അഖിൽ പി.ധർമ്മജൻ

“നീതൂ…ഞാനിവിടെ പാര്‍ക്കിന്‍റെ വടക്ക് ഭാഗത്തെ ബഞ്ചില്‍ ഉണ്ടാവും ..നീ വന്നിട്ട് നിന്നോട് പറയാന്‍ ഉള്ളത് മുഴുവന്‍ പറഞ്ഞ് തീര്‍ത്തിട്ടേ ഞാന്‍ തിരിച്ച് പോകൂ…”
ഫോണ്‍ കട്ട്‌ ചെയ്ത ശേഷം ബിനോയ്‌ പാര്‍ക്കിന്‍റെ വടക്ക് ഭാഗത്തുള്ള ബഞ്ചിലേക്ക് നോക്കി. അവിടെ ഒരാള്‍ ഇരിപ്പുണ്ട്. കണ്ടാല്‍ ഏകദേശം ഇരുപത്തിഎട്ട് വയസ്സ് തോന്നും. ഇടയ്ക്കിടയ്ക്ക് അയാള്‍ മുഖത്തെ കണ്ണാടി ചൂണ്ടുവിരല്‍ കൊണ്ട് തള്ളി വക്കുന്നുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാതെ അയാള്‍ പുസ്തക വായനയില്‍ മുഴുകിയിരിക്കുകയാണ്…..
ബിനോയ്‌ ബഞ്ചിന്‍റെ ഇടതു ഭാഗത്ത്‌ ചെന്നിരുന്നു. ബിനോയെ അയാള്‍ ഒന്ന് നോക്കിയ ശേഷം വീണ്ടും പുസ്തകം വായന തുടര്‍ന്നു. അപ്പോഴാണ് അയാള്‍ വായിച്ചുകൊണ്ടിരുന്ന ബുക്ക്‌ ബിനോയ്‌ ശ്രദ്ധിച്ചത്. അതിന്‍റെ പുറംചട്ടയില്‍ “-GHOST RESEARCH-” എന്ന് എഴുതിയിരുന്നു. ബഞ്ചിലും അതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു ബുക്കും അയാളോട് ചേര്‍ന്ന് ഇരിപ്പുണ്ടായിരുന്നു.

Read More: ആക്രിക്കടയിൽ അവസാനിച്ച സസ്പെൻസ്, ആമസോണിൽ ഒന്നാമതായി “ഓജോ ബോർഡ്”

ബിനോയ്‌ വീണ്ടും അയാളെ നോക്കി. അയാള്‍ വായനയില്‍ മുഴുകിയിരിക്കുകയാണ്. അവന്‍ താഴെ ഇരുന്ന ആ ബുക്ക്‌ എടുത്തു. തുറന്നപ്പോള്‍ ആദ്യ പേജില്‍ അലക്സ് മാത്യു എന്ന് എഴുതിയിരുന്നു. ബിനോയ്‌ ഓരോ പേജും സൂക്ഷ്മതയോടെ വായിക്കാനാരംഭിച്ചു… ഇടക്ക് ബിനോയ്‌ അയാളെ നോക്കി. അയാള്‍ വായിച്ചുകൊണ്ടിരുന്ന ബുക്ക്‌ മടക്കിവച്ചശേഷം പാര്‍ക്കിലേക്കും നോക്കി ഇരിക്കുകയാണ്. ബിനോയ്‌ നോക്കുന്നത് കണ്ട് അയാള്‍ ബിനോയെ നോക്കി. ബിനോയ്‌ സംശയത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് ബുക്ക്‌ മടക്കി അയാള്‍ക്ക് നേരെ നീട്ടി.
” ഹേയ് സാരമില്ല അത് വച്ചോളൂ..”
” അയ്യോ…സര്‍ അതൊന്നും വേണ്ട..ഞാന്‍ ബുക്കിന്‍റെ പേര് കണ്ട് എടുത്ത് വായിച്ചതാ…സാറിന്‍റെ നല്ല മനസ്സിന് നന്ദി…”
” ആദ്യം താങ്കളുടെ സര്‍ വിളി ഒന്ന് അവസാനിപ്പിക്ക, എന്‍റെ പേര് അലക്സ്‌ മാത്യു. അലക്സ്‌ എന്ന് വിളിച്ചാല്‍ മതി.”
“ഹോ….താങ്ക്സ് അലക്സ്‌…ഞാന്‍ ബിനോയ്‌. എനിക്ക് ഈ വിഷയങ്ങളോട് വല്ലാത്ത താല്‍പ്പര്യം ആണ്. അതാണ് ഈ ബുക്ക്‌ കണ്ടപ്പോള്‍ എടുത്തുവായിച്ചത്..

