/indian-express-malayalam/media/media_files/T3IdBIlQFXiB5kR12Jxk.jpg)
ചിത്രീകരണം : വിഷ്ണു റാം
ഞാണൊലികളേക്കാൾ ദൈർഘ്യമുള്ള
നിശ്വാസങ്ങളുണ്ടായിരുന്നു.
അഗ്നിപർവ്വതത്തേക്കാൾ ശക്തിയുള്ള
ശാപങ്ങളുണ്ടായിരുന്നു.
ആഴത്തിരമാലകളേക്കാൾ ആവേശമുള്ള
മരച്ചർക്കയുണ്ടായിരുന്നു.
സിരാപടലത്തേക്കാൾ വിശ്വസ്തമായ
നൂലിഴകളുണ്ടായിരുന്നു.
ഇടിമിന്നലിനേക്കാൾ വേഗമുള്ള
നടത്തങ്ങളുണ്ടായിരുന്നു.
വജ്രസൂചിയേക്കാൾ കട്ടിയുള്ള
വചനങ്ങളുണ്ടായിരുന്നു.
വെടിമരുന്ന് നെഞ്ചിലൊളിച്ചു
മന്ത്രം ജപിച്ച നിഴലുകളുണ്ടായിരുന്നു.
ഇരുട്ട് വച്ചു വിളമ്പി വിരുന്നൂട്ടിയ
സൽക്കാരപ്പുരയുണ്ടായിരുന്നു.
ഒറ്റമുഴക്കോൽ കൊണ്ട് ഭൂമിയളന്ന
പെരുന്തച്ചന്മാരുണ്ടായിരുന്നു.
അളന്നിട്ടും ബാക്കി വന്ന പുറമ്പോക്കിൽ
കനൽ തിന്നും കണ്ണീർ കുടിച്ചും
പുസ്തകം നിവർത്തിയ കവികളുണ്ടായിരുന്നു.
ജ്വലിച്ചതെല്ലാം ഊതിക്കെടുത്തിയ
ശത്രുമിത്രങ്ങളുടെ പടയോട്ടമുണ്ടായിരുന്നു.
പ്രാണൻ വാരിക്കെട്ടി സ്വയമുപേക്ഷിച്ച
പ്രാകൃതരുടെ പലായനമുണ്ടായിരുന്നു.
വിത്തുകൾക്കു പകരം വിശപ്പു കുഴിച്ചിട്ട
വയലേലകളുണ്ടായിരുന്നു.
ചിതലെടുക്കാത്ത അസ്ഥിമരങ്ങളിൽ
ചിത്രശലഭങ്ങൾക്ക് സമാധിക്കൂടുണ്ടായിരുന്നു.
തോക്കിൻ കുഴലിന്റെ തുമ്പിന്
കണ്ണുകൾ ദാനം ചെയ്ത
പ്രിയപ്പെട്ട പോരാളിക്ക്
മടങ്ങിപ്പോകാൻ സമയമായി.
ജഡമില്ലാതെ മടങ്ങിയെത്തിയാൽ
സിംഹാസനം കോപിക്കുമെന്നതിനാൽ
ഇതാ, എന്റെ ശരീരം മാത്രം വിട്ടു തരിക.
ആത്മാവിൽ നമ്മളൊന്നാണെന്ന്
അദ്വൈതം കൊണ്ടല്ല, അഗാധ സ്നേഹത്താൽ
എനിക്കറിയാം,നിനക്കറിയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.