ഒറ്റവാക്കിൻ കനം പോലുമില്ലാതെ

ഒറ്റവാക്കിൻ കനം
പോലുമില്ലാതെ

വാക്ക് വറ്റിയ വർത്തമാനങ്ങളെ
ചേർത്തുനിർത്തുന്നു ജീവിതമെപ്പൊഴും
തെല്ലുമില്ല കലഹം, ഇരുട്ടിന്റെ
കോട്ടയിൽ നിന്നു പുഞ്ചിരിച്ചീടുകിൽ

കാത്തുനിൽക്കുന്നു
വേലിപ്പടർപ്പിലെ പൂത്ത മുല്ല,
ഉടലാകെ സങ്കടച്ചോപ്പു പൂശിയ
പെൺ ചെമ്പരത്തികൾ

ഒറ്റവാക്കിൻ കനം പോലുമില്ലാതെ
വന്നിരിക്കുന്നു മാങ്കൊമ്പിലൊ-
റ്റയ്‌ക്കൊരൂമയാം കുയിൽ
കണ്ണിൽ കഥയുമായ്pk velayudhan ,poem,malayalam

നാം ചിരിക്കേ വിരിയുന്ന പൂവുകൾ
നാം തൊടുമ്പോളുലയുന്ന കാറ്റുകൾ
നാം വിളിക്കേ വിലാസവതികളായ്
പാടിയാടുന്ന മേഘക്കിടാത്തികൾ

കാടുമായിരം മേടും
കടന്നുപോം വേരുകൾ,
വഴിതെറ്റി വീണ്ടും വന്നു
കാലിലുമ്മ വയ്ക്കുന്ന കിനാവുകൾ

കാറ്റുപോലെ, ജലം പോലെ മണ്ണിന്റെ
ഭാഗമാകുവാൻ വീഴുമിപ്പൂപോലെ
താരകങ്ങളെ കണ്ണാൽ ക്ഷണിച്ചു നാം
ഭൂമിയിൽ വീണണയാനായ് കിടക്കുന്നു.

വാക്കു വറ്റിയ വർത്തമാനങ്ങളെ
ചേർത്തുനിർത്തുന്നു ജീവിതമിപ്പൊഴും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