Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഓണപ്പതിപ്പിലെ എഴുത്തുവിശേഷങ്ങള്‍- ഭാഗം 1

വേറിട്ട രുചിവിഭവങ്ങളെന്തൊക്കെ, ആരും കാണാ നക്ഷത്രം ഉദിച്ചുവോ അക്ഷര വിളവെടുപ്പിനിടെ, ഏതു കാഴ്ചയുടെ കാണാപ്പുറമാണ് ഇത്തവണ കൺമിഴിച്ചത് എന്നെല്ലാം 2020 ലെ ഓണപ്പതിപ്പുകളെ മുൻനിർത്തി ഒരു അന്വേഷണം

onam kathakal, surendran poonthottathil , iemalayalam

ശരാശരി മലയാളി മാത്രമല്ല മലയാള സാഹിത്യവും കാത്തിരിക്കുന്നുണ്ട് ഓണവരവിനെ. ഓണപ്പതിപ്പുകൾ വിളമ്പുന്ന  അക്ഷര സദ്യ, ഓരോ അക്ഷര സ്നേഹിയും ആകാംക്ഷയോടെ, കൗതുകത്തോടെ, പ്രതീക്ഷയോടെയാണ് വായിച്ചു തീർക്കാറ്. ആഴ്ചപ്പതിപ്പുകളും മാസികകളും കൃത്യമായി വായിക്കാൻ കിട്ടാത്തതോ വായിക്കാനാവാത്തതോ ആയ സ്ഥിതിവിശേഷത്തിൽ കൂടി  കടന്നു പോകുന്നയാളായാൽ കൂടിയും ഓണപ്പതിപ്പുസമൃദ്ധികൾ ഏതു മലയാളി മൂലയിലെയും ഏതൊരക്ഷരപ്രിയരും കാത്തിരിക്കുന്നുണ്ട്. ഓണത്തിൻ്റെ അക്ഷരോത്സവപ്പതിപ്പുകൾ മാർക്കറ്റിൽ വരും ആഴ്ച വരുന്നുവെന്ന പരസ്യം വിരിയുമ്പോൾ തന്നെ ഹൃദയമിടിപ്പുകൂടി, കാത്തുകാത്തിരിക്കുന്നുണ്ട് എവിടെയൊക്കെയോ ഏതെല്ലാമോ മലയാളികൾ, ഒറ്റയ്ക്കും കൂട്ടായും.  ഉൾക്കനമുള്ള കതിരുകൾ പഴയവരിൽ നിന്നോ പുതിയവരിൽ നിന്നോ പൊട്ടി മുളച്ചത്  ഇത്തവണ, വേറിട്ട രുചിവിഭവങ്ങളെന്തൊക്കെ, ആരും കാണാ നക്ഷത്രം ഉദിച്ചുവോ അക്ഷര വിളവെടുപ്പിനിടെ, ഏതു കാഴ്ചയുടെ കാണാപ്പുറമാണ് ഇത്തവണ കൺമിഴിച്ചത് എന്നെല്ലാം 2020 ലെ ഓണപ്പതിപ്പിലെ കഥകളെ മുൻനിർത്തി ഒരു അന്വേഷണം.

കൈത്തഴക്കത്തിന്‍റെ കഥകൾ 

പ്രഗത്ഭരായ എഴുത്തുകാരുടെ കഥകളാണ് ഇത്തവണത്തെ മാതൃഭൂമി ഓണപ്പതിപ്പിൽ. അതിൽ ഏതാനും എണ്ണം മാത്രം ഉൾക്കൊള്ളിച്ചാണ് കുറിപ്പ് തയാറാക്കിയിട്ടുള്ളത്. പഴയ തലമുറയാണ് മാതൃഭൂമി ഓണപ്പതിപ്പ് എഴുത്തിലെ കൈത്തിരി നാളങ്ങൾ. ജീവിതത്തിന്റെ സമസ്ത മേഖലകളും സാഹിത്യത്തിന്റെ ചട്ടക്കൂട്ടിനുളളിൽ തളയ്ക്കാൻ കെൽപ്പുള്ളവരാണ് അവരെല്ലാം.

ലോകത്തെ തന്നെ അസ്തപ്രജ്ഞരാക്കിക്കൊണ്ട് നിറഞ്ഞാടുന്ന കോവിഡ് 19 ഒരു വശത്ത് മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുന്നു, അതേ സമയം സാമൂഹ്യമായും രാഷ്ട്രീയമായും സാമ്പത്തികമായും വെല്ലുവിളികൾ ലോകമാകെയും ഉയരുന്നു. ഇതെല്ലാം സൂക്ഷ്മതയോടെ കഥകളിൽ ആവാഹിക്കാൻ പ്രാപ്തിയുണ്ടെന്നതിന്റെ ഉദാഹരണമാണ് ഇവ ഓരോന്നും.

കോവിഡ് മഹാമാരി, ഗൾഫിലെ പ്രതിസന്ധി, പൗരത്വ ബില്ലും അതുയർത്തുന്ന പ്രശ്നങ്ങളും, മാവോയിസ്റ്റ് വേട്ട, അസാധാരണ കൊലകൾ, വിവിധ രാഷ്ട്രങ്ങളിലെ ഭരണകർത്താക്കളുടെ നടപടികൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, നാട്ടിലെ സാധാരാണ ജനങ്ങളുടെ ദൈനം ദിന ജീവിതത്തിലെ എണ്ണിയാൽ തീരാത്ത മറ്റു വിഷമതകൾ- എല്ലാമെല്ലാം സാഹിത്യത്തിന് വിഷയമാകുന്നു. ഓരോന്നും നോക്കിക്കാണുന്ന വിധവും അതിനോടുള്ള സമീപനവും വ്യത്യസ്തമായിരിക്കും. അത് ചിന്തയ്ക്കു വക നൽകുന്നു.

മുകുന്ദന്‍റെ മൈഥിലിയും കല്യാണിയും 

കാലം പുരോഗമിച്ചെന്നു മേനി നടിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അസ്വാതന്ത്ര്യത്തിന്റെയും സദാചാര പൊലീസിങ്ങിന്റെയും പിടിയിലാണ് സ്ത്രീകൾ. പെൺകുട്ടികളോ യുവതികളോ ആണെങ്കിൽ പറയുകയും വേണ്ട. ചുറ്റുപാടുകൾ സസൂക്ഷ്മം നിരീക്ഷിക്കുകയും നാട്ടിലെ ജനങ്ങളുമായി അടുത്തിടപെടുകയും ചെയ്തുകൊണ്ട് സമകാലിക ജീവിതത്തെ
സമർത്ഥമായി കഥയിൽ രേഖപ്പെടുത്തുകയാണ് എം മുകുന്ദൻ.

കഥയിലെ നായിക ചുണയും ചുറുചുറുക്കും ഉള്ളവളാണ്, പ്രസരിപ്പുള്ള കുട്ടി. തനിക്കുറപ്പിച്ച വിവാഹത്തിന് പൂർണ സമ്മതമാണവൾക്ക്.വിവാഹത്തിന് മുൻപ് തനിച്ചു നാടുചുറ്റി കാണണം, നാടിനെയും നാട്ടിലെ ജനങ്ങളെയും അടുത്തറിയണം – അതാണവളുടെ ആഗ്രഹം, മാത്രമല്ല, ഉറച്ച തീരുമാനവും. മകളുടെ തീരുമാനം അറിഞ്ഞപ്പോൾ അച്ഛന് ആദ്യം ചിരിയാണു വന്നതെങ്കിൽ, പിന്നെ അമ്പരപ്പിലേക്ക് മാറി. തുടർന്ന് അച്ഛന് കലിപ്പ്, അമ്മയ്ക്ക് ആഘാതം, അവരുടെ മുഖം ഒരു വശം കോടിപ്പോയി.

പെൺപീഡനത്തിന്റെ സാധ്യതകൾ അവിടവിടെയായി നിലനിർത്തിക്കൊണ്ട് മുന്നേറുന്ന കഥ അപ്രതീക്ഷിത ട്വിസ്റ്റിൽ അവസാനിക്കുമ്പോൾ അത് പലവിധ ചോദ്യങ്ങളും ഉയർത്തുന്നു. മകളുടെ മറുപടി കേട്ട്, വാഷ് ബേസിന്ന് അരികത്തെ പൈപ്പ് തുറക്കാൻ മറന്ന് ആലോചനയിൽ മുഴുകുന്ന അച്ഛൻ ചാരുകസേരയിൽ ഇരിക്കുമ്പോൾ താൻ മറ്റാരുടെയോ വീട്ടിലാണ് ഇരിക്കുന്നതെന്നു തോന്നുന്നു. അകലത്തെ കാഴ്ചകൾ അപരിചതമായി തോന്നുന്നു.

മുകുന്ദന് മാത്രം സ്വായത്തമായ ശൈലിയിലാണ് സ്നേഹനിധിയായ ഒരച്ഛന്റെ ആധിയും അങ്കലാപ്പും വ്യക്തമാക്കുന്നത് എന്ന് കാണാം. മൈഥിലിയുടെ വേഷം ആധുനികമാണ്. തുറന്ന മനസാണെന്ന് അവളുടെ സഞ്ചാരത്തിനിടെയുണ്ടായ സംഭവങ്ങൾ കാട്ടിത്തരുന്നു. സ്വന്തം ഇഷ്ടത്തിനനുസരിച്ചു പുറത്തിറങ്ങി നടക്കാനും സഞ്ചരിക്കാനും ഈ  രാജ്യത്തെ ഒരു യുവതിക്ക് സാധ്യമാകുന്നില്ലെങ്കിൽ സ്വാതന്ത്ര്യം എന്ന പദത്തിന് എന്ത് അർത്ഥമാണുള്ളത്?

അവളെ മറ്റൊരാളായി- മാവോയിസ്റ്റ് കല്യാണിയായി- ആരോപിച്ച്  പോലീസ് അറ്റസ്റ്റ് ചെയുന്ന  നടപടി അടുത്തകാലത്തു നാട്ടിൽ നടന്ന സംഭവങ്ങളുമായി സാമ്യമുള്ളതാണ്. തന്റെ സ്വത്വം തെളിയിക്കാനുള്ള രേഖകളൊന്നും അവളുടെ കൈവശമില്ല. മൊബൈൽ ഫോൺ ഉപേക്ഷിച്ച ശേഷമാണല്ലോ അവൾ യാത്ര തുടങ്ങിയത്.

വഴിയിൽ കിട്ടിയ പുസ്തകം വെറുതെ ഒരു രസത്തിനു ബാഗിൽ എടുത്തുവച്ചത് വിനയായി. ഒരു ജനാധിപത്യ രാജ്യത്ത് നടക്കാൻ പാടില്ലാത്ത രീതിയിലുള്ള സ്വാതന്ത്ര്യ ധ്വംസനവും മനുഷ്യാവകാശ ലംഘനവുമാണ് നടന്നിരിക്കുന്നതെന്ന് കാണാം. നിലനിൽപ്പിനെ സംബന്ധിക്കുന്ന ആകുലതയാണ് മനുഷ്യമനസിനെ സൗന്ദര്യാനുഭവത്തിന്റെയും ധാർമികതയുടെയും അവസ്ഥകളിലൂടെ കടത്തിക്കൊണ്ടു പോകുന്നതെന്ന് കീർക്കഗോർ പറഞ്ഞിട്ടുണ്ട്.

കഥയിലെ സംഭവവികാസങ്ങൾ, മൂർച്ചയേറിയ പരിഹാസം ഒളിമിന്നുന്ന
ശൈലിയിലായത് വായന രസകരമാക്കുന്നു. ഒപ്പം നമ്മുടെ മനഃസാക്ഷിയ്ക്കു നേരെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.Surendran poonthottathil, onam kathakal, iemalayalam

അയ്മനം ജോണിന്റെ  മീനച്ചിലാറ്റിലെ രാത്രി

ആറ്റിറമ്പിന്റെ കഥകളിലൂടെ മലയാളികളുടെ മനസിൽ ചിരപരിചിതമായ പേരാണ് അയ്മനം ജോൺ. അദ്ദേഹത്തിന്റെ കഥകൾ ഓരോന്നും തെളിമയാർന്നതാണ്. പുഴയും പാടവും നാട്ടിൻപുറവും മിക്കവാറും കഥകളിൽ പശ്ചാത്തലം ആയി വരുന്നുണ്ട്.

വെണ്ണിലാവിന്റെ തിളക്കമേറുന്ന പുഴയിലൂടെ കടത്തു തോണിയിൽ ഒരു രാത്രി മുഴുവൻ യാത്ര കൊതിക്കാത്തവരായി ആരുണ്ട്? തണുത്ത കാറ്റിന്റെ തലോടൽ ഏറ്റു കൂട്ടിനു തുഴക്കാരൻ മാത്രമായി ഒരു നീണ്ട രാത്രി താണ്ടുന്ന പതിനാലുകാരൻ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ആരും കൊതിക്കും വിധം ഹൃദയ വർജകമാണ് നീണ്ടു വിശാലമായ പുഴയിലൂടെയുള്ള യാത്ര എങ്കിലും കൊമ്പൻ മീശയും തലയിൽ വട്ട കെട്ടുമുള്ള, മുഖം വ്യക്തമല്ലാത്ത ആളാണ് തുഴക്കാരൻ എന്നത് അവനിൽ പരിഭ്രമം ഉണ്ടാക്കുന്നുണ്ട്.

നിസാരമായ ഒരു മോഷണത്തിനു പിടിക്കപ്പെട്ടതിനാൽ നിൽക്കകള്ളിയില്ലാതെ പണ്ടന്നോ നാടുവിട്ടുപോയി അന്യദേശത്തു പച്ചപിടിച്ച കൊച്ചിട്ടീപ്പാപ്പൻ ആ കൗമാരക്കാരന്റെ അപ്പന്റെ അനുജനാണ്. കൊച്ചിട്ടിപ്പാപ്പന്റെ മക്കൾ ഇരുവരും സമപ്രായക്കാർ ആണെന്നുള്ളതും അവധിക്കാലം അകലെയുള്ള അവരോടൊത്തു കളിച്ചു ആർമാദിക്കാമെന്നതും ആയിരുന്നു ആഖ്യാതാവ് അവിടെ പോകാനുള്ള പ്രചോദനം.Surendran poonthottathil, onam kathakal, iemalayalamയാത്രക്കിടയിൽ തുഴക്കാരൻ വഞ്ചി കരയ്ക്കടുപ്പിച്ചു കള്ള് മോന്തുന്നതും ഒളിസേവയ്ക്കായി പോയി തിരിച്ചുവരുന്ന വഴി കല്ലേറ് വാങ്ങുന്നതും ഉറക്കം നടിച്ചു കിടക്കുന്ന ബാലൻ അറിയുന്നുണ്ട്. കൊച്ചിട്ടിപ്പാപ്പനെ ചതിച്ചു മോഷണ വിവരം വെളിപ്പെടുത്തിയത് താനാണെന്ന് അയാൾ വീരസ്യം പറയുന്നതോടെ ആ മുഖമില്ലാത്ത മനുഷ്യനെ അവൻ പാടെ വെറുത്തു, യാത്ര പോലും പറയാതെ സ്വന്തം വീട്ടിലേക്കു ഓടിക്കയറുകയാണ് ചെയ്തത്.

മുതിർന്നപ്പോൾ തുഴക്കാരനെ അന്വേഷിച്ചുള്ള യാത്രകൾ പലത്, കാലങ്ങളോളം നടത്തുന്നുണ്ട് ആഖ്യാതാവ്. എന്നാൽ പിന്നീട് പലപ്പോഴും അയാൾക്കിണങ്ങിയ മുഖങ്ങൾ നാട്ടുകാർക്കിടയിൽ നിന്ന് തനിക്കു കണ്ടെത്താനാവുമെന്ന് വന്നപ്പോൾ മനസ് മടുത്ത് ആ ശ്രമം ഉപേക്ഷിക്കുക ആയിരുന്നു, ആഖ്യാതാവ്.

നെറികേടും നൃശംസതയും കൈമുതലായവർ നമുക്ക് ചുറ്റും ഉണ്ടെന്ന തിരിച്ചറിവ് ജീവിതം എന്ന ദീർഘ യാത്ര നൽകുന്ന വലിയ പാഠമാണ്.

അയ്മനത്തിൻ്റെ കഥയുടെ ഒതുക്കത്തിനും ഭംഗിക്കും കരുത്തിനും കൃത്യമായ മൂഡ് സെറ്ററായി പ്രവർത്തിക്കുന്നു കെ ഷെരീഫിൻ്റെ വര എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. കഥയിലേക്കുള്ള വാതിലാണ് ഈ വര. നീലയുടെ പല തരം വിതാനങ്ങൾ കണ്ടാൽപ്പിന്നെ, മീനച്ചിലാറ്റിലെ രാത്രിയെ കണ്ടില്ലെന്ന് നടിക്കാനാവില്ല തന്നെ.

ടി പദ്മനാഭന്‍റെ സത്രം

മലയാള ചെറുകഥയിൽ ആധുനികതയ്ക്ക് തുടക്കമിട്ടവരിൽ ഒരാൾ ടി പത്മനാഭനാണ്. തലമുതിർന്ന എഴുത്തുകാരിൽ മുൻനിരയിലുള്ള ടി പദ്മനാഭൻ ഇത്തവണ ‘സത്രം’ എന്ന കഥയിലൂടെ പറയുന്നത് വിദേശത്ത് ഉന്നത പദവിയിൽ ജോലി ചെയ്യുന്നതും ധനാഢ്യനുമായ ഒരു ആരാധകനുമായുള്ള സൗഹൃദവും അയാളുടെ വിശേഷങ്ങളുമാണ്.

അപ്രതീക്ഷിതമായി ഒരു കത്ത് കിട്ടുന്നതാണ് തുടക്കം. പത്തു വർഷം  മുമ്പ് ഒരു ട്രെയിൻ യാത്രയിൽ തന്റെ ഒപ്പമുള്ള വിദേശികൾക്ക് ആഖ്യാതാവിനെ പരിചയപ്പെടുത്തുന്നതിൽ തുടങ്ങി ഗൾഫ് നാടുകളിലെ അയാളുടെ വസതികളിലും നാട്ടിലെ തറവാട് വീട്ടിലും ആയി ആതിഥ്യം സ്വീകരിച്ചു ചെല്ലുകയും ആ അനുഭവങ്ങൾ വായനക്കാർക്ക് പകർന്നു നൽകുകയുമാണ് ഈ കഥയിൽ.

തറവാട്ടിലെ ജോലിക്കാരായ അന്യനാട്ടുകാരോട് പോലും സമഭാവനയോടെ പെരുമാറുന്ന ആതിഥേയന്റെ സ്നേഹ ബഹുമാനങ്ങൾ ആർജിക്കാനായതിന്റെ സംതൃപ്തിയും സന്തോഷവും കഥയിലുണ്ട്. എഴുത്തച്ഛൻ, ഒ എൻ വി, സുഗതകുമാരി എന്നിവരുടെ വരികൾ ഉദ്ധരിച്ചു പ്രത്യാശയുടെ കെടാവെളിച്ചമായി ‘താവളമെന്നും’ ‘സത്രമെന്നും’ താമസിക്കുന്ന വീടുകൾക്ക്പേരുകൾ കണ്ടെത്തുന്നതും വിഷയമാകുന്നു. ‘പെരുവഴിയമ്പലം’ എന്ന വാക്ക് തന്നെ നിരന്തരം ഹോണ്ട് ചെയ്യന്നുവെന്നു പറയുന്നുണ്ട്.Surendran poonthottathil, onam kathakal, iemalayalamഒന്നാലോചിച്ചാൽ ഇഹലോകവാസം എന്നത് ഭൂമിയിലെ ‘താവള’ത്തിലെ അല്ലെങ്കിൽ ‘സത്ര’ത്തിലെ താത്കാലിക വാസമാണ്. വഴിപോക്കർ ‘പെരുവഴിയമ്പലത്തിൽ’ എത്തുന്നത് പോലെ നാമെല്ലാം ഭൂമിയിൽ കുറേക്കാലം ജീവിച്ചു ഇവിടം വിട്ടുപോകുന്നു.

ഈ കഥ ഒന്നു രണ്ട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കഥയിൽ ആധുനികത കൊണ്ടുവന്ന കഥാകാരൻ തറവാടിത്ത ഘോഷണമെന്ന പാതകം നടത്തുന്നുണ്ട്.  ‘ഈ തറവാടിത്ത ഘോഷണം പോലെ അപഹാസ്യമായ മറ്റൊന്ന് ഭൂലോകത്തില്ല’ എന്ന് ഇടശ്ശേരിപണ്ടേ കവിതയിലൂടെ പരിഹസിച്ചിട്ടുണ്ട്. നവോത്ഥാനം ഉയർത്തിയ ചിന്തകളിൽനിന്ന് നാം പിന്നോക്കം പോകുന്നുവോ?

മറ്റൊന്ന് അവിവാഹിതനായി തുടരുന്ന ഒരാൾ ജോലിയിൽ നിന്ന് രാജി വയ്ക്കുന്നതോടെ സ്വതന്ത്രനാകുന്നെന്നു കഥയിൽ പറയുന്നു. റൂസ്സോ പറയുന്ന സ്വാതന്ത്ര്യം ഇതാണോ? സംശയമുണ്ട്. കെട്ടുപാടുകൾ നിരവധിയില്ലേ, ഏതൊരു മനുഷ്യനും?

മനസ്സിന്റെ അടിത്തട്ടിലേക്ക് ചിന്തകൾ ആഴ്ന്നുപോകുന്നത് വായനക്കാരിലെത്തും വിധം കൊച്ചു കൊച്ചു വരികളിലാണ് ആഖ്യാനം എന്നത് വായന എളുപ്പമാക്കുന്നു.

ചന്ദ്രമതിയുടെ അയോനിജ

ഷേക്സ്പിയറിന്റെ ‘റോമിയോ ആൻഡ് ജൂലിയറ്റിൽ’ പ്രസിദ്ധമായ ഒരു ചൊല്ലുണ്ടല്ലോ – ഒരു പേരിൽ എന്തിരിക്കുന്നുവെന്ന്. എന്നാൽ പേരിൽ ഇരിക്കുന്നത് ചില്ലറ കാര്യമല്ലെന്ന് കഥ സമർത്ഥിക്കുന്നു.

ചെറിയൊരു തീം വികസിപ്പിച്ച് മനോഹരമായ കഥയാക്കുകയാണിവിടെ.
എവിടെ ആയാലും കുഞ്ഞ് ജനിച്ചാൽ ഒരു പേരിടണമല്ലോ. കുഞ്ഞ് സ്വന്തമാണെന്ന ധാർഷ്ട്ര്യത്തോടെ വകതിരിവില്ലാതെ എന്തെങ്കിലും ഒരു പേര് അതിനിട്ടാൽ ജീവിതകാലം മുഴുക്കെ ദുരിതം പേറേണ്ടി വരുമെന്നതിൽ സംശയമില്ലതന്നെ. എങ്കിലും ഇക്കാര്യം മാതാപിതാക്കൾ പലപ്പോഴും ഓർക്കാറില്ല എന്നതാണ് വസ്തുത.

റുഷ്ദിയുടെ ‘ഷാലിമാർ ദ ക്ലൗൺ’ എന്ന നോവലിലെ പെൺകുട്ടിയുടെ പേര് ഇന്ത്യ എന്നാണ്. ആ പേര് അവൾക്ക് ഇഷ്ടമായിരുന്നില്ല. മനുഷ്യരെ ഓസ്ട്രേലിയ, ഉഗാണ്ട എന്നൊക്കെ വിളിക്കുന്നത് അവൾ ഇഷ്ടപ്പെട്ടില്ല. ഇങ്ങനെയുള്ള ഉദാഹരണവും കണ്ടെത്താനാവും.

മകളുടെ ജനനം സിസ്സേറിയനിലൂടെ ആയതുകൊണ്ട്, അയോനിജ എന്ന പേര് വേണമെന്ന് അച്ഛൻ, പറ്റില്ലെന്ന് എതിർപ്പുമായി വീട്ടിലെ അംഗങ്ങളും ഭാര്യവീട്ടുകാരും.

സെൻസിബിളായ ഒരു തീരുമാനം എടുക്കണമെന്ന് സുധാകരനെ അയൽവാസി ഉപദേശിക്കുന്നുണ്ട്. സൃഹുത്ത് സോമദാസനും ആ പേരിനോട് വിയോജിപ്പ്. തന്റെ നിലപാടിൽ അയവില്ലാതെ വന്നപ്പോൾ നേരിട്ട എതിർപ്പുകളും അയാൾ നേരിടുന്ന വെല്ലുവിളികളും ആണ് കഥയായി പരിണമിച്ചത്.Surendran poonthottathil, onam kathakal, iemalayalamപലപ്പോഴും മനുഷ്യർ തങ്ങളുടെ ദൃഢനിശ്ചയങ്ങൾക്കിടയിലൂടെ തിരയുന്നത് അവയെത്തന്നെ തകർക്കാനുള്ള വഴിയാവാമെന്നും, ലോകം മുഴുവൻ കാറ്റാടി യന്ത്രങ്ങളായിരിക്കെ അവയുമായി യുദ്ധം ചെയ്തിട്ട് എന്ത് നേടാനാണ് എന്നുമുള്ള ചിന്തയിൽ തന്റെ കടുംപിടുത്തത്തിൽ അയവു വരുത്താൻ കഥാനായകൻ മുതിരുന്നിടത്തു ഒരു ഒത്തുതീർപ്പിനു വഴി തെളിയുന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ ഒരു പരിഹാരം സുധാകരൻ കണ്ടെത്തുന്നു.

ഇന്റർനെറ്റിന്റെ കാലത്തു ലോകം തന്നെ വിരൽതുമ്പിൽ എത്തിനിൽക്കുമ്പോൾ ഗൂഗിൾ അപ്പൂപ്പന്റെ സേവനം തേടാത്തവരായി ആരുണ്ട്? എന്നിട്ടും അതിനുമുണ്ട് പോരായ്മ, രണ്ടു പദങ്ങൾ ചേരുമ്പോളുണ്ടാകുന്ന അർത്ഥം അങ്ങോട്ടു പറഞ്ഞുകൊടുക്കേണ്ട ഗതികേടിലാണ് എന്ന് തമാശ രൂപേണ പറയുന്നുണ്ട് കഥയിൽ. ആസ്ട്രോളാജറും ന്യൂമറോളജിസ്റ്റും ജെമ്മോളജിസ്റ്റും ഒക്കെയാണ് ഈ കംപ്യുട്ടർ യുഗത്തിലും കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നതും ചിരിക്കു വക നൽകുന്നു. സറ്റയർ എല്ലാ എഴുത്തുകാർക്കും വഴങ്ങില്ല. ചന്ദ്രിക ടീച്ചർ അതിന് ഒരു അപവാദമാണ്. നല്ല ഒഴുക്കോടെ നീങ്ങുന്ന ഇക്കഥ പാരായണ സുഖം നൽകുന്നു.

വി ജെ ജെയിംസിന്റെ ഇരട്ട പെറ്റ വീടുകൾ

ഇരു മെയ്യാണെങ്കിലും നമ്മൾ ഒറ്റയല്ലേ എന്ന് തോന്നും വിധം മനഃപൊരുത്തത്തോടെ സമാധാനത്തോടെ ജീവിച്ച രണ്ടു ഉറ്റ സുഹൃത്തുക്കളുടെയും അവരുടെ കുടുംബത്തിന്റെയും കഥയാണിത്. എന്നിട്ടും മിറർ ഇമേജ് ആയി ജീവിക്കാൻ നിശ്ചയിച്ചതിനു അവർ കൊടുക്കേണ്ടി വന്ന വില ഭീമമാണ്.

മുഖത്തോടു മുഖം നോക്കി നിൽക്കുന്ന ഒരേ ഡിസൈനിൽ ഉള്ള രണ്ടു വീടുകൾ വച്ച് ജീവിച്ച ആത്മാർത്ഥ സുഹൃത്തുക്കൾക്കിടയിൽ സാത്താനെ പോലെ ചിലർ ഇടപെടുകയും കൂട്ടുകാരായ അവരെ തമ്മിൽ തെറ്റിക്കുകയും ചെയ്യുന്നു. ഏകോദര സഹോദരങ്ങളെ പോലെ കഴിഞ്ഞുവന്നവർ ശത്രുക്കളായപ്പോൾ കീരിയും പാമ്പും പോലെയായി. മുറുമുറുപ്പും പരസ്പരം ഭീഷണിയും പതിവായി. ജീവിതമാകെ അലങ്കോലമായി. വാശിക്ക് വാശിയായി.

പരസ്പരം മത്സരിച്ച് തങ്ങളിൽ കേമനാരെന്നു കാട്ടാനായി പുതിയൊരു ഗോവണി വച്ച് വീടിനു പൊക്കം കൂട്ടാനും അവർ തയാറായി. ലോൺ പെരുകാനും തുടങ്ങി. വഴക്കിനു വഴി വച്ചതോടെ ഇരു വീടുകളിലും സമാധാനമില്ലാതായി.

വനിതാ കമ്മിഷനിൽ പരാതി കൊടുക്കുന്നത് വരെ കാര്യങ്ങൾ എത്തുന്നു. ശത്രുക്കളായ ശേഷം അവരുടെ കുട്ടികൾ ഫെയ്സ്ബുക്കും വാട്സ്ആപ്പും ഉപയോഗിച്ചു പരസ്പരം ചെളി വാരി എറിയുന്നുണ്ട്. ഒടുവിൽ തെറ്റുകൾ മനസിലാകുന്നതോടെ ശുഭപര്യവസാനിയാകുന്നു കഥ.Surendran poonthottathil, onam kathakal, iemalayalamസരസമായ ശൈലിയിലാണ് ആഖ്യാനം. പുതിയ ധാരാളം പ്രയോഗങ്ങൾ, വ്യംഗ്യാർത്ഥങ്ങൾ, നൂതന സാങ്കേതിക പദങ്ങൾ തുടങ്ങിയവ യഥാവസരം ഉപയോഗിക്കുന്നതിൽ മിടുക്കു കാട്ടിയിട്ടുണ്ട് കഥാകാരൻ.

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്ന കമിതാക്കളെ പോലെയുള്ള വീടുകൾ, ആറരസെന്റിന്റെ ജന്മി, കത്ത് വായിച്ചു കിളി പോയ സ്ഥിതി പ്രാപിക്കുന്നത്, ഭരണചക്രം തിരിച്ചു വിരൽ തേഞ്ഞു പോകുക, അസ്ഥി ഉരുകുവോളം ഉറക്കമിളക്കുക (എ പടങ്ങൾ കാണുക) എന്നിവ ഉദാഹരണങ്ങൾ.

രസകരമായ മറ്റൊരു കാര്യം കൈവിഷത്തെക്കുറിച്ചും കൂടോത്രത്തെക്കുറിച്ചും ഗൂഗിൾ ചെയ്ത കാര്യം പരാമർശിക്കുന്നുണ്ടെന്നതാണ്. സൈബർ കാലത്ത് അതി നൂതനമായ ഗാഡ്ജറ്റ്സ് ഉപയോഗിച്ചു പഴഞ്ചൻ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുനടക്കാൻ മടിയില്ലാത്ത മലയാളിയെ ഇവിടെ കാണാം. എതിർവീട്ടിൽ നിന്ന് ദൃഷ്ടിദോഷം ഉണ്ടാകുന്നോയെന്ന് ഇരുവരും ശങ്കിയ്ക്കുന്നത് എത്ര വിദ്യാ സമ്പന്നരായാലും മനസ് പ്രാകൃതമാണെന്നു കാട്ടിത്തരുന്നു.

ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന്റെ റൂട്ട്മാപ്പ്

അനായാസം എഴുതിയ കഥയെന്ന രഹസ്യം വായനക്കാരുമായി പങ്കുവച്ചാണ് കഥാകൃത്ത് കഥയിലേക്ക് കടക്കുന്നത്. എളുപ്പം വായിച്ചുപോകാമെന്നതു കൊണ്ട് ആ അനായാസത നമുക്ക് അനുഭവപ്പെടുകയും ചെയ്യും. എന്നാൽ വിദഗ്ധനായ ഒരെഴുത്തുകാരനാണ് അദ്ദേഹമെന്ന് അറിയാവുന്ന വായനക്കാരൻ തൻറെ ബുദ്ധി കൂർപ്പിച്ച് വരികളിലെ ധ്വനിയും വരികൾക്കിടയിലെ പറയാതെ പറയുന്ന അർത്ഥാന്തരങ്ങളും തിരഞ്ഞു കൊണ്ടേയിരിക്കും. ഫലമോ വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന് തന്നെയാകും. ഏതു പ്രായക്കാർക്കും രസിക്കും വിധമാണ് ആഖ്യാനം. സറ്റയർ, പുറമെ പൊതിഞ്ഞ ചോക്ലറ്റ് മാത്രം.

സൂക്ഷ്മ വായനയിൽ കഥയിലെ രസിക്കാത്ത സത്യങ്ങളുടെ ഭയാനകവും ക്രൂരവുമായ ഇടങ്ങൾ മറനീക്കി പുറത്തുവരും. എന്തൊക്കെയാണെന്ന് വഴിയേ അറിയാം.

നാല് പതിറ്റാണ്ട് മണലാരണ്യത്തിൽ കഷ്ടനഷ്ടങ്ങൾ ഏറ്റുവാങ്ങി കഴിച്ചു കൂട്ടിയ ശേഷം നാട്ടിൽ തിരിച്ചെത്തി സെറ്റിൽ ആയ അമ്മദ്ക്കയുടെയും ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും കഥയാണിത്. കൂട്ടിന് എലിയും പൂച്ചയും പാമ്പും ഒക്കെ കടന്നു വരുന്നുമുണ്ട്.

ആപ്പ് വയ്ക്കുന്ന ബന്ധുക്കൾക്കിട്ട് കൊട്ടുന്നതിലാണ് തുടക്കം. ലോക്ക്‌ഡൗൺ കാലമായതിനാൽ പലചരക്കു സാധനങ്ങളും മീനും പച്ചക്കറിയും ഫോൺ വിളിയിൽ വീട്ടുപടിക്കലെത്തും. വീട്ടു ജോലിക്കായി ഓമനചേച്ചിയെയും മക്കൾ കണ്ടുപിടിച്ചത് ഓൺലൈനിലൂടെയാണ്.Surendran poonthottathil, onam kathakal, iemalayalamപുതു പുത്തൻ വീട്ടിൽ ക്ഷണിക്കപ്പെടാത്ത അതിഥി ആയെത്തിയ എലിയെ വിശേഷിപ്പിക്കുന്നത് അതിക്രമിച്ച് കയറുന്ന ഫെയ്‌സ്‌ബുക്കിലെ വിവരദോഷികളായ പുച്ഛിസ്റ്റുകളെപ്പോലെ ആണെന്നാണ്. യാതൊരു അറിവും വിവരവും ഇല്ലെങ്കിലും ഏതു വിഷയത്തിലും കയറി അഭിപ്രായം പറയാനും യാതൊരു മടിയും ഉളുപ്പുമില്ലാത്ത കുറേപ്പേരുണ്ട്. സകലമാന സാധനങ്ങളും കടിച്ചുപറിച്ച എലിയെ തേടി സകല വിടവിലും വടിയെടുത്തു കുത്തിനോക്കുന്ന അഹമ്മദിക്കയെ പോലെ. കണ്ടിട്ട് നാലു വർത്തമാനം പറഞ്ഞിട്ട് മാത്രമേ എലിയെ കൊല്ലൂ എന്നത് ചിരിക്കു വക നൽകുന്നു.

നീ ആരോട് ചോദിച്ചിട്ടാണ് തോന്നിയ സ്ഥലത്തൊക്കെ ആക്രമണം അഴിച്ചു വിട്ടതെന്ന് ക്വസ്റ്റ്യൻ ചെയ്യണമെന്ന് പറയുന്നത് നാട്ടിൽ തോന്നിയ പോലെ ലഹള നടത്തുന്ന കൂട്ടരോടുള്ള ചോദ്യമാണ്. സർക്കാരിന്റെ ഉത്തരവുകൾ ധിക്കരിച്ചും നാട്ടിലെ നിയമങ്ങളെ വെല്ലുവിളിച്ചും പലപ്പോഴും പൊടുന്നനെ അക്രമങ്ങൾ ഉണ്ടാകുന്നു.

അമേരിക്കയിൽനിന്ന് കൊണ്ടുവന്ന ഉലക്ക കൊണ്ട് പാമ്പിനെ അടിക്കാൻ ശ്രമിക്കുന്നതു ചിരിക്കു വക നൽകുന്നു. ഈ പാമ്പിന് ട്രംപിന്റെ മുഖമാണെന്ന കണ്ടെത്തൽ അമേരിക്കൻ പ്രസിഡന്റിന്റെ ക്രൂരമുഖം വെളിപ്പെടുത്തുന്നു. ചൈനക്കാരൻറെ മുഖമുള്ള പൂച്ച മാവോവാദിയെ ഓർമിപ്പിക്കുന്നു. മ്യാവോ എന്ന ശബ്ദമുണ്ടാക്കുന്നത് മാവോവാദി ആയതിനാലാണെന്ന പറച്ചിൽ, ഗൗരവമുള്ള ചിന്തയിലേക്ക് നയിക്കുന്നു.

പൂച്ചക്ക് ഒന്നും മറച്ചു വയ്ക്കുന്ന സ്വഭാവം ഇല്ലാത്തതു കൊണ്ട് ആണാണെന്ന് പറയുന്നത് സ്ത്രീകൾക്കുള്ള ഒരു കൊട്ടാണ്. പൂച്ചയുടെ നടത്തത്തെ പ്രധാനമന്ത്രിയുടെ ലാഘവത്തോടെയുള്ള നടത്തത്തോടു താരതമ്യം ചെയ്യുന്നു. പൂച്ചയും ഒരു മനുഷ്യനല്ലേ എന്ന ചോദ്യം ചിന്തയ്ക്കും ചിരിക്കും വക നൽകുന്നു.

ജന്തുക്കൾക്ക് അറിവുണ്ട്. ലോകമാകെ അവരൊന്നാണ്. അതിർത്തിയും രാജ്യവും വെടിവയ്പും ഒന്നും അവർക്കില്ല. മണ്ടനായ മനുഷ്യനേ അതൊക്കെ ഉള്ളൂ. പൂച്ചയുടെ കാഷ്ഠത്തിൽ ഭൂപടത്തിലെ രാഷ്ട്രങ്ങൾ കണ്ടെത്തുന്നത് കാഞ്ഞ ബുദ്ധിയാണ്. ക്ഷുദ്രജീവികളായ ഭരണാധിപന്മാർ എല്ലാം ലോകത്തിൽ സർവവ്യാപി ആയിത്തീരുന്ന നാറ്റം പൂച്ചക്കാഷ്ഠത്തിൽ പകച്ചു നിന്നു. ഭരണാധിപന്മാരുടെ നൃശംസതയാർന്ന ചെയ്തികൾ ജനങ്ങളെ എത്രകണ്ട് ദുരിതത്തിലാഴ്ത്തുന്നു എന്നത് ഒരു രൂപകത്തിലൂടെ കഥാകൃത്ത് വെളിപ്പെടുത്തുന്നു.

സ്വന്തം മുതൽ പോലും കട്ടുതിന്നുന്ന മനുഷ്യരെ പോലെയാണ് പൂച്ചയുടെ ചില പെരുമാറ്റ രീതികൾ. എലിയും പൂച്ചയും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയതു പോലെയാണ് പൂച്ചയുടെ നീക്കങ്ങൾ. ചില സാമുദായിക സംഘടനകളുടെ അഴിമതിയും കൊലപാതകങ്ങളും ഒക്കെ ഭരണപ്രതിപക്ഷമില്ലാതെ മൂടിവയ് ക്കുന്നത് പോലെയാണിതെന്നും പറയുന്നു.

വാട്സ്ആപ് ഗ്രൂപ്പ് മീറ്റിങ്ങിലും സൂമിലും ചർച്ച ചെയ്താണ് പൂച്ചയെ നാടുകടത്താൻ മാർഗം കണ്ടെത്തുന്നത്. സൈബർ കാലത്ത് എന്തിനും ഏതിനും ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നത് രസകരം തന്നെ.
അഹമ്മദ്ക്കയുടെ പൂർവികർ പ്രതികാര വാശിയിലും വാഞ്ഛയിലും പിന്നിലല്ല. കണ്ണൂരിലെ രാഷ്ട്രീയ പകപോക്കലുകളെ പരോക്ഷമായി കളിയാക്കാൻ ഈയൊരു വാചകം മതിയാകും.

പൂച്ച വീണ്ടും കാഷ്ടിച്ചു വീട് വൃത്തികേടാക്കിയത് യൂറോപ്യൻ രാജ്യങ്ങളുടെ ചേലിലാണ്! രാജ്യാതിർത്തികളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും വംശഹത്യയുടെ ‘വസന്തങ്ങൾ’ ചേർന്നുമാണെന്ന് പറയുന്നു. ആക്ഷേപഹാസ്യത്തിനു നിദർശനമാണ് ഈ വരികൾ.

എൻ പി ഹാഫിസ് മുഹമ്മദിന്റെ ഫലൂദ

നിയമപരമായ അംഗീകാരമുണ്ടെങ്കിലും ഇസ്ലാം മതത്തിലെ ബഹുഭാര്യത്വം ആ സമൂഹം അപ്പാടെ അംഗീകരിക്കുന്നില്ല. അത് കുടുംബത്തിന്റെ കെട്ടുറപ്പിനെയും നിലലില്പിനെത്തന്നെയും ബാധിച്ചേക്കാം. വേദനിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിലും ഈ സംഗതി കഥയിലൂടെ രസകരമായി അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ്.

വിവാഹിതരും അമ്മമാരുമായ രണ്ടു കൂട്ടുകാരുടെ കഥയാണിത്. ഇരുവരും ഫലൂദ കൊതിച്ചികൾ. അതിൽ ഒരുവളുടെ ഭർത്താവ് അതി രഹസ്യമായി ഏതോ ഒരു വിധവയെ നിക്കാഹ് ചെയ്ത വിവരം എങ്ങനെ ധരിപ്പിക്കുമെന്ന അങ്കലാപ്പിലാണ് മറ്റവൾ. പോകെ പോകെ സമർത്ഥയായ ആ സ്ത്രീ കാര്യം ഗ്രഹിക്കുന്നു.

സ്ത്രീകൾ ഖബറിടത്തിൽ പോകുന്നത് നിഷിദ്ധമാണെന്നു അറിഞ്ഞിട്ടും കൂട്ടുകാരിയെ കൂടെ കൂട്ടി മുക്രിയെ വശത്താക്കി ബാപ്പയുടെ ഖബർ സന്ദർശിക്കുന്നു. അദ്ദേഹം പരിഹാരം നിർദേശിക്കുമെന്നു അവൾ വിശ്വസിക്കുന്നു. മരിച്ചുപോയ തന്റെ പിതാവുമായി സംസാരിച്ചപ്പോൾ (ആ കഴിവ് എങ്ങനെ ആർജിച്ചുവെന്നത് കഥയിൽ പറയുന്നില്ല) ചിന്തിക്കുന്നവർക്ക് ചില ദൃഷ്ടാന്തങ്ങൾ ഉണ്ടെന്നായിരുന്നു മറുപടി.Surendran poonthottathil, onam kathakal, iemalayalamതന്റെ മുൻ ഭർത്താവിന് ദൂത് പറയാൻ വന്ന മൗലവിക്ക് ഒരിറക്ക് വെള്ളം കൊടുത്താൽ ദൈവം തന്നെ ശിക്ഷിക്കുമെന്നും ധൈര്യസമേതം പറയാൻ നൂർജഹാൻ മടിക്കുന്നില്ല. അപ്രതീക്ഷിതമായി തലയിൽ വീഴുന്ന വെള്ളിടി പോലെയാണ് വിവാഹിതനും കുട്ടികളുടെ പിതാവുമായ ഒരാൾ പൊടുന്നനെ വീണ്ടുമൊരു നിക്കാഹ് കഴിക്കുന്നത്. കുടുംബ ഭദ്രത തകരുകയും വീട്ടിലെ മറ്റു അംഗങ്ങൾക്ക് താങ്ങാനാവാത്ത വേദനകളും, ആഘാതവും ഏൽപ്പിക്കുന്ന പ്രവൃത്തിയുമാണത്.

കടൽക്കാറ്റ് പേപിടിച്ച ചെന്നായ്ക്കളെ പോലെ കാറിനു പിന്നിൽ ഒച്ച വച്ച് ഓടി വരുന്നുണ്ടായിരുന്നു എന്ന വാചകം കഥയിലെ അന്തരീക്ഷം വെളിപ്പെടുത്തുന്നു.

കഥയുടെ വിഷയം മനസ്സുകളെ നൊമ്പരപ്പെടുത്തുന്നതാണ്. പരിണത പ്രജ്ഞനായ എഴുത്തുകാരൻ നർമ്മം ചേർത്ത് എന്നാൽ നിർമമതയുടെ ആവരണം അണിഞ്ഞാണ് ആഖ്യാനം നിർവഹിച്ചിരിക്കുന്നത്. അൽപ്പം ദീർഘിച്ചുപോയെന്നതാണ് ന്യൂനതയായി തോന്നിയത്.

ബി മുരളിയുടെ മൂടി

കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾ ഒഴിഞ്ഞുപോകുന്നത് ചിലപ്പോൾ ഒരു മയക്കത്തിലൂടെയാവാം- പ്രതിവിധി താനെ തെളിഞ്ഞുവരും! വിൻസ്റ്റൺ ചർച്ചിൽ തൻറെ ഉച്ചമയക്കത്തിലൂടെ യുദ്ധരംഗത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തിയിരുന്നു എന്നത് പ്രസിദ്ധമാണല്ലോ.

സുമ എന്ന വീട്ടമ്മ തന്നെ വരിഞ്ഞുമുറുക്കിയ ഒരു നിഗൂഢ സ്വപ്നനത്തിനു പിറകെ പോയി അതിന്റെ വ്യാഖ്യാനത്തിനു അർഥം കണ്ടെത്തുന്നത് വിചിത്രമായ രീതിയിലാണ്. ഒരു ഏറ്റുപറച്ചിലോടെ, തന്നെ മഥിക്കുന്ന ഒടുങ്ങാത്ത കുറ്റബോധത്തിൽനിന്ന് എന്നെന്നേയ്ക്കുമായി രക്ഷപെടാൻ മനസാ തയ്യാറാവുകയും, ജോലികഴിഞ്ഞ് ക്ഷീണിച്ച് പരവശനായി വരുന്ന ഭർത്താവിനോട് ഒരു തുറന്നുപറച്ചിലിന് സന്നദ്ധയാവുകയും ചെയ്യുന്ന സുമ, തന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചില മായക്കാഴ്ചകളിലേക്കും അഥവാ സംഭവങ്ങളിലേക്കും നയിക്കപ്പെടുകയാണ്.Surendran poonthottathil, onam kathakal, iemalayalamസ്വപ്നമോ യാഥാർഥ്യമോ എന്ന് അനുവാചകന് പോലും വിഭ്രാന്തി ജനിപ്പിച്ചുകൊണ്ട് അരങ്ങേറുന്ന രംഗങ്ങൾ വിചിത്രം തന്നെ. രാത്രിയിൽ ആർത്തുപെയ്യുന്ന മഴയുടെയും അകമ്പടി ആയെത്തിയ ഇടിയുടെയും പേടിപ്പെടുത്തുന്ന ഒറ്റപ്പെടലിന്റെയും ഉദ്വേഗത്തിൽ വഴിമുട്ടി നിൽക്കെ, ആരോ ഒരാൾ ഇടവഴിയുടെ അറ്റത്ത് നിൽക്കുന്നത് കാണുന്നു.

രാത്രിഭക്ഷണത്തിനുള്ള ചപ്പാത്തിക്കായി മാവ് കുഴയ്ക്കുമ്പോൾ വാതിലിൽ തട്ടുന്ന ശബ്ദം. തുടർന്ന് ആഗതൻ ഈ അപരിചിത സ്ഥലത്ത് എത്താനുണ്ടായ സാഹചര്യം വിശദമാക്കുന്നു. അനുതാപത്താൽ അയാൾക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കുന്നു. സ്വാഭാവികമായ പെരുമാറ്റം തന്നെയാണ് അവർ ഇരുവരുടെതും. അയാൾ ആവശ്യപ്പെട്ട പ്രകാരം കൈമാറുന്ന എഴുതാത്ത താളുകളിൽ അയാൾ എന്തോ കുറിക്കുന്നുണ്ട്.

കസേരയിൽ കിടന്ന അയാൾ ജീവൻ വെടിയുന്നു. അയാളുടെ കൈയിലെ എഴുത്തിൽ എന്താണെന്നത് നാം അറിയുന്നില്ല, പക്ഷെ, അവൾ തേടിയ പ്രശ്നങ്ങൾക്കുള്ള ഉത്തരമായി! അയാൾ എഴുതിയ കുറിപ്പിലെ അക്ഷരങ്ങൾ ചീറുകയും കുറ്റപ്പെടുത്തുകയും കരയുകയും കുറ്റം ഏൽക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു എന്നും അവൾ ആർദ്രതതയോടെ ആ കടലാസുകൾ ചുരുട്ടി തീയിലേക്ക് ഇട്ടു എന്നും കഥയിലുണ്ട്. അതൊരു ഏറ്റുപറച്ചിലാവാം.
അവൾ ഭർത്താവിന് ഫോൺ ചെയ്യുന്നത് മനഃസ്സമാധാനത്തോടെ ആണെന്നുള്ളത് ഒരു മുഖം മൂടി അഴിഞ്ഞതിന്റെ ആശ്വാസം നൽകുന്നു.

തുടക്കം തൊട്ട് ഒടുക്കം വരെ അമ്പരപ്പിന്റെ ഒരേ സ്ഥായിയിൽ വായനക്കാരനെ തളച്ചിടാനാവുന്നുണ്ട്. ആഖ്യാന മികവും സൂചനകളും
ചിന്തകളുടെ അന്തർധാരയിലേക്കു നയിക്കുന്നു. ഓരോരുത്തർക്കും അവരവരുടേതായ രീതിയിൽ നിർധാരണം ചെയ്യാനാവുംവിധമാണ് രചന.

സി വി ബാലകൃഷ്ണന്റെ പുസ്തകങ്ങളേ നിങ്ങൾ

‘ഞാൻ, ഞാൻ വായിച്ച പുസ്തകങ്ങളാണ്, എന്ന് പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി ഒരിടത്തു പറയുന്നുണ്ട്. ‘പുസ്തകങ്ങൾ മനുഷ്യരാണ്’ എന്നത് എൻ.ശശിധരൻ മാഷിന്റെ പുസ്തകത്തിന്റെ പേരും. സി വി ബാലകൃഷ്ണന്റെ കഥയിലൂടെ ഊളിയിടുമ്പോൾ ഇത് കൂടി ഓർത്തു.

“ഞങ്ങൾ പുസ്തകങ്ങൾക്ക് വേണ്ടി ജീവിക്കുന്നു,” എന്ന ഉംബെർട്ടോ എക്കോവിന്റെയും “പുസ്തകങ്ങളുടെ ശക്തി വില കുറച്ചു കാണരുത്,” എന്ന പോൾ ആസ്റ്ററിന്റെയും വചനങ്ങൾ ആമുഖമായി കൊടുത്തു കൊണ്ടാണ് കഥയിലേക്ക് പ്രവേശിക്കുന്നത്.

എവിടെ നിന്നൊക്കെയോ പലപ്പോഴായി താൻ വാങ്ങി സൂക്ഷിച്ച പുസ്തകങ്ങൾ തൻറെ മരണശേഷം എന്ത് ചെയ്യണമെന്നറിയാതെ ഭവദാസൻ വേവലാതി കൊള്ളുന്നു. ചിതയിലെടുക്കുവോളം അയാൾ തൻറെ പുസ്തകങ്ങൾക്കിടയിലായിരുന്നു. എസ് ഹരീഷിന്റെ ‘അപ്പൻ’ എന്ന കഥയിലെ ലാസർ മാഷിനെപോലെ പുസ്തകം തൊട്ടും തലോടിയും ഘ്രാണിച്ചും അയാൾ കഴിഞ്ഞുകൂടി. ഒടുവിൽ അയാൾ എന്നെന്നേക്കുമായി യാത്രയായപ്പോൾ പുസ്തകങ്ങൾ അനാഥമായി. മക്കൾ ഇരുവരും ദൂരെ സ്ഥലത്തേക്കു മടങ്ങിപ്പോകാനുള്ള തിരക്കിലാണ്. അവരുടെ ചിന്ത മുഴുക്കെ മടക്ക യാത്രയെ കുറിച്ചാണ്. തിരക്കുകൂടുമ്പോൾ സ്വാഭാവികമായും വിമാന ടിക്കറ്റ് നിരക്കു കൂടും, എങ്കിലും മുടിഞ്ഞ നിരക്കെന്ന് പരിതപിക്കുകയാണ് അവർ.Surendran poonthottathil, onam kathakal, iemalayalamഅനാഥമായ പുസ്തകങ്ങൾ ഇനി എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നപ്പോൾ അമ്മയുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്ന അവരുടെ ഒഴികഴിവ്, ചുമതലകളിൽ നിന്ന് മാറിനിൽക്കാനുള്ള ഒരുപാധി മാത്രം.
വാക്കുകൾ തേച്ചും മിനുക്കിയും പണിയെടുക്കുന്നവരുടെ ഏകാന്തത പോലെ മറ്റൊന്നില്ല എന്ന ചിന്താഗതിക്കാരനായിരുന്നു ഭവദാസൻ.

വിശേഷപ്പെട്ട പുസ്തക പ്രേമിയാണ്, മികച്ച വായനക്കാരനും. നല്ല അറിവുള്ളയാൾ. മരിയോ വർഗാസ് യോസ, ജോർജ് അമാദോ തുടങ്ങിയവരോട് ആദരം ഉള്ള ആളാണ് ഭവദാസൻ. കസാന്ത്സാക്കീസിനോ, ബോർഹെസിനോ, പ്രൂസ്റ്റിനോ, ടോൾസ്റ്റോയ്ക്കു പോലുമോ നോബൽ സമ്മാനം കിട്ടാത്തതിൽ പരിതപിക്കുന്നു അദ്ദേഹം.

സാഹിത്യ സംബന്ധിയായ വിജ്ഞാനകോശമായിരുന്നു. സെക്കന്റ് ഹാൻഡ് പുസ്തകങ്ങൾക്കിടയിൽ താൻ തിരഞ്ഞു നടന്ന പുസ്തകം കിട്ടിയപ്പോൾ നിധി കിട്ടിയത് പോലെ സന്തോഷിച്ച ആളാണ്. മാത്രമോ പുസ്തകങ്ങളെ അചേതനവസ്തുവായല്ല കണ്ടിരുന്നത്. എന്നാൽ അയാളുടെ ഭാര്യക്ക് ഇതെല്ലം ഭ്രാന്ത് ആയേ തോന്നിയുള്ളൂ. ചുരുക്കത്തിൽ അയാളൊഴിച്ച് ആർക്കും പുസ്തകങ്ങൾ ആവശ്യവസ്തുവേ അല്ല!

രണ്ടാം കൈ വിൽപ്പനക്കാരൻ ഉണ്ണിനാപ്പ അത് വാങ്ങാനെത്തിയപ്പോൾ അത്ഭുതപ്പെട്ടുപോയി, അത്രമാത്രം പുസ്തകങ്ങൾ ഉണ്ടായിരുന്നു, അവിടെ.
കഥയുടെ ഒടുവിൽ കാണുന്നത് ഭവദാസൻ മാഷിന്റെ ആത്മാവ് എകാഗ്രചിത്തനായിരുന്ന് പുസ്തകം വായിക്കുന്നതാണ്.
കഥ വായിക്കേ, ചില മികച്ച വായനക്കാരുടെ പേരുകൾ ഓർത്തു.

മണ്മറഞ്ഞ സാഹിത്യ വാരഫലം കൃഷ്ണൻനായർ, ഇപ്പോഴും ഉത്സാഹത്തോടപുസ്തകങ്ങൾക്കായി തിരയുന്ന എൻ ശശിധരൻ, എസ് ജയചന്ദ്രൻ നായർ, പി കെ രാജശേഖരൻ, വൈക്കം മുരളി, ഈ കഥയുടെ രചയിതാവ് സി വി ബാലകൃഷ്ണൻ തുടങ്ങിയവർ. ഇവർ വായിക്കുക മാത്രമല്ല, വായിച്ചവയെപ്പറ്റി ധാരാളം എഴുതുകയും ചെയ്യുന്നു. അങ്ങനെ വായന സാംസ്കാരിക പ്രവർത്തനം കൂടി ആയിത്തീരുന്നു. ഇനിയും ധാരാളം പേരുകൾ ഇതോടൊപ്പം കൂട്ടിച്ചേർക്കാനുണ്ടാവും, തീർച്ച.

ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഭവദാസൻ പുസ്തകങ്ങളെ അകമഴിഞ്ഞ് ഇഷ്ടപ്പെടുകയും ധാരാളം വായിക്കുകയും ചെയ്തു. സാഹിത്യസംബന്ധിയായ വിഷയങ്ങളിൽ വിജ്ഞാനകോശമെന്ന് വിളിക്കാവുന്നത്ര അറിവ് സമ്പാദിച്ച വ്യക്തിയുമാണ്. എന്നിട്ടും തൻറെ ഭാര്യയോ ഉദ്യോഗസ്ഥരായ മക്കളോ അയാളുടെ അമൂല്യസമ്പത്തായ പുസ്തകങ്ങളുടെ മൂല്യം തിരിച്ചറിയുന്നില്ല! ഇത് എല്ലാവർക്കും ഒരു പാഠമാണ്. തിരിച്ചറിവാകേണ്ടതാണ്. ഇത്തരം വസ്തുതകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാവാം കഥാകൃത്ത്.

വി ആർ സുധീഷിന്റെ മാർജാരനും മൂർഖനും

കഥയിൽ ഏറ്റവും ഒടുവിൽ നാടിനെ നടുക്കിയ സംഭവങ്ങൾ ചേരുംപടി ചേർത്തെങ്കിലേ ഇനി വരുന്ന തലമുറ ദീർഘകാലം കഴിഞ്ഞു വായിക്കുമ്പോൾ ആ ദുർഘട കാലത്തേ തിരിച്ചറിയൂ. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ കീഴടക്കുമ്പോഴും ക്രൂരമായ കൊലകളുടെ വാർത്തകൾ ഒന്നൊന്നായി പുറത്തുവരുന്നു.

വിശേഷ ബുദ്ധിയില്ലെന്ന് മനുഷ്യർ പരിഹസിക്കുന്ന മറ്റു ജീവി വർഗങ്ങൾക്ക് പോലും ഉള്ള കരുണയും അനുതാപവും മനുഷ്യർക്കില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അന്യ ജീവികളുടെ കാഴ്ചപ്പാടിൽ മനുഷ്യരുടെ പെരുമാറ്റം എങ്ങനെയാണ് എന്ന കാര്യമാണ് കഥയ്ക്ക് വിഷയമാകുന്നത്.
സാഹിത്യരചനകൾ കോവിഡിന് മുമ്പും പിമ്പും എന്ന രീതിയിൽ കണക്കാക്കാൻ സാധ്യതയുണ്ട്. മനുഷ്യ ചരിത്രത്തിലെ ഒരേട് ഈ കാര്യത്തിനു വേണ്ടി മാറ്റിവയ്ക്കുമെന്നു തീർച്ചയാണ്.

Read More: മാധ്യമം വാർഷികപ്പതിപ്പിലേയും ദേശാഭിമാനി ഓണപ്പതിപ്പിലേയും കഥകളെ കുറിച്ചുള്ള ആസ്വാദനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഥയിൽ ലോക്ഡൗൺ കാലത്തെ അടച്ചിരിപ്പിൽ അണുകുടുംബത്തിലെ ദമ്പതിമാർക്കിടയിലെ പൊട്ടലും ചീറ്റലും തമ്മിൽ തല്ലലും തെറിപറച്ചിലും സമൂലം ചേർത്തിരിക്കുന്നു. നാളിതു വരെ കേൾക്കാത്ത തെറിവാക്കുകൾ കേട്ട് ഞെട്ടിത്തരിക്കുന്നതു മാർജാരൻ ആണ്. ലോകത്തെ നടുക്കിയ ദുരന്തം നമ്മുടെ നാട്ടിലും പടർന്നു താണ്ഡവമാടുമ്പോൾ മദ്യത്തിൽ ആറാടാനും കലഹിക്കാനുമൊക്കെയാണ് മനുഷ്യർ തുനിയുന്നത്.Surendran poonthottathil, onam kathakal, iemalayalamപാമ്പുകൾക്കും പൂച്ചകൾക്കും പോലുമുള്ള തിരിച്ചറിവോ വിവേകമോ ഇല്ലാത്തവർ മനുഷ്യരെന്ന ഇരുകാലി ജീവികൾക്കിടയിൽ ഉണ്ട്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവർ. സ്വന്തം ഭാര്യയെ വിഷപ്പാമ്പുകളെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ മടിയില്ലാത്ത ഇവർ എന്തുതരം മനുഷ്യരാണ്? വെറുതെയ ല്ല കൊറോണ ഇവറ്റകളുടെ മുഖം മൂടിയതെന്ന് മാർജാരനെക്കൊണ്ട് പറയിക്കുന്നുണ്ട് കഥാകാരൻ.

കടൽ പോലും ശാന്തമാണ്. തോണിയില്ല, ബോട്ട് ഇല്ല. അതേ സമയം മീനുകൾ യഥേഷ്ടം ചാടി മറിയുന്നു. “മീനുകളുടെ ജനപഥം അലയാഴിയെ ഭേദിച്ചു,” എന്ന് കഥയിൽ വായിക്കാം.

ലോക്ഡൗൺ കാലത്തു മനുഷ്യർ പുറത്തിറങ്ങാനാകാതെ വാസസ്ഥലത്ത് അടച്ചുപൂട്ടി ഇരിക്കയും മീനുകളടക്കമുള്ള മറ്റു ജീവികൾ യഥേഷ്ടം വിഹരിക്കയും ചെയ്യുന്നു എന്ന ധ്വനി ഇതിലുണ്ട്. സ്വാതന്ത്ര്യം അടിയറ വയ്ക്കപ്പെടുമ്പോൾ മനുഷ്യനിൽ എന്തൊക്കെ മാറ്റമുണ്ടായെന്ന വിചിന്തനം സാധ്യമാണ്.

സന്തോഷ് ഏച്ചിക്കാനത്തിന്റെ കുന്നുംകര തോമ മകൻ റൊണാൾഡ് (റപ്പായി) 

മലയാളചെറുകഥയുടെ അമരത്തുനിൽക്കുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥയാണിത്. ഭാവനയ്ക്ക് അതിരുകളില്ല. കാഫ്കയുടെ മെറ്റമോർഫോസിസിലെ ജിഗർ സാംസൺ വൃത്തികെട്ട കീടമായി പരിണമിക്കുന്നതും അയാളെ വീട്ടുകാരടക്കം വെറുക്കുന്നതും ജീവിതം മാറി മറിയുന്നതും നമുക്കറിയാം.

മനുഷ്യർ ഒരായുസ്സ് മുഴുവൻ ജീവിച്ചിട്ടെന്ത്? പാങ്ങുള്ളവർ തിന്നു കുടിച്ചു മദിച്ച് ആര്മാദിച്ചും, അതില്ലാത്ത പാവത്തുങ്ങൾ കഷ്ടനഷ്ടങ്ങൾ പേറിയും ഒടുങ്ങുന്നു. തന്റെ പരാക്രമിയായ അപ്പൻ തോമയെപ്പോലെ ഒരു ദിവസമെങ്കിലും നാടിനെ വിറപ്പിച്ച് കയ്യടി വാങ്ങണം, പിന്നെ ചത്താലും വേണ്ടില്ല എന്ന് റപ്പായി ആത്മാർത്ഥമായി യേശുവിനോട് പ്രാർത്ഥിച്ചു പോയതിൽ തെറ്റില്ല.

രണ്ടായിരത്തിപതിനെട്ടിൽ കേരളത്തെ വിഴുങ്ങിയ പ്രളയത്തിൽപ്പെട്ട കുറെ ജീവനുകൾക്ക്-അതിൽ മനുഷ്യർ മാത്രമല്ല നാനാജാതി പക്ഷിമൃഗാദികളും വൃക്ഷലതാദികളും പെടും –വന്നുപെട്ട കൊടിയ നാശനഷ്ടങ്ങളും ദുരിതങ്ങളും ഏറ്റിയ കയ്പുറ്റ അനുഭവങ്ങളും കഥയുടെ രൂപത്തിൽ ഭാവാത്മകമായി പറഞ്ഞതാണ് ഈ ഫിക്ഷൻ.

തന്നെ ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്ത മല്ലന്മാരോട് ഏറ്റുമുട്ടാനുള്ള ശേഷിയോ ശേമുഷിയോ ഇല്ലാത്ത പാവത്താനായ റപ്പായിയുടെ അമ്മച്ചിയുടെ പ്രാത്ഥനകൾക്കു ഫലം കണ്ടു. തന്റെ ദേഹത്ത് വീഴുന്ന മഴത്തുളളികളെ ഉരുളക്കിഴങ്ങുപോലെ ഭാരമുള്ളതായി സങ്കല്പിക്കാനുള്ള ബുദ്ധിയൊക്കെ റപ്പായിക്കുണ്ട്. തന്റെ ദുഷ്പ്പേര് മാറ്റാൻ അവൻ നിരന്തരം പ്രാര്ഥിച്ചിരിക്കണം. അല്ലെങ്കിൽ പിന്നെ തുരുത്തിലെ ഏകാന്തതയിൽ തനിച്ചു കഴിയുന്ന അവന്റെ വീട്ടിത്തന്നെ കടുവ എത്തുമോ?

തന്നെ കടിച്ചുകീറി വിഴുങ്ങാൻ പ്രയാസമില്ലാത്ത അതിന്റെ വിശപ്പ് മാറ്റാൻ ഇത്തിരിയോളം പോന്ന അത്താഴത്തിലൊരു പങ്കും, തണുപ്പ് മാറ്റാൻ പുതപ്പും നൽകുമോ? അത്താഴപട്ടിണിക്കാരനെ അവഗണിക്കുന്ന നമ്മളെയൊക്കെ എന്തിനു കൊള്ളാം എന്ന് ധ്വനി.

കടുവ കഞ്ചാവ് ബീഡി പുകയ്ക്കുന്നതൊക്കെ ലാഘവത്തിൽ കണ്ടാൽ മതി. Surendran poonthottathil, onam kathakal, iemalayalam
കുത്തേറ്റു മരിച്ച തോമയുടെ ആത്മാവ് മാർത്തയുടെ ശരീരത്തിൽ പ്രവേശിക്കുന്നത് പ്രാത്ഥനാനിര്ഭരമായ വേളയിലാണ്. എന്നിട്ടും ഫാദർ സ്റ്റീഫന്റെ ഉള്ളിലുള്ള ആത്മാവ്, അതിന്റെ പ്രകൃതം പോലെ തോന്ന്യാസം കാണിക്കാനുള്ള സ്കോപ്പ് ഇല്ലാത്തതിനാൽ ഓഞ്ഞ ജീവിതമെന്ന് പരിതപിക്കുന്നു!
മെറ്റമോർഫോസിൽ സാംസൺ കീടമായി പാറിനടക്കുന്നു. ഇവിടെ ആത്മാവ് ഡോക്ടർ സബാഹുദ്ദീനു പോലും പിടികൊടുക്കാതെ ചാടിപ്പോകുന്നു. മയ്യത്തായെന്നു ഭാര്യപോലും കരുതിയ റാഷിദിന്റെ തിരിച്ചുവരവും നോങ്ങലിന്റെ മേലുള്ള കിടപ്പും രസകരം.

പ്രശസ്ത നിരൂപകനായ കെ പി അപ്പന്റെ വാക്കുകളിൽ ജീവിതത്തിലെ ദുരന്തബോധത്തെ അതാതു കാലഘട്ടത്തിലെ എഴുത്തുകാർ ചിരിയിലൂടെ മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. ദുരന്തബോധം തൊട്ടുണർത്തുന്ന ഫലിതത്തിനാണ് സൗന്ദര്യമുള്ളത്. ദാർശനികമായ ഒരു തരം വിഷമാവസ്ഥയിൽ നിന്നാണ് ചിരി ഉണ്ടാകേണ്ടത്. ഹാസ്യജനകമായി തോന്നുന്നത് പലപ്പോഴും ദാരുണം.

സാമുവേൽ ബെക്കറ്റിലും മറ്റും വരുമ്പോൾ ദുരന്തവും ഫലിതവും പരസ്പരം ലയിച്ചു മനുഷ്യാവസ്ഥയെ കുറിച്ചുള്ള സവിശേഷമായൊരു ഉൾക്കാഴ്ചയായി മാറുന്നു. (ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക-ഡി സി)

ജനനവും മരണവും ഒരേ ദിവസമാകുന്നത് എങ്ങനെ ന്യായീകരിയ്ക്കും എന്നല്ലേ? Every dog has its day എന്നൊരു ചൊല്ലുണ്ടല്ലോ. ആ ദിവസമാണ് 29.08.2018.
എഴുത്തുകാരൻ തിരക്കഥാരചയിതാവ് ആയതു കൊണ്ടു കൂടിയാവാം സിനിമയിലെ ദൃശ്യാവിഷ്കാരം പോലെ ഹൃദ്യമായി ആഖ്യാനം.

അശോകൻ ചരുവിലിന്റെ പടിക്കലെ മഠത്തിൽ ബലരാമൻ

ജാതിയും മതവും സൃഷ്ടിച്ച വിവേചനങ്ങളും, നവോത്ഥാനത്തിന്റെ ഫലമായുണ്ടായ ചിന്തകളും കേരളത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ നിരവധിയാണ്. മനുഷ്യ മനസ്സിന്റെ ഉള്ളിൽ ആഴത്തിൽ വേരൂന്നിയ ബോധ്യങ്ങൾ മാറ്റുക ക്ഷിപ്രസാധ്യമല്ല. ദൃഢമായി തറഞ്ഞിരിക്കുന്ന അവ അവസരം എത്തുമ്പോൾ മറ നീക്കി പുറത്തു ചാടും. അതാണ് കഥയുടെ കാതൽ.

സഹപാഠികളും സുഹൃത്തുക്കളുമായ മൂന്നു പേരുടെ കഥ ആഖ്യാതാവ് പറയുകയാണ്. അശോകൻ ചരുവിലിന്റെ പതിവ് രീതിയാണത്.
ഉയർന്ന ജാതിക്കാരനായ ബലരാമൻ ഉന്നത വിദ്യാഭാസവും ഉദ്യോഗവും നേടി, മധ്യവയസ്സു പിന്നിട്ട ശേഷം അന്യമതത്തിൽപെട്ട ഭാര്യയുമായി അകന്നു നാട്ടിലെത്തി. പഴയ സഹപാഠികളെയും സുഹൃത്തുക്കളെയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു.

യൂത്ത്ഫെഡറേഷനിൽ ആയിരുന്നു അവരൊന്നിച്ചു പ്രവർത്തിച്ചത്. ജന്മിത്വത്തിനെതിരായും തൊഴിലാളിവർഗ്ഗത്തിനു അനുകൂലമായും മുദ്രാവാക്യം വിളിച്ചും പ്രവർത്തിച്ചും നടന്ന ബലരാമൻ ജന്മപാശം തന്നെ മുറുക്കിയെന്നു വിശ്വസിക്കുന്നു. സദാസമയവും മദ്യത്തിന് അടിമയായ ബലരാമനിൽ അമ്മാവന്റെ നാട്ടുപ്രമാണിത്തത്തിന്റെയും പ്രതാപത്തിന്റെയും അവശേഷിപ്പുകൾ വിട്ടുമാറാതെ ഒട്ടിക്കിടന്നിരുന്നോ എന്ന് സംശയിക്കണം. അതാണല്ലോ ഉറ്റ ചങ്ങാതിമാരെ ഒപ്പമിരുത്തി ഉച്ചയൂണ് കഴിക്കുമ്പോൾ തികട്ടി പുറത്തു ചാടിയത്. ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച ശേഷം കാലുപിടിച്ചിട്ടെന്തു കാര്യം? നഷ്ടപ്രതാപത്തിന്റെ ഓർമ്മകൾ അയാളിൽ തികട്ടുന്നുണ്ടാവണം. Surendran poonthottathil, onam kathakal, iemalayalam
‘എത്ര ഭാരം മുകളിൽ നിന്നു വന്നാലും അടിക്കല്ല് പൊട്ടരുത്; പൊട്ടിയാൽ ചുമരും പൊട്ടും എന്നതിന് ഏറെ അർത്ഥവ്യാപ്തിയുണ്ട് ‘മഠത്തിലെ ചാരു കസേര ഉമ്മറത്തിട്ട് കാലും നീട്ടിവെച്ച് മൂപ്പരുക്ക് ഒന്ന് കിടക്കണത്രെ’ എന്നതിലും, ‘അന്ന് അമ്മാവൻ പറഞ്ഞതാ പുളിക്കൽ കടവിലെ നെയമം’ എന്ന് ഉദീരണം നടത്തുന്നതിലും നിന്ന് ബലരാമന്റെ ഉള്ളിൽ അധികാര പ്രമത്ത തല നീട്ടുന്നുവോ എന്നതിന്റെ സൂചനയുണ്ട്.

‘തീണ്ടലും തൊടീലും ഇല്ല. ജന്മിത്വത്തിന്റെ കൊമ്പും തുമ്പിക്കൈയ്യും ഒക്കെ പോയില്ലേ’ എന്ന ചോദ്യത്തിൽ ആന എന്ന രൂപകം ഒളിഞ്ഞിരിക്കുന്നു. ശക്തിയുടെയും ബലത്തിന്റെയും പ്രതീകമാണല്ലോ ആന. കൂട്ടത്തിൽ മൂന്നാമനായ ശിവരാമനാകട്ടെ ദേശാന്തര യാത്രചെയ്ത് ഭാഷകൾ പഠിക്കുകയും കൈത്തൊഴിൽ അഭ്യസിച്ച് അന്നത്തിനു വക കണ്ടെത്തുകയും ചെയ്തു. അയിത്തവും തൊട്ടുകൂടായ്മയുമൊക്കെ പുറമെ കാണില്ലെങ്കിലും അത് പലരുടെയും ഉള്ളിലുണ്ടെന്നും കഥ വെളിപ്പെടുത്തുന്നു.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Onapathippu short stories review

Next Story
ഛായ- സിവിക് ജോണ്‍ എഴുതിയ കഥcivic john, story ,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com