ഒളോര്‍മാവില്‍ തൂങ്ങിയനിലയില്‍ ഷാജിയെ ആദ്യം കണ്ടത് ഷീജയാണ്. തല ഒരുവശത്തേക്ക് ചെരിച്ച്, കേലയും ചോരയുമൊലിപ്പിച്ച് കണ്ണുകള്‍ തുറുപ്പിച്ച് ഷാജി വാനിലും മണ്ണിലുമല്ലാതെ. ബലിഷ്ഠമായ ആ ശരീരം തന്നെത്തന്നെ നോക്കി ആടുന്നു.

തൂങ്ങിയതിന്റെ വെപ്രാളത്തില്‍ അഴിഞ്ഞുപോയതാകാം, ഒരു ലുങ്കി താഴെ പാറിപ്പറന്നു കിടപ്പുണ്ട്. മൊബൈലും വാച്ചും മറ്റൊരിടത്ത്. ഷഡ്ഢി മാത്രമാണ് ഇപ്പോള്‍ ദേഹത്തുള്ളത്. അതിന്റെ മുന്‍ഭാഗം അസാമാന്യമായി മുഴച്ചിരിപ്പുണ്ട്. അതു കണ്ടപ്പോള്‍ ഷീജയ്ക്ക് വല്ലാതെ തോന്നി. അവള്‍ ഓര്‍ത്തു: ഇന്നലെ സന്ധ്യക്ക് തന്റെ വീടിനു പിന്‍വശത്തെ ആളൊഴിഞ്ഞ ഇടയില്‍ യാദൃച്ഛികമായി കണ്ടപ്പോഴും ഷാജി തന്നോട് ആഗ്രഹം പറഞ്ഞിരുന്നു.

“ഒരു തവണ…ഒരേയൊരു തവണ…ഈ ലോകത്ത് നമ്മള്‍ മാത്രമേ അറിയൂ. കുറേകാലമായി കൊണ്ടുനടക്കുന്ന മോഹമാണ്…”

പറ്റില്ലെന്ന് മുഖത്തടിച്ചതുപോലെ പറഞ്ഞപ്പോള്‍ ഷാജിയുടെ കണ്ണുകളില്‍ വിഷാദം നിറഞ്ഞു. വെറുതെ ഒന്നുചിരിച്ചെന്ന് വരുത്തിയിട്ട് തലകുനിച്ച് ഷാജി നടന്നുപോയി. അതിനുശേഷം ഈ കാഴ്ചയാണ്. മനുഷ്യരുടെ കാര്യം…എന്ത് പറയാനാണ്! ഷീജയ്ക്ക് എന്തെന്നില്ലാത്ത ദു:ഖം തോന്നി.

ഷാജിയും താനും അയല്‍വാസികളാണ്. തന്റെ വീട്ടില്‍ നിന്നും കിഴക്കുവശത്തായി രണ്ടുപറമ്പിനപ്പുറമാണ് ഷാജിയുടെ വീട്. സാമൂഹികപ്രവര്‍ത്തകനും റിട്ടയേര്‍ഡ് എഇഒയുമായ ബാലകൃഷ്ണക്കുറുപ്പാണ് ഷാജിയുടെ അച്ഛന്‍. എല്‍പി സ്‌കൂള്‍ മുതല്‍ ഒരേ ക്ലാസ്സിലാണ് താനും ഷാജിയും പഠിച്ചിരുന്നത്.

ഒരിക്കല്‍ ഷാജി ക്ലാസ്സില്‍ തൂറിയപ്പോള്‍ സ്‌കൂളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് അവന്റെ വീട്ടില്‍ച്ചെന്ന് അമ്മ ഗീതേച്ചിയെ വിളിച്ചുകൊണ്ടുവന്നത് താനാണ്. കുടുംബശ്രീയുടെ മീറ്റിങ്ങുകളില്‍ മിക്കവാറും ഗീതേച്ചിയെ കണ്ടുമുട്ടാറുണ്ട്. ഷാജിയുടെ ഭാര്യ ദീപ്തിയുമായും തനിക്കടുപ്പമുണ്ട്. വല്ലപ്പോഴും കാണുമ്പോള്‍ സംസാരിക്കാറുണ്ട്. തന്നെക്കാള്‍ വണ്ണവും പൊക്കവുമുള്ള ആളാണ് ദീപ്തി.

ഷാജിയുടെ കല്യാണദിവസം സംഭവിച്ചത് ഒരിക്കലും ഷീജ മറന്നിട്ടില്ല. മറക്കുകയില്ല. വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്ന് തിരിയവെ തന്റെ ചെവിയില്‍ മറ്റാരും കേള്‍ക്കാതെ ഷാജി: “ഇപ്പോഴും ഞാന്‍ വിട്ടിട്ടില്ല. ഒരുതവണ മാത്രം നമ്മളൊത്ത്…എല്ലില്‍ത്തൊട്ട ആശയാണ്…എതിരു പറയരുത്…ആ കാത്തിരിപ്പിലാണ് ഞാന്‍…”

ഞെട്ടലോടെ ഷീജ ഷാജിയെ നോക്കി. ഒന്നും സംഭവിക്കാത്തതു പോലെ ഷാജി പുഞ്ചിരിച്ചപ്പോള്‍ ഷീജ ഒന്നുകൂടി ഞെട്ടി. അതു നോക്കി എന്തെന്നറിയാതെ നവവധുവായ ദീപ്തിയും പുഞ്ചിരിച്ചു.

അതിനുശേഷം ദീപ്തി പ്രസവിച്ചുവെന്നറിഞ്ഞ് കുഞ്ഞിനെ കാണാനാണ് ആ വീട്ടില്‍പോകുന്നത്. അപ്പോള്‍ പത്രവും വായിച്ച് വരാന്തയിലിരിപ്പുണ്ടായിരുന്നു ഷാജി. തന്നെ കണ്ടതും പലഹാരം കണ്ട കുട്ടിയുടെ കൊതിയോടെ എഴുന്നേറ്റു. പത്രം മേശമേലിട്ടു. ഷാജിയുടെ കണ്ണുകള്‍ തന്നോടു പറയാതെ പറഞ്ഞു: ‘എനിക്ക് കൊതി കൂടുകയാണ് ഷീജേ…’
മനുഷ്യരുടെ കാര്യങ്ങള്‍!v dileep, story, iemalayalam
ഷീജയ്ക്ക് ദു:ഖവും തളര്‍ച്ചയും തോന്നി. അന്ന് മുഴുവന്‍ ഷീജ ഒരു നാടകത്തിലെ വിവശയായ കഥാപാത്രത്തെ പോലെ പെരുമാറി. ഒളോര്‍മാവില്‍ നിന്നും ഷാജിയുടെ ദേഹം താഴേക്കിറക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാളായി നിന്നു.

ഇന്‍ക്വസ്റ്റ് നടത്തി പൊലീസ് ഷാജിയെ വീട്ടിലെത്തിച്ചപ്പോള്‍ അവിടെ അലമുറയിട്ടു കരയുന്നവര്‍ക്കൊപ്പം ചെന്നിരുന്നു. ഗീതേച്ചിയുടെ ഇരുകൈകളിലും മുറുക്കിപ്പിടിച്ചു. ദീപ്തിയോട് എല്ലാം സഹിക്കാന്‍ ശക്തിയുണ്ടാകട്ടെ എന്നു പറഞ്ഞു. അപ്പോള്‍ വെള്ളപുതച്ചുകിടക്കുന്ന ഷാജി തന്നെ പാളിനോക്കുന്നതു പോലെ ഷീജയ്ക്കു തോന്നി. പകുതിയടഞ്ഞ ആ കണ്ണുകളില്‍ തനിക്കായി ചിമ്മിയുണരാന്‍ കൊതിക്കുന്നൊരു ചോദ്യമുണ്ടെന്ന് ഷീജയറിഞ്ഞു.

സഹിക്കാനാവാതെ തല താഴ്ത്തിയ ഷീജയോട് ദീപ്തി പറഞ്ഞു: “പാവം…എന്റെ ഷാജിയേട്ടന് വല്ലാത്തൊരാശയുണ്ടായിരുന്നു…” ദീപ്തി എന്താണ് പറഞ്ഞുവരുന്നതെന്നറിയാതെ ഷീജ നിന്നു. അവളുടെ നാവില്‍ തുപ്പല്‍വറ്റി.

“നിനക്കറിയാമല്ലോ അല്ലേ? അതു തീരാതെയാണ് എന്റെ ഷാജിയേട്ടന്‍ ലോകം വിട്ടത്…”

മൂശാരിയുടെ ഉലയില്‍ നിന്ന് കോരിയൊഴിച്ചതുപോലെ ദീപ്തിയുടെ വാക്കുകള്‍.  അവിശ്വാസത്തോടെ ഷീജ ദീപ്തിയുടെ മുഖത്തുനോക്കി.

“നീയൊന്നു മനസ്സുവെച്ചില്ലല്ലോ ഷീജേ…ആ പാവത്തിനോട് കരുണ കാണിച്ചില്ലല്ലോ…”

കുമിളകെട്ടിയ മനസ്സുമായി ഷീജ എഴുന്നേറ്റു. വേഗം അവിടെ നിന്നിറങ്ങി തന്റെ വീട്ടിലേക്ക് നടന്നു. ചെറിയ ഇടവഴിയിലൂടെ നടന്ന് കയ്യാല കവച്ചു വെച്ചാണ് വീട്ടിലേക്ക് എത്തുക. പകല്‍മുഴുവന്‍ വിവശതയുമായി പാഞ്ഞുനടന്ന പട്ടികള്‍ കയ്യാലയുടെ ഓരം ചേര്‍ന്ന് കിടപ്പുണ്ടായിരുന്നു. അവ ഷീജയെ നോക്കി നാവ്പുറത്തിട്ട് അണയ്ക്കാന്‍ തുടങ്ങി.

മുമ്പൊരിക്കല്‍ നേരം മയങ്ങിയ നേരത്ത് കയ്യാലയുടെ സമീപം നിന്ന് ഷാജി തന്നെ നോക്കിയിരുന്നു. നാവെടുത്ത് ഒന്നും പറയാതെ ഭിക്ഷയ്‌ക്കെന്ന പോലെ അന്ന് ഷാജി തന്റെ നേരെ കൈനീട്ടി. ഷാജിയും താനും അവിടെയങ്ങനെ നിന്നപ്പോള്‍ തങ്ങള്‍ക്കു ചുറ്റുമായി ആരൊക്കെയോ വന്നുനിന്നെന്ന് ആദ്യം തോന്നി.

“ആരുമില്ല…വാഴയുടെ നിഴലാണ്….ഇവിടെ ആരുമില്ല…” ഷാജി എന്തിനോ വേണ്ടിയെന്നോണം പറഞ്ഞുകൊണ്ടിരുന്നു.

“ഇല്ല…നടക്കില്ല…” ഉറച്ച ശബ്ദത്തില്‍ പറഞ്ഞപ്പോള്‍ ഷാജി ഭയന്നു.v dileep, story, iemalayalam
ഷീജ വീട്ടിലെത്തിയതും കുളിച്ചു. എല്ലാമെല്ലാം ഇന്ന് കഴുകിത്തീരണം. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതും…അവള്‍ തണുത്തവെള്ളം പിന്നെയും ധാരാളമായി സ്വന്തം ദേഹത്തേക്കൊഴിച്ചുകൊണ്ടിരുന്നു…

രാത്രിയില്‍ ഭര്‍ത്താവ് എ. വിനോദ് വന്നു. വിനോദ് കവിയും ചില ഡോക്യുമന്ററികളുടെ സ്‌ക്രിപ്റ്റ്‌റൈറ്ററുമാണ്. ഈണത്തില്‍ പാടാന്‍ കഴിയുന്ന കവിതകളാണ് പൊതുവേ ഷീജയ്ക്കിഷ്ടം. ഗദ്യരൂപത്തില്‍ വരികള്‍ ഇടയ്ക്കുമുറിച്ചാണ് വിനോദിന്റെ കവിതകള്‍. വളരെ അര്‍ഥതലങ്ങളുണ്ടെങ്കിലും നിനച്ചിരിക്കാത്ത നേരത്ത് തുടക്കവും ഒടുക്കവുമില്ലാതെ അവസാനിക്കുന്ന ആ എഴുത്ത്‌രീതി ഷീജയ്ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനായിട്ടില്ല.

രാത്രിയില്‍ വിനോദ് പതിവുപോലെ ഭക്ഷണശേഷം കവിതയെഴുതി. തുടര്‍ന്ന് മുറിയുടെ ജാലകങ്ങള്‍ തുറന്നുകൊണ്ട് പറഞ്ഞു: “ഷാജിയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു…”

ഷീജ മറുപടിയായി ഒന്നുമൂളി.

“പാവം… അവന്റെ വലിയ ആശയായിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ കൊണ്ടുനടന്ന മോഹം….നീയൊന്നു മനസ്സുവെച്ചില്ല…”

തീപ്പൊള്ളിയതു പോലെ ഷീജ തലയുയര്‍ത്തി ഭര്‍ത്താവിനെ നോക്കി. എ.വിനോദ് അതു കണ്ടില്ല. അയാള്‍ ശാന്തനായി കിടന്നു.

“എല്ലാവരുടെയും സന്തോഷം നടക്കട്ടെ…അതല്ലേ ഇപ്പോ പറയാന്‍ പറ്റൂ…”

വിനോദ് കണ്ണുകളടച്ചു. കണ്ണുകളടച്ചാല്‍ വേഗത്തിലുറങ്ങുന്നതാണ് വിനോദിന്റെ ശീലം.
അടുത്തതും അതിനടുത്തതുമായ ദിനങ്ങളില്‍ പലനേരങ്ങളിലായി ഷീജ ഷാജിയുടെ വീട്ടില്‍ പോയി. ബന്ധുക്കളും നാട്ടുകാരും അവിടെ വന്നുംപോയുമിരിക്കുകയാണ്.

സങ്കടം ഉള്ളിലൊതുക്കി ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറുന്ന ദീപ്തി ഷീജയില്‍ അത്ഭുതം നിറച്ചു. അടുക്കളയില്‍ ഗീതേച്ചിയെ എന്തോ കാര്യത്തിന് സഹായിക്കാന്‍ മനസ്സുറച്ച് ഷീജ പെരുമാറവെ ഗീതേച്ചി, മറ്റെവിടെയോ നോക്കിക്കൊണ്ടെന്നപോലെ, എന്നാല്‍ ഷീജയോടായി: “എന്റെ മോന്‍ അത്രയും ആശിച്ചിട്ടും ഒരുതവണ പോലും നീയൊന്ന് വഴങ്ങിക്കൊടുത്തില്ലല്ലോ ഷീജേ…”

“ഗീതേച്ചീ…നിങ്ങളെന്ത് ഭ്രാന്തായീ പറേന്ന്,” ഷീജ പരിസരം മറന്ന് പൊട്ടിത്തെറിച്ചു.

ആരൊക്കെയോ ചിലര്‍ അങ്ങോട്ടുവന്നതിനാല്‍ പിന്നെയവള്‍ സ്വയംനിയന്ത്രിച്ചു. ഇനിയൊരു നിമിഷം അവിടെനിന്നാല്‍ താന്‍ ഒരു പ്ലാസ്റ്റിക്‌പോലെ ഉരുകിപ്പോകുമെന്ന തോന്നലില്‍ ഷീജ അകത്തുനിന്നും വരാന്തയിലേക്കിറങ്ങി.

അവിടെ ബാലകൃഷ്ണക്കുറുപ്പ് ആരൊടൊക്കെയോ സംസാരിച്ചിരിക്കുകയായിരുന്നു. ഷീജയുടെ സാന്നിദ്ധ്യമറിഞ്ഞ് അയാള്‍ സംസാരം നിര്‍ത്തി. വാചാലമായ ഒരു നോട്ടം ഷീജയെ നോക്കി.
അവിടെയുണ്ടായിരുന്നവരും അപ്പോള്‍ വന്നെത്തിയവരുമെല്ലാം ഷീജയെ അതേ നോട്ടം നോക്കി.

അന്നു രാത്രി. ഭര്‍ത്താവ് എ.വിനോദ് ഭക്ഷണവും കവിതയും കഴിഞ്ഞ് ഉറങ്ങിയപ്പോള്‍ ഷീജ മുറിയുടെ ജാലകങ്ങള്‍ തുറന്നു.v dileep, story, iemalayalam
അല്പം ദൂരെ, കിഴക്കുവശത്തായി അവള്‍ കണ്ടു. ഒളോര്‍മാവ്. ഷാജി തൂങ്ങിയ മാവ്.
അതിന്റെ ചില്ലകള്‍ തമ്മിലുരഞ്ഞ് അത്ര സുഖമല്ലാത്ത ശബ്ദമുണ്ടാക്കുന്നുണ്ട്.
ഷീജ ആലോചിച്ചു, എല്ലാവരും പറയുന്നതില്‍ കാര്യമുണ്ടോ?

ഒരുപക്ഷേ ഉണ്ടാകാം…ഒരു മനുഷ്യന്റെ ജന്മമോഹമായിരുന്നല്ലോ….അതെ, താന്‍ വിചാരിച്ചാല്‍ ഒരു തവണ ഷാജിക്ക് വേണ്ടി….ഒരേയൊരു തവണ. ആരുമറിയില്ലെന്ന് ഉറപ്പുതന്നതായിരുന്നല്ലോ ഷാജി. എന്നിട്ടും കരുണ കാണിക്കാന്‍ തനിക്കു തോന്നിയില്ല. പാവം ആശ തീരാതെ…

ആശ തീരാതെയുള്ള എല്ലാ ജീവിതവും മരണസമമാണ്. ഷീജയ്ക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി. അവള്‍ക്ക് തന്റെ ശരീരത്തോട് ശരിക്കും നീരസം തോന്നി.
അവള്‍ കതകു തുറന്നു. വീടിനു പുറത്തിറങ്ങി. കിഴക്കുവശത്തുനിന്നും ചിറകുകളറ്റ ഒരു നിലവിളിപോലെ തന്നിലേക്കുമാത്രമായി അന്നേരം ഒരു അപേക്ഷ നീന്തിയെത്തുന്നത് അവള്‍ കാതറിഞ്ഞു…

‘ഒരു തവണ…ഒരേയൊരു തവണ…’
‘തരാം…’
ഷീജ അല്പമുറക്കെ പറഞ്ഞു.
അവള്‍ ഇരുട്ടില്‍ അങ്ങോട്ട് നടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook