scorecardresearch
Latest News

വേറിട്ട ഭാവന, വേറിട്ട രാഷ്ട്രീയം

യൂറോപ്യൻ ഭാവനയുടെ രണ്ടു മുഖങ്ങളാണ് ഇത്തവണത്തെ നോബേൽ സമ്മാനത്തിലൂടെ സ്വീഡിഷ് അക്കാദമി ലോകത്തിനു മുമ്പിലെത്തിക്കുന്നത്. അവ വേറിട്ട ഭാവനയും വേറിട്ട രാഷ്ട്രീയവും കാണിച്ചുതരുന്നു. വായനയെന്ന രാഷ്ടീയപ്രവർത്തനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു

nobel prize , Peter Handke, Olga Tokarczuk, n e sudheer, iemalayalam

2018ലെയും 2019ലെയും സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുന്നു. 2018ലെ പുരസ്കാരം പോളിഷ് നോവലിസ്റ്റ് ഓൾഗ തൊകാർചുക്കും 2019 ലേത് ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹൻഡ്കെയും കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ സാഹിത്യത്തിലുള്ള നോബേൽ ചില വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ രണ്ടു വർഷത്തെ പുരസ്കാരങ്ങൾ ഒരുമിച്ച് പ്രഖ്യാപിച്ചത്. നോബേൽ സമ്മാനം കിട്ടുമെന്നു പറഞ്ഞുകേട്ട പല പ്രശസ്തരെയും ഒഴിവാക്കിയാണു സ്വീഡിഷ് അക്കാദമി ഈ രണ്ടു പേരുകൾ പ്രഖ്യാപിച്ചത്.

പീറ്റർ ഹൻഡ്കെ: ഭാവനയുടെ പ്രകാശഗോപുരംnobel prize , Peter Handke, Olga Tokarczuk, n e sudheer, iemalayalam

നാടകകൃത്തെന്ന നിലയിലും നോവലിസ്റ്റെന്ന നിലയിലും ലോക സാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്ന എഴുത്തുകാരനാണു പീറ്റർ ഹൻഡ്കെ. അദ്ദേഹത്തിനു സാഹിത്യ നോബേൽ കിട്ടുമെന്നു വർഷങ്ങൾക്കു മുൻപ് തന്നെ പല വായനക്കാരും പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ ‘Repetition’ (1986) എന്ന നോവൽ യൂറോപ്യൻ സാഹിത്യത്തിലെ മാസ്റ്റർ പീസുകളിലൊന്നായാണു കണക്കാക്കപ്പെടുന്നത്.

സ്വന്തം വേരുകൾ തേടിയുള്ള ഒരാളുടെ യാത്രയാണ് ആ നോവലിന്റെ പ്രമേയം. ഒരു കഥാപാത്രം വർഷങ്ങൾക്കു ശേഷം തന്റെ അന്വേഷണയാത്രയെപ്പറ്റി ഓർത്തെടുക്കുന്ന രീതിയിലാണു കഥ പറഞ്ഞുപോവുന്നത്. വാക്കുകൾ കൊണ്ട് മനുഷ്യാനുഭവത്തിന്റെ കേവല സത്യങ്ങൾ ഉജ്ജ്വലമായി ചിത്രീകരിക്കുന്ന രചനകളാണു ഹൻഡ്കെയുടേത്. കഥകളും നാടകങ്ങളും തിരക്കഥകളും യാത്രാവിവരണങ്ങളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടുള്ള അദ്ദേഹം ആധുനിക എഴുത്തുലോകത്തെ ഏറെ സ്വാധീനമുള്ള സർഗപ്രതിഭയായി കണക്കാക്കപ്പെടുന്നു.

1966-ൽ പ്രസിദ്ധീകരിച്ച ‘The Hornets’ എന്ന ആദ്യ നോവൽ മുതൽ ഹൻഡ്കെ ശ്രദ്ധിക്കപ്പെട്ടു. ആത്മകഥാംശമുള്ള ‘A Sorrow Beyond Dreams, (1972) ‘Kaspar and Other Plays,’ (1970) ‘The Afternoon of a Writer,’  (1987) ‘A Journey to the Rivers: Justice for Serbia’ (1996) തുടങ്ങി 2017-ൽ പ്രസിദ്ധികരിച്ച ‘The Fruit Thief’ വരെയുള്ള അമ്പതിലതികം രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. സ്ഥലവിവരണങ്ങളുടെ ചാരുത കൊണ്ടും കഥാപാത്രങ്ങളുടെ മാനസിക ചിത്രീകരണങ്ങളിലെ ശക്തികൊണ്ടും അവയൊക്കെ വേറിട്ടു നിൽക്കുന്നവയാണ്.

ചില രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വലിയ വിവാദങ്ങളിലും ഈ എഴുത്തുകാരൻ ചെന്നുപെട്ടിരുന്നു. യുഗോസ്ലാവിയയിലെ യുദ്ധക്കുറ്റവാളികളുമായുള്ള ചങ്ങാത്തത്തിന്റെ പേരിലാണ് അദ്ദേഹത്തെ പലരും എതിർത്തത്. അദ്ദേഹത്തിന്റെ അമ്മ യുഗോസ്ലാവിയൻ വംശജയാണ്. യുഗ്ലോസ്ലാവിയൻ രാഷ്ട്രീയ നേതാവ് സ്ലോബാദാൻ മിലോസെവിച്ചിനെ അനുകൂലിച്ച് സംസാരിച്ചതോടെയാണ് ഹൻഡ്കെ വലതുപക്ഷ ദേശീയവാദി എന്ന നിലയിൽ വിമർശിക്കപ്പെട്ടത്.

ഇബ്സൻ അവാർഡ് , ഫ്രാൻസ് കാഫ്ക പ്രൈസ് തുടങ്ങിയ പല രാജ്യാന്തര പുരസ്കാരങ്ങളും പീറ്റർ ഹൻഡ്കെയ്ക്കു ലഭിച്ചിട്ടുണ്ട്. നോബേൽ പുരസ്കാരത്തെ മുമ്പൊരിക്കൽ ഈ എഴുത്തുകാരൻ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഹൻഡ്കെയുടെ രാഷ്ട്രീയം വിമർശിക്കപ്പെടുമ്പോഴും അദ്ദേഹത്തിന്റെ എഴുത്ത് ആഘോഷിക്കപ്പെടും.  ഈ പുരസ്കാരവും ആ രീതിയിൽ വലിയ വിവാദങ്ങൾക്കു തിരികൊളുത്തും. വർത്തമാനകാല രാഷ്ടീയത്തിലെ വലതുപക്ഷ തീവ്രനിലപാടുകൾക്കുള്ള അംഗീകാരമായി ഇതു വിലയിരുത്തപ്പെടാനാണു സാധ്യത.

ഓൾഗ തൊകാർചുക്: യാഥാർത്ഥ്യങ്ങളെ അവിശ്വസിച്ച ഭാവനnobel prize , Peter Handke, Olga Tokarczuk, n e sudheer, iemalayalam

വളരെ ചെറിയ കാലം കൊണ്ട് ലോകസാഹിത്യത്തിൽ സ്ഥാനമുറപ്പിച്ച എഴുത്തുകാരിയാണു പോളണ്ടിലെ ഓൾഗ തൊകാർചുക്. 2007-ൽ എഴുതിയ ‘ഫ്ലൈറ്റ്സ് ‘എന്ന നോവൽ 2018ലെ മാൻബുക്കർ പുരസ്കാരം നേടിയതയോടെയാണ് അവർ യൂറോപ്പിനു പുറത്ത് ശ്രദ്ധിയ്ക്കപ്പെട്ടത്. ആ പുരസ്കാരം അവരിലൂടെയാണ് ആദ്യമായി പോളണ്ടിലേക്കെത്തിയത്.

അസാധാരണമായ ഒരു പ്രമേയത്തെ അതിവിദഗ്ധമായി അവതരിപ്പിക്കുന്ന വേറിട്ട രചനയായിരുന്നു ആ നോവൽ. രചനാരീതിയിലെ പുതുമ അതിനെ ശ്രദ്ധേയമാക്കി. മനുഷ്യാവസ്ഥയുടെ അതിവിപുലമായ ഒരു ചിത്രം അവരതിലൂടെ വരച്ചിടുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നോവലിന്റെ മാറുന്ന മുഖമായി ഓൾഗയുടെ രചനകൾ വിശേഷിപ്പിക്കപ്പെട്ടു. ഇതിനകം തന്നെ പോളണ്ടിലെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായി അവർ അറിയപ്പെട്ടിരുന്നു.

