ഒറ്റയാകുവതെങ്ങനെ?
ഒറ്റയാകുവതെങ്ങനെ, കണ്ണാ, നീ-
യിത്രമേൽ നിറച്ചാർത്തിലലിയുകിൽ?
ചിത്രവർണങ്ങൾ ചുറ്റും വിതറിയ
ചാരുവാനവും ഭൂമിയും കാണുകിൽ?
കുഞ്ഞിലനീട്ടി,യാകാശവിസ്താര-
മദ്ഭുതത്തോടെ നോക്കുമൊരു മുള,
കുഞ്ഞിലകൾ വിരിച്ചു പ്രപഞ്ചത്തെ
തന്നിലേക്കു ക്ഷണിക്കുമൊരു മുള,
ആയിരമില വീശി നിന്നെപ്പോഴു
മാധിയാറ്റുവാനാടുമൊരു മുള,
കുഞ്ഞുപൂക്കളിൽ തേൻ നിറച്ചായിരം
പൊൻശലഭത്തെയൂട്ടുമൊരു മുള,
കാറ്റു കൈകോർത്തുനിൽക്കേ,യതിനിരു-
ന്നാടുവാനൂഞ്ഞാലാകുമൊരു മുള,
ഈവിധം മുളപൊട്ടുന്നു ചുറ്റുമേ
സ്നേഹരൂപങ്ങളായിരം ഭാവങ്ങൾ!
ഒറ്റയാകുവതെങ്ങനെ കണ്ണാ നീ…
അമ്മ തൊട്ടടുത്തില്ലയോ നിൻ മിഴി –
യൽപ്പവും നിറയാതെയിരിക്കുവാൻ
അമ്മ കണ്ണു നിറയ്ക്കുന്നതില്ലയോ?