/indian-express-malayalam/media/media_files/uploads/2019/02/karun-1.jpg)
ഒരാള്‍ക്ക് ഒരു പ്രണയമേ ഉള്ളൂ എന്ന് ഒരു പുസ്തകത്തില്‍
ഞാന്‍ വായിക്കുന്നു: ഒരു വലിയ പ്രണയം,
a big love*
എങ്കില്‍,
വലിയ കടല്‍പോലെയോ
വലിയ പര്‍വ്വതം പോലെയോ
ഒന്നായിരിക്കണം അത്.
നീണ്ടുനിന്ന ഒരു പകലായിരിക്കണം
അല്ലെങ്കില്‍, ഇപ്പോഴും
ഓര്‍ക്കുമെന്നുറപ്പുള്ള സന്ദര്‍ശനം:
എല്ലാ കാത്തിരിപ്പുകള്‍ക്കും വളരെ മുമ്പേ
അത് ആരംഭിച്ചിരിക്കുന്നു.
എനിക്കറിയില്ല.
ഞാന്‍ പക്ഷെ പ്രാര്‍ത്ഥിക്കുന്നു:
ദൈവമേ! അതിനാല്‍
വലുതൊന്നും എനിക്ക് സമ്മാനിക്കല്ലേ എന്ന്.
ഞാന്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുന്നു.
എന്റെ കാല്‍മുട്ടുകള്‍
വേദനിക്കുന്നതുവരെ.
വലുതൊന്നും എനിക്ക് സമ്മാനിക്കല്ലേ എന്ന്.
വലിയൊരു കടലിനുമുമ്പില്‍ എന്നെ
ഒറ്റയ്ക്ക് നിര്‍ത്തി പോരല്ലേ –
ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
എന്തെന്നാല്‍, ഞാന്‍ കരയില്‍ വീഴുകതന്നെ ചെയ്യും.
രണ്ടു തിരകള്‍ക്കിടയില്‍
ഉടല്‍ തേടുന്ന ഒരു നിഴല്‍
പെട്ടെന്ന് കടലില്‍ കാണാതാകും
മൂന്നാമത്തെ തിര അതേ നിഴല്‍ എടുത്ത്
വീണ്ടും പിറകിലേക്ക് ഏറിയുംഎന്നെത്തന്നെ കാണാതാക്കും...
/indian-express-malayalam/media/media_files/uploads/2019/02/karun-3.jpg)
അതിനാല്‍,
വലിയൊരു പര്‍വ്വതത്തിനു മുമ്പിലോ
നീണ്ട പകലിലോ എന്നെ
നിര്‍ത്തി പോരല്ലേ –
ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
അന്ധനായ ഒരാളുടെ ഭാവനകൊണ്ട്
ഇനിയും എന്നെ ഓര്‍മ്മകളുടെ
വിശ്വസ്തനക്കല്ലേ –
ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു:
എന്റെ ദൈവമേ!
അതിനാല്‍, വലുതൊന്നും നീ
എനിക്ക് സമ്മാനിക്കല്ലേ.
ഒന്നും.
പ്രണയവും.
•പോള്‍ ആസ്റ്ററുടെ നോവല്‍, 4321 ഓര്‍മ്മ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.