും നീട്ടി ഭൂമിക്കു സമാന്തരമാക്കി വായുവില്‍ തങ്ങിനിന്നു. രാജേന്ദ്രന്‍ ഓടി അവള്‍ക്കരികിലെത്തി.
“കൊച്ചേ, ഒന്ന് താഴെയിറങ്ങ്. എനിക്ക് പേടിയാവുന്നു!” അവള്‍ പൊട്ടിച്ചിരിച്ചു. പിന്നെ താഴേയ്ക്ക് കുനിഞ്ഞ് കൈനീട്ടി.
“കം, ഇവിടെ നിന്നാല്‍ പേടി തോന്നുകയില്ല,” എന്ന് അവള്‍ പറയുമ്പോഴേയ്ക്കും രാജേന്ദ്രനും മുകളിലെത്തിയിരുന്നു. ശരീരത്തിന്റെ ഭാരം തന്നോടു ചോദിക്കാതെ ഇറങ്ങിപ്പോയതായി അയാള്‍ക്കുതോന്നി. പക്ഷേ, പേടി മാറിയില്ല. അയാള്‍ ഫാനില്‍ പിടിച്ചുകൊണ്ട് തങ്ങിനിന്നു, അദൃശ്യമായ ഏതോ ഒഴുക്ക് തന്നെയും കൊണ്ട് അജ്ഞാതങ്ങളിലേക്ക് കുതിക്കുമെന്ന് രാജേന്ദ്രന് തോന്നി.
വീടാകെ ഒഴുകിനടന്ന അവള്‍ വായുവില്‍ സ്വശരീരം കൊണ്ട് സങ്കീര്‍ണമായ ജ്യാമിതീയരൂപങ്ങള്‍ വരച്ചു. തലയും പാദങ്ങളും കൊരുത്തു നിര്‍മിച്ച വൃത്തത്തിനകത്തുനിന്നും സര്‍പ്പത്തെപ്പോലെ ഇഴഞ്ഞുപുറത്തുവന്നു. ഒടുവില്‍ ഹോളില്‍ തിരിച്ചെത്തിയ അവള്‍ അയാളെ ഫാനില്‍ നിന്നും മോചിപ്പിച്ച് ഒരു കുഞ്ഞിനെയെന്നോണം തോളിലിട്ട് താഴെയെത്തിച്ചു. സോഫയിലിരുത്തി ചേര്‍ന്നിരുന്നു. അവള്‍ അയാളുടെ കഴുത്തില്‍ കൈയിട്ട് അടുത്തേക്ക് പിടിച്ചു, കവിളില്‍ പൊള്ളുന്ന ഒരുമ്മ സമ്മാനിച്ചു.
രാജേന്ദ്രന്‍ സര്‍വശക്തിയുമെടുത്ത് അവളെ കെട്ടിപ്പിടിച്ചു, അവളുടെ തുടുത്ത ചുണ്ടുകളില്‍ പരവേശത്തോടെ ചുംബിച്ചു. രാജേന്ദ്രന്റെ കവിളുകളില്‍ കണ്ണീര്‍ച്ചാലുകള്‍ ഒഴുകി. കൊതി തീരുംവരെ അവളെ ഉമ്മവെച്ച ശേഷമാണ് അയാള്‍ കണ്ണുതുറന്നത്, സ്വപ്‌നമാണെങ്കില്‍ അതൊരിക്കലും അവസാനിക്കാതിരിക്കാന്‍.
രാജേന്ദ്രന്‍ അളവില്ലാത്ത സ്‌നേഹത്തോടെ, നന്ദിയോടെ ഹെന്റീറ്റയെ നോക്കി. അവള്‍ അയാളുടെ മുഖം കൈകളില്‍ താങ്ങി, പ്രേമപൂര്‍വം പുഞ്ചിരിച്ചു. അയാളുടെ കണ്ണുകള്‍ തുടച്ച് ആ മുഖം തന്റെ നെഞ്ചോടു ചേര്‍ത്തു.
“ഹണീ, കരയല്ലെ, എന്റെ പൊന്നുമോനെ,” അവളുടെ ശബ്ദത്തിലെ ഇടര്‍ച്ച അയാള്‍ തിരിച്ചറിഞ്ഞു. അയാളുടെ മടിയില്‍ തുടകള്‍ക്കിരുപുറവുമായി കാലുകളിട്ട് മുഖാമുഖം അവളിരുന്നു. എന്നിട്ട് അയാളുടെ പുകവലിച്ചു കരുവാളിച്ച ചുണ്ടുകളില്‍ ദീര്‍ഘമായി അമര്‍ത്തി ചുംബിച്ചു. ഹൃദയം പിടിവിട്ടു പോവുകയാണെന്ന്, തന്നെയും കൊണ്ട് പറക്കുകയാണെ് അയാള്‍ക്ക് തോന്നി.
അയാള്‍ സ്വയം നിയന്ത്രിച്ചു. പതുക്കെ അവളെ പിടിച്ചുമാറ്റിക്കൊണ്ട് അയാള്‍ പറഞ്ഞു, “ഒറ്റ മിനിറ്റ്. മനസ്സുനിറച്ച് ഒന്ന് കണ്ടോട്ട് ചക്കരേ!” അവള്‍ക്ക് ചിരി വന്നു.
“വൈ നോട്ട്!”
അവള്‍ രാജേന്ദ്രനെയും ചുറ്റിപ്പിടിച്ച് കിടക്കമുറിയിലേക്ക് പോയി. തിളങ്ങുന്ന ഇളംപച്ച നിറമായിരുന്നു മുറിയില്‍. സ്വര്‍ണനിറത്തിലെ ചിത്രശലഭങ്ങള്‍ മുറിയാകെ പറന്നുനടക്കുന്നുണ്ടായിരുന്നു അവള്‍ മെല്ലെ ഉടുപ്പൂരുന്നത് അയാൾ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.
‘അപ്പം ഞാന്‍ വിചാരിച്ച പോലെ തന്നെ ബ്രാ ഇല്ലേരുന്ന്,’ ക്വിസ് മത്സരം ജയിച്ച കുട്ടിയുടെ ആഹ്ലാദത്തോടെ അയാള്‍ സ്വയം പറഞ്ഞു.
ഹെന്റീറ്റയുടെ ഉടലില്‍ പകല്‍വെളിച്ചത്തിന്റെ പല വലിപ്പത്തിലുള്ള വൃത്തങ്ങള്‍ ഓടിക്കളിക്കുന്നത് രാജേന്ദ്രന്‍ വിസ്മയത്തോടെ കണ്ടു. ടിവി പരിപാടിയില്‍ കാണിക്കാതിരുന്ന നഗ്‌നനിമ്‌നോന്നതങ്ങളൊക്കെ ‘ചുറ്റിനടന്നു’ കാണുമ്പോള്‍ രാജേന്ദ്രന്‍ ആവേശഭരിതനായി. “ഇതുപോലൊരു എമണ്ടന്‍ കാഴ്ച ബാബുവണ്ണന്‍ കണ്ടിറ്റുപോലും കാണൂല്ല,” അയാള്‍ പിറുപിറുത്തു.
ഹെന്റീറ്റ പതുക്കെ പൈജാമ ഊരി. ടിവിയില്‍ കണ്ട പോലെ പോസുചെയ്തു. കടുംനീല നിറത്തിലെ പാന്റീസ് സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണാവുന്നത്ര ചെറുത്. കട്ടിലില്‍ നിണെീറ്റ് രാജേന്ദ്രന്‍ അടുത്തു വന്നുചോദിച്ചു, “ഒരു ചോദ്യം ചോദിക്കണമെന്നുണ്ടായിരുന്നു. ഇയാക്ക് പിടിക്കുമോന്നറിഞ്ഞൂടാ… ചോദിച്ചാ കൊഴപ്പമൊണ്ടാ?”
ഹെന്റീറ്റ മെല്ലെ തിരിഞ്ഞുവന്ന് അയാളെ കെട്ടിപ്പിടിച്ചു. “ഷൂട്ട് ബേബി, ഷൂട്ട്! ഐ നോ, ചേറ്റന്‍ അങ്ങനെ മോഷം ചെയ്യുകയില്ല. ചുമ്മാ ചോഡിക്ക് ചേറ്റാ!” അവള്‍ തെല്ല് കുനിഞ്ഞുവന്ന് അയാളെ ഗാഢമായി ചുംബിച്ചു.
എന്നിട്ടും അത് ചോദിക്കാന്‍ രാജേന്ദ്രന് സങ്കോചം. അവളുടെ നിതംബ ശില്‍പ്പം ഇംപ്ലാന്റിന്റെ സഹായത്തോടെ സൃഷ്ടിച്ചതാണോ എന്നാണ് അയാളുടെ സംശയം. ധൈര്യം സംഭരിച്ച് ചോദിച്ചു.
“യുവര്‍ ബാക്ക് സൈഡ്… ഇംപ്ലാന്റ്?” അവള്‍ മെല്ലെ ആലിംഗനമയച്ചു. പിന്നെ പൊട്ടിച്ചിരിച്ചു.
“ചേറ്റന്‍ തന്നെ പിടിച്ച് നോക്ക്!” അവള്‍ അയാളുടെ കൈപിടിച്ചു തന്റെ പിന്‍ഭാഗത്ത് വെച്ചു. “അമര്‍ത്തി നോക്കൂ ഡാര്‍ലിംഗ്… അങ്ങനെ… അങ്ങനെ…” ചിരിയുടെ അലകള്‍ക്കിടെ അവള്‍ പറഞ്ഞു. മനസ്സില്‍ ആദിമചോദനകള്‍ ചങ്ങല പൊട്ടിക്കുന്നത് അയാള്‍ ആനന്ദത്തോടെ അറിഞ്ഞു. ദിവ്യമായ അനുപാതത്തില്‍ നിര്‍മിക്കപ്പെട്ട ആ മാംസഗോപുരത്തില്‍ അയാള്‍ കൊതിയോടെ ശക്തിയായി അമര്‍ത്തി. പെട്ടെന്ന് എന്തോ പൊടിയുന്ന ശബ്ദം കേള്‍ക്കായി. രാജേന്ദ്രന്‍ ഭയത്തോടെ കൈയെടുത്തു. കൈയാകെ വെളുത്ത പൊടി! അത് വിരലുകള്‍ക്കിടയിലൂടെ താഴേയ്ക്ക് ഉതിർന്നു വീഴുകയാണ്, “അവർ ഗ്ലാസി”ലെ മണലെന്ന വണ്ണം.
“ഹെന്റീറ്റാ…” അയാള്‍ അലറി.
അവളുടെ മോഹിപ്പിക്കുന്ന ചിരി പെട്ടെന്ന് നിലച്ചു. പരിഭ്രാന്തനായി അയാള്‍ ചുറ്റും നോക്കുമ്പോള്‍ അവള്‍ മെല്ലെ മെല്ലെ പൊടിഞ്ഞുപൊടിഞ്ഞ് വെള്ളമണല്‍ക്കൂനയായി അമര്‍ന്നു. നീറ്റിയ കുമ്മായത്തില്‍ നിന്നെന്നോണം അതില്‍ നിന്നും ചൂടും പുകയുമുയർന്നു.
ഉറഞ്ഞുപോയ നിലവിളിയുമായി അയാള്‍ ആ കൂനയെ സ്പര്‍ശിച്ചു. അതില്‍ ഒരു പിടി കൈയിലെടുത്തു ചുംബിച്ചതും അയാളുടെ ചുണ്ടിന് തീപിടിച്ചു. കത്തുന്ന വലംകൈ അയാള്‍ തലയിൽ വെച്ചു, തലയില്‍ തീയാളാന്‍ തുടങ്ങി. വലിയ ശബ്ദത്തോടെ ചുമരുകളിലും തറയിലുമൊക്കെ വിള്ളലുകള്‍ വീണു, കെട്ടിടം നിലംപൊത്തി. രാജേന്ദ്രന്‍ നിന്നയിടത്ത് ആവിപറക്കുന്ന ഒരു മണല്‍ക്കൂനയേ ബാക്കിയുണ്ടായിരുന്നുള്ളൂ.