scorecardresearch

ഞങ്ങളുടെ കളികള്‍

"ആ ദിവസം മുഴുവന്‍ മത്തു പിടിച്ചവനെപ്പോലെ ഞാന്‍ നടന്നു. ഒരേ സമയം രണ്ടു വീടുകളില്‍ പാര്‍ക്കുന്നവനെ പോലെ ഞാന്‍ ഉറങ്ങി"

"ആ ദിവസം മുഴുവന്‍ മത്തു പിടിച്ചവനെപ്പോലെ ഞാന്‍ നടന്നു. ഒരേ സമയം രണ്ടു വീടുകളില്‍ പാര്‍ക്കുന്നവനെ പോലെ ഞാന്‍ ഉറങ്ങി"

author-image
Karunakaran
അപ്‌ഡേറ്റ് ചെയ്‌തു
New Update
malayalam poem , karunakaran, njangalude kalikal

malayalam poem, karunakaran, njangalude kalikal

വെള്ളം വീഞ്ഞാക്കി കാണിക്കാം, എന്റെ കൂടെ വാ,

ലീല എന്നോട് കളിക്കാന്‍ വരാന്‍ പറഞ്ഞു.

ഒരു പാത്രത്തില്‍ വെള്ളവുമായി അവള്‍

വീട്ടുമുറ്റത്ത് പോയി ഇരുന്നു.

ഞാനും വീട്ടിലെ പൂച്ചയും

രാത്രി മുഴുവന്‍ ഉറക്കത്തിലായിരുന്നപോലെ ആടിയാടി

ഒരു തടിയനീച്ചയും മുറ്റത്തേക്കു ചെന്നു.

ഞങ്ങള്‍ അവളുടെ കളി കാണാന്‍ ചുറ്റം ഇരുന്നു.

ഞാന്‍ ലീലയോടു പറഞ്ഞു, ഇത് ക്രിസ്ത്യാനികള്‍ക്കേ പറ്റൂ.

അതും യേശുവിന്. നിന്നെക്കൊണ്ടു പറ്റില്ല.

ഈ കളിയില്‍ നീ തോല്‍ക്കും.

എല്ലാവർക്കും പറ്റും.

ലീല പറഞ്ഞു.

പരലോകം മനസ്സില്‍ വന്നാല്‍ മതി.

പിന്നെ അവള്‍ കണ്ണുകള്‍ അടച്ചു.

അവളുടെ കൃഷ്ണമണികള്‍

കളിയോര്‍ക്കുന്ന രണ്ടു ജാലവിദ്യക്കാരെപോലെ ഓടി നടന്നു.

പിറകെ, നരകത്തിനു മീതെ കെട്ടിയ നൂല്‍പ്പാലം

തീയിലെരിയുന്നപോലെ ഒരു മണം വന്നു.

ഞാന്‍ പൂച്ചയെ നോക്കി.

പൂച്ച വെള്ളത്തിലെക്കുതന്നെ നോക്കി ഇരിക്കുന്നു.

ഞാന്‍ ഈച്ചയെ നോക്കി.

അതിനെ കാണാതായിരിക്കുന്നു.

ഞാന്‍ ലീലയെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഒരുപക്ഷെ, മരിച്ചുപോയ എല്ലാവരെയും അവള്‍ കാണുകയായിരുന്നു.

ഒരുപക്ഷെ അവള്‍ കളിയില്‍ തോല്‍ക്കുകയായിരുന്നു.

പിന്നെ അവള്‍ പതുക്കെ കണ്ണുകള്‍ തുറന്നു.

ചൂണ്ടുവിരല്‍കൊണ്ട് കണ്ണുകള്‍ രണ്ടും തുടച്ചു.

ഇനി കുടിച്ചു നോക്ക്, അവള്‍ എന്നോട് പറഞ്ഞു.

ആ ദിവസം മുഴുവന്‍

മത്തു പിടിച്ചവനെപ്പോലെ ഞാന്‍ നടന്നു.

ഒരേ സമയം രണ്ടു വീടുകളില്‍ പാര്‍ക്കുന്നവനെ പോലെ

ഞാന്‍ ഉറങ്ങി.

ലീല പക്ഷെ ഞങ്ങളുടെ കളികള്‍ ഒന്നും ഓര്‍ത്തില്ല.

വെള്ളം വീഞ്ഞാക്കിയതും.

നീയുമായി പുഴ നീന്തി കടന്നത്‌ ഓര്‍മ്മയുണ്ട്, അവള്‍ പറഞ്ഞു.

അത് അവള്‍ വെറുതെ പറഞ്ഞതാണ്.

അല്ലെങ്കില്‍ ഞാന്‍ മറന്നുപോയതാണ്.

കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് പക്ഷെ,

ഞങ്ങളുടെ കളികള്‍ പലതും ഞാന്‍ ഓര്‍ത്തു.

വെള്ളം വീഞ്ഞായതും.

നടക്കാന്‍ പോകുന്ന വഴിയില്‍ വെള്ളച്ചാലിനരികിലിരുന്ന്

വെള്ളത്തിലേക്ക് തല നീട്ടി മുഖം നോക്കുന്ന പൂച്ച, അതിനെ

കണ്ടപ്പോള്‍.

എനിക്കു മുമ്പേ അവള്‍ മരിക്കല്ലേ, ദൈവമേ!

Poem Malayalam Writer Poet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: