ശരാശരി മലയാളി മാത്രമല്ല മലയാള സാഹിത്യവും കാത്തിരിക്കുന്നുണ്ട് ഓണവരവിനെ. ഓണപ്പതിപ്പുകൾ വിളമ്പുന്ന അക്ഷര സദ്യ, ഓരോ അക്ഷര സ്നേഹിയും ആകാംക്ഷയോടെ, കൗതുകത്തോടെ, പ്രതീക്ഷയോടെയാണ് വായിച്ചു തീർക്കാറ്. ആഴ്ചപ്പതിപ്പുകളും മാസികകളും കൃത്യമായി വായിക്കാൻ കിട്ടാത്തതോ വായിക്കാനാവാത്തതോ ആയ സ്ഥിതിവിശേഷത്തിൽ കൂടി കടന്നു പോകുന്നയാളായാൽ കൂടിയും ഓണപ്പതിപ്പുസമൃദ്ധികൾ ഏതു മലയാളി മൂലയിലെയും ഏതൊരക്ഷരപ്രിയരും കാത്തിരിക്കുന്നുണ്ട്. ഓണത്തിൻ്റെ അക്ഷരോത്സവപ്പതിപ്പുകൾ വരും ആഴ്ച വരുന്നുവെന്ന പരസ്യം വിരിയുമ്പോൾ തന്നെ ഹൃദയമിടിപ്പുകൂടി, കാത്തുകാത്തിരിക്കുന്നുണ്ട് എവിടെയൊക്കെയോ ഏതെല്ലാമോ മലയാളികൾ, ഒറ്റയ്ക്കും കൂട്ടായും. ഉൾക്കനമുള്ള കതിരുകൾ പഴയവരിൽ നിന്നോ പുതിയവരിൽ നിന്നോ പൊട്ടി മുളച്ചത് ഇത്തവണ, വേറിട്ട രുചിവിഭവങ്ങളെന്തൊക്കെ, ആരും കാണാ നക്ഷത്രം ഉദിച്ചുവോ അക്ഷര വിളവെടുപ്പിനിടെ, ഏതു കാഴ്ചയുടെ കാണാപ്പുറമാണ് ഇത്തവണ കൺമിഴിച്ചത് എന്നെല്ലാം 2020ലെ ഓണപ്പതിപ്പിലെ കഥകളെ മുൻനിർത്തിയുള്ള അന്വേഷണത്തിന്‍റെ രണ്ടാം ഭാഗം.
കാലം തെളിയാത്ത കണ്ണാടികള്‍
ബൊക്കാച്ചിയോ, ഡെക്കാമറണ്‍ കഥകളെഴുതിയതും ഷേക്സ്പിയര്‍, കിങ്ലിയറെഴുതിയതും പലകാലങ്ങളിലായി യൂറോപ്പിലാകെ പ്ലേഗ് എന്ന മഹാമാരി പടര്‍ന്നുപിടിച്ചപ്പോഴാണ്. ആല്‍ബേര്‍ കമ്യുവിന്‍റെ ‘ദ പ്ലേഗ്’ (1947) ആവട്ടെ ചരിത്രത്തിലെ പ്ലേഗിന്‍റെ കഥയല്ല, ഫ്രാന്‍സിലെ നാസി അധിനിവേശത്തിന്‍റെ ചിത്രീകരണമാണ്. സാഹിത്യത്തില്‍ രോഗം പ്രമേയമായും രൂപകമായും കടന്നുവരുമെന്ന്, ഉത്തമസാഹിത്യകൃതികള്‍ ഉടലെടുക്കുവാന്‍ മഹാവ്യാധികളുടെ കാലം കാരണമായിത്തീരുമെന്ന് ഓര്‍മ്മിച്ചുവെന്നേയുള്ളൂ.
കോവിഡ് 19 കാലത്തെ ഓണപ്പതിപ്പുകള്‍ തുറക്കുമ്പോള്‍ മനുഷ്യാവസ്ഥയുടെ ആഴമേറിയ അടരുകളെ, മനുഷ്യന്‍റെ കാഴ്ചപ്പാടുകളില്‍ സംഭവിച്ച അനിതരസാധാരണമായ മലക്കംമറിച്ചിലുകളെ പ്രതിനിധാനം ചെയ്യുന്ന എഴുത്തുകള്‍ പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ നമ്മുടെ ലോകത്തെ പുനര്‍നിര്‍വചിച്ച കാലം, സാഹിത്യത്തെ കൃത്യമായി സ്പര്‍ശിക്കാതെ കടന്നുപോയതിന്‍റെ സാക്ഷ്യങ്ങളായി മാറി, ഓണപ്പതിപ്പുകളിലെ കഥകള്‍.
ഒമ്പതുകഥളുമായി ദേശാഭിമാനിയും നാലുകഥകളുമായി മാധ്യമവും മുന്നിലിരിപ്പുണ്ട്. ടി പത്മനാഭന്‍, വൈശാഖന്‍, കെ പി രാമനുണ്ണി, സിവി ബാലകൃഷ്ണന്‍, വി ആര്‍ സുധീഷ്, ബി മുരളി, അംബികാസുതന്‍ മാങ്ങാട്, യു കെ കുമാരന്‍, സോക്രട്ടീസ് കെ വാലത്ത്, പി കെ പാറക്കടവ്, സോണിയ റഫീക്ക്, മജീദ് സെയ്ദ് എന്നിവരാണ് കാഥികര്‍.
ഓണപ്പതിപ്പുകളെക്കുറിച്ച് ചിലപതിവുനിരീക്ഷണങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. അതിനെ വകവയ്കാതെ താളുകള്‍ മറിക്കുമ്പോഴും ആ പറച്ചിലില്‍ കഴമ്പില്ലാതില്ലെന്ന് എന്നിലെ വായനക്കാരി അടക്കം പറയുന്നു. മലയാളകഥയിലെ അതിപരിചിതമുഖങ്ങളാണേറെയും സോണിയ റഫീക്കെന്നൊരു പെണ്‍വഴിയും മജീദ് സെയ്ദെന്നൊരു പുതുവഴിയും കണ്ടു മടുപ്പില്ലാത്ത വായനയെന്നത് മടുപ്പില്ലാത്ത ജീവിതം പോലെ അലഭ്യമാണെന്നറിയാം. എങ്കിലും ചില പുതുക്കലുകള്‍ പുതുമകള്‍ എല്ലാവായനക്കാരിലും തേടലായി അവശേഷിക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
കവിതപോലെ ഹൃദ്യമായ കഥകള്‍ കൊണ്ട് നമ്മുടെ വായനയെ ഊഷ്മളമാക്കിയ പദ്മനാഭന്‍റെ രണ്ടുകഥകള്‍ ‘ബാലേട്ടനും’ (ദേശാഭിമാനി) ‘അതിഥിയും’ (മാധ്യമം) കഥാകാരന്‍റെ ജീവിതത്തിലെ നാള്‍വഴിക്കുറിപ്പുകള്‍ പോലെ അത്രമേല്‍ സ്വാഭാവികമായ രണ്ടു ദൃശ്യങ്ങള്‍. ദേശാഭിമാനിയിലെ കെ.സുധീഷിന്‍റെ വരയും രണ്ടുകഥയിലെയും രാമചന്ദ്രന്‍റെ സാന്നിദ്ധ്യവും ഇത് കഥയല്ല ജീവിതമാണെന്നുറപ്പിക്കുന്നു.
കണ്ണൂരിന്‍റെ രാഷ്ട്രീയസാഹചര്യത്തില്‍ വന്നുചേര്‍ന്ന അനഭിലഷണീയങ്ങളായ മാറ്റങ്ങളെ, ബാലേട്ടന്‍ എന്ന സഖാവിന്‍റെ നിസ്വാര്‍ത്ഥജീവിതത്തിലൂടെ നിരാലംബമരണത്തിലൂടെ വരച്ചുകാട്ടുന്നു ആദ്യകഥ. ‘നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍, കിട്ടാനുള്ളത് പതിയൊരു ലോകം’ എന്ന മുദ്രാവാക്യവും കഥയിലങ്ങിങ്ങായി കിടക്കുന്ന സൂചകങ്ങളും ധാരാളം മതിയാവും കഥ വിമര്‍ശനവിധേയമാക്കുന്ന രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍. ബാലേട്ടന്‍റെ മരണമറിയിക്കുന്ന രാമചന്ദ്രന്‍റെ വാക്കുകളില്‍ കഥ കഴിഞ്ഞതാണ്. ശേഷം ബ്രായ്ക്കറ്റില്‍ കൊടുത്ത ഭാഗങ്ങള്‍, ഇഷ്ടക്കേട് തുറന്നുപറയുന്ന പദ്മനാഭന്‍റെ ശീലത്തിന്‍റെ ബാക്കിയാണ്.
സഹജീവനത്തിന്‍റെ നേരുദാഹരണമാണ് പദ്മനാഭന്‍റെ ജീവിതം. അഞ്ചുനായകളും ധാരാളം പൂച്ചകളും രണ്ടു മനുഷ്യരുമുള്ള ആ വീട്ടിലേക്ക് അവിചാരിതമായെത്തുന്ന അപ്പു എന്ന നായ്ക്കുട്ടിയെ പരിചയപ്പെടുത്തുന്നതാണ് ‘അതിഥി’ എന്ന കഥ. ഹോംനഴ്സായ പദ്മാവതിയാണ് അവന്‍റെ കരച്ചില്‍ ആദ്യം കേള്‍ക്കുന്നത്. അവളുടെ നന്മകള്‍ എഴുത്തിലാകെ നിറയുന്നുണ്ട്. ദയയും കാരുണ്യവുമുള്ള കൂട്ടിലേക്ക് നിറമനസ്സോടെ അവരാ അതിഥിയെയും വരവേല്‍ക്കുന്നു. രണ്ടുകഥകളും വ്യക്തിപരമായിരിക്കെത്തന്നെ സാമൂഹികവുമാണ്. ‘വിളക്കുകള്‍ ഓരോന്നായി അണയുകയാണ് എവിടെയും ഇരുട്ടുപരക്കുകയാണ്’ എന്നറിയുമ്പോഴും വെളിച്ചത്തിന്‍റെ നേര്‍ത്തരേഖകള്‍ കോറിയിടുന്ന കഥകള്‍.
ഏകാന്തവന്യമായ വഴികളിലൂടെ, ദേശാന്തരങ്ങളിലേക്ക് സമാന്തരമായി നീണ്ടുപോകുന്ന റയില്‍പ്പാതകള്‍. വേറിട്ടുനില്ക്കാനാവാത്ത പരസ്പരാശ്രിതമായ ആണ്‍പെണ്‍ജീവിതങ്ങളുടെ കഥപറയാന്‍ വൈശാഖന്‍ മിക്കവാറും തെരഞ്ഞെടുത്ത പശ്ചാത്തലമിതാണ്. ‘അഴകി’ യും (മാധ്യമം) ഇതേ ഇടത്തില്‍ പിറന്നകഥയാണ് സമ്പന്നനും ദരിദ്രനും രണ്ടു നീതിയുള്ള ലോകത്ത് എതിരിട്ടു ജീവന്‍ കളയുന്നതിലെ മൗഢ്യവും സദാചാരമെന്ന കാപട്യവും ബോധ്യപ്പെടുത്തി അഴകിയെന്ന തമിഴ്പെണ്ണിനെ ജീവിതത്തിലേക്ക് കടത്തിവിടുന്ന നല്ലവനായ സ്റ്റേഷന്‍ മാസ്റ്റര്‍ ജീവിക്കാന്‍ ധൈര്യം കൊടുത്തവന്‍റെ മുന്നില്‍ വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ വന്നുപെട്ടത്, കുനിഞ്ഞു കാല്‍തൊട്ടത്, നവരത്നമോതിരം നിര്‍ബന്ധപൂര്‍വ്വം സമ്മാനിച്ചത്, പണത്തിനു വല്ലാതെ ബുദ്ധിമുട്ടിയ കാലത്ത് അയാള്‍ അത് വിറ്റുപോയത്, ഒടുവില്‍ നല്ല ഓര്‍മ്മകളേക്കാള്‍ തിളക്കവും മൂല്യവും ഒരു വൈരമോതിരത്തിനുമില്ലല്ലോ എന്ന തീര്‍പ്പിലെത്തുന്നത്. അടരടരായി ആഖ്യാനം ചെയ്തുപോയിരിക്കുന്നു കാഥികന്‍. വൈശാഖന്‍റെ കഥകളിലെക്കാലവും ഒഴുകിപ്പരക്കുന്ന മാനവികത തന്നെ ‘അഴകി’യുടെയും ജീവന്‍.
പരിഷ്കൃതസമൂഹത്തില്‍ തുടരുന്ന അപരിഷ്കൃതശിക്ഷാരീതിയായ വധശിക്ഷ, നിരന്തരമായ സംവാദസാദ്ധ്യതകള്‍ നിലനിര്‍ത്തുന്നുണ്ട്. കെപി രാമനുണ്ണിയുടെ ‘വധക്രമ’ത്തിന്‍റെ (ദേശാഭിമാനി) വായനയും നൈതികതയുമായി ബന്ധപ്പെട്ട സന്ദേഹങ്ങളെയും കുറ്റവും ശിക്ഷയും തമ്മിലുള്ള ബന്ധവിച്ഛേദത്തെയും അടയാളപ്പെടുത്തുന്നതാണ്. കോവിഡ് ഹോസ്പിറ്റലില്‍ സ്തുത്യര്‍ഹസേവനം നടത്തി, തിരിച്ചെത്തിയതാണ് ഡോക്ടര്‍ ചരണ്‍ഗുപ്ത. കൂട്ടക്കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാര്‍ജയിലില്‍ കിടക്കുന്ന ബില്ലയുടെ മെഡിക്കല്‍ ഓഫീസറായി നിയമനം കിട്ടുമ്പോള്‍ അത് അംഗീകാരിക്കാന്‍ അയാളുടെ മനസ്സ് തയ്യാറാവുന്നില്ല. ജീവന്‍ കൊടുക്കേണ്ടവന്‍ ജീവനെടുക്കാന്‍ കൂട്ടുനില്ക്കേണ്ടിവരുന്നതിലെ വൈരുദ്ധ്യം അയാളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. അതിനെ മറികടക്കാനെന്നോണം വധശിക്ഷയുടെ ചരിത്രപഠനത്തിലയാള്‍ മുഴുകുകയാണ്. വധശിക്ഷയുടെ ഉദ്ഭവം, പലകാലങ്ങളിലുണ്ടായ പരിഷ്കാരങ്ങള്‍, ആധുനികകാലത്തെ വധക്രമം എന്നിങ്ങനെ ചരിത്രപരവും വസ്തുനിഷ്ഠവുമായ വിവരണമായി മാറിയ കഥയുടെ മധ്യഭാഗം ‘ആരാച്ചാര്‍’ എന്ന നോവലിനെ വല്ലാതോര്‍മ്മിപ്പിക്കുന്നു. എങ്കിലും നിയമത്തിന്‍റെ നീതിയെ, വൈദ്യത്തിന്‍റെ നീതികൊണ്ട് മറികടക്കുന്ന ഡോ. ചരണ്‍ഗുപ്തയുടെ വാദങ്ങള്‍ കഴമ്പുള്ളതായി തോന്നി. കുറ്റവും ശിക്ഷയും തമ്മിലുള്ള കാലദൈര്‍ഘ്യത്തിനിടയില്‍ കുറ്റവാളിക്കുണ്ടാകുന്ന അവസ്ഥാന്തരങ്ങളെ പരിഗണിക്കേണ്ടതില്ലേ എന്ന കാതലായ ചോദ്യം ഈ കഥ ഉയര്‍ത്തുന്നുണ്ട്.
ഭ്രമകല്പനയുടെ ആഖ്യാനമാണ് സിവി ബാലകൃഷ്ണന്‍റെ ‘ചെറിത്തോട്ടത്തില്‍’ (ദേശാഭിമാനി). ഭാര്യയുടെ സംസ്കാരശേഷം സ്വന്തം ചെറിത്തോട്ടത്തില്‍ ഏകാകിയായിരിക്കുന്നവന്‍റെ മനോസഞ്ചാരങ്ങളാണിത്. അവളുടെ സാമിപ്യമറിയുന്നതോടൊപ്പം അവര്‍ക്കുപകരമായി വാഗ്ദാനം ചെയ്യപ്പെടുന്ന ചെറിമരങ്ങളുടെ സാന്ത്വനവും അയാള്‍ അറിയുന്നു. ആ ചെറിത്തോട്ടത്തില്‍ നിന്നും അയാള്‍ പുറത്തേയ്ക്കേപോയില്ല എന്ന അയഥാര്‍ത്ഥതയില്‍ അവസാനിക്കുന്ന കഥ പേരിലും പ്രകൃതിയിലും ഒരു വിദേശകഥയുടെ തര്‍ജ്ജുമപോലെ അനുഭവപ്പെട്ടു.
‘അന്താരസാന്തെ ഒരു ദൂരവേഗകഥ’ (ദേശാഭിമാനി) വി ആര്‍ സുധീഷിന്‍റേതാണ്. പേരുപോലെ രചനാശില്പവും വേറിട്ടത്. ഒരു ബസപകടത്തില്‍പ്പെട്ട രണ്ട് സ്ത്രീകളുടെയും അപകടത്തില്‍ മരിച്ച ബസ്ഡ്രൈവറുടെ ഭാര്യയുടെയും ലൈവ് വീഡിയോകളിലൂടെയാണ് കഥയുടെ ആഖ്യാനം സത്യാനന്തരകാലത്തിന്‍റെ സവിശേഷത, അവിടെ ഒരു സത്യമില്ല സത്യങ്ങളേയുള്ളൂ എന്നതാണല്ലോ അതില്‍ നിന്ന് ഓരോരുത്തരും രൂപപ്പെടുത്തിയെടുക്കുന്നതാണ് അവരവരുടെ സത്യം. തീര്‍പ്പുകള്‍ക്ക് അവിടെ സ്ഥാനമില്ല. പലരുടെ കാഴ്ചപ്പാടിലൂടെ ഒരു സംഭവത്തെ നോക്കിക്കാണുന്ന കുറസോവയുടെ ‘റാഷമോണ്‍’ എന്ന ചിത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഈ ചെറുകഥയുടെ അന്ത്യം. നാമിന്നനുഭവിക്കുന്ന സന്നിഗ്ദ്ധതകളെ ഇക്കഥ വിദഗ്ധമായി അടയാളപ്പെടുത്തുന്നുണ്ട്.
തീരെ വെളിച്ചമില്ലാത്തൊരു ‘റാന്തലു’മായാണ് (ദേശാഭിമാനി) ബി.മുരളി വന്നതെന്നു പറയാതെ വയ്യ. ഒരിക്കല്‍ പാട്ടുകാരനും പിന്നീട് പാട്ടുനിര്‍മ്മിക്കുന്നവനുമായി മാറിയ നായകന്‍. സംഗീതസംവിധായകന്‍ എന്നു വിളിക്കാമെന്ന് കഥാകൃത്ത് പ്രാരംഭത്തില്‍ത്തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. പക്ഷേ അതു മറന്നിട്ടോ എന്തോ പാട്ടുകാരന്‍, ഗായകന്‍ എന്നൊക്കെയാണ് കഥയിലവിടവിടെ അയാള്‍ രേഖപ്പെടുത്തപ്പെടുന്നത്. പാട്ടുനിര്‍മ്മിക്കലുമായി ബന്ധപ്പെട്ട് താമസസ്ഥലമൊരുക്കുന്ന സുഹൃത്ത് നല്‍കുന്ന മദ്യവും അവിടത്തെ പുരാതനമായ വിളക്കും ചേര്‍ന്ന് സംവിധായകനില്‍/ഗായകനില്‍ ഉരുവാക്കുന്ന വിഭ്രമമെന്നോണം വളരുന്ന കഥയില്‍, പക്ഷേ വല്യകഥയൊന്നുമില്ല.
‘മൊട്ടാമ്പുളി’യുടെ (ദേശാഭിമാനി) പുളികലര്‍ന്ന മധുരമുണ്ട് അംബികാസുതന്‍ മാങ്ങാടിന്‍റെ കഥയ്ക്കും. കാടും നേരും ചേര്‍ന്ന ജഗന്‍റെ കഥയാണത്. വൈദ്യനായിരുന്ന അച്ഛനൊപ്പം നടത്തിയ കാട്ടുസഞ്ചാരങ്ങള്‍, അതിനിടയിലെ മൊട്ടാമ്പുളിത്തീറ്റ, ആ രുചിയുമായി കാടുകയറിയപ്പോള്‍ കണ്ണില്‍പ്പെട്ട ഒരു ഭയാനകദൃശ്യം, അതിന്‍റെ വിശദാംശങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തുന്ന അയാളുടെ സത്യവും നാഗരികതയുടെ തീര്‍പ്പുകളും തമ്മിലുള്ള ചേരായ്ക എന്നിങ്ങനെ സ്വാഭാവികമായി വളരുന്ന കഥ.
കൊല്ലപ്പെട്ടവളുടെ സഹോദരി മൃതശരീരത്തിലുണ്ടായിരുന്ന പാദസരമന്വേഷിച്ചു ഒരുനാള്‍ ജഗന്റെ വീട്ടിലെത്തുന്നു. അവള്‍ നീട്ടിയ മൊട്ടാമ്പുളിരുചിയില്‍ അവനൊളിപ്പിച്ചുവച്ച കള്ളം അകത്തിരിക്കാനാവാതെ പുറം ചാടുന്നു. പ്രണയത്തിന്‍റെ നേര്‍ത്തനൂലിഴ അവരെ പൊതിയുന്ന ദൃശ്യത്തോടെ കഥ കഴിയുന്നെങ്കിലും പക്ഷികള്‍ ഹാര്‍മോണിയപ്പെട്ടി തുറക്കുന്ന, കുരങ്ങന്മാര്‍ ട്രപ്പീസുകളിക്കുന്ന, കരിങ്ങാപ്പഴവും മൊട്ടാമ്പുളിയുമുള്ള കാട് കൂടെപ്പോരും.
കൊന്നപൂത്താല്‍, വേവലാതിപ്പെടുന്ന അപ്പൂപ്പനിലൂടെ കാലാവസ്ഥാവ്യതിയാനത്തെയും ആദര്‍ശനഷ്ടത്തെയും വരച്ചിടുന്ന കഥയാണ് സോക്രട്ടീസ് കെ വാലത്തിന്‍റെ ‘അപ്പൂപ്പന്‍ കൊന്നമരം’ (ദേശാഭിമാനി). ഭൂമിയുടെ വേവിനെക്കുറിച്ച് സദാവ്യാകുലപ്പെടുന്ന അപ്പൂപ്പനിലൂടെ നമ്മുടെ മണ് മറഞ്ഞ വൃക്ഷവൈവിദ്ധ്യവും നാട്ടറിവുകളുമെല്ലാം കഥയിലെത്തുന്നുണ്ട്.
കൊച്ചുമകന് കൊന്നയുടെ പേരിന്റെ ഉദ്ഭവം പറഞ്ഞുകൊടുക്കുന്ന അമ്മൂമ്മയിലൂടെ പുരാണവും. രാഷ്ട്രീയ എതിരാളിയെ കൊന്നുതള്ളാനുള്ള വ്യഗ്രതയുമായി നടക്കുന്ന മകന്, ഭൂമിയെപ്പറ്റിയുള്ള അച്ഛന്‍റെ ആകുലതകള്‍ വിഷയമല്ല. തലമുറകള്‍ തമ്മിലുള്ള ചിന്താവിടവ്, സ്പഷ്ടമാണിവിടെ. മുറിച്ചിടുന്ന കൊന്നമരത്തിനടിയില്‍പ്പെട്ട് ചതഞ്ഞമരുന്ന അച്ഛനും താനേല്പിച്ച കൊല നടന്നുകിട്ടിയതില്‍ സന്തോഷിക്കുന്ന മകനും ചേരുന്ന ഒരൊറ്റ ഫ്രെയിമില്‍ അവസാനിക്കുന്നു ഈ കഥ.
ചിലപ്പോഴൊക്കെ വിരസമായ ഒരു സയന്‍സ് ക്ലാസ്സിനെ ഓര്‍മിപ്പിക്കുന്ന ഈ കഥയിലെ അപ്പൂപ്പന്റെ സൃഷ്ടിയില്‍ പ്രകൃതിപ്രണയത്തിന്‍റെ ചായം ഇത്തിരി കടുത്തുപോയിട്ടുമുണ്ട്. അപ്പൂപ്പന്‍ കൊന്നമരം, അപ്പൂപ്പനെ കൊന്നമരം കൂടിയാവുന്ന വൈരുദ്ധ്യമുള്‍ക്കൊള്ളുന്ന കഥ നിലനില്പിനെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ തലമുറകള്‍ക്കിടയിലുള്ള കാഴ്ചപ്പാടിന്‍റെ വൈരുദ്ധ്യവും കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.
സ്നേഹം മൂത്ത് ഭ്രാന്തായതാ എന്ന് എത്രയോവട്ടം കേട്ടിരിക്കുന്നു. അത്തരമൊരു സ്നേഹത്തിന്റെ, ഭ്രാന്തിന്‍റെ, അത് കുടുംബബന്ധങ്ങളില്‍, വ്യക്തികളില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുടെ കഥ പറയുന്ന മജീദ് സെയ്ദിന്റെ ‘നായക്കളി’ (മാധ്യമം) പെണ്‍മനസ്സിലൂടെയുള്ള ആഖ്യാനമാണ്. ഉമ്മ മരിച്ച് പതിനൊന്നാംപക്കം ഖത്തം വഴങ്ങുന്ന നേരം, ഉമ്നാദിനിയായിരുന്ന ഉമ്മയുടെ മുറിയിലെത്തിയ മകളുടെ സ്മരണകളാണിത്. ഉമ്മയിലെ നിറഞ്ഞ പ്രണയത്തിന്റെ മറുപാതിയാണ് അവരുടെ ഉന്മാദമെന്നുതിരിച്ചറിയുന്ന ബാപ്പയും മോളും. ഉമ്മയുടെ രോഗത്തെയും ബാപ്പയുടെ ക്ഷമയെയും സഹോദരിയുടെ സൗഹൃദത്തെയും ഉള്‍ക്കൊള്ളാനാവാത്ത ജസീര്‍. ഉമ്മയുടെ നായക്കളി ഒളിഞ്ഞുനിന്നുകണ്ടിരുന്ന മകള്‍ തനിച്ചാവുമ്പോള്‍ നായക്കളി തുടങ്ങുന്നത് അവതരിപ്പിച്ചുകൊണ്ടാണ് കഥയുടെ അന്ത്യം.
ഇഷ്ടഗന്ധങ്ങളെത്തേടുന്ന, സഹോദരന്‍റെ ആജ്ഞകള്‍ക്കു കീഴടങ്ങുന്ന, ആരുമില്ലാത്ത വീടിനു കാവലിരിക്കുന്ന അവളുടെ അവസ്ഥയെ പൂരിപ്പിക്കാന്‍ ഈ പേരിനു കഴിയുന്നുണ്ട്. പുതുമ സൃഷ്ടിക്കുന്ന സാമഗ്രികള്‍ എന്ന മട്ടില്‍ കഥയില്‍, അവതരിപ്പിച്ച ആര്‍ത്തവവും സാനിറ്റ്റിപാഡ് ആഖ്യാനവുമായി തീരെ ചേര്‍ന്നുപോകുന്നില്ല. അമ്മ മകള്‍ ബന്ധത്തെ ഊഷ്മളമാക്കുന്ന ഓര്‍മ്മകളില്‍ ഇവയൊന്നുമല്ല ആദ്യം വരികയെന്ന് എന്‍റെ പെണ്‍മനസ്സു പറയുന്നു. പുതുതലമുറയിലെ കാഥികന്‍ എന്നനിലയില്‍ കുറച്ചുകൂടി കൈയടക്കം ആവാം എന്നൊരു തോന്നലും കൂടെയുണ്ട്.
പൂരുവില്‍ നിന്ന് യൗവ്വനം കടംകൊണ്ട യയാതിയെപ്പോലെയാണ് സോണിയ റഫീഖിന്‍റെ ‘മയങ്ങുന്ന ബുദ്ധനി’യിലെ (മാധ്യമം) നായിക. മകള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പ്രണയക്കുറിപ്പുകള്‍ കണ്ടെത്തിയതോടെയാണ് ഇരുപതു വര്‍ഷത്തോളം മയക്കത്തിലായിരുന്ന അവരിലെ എഴുത്തുകാരി ഉണര്‍ന്നത്. കഥ പരക്കെ വായിക്കപ്പെട്ടു. പക്ഷെ ചിലത് അപ്രതീക്ഷിതമായി സംഭവിച്ചു. തന്‍റെ മനസ്സറിയാതെപോയ അമ്മയോടുള്ള ഈര്‍ഷ്യയും, നഷ്ടപ്രണയത്തിന്‍റെ രഹസ്യഖനി തുറന്നതിലുള്ള അനിഷ്ടവും വീട്ടിലേക്കുള്ള വരവുകള്‍ വേണ്ടെന്നുവച്ച് മകള്‍ പ്രകടമാക്കി.
കഥ വായിച്ച് കഥാകാരിയെ തിരിച്ചറിഞ്ഞ മകളുടെ നഷ്ടപ്രണയി, മകളെ മനസ്സിലാക്കാന്‍ വൈകിയ അമ്മയെ എഫ്ബിയിലൂടെ കുറ്റപ്പെടുത്തി. മകളെ, അവളുടെ ഇഷ്ടങ്ങളെ അറിയാതെപോയല്ലോ എന്ന തിരിച്ചറിവില്‍ അമ്മ വിങ്ങി. ഒടുവില്‍ മകള്‍ കഥാപാത്രമാകുന്ന ആ കഥ, അവളുടെ രോഷത്തിനും കരച്ചിലിനുമിടയില്‍ വായിച്ചുകേള്‍പ്പിച്ച്, ഘനീഭവിച്ചുകിടന്ന ദു:ഖത്തിന്‍റെ അണപൊട്ടിച്ച് അവളെ ശാന്തയാക്കുന്നിടത്ത്, മയങ്ങുന്ന ബുദ്ധന്‍റെ കണ്ണ് തുറക്കുന്നിടത്ത്, പുതുകഥയുടെ തീഷ്ണഗന്ധമുയരുന്നിടത്ത് കഥ അവസാനിക്കുന്നു. പുറമെ ശാന്തമെന്നുതോന്നുന്ന മനസ്സുകളില്‍ എത്രയെത്രതീക്ഷ്ണരഹസ്യങ്ങളാണ് ഓരോ പെണ്ണും ഒളിപ്പിക്കുന്നത്. ചിലപ്പോള്‍ അവ ഒരിക്കലും പുറത്തുവരാതെ മണ്ണടിയും. മറ്റു ചിലപ്പോള്‍ ഇക്കഥയിലേതുപോലെ ആര്‍ത്തലച്ച് സ്വാസ്ഥ്യം നേടും. പെണ്‍ജീവിതങ്ങളുടെ രഹസ്യസ്ഥലികളെ സമര്‍ത്ഥമായിത്തൊടാന്‍ സോണിയയ്ക്ക് കഴിഞ്ഞിരിക്കുന്നു.
രോഗവും മരണവും ഭീതിവിതച്ച ലോകക്രമത്തിലാണ് നമ്മുടെ ജീവിതമിന്ന്. സഹാനുഭൂതിക്കുപകരം അപരനോടുള്ള ഭയമാണ് മഹാമാരിക്കാലത്തെ സവിശേഷത യുകെ കുമാരന്‍റെ ‘ആശുപത്രിയുടെ മരണവും’ (ദേശാഭിമാനി) പി കെ പാറക്കടവിന്‍റെ ‘ഓര്‍മ്മകളുടെ മുറി’ യും (മാധ്യമം) രണ്ടു തരത്തില്‍ ഈ ഭീതിയെ അടയാളപ്പെടുത്തുന്നുണ്ട്.
വൈറസ് മരണങ്ങള്‍ ആദ്യമേ സംഭവിച്ചതിനാല്‍ അടച്ചുപൂട്ടിയ ആശുപത്രിയുടെ കാവല്‍ക്കാരന്‍റെ അനുഭവാഖ്യാനമാണ് ആശുപത്രിയുടെ മരണം. എതിരെ നില്‍ക്കുന്ന കെട്ടിടത്തിലെ കാവല്‍ക്കാരന്‍റെ തുറിച്ചുനോട്ടങ്ങളും പിറുപിറുക്കലുകളും എന്തിനെന്നു പോലും ഇയാള്‍ക്കു മനസ്സിലാകുന്നില്ല. ഒടുവില്‍ പകരക്കാരനെത്തുമ്പോള്‍ തനിക്കുമുഖം തരാത്ത മറ്റേകാവല്‍ക്കാരനടുത്തെത്തി കുശലം ചോദിക്കാനുള്ള ശ്രമം പരാജയപ്പെടുന്നു.
നാട്ടിലേയ്ക്ക് വണ്ടികയറുന്ന അയാള്‍ക്ക് വീട്ടിലേക്കുള്ള വഴിയിലെത്തുമ്പോഴേ വിലക്കു വീഴുന്നു. മരണത്തിന്‍റെ വ്യാപാരിയായി മുദ്രകുത്തി അവര്‍ അയാളെ തിരസ്കരിക്കുന്നു. അന്യന്‍ നരകമാകുന്ന ദുരന്തം. സമാനമായ നിരവധി പത്രവാര്‍ത്തകള്‍, ദൃശ്യങ്ങള്‍ കടന്നുപോയതുകൊണ്ടാവാം ഈ കഥ നിസ്സംഗമായൊരു വായനാനുഭവമായി മാറിയത്.
ക്വാറന്റൈൻ ദിനങ്ങളുടെ ഏകാന്തതയെ പ്രിയമുള്ളവന്റെ ഓര്‍മ്മകളാല്‍ സജീവമാക്കുന്നവളുടെ കഥയാണ് ‘ഓര്‍മ്മകളുടെ മുറി’ മഹാവ്യാധി പടരുന്നതിനുമുമ്പ് രാജ്യമാകുന്ന തിളച്ച് മറിഞ്ഞ പൗരത്വപ്രക്ഷോഭത്തില്‍ ജീവന്‍ പൊലിഞ്ഞ ജുനൈദ് എന്ന സാമൂഹികപ്രവര്‍ത്തകന്‍റെ ഭാര്യയാണവള്‍. രോഗഭയം മനസ്സ് കീഴടക്കുമ്പോള്‍ അതിനെ മറികടക്കാന്‍ അവള്‍ കണ്ടുപിടിച്ച തന്ത്രം, ജുനൈദിന്‍റെ അദൃശ്യസാന്നിധ്യത്തോട് നിരന്തരം സംസാരിക്കുക എന്നതാണ്.
അന്യനിലേക്ക് കണ്ണും കാതും തുറന്ന് വച്ചിരുന്ന സമൂഹത്തിന്‍റെ പ്രതിനിധികളാല്‍ അവള്‍ വിചാരണചെയ്യപ്പെടുന്നു. അപ്പോഴും അവള്‍ക്ക് കൂട്ട് അവന്‍റെയോര്‍മ്മകള്‍ തന്നെ. രോഗത്തിന്‍റെ സൂചനയായ വിഭ്രാന്തിയായി അവളുടെ പെരുമാറ്റത്തെ വിലയിരുത്തുകയാണ് ചുറ്റുമുള്ളവര്‍. സ്വകാര്യതകള്‍ നഷ്ടപ്പെട്ട വ്യക്തിയും അന്യനുമേല്‍ ജാഗരൂകമായ സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ നേര്‍ത്ത ഇഴകള്‍ ഈ കഥയിലുണ്ട്. മലയാളിയുടെ മഹാവ്യാധിക്കാലത്തെ നിത്യസംഭവങ്ങളില്‍ ഇത്തരം കാഴ്ചകള്‍ ധാരാളമാണല്ലോ.
Read More : മാതൃഭൂമി ഓണപ്പതിപ്പിലെ കഥകളെകുറിച്ചുള്ള ആസ്വാദനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഓണപ്പതിപ്പുകള്‍ മടക്കിവയ്ക്കുമ്പോള്‍ പുതിയ കാഥികരെ ആരെയും കണ്ടില്ലല്ലോ എന്ന് പ്രമേയത്തിലോ ഭാഷയിലോ ശില്പത്തിലോ എടുത്തുപറയാവുന്ന പുതുമകളൊന്നും കണ്ടില്ലല്ലോ എന്ന് മനസ്സ് പറയുന്നു. തുടക്കത്തില്‍ സൂചിപ്പിച്ചപോലെ രണ്ടു കഥകള്‍, ആശുപത്രിയുടെ മരണവും ഓര്‍മ്മകളുടെ മുറിയും ഇക്കാലത്തിന്‍റെ ചില സവിശേഷതകളെ തൊട്ടുപോയിട്ടുണ്ട്. എങ്കിലും നാമിന്നനുഭവിക്കുന്ന ജീവിതം ഈ കഥാലോകത്ത് കാണാനേയില്ല. ഒറ്റ ദിവസം കൊണ്ട് അടച്ചിടപ്പെട്ട ലോകം, നിരാലംബരായി മരിച്ചു വീഴുന്ന മനുഷ്യര്‍, മാനസികസംഘര്‍ഷം, ആത്മഹത്യ, വ്യക്തി-സാമുഹികബന്ധങ്ങളിലുണ്ടായ വിച്ഛേദം, തൊഴില്‍, വിദ്യാഭ്യാസം, മതം, രാഷ്ട്രീയം എന്നു വേണ്ട മനുഷ്യനെ മനുഷ്യനാക്കിക്കിയിരിക്കുന്ന സകല മണ്ഡലങ്ങളിലുമുണ്ടായ അചിന്തനീയമായ പരിവര്‍ത്തനങ്ങള്‍, നമ്മുടെ ഉടുപ്പിലും നടപ്പിലും മുന്‍ഗണനാക്രമങ്ങളിലും വന്ന കാതലായ മാറ്റം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുതുമകള്‍, ശീലങ്ങള്‍. ഒന്നും വരച്ചിട്ടില്ലല്ലോ ആരും?
പൊതുവെ ഓരോ കാലത്തിനും അനുയോജ്യമായ ഉള്ളടക്കങ്ങളല്ലേ അക്കാലത്തെ സാഹിത്യം പ്രമേയമായി സ്വീകരിക്കുന്നത്? മനുഷ്യഭാവനയുടെ ആവിഷ്കാരമെന്നാല്‍ മറവിക്കെതിരായ നമ്മുടെ സമൂഹത്തിന്റെ ചെറുത്തു നില്പിന്‍റെ ഭാഗം കൂടിയല്ലേ? പിന്നെന്തേ നമ്മുടെ കാലം ഈ കണ്ണാടികളില്‍ തെളിയാതെ പോയത്?