‘ജോ വിളിച്ചു, സ്ക്രിപ്റ്റ് മാറ്റി എഴുതിയോ?’ എന്നു ചോദിച്ച്. ഞാനത് തുറന്ന് നോക്കിയിട്ടു പോലുമില്ലായിരുന്നു.

“എഴുത്തു മുറിയിൽ ഒരു ബുൾബുൾ കൂടു കൂട്ടിയിരിക്കുന്നു. ഫാനിട്ടിരിക്കുമ്പോളൊരു ബേജാർ, കൂട്ടിലേക്ക് പറക്കുന്നതിനിടയിൽ എങ്ങാനും തട്ടിയാലോന്ന്. എന്നോടതിന് പരിചയക്കുറവൊന്നുമില്ല, എന്നാലും ഈ സമയത്ത് അവൾക്കിത്തിരി സ്വകാര്യതയൊക്കെ…”

“നീ നിന്റെ പുതിയ ആരാധകരെയൊക്കെ പ്രോത്സാഹിപ്പിച്ചു കഴിഞ്ഞു സമയം കിട്ടുമ്പോൾ എഴുതൂ.”

കുറച്ചു ദിവസം മുൻപത്തെ ശണ്ഠയുടെ പൊട്ടും പൊടിയുമാണ് വാക്കുകൾക്കിടയിൽ തടയുന്നത്. സംഗതി എന്താന്ന് വച്ചാൽ മെക്സിക്കൻ ബാക് ഗ്രൗണ്ടിൽ അവനൊരു സിനിമ ചെയ്യാനുദ്ദേശിക്കുന്നു. പറഞ്ഞ കഥ എനിക്കത്ര ഇന്ററസ്റ്റിങ് ആയി തോന്നിയില്ല. ഞാനത് തുറന്ന് പറയുകയും ചെയ്തു. ‘നീ എന്തെങ്കിലും ആലോചിച്ചു നോക്ക്’ എന്നവൻ പറഞ്ഞപ്പോൾ അതിന് ഇതിന്റെ സ്ക്രിപ്റ്റ് ഞാനല്ലല്ലോ ചെയ്യുന്നത് എന്നു എന്റെ വായിൽ നിന്ന് വീണും പോയി.

“അവനവനു ഉപകാരമുള്ള കാര്യങ്ങൾ മാത്രം ചെയ്യുക. നീയാണ് ശരി, നിന്നെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.”

ഇതാണ് വാക്കുകളുടെ കുഴപ്പം. വെള്ളം പോലെയാണവ: ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയിലാവുന്നത് പോലെ കേൾക്കുന്ന ആളിന്റെ മനോനില അനുസരിച്ച് അർത്ഥാകൃതികൾ മാറുന്നു .

രണ്ട് രീതിയിൽ ഈ ഡയലോഗിനെ പ്രതിരോധിക്കാം. ഒന്ന്: ‘എന്നാലും നീയെന്നെക്കുറിച്ച് ഇങ്ങനെയാണോ മനസ്സിലാക്കിയത്, കഷ്ടംണ്ട് ട്ടോ, I am hurt’ എന്ന ഇമോഷണൽ കവചം. രണ്ട്, അൽപ്പം കൂടെ ഉച്ചത്തിൽ ഷൗട്ട് ചെയ്യുക! ഇങ്ങോട്ടിനി ഒന്നും പറയാനനുവദിക്കാതെ അങ്ങോട്ട് കയറി ഏറ്റു മുട്ടുക! പക്ഷേ മൂന്നാമത്തെ രീതിയാണ് എനിക്ക് പഥ്യം. അൽപ്പം വലുപ്പം കൂടിയ ഈഗോയിൽ വാക്കു കൊണ്ട് പോറൽ വീഴുമ്പോൾ സങ്കടവും ദേഷ്യവുമൊക്കെ അടച്ചു പൂട്ടിക്കെട്ടി അതിനു മുകളിൽ അടയിരിക്കൽ. അതായത് മിണ്ടാതിരിക്കൽ. പ്രവർത്തനം നിലച്ച, പൂട്ടിക്കിടക്കുന്ന ഒരു ഫാക്ടറിക്കകത്ത് നടക്കുന്ന പോലെയാണത്. ഭയം ജനിപ്പിക്കും, എന്നാലും ഒരു രസമുണ്ട് ഉള്ളിലേക്കുള്ള ഈ യാത്ര. പഴയ സങ്കടങ്ങളൊക്കെ പൊടി തട്ടി, മാറാല വകഞ്ഞു ഒന്നൂടെ നോക്കി, ഹോ! എന്റെ സങ്കടങ്ങൾക്കെന്ത് സങ്കടം എന്ന് ഷീല സ്റ്റൈൽ മാറുലച്ച് നെടുവീർപ്പിട്ടങ്ങനെ.shahina k rafiq , story

ഓ! പറഞ്ഞു കാട് കയറി. അതിനു മാത്രം ഒന്നും ഉണ്ടായിട്ടില്ല. പറങ്കി പിടിച്ച പിഞ്ഞാണം എന്ന ഉമ്മാമാന്റെ ചൊല്ല് പോലെയാ- എനിക്ക് തോറ്റു കൊടുക്കാൻ ഇഷ്ടമില്ല, അദ്ന്നെ. ഫോൺ വയ്ക്കുന്നതിനു മുൻപ് പുതിയ തിരക്കഥാകൃത്ത് പറഞ്ഞ ഒരു വൺലൈൻ കൂടി പറഞ്ഞു ജോ. പ്രതികാരം ആണ് കഥ. സംഗതി കൊള്ളാലോ, എനിക്കെന്തേ ഈ ഐഡിയ തോന്നാതിരുന്നത് എന്നോർത്തു. വിദേശ സിനിമകൾ കൃത്യമായി കാണേണ്ടിയിരിക്കുന്നു.

മനസ്സിൽ പിന്നെ ഈ കഥയായി. അതിന്റെ ഓരോ സീനുകളായി ഞാൻ സങ്കൽപ്പിച്ചു തുടങ്ങി. ഒരു സർജനും കുടുംബവും, മമ്മൂട്ടി ചെയ്താൽ നന്നായിരിക്കും, അയാൾക്ക് ഒരു ഡോക്ടറുടെ ഗെറ്റപ്പും ഗൗരവവും തോന്നും. ഭാര്യയായി സുമലതയെ കൊണ്ടു വരാം, അവർ പണ്ട് നല്ല ജോഡിയായിരുന്നു. പിന്നെ 22 വയസ്സുള്ള മെഡിസിന് പഠിക്കുന്ന മകൾ. നസ്രിയക്ക് ഒരു ഇന്നസന്റ് ചാം ഉണ്ട്, ഇനി അഭിനയിക്കോന്നറിയില്ല. അല്ലെങ്കിലും നായിക ആരായാലും കുഴപ്പല്ല, ഭംഗിയുള്ള ഒരു മുഖമായാൽ മതി. 22 വയസ്സുള്ള മകൾ എന്നൊക്കെ പറഞ്ഞാൽ മമ്മൂട്ടി സമ്മതിക്കുമോ ആവോ? ഈ ആലോചനകളും താങ്ങിപ്പിടിച്ചാണ് ഞാൻ എന്റെ പെൺകൂട്ടുകളുടെ അധോലോകത്തിലേക്ക് ഓട്ടോ കയറിയത്.

അരമണിക്കൂർ ഓട്ടം.

അമുദയുടെ ഗൃഹം. ഇന്റീരിയർ.

“എടോ നിങ്ങൾക്ക് കല്യാണ ശേഷം ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ?” കുറേ ദിവസം കൂടി കാണുകയാണ് അമുദയെ. അവളുടെ കണ്ണുകളിൽ മനസ്സ് എവിടെയോ കുരുങ്ങിയ ഭാവം. ഈ പെണ്ണിന്റെ ഒരു കാര്യം! സംഗതി ഇവളെന്റെ അടുത്ത കൂട്ടുകാരിയാണ്, പല കാര്യങ്ങളിലും ഞങ്ങൾ തമ്മിൽ യോജിപ്പില്ലെങ്കിലും. ഒടുക്കത്തെ സത്യസന്ധതയാണ് മൂപ്പത്തിക്ക്, ആരോട് എപ്പോൾ എന്ത് പറയുന്നു എന്നൊന്നും മുൻ-പിൻ നോട്ടമില്ല. എനിക്കത്ര സത്യസന്ധയാവാൻ താൽപ്പര്യമില്ലാത്തതു കൊണ്ട് ഞാൻ വിഷയം പതുക്കെ മാറ്റി. ഞങ്ങൾ ഒന്നിച്ച് എഴുതാൻ പ്ലാൻ ചെയ്തിരിക്കുന്ന സ്ക്രിപ്റ്റിനെ കുറിച്ച് ചർച്ച ചെയ്തു. ഏറെ കാലമായി ഞങ്ങളെ മോഹിപ്പിച്ചു കൊണ്ടിരിക്കുന്ന ബോളിവുഡ് സുന്ദരനെ അഭിനയിപ്പിക്കാനായി കൊണ്ടു വന്ന് കാസ്റ്റിങ് കൗച് നടത്താം എന്നെല്ലാം പറഞ്ഞു ചിരിച്ചു ചിരിച്ചു കണ്ണ് നിറച്ച് അവിടെ നിന്നിറങ്ങുമ്പോൾ നേരം വൈകി. അന്ന് രാത്രി അവളെനിക്ക് നീണ്ടൊരു കുറിപ്പയച്ചു. “ശർദ്ദിക്കുമ്പോഴും എപിഡ്യൂറൽ കിട്ടുമ്പോഴും ഉള്ള സുഖകരമായ ഒരു തളർച്ചയുണ്ട്. കൈകാലുകൾ മാഞ്ഞില്ലാതെയായ പോലുള്ള ഒരു സുഖം. ഞാൻ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ സുഖം പ്രസവ സമയത്ത് നട്ടെല്ലിന് കിട്ടിയ ഇഞ്ചക്ഷൻ ആണെന്ന് തോന്നാറുണ്ട്. അതൊരു ഓർഗാസത്തിനുമപ്പുറം. വേദന കൊണ്ടുള്ള ഞരമ്പ് വലിയലുകൾക്കിടയിൽ ഒരു നൈസ് കുത്ത്. ഇന്നും ഞാൻ ശർദ്ദിച്ചു. അതും ഒരു ദഹനക്കേടായിരുന്നു. വിവാഹ ശേഷം ഇനിയെന്നും ഭർത്താവിന്റെ സ്വന്തം ഭാര്യയായി ഡീസന്റ് ആയി കഴിഞ്ഞോളാം എന്നു കരുതിയ എനിക്ക് തെറ്റി. അധിക വിവാഹത്തിലും സംഭവിക്കുന്ന പോലെ, കുറച്ചു കഴിഞ്ഞപ്പോൾ ‘ഭ്രാതാശ്രീ’ എന്നു വിളിക്കേണ്ട ബന്ധമായി ഞാനും ഓനും തമ്മിൽ. ഈ സെക്സി ആവുക എന്നു പറയുന്നത് ഒരഭിനയമാണ്. നമ്മെ ഏറ്റവും ഭംഗിയായി മനസ്സിലാക്കുന്ന ഒരാളുടെ അടുത്ത് അതെങ്ങനെ സാധിക്കും? നമ്മൾ തൂറുന്നതും മൂത്രമൊഴിക്കുന്നതും സ്ഥിരമായി കാണുന്ന ഒരാളുടെ അടുത്ത് എന്തഭിനയം! ആയിടെയാണ് അവനെ കണ്ടു മുട്ടിയത്. ആദ്യമായി ഒരാളുടെ കൈയുമായി ഉരസുമ്പോഴുള്ള പോലെ ഒരു തീപ്പൊരി. പറയാതെ തന്നെ ഞങ്ങൾക്കത് പരസ്പരം തിരിച്ചറിയാനുമായി. ആ നാളുകളിൽ ചിലപ്പോഴൊക്കെ മൂപ്പരെ തൊടാൻ വിടാൻ കഴിയാതെയായി. ‘Cos only one at a time. പക്ഷേ ഒരു ചുംബനത്തിൽ മാത്രം ഒതുങ്ങി ഞങ്ങളുടെ എക്സ്ട്രാ മരിറ്റൽ അഫയർ. നല്ല വൃത്തികെട്ട പേര്! കുറെ നാളുകൾക്ക് ശേഷം പിന്നെ ഞാൻ ഫോണിലൂടെ നനഞ്ഞു. വല്ലാത്ത ഒരു സുഖം. എന്നാലും കുറ്റബോധം. ശരിക്കും ശരീരം പങ്കു വച്ചാലെന്താ, മനസ്സ് കൊടുക്കുമ്പോഴല്ലേ നമ്മൾ ചതിക്കുന്നത് എന്നൊക്കെ തോന്നിപ്പോയി. അന്നേരം ഞാൻ വായിൽ കൈയിട്ട് ഓക്കാനിച്ചു ആ ദഹനക്കേടിനെ പുറം തള്ളി.” ഈ കുറിപ്പ് അമുദ അവളുടെ ഭർത്താവിനും അയച്ചിട്ടുണ്ടാവും എന്നെനിക്ക് തോന്നി, അതാണവളുടെ പ്രകൃതം. ഞാനിതൊരു കഥയാക്കി എഴുതുന്നുണ്ടെന്ന് അവളോട് പറഞ്ഞു. രണ്ടു സ്മൈലി വന്നു മറുപടിയായി.shahina k rafiq,story

അമുദയുടെ കുറിപ്പ് വായിച്ചു കൊണ്ടിരിക്കുമ്പോൾ പുതിയൊരു കഥാപാത്രത്തിന്റെ ഐഡിയ കിട്ടി, ഡോക്ടറുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന പയ്യൻ, സുമുഖൻ, പതിഞ്ഞ പ്രകൃതമുള്ള ഒരാൾ. നല്ല ബ്രൈറ്റ് ആണ് കക്ഷി, സർജറിയിലും കേമൻ. മനു. ഡോക്ടറുടെ മകൾക്ക് അവനോടൊരു ക്രഷ്.

സന്ധ്യാ സമയം. ഡോക്ടറും ഭാര്യയും ടി വി കാണുന്നു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്. അപ്പോൾ മുറിയിൽ നിന്നിറങ്ങി വരുന്ന മകൾ, വേണി. അവൾ ഡൈനിങ്ങ് റൂമിൽ ചെന്ന് വെള്ളമെടുത്തു കുടിക്കുന്നു. പിന്നെ വന്ന് മാഗസിൻ മറിച്ചു നോക്കുന്നു, ചാനൽ മാറ്റുന്നു. അവൾക്കെന്തോ പറയാനുണ്ട്. അത് മനസ്സിലായെങ്കിലും അറിഞ്ഞ ഭാവം നടിക്കാതെയിരിക്കുന്ന അച്ഛനുമമ്മയും.

വേണി : “അച്ഛാ അടുത്ത മാസം എക്സാം തുടങ്ങല്ലേ, ഞാൻ ഹോസ്റ്റലിലേക്ക് മാറാ, കുറേ പഠിക്കാനുണ്ട്. അവിടെയാവുമ്പോ ലൈബ്രറിയിലും പോവാലോ.”

അച്ഛൻ ശരിയെന്ന് മൂളുന്നു. പിന്നെയും ഉരുണ്ടു കളിക്കുന്ന വേണി. അവൾ ക്ലാസ്സിലെ എന്തോ തമാശ പറയാൻ ശ്രമിക്കുന്നു. പ്രതീക്ഷിച്ച പ്രതികരണം കിട്ടുന്നില്ല. ഗതികെട്ട് എഴുന്നേറ്റ് പോവാൻ തുടങ്ങുന്ന വേണിയോട്

അച്ഛൻ : “അടുത്ത ഞായറാഴ്ച അച്ഛനുമമ്മയേയും കൂട്ടി വരാമെന്ന് മനു. എക്സാം കഴിയട്ടേയെന്നു പറഞ്ഞു ഞാൻ”

വായ പൊത്തി ചിരിയടക്കുന്ന അമ്മ

വേണിയുടെ മുഖത്തെ ഭാവ മാറ്റങ്ങൾ ക്ലോസപ്പിൽ.

വേണി : “നിങ്ങൾക്ക് രണ്ടാൾക്കും ഒരു സർപ്രൈസ് വിധിച്ചിട്ടില്ല!”

അതും പറഞ്ഞു അവൾ മുറിയിൽ കയറി വാതിലടക്കുന്നു. പരസ്പരം നോക്കി നിറഞ്ഞു ചിരിക്കുന്ന ഡോക്ടറും ഭാര്യയും. മുറിയിൽ ചെന്ന് കട്ടിലിൽ വീഴുന്ന വേണി. അവളുടെ മുഖമാകെ തുടുത്ത്, ചിരിയും നാണവും കൂടിക്കുഴഞ്ഞു. പിന്നെ വേണമെങ്കിൽ ഒരു പാട്ടു സീൻ ആവാം.

അവരുടെ പ്രണയ രംഗങ്ങളുടെ വിശദാoശങ്ങൾ സങ്കൽപ്പിച്ചു നോക്കി. പതിവ് ക്ളീഷേകൾ ഒന്നുമില്ലാതെ കുറച്ച് രസകരമായ മുഹൂർത്തങ്ങൾ മതിയെന്ന് മനസ്സിലുറപ്പിച്ചു. ഞാനാണ് വേണി എന്ന മട്ടിൽ ദിവാസ്വപ്നങ്ങളിൽ ഒഴുകി നടക്കുകയായിരുന്നു. വെള്ളം തിളച്ച് അരിയിടാൻ നോക്കുമ്പോഴാണ് അരി തീർന്നെന്ന ബോധം ഇന്റർവെൽ ബ്രേക്ക് പോലെ കയറി വന്നത്. ജീൻസും കുർത്തയും വലിച്ചു കയറ്റി അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് പോയി. റാക്കിൽ നിരത്തി വച്ച ബിസ്ക്കറ്റിൽ നിന്ന് രണ്ടു പാക്കും കറുമുറെ കൊറിക്കുന്നതും എടുത്ത് കൊട്ടയിലിടുമ്പോഴാണ് ജേണലിസത്തിന് ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തിനെ കാണുന്നത്. എത്ര നാളുകളായിരിക്കുന്നു കണ്ടിട്ട്! അവനിത്തിരി തടിച്ചു. മുടി പതിനെട്ടാം പടി കയറി തുടങ്ങിയിട്ടുമുണ്ട്. പഴയതും പുതിയതുമായ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടയ്ക്കാണ് ഞാനവന്റെ ഷർട്ട് കൊള്ളാമെന്ന് പറഞ്ഞത്, ആപ്പിൾ ഗ്രീൻ നിറത്തിൽ. ആ നിനക്കിഷ്ടമാവുമല്ലോ ഈ കളറല്ലേയെന്നവൻ! അവന്റെ കൈയിൽ പലവർണ്ണ ചരടുകൾ, നെറ്റിയിൽ കുറി. അൽപ്പം തിരക്കുണ്ടെന്ന് പറഞ്ഞു ഞാൻ വേഗം ഇറങ്ങി.shahina k rafiq , story

വീട്ടിലേക്ക് കയറുമ്പോഴാണ് ശ്രദ്ധിച്ചത്, പച്ചയ്ക്കൊക്കെ ഒരു പതർച്ച. ഇന്നലെ ഇരുണ്ട് മൂടിയത് കണ്ടു നനച്ചിരുന്നില്ല. വെയില് പെയ്യുന്ന മഴക്കാലം. All the green shall perish എന്ന ബൈബിൾ വാക്യം വെറുതെ ആധി കൂട്ടി. സത്യത്തിൽ ഈ വിഷയമൊക്കെയല്ലേ സിനിമയിൽ വരേണ്ടത് എന്നോർത്തു. ആരു കാണാൻ വരാനാ പക്ഷേ. ഞാൻ മോഹിനിയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി, അവളാണല്ലോ സിനിമയുടെ ആദ്യത്തിൽ നിറഞ്ഞു നിൽക്കുന്നത്. നല്ല പൊക്കവും കരുത്തുമൊക്കെയുള്ളൊരു പെണ്ണ്. നയൻതാര ചെയ്യുന്ന കഥാപാത്രങ്ങൾ ഉടുക്കുന്ന തരത്തി ലുള്ള സ്റ്റൈലൻ സാരി ആക്കാം വേഷം, ജൂട്ട് സിൽക്ക് നന്നാവും എന്നൊക്കെ ഓർത്തു കൊണ്ടാണ് ചോറും കറിയും വച്ചത്, അരപ്പിൽ ഇത്തിരി മഞ്ഞൾ കൂടേം ചെയ്തു. മീൻ കഴിക്കാൻ നേരത്ത് പൊരിക്കാം. പണികൾ തീർത്ത് ