1.

കുഞ്ഞമ്മാളു അന്നു രാത്രി മുഴുവനും മുഖം വീർപ്പിച്ചിരുന്നു. അച്ഛനവളുടെ വയലുകൾക്കിടയിലെ വീട്, ഉണ്ണാനിരിക്കുന്ന മേശമേൽ നിവർത്തിവെച്ചിരുന്നത് കണ്ടതേയില്ല. കുഞ്ഞമ്മാളുവിന്റെ അച്ഛനന്ന് ഉണ്ണാനിരുന്നതു തന്നെ ശുണ്ഠിക്കാരനായാണ്. വയലുകൾക്കിടയിലെ ആ വീടിനുമേൽ തിളങ്ങി നിന്നിരുന്ന സൂര്യൻ ദേഹത്തേക്കിറങ്ങിവന്നയാളെ ശുണ്ഠിക്കാരനാക്കാതെ തന്നെ.

മകൾ തന്റെ ശ്രദ്ധയാകർഷിക്കാൻ മേശമേൽ വിളമ്പിവെച്ച പുതിയ ചിത്രത്തെ ശ്രദ്ധിക്കാതെ അത്താഴം പകുതിക്കു നിർത്തി അയാൾ മേശ വിട്ടുപോയി. മേശമേൽ ഒറ്റയ്ക്കിരുന്നു ‘വയലുകൾക്കിടയിലെ വീട്, ഒരു നട്ടുച്ചയ്ക്ക്’ എന്ന ചിത്രം. വയലുകൾക്കിടയിലെ ആ നട്ടുച്ചവീട്ടിൽ ചുരുണ്ട് ഒറ്റയ്ക്കിരുന്നു പാവം കുഞ്ഞമ്മാളു. അപ്പുറത്തെ മുറിയിൽ കുഞ്ഞമ്മാളുവിന്റച്ഛനും രാധികയും ഒരു കാരണവുമില്ലാതെ കലഹത്തിന്റെ കലപിലയുണ്ടാക്കിക്കൊണ്ടിരിക്കെ.

അന്നത്തതിന്റെ പിറ്റേ ദിവസം അമിതമായ സങ്കടം കാരണം കുഞ്ഞമ്മാളു ഇത്തിരി നേരം അധികമുറങ്ങി. രാധിക അവളെ ഉമ്മവെച്ചുവിളിച്ചു. പുണർന്നുവിളിച്ചു. തട്ടിവിളിച്ചു. ഉരുട്ടി വിളിച്ചു. പലതരം വിളികൾ. പക്ഷേ കുഞ്ഞമ്മാളു ഉണർന്നില്ല. പലതരം വിളികളുമായി ഇങ്ങനെ രാധിക മുന്നോട്ടു പോകെ കുഞ്ഞമ്മാളുവിനുള്ള ടിഫിൻ മേശമേലിരുന്ന ബാഗിൽ യഥാവിധം സ്ഥാപിക്കുകയായിരുന്നു കുഞ്ഞമ്മാളുവിന്റച്ഛൻ.

അപ്പോഴേ അയാളാ വീടു കണ്ടുള്ളൂ. വയലുകൾക്കിടയിൽ. ഒരു നട്ടുച്ചയ്ക്ക്. അതിനുള്ളിൽ തന്റെ മകൾ ചുരുണ്ട് ഒറ്റയ്ക്കിരുന്ന് കരഞ്ഞെണീറ്റുപോയ പാടു കണ്ട് കുഞ്ഞമ്മാളൂ എന്നയാൾ ഉറക്കെ വിളിക്കുമ്പോഴേക്കും അവൾ തൂങ്ങുന്ന കണ്ണ് ഇടയ്ക്കിടെ തുറന്നുകൊണ്ട് പല്ലുതേപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. രാധികയുടെ മേൽനോട്ടത്തിൽ.

