Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ചെപ്പിൽ നിന്നും ചിപ്പിലേക്കുളള ചരിത്ര ദൂരമളക്കുന്ന കഥകൾ

വർത്തമാനകാലത്തിന്രെ കാഴ്ചകളെ ഭാവിയുടെ ചരിത്രത്തിലേയ്ക്ക് കൈയ്യടക്കത്തോടെ, രാഷ്ട്രീയം ചോരാതെ ചെറുകഥയുടെ ചിപ്പാക്കി മാറ്റാൻ സാധിക്കുന്നുവെന്നതാണ് ഈ കഥകളെ വ്യത്യസ്തമാക്കുന്നതെന്ന് ലേഖിക

k.v praveen, writer , ormmachippu

പ്രവാസിയായ ഒരെഴുത്തുകാരന് തന്റെ ജീവിത പരിസരവും തൊഴിൽ ജീവിതവും താനുൾപ്പെടുന്ന നവലോകക്രമത്തിലെ വ്യക്തി ബന്ധങ്ങളുമൊക്കെ പ്രതലമാക്കി കഥകളെഴുതണമെങ്കിൽ നിലവിലെ സാധ്യതയിൽ അതിനുണ്ടാകാവുന്ന പേര് ഓർമ്മച്ചെപ്പ് എന്നതാണ്. ഗൃഹാതുരത്വത്തോട് ചേർത്ത് വെച്ച് കാൽപനികമോ വൈകാരികമോ ഒക്കെയായ വേര് തേടലുകളിൽ തുടങ്ങി അവിടെത്തന്നെ അവസാനിപ്പിക്കാവുന്നതാണ്.അത് ചെയ്യാതിരിക്കുകയും ഓർമ്മച്ചിപ്പ് എന്നാക്കി തിരുത്തുകയും ചെയ്യുന്നത് കാഴ്ചയിൽ ലളിതമെന്ന് തോന്നിപ്പിക്കാമെങ്കിലും ഭാവുകത്വ ഘടനയിലത് വിപ്ലവകരമാണ്. വേരുതേടലുകൾ എന്ന ഒറ്റ സംജ്ഞയിൽ ആണിയടിച്ച കുറ്റിക്ക് ചുറ്റും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചുറ്റിക്കറങ്ങുന്നതാണ് പ്രവാസത്തെ സംബന്ധിച്ചുള്ള ഭൂരിഭാഗം കൃതികളിലെങ്കിലും കെ.വി പ്രവീണിന്റെ കഥകൾ വ്യത്യസ്തത പുലർത്തുന്നതവിടെയാണ്.

ഇത് നഷ്ടസ്വർഗങ്ങളെ ഓർത്തുള്ള വിലാപമോ ദുഃഖ സിംഹാസനങ്ങളുടെ നേർക്കുള്ള നിശ്വാസപ്പെടലോ അല്ല. വർത്തമാനത്തെ, നിലവിലനുഭവിക്കുന്ന ജീവിതത്തെ മൊത്തമായും ഒരു മൂർത്തയാഥാർത്ഥ്യമായി അംഗീകരിച്ചു കൊണ്ടുള്ള എഴുത്താണ്. അതിന്റെ ആകുലതകളെ, തുടിപ്പുകളെ, പ്രതീക്ഷകളെ, കൊടുക്കൽ വാങ്ങലുകളെ ,ഇതിനെയൊക്കെ അടയാളപ്പെടുത്താനുള്ള മാധ്യമമാകുന്നു ഈ കഥാകാരന് കഥകൾ. ആയതിനാൽ പതിവ് പ്രവാസ ജീവിത രചനകളുടെ കളളിയിലേക്ക് ചേരും പടി ചേർത്തെഴുതാൻ വിസമ്മതിക്കുന്ന കഥകളെന്ന് ചുരുക്കം.

ഉത്തരാധുനികതയുടെ രാഷ്ടീയം, നവ മുതലാളിത്തത്തിന്റെ മൂലധന ഇടപെടലുകൾ ഇതൊന്നും ഉപരിപ്ലവമായി ഒരു വ്യവസ്ഥയുടെ ഘടനയിൽ മാത്രമല്ല മാറ്റമുണ്ടാക്കിത്തീർക്കുന്നത്.വ്യക്തികളിൽ, വ്യക്തി ജീവിതങ്ങളിൽ, വ്യക്തി താൽപര്യങ്ങളിൽ, വ്യക്തിയധിഷ്ഠിത കാഴ്ചപ്പാടുകളിലൊക്കെയായി സൂക്ഷമ സ്വാധീനം ചെലുത്തുന്ന പ്രയോഗരീതികളും കൂടെയാവുന്നു ഇവയൊക്കെ.വിവര സാങ്കേതിക വിദ്യയുടെ വ്യാപനം പുതിയ ലോകക്രമത്തിന്റെ കാരണ ഹേതുക്കളിലൊന്നായി.. പ്രവാസം അത്രമേൽ സ്വാഭാവികമായ ജീവിതാനുഭവമായി. അപ്പോഴീ ജീവിതം പശ്ചാത്തലമാകുന്ന കഥകളിൽ ഈ പുതു ലോക ജീവിത രീതികളും വാക്കുകളും കാലാവസ്ഥകളുമൊക്കെ കടന്നു വരുന്നു.

കോർപ്പറേറ്റ് ലോകത്തിന്റെ സ്വത്വവിചാരങ്ങളിൽ വിവരസാങ്കേതികവിദ്യ ഇഴപിരിക്കാനാവാത്ത വിധം ഭാഗഭാക്കാവുന്നു.സ്വത്വവിചാരധാരകളുടെ ഒരു പരിമിതി ഇതര സ്വത്വങ്ങളുടെ നിരാസമാണ്. സാങ്കേതിക വിദ്യയും സാങ്കേതിക ലോകങ്ങളിലെ ജീവിതവും കഥകളിലെത്തുമ്പോൾ സമാന ജീവിത പരിസരങ്ങളിലുള്ളവർക്ക് അവിടെ താദാത്മ്യപ്പെടൽ സാധ്യമാണ്. അപ്പോൾ അതുമായി പരിചയിക്കാത്തവർ ഈ കഥകളെങ്ങനെ വായിക്കും? ഈ കഥകളിലേക്കെങ്ങനെ അകത്ത് കടക്കും? നവലോകജീവിതത്തെ അടയാളപ്പെടുത്തുന്ന കഥകളെഴുതുന്ന ഒരെഴുത്തുകാരൻ എന്ന നിലയിൽ കഥാകൃത്ത് നേരിടുന്ന പ്രതിസന്ധിയാണിത്. പക്ഷേ ആ പ്രതിസന്ധിയെ എഴുത്തുകാരൻ തന്ത്രപരമായി മറികടക്കുന്ന കാഴ്ച ‘ഓർമ്മച്ചിപ്പിൽ ‘ കാണാം.ചിപ്പിലേക്കയാൾ ഓർമകളെ നിറയ്ക്കുന്നു. അമ്മയ്ക്കും മകനുമിടയിലെ അനുഭൂതി പരിസരങ്ങൾ, ജീവിതാനുഭവങ്ങൾ, ജീവിതം സാധ്യമായ ഭൂപ്രകൃതികൾ ഇതൊക്കെ കഥയിലുപയോഗിച്ച് കഥയെ സാങ്കേതിക വിദ്യാ ലോകത്തിന്റേത് മാത്രമല്ലാതാക്കി, ഈ സാങ്കേതിക അന്തരീക്ഷങ്ങൾ പരിചിതമല്ലാതിരിക്കെയും വായനക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള വാതിലുകൾ തീർത്തു വച്ചിരിക്കുന്നു. അതു വഴി ഒരു തരം അനുഭൂതി ലോകത്തേയും ബഹിഷ്കരിക്കാത്ത ഘടന കഥയ്ക്ക് കൈ വരുന്നു. തീർത്തും വ്യത്യസ്തമായ ഈ രണ്ട് തരം ധാരകളുടെ സൂക്ഷ്മമായ കൂട്ടിയോജിപ്പിക്കൽ ഈ കഥയെ വിജയിപ്പിക്കുന്നു.

k.v praveen, writer , ormmachippu

ഒരു ചോക്കു കഷ്ണത്തെ ചോക്കു കഷ്ണമായി കാണുന്ന ആധുനികതയുടെ ലോകബോധത്തിൽ നിന്നും വ്യത്യസ്തമായി ഉത്തരാധുനികത അതിന്റെ നോട്ടങ്ങളെ കേന്ദ്രീകരിക്കുന്നത് ശിഥിലീകരിക്കപ്പെട്ട ചോക്കു തരികളിലേക്കാണ്. ചോക്കു തരികൾക്ക് ശ്രദ്ധ കിട്ടുന്നു എന്നത് വസ്തുതയാണെങ്കിലും ഒരു വ്യവസ്ഥ എന്ന നിലയിൽ ചോക്കുകഷ്ണത്തിന്റെ സ്ഥിരതയെ ഈ വീക്ഷണകോൺ വ്യത്യാസം വെല്ലുവിളിക്കുന്നു. ഈ ശൈഥില്യം വ്യക്തി ബന്ധങ്ങളിലും കാണാം. ഉത്തരാധുനിക ഭൂപ്രകൃതിയിലാണ് പിറവിയെന്നതിനാൽ തന്നെ കെ.വി പ്രവീണിന്റെ കഥകളിലും ഒരു സ്വഭാവമായി ഇത് കാണാം. ചിത്രദുർഗം, വണ്ടർ വുമൺ തുടങ്ങിയ കഥകളെ ഇവിടെ ഉദാഹരിക്കാം. വ്യക്തി ജീവിതത്തിലെ താളപ്പിഴകൾ സീമയെന്ന സ്ത്രീയുടെ സ്ഥലകാലങ്ങളുമായുള്ള മുഴുവൻ ബന്ധങ്ങളെയും തകരാറിലാക്കുന്ന കാഴ്ച ചിത്രദുർഗത്തിൽ കാണാം. വണ്ടർ വുമൺ എന്ന കഥയിലെ മെർലിൻ, ഗീതാ രമേഷ് തുടങ്ങിയ കഥാപാത്രങ്ങളും ഇതേതരം അസ്ഥിരപ്പെടലുകളെ അടയാളപ്പെടുത്തുന്നു.

നവ മൂലധന ഇടപെടലുകൾ തൊഴിൽ മേഖലയിൽ സാധ്യമാക്കിയ മാറ്റങ്ങളിലൊന്ന് സ്ഥിരത എന്നതിനെ തൊഴിൽ സ്വഭാവത്തിൽ നിന്ന് മുറിച്ചെടുത്തു കളഞ്ഞു എന്നതാണ്. അത് കൂടുതൽ അസ്ഥിരമായ മനുഷ്യജീവിതങ്ങളെ സൃഷ്ടിക്കുന്നു.രാഷ്ട്രീയ ആകുലതകളിൽ നിന്ന് വ്യക്തികളെ വഴി തിരിച്ചുവിടാനുള്ള വഴി. വ്യക്തി ജീവിതത്തിൽ അരക്ഷിതത്വങ്ങളെ സൃഷ്ടിക്കലാണെന്ന് മുതലാളിത്ത മൂലധനത്തിന് നല്ല തീർച്ചയുണ്ടായിരുന്നു. തൽഫലമായി അരാഷ്ട്രീയത തഴച്ചുവളർത്താവുന്ന കോർപ്പറേറ്റ് ലോകങ്ങളിൽ വിപണിയുടെ വൻ സാധ്യതകൾ അത് കണക്കുകൂട്ടുന്നു. നവലോകത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഈ ഭൂമികയാണ് ജാക്പോട്ട്, അസിമോവിന്റെ രാത്രി തുടങ്ങിയ കഥകളിൽ കാണാനാവുന്നത്. അനിശ്ചിതത്വങ്ങളുടെയും അസ്ഥിരപ്പെടലുകളുടേയും പ്രതീകാത്മക ബിംബങ്ങളാണ് ‘ജാക്ക് പോട്ടി,ലെ ക്രിസ് ധരണി, ‘അസിമോവിന്റെ രാത്രി’യിലെ ജോൺ മുതലായ കഥാപാത്രങ്ങൾ. ഒരു കയ്യിൽ ജീവിതത്തെയും വാരിപ്പിടിച്ച് അതിജീവനത്തിനായി ഓടേണ്ടി വരുന്ന കുറേയധികം മനുഷ്യരുടെ പ്രതിനിധാനമായിത്തീരുന്നു ഈ കഥകൾ.

സൈബർ ലോക മാതൃകകളിൽ നിന്ന് മാറി നിൽക്കുന്ന രണ്ട് കഥകളാണ് ഓർമച്ചിപ്പ് എന്ന കഥാസമാഹാരത്തിലുള്ളത്;ആശുപത്രി ജീവനക്കാരിയായ റീനയുടെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ‘സീബ്ര ‘യും ആബേൽ എന്ന കുട്ടിയിലൂടെ നമ്മളെ കൈ പിടിച്ച് നടത്തുന്ന ‘കയേൻ’ എന്ന കഥയും. ശരിതെറ്റുകളെക്കുറിച്ചും അതിന്റെ നിർമിതികളിലേക്കുള്ള പ്രിവിലേജിന്റെ ഇടപെടലിനെക്കുറിച്ചും അതുമൂലമുണ്ടാകുന്ന സംഘർഷങ്ങളെക്കുറിച്ചുമുള്ള അന്വേഷണങ്ങളാണ് ഈ കഥയുടെ കാതൽ.

k.v praveen, writer , ormmachippu
ഫോട്ടോ : മനോജ്‌ ഭാസി

സമകാല രാഷ്ട്രീയത്തെ അതിന്രെ ഏറ്റവും നൂതനമായ അടയാളപ്പെടുത്തകളിലൂടെ കാണുന്ന ഈ കഥകൾ. വേണമെങ്കിൽ ടെക്നോഫിക്ഷൻ എന്നോ ഫിക്ഷൻ സയൻസ് എന്നോ പറയാവുന്നവ.അങ്ങനയെുളള സാഹിത്യ പ്രയോഗങ്ങളുണ്ടാകില്ല. പക്ഷേ ഇവിടെ പറയാൻ മറ്റ് വഴികളില്ലെന്ന് തോന്നുന്നതിനാലാണ് ഇത് ഉപയോഗിക്കാൻ ആലോചിക്കുന്നത്. സാങ്കേതിക വിദ്യയുടെ സാധ്യതകളെ മലയാള ചെറുകഥാ സാഹിത്യത്തിൽ അധികമാരും ഉപയോഗിച്ചിട്ടില്ല. അതിന്രെ വിനിമയ മാർഗങ്ങളിൽ ആ സാധ്യതയെ സാഹിത്യമായി പരാവർത്തനം ചെയ്യുന്നതിൽ വിജയിക്കാനാകാതെ പോവുകയുമാണ് ചെയ്തത്. എന്നാൽ, ആ മേഖലയുടെ സാധ്യതകൾ പരീക്ഷിക്കപ്പെടുമ്പോൾ,, ഈ കഥയെഴുത്ത് ചിലപ്പോൾ ചില വായനക്കാർക്ക് കഥയുടെ ഉളളിലേയ്ക്കുളള സഞ്ചാരം ചെറിയൊരു ബുദ്ധിമുട്ടുണ്ടാകും. ഇതുവരെ വായിച്ച, ഫിക്ഷനോ സയൻസ് ഫിക്ഷനോ അല്ല, മറിച്ച് പുതിയൊന്നാണിത്. സാങ്കേതിവിദ്യയെയും സയൻസിനെയും രാഷ്ട്രീയത്തെയും മനുഷ്യനും എല്ലാം സ്വാംശീകരിക്കുന്ന കലയായാണ് പ്രവീണിന്രെ കഥയെഴുത്ത് വികാസംപ്രാപിക്കുന്നത്. ഇങ്ങനെയൊരു രീതിശാസ്ത്രത്തിൽ മലയാള കഥയെഴുത്ത് അതിന്രെ സജീവ മുഖം പ്രകാശിപ്പിച്ചിട്ടില്ലാത്തതിനാൽ വായനക്കാർ അമ്പരപ്പ് ഉണ്ടായേക്കാനുളള സാധ്യതയുണ്ട്. എന്നാൽ അധികകാലമില്ലാതെ ആ അമ്പരപ്പിനെ മറികടക്കാൻ ആ വായനക്കാർക്ക് പോലും സാധിക്കും.

എഴുതപ്പെടുന്ന കഥകളൊന്നും കഥകളായി മാത്രം നിലനിൽക്കുന്നില്ല. ചരിത്രത്തിൽ നിന്ന് നടന്ന് പോരുകയും വരാനിരിക്കുന്ന ചരിത്രത്തിലേയ്ക്ക് കൊടുക്കൽ വാങ്ങലുകൾ നടത്തിക്കൊണ്ടുമല്ലാതെയും ഒരാഖ്യാനവും നിലനിൽക്കുന്നില്ല. അങ്ങനെ വരുമ്പോൾ, നവലോക ജീവിതക്രമങ്ങളെ കേവല കാല്പനികതയുടെയോ ഭൂതകാലാവേശം തേടലിന്റെയോ ആതുരതകളില്ലാതെ അടയാളപ്പെടുത്താൻ കഴിയുന്നു എന്നിടത്താണ് കെ.വി. പ്രവീണിന്റെ കഥകൾ പ്രസക്തമാവുന്നത്.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Orma chip kv praveen jipsa puthupanam

Next Story
വെട്ടിക്കളഞ്ഞ വരി – പി എൻ ഗോപീകൃഷ്ണൻ എഴുതിയ കവിതp.n gopikrishnan , amalayalam, poet,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express