ഒറ്റക്ക് യാത്ര ചെയ്യുന്ന യുവതിയും വൃദ്ധയും- കരുണാകരൻ എഴുതിയ കവിത

“ജനല്‍ക്കമ്പികളിലെ തണുപ്പ് കൈകളില്‍ നിന്ന് അവളുടെ ഉടലിലേക്ക് മാറി. വൃദ്ധയാവുന്നതും പിന്നെ മരിക്കുന്നതും പിന്നെ”

karunakaran, poem, malayalam poet,

karunakaran, poem, poet,
വണ്ടിയില്‍ ജനാലക്കരികിലെ സീറ്റിലിരുന്ന്
യാത്ര ചെയ്യുകയായിരുന്നു യുവതി
പിറകോട്ടു പാഞ്ഞുപോയ പ്ലാറ്റ്ഫോമില്‍
ബുദ്ധനും ശിഷ്യന്മാരും നില്‍ക്കുന്നതു കണ്ടു.

അങ്ങനെ ചിലരെ കണ്ടുവെന്ന് അവള്‍ക്കു തോന്നി.

അടുത്ത സ്റ്റേഷനില്‍ വണ്ടി നില്‍ക്കുമ്പോള്‍
ഉപേക്ഷിച്ചുപോയ ഭര്‍ത്താവോ
മരിച്ചുപോയ അമ്മൂമ്മയോ
വണ്ടിയില്‍ കയറുമെന്ന്
അവള്‍ ഉറപ്പിച്ചു.

എതിരെയുള്ള സീറ്റില്‍ ഇരിക്കുമെന്നും.

ഏകാന്തത യാത്രയെ വിഴുങ്ങുന്ന പെരുമ്പാമ്പ് തന്നെയോ എന്ന്
വളഞ്ഞു പുളഞ്ഞോടുന്ന വണ്ടിയുടെ തല നോക്കി
യുവതി മനസ്സില്‍ പറഞ്ഞു.
വണ്ടി ആദ്യം ഒരു ചുരവും പിന്നെ ഒരു വിജനതയും
കാറ്റിനൊപ്പം വിഴുങ്ങിയോ എന്ന്
വളഞ്ഞു പുളഞ്ഞു പിറകെ വരുന്ന വണ്ടിയുടെ വാല്‍ നോക്കി
യുവതി മനസ്സില്‍ പറഞ്ഞു.

ജനല്‍ക്കമ്പികളിലെ തണുപ്പ് കൈകളില്‍ നിന്ന്
അവളുടെ ഉടലിലേക്ക് മാറി.
വൃദ്ധയാവുന്നതും പിന്നെ
മരിക്കുന്നതും പിന്നെ
ഒരു പുഴക്കരയിലെ ചിതയിലേക്ക്
തന്നെ എടുത്തു വെയ്ക്കുന്നതും
ദൈവത്തെപ്പോലൊരാള്‍
അതേ പുഴയുടെ തീരത്ത് അലയുന്നതും
യുവതി സങ്കല്‍പ്പിച്ചു.

പിറകോട്ടു പാഞ്ഞുപോയ മറ്റൊരു പ്ലാറ്റ്ഫോമില്‍
ബുദ്ധനും ശിഷ്യന്മാരും ഇപ്പോഴും നില്‍ക്കുന്നതു കണ്ടു.
അല്ലെങ്കില്‍ അങ്ങനെ ചിലരെ കണ്ടുവെന്നു അവള്‍ക്കു തോന്നി.

അവള്‍ക്ക് തന്റെ കാല്‍മുട്ടുകള്‍ കാണാന്‍ തോന്നി.

ജനല്‍ അടച്ചാല്‍ മതി, യുവതിയോട്
എതിരെ ഇരുന്ന വൃദ്ധ പറഞ്ഞു.

സീറ്റിനടിയില്‍നിന്നും ഒരു വലിയ ബാഗ്
വൃദ്ധ പുറത്തേക്ക് വലിച്ചു വെച്ചു
ബാഗില്‍ നിന്നും ഒരു ഷാള്‍ തപ്പിയെടുത്തു.
ഷാള്‍ യുവതിക്ക് കൊടുത്തു.

ഞാനും ഒറ്റക്ക് യാത്ര ചെയ്യുന്നു, വൃദ്ധ യുവതിയോട് പറഞ്ഞു.

രാത്രി, ഒന്‍പതോ പത്തോ മണിയായിരുന്നു.

ഇപ്പോഴും അവള്‍ക്ക് തന്റെ കാല്‍മുട്ടുകള്‍ കാണാന്‍ തോന്നി.


Read More: ദൈവം ഇല്ലാത്തപ്പോഴും ദൈവത്തെ ഓർമ്മ വരുന്നു

Read More: ഗാന്ധിജി കവിതകൾ എഴുതിയിട്ടില്ല

Read More: വളരെ പതുക്കെ 

Read More: പൂതപ്പാട്ടും ടെലിവിഷനും 

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Ottaku yatra cheyyunna yuvathiyum vridhanum karunakaran poem

Next Story
കോവിലന്‍- ഗോത്രപ്പശിമയുളള വാക്കിന്റെ തോറ്റങ്ങള്‍kovilan, malayalam writer, rafeeque ahammad, rafeek ahammad, poet,
The moderation of comments is automated and not cleared manually by malayalam.indianexpress.com