Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ഒരിക്കലും മരിക്കില്ലെന്ന് അവർ പറഞ്ഞ സൂര്യച്ചിറകുകൾ – കഥ – ആരതി അശോക്

“അവർക്കിടയിലുയർന്ന ശബ്ദങ്ങളിൽ ഏറ്റവും വലുത് നിശ്ശബ്ദതയായിരുന്നു. അവരിരുവരും ഓരോരുത്തരിലേയ്ക്കും ചുഴിഞ്ഞിറങ്ങിയിരുന്നതിനാൽ അവരുടെ രക്തം ഒന്നാണെന്നവർ തിരിച്ചറിഞ്ഞിരുന്നു”

ഡിസംബറിൽ കാറ്റ് വീശും. ജനുവരിയിൽ ചൂട് പതുക്കെ ഉയരാൻ തുടങ്ങും. ഫെബ്രുവരിയിലും മാർച്ചിലും ഓരോ ദിവസവും മറ്റൊന്നിനേക്കാൾ പൊള്ളിക്കും.ഏപ്രിലും മേയും നെരിപ്പോടാണ് .മനുഷ്യർ ചൂടേറ്റു മരിക്കും.സൂര്യതാപമേറ്റു വീഴും.ചിലപ്പോൾ ചർമ്മം നേർത്തതാവുകയും നഖം തട്ടുമ്പോൾ മൊളിഞ്ഞുവരികയും ചെയ്യും അതിന്റെനീറ്റൽ ദിവസങ്ങളോളം നീണ്ടു നിൽക്കും.

പെൺകുട്ടിക്ക് പനിയാണ്. മാൽക് അവളുടെ നെറ്റിയിൽ കൈവച്ചുനോക്കി”.ഔ !” “പൊള്ളുന്നു” അവൾ പറഞ്ഞു.പെൺകുട്ടി ഒന്നും മിണ്ടിയില്ല അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു.കണ്ണുകൾചിമ്മുമ്പോൾ അവൾ അവളുടെ അമ്മയുടെ തനിപ്പകർപ്പായിരുന്നു മാൽക് തുവർത്തെടുത്തു അതിലെ തണുത്ത വെള്ളം പിഴിഞ്ഞുകളഞ്ഞു അവളുടെ നെറ്റിയിൽ ചേർത്തു. പെൺകുട്ടി ഒന്നനങ്ങി. അവൾ ചൂടുള്ള കയ്യെത്തിച്ചു തോർത്ത് മാറ്റാൻ ശ്രമിച്ചു. മാൽക് ശാസനയോടെ അവളുടെ കൈ പിടിച്ചു മാറ്റി. പൊടുന്നനെ പെൺകുട്ടി കണ്ണ് മിഴിക്കുകയും മാൽക് നിമിഷമാത്രയിൽ അവളുടെ കണ്ണുകളിൽ കാട്ടുകഴുകന്മാർ ചിറകടിക്കുന്നതു കാണുകയും ചെയ്തു.

“എന്താ, എന്താ പറ്റിയത്?” മാൽക് മന്ത്രിച്ചു. പെൺകുട്ടി തൻറെ അടുത്തു ഇരു ന്ന മാൽക്കിനെ കണ്ട് വീണ്ടും കണ്ണുകളടച്ചു .
“പോവണ്ട , പോവരുത് ” പെൺകുട്ടി പിറുപിറുത്തു.

മാൽക് അവളെ തലോടി. “ഇല്ല, ഞാനിവിടെത്തന്നെയുണ്ട്. ഉറങ്ങിക്കോ” പെൺകുട്ടി ഞരങ്ങി “വെള്ളം,വെള്ളം”.”ഞാനിപ്പോൾ കൊണ്ടുവരാം”. അവൾ തിരിഞ്ഞു മേശപ്പുറത്തിരുന്ന വെള്ളമെടുത്തു.പെൺകുട്ടി എഴുന്നേറ്റിരിക്കാനാഞ്ഞു. അപ്പോൾ മാൽകിന്റെ ഭർത്താവ് അവിടേക്കു കടന്നു വന്നു

“പനി എങ്ങനെയുണ്ട് ?” ഇരിക്കുന്നതിന് മുൻപ് അയാൾ ചോദിച്ചു.മാൽക് പെൺകുട്ടിക്ക് വെള്ളം കൊടുക്കുമ്പോൾ അവൾ കണ്ണുകൾ നിലത്തുറപ്പിച്ചിരിക്കുന്നതു ശ്രദ്ധിച്ചു.പെൺകുട്ടി പതുക്കെ ചെരിഞ്ഞു കിടന്നു.ആ ചുമൽ ചുമരിനു നേരെ തിരിഞ്ഞത് മാൽക്കിന് കാണാം. അവൾക്കു എഴുന്നേൽക്കണമെന്നില്ലായിരുന്നു.പക്ഷെ ഊണിനു സമയമായിരുന്നു. പെൺകുട്ടിയെയും നോക്കി അയാൾ ഇരുന്നു. അയാളുടെ ചുണ്ടുകൾ ചെറുതായനങ്ങി.
“നിങ്ങൾക്ക് വിശക്കുന്നില്ലേ?”മാൽക് അയാളോട് ചോദിച്ചു. ചെറുതായൊന്നു ഞെട്ടിയത് പോലെ അയാൾ കണ്ണുകളുയർത്തി.

“ഞാൻ കഴിച്ചു”പരുപരുത്ത തറയിൽ ചരൽക്കല്ലുകളുരക്കുന്നതു പോലെയായിരുന്നു അയാളുടെ ഒച്ച അയാൾ പുറത്തേക്കു നടന്നു.

മേശപ്പുറത്ത് എല്ലാം നിരത്തി വെച്ചിട്ടുണ്ട്. മാൽക് ക്ഷീണിതയായി കസേരയിലിരുന്നു. കഴിഞ്ഞ രാത്രി അവൾ ഉറങ്ങിയിട്ടില്ല. അയാൾ പാതി തിന്ന പ്ലേറ്റ് മേശപ്പുറം വൃത്തികേടാക്കി കിടന്നിരുന്നു.അയാൾ ടി വി ഓൺ ചെയ്തിരിക്കുന്നു. യു പി യിൽ ശക്തമായ സഖ്യം തരംഗം സൃഷ്ടിച്ചിരിക്കുന്നു എന്ന് വാർത്ത. അയാളുടെ മുഖത്ത് അവജ്ഞ നിറഞ്ഞ ചെറുചിരി. തങ്ങിനിന്നു. അയാൾ ശബ്ദം കുറച്ചിരുന്നെങ്കിൽ എന്നവളാശിച്ചു .അവളുടെ തലക്കുള്ളിലെ മിടിപ്പ് ശക്തമായി . അവളെന്തോപറയാൻ ശ്രമിച്ചുവെങ്കിലും അയാൾ ടിവിയിൽ ആമഗ്നനാ യിരുന്നു.അൽപ്പം ചോറ് വാരിവിഴുങ്ങിയെന്നു വരുത്തി അവൾ വസ്ത്രങ്ങൾ കഴുകാനെഴുന്നേറ്റു.ഉറക്കത്തിന്റെ കൂമ്പാരം പോലെ വസ്ത്രങ്ങൾ.അവ ഓരോന്നായി എടുക്കുമ്പോൾ അവൾക്കു പെൺകുട്ടിയുടെ പനിച്ചൂട് വിരൽത്തുമ്പിലനുഭവപ്പെട്ടു. അവൾക്കിപ്പോൾ പെൺകുട്ടിയുടെ ശബ്ദം കേൾക്കാം. പനിക്കിടക്കയിൽ കിടന്നു പിച്ചും പേയും പറയുന്നത്. അവൾ കാതു കൂർപ്പിച്ചു എന്താണവൾ പിറുപിറുക്കുന്നത് ? .ശബ്ദം വ്യക്തമാകുന്നതുവരെ കാക്കാൻ പോലും വയ്യാത്തത്ര ക്ഷീണിതയായിരുന്നു അവൾ.കുട്ടിക്കു സുഖമില്ലാത്തതിനാൽ അവൾ കഷ്ടപ്പെട്ട് സമ്പാദിച്ച അവധി എടുത്തിരിക്കുകയാണ്.അമ്മയില്ലാത്തകുട്ടി…. .അവളുടെ ഉൾമുറിവുകൾ …. കുട്ടിയുടെ അമ്മയായിരുന്ന തന്റെ സഹോദരിയെ അവൾക്ക് ഓർമ്മ വന്നു അവളുടെ മന്ദഹാസവും അവർ നടന്ന വെയിൽവഴികളും .ഐ സി യു വിനു മുന്നിൽ നിന്ന അഞ്ചുദിവസങ്ങൾ അവൾ ഓർക്കുന്നു. രക്തം തരാൻ തയ്യാറായി വരിനിന്ന സുഹൃത്തുക്കളെയും..പ്രസവത്തിനു ശേഷം അമ്മക്കെന്തു സംഭവിച്ചു എന്നറിയിക്കാതെ ഒരു രാത്രി മുഴുവൻ കടന്നു പോയിരുന്നു.കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നാണ് അവർ പറഞ്ഞത്.രക്തസ്രാവം കുറഞ്ഞു.പക്ഷെ അവർ ഓരോ ഡോക്ടർമാരെയും മാറി മാറി മുറിയിലേക്ക് വിളിച്ചു  കൊണ്ടിരുന്നു അപ്പോൾ മാത്രം അമ്മയായവൾ കിടക്കയിൽ അബോധാവസ്ഥയിൽ കിടന്നു..നേരം പുലർന്നപ്പോൾ അവർ ഇനി തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നറിയിച്ചു .പെട്ടെന്നവളെ മറ്റൊരു മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റി.അത്രയും സമയം മാൽക് , കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ അടക്കിപ്പിടിച്ചു,. ഓരോ തുള്ളി പാൽ വായിലിറ്റിച്ചു കൊടുത്തുകൊണ്ടിരുന്നു. .അഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അത് അമ്മയില്ലാത്ത കുഞ്ഞായി .

arathy asok ,story

ടി വി ഓഫ് ചെയ്യാനായി അവൾ അടുക്കളയിൽ നിന്നയാളെ തിരിഞ്ഞു നോക്കി.തലക്കുള്ളിലെ വിങ്ങൽ ഇപ്പോൾ ഉച്ചത്തിലുള്ള മേട്ടമായിരിക്കുന്നു.അവളുടെ മേൽ ഇപ്പോൾ തന്നെ ഒരു മഴ ഇടി വെട്ടി പെയ്തേക്കും.അടുക്കള പുകയുകയാണ് .സിങ്ക് നിറയെ പാത്രങ്ങൾ കൂട്ടി യിട്ടിരിക്കുന്നു .ഷെൽഫിൽ പാൽ തൂവിപ്പോയതിൽ ഉറുമ്പുകൾ കൂടിനിന്നു .ടി വി യിൽ ഇപ്പോൾ വർത്തമാന രാഷ്ട്രീയ ചർച്ചയാണ്.ചില സംസ്ഥാനങ്ങളിൽ നെഹ്‌റുവിനെ പാഠ പുസ്തകങ്ങളിൽ നിന്ന് നീക്കിയിരിക്കുന്നു നെഹ്റുവിനെ കുറിച്ചായി അവളുടെ ചിന്ത. ആ പേര്…ചുവന്ന രത്നം! സോഷ്യലിസം കൊണ്ട് എന്ത് ചെയ്യുവാനാണ് നെഹ്‌റു ആഗ്രഹിച്ചത്? അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.അദ്ദേഹം തുടങ്ങിവെച്ച മാർഗം എവിടെയാണ് നിന്നുപോയത് ?എപ്പോഴാണ് അദ്ദേഹമെഴുതിയ കത്തുകളിൽ നിന്ന് മകൾ വളർന്നു വലുതായത് ? അടിയന്തരാവസ്ഥയാണോ അവരെ സ്വന്തം പൈതൃകത്തെ വിസ്മരിക്കാൻ കഴിയുന്ന ഒരിന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ചത്? വാസ്തവത്തിൽ അങ്ങനെ ഒരു പൈതൃകം ഉണ്ടായിരുന്നുവോ?എവിടെ പോയി അതിന്റെ രൂപരേഖകൾ? ഒരു ക്ലാസ്സുമുറിയുടെ ചുമരിൽ ഏതോ വിദ്യാർത്ഥി എഴുതിവെച്ച വിപ്ലവം എന്ന വാക്ക് അവൾ ഓർത്തു. ഒരു പെൺകുട്ടിയാണ് പരാതിപ്പെട്ടത് വകുപ്പ് മേധാവിയെ കാണാൻ വന്നപ്പോൾ ആ പെൺകുട്ടിയുടെ കണ്ണിലെ ചുളിവുകളും മുഖത്തെ പുച്ഛവും അവളുടെ ശ്രദ്ധയിൽ പെട്ടിരുന്നു.അവളുടെ ആലോചന അപ്പോഴേക്കും ഫഹദ് ഷായിലേക്ക് എത്തിയിരുന്നു. പക്ഷെ, തന്റെ ചെവിക്കോണിലൂടെ പെൺകുട്ടി മുരളുന്നത് അവൾക്കു കേൾക്കാമായിരുന്നു.” അവർക്കു ക്ലാസ്സ് രാഷ്ട്രീയവൽക്കരിക്കണമായിരുന്നു. അല്ലെങ്കിൽ എന്തിനാണവർ ആ വാക്ക് അവിടെ എഴുതി വെച്ചത്?അതും ചുവപ്പിൽ. അതൊരു കറപോലെയുണ്ട്.വൃത്തികെട്ടതും വികൃതവും .ക്ലാസ് റൂം വീണ്ടും പെയിന്റടിക്കണം. വെള്ള പൂശണം”.

അവളുടെ കൈ വിറക്കാൻ തുടങ്ങിയിരുന്നു.വിയർപ്പ് താഴേക്കൊഴുകാതിരിക്കാനവൾ ശ്രദ്ധിച്ചു. പാത്രം കഴുകിത്തുടങ്ങിയപ്പോൾ പെൺകുട്ടി എന്തോ വിക്കി വിക്കി പറയുന്നതു കേട്ടപോലെ അവൾക്കു തോന്നി.അതൊരു മർമ്മരമായിരുന്നു.പക്ഷെ അതവളുടെ തലക്കകത്തു മുഴക്കമായി.

എന്തുകൊണ്ടാണ് പനി വന്നതെന്നവൾക്കറിയില്ല. ജലദോഷം ഉണ്ടായിരുന്നില്ല.കടുത്ത വെയിലും ഇല്ലായിരുന്നു. ആ കുഞ്ഞു ജനിച്ചു വീണ അന്ന് തൊട്ടു അവർ രണ്ടുപേരും മഴയിൽ നനഞ്ഞ പക്ഷികളെപ്പോലെ പരസ്പരം ചേർത്ത് പിടിച്ചു .മറ്റാരും ഇല്ലായിരുന്നു.അത് വളരുന്നത് അവൾ നോക്കിനിന്നു.കൈകാലുകളും വായും നഖങ്ങളും… അവൾ പഠിക്കാൻ പോയപ്പോൾ ചെറിയമ്മ വന്നു. പക്ഷെ, അവളുടെ ഉള്ളിൽ ഒരമ്മയുടെ ആന്തൽ ഉണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞു കുഞ്ഞിനോടൊപ്പം ചേരാൻ അവൾ കാത്തിരുന്നു കുട്ടിയുടെ .അച്ഛൻ സൈന്യത്തിലേക്കു തിരിച്ചു പോവുകയും അവധിക്കു അതിനെ കാണാൻ വരികയും ചെയ്തു. അവളുടെ അധ്യാപക ജോലി കുട്ടിയോടോപ്പം താമസിക്കുന്നത് സാദ്ധ്യമാക്കി. അവൾ തൻറെ ജീവി തം കുട്ടിയുടെ ആവശ്യങ്ങൾക്ക് ചുറ്റും ക്രമപ്പെടുത്തി. അവരിരുവരും ഏകമായ ഒരുൾവിളിയോടെ അവരുടെ ജീവിതത്തിലേക്ക് പരസ്പരം ഇഴുകിച്ചേർന്നു. മരിച്ചവരുടെ നിഴലുകളൊഴിച്ചു മറ്റാരും അവർക്കു ചുറ്റും ഉണ്ടായിരുന്നില്ല. മരിച്ച അമ്മമാർ അവർക്കു മുകളിൽ തൂങ്ങിക്കിടന്നു. തങ്ങൾ തങ്ങളാൽ തന്നെ നിറഞ്ഞിരിക്കുന്നു എന്നവർ ഭാവിച്ചു.അവരുടെ മൗനവും അവരുടെ പൊട്ടിച്ചിരിയും അവൾ എന്നോ താമസിച്ചിരുന്ന,മാവുകൾ പൂത്തുനിൽക്കുകയും അവളുടെ അച്ഛനമ്മമാർ കരുതലോടെ അവളെയും സഹോദരിയെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്ത പഴയൊരു വീടിന്റെ ചുമരുകളിൽ അലയടിച്ചു. ആ കണ്ണുകളില്ലാതായപ്പോൾ അവൾക്കു വേരുകൾ നഷ്ടമായി . സഹോദരിയും രക്തം വാർന്നു മരണപ്പെട്ടപ്പോൾ അവൾ ചിറകൊടിഞ്ഞ പട്ടമായി. ആ കുഞ്ഞുമൊഴികൾ മാത്രമാണ്. അവളിൽ പ്രകാശമുദിക്കുന്ന പുലരികളും നിലാവ് കൊളുത്തുന്ന രാത്രികളും ഇനിയും ഉണ്ടെന്ന തോന്നൽ ഉളവാക്കിയത്.

arathy asok, story

ചെറിയമ്മ കല്യാണത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയും വിവാഹം കഴിച്ചു അയാളോടൊപ്പം താമസിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തതിനുശേഷം, മുന്നോട്ടു വെച്ച ഓരോ ചുവടിലും അവർക്കു കാലിടറി .അവരുടെ കൊച്ചു വാടകവീട്ടിൽ അയാൾ അധികപ്പറ്റായി തോന്നി. പല ഷിഫ്റ്റുകളിൽ ആയിരുന്നത് കൊണ്ട് അയാൾ മിക്കപ്പോഴും വീട്ടിലുണ്ടാവുകയും ചെയ്തു.രാത്രി അവൾ കുട്ടിയെ തൊട്ടടുത്തുള്ള കൊച്ചു മുറിയിൽ ആക്കിയപ്പോൾ, കുട്ടി ജീവിതത്തിലാദ്യമായി അനാഥപ്പെട്ടു കരഞ്ഞു. തലേന്ന് വരെ അവരുടെതായിരുന്ന കിടപ്പറ യുടെ അടഞ്ഞ വാതിൽക്കൽ ചെന്ന് നിന്നു , എന്തുകൊണ്ട് താൻ അവളെ വിളിക്കാൻ ഭയപ്പെടുന്നു എന്ന് ഇരുട്ടിനോടാരാഞ്ഞു. എന്തിനാണയാൾ അവൾ അയാളുടേത് മാത്രമാണെന്നത് പോലെ പെരുമാറുന്നത് . ഒരിക്കൽ മുറിക്കുള്ളിൽ നിന്ന് അവളുടെ അമർത്തിയ കരച്ചിൽ കേട്ടപ്പോൾ അവളും തന്നെക്കാണാൻ വെമ്പൽ കൊള്ളുകയാവും എന്ന് കുട്ടിക്കു തോന്നി..പക്ഷെ നേരം പുലർന്നപ്പോൾ വാതിലിനു പുറത്തു വീണുറങ്ങിയ കുട്ടിയെ വാരിയെടുത്തപ്പോൾ അവൾ ഉണങ്ങിയ ക ണ്ണീർപ്പാടുകൾ അല്ല കണ്ടത്.പിഞ്ഞിക്കീറിയ കുഞ്ഞുഹൃദയമാണ് അവളുടെ ഉള്ളവും നൊന്തു. രാവിലെ സ്കൂളിൽ വിടുമ്പോൾ അവൾ കുറെ നേരം കുട്ടിയെ ചേർത്ത് പിടിച്ചു. ഇരുവരും കണ്ണിൽ കണ്ണിൽ നോക്കി ഒന്നും പറയാതെ നിന്നു .

അവർക്കിടയിലുയർന്ന ശബ്ദങ്ങളിൽ ഏറ്റവും വലുത് നിശ്ശബ്ദതയായിരുന്നു. അവരിരുവരും ഓരോരുത്തരിലേയ്ക്കും ചുഴിഞ്ഞിറങ്ങിയിരുന്നതിനാൽ അവരുടെ രക്തം ഒന്നാണെന്നവർ തിരിച്ചറിഞ്ഞിരുന്നു.ബാക്കി എല്ലാവരും അവർക്കന്യരായിരുന്നു. കാരണം, കുട്ടി ഒറ്റപ്പെടുമെന്ന ഭീതിയിൽ അവൾ എല്ലാവരെയും അകലത്തു നിർത്തി. ഇടനാഴിയിൽ വെച്ച് ഒരിക്കലവൾ ചുംബിച്ചവനെ ഉൾപ്പെടെ.പക്ഷെ വിവാഹിതയായപ്പോൾ അവൾ കുട്ടിയെ അടുത്ത മുറിയിലാക്കി അതിൻറെ ഒറ്റപ്പെടൽ മറക്കാൻ ശ്രമിച്ചു. അതിന് ഒരച്ഛനുണ്ടാവട്ടെ എന്നായിരുന്നു അവളുടെ കരുതൽ . ചില വൈകുന്നേരങ്ങളിൽ അയാൾ കുട്ടിയെ കൂട്ടിക്കൊണ്ടു വന്നു.അധികം ക്ലാസ് എടുക്കേണ്ടി വന്നപ്പോഴും ബാക്കി ജോലികൾ തീർക്കാനുണ്ടായപ്പോഴും അയാൾ കുട്ടിയോടൊപ്പമിരുന്നു. കുട്ടിയെ കുറിച്ച് തന്നെപ്പോലെ തന്നെ ചിന്തിക്കുവാൻ മറ്റൊരാൾ കൂടി ഉണ്ടാവുന്നതിൽ അവൾ കൃതാർത്ഥയായി അങ്ങനെയുള്ള ദിവസങ്ങളിൽ അയാൾ തന്റെ ശരീരത്തിൽ വരയ്ക്കുന്ന വേദനകൾ അവൾ മറക്കും. കുട്ടി കേൾക്കാതിരിക്കാൻ വേണ്ടി അവൾ അടക്കി പിടിക്കുന്ന തേങ്ങലും . ചിത്രശലഭത്തിന്റെ ചിറകു പോലെ ഇടനാഴിയിലെ ഒരേ ഒരു ചുംബനവും അവൾ വിസ്മരിക്കും. എപ്പോഴോ മനസ്സിൽ കുലച്ച മഴവില്ലുകളും.

arathy asok, story

ഇപ്പോൾ ആ ഞരക്കം ഉറക്കെയായിരിക്കുന്നു. അതോ അവൾക്ക് തോന്നിയതാണോ? ടി വി അപ്പോഴും തുറന്നിരിക്കുകയാണ്.അതിന്റെ ശബ്ദത്തിൽ കുട്ടിയുടെ ഒച്ച കേൾക്കാൻ കഴിയുമായിരുന്നില്ല.അവൾ മെഴുക്കുപുരണ്ട തുണിയിൽ കൈകൾ തുടച്ചു , അഴുക്കു പിടിച്ച സിങ്കിലേക്കു ഒരിക്കൽ കൂടി കണ്ണു പായിച്ചു, കുട്ടിയുടെ നേരെ തിരി ഞ്ഞു. അയാൾ ടി വി യുടെ മുന്നിൽ ഉണ്ടായിരുന്നില്ല. പനി പിടിച്ചു സന്നി കയറിയ കുട്ടിയെ കിടത്തി ഉറക്കിയ മുറിയിലേക്ക് തിരിഞ്ഞപ്പോൾ അവൾ വെറുങ്ങലിച്ചു നിന്ന് പോയി. അതൊരു നിശ്ചലചിത്രമായിരുന്നു.അവൾ അത് നോക്കിനിന്നു. വാതിൽ ഒരു ദ്വാരം. അവളുടെ കണ്ണുകൾ മറ്റാരുടേതോ. അവ അവളുടെ തലയിലെ രണ്ട് ഗോളങ്ങൾ മാത്രം. ശരീരം തുളച്ചു കയറുന്ന മെയ് മാസത്തിലെ സൂര്യനെപ്പോലെ ചുട്ടുപഴുത്ത ഗോളങ്ങൾ. അവൾക്കു ചുറ്റും കടൽ, ജലം വറ്റിയ മണൽപ്പരപ്പായി നീണ്ടു കിടന്നു.കുട്ടി പനിയോടെ എഴുന്നേറ്റിരിക്കുകയായിരുന്നു. അതിന്റെ മെലിഞ്ഞ ശരീരം ചുമരിലേക്കു കുഴിഞ്ഞിറങ്ങിയിരുന്നു.. ഒരിക്കൽ അവൾ കഴുകൻമാർ പറക്കുന്നത് കണ്ട ആ കണ്ണുകൾ ഇപ്പോൾ ആകെ കലുഷമായിരുന്നു. അനുഭവിക്കാൻ പോകുന്ന വേദനയെക്കുറിച്ചുള്ള ഭീതിയിൽ അതിന്റെ വിരലുകൾ ചുമരിലേയ്ക്ക് ആഴ്ന്നിറങ്ങിയിരുന്നു. അവളുടെ ഭർത്താവായിരുന്ന മനുഷ്യൻ കുഞ്ഞിന് നേരെ തിരി ഞ്ഞു നിൽക്കുകയാണ് .അയാളുടെ പുറകുവശം അവൾക്കു നേരെ.അവൾക്കയാളുടെ മുഖം കാണാൻ കഴിയുമായിരുന്നില്ല.പക്ഷെ അവൾക്കു നേരെയുള്ള അയാളുടെ പുറകുവശത്തിന്റെ അസാധ്യമായ ബലം അവൾക്കൂഹിക്കാം .അയാളുടെ വലതു കൈ കുട്ടിയുടെ നേർക്ക് നീണ്ടിരുന്നു.ഒരേസമയം അതിനെ പിടിക്കാനാഞ്ഞും പേടിപ്പെടുത്തിയും .നേരത്തെ കേട്ട ഞര ക്കങ്ങൾ ഇപ്പോളവളുടെ കാതിൽ ഇടിനാദം പോലെയുള്ള നിലവിളിയായി.

“വേണ്ട. അരുത്, എനിക്ക് വേദനിക്കുന്നു . വേണ്ട.അരുത് എനിക്ക് വേദനിക്കുന്നു വേണ്ട അരുത് എനിക്ക് വേദനിക്കുന്നു.വേണ്ട അരുത് എനിക്ക് വേദനിക്കുന്നു . എനിക്ക് വേദനിക്കുന്നു എനിക്ക് വേദനിക്കുന്നു …എനിക്ക് വേദനിക്കുന്നു”

അവൾ മുറിക്കുള്ളിലേക്ക് കടന്നപ്പോൾ അയാൾ അവിശ്വാസത്തോടെ തിരിഞ്ഞു നോക്കി, അയാളുടെ മുഖത്തൊരു ചോരച്ചിരി ഇറ്റുനിന്നു , കിടക്കയിൽ കുഴഞ്ഞു വീണ കുട്ടിയെ വാരിയെടുക്കുന്നതിനു മുൻപ് അത് ഒരു നിമിഷം അവളുടെ കണ്ണിലുടക്കി.അവൾകുട്ടിയുടെ മുഖം തുടച്ചു അതിനെ തന്നോട് ചേർത്തു പിടിച്ചു. അയാൾ എന്തോ പറയാൻ ശ്രമിച്ചപ്പോൾ അയാളെ കുത്തിക്കീ റാനുള്ള വാൾത്തലപോലെ അവൾ ഒരു കൈ ഉയർത്തി; അതയാളുടെ ഉദരത്തിലേക്കു കടത്തി ആഴത്തിൽ ചുഴറ്റി. കൊഴുത്ത ചുടുരക്തം ഒഴുകി തന്റെ കൈകൾ കുതിരുന്നത് വരെ. അയാൾ അതനുഭവിച്ചു;.അവൾ അറിഞ്ഞത്..കുട്ടിയെ അടക്കിപ്പിടിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് വാതിലിലൂടെ പുറത്തേക്കു നടന്നു. മയക്കത്തിലായ കുട്ടിയെ തന്റെ കിടക്കയിൽ കിടത്തി ഉടുപ്പുകൾ മാറ്റി. അപ്പോഴും അയാൾ മുറിയിൽ അവൾ ഉപേക്ഷിച്ചിടത്ത് തന്നെ നിൽക്കുകയായിരുന്നു. മരുക്കാറ്റിന്റെ ശാന്തതയുറഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു .” ഞാൻ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയാണ്. തിരിച്ചുവരുമ്പോൾ. നിങ്ങളെ.  ഇവിടെ.  കാണരുത്.

അസ്ഥികൾ പോലെ വരണ്ട സൂര്യനിലേയ്ക്ക് പറക്കുന്ന പക്ഷിയുടെ അവസാനത്തെ ആവൃതികൾ പോലെയായിരുന്നു അവളുടെ ചുവടുകൾ.

വിവർത്തനം: പി എൽ ലതിക

Read More : ആരതി അശോക് എഴുതിയ മറ്റ് രണ്ട് കഥകൾ ഇവിടെ വായിക്കാം:  മീന്‍ മുറിവുകള്‍

പർപ്പിൾ പൂക്കളുടെ സൂസാന്ന

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Orikalum marikilennu avar paranja suryachirakkukal short story arathy asok

Next Story
ഡ്രാക്കുളയുടെ നിഴൽ​ – കോട്ടയം പുഷ്പനാഥ് എഴുതുന്നുkottayam pushpanath malayalam novelist,
The moderation of comments is automated and not cleared manually by malayalam.indianexpress.com