സാധാരണ ദിവസങ്ങളിൽ അച്ഛന്റെ വിളികേട്ടപാടെ ഓടിച്ചെല്ലാറുള്ള കുഞ്ഞമ്മാളുവിന് അന്നൊരു സാധാരണ ദിവസമായിരുന്നില്ല. അച്ഛനവളുടെ ചിത്രം നോക്കിയതുപോലുമില്ല. വയലുകൾക്കു നടുവിലെ ഒറ്റപ്പെട്ട വീട്ടിൽ ഒരു നട്ടുച്ചയ്ക്ക് അച്ഛനവളെ ഒരു രാത്രി മുഴുവൻ തനിച്ചുകിടത്തി. രാത്രിയും നട്ടുച്ചയും ഒന്നിച്ചു സംഭവിക്കില്ലെന്നു ചിന്തിപ്പിക്കുന്ന മുതിർന്നവരുടെ വിവരം കുഞ്ഞമ്മാളുവിനന്നുണ്ടായിരുന്നില്ല.nivi , story , iemalayalam
രാധികയോടും ചെറിയ ദേഷ്യത്തിലായിരുന്നു കുഞ്ഞമ്മാളു. രാധികയ്ക്ക് തലേന്നാളത്തെ സംഭവത്തിൽ, ഒരു ചിത്രവും ഏഴുവയസ്സുകാരിയും ഉപേക്ഷിക്കപ്പെട്ടതിൽ, ഒരു നട്ടുച്ചചിത്രത്തിൽ ഒരു രാത്രി മുഴുവനും ചുരുണ്ടിരിക്കേണ്ടി വന്നതിൽ പങ്കൊന്നുമില്ലെന്നറിഞ്ഞിട്ടു പോലും. രാധിക കുഞ്ഞമ്മാളുവിന്റച്ഛനോട് കലപില കൂടിയില്ലെങ്കിൽ എല്ലാം നല്ലപോലെ നടന്നേനെയെന്നു തോന്നി കുഞ്ഞമ്മാളുവിന്. അതാണെങ്കിൽ ഭാഗികമായി ശരിയായിരുന്നുതാനും.

രാധിക കുഞ്ഞമ്മാളുവിനെ കുളിപ്പിച്ചു. ഉടുപ്പിടീച്ചു. മുടി കെട്ടിച്ചു. അവളുടെയച്ഛൻ വാതിൽക്കൽ വന്നെത്തിനോക്കിയപ്പോൾ കുഞ്ഞമ്മാളു അതു ഗൗനിക്കാതെ കണ്ണാടിയിൽ മുടിക്കെട്ടിന്റെ ഭംഗി നോക്കി. ഉണ്ണാനിരിക്കും മേശയിൽ കുഞ്ഞമ്മാളു വന്നിരുന്നു. ചായക്കപ്പിൻമേലെ നിന്നും കുഞ്ഞമ്മാളുവിന്റച്ഛൻ പാളിനോക്കി. കുഞ്ഞമ്മാളു ദോശയുടെ വട്ടം അളന്നു. ചമ്മന്തിയിലെ ചതുപ്പുകളിലൂടെ വിരലുകളെ നടത്തി.

സ്‌കൂൾ ബസ് വന്നു നിന്നതും തിരിഞ്ഞുനോക്കാതെ കേറിപ്പോയി. കുഞ്ഞമ്മാളുവിന്റച്ഛൻ സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കുകയും മകൾക്കു പുതിയൊരു കളർപെൻസിൽക്കൂടു വാങ്ങിനല്കി ഒത്തുതീർപ്പുണ്ടാക്കാമെന്നു ആശ്വസിക്കയും ചെയ്തു.

2.

അങ്ങനെയാണ് അന്നു വൈകിട്ട് രവി കുട്ടികൾക്കുള്ള കുഞ്ഞുമാസികകൾ, കളർപുസ്തകങ്ങൾ, സ്കെച്ചു പേനകൾ, ക്രയോണുകൾ എന്നിവയ്ക്കൊപ്പം കളർപെൻസിലുകളും വിൽക്കുന്ന കടയ്ക്കുള്ളിലേക്ക് കയറിച്ചെല്ലുന്നതും പൊടുന്നനെ ജോസഫിനെ കണ്ടുമുട്ടുന്നതും ഞെട്ടിത്തരിക്കുന്നതും.

ഡ്രോയിങ് ബുക്കുകളുടെ അട്ടിക്കു മുന്നിൽ ഒരു ടോം ആൻഡ് ജെറി മറിച്ചു നോക്കിക്കൊണ്ടു നിന്നു ജോസഫ്. നരച്ചുതുടങ്ങിയ കവിളും ചുളിഞ്ഞ ഷർട്ടും മനസിലപ്പിടി ചിന്തകളുമായി. അതു ജോസഫാണെന്നാദ്യം രവിക്കു തോന്നിയില്ല. ജോസഫാകാൻ തീരെ സാധ്യതയില്ലാത്ത ജോസഫ്. കളർപെൻസിൽക്കൂടിന്റേയും ഒത്തുതീർപ്പുചർച്ചയുടെയും കാര്യങ്ങൾ രവി മറന്നേ പോയി. ജോസഫാകാൻ തീരേ സാധ്യതയില്ലെങ്കിലും. രവിയിങ്ങനെ നടുങ്ങിനിൽക്കെ ജോസഫാകാൻ തീരേ സാധ്യതയില്ലാത്ത ജോസഫ് അരികിലെത്തി രവീയെന്നു വിളിച്ചു. അയാൾ മാത്രമായി അപ്പോൾ ജോസഫ്.

“പണ്ടു പറഞ്ഞിരുന്ന പോലെ കാണുമെന്നു തീരേ വിചാരിക്കാത്തൊരിടത്തുവെച്ച് പെട്ടെന്നു കാണുമ്പോഴുള്ള അമ്പരപ്പ്… അല്ലേ രവീ?”

അങ്ങനെയൊന്നും ജോസഫ്‌ പറഞ്ഞില്ല. അയാൾ രവിയെ തോളത്തു കയ്യിട്ടു പുറത്തേക്കു നയിക്കുക മാത്രം ചെയ്തു. ഒന്നും മിണ്ടാതെയവർ മുന്നോട്ടു നടന്നു.  കളർ പെൻസിൽക്കൂടിനേയും ടോം ആൻഡ് ജെറിയേയും കടയ്ക്കുള്ളിൽ മറന്ന്.

നമുക്കൊരു ചായ കുടിച്ചാലോ എന്നു ചോദിച്ചല്ല അവർ ചായക്കടയ്ക്കകത്തേക്കു കയറിയത്. രവിയുടെ കട്ടൻശീലം ജോസഫ് മറന്നിരുന്നില്ല. പക്ഷേ പാൽച്ചായ മതിയെന്നു പറഞ്ഞു രവി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവർ തങ്ങളെ നോക്കി. എട്ടു വർഷം കഴിഞ്ഞിരുന്നു.nivi , story , iemalayalam
“കുഞ്ഞുങ്ങൾ?” ജോസഫ് വാ തുറന്നു.

“ഒരാൾ,ഒരാൾ മാത്രം…”

രവി മെല്ലെ ചിരിച്ചു. നട്ടുച്ച വെയിലത്തെ വയലിനു നടുവിലെ വീട്ടിൽ തലേന്നു രാത്രി താനവളെ തനിച്ചു കിടത്തി. അയാൾക്കു വല്ലായ്‌മ വന്നു. അതിനു മുകളിൽ ജോസഫില്ലാത്ത വർഷങ്ങളുടെ വല്ലായ്‌മ കയറിനിന്നു. എട്ടുവർഷം കഴിഞ്ഞിരുന്നു.

കുഞ്ഞമ്മാളുവിനെക്കുറിച്ച് ജോസഫിനുണ്ടായിരുന്നു ഒരുപാടു ചോദ്യങ്ങൾ. രവിയെപ്പോലെയാണോ? എത്ര വയസ്സുണ്ട്? മുടിയെങ്ങനെ… രവിയെപ്പോൽ ചുരുണ്ടിട്ടോ..? ബില്ലു കൊടുക്കുന്നേരം താൽക്കാലികമായി തടസ്സം നേരിട്ട ചോദ്യങ്ങൾ റോഡിലേക്കിറങ്ങിയപ്പോൾ വരിവരിയായി വന്നു.

“നീയെന്താണിവിടെ? എന്തു ചെയ്യുന്നു?” രവി  ആദ്യമായി വാ തുറന്നു.
“നാട്ടിൽ സ്ഥിരമായിട്ട് ഒരു വർഷം കഴിഞ്ഞു. അമ്മച്ചിയുടെ വകയിലൊരു ചേട്ടൻ ഇവിടെയാണ്. പുള്ളിയെ ഒന്നു കാണാൻ…”

ജോസഫ് തന്റെ നഗരത്തിലെത്തിയ അന്ന് വയലുകൾക്കു നടുവിലെ നട്ടുച്ചവീടും പിണക്കവും കളർപെൻസിൽക്കൂടു വഴിയുള്ള ഒത്തുതീർപ്പും എല്ലാം മറന്ന് ഓരോ അടിവെപ്പിലും ചിരി വിടർത്തിക്കൊണ്ട് രവി നടന്നു. അരികിൽ ജോസഫ്. ജോസഫിന്റെ കൈകൾ അയാളുടെ തോളിൽ.

3.

കുഞ്ഞമ്മാളുവിന്റമ്മയും കുഞ്ഞമ്മാളുവിന്റച്ഛനും ഒന്നിച്ചുള്ള ജീവിതം തുടങ്ങുന്നത് പത്തുവർഷം മുൻപ്. മലപ്പുറത്തുനിന്നും തിരൂരിലേക്കവർ താമസം മാറ്റുന്നത് എട്ടര വർഷം മുൻപ്. ജോസഫിനെ രവി കാണുന്നത് എട്ടു വർഷം മുൻപ്. രവിയും നിളയും താമസിച്ചിരുന്ന വാടകവീട്ടിന്റെ തൊട്ടപ്പുറത്തായിരുന്നു ജോസഫ്. ആദ്യമൊക്കെ ജോസഫിന്റമ്മച്ചിയുടെ വാക്കുകളായി, രൂപമില്ലാതെ പ്രവാസിയായ ജോസഫ്.

തിരൂര് വീട്ടിൽ താമസം തുടങ്ങിയതിന്റെ മൂന്നാമത്തെയോ നാലാമത്തെയോ മാസത്തിലാണ് ജോസഫ് വീണ്ടും നാട്ടിലെത്തുന്നത്. നിള തുണി പിഴിയുകയും രവി വെള്ളം കോരുകയും ചെയ്യുന്ന ഒരു തിരക്കൻ വൈകുന്നേരത്തിലേക്ക് മതിലിനപ്പുറത്തു നിന്നുമെത്തിനോക്കി ജോസഫിന്റമ്മച്ചി.

“ജോക്കുട്ടൻ കാലത്തെത്തി കേട്ടോ…”

അന്നതു കേൾക്കാൻ കുഞ്ഞമ്മാളുവില്ല അമ്മയുടെ വയറ്റിലോ പുറത്തോ. എന്നാൽ ജോക്കുട്ടനും അച്ഛനും തൊടുന്നതും ഉമ്മ വെക്കുന്നതും കുഞ്ഞമ്മാളുവിന്റമ്മ കാണുമ്പോൾ വയറിന്റെ ഭിത്തിയിൽ അള്ളിപ്പിടിച്ചെണീറ്റുനിന്ന് കഷ്ടിച്ച് ഒരു മാസമുള്ള കുഞ്ഞമ്മാളുവും അതു കൂടെ കണ്ടിട്ടുണ്ടാവണം. അവളിപ്പോളതൊന്നും ഓർക്കുന്നില്ലെങ്കിലും. ജോ വന്നു രണ്ടു മാസം കഴിഞ്ഞിരുന്നു അപ്പോൾ.

ജോക്കുട്ടൻ കാലത്തെത്തിയെന്നു അമ്മച്ചി അറിയിച്ചതിന്റെ പിറ്റേന്നാൾ ജോ അവരുടെ വീട്ടിൽ കേറിച്ചെന്നു.

“അമ്മച്ചി വിളിക്കുമ്പോഴൊക്കെ പറയും..” ജോ ആദ്യം പറഞ്ഞ വാക്കുകൾ. രവിയേയും നിളയേയും നോക്കിയുള്ള ജോയുടെ ആ ചിരി. ആ ചിരി പുരണ്ടിരുന്ന വാക്കുകൾ ജോ പൊയ്ക്കഴിഞ്ഞിട്ടും വരാന്തയിൽ അവിടവിടെ. രവിയാണതിൽ തട്ടിവീണത്. നിളയതൊക്കെ തൂത്തുവാരിക്കളഞ്ഞിട്ടും രവിക്കു തട്ടിവീഴാൻ പാകത്തിൽ അവയൊക്കെ അവിടെത്തന്നെ നിന്നു.

ക്രമേണ ബസ്റ്റാന്റ്, മാർക്കറ്റ്, മൈതാനം, വഴിയോരം എല്ലാം രവിക്കും ജോക്കും കണ്ടുമുട്ടാനുള്ള ഇടങ്ങൾ.

“എന്നാണ് വിവാഹം കഴിഞ്ഞത്?”

ജോയുടെ ശബ്ദത്തിൽ വല്ലായ്‌മ. ഒരു വർഷമാകുന്നുവെന്ന് രവിയുടെ മറുപടി. വീട്ടുകാർ തിടുക്കപ്പെട്ട് തീരുമാനിച്ചതായിരുന്നു എല്ലാം. അമ്മാവന്റെ മകളാണ് നിള. മുറപ്പെണ്ണ്. കുഞ്ഞിലേ പറഞ്ഞുവെച്ചത്. വേണ്ടെന്നുതോന്നിയാൽ പോലും വേണ്ടെന്നുവെക്കാൻ പറ്റാത്തത്.

“സന്തോഷമായിപ്പോകുന്നോ,” രവിയെ നോക്കി ജോ.

രവിയുടെ കവിളത്തെ രോമത്തിന്റെ ഭൂപടങ്ങൾക്കിടയിൽ പെട്ടെന്നു സന്തോഷത്തിന്റെ പൊടിപ്പുകൾ.

“സന്തോഷമായിപ്പോകുന്നു. ഇപ്പോൾ…” രവി പറഞ്ഞു.

ഇപ്പോളെന്നെ വാക്കിനെ മൂന്നായി വിഭജിച്ചുകൊണ്ട് ജോയുടെ കണ്ണിലേക്കൊരു ‘ഈ’യും കവിളത്തേക്കൊരു ‘പ്പോ’യും കഴുത്തിലേക്കൊരു ‘ൾ’ ഉം വിതച്ചുകൊണ്ട്. ജോ വിടർന്നുപോയി. അയാൾ രവിയുടെ തോളത്തേക്കു കയ്യെടുത്തിട്ടു.

ജോയ്ക്ക് അത്യാവശ്യം വലിപ്പമുള്ള ഒരു പുസ്തകശേഖരമുണ്ടായിരുന്നു. അതിനായി പ്രത്യേകമൊരു മുറിയും. വന്നൊന്നു കണ്ടു നോക്കൂ എന്നു ജോ പറയാതെതന്നെ പോകാനിരിക്കയായിരുന്നു രവി.

ഷേക്സ്പിയർ നിരന്നു നിന്നിരുന്ന റാക്കിൽ ചാരി അവരുമ്മ വെച്ചു തുടങ്ങാൻ അധിക നാളൊന്നും വേണ്ടി വന്നില്ല. അവരുടെ ഉമ്മവെപ്പുകൾ. അവരുടെ അനന്തര നടപടികൾ. ഓരോ ദിവസത്തേയും കാര്യങ്ങൾ ഷേക്സ്പിയറിനടുത്തുവെച്ചു വേണോ അതോ മാധവിക്കുട്ടിക്കപ്പുറം നിന്നു മതിയോ എന്നു തീരുമാനിക്കാനുള്ള ചെറുസ്വാതന്ത്ര്യങ്ങളൊക്കെ തങ്ങൾക്കാ മുറിയിലുണ്ടെന്നതു മറന്നാണ് അവരെന്നും കാര്യങ്ങളിലേക്കു കടന്നത്.

നേരം കഴിഞ്ഞിട്ടും രവിയെ കാണാതിരുന്നപ്പോൾ തിരക്കിവന്ന നിളയും വയറിന്റെ ഭിത്തിയിൽ അള്ളിപ്പിടിച്ച് മുന്നോട്ടു നോക്കിയിരുന്ന കുഞ്ഞമ്മാളുവും ഇരുവരേയും കണ്ടെത്തുന്നതുവരെയായിരുന്നു ആ വായനാദിനങ്ങളുടെ ആയുസ്സ്. അപ്പോഴവർ വൈലോപ്പിള്ളി ചെരിഞ്ഞുകിടന്നിരുന്ന റാക്കിനരികിലായിരുന്നു. നിളയുടെ എക്കാലത്തെയും പ്രിയപ്പെട്ട കവിക്കരികിൽ.nivi , story ,iemalayalam

4.

കുഞ്ഞമ്മാളുവിന്റച്ഛൻ അന്നു വീട്ടിലെത്തിയപ്പോൾ കൂടെയുണ്ടൊരു ജോ അങ്കിൾ. അറിയാത്തയാളെക്കണ്ട് കുഞ്ഞമ്മാളു ഒന്നു പകച്ചു. ആരാണിവനെന്ന നോട്ടത്തോടെ രാധികയെ മറയാക്കി മറഞ്ഞുനിന്നു. കളർപെൻസിൽക്കൂടിനു പകരം ഇതാ മകൾക്കൊരു പുതിയ സന്തോഷം എന്ന ഭാവത്തിലായിരുന്നു അവളുടെയച്ഛൻ. അയാൾ അങ്ങനെത്തന്നെയാണ് ജോയോട് പറഞ്ഞതും.

“ജോസഫ്‌ വീട്ടിലേക്കു വരൂ. മോൾക്കു സന്തോഷമാകും.”

ജോ എന്ന വിളി നഷ്ടമായതിന്റെ വിഷാദം ജോയിൽ പ്രകടമായിരുന്നെങ്കിലും ജോ ചിരിച്ചു. അതൊരു ചിരിയായോ എന്നതിൽ അയാൾക്കൊരുറപ്പുമില്ലായിരുന്നു. രവിയുടെ മകളെ സന്തോഷിപ്പിക്കാനായി അയാൾ കൂടെവന്നു. തന്നെ സന്തോഷിപ്പിക്കാനല്ല. രവിയെ സന്തോഷിപ്പിക്കാനല്ല. മകളെ സന്തോഷിപ്പിക്കാൻ. എന്നാൽ അതങ്ങനെയാണോ. അങ്ങനെയല്ല.

“കുഞ്ഞമ്മാളൂ ഇങ്ങു വാ…” അവളുടെയച്ഛൻ വിളിച്ചു.

നട്ടുച്ച വെയിലിലെ വയൽവീട്ടിൽ അവളെ തനിച്ചു കിടത്തിയത് അയാൾ ഏതാണ്ടു മറന്ന മട്ടാണ്. കുഞ്ഞമ്മാളു അതു മറന്നിട്ടില്ല. എന്നാലും അവളടുത്തുചെന്നു.

“ജോ അങ്കിളിനു ഹെലോ പറ,” അവളുടെയച്ഛൻ പറഞ്ഞു. ജോ അങ്കിളിന്റെ മുഖത്തു ചിരി. ജോ അങ്കിൾ അതിന്റെ കാൽ ഭാഗം അവൾക്കുകൊടുത്തു. ബാക്കി മുക്കാലും അവളുടെയച്ഛനും.

“ഇതു രാധികേച്ചി…” കുഞ്ഞമ്മാളുവിന്റച്ഛൻ രാധികയെ ചൂണ്ടി. തുടർന്നു ഹാളിലെ ചുവരിൽ കിടക്കുന്ന കുഞ്ഞമ്മാളുവിന്റമ്മയുടെ പടത്തെ ചൂണ്ടി. ആക്‌സിഡന്റായിരുന്നു. ഉടൻ മരിച്ചു. കുഞ്ഞമ്മാളു അന്ന് രണ്ടു വയസ്സു മാത്രമുള്ള കുഞ്ഞുകുഞ്ഞായിരുന്നു. അച്ഛന്റെ മുഖം മങ്ങി. അപ്പോൾ ജോ അച്ഛന്റെ തോളത്തു കയ്യെടുത്തിട്ട് പതിയെ തട്ടുന്നതിഷ്ടമായി കുഞ്ഞമ്മാളുവിന്.

Also Read: അനഘ – വസുധേന്ദ്ര എഴുതിയ കഥ

nivi , story , iemalayalam

5.

ജോയ്ക്കുള്ള ചായയുമായി രവി ഉമ്മറത്തേക്കു വന്നപ്പോൾ കുഞ്ഞമ്മാളുവിന്റെ വിരലിൽപിടിച്ചു കൊണ്ട് ചെടികൾക്കിടയിലായിരുന്നു ജോ. രവിക്കു പരിഭ്രമം തോന്നി. കുഞ്ഞമ്മാളുവിന്റെ കുഞ്ഞിക്കണ്ണുകൾ തനിക്കും ജോക്കുമിടയിൽ വീശുന്ന കാറ്റിനെ, വിരിയുന്ന പൂവിനെ, ഒഴുകുന്ന പുഴയെ എപ്പോൾ വേണമെങ്കിലും കണ്ടെത്തിയേക്കാം. അതിനെപ്പറ്റി ഒച്ചയിട്ടേക്കാം.

“രവി ഇങ്ങോട്ടേക്കു വന്നിട്ടെത്രയായി…” ജോ അന്നേരം വീണ്ടുമൊരു ചോദ്യമായി. ചായ മൊത്തുന്ന ഒരു ചോദ്യം.

“രണ്ടു വർഷം കഴിഞ്ഞു. നിള മരിച്ചു കുറേക്കാലം മലപ്പുറത്തു നിന്നു. ഇവിടേക്കു ട്രാൻസ്ഫർ കിട്ടിയപ്പോൾ ഇങ്ങോട്ടുപോന്നു. രാധു ഉണ്ടല്ലോ പിന്നിവിടെ…”

വൈലോപ്പിള്ളി ചെരിഞ്ഞുകിടന്നിരുന്ന റാക്കിനരികിലെ കാഴ്ച കണ്ടതിന്റെ അടുത്തയാഴ്ച്ച നിള രവിയോടൊന്നും പറയാതെ മലപ്പുറത്തേക്കു തിരിക്കയാണ് ചെയ്തത്. അമ്മയ്ക്കടുത്തേക്ക്. ജോ സൗദിക്കു മടങ്ങിയിരുന്നു.

പ്രസവകാലം മുഴുവൻ അമ്മയ്ക്കരികിലായിരുന്നു നിള. അവധി കിട്ടുമ്പോഴൊക്കെ രവി ചെല്ലുമ്പോൾ അവൾ കുഞ്ഞിനെക്കുറിച്ചു മാത്രം സംസാരിച്ചു. ജോയെക്കുറിച്ചൊന്നും ചോദിച്ചില്ല. രവിയൊന്നും പറഞ്ഞുമില്ല. കുറ്റബോധത്തിന്റെ ഒരു പാട കുറേക്കാലം അയാളിൽ പരന്നു കിടന്നു. അതിനകത്തെന്നാൽ ജോയോടുള്ള പ്രേമം ഭദ്രമായിരുന്നു.

നിളയൊന്നും പറഞ്ഞില്ലെങ്കിലും അതു കിടന്നു തിളയ്ക്കുന്നതായി രവിക്കു തോന്നി. പക്ഷേ പൊട്ടിത്തെറിച്ചുമില്ല. പതുക്കെ അതൊരു ശീലമായി. കുഞ്ഞമ്മാളു വന്നതോടെ ആയാസം ഒരുപാടു കുറഞ്ഞു. പിന്നീടവർ മലപ്പുറത്തു തന്നെയൊരു വീടെടുത്തു തുടർന്നു. തിരൂരിലെ ജോലിസ്ഥലത്തേക്ക് അയാൾ ദിവസവും പോയിവന്നു.

നിളയ്ക്ക് നാട്ടിൽ തന്നെയുള്ള ഒരു സ്‌കൂളിൽ ജോലി ശരിപ്പെട്ടതോടെ ജീവിതം ഏതാണ്ടു പരുവപ്പെട്ടു. എന്നാൽ ഏറെക്കാലം ഒന്നു നന്നായിത്തുടർന്നില്ല. മഴയുള്ളൊരു വൈകുന്നേരം ജംഗ്ഷൻ റോഡിൽ ഒരു സ്ത്രീ വണ്ടിതട്ടിക്കിടന്നു. കുഞ്ഞമകളെ കയ്യിലെടുത്ത് അന്നു രാത്രി മുഴുവനും അവളുടെ ഭർത്താവ് വിറങ്ങലിച്ചിരുന്നു. പുസ്തകറാക്കുകളെ പൂർണ്ണമായും വെടിഞ്ഞ്.

“രവിക്കെന്താണു ചിന്ത?” അരികിലെത്തിക്കഴിഞ്ഞിരുന്നു ജോ. കുഞ്ഞമ്മാളു അയാളുടെ ഒക്കത്ത്.

“ഒന്നുമില്ല ജോ,” എന്നു പറഞ്ഞു രവി.

എട്ടു വർഷങ്ങൾക്കു ശേഷമുള്ള ആദ്യത്തെ ജോ വിളി. ജോയുടെ മുഖത്തു സന്തോഷം പൊടിച്ചു നിന്നു. രോമത്തിനിടയിൽ. നുണക്കുഴിക്കുള്ളിൽ. കണ്ണിന്റെ താഴത്ത്. കുഞ്ഞമ്മാളു തൊട്ടപ്പോൾ അതവളിലേക്കു പൊടിഞ്ഞു വീണെന്നു തോന്നുന്നു. ഒരു വലിയ ചിരി.
ജോയുള്ള ആ സന്ധ്യ പക്ഷേ പെട്ടെന്നു തീർന്നു പോകാനായി നിന്നു.

അത്താഴം കഴിഞ്ഞേ പോകാവൂ എന്നു ജോയോട് നിർബന്ധം പറഞ്ഞിട്ടുണ്ടായിരുന്നു കുഞ്ഞമ്മാളുവിന്റച്ഛൻ. അത്താഴം പരമാവധി വൈകണേയെന്ന് തന്നാൽ കഴിയും വിധം തീവ്രമായി അയാൾ ആഗ്രഹിച്ചു. പക്ഷേ ഒന്നും ഫലം കണ്ടില്ല. എട്ടുമണി കഴിഞ്ഞതും ‘രവീ വരൂ ഭക്ഷണം എടുത്തുവെക്കാം,’ എന്നു രാധികയുടെ വിളി വന്നു.