അലക്സ്‌ എന്ത് ചെയ്യുന്നു. ഇവിടെ തന്നെ ഉള്ളതാണോ?? ”
“ഞാന്‍ കാനഡയില്‍ ആയിരുന്നു. വന്നിട്ട് ഒരു ആഴ്ചയേ ആയുള്ളൂ..പിന്നെ ഈ ബുക്കിന്‍റെ പുറത്ത് എഴുതിയിരിക്കുന്നത് കണ്ടില്ലേ..അതില്‍ റിസര്‍ച്ച് നടത്താനായി ഇങ്ങോട്ടേയ്ക്ക് വന്നതാണ്‌.”
” അപ്പോള്‍ കേരളത്തില്‍ എവിടെയാണ് നാട്..? ”
“ഞാന്‍ ആലപ്പുഴക്കാരന്‍ തന്നെ ആണ്..പക്ഷെ പഴയ സ്ഥലമെല്ലാം കൊടുത്തിട്ടാ ഞങ്ങള്‍ കാനഡയില്‍ സെറ്റില്‍ ആയത്. ഇപ്പോള്‍ എന്‍റെ ആവശ്യത്തിന് തല്‍ക്കാലത്തേക്ക് പാര്‍ക്കിന്‍റെ വടക്ക് ഭാഗത്തുള്ള വീടുകളില്‍ ഒന്ന് വാടകക്കെടുത്തു. ഒരു വലിയ പ്രൊജക്റ്റ്‌ ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്‌. ഈ പ്രൊജക്റ്റ്‌ ചെയ്യാന്‍ എന്‍റെ ചാനല്‍ തന്നെയാണ് എന്നെ തിരഞ്ഞെടുത്തത്. ചിലപ്പോള്‍ ഞാന്‍ കേരളീയന്‍ ആയത് കൊണ്ടാകും.”
” അലക്സ്‌ ചാനലില്‍ ആണോ വര്‍ക്ക്‌ ചെയ്യുന്നത്.?? ”
” അതെ.. കാനഡയിലെ ഒരു പ്രമുഖ ചാനല്‍ ആണ് ഞങ്ങളുടേത്. വലിയ പ്രതീക്ഷയോടെയാണ് ഈ പ്രോഗ്രാമിന്‍റെ സ്പോണ്‍സര്‍മാര്‍ എന്നെ ഇവിടേക്ക് വിട്ടത്. അവിടെ കേരളത്തിലെ പ്രേതങ്ങള്‍ക്കു നല്ല ഡിമാന്‍ഡാണ്. ഈ പ്രൊജക്റ്റ്‌ ഞാന്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ ചെയ്യാന്‍ പറ്റിയാല്‍ മറ്റു ചാനലുകള്‍ അലക്സിന്‍റെ മുന്നില്‍ വന്ന് ക്യു നില്‍ക്കും.. പക്ഷെ പിടിച്ചുകയറാന്‍ ഒരു തുമ്പും കിട്ടുന്നില്ല.. ”
ഇതൊക്കെ കേട്ടുകൊണ്ട് ബിനോയ്‌ വായും പൊളിച്ചിരിക്കുകയായിരുന്നു.
” അപ്പോള്‍ ഇത് ഒരുപാട് കാശു മുടക്കി ചെയ്യുന്ന പ്രൊജക്റ്റ്‌ ആണല്ലേ..?? ”
” അതെ.. അതൊക്കെ പോട്ടെ ബിനോയ്‌ എന്ത് ചെയ്യുന്നു.?? ”
” അതൊക്കെ കോമഡിയാണ് ആദ്യം എഞ്ചിനീയറിംഗിന് പോയി..സഅവിടുന്ന് ഇയര്‍ ഔട്ട്‌ ആയപ്പോള്‍ ഡിഗ്രിക്ക് ചേര്‍ന്നു. ഇപ്പോള്‍ അതെല്ലാം കഴിഞ്ഞ് വീട്ടുകാരുടെ ചിലവില്‍ കഴിയുകയാണ്. ഹിഹി ”
അപ്പോഴേക്കും ബിനോയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു.
“ആ പറ നീതൂ എവിടാ. ശരി ഞാനിതാ വരുന്നു.”
ഫോണ്‍ കട്ട്‌ ചെയ്ത ശേഷം ബിനോയ്‌ അലക്സിനെ നോക്കി ഒന്ന് ചിരിച്ച ശേഷം വീണ്ടും കാണാം എന്നും പറഞ്ഞ് എഴുന്നേറ്റ് വേഗത്തില്‍ പോയി. ഫോണ്‍ വന്നപ്പോള്‍ ബിനോയുടെ മുഖം വല്ലതായത് അലക്സ്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി പോകാന്‍ തുടങ്ങിയപ്പോഴാണ് ബിനോയ്‌ തന്‍റെ പേര് ആരോ വിളിക്കുന്നത്‌ കേട്ടത്. തിരിഞ്ഞ് നോക്കിയപ്പോള്‍ അലക്സ്‌.
“ഇതാ ഈ ബുക്ക്‌ വച്ചോളൂ.. വായിച്ചിട്ട് തിരികെ തന്നാല്‍ മതി. അതില്‍ എന്‍റെ നമ്പര്‍ എഴുതിയിട്ടുണ്ട്.”
“താങ്ക്സ്. അപ്പോള്‍ ശരി..”
ബുക്ക്‌ വാങ്ങുമ്പോള്‍ ബിനോയുടെ കൈ വിറക്കുന്നത്‌ അലക്സ്‌ കണ്ടു.
വേഗം തന്നെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ബിനോയ്‌ പോയി..അലക്സ്‌ അല്‍പസമയം അവിടെ നിന്ന ശേഷം തിരികെ പാര്‍ക്കിലേക്ക് പോയി.

രാത്രി ഏകദേശം ഒരു 11 മണി ആയപ്പോള്‍ അലക്സിന്‍റെ ഫോണിലേക്ക് ഒരു കോള്‍ വന്നു
“ഹലോ അലക്സ്‌ ആണോ..??? ”
“അതെ ബിനോയ്‌ ഞാന്‍ തന്നെ ആണ് ”
“ഹയ്യോ…ഞാനാണെന്ന് എങ്ങനെ മനസ്സിലായി.? ”
“ഇവിടെ എന്‍റെ ഈ നമ്പര്‍ അറിയാവുന്നത് ബിനോയ്ക്കും പിന്നെ ട്രാവല്‍ ഏജന്‍സിക്കും ആണ്. അവര്‍ ഏതായാലും ഈ സമയത്ത് വിളിക്കില്ലല്ലോ. എന്താ ബിനോയ്‌ ഉറങ്ങിയില്ലേ? ”
“ഇല്ല…ഇന്ന് വൈകിട്ട് ഞാന്‍ കുറച്ച് പ്രശ്നത്തിലായിരുന്നു അതാണ് പെട്ടെന്ന് പോന്നത്..സോറി ..”
“ഹേയ് അത് സാരമില്ല..നാളെ ബിനോയ്ക്ക് എന്താ പരിപാടി…? ”
“ഒന്നുമില്ല.. എന്തേ..? ”
“എങ്കില്‍ എന്‍റെ വീട്ടിലേക്ക് പോര്…എനിക്കാണേല്‍ മിണ്ടാന്‍ പോലും ഒരാളില്ല.. ”
“ഓ…അതിനെന്താ..വരാല്ലോ…പാര്‍ക്കിന്‍റെ എവിടായിരുന്നു വീട്..?? ”
“പാര്‍ക്കിന്‍റെ വടക്ക് ഭാഗത്തെ റോഡിലൂടെ പോകുമ്പോള്‍ കാണുന്ന അവസാനത്തെ ആ പഴയ വില്ല ”
“എന്ത്…ആ ഒറ്റപ്പെട്ട വീടോ?? ”
“അതെ ”
“അലക്സേ നീ എത്ര ദിവസമായി അവിടെ താമസിക്കാന്‍ തുടങ്ങിയിട്ട്…?? ”
“ഇന്നാണ് വീട് മുഴുവന്‍ വൃത്തിയാക്കി കിട്ടിയത്..ഇത് വരെ ടൗണില്‍ ഒരു ഹോട്ടലില്‍ ആയിരുന്നു..എന്താ ബിനോയീ.എന്താ പ്രശ്നം? ”
“അലക്സേ ആ വീടിനെപ്പറ്റി നല്ല കഥകളല്ല കേട്ടിട്ടുള്ളത്. അവിടെ ആളുകള്‍ താമസിക്കാറില്ല…പത്തിരുപത് കൊല്ലം മുന്‍പ് അവിടെ പോളിടെക്നിക്കില്‍ പഠിച്ചുകൊണ്ടിരുന്ന കുറേ ചെറുപ്പക്കാര്‍ വന്ന് വാടകയ്ക്ക് താമസിച്ചു. അതില്‍ ഒരുത്തന്‍ അവിടെ തൂങ്ങി മരിച്ചു. പിന്നീട് അങ്ങോട്ടാണ് പ്രശ്നം തുടങ്ങിയത്. അവിടെ ഉണ്ടായിരുന്ന ബാക്കി ചെറുപ്പക്കാര്‍ ഓരോന്നായി ദുര്‍മരണപ്പെടാന്‍ തുടങ്ങി. ബാക്കി വന്ന രണ്ടുപേര്‍ അവിടെ നിന്നും രക്ഷപെട്ട് സ്വന്തം വീടുകളിലേക്ക് പോയി. പക്ഷെ അവരും താമസിയാതെ മരണപ്പെട്ടു. പിന്നീട് അവിടെ താമസിച്ചിട്ടുള്ള ആരും ഒരു രാത്രി അവിടെ തികയ്ക്കാറില്ല എന്നാണ് കേട്ടിട്ടുള്ളത്…അലക്സിന് അവിടം അറിയാത്തത് കൊണ്ട് ബ്രോക്കര്‍ പറ്റിച്ചതാവും. അലക്സ് ഇപ്പോള്‍ വീടിനുള്ളില്‍ തന്നെയാണോ.? ”
“അതേ..സാരമില്ല അതൊക്കെ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാകും. നമുക്ക് നാളെ ഇതിനെപ്പറ്റി സംസാരിക്കാം ഞാന്‍ കുറച്ചൊന്നുകിടക്കട്ടെ ”
“ശരി അലക്സിന് പേടി ഇല്ലേ..?? ”
“എന്തിന്..നീയീ പറഞ്ഞതൊക്കെ സത്യമാണെങ്കില്‍ ഞാന്‍ എന്‍റെ പ്രൊജക്റ്റ്‌ ഇവിടെനിന്നും തുടങ്ങും..”
“ഹോ….സമ്മതിച്ചിരിക്കുന്നു..അപ്പോള്‍ അലക്സിന് ജീവനുണ്ടേല്‍ നാളെ കാണാം.”
“ഹി ഹി… ഓക്കേ ഗുഡ് നൈറ്റ്..”
“ഗുഡ് നൈറ്റ് ”
ഫോണ്‍ കട്ട്‌ ചെയ്ത ശേഷം അലക്സ് കുറച്ച് സമയം കിടന്നു. ഇടക്ക് എണീറ്റ്‌ ബാത്‌റൂമിലേക്ക് പോയി.
അകത്ത് കയറി വാതില്‍ പൂട്ടിയപ്പോള്‍ പുറത്ത് ആരോ നടക്കുന്നതായി തോന്നി. പെട്ടെന്ന് തന്നെ കതക് തുറന്ന് പുറത്തിറങ്ങി. ഹാളില്‍ നിന്നാണോ ആ ശബ്ദംകേള്‍ക്കുന്നത്.?
അലക്സ് വേഗം ഹാളിലേക്ക് ഓടി. ഹാള്‍ നിശബ്ദമായിരുന്നു.. പുറത്തെ ലൈറ്റിന്‍റെ വെളിച്ചത്തില്‍ അലക്സ് ഓരോ മൂലയും സൂക്ഷിച്ച് നോക്കി. ഒരു ധൈര്യത്തില്‍ ബിനോയിയോട് ഒന്നും പേടിയില്ല എന്ന് പറഞ്ഞതാണ്‌. പക്ഷേ ഇപ്പോള്‍ തോന്നുന്നു അവനോട് ഇന്ന് രാത്രി തന്നെ ഇങ്ങോട്ടേക്ക് പോരാന്‍ പറയേണ്ടതായിരുന്നുവെന്ന്.

അലക്സ് ഹാളിലെ ലൈറ്റ് ഓണാക്കി. ജനലിലൂടെ പുറത്തേക്ക് നോക്കി. മൂടല്‍മഞ്ഞ് കുറച്ചുണ്ടായിരുന്നതിനാല്‍ അരണ്ടവെളിച്ചത്തില്‍ ആരോ പുറത്തുനില്‍ക്കുന്നത് മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. അലക്സ്‌ ശരിക്കും വിറച്ചുപോയി. ആരായിരിക്കും 12 മണി കഴിഞ്ഞ ഈ സമയം ആള്‍സഞ്ചാരമില്ലാത്ത തന്‍റെയീ വാടകവീടിന്‍റെ മുന്നില്‍.?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook