വാക്കുകൾക്കും കൂടുതലൊന്നും ചെയ്യാനാവില്ല – വസ്തുക്കളെ സ്മരണയിലെത്തിക്കുക എന്നതല്ലാതെ. ” ജർമ്മൻ സിനിമാ സംവിധായകനായ വിം വെൻഡേഴ്സിന്റെ ‘Pina’ (2011) എന്ന സിനിമയിൽ ഇങ്ങനെ പറയുന്നുണ്ട്. ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനായ ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹൻഡ്കെയുടെ ലോകപ്രശസ്തമായ ‘The Goalie ‘s Anxiety at the Penalty Kick’ (1970) എന്ന നോവൽ സിനിമയാക്കിയതും വിം വെൻഡേഴ്സാണ്. വസ്തുക്കളെ അനുസ്മരിപ്പിക്കുക പോലും ചെയ്യാനാകാത്ത വാക്കുകളുടെ നിസ്സഹായതയെ ആവാഹിക്കുന്നവയാണ് നോവലും സിനിമയും.
തന്റെ ‘The Wings of Desire’ (1987) എന്ന സിനിമയിൽ ഹൻഡ്കെ വഹിച്ച പങ്കിനെപ്പറ്റിയും വെൻഡേഴ്സ് എഴുതിയിട്ടുണ്ട്. റിൽക്കെയുടെ കവിതകൾ എല്ലാ രാത്രിയിലും വായിച്ച വെൻഡേഴ്സിന് തനിക്കു ചുറ്റും മാലാഖമാർ നിൽക്കുന്നതായി തോന്നാൻ തുടങ്ങി. ആ ആശയം സിനിമയാക്കുന്നതിന് തിരക്കഥയെഴുതാൻ വെൻഡേഴ്സ് സമീപിച്ചത് ഹൻഡ്കെയെയായിരുന്നു. ഹൻഡ്കെ തിരക്കഥയെഴുതിക്കൊടുത്തു. പക്ഷേ തിരക്കഥ സിനിമയായി മാറുന്ന അവസരത്തിലൊന്നും സംവിധായകനും തിരക്കഥാകൃത്തും തമ്മിൽ കണ്ടതേയില്ല.
കാഴ്ചകളുടെ അഭാവം മറ്റൊരു തരത്തിലും ഈ സിനിമയിൽ കാണാൻ കഴിയുന്നുണ്ട്. ബെർലിൻ മതിലിന്റെ ഇരുപുറത്തുമുള്ള കാഴ്ചകൾ കാണാൻ കഴിഞ്ഞിരുന്നത് മാലാഖമാർക്കു മാത്രമായിരുന്നുവെന്ന് വെൻഡേഴ്സ് അഭിവ്യഞ്ജിപ്പിക്കുന്നു. താൻ ബാല്യകാലം ചെലവിട്ട ബെർലിനിനെക്കുറിച്ചുള്ള ഓർമ്മകൾ ഹൻഡ്കെയുടെ തിരക്കഥയെയും സ്വാധീനിച്ചിരിക്കാം. ഈ സിനിമ തുടങ്ങുന്നതും ഹൻഡ്കെയുടെ ശൈശവത്തിന്റെ ഗീതം എന്ന കവിതയിൽ നിന്നാണ്. പക്ഷേ ഹൻഡ്കെയുടെ നോവലുകളിൽ നമുക്ക് മാലാഖമാരെ കാണാൻ കഴിഞ്ഞെന്നു വരില്ല; അസ്തിത്വഭാരത്താൽ ഞെരിഞ്ഞമരുന്ന മനുഷ്യജന്മങ്ങളാണ് അവയിൽ നിറയെ; വിശേഷിച്ച് ‘The Goalie’s Anxiety at the Penalty Kick’ എന്ന നോവലിൽ.
മുമ്പ് അറിയപ്പെട്ടിരുന്ന ഗോളിയായിരുന്ന യോസെഫ് ബ്ലോഹ് ഇപ്പോൾ ഒരു നിർമ്മാണത്തൊഴിലാളിയാണ്. ഒരു ദിവസം പണിസ്ഥലത്തെത്തുമ്പോൾ തന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി സഹപ്രവർത്തകരിൽ നിന്ന് അയാൾ മനസ്സിലാക്കുന്നു. അതോടെ അയാൾ അവിടം വിടുകയാണ്. പിന്നെ, അയാൾ ഒരു ഹോട്ടലിൽ മുറിയെടുക്കുന്നു; സിനിമയ്ക്കു പോകുന്നു. അസാധാരണമായ ചിന്തകൾ അയാളുടെ തലയിൽ ചേക്കേറുന്നു. സിനിമാശാലയിലെ ടിക്കറ്റ് വിൽക്കുന്ന പെൺകുട്ടിയെ പിന്തുടർന്ന് ഒരു ദിവസം അയാളവളുടെ താമസസ്ഥലത്തെത്തുന്നു. അവളോടൊപ്പം ചിലവഴിച്ച രാത്രിയിൽ പെട്ടെന്ന് ഉറക്കം മുറിഞ്ഞപ്പോൾ ബ്ലോഹിന് ഒരുകാര്യം മനസ്സിലായി- തനിക്കൊരു വസ്തുവിന്റെയും രൂപത്തെ സങ്കല്ലിക്കാനാവുന്നില്ല. അയാളവയുടെ പേരുകൾ ഉരുവിട്ടു നോക്കി; അവയെപ്പറ്റി വാചകങ്ങളുണ്ടാക്കി നോക്കി -എല്ലാം വെറുതെ. അയാളുടെ ചിന്തകൾ കൂടുതൽ കൂടുതൽ ചിതറുകയാണ്.’ ഒടുവിൽ ആ അലോസരം താങ്ങാനാവാതെ അയാൾ കൂടെയുറങ്ങുന്ന പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുന്നു. പടിപടിയായി ഭ്രാന്തിലേക്ക് നീങ്ങുന്ന ബ്ലോഹിന്റെ സറീയലിസ്റ്റിക് മാനസികാവസ്ഥയെ നിസ്സംഗമായാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
തന്റെ പൂർവകാമുകി താമസിക്കുന്ന പട്ടണത്തിലെത്തുന്ന ബ്ലോഹ് പോലീസുകാർ തനിക്കു ചുറ്റും വിരിച്ച വല കൂടുതൽ കൂടുതൽ മുറുകുന്നതായി പത്രങ്ങളിൽ നിന്ന് മനസ്സിലാക്കുന്നു. എല്ലാ ആക്രമണങ്ങൾക്കും ഒടുവിൽ ലക്ഷ്യമാകുന്ന ഗോളിയെപ്പോലെ അയാളും ഒരു പെനാൽട്ടി ഏരിയയുടെ തുരുത്തിലേക്ക് ഒറ്റപ്പെടുന്നു. അതോടെ സംസാരവും ആശയ വിനിമയവും തമ്മിലുള്ള വിടവ് വർധിക്കുന്നതായി അയാൾക്ക് തോന്നുകയാണ്. വാക്കുകളുടെ അർത്ഥത്തെപ്പറ്റി അയാൾ നിരന്തരം സംശയിക്കാൻ തുടങ്ങി. വാക്കുകളുടെയും പ്രവൃത്തിയുടെയും അർത്ഥശൂന്യതയും അസംബന്ധതയും ക്രമേണ ബ്ലോഹിന് ഒഴിയാബാധയാകുന്നു.
വെൻഡേഴ്സിന്റെ സിനിമയിൽ ബ്ലോഹി ന് സംഭാഷണങ്ങളുടെ നില തെറ്റുന്നത് കാണാം. നിന്റെ ചായക്കോപ്പയിൽ ഉറുമ്പുകളുണ്ടോ എന്ന് അയാൾ ഗ്ലോറിയ എന്ന പെൺകുട്ടിയോട് ചോദിക്കുന്നു. അയാൾ തുടരുന്നു: നിന്റെ സ്വപ്നത്തിൽ ഉറുമ്പുകളുണ്ടോ? ഉറക്കം തൂങ്ങുമ്പോൾ താനൊരു ഖണ്ഡികയുടെ അവസാനമെത്തിയതുപോലെയാണെന്ന് ബ്ലോഹിനു തോന്നുന്നു. നോവലിന്റെ ഒടുവിൽ അയാളൊരു ഫുട്ബോൾ മത്സരം കാണുകയാണ്. കളിയുടെ ചടുലമായ നീക്കങ്ങളൊഴിവാക്കി അയാൾ ഗോളിയെ മാത്രം ശ്രദ്ധിക്കുന്നു. തന്റെ സ്ഥല പരിമിതിക്കുള്ളിൽ ഒറ്റപ്പെട്ടുപോയ ഗോളിയുടെ ഏകാന്തത മനുഷ്യരുടേത് മുഴുവനുമാണെന്ന് അയാൾ തിരിച്ചറിയുന്നു.
‘ചിറകുകളില്ലാതെ പറക്കുന്നത് ക്രൂരമായ വിനോദമാണെ’ന്ന് റഷ്യൻ എഴുത്തുകാരനായ ദനീൽ ഹാറംസ് (Daniil Kharms) എഴുതിയിട്ടുണ്ട്. ചിറകുകളില്ലാതെ പറക്കാൻ ശ്രമിച്ച് വിധിയുടെ ക്രൂരവിനോദത്തിനിരയാകുന്നവരാണ് ഹൻഡ്കെയുടെ കഥാപാത്രങ്ങൾ.
ഇങ്ങനെയൊക്കെയാണെങ്കിലും സെർബിയൻ ഏകാധിപതിയായ സ്ലൊബോദൻ മിലോഷെവിച്ചിനെ പിന്തുണച്ചിരുന്നു എന്നത് ഹൻഡ്കെയുടെ യശസ്സിൽ കരിപിടിപ്പിക്കുന്നുണ്ടെന്ന കാര്യം പറയാതെ വയ്യ.
Read More: ഓൾഗ ടോകർചുക്കിനും പീറ്റർ ഹാൻഡക്കിനും സാഹിത്യ നൊബേൽ