Also Read: വന്ധ്യം-ശ്രീകണ്ഠന്‍ കരിക്കകം എഴുതിയ കഥ

nivi , story , iemalayalam
ഉണ്ണാനിരിക്കുന്ന മേശയിലിരുന്ന നട്ടുച്ചവെയിലിലെ വയൽവീട്ടിൽ തലേന്നു താൻ മകളെ തനിച്ചാക്കിയപോൽ താനും തനിച്ചാക്കപ്പെടാൻ പോകയാണെന്ന മുന്നറിവിൽ അയാൾ കുറച്ചേ ഭക്ഷിച്ചുള്ളൂ. ജോ കണ്ണുകൾ കൊണ്ട് ഇടയ്‌ക്കയാളെ തുരന്നു. പുസ്തകങ്ങൾക്കിടയിലാണെങ്കിൽ അവരിപ്പോൾ കെട്ടിപ്പിടിച്ചേനെ. പക്ഷേ ഇതവരുടെ ഇടമല്ല.

ജോയും പതുക്കെയാണ് കഴിച്ചത്. തന്നാൽ കഴിയാവുന്നതിന്റെ പരമാവധി ആ കൂടിക്കാഴ്ച നീട്ടാനെന്ന പോലെ. കുഞ്ഞമ്മാളു മാത്രം വാക്കുകളെ ഇടയ്ക്കിടെ അയാളിലേക്കു പറത്തിവിട്ടു. ഒരിത്തിരി ചോറു കൂടിയുണ്ണൂ എന്നു പറയുംപോലെ ഒരിത്തിരികൂടി മിണ്ടൂ..
രണ്ടു പേർ ആഗ്രഹിക്കാതിരുന്നിട്ടും നീട്ടിക്കൊണ്ടുപോകാൻ നോക്കിയിട്ടും ആ അത്താഴത്തിന്റെ അവസാനമെത്തി. അതു കഴിഞ്ഞു.

“ഇറങ്ങട്ടേ രവീ…”

രവിക്കൊന്നും മിണ്ടാനായില്ല. ഒരാളെ മുറുക്കെ എല്ലുപൊട്ടും വിധം വരിഞ്ഞുകൊണ്ട്, കരഞ്ഞുകൊണ്ടിരിക്കുമ്പോൾ സംസാരിക്കാനുള്ള പാടവം മറ്റുള്ളവർക്കെന്നപോലെ രവിക്കും ഇല്ലായിരുന്നു. പോകല്ലേ ജോയെന്ന് അയാൾ വിക്കിയത് കരച്ചിലിൽ ഒഴുകിപ്പോയോ ജോയ്ക്കടുത്തെത്തിയോ എന്നൊന്നും അയാൾക്കു തീർച്ചയുണ്ടായിരുന്നില്ല. എന്തായാലും ജോ പോയി. പതുക്കെ കൈകൾ എടുത്തുമാറ്റി. കവിളത്തു വിരലുകൾ കൊണ്ടു വെരകി. കാണാമെന്നു പറഞ്ഞ്.

പിറ്റേന്നെണീറ്റപ്പോൾ മേശ മേൽ കെട്ടിപ്പിടിച്ചുനിന്നിരുന്നു രണ്ടാണുങ്ങൾ. പല തവണ വരച്ചുമായ്ച്ച പെൻസിൽപ്പാടുകൾക്കിടയിൽ അവർ മായാതെ നിന്നു. കെട്ടിപ്പിടിച്ച് കണ്ണീർ പൊഴിച്ച്. കുട്ടിത്തം വീണു തിളങ്ങി.

രവി മകൾക്കുള്ള കളർപെൻസിൽക്കൂടിനായി കുഞ്ഞുമാസികകൾ, കളർപുസ്തകങ്ങൾ, സ്കെച്ചു പേനകൾ, ക്രയോണുകൾ എന്നിവയ്ക്കൊപ്പം കളർപെൻസിലുകളും വിൽക്കുന്ന കടയിലേക്ക് തിരക്കിട്ടു നടന്നു.

രവി തന്റെ ജോയ്ക്ക് വേണ്ടി കുഞ്ഞുമാസികകൾ, കളർപുസ്തകങ്ങൾ, സ്കെച്ചു പേനകൾ, ക്രയോണുകൾ, കളർപെൻസിലുകൾ എന്നിവയ്ക്കൊപ്പം ജോയുമുള്ള കടയിലേക്ക് തിരക്കിട്ടു നടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook