ഓണപ്പതിപ്പിലെ എഴുത്തുവിശേഷങ്ങള്‍- ഭാഗം 3

ഉൾക്കനമുള്ള കതിരുകൾ പഴയവരിൽ നിന്നോ പുതിയവരിൽ നിന്നോ പൊട്ടി മുളച്ചത്  ഇത്തവണ, വേറിട്ട രുചിവിഭവങ്ങളെന്തൊക്കെ, ആരും കാണാ നക്ഷത്രം ഉദിച്ചുവോ അക്ഷര വിളവെടുപ്പിനിടെ, ഏതു കാഴ്ചയുടെ കാണാപ്പുറമാണ് ഇത്തവണ കൺമിഴിച്ചത് എന്നെല്ലാം 2020ലെ ഓണപ്പതിപ്പിലെ കഥകളെ മുൻനിർത്തിയുള്ള  അന്വേഷണത്തിന്‍റെ മൂന്നാം ഭാഗം

Surendran poonthottathil, onam kathakal, iemalayalam

ശരാശരി മലയാളി മാത്രമല്ല മലയാള സാഹിത്യവും കാത്തിരിക്കുന്നുണ്ട് ഓണവരവിനെ. ഓണപ്പതിപ്പുകൾ വിളമ്പുന്ന  അക്ഷര സദ്യ, ഓരോ അക്ഷര സ്നേഹിയും ആകാംക്ഷയോടെ, കൗതുകത്തോടെ, പ്രതീക്ഷയോടെയാണ് വായിച്ചു തീർക്കാറ്. ആഴ്ചപ്പതിപ്പുകളും മാസികകളും കൃത്യമായി വായിക്കാൻ കിട്ടാത്തതോ വായിക്കാനാവാത്തതോ ആയ സ്ഥിതിവിശേഷത്തിൽ കൂടി  കടന്നു പോകുന്നയാളായാൽ കൂടിയും ഓണപ്പതിപ്പുസമൃദ്ധികൾ ഏതു മലയാളി മൂലയിലെയും ഏതൊരക്ഷരപ്രിയരും കാത്തിരിക്കുന്നുണ്ട്. ഓണത്തിൻ്റെ അക്ഷരോത്സവപ്പതിപ്പുകൾ വരും ആഴ്ച വരുന്നുവെന്ന പരസ്യം വിരിയുമ്പോൾ തന്നെ ഹൃദയമിടിപ്പുകൂടി, കാത്തുകാത്തിരിക്കുന്നുണ്ട് എവിടെയൊക്കെയോ ഏതെല്ലാമോ മലയാളികൾ, ഒറ്റയ്ക്കും കൂട്ടായും.  ഉൾക്കനമുള്ള കതിരുകൾ പഴയവരിൽ നിന്നോ പുതിയവരിൽ നിന്നോ പൊട്ടി മുളച്ചത്  ഇത്തവണ, വേറിട്ട രുചിവിഭവങ്ങളെന്തൊക്കെ, ആരും കാണാ നക്ഷത്രം ഉദിച്ചുവോ അക്ഷര വിളവെടുപ്പിനിടെ, ഏതു കാഴ്ചയുടെ കാണാപ്പുറമാണ് ഇത്തവണ കൺമിഴിച്ചത് എന്നെല്ലാം 2020ലെ ഓണപ്പതിപ്പിലെ കഥകളെ മുൻനിർത്തിയുള്ള  അന്വേഷണത്തിന്‍റെ മൂന്നാം ഭാഗം.

കഥനചാതുര്യത്തിൻ്റെയും നവകാഴ്ചകളുടെയും കഥകൾ

സമകാലിക കഥയുടെ വേരുകൾ ആഴത്തിൽ ആണ്ടിറങ്ങിയതാണെന്നു നമുക്കറിയാം. കുറെ പതിറ്റാണ്ടുകൾക്കു മുമ്പേ തുടങ്ങി വ്യത്യസ്തങ്ങളായ വിവിധ തലങ്ങൾ പിന്നിട്ട്, അതാതു കാലത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ അന്തരീക്ഷം കൃത്യമായി അടയാളപ്പെടുത്തിയ കഥകൾ ഉരുവം കൊണ്ടു. ഇതിവൃത്തത്തിലും ആഖ്യാനത്തിലും ഒക്കെ മാറ്റങ്ങൾ ഉണ്ടായി. പരീക്ഷണങ്ങൾ പലതും നടന്നു.

ടി പത്മനാഭൻ മുതൽ എം പി പവിത്ര വരെയുള്ളവരുടെ കഥകളാണ് മലയാള മനോരമ ഇത്തവണത്തെ വാർഷികപ്പതിപ്പിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്. കഥയെഴുത്തിൽ ആറോ ഏഴോ പതിറ്റാണ്ടുകൾ പിന്നിട്ടവർ മുതൽ സമീപകാലത്തു എഴുതുന്നവർ വരെ ഇതിലുണ്ട്. ടി പത്മനാഭന്റെ കഥകളിൽ കാണുന്ന അനുതാപത്തിന്റെ അലകൾ അന്നും ഇന്നും ഒരു പോലെ. എന്നാൽ അതാതു കാലത്തെ അവസ്ഥകൾ അതിൽ രേഖപ്പെടുത്തുന്നുമുണ്ട്.

കോവിഡ് 19 ഇന്നും ലോകമാകെ പടരുകയാണ്. കഥയുടെ പ്രമേയത്തിൽ അതിനു നിർണായക പങ്കുണ്ട്. സി രാധാകൃഷ്ണൻ വിശാദാംശങ്ങളുടെ അനുയോജ്യമായ വിവരണങ്ങളാലും സംഭവങ്ങളുടെ യുക്തിസഹമായി മാത്രം പരികല്പന ചെയ്യപ്പെട്ട ഇതിവൃത്തതിനാലും കഥയുടെ കെട്ടുറപ്പ് നിലനിർത്തുന്നു. എം മുകുന്ദൻ അതാതു കാലത്തെ സാമൂഹികാവസ്ഥ മാത്രമല്ല, ഒരു പടി കൂടുതൽ കടന്നും എഴുതിയിട്ടുണ്ട്. ആ ടെമ്പോ കാത്തുസൂക്ഷിക്കുന്നു എന്നതിന് തെളിവാണ് ഇതിലെ കഥ.

വായനക്കാരൻ എന്ന നിലയിൽ ചില നിരീക്ഷണങ്ങൾ മാത്രമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എല്ലാ കഥകളും ഉൾപ്പെടുത്തിയിട്ടില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രസക്തി ഉള്ളവയാണ് ഇവ. വേറെയും കഥകളുണ്ട്. എല്ലാം ഉൾപ്പെടുത്തുക സാധ്യമല്ലലോ.

എം മുകുന്ദന്റെ പ്രണയം 2019

പെൺകുട്ടികൾ അണിഞ്ഞൊരുങ്ങുന്നതു എന്തിനാണ്? ആരെങ്കിലുമൊക്കെ നോക്കണമെന്ന് ആശിക്കാത്തവർ അവരിൽ എത്ര പേർ കാണും? എന്നാലും അപ്പൂപ്പൻറെ പ്രായമുള്ള ഒരാളുടെ വിക്രിയകൾ അല്പം കടന്നത് തന്നെ. പി പി രാമചന്ദ്രൻറെ ഒരു കവിതയുണ്ട്. ഞാനിവിടെയുണ്ടെന്നറിയാൻ ഒരിളം തൂവൽ താഴോട്ട് പതിച്ചാൽ മതിയത്രെ. അത്രമേൽ ലളിതമാണ് ഈ കഥയും. എന്നാൽ അഞ്ചു പതിറ്റാണ്ടു കഥകൾ എഴുതി വായനക്കാരെ വിസ്മയിപ്പിച്ച ഒരാൾ ഇത്രയും ഋജുവായി ഒരു കഥ മെനയുമ്പോൾ നമുക്ക് പിടിതരാതെ പോകുന്ന കാര്യം എന്താണ് എന്നല്ലേ? കഥയുടെ അവസാന ഖണ്ഡികയിൽ എല്ലാമുണ്ട്.
യുവതി സർവകലാശാലയിൽ ഒന്നാം സ്ഥാനം നേടി പരീക്ഷ പാസ്സായി. അച്ഛൻ ശ്രീധരൻ മേസ്തിരി പത്രത്തിൽ ഫോട്ടോ കൊടുപ്പിച്ചത് കാശ് ചെലവാക്കിയാണ്. ആ പടം കണ്ട് പെണ്ണിനോട് പ്രേമം തോന്നിയ എഴുപതിനാല് കഴിഞ്ഞ വയോവൃദ്ധൻ ഇറങ്ങി പുറപ്പെട്ടത്, ‘ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്ന്’ തോന്നും വിധവും!

അഗമ്യഗമനത്തിന്റെ പല അടരുകൾ നമ്മുടെ ചുറ്റുമുണ്ട്. അത് കൺതുറന്നു കാണാനുള്ള വഴിയാണത്. അതിലെ ശരിതെറ്റുകൾ കഥയിൽ ചർച്ച ചെയ്യപ്പെടുന്നില്ല. സമൂഹത്തിൽ നടമാടുന്ന പല അറകളിലേക്കും വെളിച്ചം വീശുക മാത്രമാണ് സാഹിത്യകാരൻറെ കർത്തവ്യം. ബാക്കിയുള്ളത് വായനക്കാർ മനസ്സിലിട്ടു ഉരുക്കഴിക്കുക; താന്താങ്ങളുടെ നിഗമനങ്ങളിലേക്കുള്ള വാതിൽ തുറക്കപ്പെടും. ശേഷം ചിന്ത്യം.Surendran poonthottathil, onam kathakal, iemalayalam

ടി കെ ശങ്കരനാരായണൻറെ കൃതി ഫെസ്റ്റ്

സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളെ പരിചയപ്പെട്ടതോടെ എഴുത്തുകാരനാണെന്ന ഗരിമ ഊതി വീർപ്പിച്ച പെരുമ മാത്രമാണെന്നും തന്നെ പോലുള്ളവർ ഒരു കുമിള മാത്രമാണെന്നും ഉള്ള ഒരു തിരിച്ചറിവ് ഉണ്ടായെന്ന കാര്യം അതി ലളിതമായി പറയുകയാണ്  ടി കെ ശങ്കരനാരായണൻ.

കഥയോ നോവലോ ഒക്കെ എഴുതി പ്രസിദ്ധീകരിച്ചു അംഗീകാരം നേടിയെന്നും, തന്നെപോലുള്ളവരെ നാലാൾ അറിയുമെന്ന ഗർവിൽ യാത്രക്കൊരുമ്പെടുന്ന എഴുത്തുകാരനെ സിമ്പിൾ ആയ ചില ചോദ്യങ്ങളാലും സ്വയം വെളിപ്പെടുത്തലുകളിലൂടെയും ഫെലിക്സ് ജോൺ എന്ന കർഷകൻ നേരിടുന്നു. മുൻപ് സർക്കാർ ജോലി ഉണ്ടായിരുന്നുവെന്നും പെൻഷൻ പറ്റിയശേഷം തൊടീലിറങ്ങി അധ്വാനിച്ച് കർഷകശ്രീ പട്ടം വരെ നേടിയെന്നും ദിവസവും മെമുവിൽ കിലോമീറ്ററുകളോളം യാത്ര ചെയ്തു, കയ്യിൽ കരുതിയ -സ്വന്തമായി അധ്വാനിച്ചു നേടിയതിൽ നിന്ന് മിച്ചം പിടിച്ചതാണെന്നു ഓർക്കണം – ആയിരം രൂപ വീതം ദിവസവും ആവശ്യക്കാരെ സ്വയം കണ്ടെത്തി ചെലവാക്കുന്നതാണ് ഇപ്പോഴത്തെ തൻ്റെ പ്രവൃത്തിയെന്നും പറയുന്നു.

ഇവിടെ ഒരു ചോദ്യമുയരുന്നു. ആരാണ് കേമൻ? സുഹൃത്തുക്കളും സഹ എഴുത്തുകാരുമായ രണ്ടു പേരുടെ സാന്നിധ്യം തൻ്റെ കൃതിയുടെ പ്രസാധനത്തിന് (ആറ്റുനോറ്റുണ്ടായ കുഞ്ഞിന്റെ പേരിടൽ കർമ്മം പോലെ പ്രധാനപെട്ടതാണ് ഒരെഴുത്തുകാകാരന് തൻ്റെ കൃതിയുടെ പ്രസാധന ചടങ്ങ് എന്നൂഹിക്കാം) എത്തുമോ എന്ന അത്യധികമായ ആകാംക്ഷ. മറ്റെയാൾ മറ്റുള്ളവർക്കായി തൻ്റെ അധ്വാന ഫലം പങ്കിട്ടു നൽകി ആത്മാർത്ഥമായ ആത്മഹർഷം നേടുന്നു. എന്നിട്ടു അതൊന്നും ആരോടും വെളിപ്പെടുത്താതെ സന്തോഷമായി ദിനങ്ങൾ ചെലവിടുന്നു. പകയോ പരിഭവമോ ഇല്ല, ശുഭപ്രതീക്ഷ മാത്രം.Surendran poonthottathil, onam kathakal, iemalayalam

ഉണ്ണി ആറിന്റെ അവൻ വരും

വളരെ ലളിതമെന്നു തോന്നിപ്പിക്കുന്ന പ്രതീതി ഉളവാക്കുന്ന കഥയാണ്. എളുപ്പം വായിച്ചു പോകാമെന്നു ധരിച്ചു വശായവർ, കഥ തീർന്നു എന്ന് കരുതുന്നിടത്താണ് കഥയുടെ തുടക്കമെങ്കിലോ? വായിച്ചവസാനിപ്പിച്ചു കഴിഞ്ഞാലും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തി കൊണ്ടേയിരിക്കുന്നതാണ് യഥാർത്ഥ കഥ എന്നാണല്ലോ.

പതിനഞ്ചു വയസിലെ ആദ്യകൊലപാതകം മുതൽ ഇരുപത്തിരണ്ടാം വയസിലെ നാലാമത്തെ കൊല വരെ. ഒടുവിലത്തേതിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വിമോചിതനായി വാർധക്യത്തിന്റെ അവസാന ലാപ്പിൽ തൻ്റെ ജീവനെടുക്കാനെത്തുന്ന ‘അവനെ’ കാത്തിരിക്കുന്ന വൃദ്ധനാണ് കഥാപാത്രം. ക്വട്ടേഷൻ നടപ്പാക്കുന്നതിനിടെ പൊലിഞ്ഞ മൂന്നു ജീവനെപ്രതിയും അയാൾക്ക് യാതൊരു മനഃസ്താപവുമില്ല. ഒടുവിലത്തെ കൊല പക്ഷെ അയാളെ വികാര വിക്ഷുക്ബ്ധനാക്കുന്നു. താൻ ചെയ്തത് തെറ്റാണെന്ന കുറ്റബോധം അയാളെ നിരന്തരം വേട്ടയാടുന്നു.

‘പ്രിയപ്പെട്ട ആരുടെയോ പേര് ഉച്ചരിച്ചുകൊണ്ടാണ് ആ നിമിഷത്തിൽ പോലും വേവലാതിപ്പെട്ടതെന്നു തോന്നി’ എന്ന് മനസ്സിലാക്കുമ്പോൾ കൊലയാളിയുടെ ഉള്ളു നെരിപ്പോടാകുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരെയോ പറ്റി ഇര ആശങ്കാകുലനാവുന്നതു അയാൾ അറിയുന്നതോടെ ആ തൊഴിൽ തന്നെ വേണ്ടെന്നു തീരുമാനിക്കുന്നു.

സാക്ഷി ഇല്ലാതിരുന്നിട്ടും നിയമത്തിനു മുമ്പിൽ കീഴടങ്ങി സ്വയം ശിക്ഷ ഏറ്റുവാങ്ങിയത് കേട്ടറിയുന്ന പെൺകുട്ടി അയാൾക്കു നേരെ ചൂണ്ടിയ തോക്ക് പിൻവലിക്കുന്നു. ഒടുക്കം തുരുമ്പെടുത്ത ഒരായുധത്തിനു മുന്നിൽ തന്നെ നിർത്തിക്കൊണ്ട് എഴുത്തുകാരൻ പിൻവാങ്ങുന്നു. മാനവികത തെളിഞ്ഞു നില്കുന്നിടത്താണ് കഥയുടെ അവസാനം എന്നത് ശോഭ പകരുന്നു.Surendran poonthottathil, onam kathakal, iemalayalam

ഇന്ദു ഗോപന്റെ പതിനെട്ടരക്കമ്പനി

പതിനെട്ടര കവികൾ എന്ന് കേട്ടിട്ടുണ്ടല്ലോ. ഇവിടെ ഒരു വലിയ ഗാംഗിന്റെ പേരാണ് പതിനെട്ടരക്കമ്പനി . ‘പിടിച്ചതിനേക്കാൾ വലുത് അളയിൽ’ എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ചെറുക്കൻ മുറുക്കാൻ കടയിൽ എത്തുന്നത്. ഷൂട്ടിങ്ങിനായി ഏതാനും സോഡാക്കുപ്പി വേണം. അതാണ് ആവശ്യം. ഇപ്പോൾ അത് മറ്റെവിടെയും കിട്ടാനുമില്ല. അങ്ങനെയാണ് അവിടംവരെ എത്തിയത്. അവൻ അന്നാട്ടുകാരനല്ല. അതിനാൽ ഭാഷയുടെ പ്രയോഗത്തിലും ഉണ്ട് ചില്ലറ വ്യതിയാനങ്ങൾ.

ചലച്ചിത്ര ദൃശ്യം പോലെയാണ് കഥയുടെ ആഖ്യാനം. സംഭവങ്ങൾ ഒന്നൊന്നായി ഫ്രെയിമുകളായി നമ്മുടെ മുന്നിൽ വരുന്നു. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന ചൊല്ല് അന്വർത്ഥമാക്കും വിധമാണ് കഥയുടെ പര്യവസാനം. സിനിമ ഷൂട്ട് നടക്കുന്നത് ആരെപ്പറ്റിയാണോ അതിലെ ഒരംഗത്തെയാണ് ഷൂട്ടിംഗ് സഹായിയായ പയ്യൻ അന്വേഷിച്ചു കണ്ടെത്തുന്നത് എന്ന് അവൻ അറിഞ്ഞതേയില്ല. ഒടുവിലെ അവൻ്റെ ഞെട്ടൽ വായനക്കാരന് കൂടി പകർന്നു നല്കാൻ കഥയ്ക്കാവുന്നുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമായ കഥാകൃത്ത് രചന നിർവഹിച്ചിരിക്കുന്നത് സിനിമയിലെ രംഗങ്ങൾ മാറിമറിയുന്നതു പോലെയാണ്.Surendran poonthottathil, onam kathakal, iemalayalam

ടി പത്മനാഭന്റെ ആക്രി

കോവിഡ് 19 എന്ന മഹാമാരി നാടാകെ ഭീതി പകർന്നു കൊണ്ട് താണ്ഡവമാടി മനുഷ്യരെ അസ്തപ്രജ്ഞരാക്കുന്ന വേളയിൽ, തൻ്റെ രാഷ്ട്രീയ നിലപാട് കഥയിലൂടെ വ്യക്തമാക്കുകയാണ് ടി പത്മനാഭൻ. എന്താണ് ആക്രി എന്ന് എല്ലാവർക്കും അറിയാം. ഒരു കാലത്തു നമുക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ഒരു ഉപകാരണമോ വസ്തുവോ, കാലം കടന്നു പോകെ ഉപയോഗമില്ലാത്തതാകുന്നു. അതോടെ അതിനെ ഏതെങ്കിലും മൂലയിലേക്കോ അട്ടത്തോ തള്ളുന്നു. കുറെ നാൾ പിന്നിടുമ്പോൾ നാമത് ഓർക്കുക പോലുമില്ല. വർദ്ധക്യമാകുമ്പോൾ ചോരയും നീരും വറ്റി ഒന്നിനും കൊള്ളതാകുന്ന മനുഷ്യജന്മങ്ങളെയും അതു പോലെ കരുതുന്ന ആസുരകാലമാണിത് എന്ന് വ്യംഗ്യമായി സൂചിപ്പിക്കുകയാണ് കഥയിൽ.

രാമേട്ടൻ എന്ന കഥാപാത്രം തൻ്റെ പ്രവൃത്തികളെ ന്യായീകരിക്കുന്നത് ഒരു പൊതുപ്രവർത്തകന്റെ ഊറ്റത്തോടെയാണ്. പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും വിശ്വാസവും പുലർത്തുന്ന ആൾ. പാർട്ടിക്ക് ഒരിക്കലും തെറ്റ് പറ്റില്ല എന്ന് വിശ്വസിക്കുന്നവൻ. കോവിഡിന്റെ വ്യാപനത്തെ തുടർന്ന് അയാൾക്ക് ഒരു മന്ദിപ്പ്, ഉഷാർ ഇല്ലായ്മ, ആളുകളോട് ചേർന്ന് നിൽക്കാനും മിണ്ടിപ്പറയാനും പറ്റാത്ത അവസ്ഥ. അത് അയാളെ തളർത്തുന്നു. ഗവണ്മെന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ആക്രി സാധനങ്ങൾ വിറ്റു കിട്ടുന്ന തുക കൊടുക്കാം എന്ന നിർദേശം വന്നപ്പോൾ ആഖ്യാതാവ് തന്ടെ വീട്ടിലുമുണ്ട് ഒരെണ്ണം എന്ന് അറിയിക്കുന്നു അതെന്താണെന്നതാണ് കഥയുടെ കാതൽ.

Surendran poonthottathil, onam kathakal, iemalayalam

ബി മുരളിയുടെ വെള്ളപ്പൊക്കത്തിൽ

ഇതേ പേരിൽ തകഴിയുടെതായി ഏറെ പ്രശസ്തമായ ഒരു കഥ ഉണ്ടെന്ന് കഥാകൃത്തു തന്നെ കഥയിൽ വെളിപ്പെടുത്തുന്നുണ്ട്. അത് അപ്പനപ്പൂപ്പന്മാരുടെ പിൻഗാമികളുടെ കാലത്തുണ്ടായ ദുരിതപ്പെയ്ത്തിന്റെയും വെള്ളപ്പൊക്കത്തിൽ വീടിന്റെ മേൽക്കൂര മാത്രം തെളിയും വിധം മുങ്ങിപ്പോയതുമായ സംഭവങ്ങൾ.

സമകാലത്തെ വെള്ളപ്പൊക്കത്തിന്റെ വിഷയം ഒരു പെണ്ണുകാണലിന്റെ പിന്നാമ്പുറ വിശേഷങ്ങളും അതിന്റെ പരിണത ഫലങ്ങളും ആണ്. ഹാസ്യാത്മകമെങ്കിലും ഇന്നിന്റെ നേര് വെളിവാക്കുകയാണ് ഉദ്ദേശ്യം. ആഖ്യാനം സറ്റയർ രൂപത്തിൽ ആയത് വായന സുഗമമാക്കുന്നു.

‘എന്നിട്ടെന്തായി…’ എന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ട് കഥയെ മുന്നോട്ടു നയിക്കാനുള്ള ശ്രമം വിജയിക്കുന്നുണ്ട്. സ്വന്തം കുഞ്ഞമ്മ അമ്പലത്തിൽ പോകാൻ ഇറങ്ങിയതാണ്. പോകുന്ന പോക്കിൽ ചേച്ചിയേയും അവരുടെ സന്താനത്തെയും ഒന്നു കാണണം, വിശേഷങ്ങൾ അറിയണം. വിവാഹ പ്രായമായ ചെറുക്കനാണ്. ഇന്നത്തെ കാലത്തു പഠിച്ച പിള്ളേർക്ക് അവരവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള തന്റേടമുണ്ട്. തുറന്ന മനസ്സോടെ പരസ്പരം സംസാരിക്കുകയും ചെയ്യും. എന്നാൽ തൻ്റെ ഭാവി എങ്ങനെ സുരക്ഷിതമാക്കുമെന്നാണ് പയ്യന്റെ നോട്ടം .

സി രാധാകൃഷ്ണന്റെ ബുദ്ധൻ  ചിരിച്ചുകൊണ്ടേയിരിക്കുന്നു

മലയാളത്തനിമ കിനിയുന്ന ശൈലിയുടെ ഉടമയിൽ നിന്നും ഉറവെടുത്ത പുതിയ കഥയിൽ ആഖ്യാതാവും പ്രധാനവേഷത്തിലെത്തുന്നു. ഒരു അപസർപ്പക കഥയുടെ ഉദ്വേഗവും പിരിമുറുക്കവും ചടുലതയും എല്ലാം വായനയിൽ അനുഭവവേദ്യമാകുന്നു. തൻ്റെ യൗവ്വനാരംഭകാലത്തു നാടിനെ നടുക്കിയ കൊലയും അതിനു കാരണക്കാരനായതെന്നു വിശ്വസിക്കുന്ന സുഹൃത്തും കഥയിൽ നിറഞ്ഞു നില്കുന്നു. ഔദ്യോഗിക ആവശ്യാർത്ഥം ജോലിസ്ഥലവും താമസവും കൊടൈക്കനാൽ, പൂനെ, ഡൽഹി, ബോംബെ എന്നിങ്ങനെ മാറിക്കൊണ്ടിരിക്കുന്നു.

പഴയ സംഭവത്തിൻറെ തീക്ഷണതയും, സുഹൃത്തിനോടുള്ള അനുതാപവും കാരണം ആറടിയിലധികം പൊക്കമുള്ള ആരെ കാണുമ്പോഴും അയാളെ പിന്തുടരുക എന്നതൊരു ശീലമാകുന്നു. ഒരു ഘട്ടത്തിൽ തന്റെ നേരെയാണ് സംശയത്തിന്റെ മുന നീളുന്നതെന്ന് ആഖ്യാതാവ് ഞെട്ടലോടെ അറിയുന്നു. സാഹചര്യം തനിക്കെതിരാണ്!

തുടർന്നുള്ള കാര്യങ്ങൾ പഴയ സിനിമ നോട്ടീസിൽ കാണാറുള്ളതുപോലെ ‘ശേഷം വെള്ളിത്തിരയിൽ’ എന്നേ പറയാനാവൂ. സന്ത്രാസം കഥയുടെ ഒടുക്കം വരെ നില നിർത്താനാവുന്നുണ്ട്, പരിണിത പ്രജ്ഞനായ കഥാകൃത്തിന്. ശാന്തം പാപം. പാവത്താനും നാണം കുണുങ്ങിയുമായിരുന്ന പഴയ ക്ളാസ്സ്മേറ്റ് സേതു എന്ന ഐ പി എസ് ഓഫീസർ തുണയ്ക്കായി എത്തുന്നു. ബുദ്ധന്റെ സാത്വിക മനസ്സിനുടമയാണദ്ദേഹം . അദ്ദേഹത്തിന് ഇക്കാര്യത്തിൽ എന്ത് ചെയ്യാനാവും ? അതിക്രമത്തിന് വിധേയയായ മീനുവിനെ സഹായിക്കാൻ വന്ന ആ അജ്ഞാതൻ ആര്? അതാണ്, അത് കണ്ടെത്തുകയാണ് കഥയുടെ കാതൽ.Surendran poonthottathil, onam kathakal, iemalayalam

യു എ ഖാദറിന്റെ വനജ

പെരുമയുടെയും കൂടാതെ മറ്റു കഥകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച യു എ ഖാദറിന്റെ ഏറ്റവും പുതിയ രചനയാണിത്.

വനജയ്ക്ക് വാടകക്ക് ഒരു വീട് വേണം. ജോലി ചെയ്യുന്ന ഓഫീസിനു അരികത്തായിരിക്കണം. വാടക കുറവായിരിക്കണം. എന്നും അങ്ങോട്ടും ഇങ്ങോട്ടുമായി രണ്ടു മണിക്കൂർ യാത്ര ചെയ്തു ഓടി നടന്നാണ് വീടും ഓഫീസുമായുള്ള അകലം താണ്ടുന്നതും, ജോലി ചെയ്യുന്നതും. പെൻഷൻ ആയ അമ്മയ്ക്കും കിടപ്പിലായ അച്ഛനും അവൾ തന്നെ വേണം തുണക്ക്. ചേട്ടൻ കുടുംബത്തോടെ ഭാര്യ വീട്ടിലേക്കു പൊറുതി മാറ്റി. ഇത്രയും നാൾ കുടുംബം നോക്കി നടത്തിയതിന് ഉണ്ടായ കഷ്ടനഷ്ടങ്ങൾ എണ്ണി പറഞ്ഞും പതം പറഞ്ഞും കൊണ്ടിരിക്കുന്ന ചേട്ടന് സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയാണ്. അമ്മക്ക് കിട്ടുന്ന പെൻഷൻ തുകയുടെ വലിപ്പത്തിലാണ് ചേട്ടന്റെ നോട്ടം. അത് യഥേഷ്ട്ടം ചെലവിടാനുള്ള സൗകര്യമാണ് വീട് മാറ്റത്തോടെ അയാൾക്ക് നഷ്ടമായത്. അതിന്റെ ചൊരുക്ക് കൊണ്ട് കൂടിയാണ് കല്യാണ പ്രായം എത്തിയിട്ടും അവിവാഹിതയായ അനിയത്തിക്ക് നൽകാതെ തറവാട്ട് വീടും പറമ്പും അയാൾക്ക് വേണമെന്ന് അയാൾ ശഠിക്കുന്നത്. കഥയുടെ തുടർന്നുള്ള ഭാഗം വായനക്കാർക്കായി വിടുന്നു. വളച്ചുകെട്ടൊ, തൊങ്ങലുകളുടെ ചാർത്തോ ഇല്ലാതെ നേരെ പറയുന്ന വിധത്തിലാണ് ആഖ്യാനം.

ഗ്രേസിയുടെ ലോസ്റ്റ് ആൻഡ് ഫൗണ്ട്

മലയാള കഥക്കെന്താണാവോ ഇംഗ്ലീഷ് തലക്കെട്ട്? വഴിയേ അറിയാം. എത്രയോ കാലമായി മലയാളത്തിന് ഒട്ടേറെ കഥകൾ സമ്മാനിച്ച കൃതഹസ്തയായ ഗ്രേസി ഇത്തവണ ഒരു അണുകുടുംബത്തിലെ സംഭവങ്ങൾ ആണ് കഥയായി അവതരിപ്പിക്കുന്നത്.

Read More : മാതൃഭൂമി ഓണപ്പതിപ്പിലെ കഥകളെകുറിച്ചുള്ള ആസ്വാദനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചരിത്രബോധം ഇല്ലാത്ത ഇന്ത്യക്കാർ എന്ന പഴി പറച്ചിലിൽ അച്ഛന് വിശ്വാസമില്ല. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ ‘സംബരകം ‘ എന്ന ഗോത്രവർഗങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന മകൾ. ചരിത്രത്തിൽ നിന്നും നിഷ്കാസിതരായ അവരെക്കുറിച്ചു ‘ലോസ്റ്റ് ആൻഡ് ഫൗണ്ട് നോവെയർ’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അവളുടെ ഗവേഷണവും അമ്പലത്തിൽ ശാന്തിക്കാരനായെത്തുന്ന യുവാവും തമ്മിലെന്ത് എന്നതിനുള്ള ഉത്തരം കഥയിലെ നിഗൂഢതയാണ്. പയ്യെ പയ്യെ അതിലേക്കു വിശ്വസനീയമാം വിധം എത്തിക്കുന്നത് ക്രാഫ്റ്റിലെ മിടുക്കാണ്.

‘ചില നേരങ്ങളിലെ ചിരിയും കരച്ചിലും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നു സ്ഥാപിക്കാൻ ഉദ്ദേശമില്ലാത്തതുകൊണ്ടു ഞാൻ ആത്മനിയന്ത്രണം പാലിച്ചു എന്നും,’ എന്നിട്ടും ഒരിളം കാറ്റു പോലെ മകൾ പാറിപ്പോവുന്നതു നോക്കി ഞാൻ വെറുതെ നിന്നതേയുള്ളൂ’ എന്നുമുള്ള ഒരച്ഛന്റെ മനോഗതം നിസ്സഹായതയുടെ കനം വെളിവാക്കുന്നു. ഒടുവിൽ മകൾ പുരാതന ഭാഷയിലെ പാട്ടു മൂളി പ്രാകൃതമായ ഒരു നൃത്തച്ചുവടോടെ മുറിയിലേക്ക് കയറുമ്പോൾ ഭാര്യക്ക് പരിഭ്രാന്തി, ഭർത്താവിന് ചിരി.Surendran poonthottathil, onam kathakal, iemalayalam

മധുപാലിന്റെ ഭൂമിയെ നദികളാൽ പിളർക്കുന്നു

ആളുകൾ പരസ്പരം സംസാരിക്കുകയും ആശയ വിനിമയം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഏവരുടെയും ജീവിതം നിശ്ചലവും ശൂന്യവും ആവുമെന്ന് കഥ സമർത്ഥിക്കുന്നു. മഹാമാരി ലോകമാകെ പടരുന്ന ഈ കെട്ടകാലത്തു കൂട്ടുചേരുന്നതിനു വിഘാതമായ കൊറോണ എന്ന വൈറസിനെ ഭയന്ന് മനുഷ്യൻ ഒട്ടുക്കും അകന്നു കഴിയുന്നു. പാരസ്പര്യത്തിന്റെ മഹത്വവും, കൊടുക്കൽ വാങ്ങലുകളുടെ അടുപ്പവും എക്കാലത്തും കൂടുതൽ വെളിപ്പെടുന്നു.

നേരത്തെ പരിചയമില്ലാതിരുന്നിട്ടും ഹബകുക്ക് എന്ന ഈനാശു വരത്തനായ യുവാവിനോട് കാട്ടുന്ന കരുണയും അനുതാപവും കരുതലും യേശുവിനെ ഓർമപ്പെടുത്തുന്നു. ‘Hope is a dangerous thing. Hope can drive a man insane…’ എന്ന് കഥയിലുണ്ട്. ഈനാശു വരയ്ക്കുന്ന ക്രിസ്തുവിന്റെ കണ്ണിലെ നീറ്റലും, വേവലാതിയും അയാൾക്ക് മാത്രമേ അറിയൂ. ഈനാശുവിന്റെ മുറിയിലെ വാതിൽ തുറന്നതും യുവാവിന്റെ കണ്ണ് പ്രകാശത്തിൽ മഞ്ഞളിച്ചു പോയി.

പറഞ്ഞു വരുമ്പോൾ അയാൾ സമർത്ഥിക്കുന്നത് ആഖ്യാതാവ് കാണുന്നതും കേൾക്കുന്നതും സാത്താന്റെ വാക്കുകൾ ആണെന്നാണ്. ലോകത്തിലെ മുഴുവൻ ആളുകളും കേൾക്കുന്നത് ദൈവത്തിന്റെ വചനമല്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഒരുപാടുണ്ട്. ആരെങ്കിലും ഉത്തരം കണ്ടെത്തുക തന്നെ ചെയ്യുമെന്ന് കഥ അടിവരയിടുന്നു.

സുസ്മേഷ് ചന്ദ്രോത്തിന്റെ ബാല്യത്തെ സംബന്ധിച്ച മൂന്നു സുപ്രധാന ഓർമ്മകൾ

നിർണായക കാര്യങ്ങളിൽ തീരുമാനമെടുക്കാനും അവ നടപ്പിൽ വരുത്താനുമുള്ള ഉത്തരവാദിത്തവും അധികാരവും കയ്യാളുന്നതോടെ മനുഷ്യരിൽ ചിലർക്ക് മാനവികത നഷ്ടമായേക്കാം. മറ്റു ചിലരിൽ കടന്നു പോയ അനുഭവങ്ങളുടെ തീക്ഷ്ണത ഏല്പിച്ച കഠിന വേദനയും സന്ത്രാസവും പിന്നീട് മനുഷ്യപ്പറ്റും വിഷമിക്കുന്ന ഓരോരുത്തരോടും അനുതാപം ഉള്ളവരും ആക്കിത്തീർക്കാം. ഒറ്റ വായനയിൽ ആർക്കും മനസ്സിലാകുന്ന വിധത്തിൽ ഋജുവായി പറയുന്ന കഥയിൽ വൈതരണികൾ തരണം ചെയ്ത് ഉന്നതനിലയിൽ എത്തിയ ഒരാളുടെ ഓർമകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുട്ടിലിഴയുന്ന പ്രായത്തിലേറ്റ പൊള്ളൽ, സ്കൂൾ ദിനങ്ങളിൽ ഒന്നിൽ കാൽമുട്ടിന്റെ ചിരട്ട തകർന്നത്, അപരിചിതന്റെ അതിക്രമിച്ചുള്ള കടന്നു കയറ്റത്തിന്റെ ഭയം കലർന്ന അനുഭവങ്ങൾ എന്നിങ്ങനെ ചിരകാല സ്മരണയായി മാറുന്നതിന്റെ ആഖ്യാനമാണ് ഈ കഥയിൽ.

‘ജീവിതത്തിൽ സഹിക്കാൻ തീരെ സാധിക്കാത്തതു വേദനയാണെന്നും, വേദനിക്കുന്ന ഒരാളോട് സഹജീവികൾ കാണിക്കുന്ന കരുണയിൽ വലിയൊരു മാധുര്യമുണ്ടെന്നും മനസ്സിലാക്കുന്നത് അന്നേരമാണ്. കഥയിലെ ഈ വരികൾക്ക് തിളക്കം ഉണ്ട്. പൗരത്വ നിയമം കർക്കശമാക്കുന്ന ഇക്കാലത്തു അതിർത്തിയിൽ നടക്കുന്ന പരിശോധന, തുടർന്ന് ജീവിതം രാജ്യത്തിനകത്തു സാധ്യമാകുമോ എന്ന കാര്യം തീരുമാനിക്കപ്പെടും. അകത്തോ, പുറത്തോ? വായനക്കാർക്ക് ചുണ്ടുപലകയാകുന്നത് മേല്പറഞ്ഞ സംഭവങ്ങളാണ്.Surendran poonthottathil, onam kathakal, iemalayalam

എം പി പവിത്രയുടെ അമ്മവീട്

സഹജീവികളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെ ‘അമ്മമനസിന്റെ തെളിച്ചവും തുറസും ഏറ്റുവാങ്ങുന്ന യുവതി അനപത്യദുഃഖം പേറുന്നവളാണ്. പക്ഷികൾക്ക് അരിമണികൾ വിതറിയും അലക്കി വെളുപ്പിച്ച തുണിയിൽ കാഷ്ടിക്കുന്ന അവയെ സ്നേഹപൂർവ്വം ശാസിച്ചും കഴിയുന്ന വീട്ടമ്മ.

Read More: മാധ്യമം വാർഷികപ്പതിപ്പിലേയും ദേശാഭിമാനി ഓണപ്പതിപ്പിലേയും കഥകളെ കുറിച്ചുള്ള ആസ്വാദനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാധാരണ മനുഷ്യരെപ്പോലെ പെരുമാറാത്തതിൽ അനിഷ്ടം കാട്ടുന്ന ഭർത്താവ്, തത്വജ്ഞാനം വിളമ്പി സ്വന്തം ചെയ്തികളെ ന്യായീകരിക്കരുതെന്നു ഉപദേശിക്കുന്നുണ്ട്. ഉപ്പിട്ടാൽ അലിഞ്ഞില്ലാതാകുന്ന ഒച്ചിനോടും, ഇലയറ്റത്തെ പുഴുവിനോടുമൊക്കെ കിന്നരിക്കുന്ന അവളോട്, ‘ചില ഭ്രാന്തിനു നല്ല ചുട്ട അടിയാണ് മരുന്ന്’ എന്ന് ചിരിയോടെ ഉദീരണം നടത്തുന്നുണ്ട്.

കർമഫലങ്ങൾ അനുഭവിച്ചേ തീരൂയെന്ന് ഉദ്ബോധിപ്പിക്കുന്ന പുഴു പാമ്പായി രൂപാന്തരം പ്രാപിക്കുന്നുവല്ലോ എന്ന വിഭ്രാന്തിയിൽ അവൾ അലിവോടെ വലതു കൈ നീട്ടികൊടുക്കുകയാണ് (ഖസാക്കിലെ രവിയെ ഓർമിപ്പിക്കുന്നു). പ്രമേയത്തിൽ പുതുമയില്ലെങ്കിലും ആഖ്യാനത്തിന്റെ ഓമനത്തം കൊണ്ട് വായന സുഗമമാകുന്നു.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Onapathippu short stories review part

Next Story
ഓണപ്പതിപ്പിലെ എഴുത്തുവിശേഷങ്ങള്‍- ഭാഗം 2mini sebastian , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express