ഓൾഗയുടെ നോവലുകൾ വലിയ രീതിയിൽ വായിക്കപ്പെട്ടു. മുപ്പതിലധികം ഭാഷകളിലേക്ക് അവ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. പത്തു നോവൽ എഴുതിയ ഓൾഗയുടെ ഏറ്റവും പ്രശസ്തമായ കൃതികൾ ‘Drive your PIow over the Bones of the Dead,’ (2009)  ‘The Books of Jacob,’ (2014) ‘Primeval and Other Times,’ (1996) എന്നിവയാണ്. ചരിത്ര പുരുഷനായ Jacob Frank ന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണു ‘ദ ബുക്സ് ഓഫ് ജേക്കബ്.’ സ്വീഡിഷ് അക്കാദമി പ്രത്യേകം പരാമർശിച്ച ഈ കൃതിയാണ് അവരുടെ മാസ്റ്റർ പീസെന്ന് വിലയിരുത്തപ്പെടുന്നു. (അതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തു വരാനിരിക്കുന്നതേയുള്ളൂ) .

പോളണ്ടിന്റെ കേൾവികേട്ട രാഷ്ട്രസ്വരൂപത്തെ ഭാവനയിലൂടെ മാറ്റിപ്പണിയുകയാണ് ഈ എഴുത്തുകാരി. യാഥാർത്ഥ്യങ്ങൾക്കപ്പുറമുള്ള എന്തോ ചിലതൊക്കെ കണ്ടെത്തുന്ന ഭാവനയാണ് ഓൾഗയുടേത്. വാക്കുകൾ കൊണ്ട് ഇരുണ്ട ഒരു ലോകത്തെ അവർ നിർമിച്ചെടുക്കുന്നു. അവരുടെ എഴുത്തിലാകെ യാത്രയുടെതായ ഒരു പൊതുസ്വഭാവം കണ്ടു വരുന്നുണ്ട്. സ്വന്തം രാജ്യത്തിന്റെ ഒരു ബഹുസ്വര മുഖമാണ് ഈ യാത്രാനുഭവ പശ്ചാത്തലത്തിൽ അവർ കണ്ടെത്താൻ ശ്രമിക്കുന്നത്. അതവരുടെ രാഷ്ട്രീയ പ്രവർത്തനമാണ്. ഹൻഡ്കെയിൽനിന്ന് തീർത്തും ഭിന്നമായ വലതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് ഈ നോവലിസ്റ്റ് മുന്നോട്ടുവയ്ക്കുന്നത്.

വർത്തമാനകാല രാഷ്ട്രീയത്തെ നിർവചിക്കുന്നതിൽ സാഹിത്യത്തിനു വലിയ പങ്കുണ്ടെന്ന് ഓൾഗ കരുതുന്നു. എഴുത്ത് ഒരു തിരിഞ്ഞുനോട്ടമാണ്. ചരിത്രത്തിലേക്കും മനുഷ്യാനുഭവങ്ങളിലേക്കുമുള്ള തിരിഞ്ഞു നോട്ടം. അവിടെ ഭാവന ഇഷ്ടാനുസരണം സഞ്ചരിക്കണം. ആശയ സാന്ദ്രത നിറഞ്ഞ ആ ഭാവനയെ പൂർത്തിയാക്കേണ്ട ചുമതല വായനക്കാരന്റേതാണെന്നു വിശ്വസിക്കുന്ന ഇവർ നോവലിന്റെ ലോകത്തെയും തുറന്നിടുകയാണ്.

താൻ പറയുന്നതെല്ലാം വാർത്തയും വിവാദവുമായിമാറുന്ന പോളണ്ടിലാണ് ഓൾഗ ജീവിക്കുന്നത്. ‘രാജ്യദ്രോഹി’യായിപ്പോലും അവർ ചിത്രീകരിക്കപ്പെട്ടു. “ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുമെന്നു ഞാൻ കരുതി “. അതാണ് ചോദ്യം ചെയ്യപ്പെടുന്നത്. മതവിമർശനവും അവർക്കു നേരെ ആരോപിക്കപ്പെട്ടിട്ടുണ്ട് . ‘Drive your PIow over the Bones of the Dead’ എന്ന നോവൽ ക്രൈസ്തവ വിരുദ്ധമാണെന്ന വിവാദം വന്നിരുന്നു. ആ നോവലിനെ ആധാരമാക്കി സിനിമ വന്നപ്പോഴാണ് അത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടത്.

യൂറോപ്യൻ സാഹിത്യത്തെ ആഴത്തിൽ മനസ്സിലാക്കിയ ഒരാൾ കൂടിയാണ് ഓൾഗ. അതു മറ്റു സാഹിത്യത്തിൽനിന്ന് ഏറെ വ്യത്യസ്തമാണെന്ന് അവർ കരുതുന്നു. നമ്മൾ യാഥാർത്ഥ്യത്തെ അത്രയൊന്നും വിശ്വസിക്കുന്നില്ലെന്ന് അവർ  തുറന്നുപറയുന്നു. യാഥാർത്ഥ്യത്തിനപ്പുറത്തേക്കു കടക്കാനുള്ള കരുത്താണ് എഴുത്തിനു വേണ്ടത്. അത്തരം എഴുത്തിനു ചരിത്രത്തെ ഉൾക്കൊള്ളാൻ കഴിയും. അതു സ്വഭാവികമായി സംഭവിക്കും.

പോളണ്ടിൽ നിലനിന്നിരുന്ന കമ്യൂണിസത്തിന്റെ ഭൂതകാലം അവരുടെ എഴുത്തിനെ പല തലത്തിലും ബാധിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാർ നിർമിച്ച പ്രൊപ്പഗാണ്ടയുടെ കാലം അവരുടെ മനസ്സിനെ ഇപ്പോഴും അലോസരപ്പെടുത്തുന്നുണ്ട്. അതേസമയം പുതിയ കാലത്തിന്റെ പ്രൊപ്പഗാണ്ടയും അവരെ ഭയപ്പെടുത്തുന്നു. അതിനെ തുറന്നുകാട്ടുകയെന്നതിൽ വ്യാപൃതയുമാണ് അവർ.

അതിർവരമ്പുകളില്ലാതെ സഞ്ചരിക്കാൻ കഴിവുള്ള സാഹിത്യത്തിന്റെ ശക്തിയിൽ അവർ അഭയം തേടുന്നു. പരിഭാഷകളിലൂടെ ഭാഷയുടെ പരിമിതികളെ അതിജീവിച്ച് സാഹിത്യം ലോകത്തിന്റേതായി മാറും. ആ അർത്ഥത്തിൽ സാഹിത്യം ഒന്നു മാത്രമേയുള്ളൂ. ഉപകരണങ്ങളെന്ന നിലയിൽ പല ഭാഷകളിലൂടെ എഴുതപ്പെടുന്നുവെന്നു മാത്രം. അതുകൊണ്ടാണു താനൊരു ആഗോള എഴുത്തുകാരിയാണെന്നു സ്വയം കരുതുന്നതെന്നും ഓൾഗ പറയുന്നു. എഴുത്തിന്റെ ആധുനിക മുഖം മുന്നോട്ടുവയ്ക്കുന്ന, എഴുത്തു ജീവിതത്തിന്റെ അന്തസ്സിനെ ഉയർത്തിപ്പിടിക്കുന്ന ഒരാളായി വേണം ഓൾഗ തൊകാർചുക്കിനെ അടുത്തറിയാൻ. എഴുത്തിലെ സാർവജനീന സ്വഭാവത്തെയാണ് അവരുടെ നോവലുകൾ കാണിച്ചുതരുന്നത്.

യൂറോപ്യൻ ഭാവനയുടെ രണ്ടു മുഖങ്ങളാണ് ഇത്തവണത്തെ നോബേൽ സമ്മാനത്തിലൂടെ സ്വീഡിഷ് അക്കാദമി ലോകത്തിനു മുമ്പിലെത്തിക്കുന്നത്. അവ വേറിട്ട ഭാവനയും വേറിട്ട രാഷ്ട്രീയവും കാണിച്ചുതരുന്നു. വായനയെന്ന രാഷ്ടീയപ്രവർത്തനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Nobel prize for literature olga tokarczuk peter handke