നീയല്ലാതേതു ദൈവം 

കാട്ടാറിലെ
ജീവനുള്ള ജലം നീ –
അമൃതം

ഉറഞ്ഞു പോയിരുന്ന
ദഹിച്ചസ്തമിച്ചിരുന്ന
എന്നിലേക്ക്
ക്ഷമയോടെ കരുണയോടെ
നീ ഒഴുകിയെത്തി

എന്നെയുണർത്തി
അലിയിച്ചുടച്ച്
കോശങ്ങളോരോന്നും
പുതുക്കിപ്പണിതു
ക്ഷമയാൽ കരുണയാൽ

പ്രണയം ആളിക്കത്തൽ മാത്രമെന്ന്
ആരാണു പറഞ്ഞത്
ആഴത്തിലുള്ള
ഉടച്ചുവാർക്കലും
ജീവനുണർത്തലുമല്ലെങ്കിൽ
അതു മറ്റെന്താണ്

പ്രിയേ
നീ ഉടച്ചു മെനഞ്ഞ ഉടലിത്
നീ ഊതിയുണർത്തിയ ഉയിരിത്

എനിക്കേതു ദൈവം
നീയല്ലാതെ

 

നിന്നിൽനിന്ന്

ഇലയിൽ ഹരിതകമെന്നപോൽ
നീയെന്നിൽ
തുടിക്കവേ
ഏതു വെയിലടി
വിഷക്കാറ്റുകൾ തളർത്തുമെന്നെ?

നീ ഭൂമിയായ് താങ്ങുന്നെന്നെ
നിന്നിൽ നിന്നു കുതിക്കുന്നെൻ
വേരിലേക്കു
ജലം ലവണങ്ങളത്രയും

എന്നിൽ തൂങ്ങും
വളളിയല്ലെനിക്കു നീ
ഉയിരായുടലായ്
പ്രവൃത്തി ചേതനയായെന്നെ
നിലനിർത്തും
ഭൂമിയും ജീവസത്തയും

manoj kumar, poem,

കാലത്തിൽ അലിയുന്നത്

 

പ്രാണനിൽ പ്രാണനലിയുമ്പോൾ
കാലം നിശ്ചലമായിപ്പോയെങ്കിലെന്ന്
നാമെത്ര ആശിച്ചു

കാലം അണകെട്ടി നിർത്താവുന്ന
ഒഴുക്കല്ലെന്ന്
ഞാൻ തത്ത്വം പറഞ്ഞു

ഇന്ദ്രിയങ്ങളുടെ
അണപൊട്ടിച്ച് നമ്മൾ
അലിയിച്ചു കാലത്തിൽ നമ്മെ

ഏതൊഴുക്കിലും

മഴ, പുഴ, തിര
ജലത്തിന്റെ ഏതു പതനവും
വരട്ടെ
ഉടലിലവ നിറഞ്ഞാടട്ടെ
അവയ്ക്കാവുമോ
തൊലിയടരിലൂടെ
ആത്മാവിന്റെ അടരുകളിലേക്ക്
നീ പടർത്തിയ
ചുംബനങ്ങളുടെ
ചൂടു ശമിപ്പിക്കാൻ
അവയ്ക്കാവുമോ
തൊലിയിൽ
സ്മാരകമുദ്രകളായി
പതിഞ്ഞ
നിന്റെ ചുണ്ടുകളെ
കഴുകിക്കളയാൻ

p.s manoj kumar,poem

വിത്തായ് മാറുന്നത്

ഉടലിൽ ഉയിരും
ഉയിരിൽ ഉടലും
പൂത്ത നിമിഷങ്ങളെ ജീവിതത്തോട്
ചേർത്തു പിടിക്കാം

വിരഹത്തിന്റെ നാളുകളിൽ
ഞാനൊരു വസന്തർത്തുവിനിടമായിരുന്നു
എന്ന ഉന്മാദത്തെ ഉണർത്തി
ഉറവുകൾ ഉയിർപ്പിക്കാൻ
സദാ സ്നിഗ്ദ്ധയായ ഭൂമിയാവാൻ

നോക്കൂ
എന്റെ ഉള്ളംകാൽപോലും
അവളുടെ ചുണ്ടുകളുടെ
സ്പർശത്തെ ഓർത്തെടുക്കുന്നു
പ്രണയത്തിലേക്ക് വേരു നീട്ടുന്ന
വിത്തായ് മാറുന്നു
ഞാൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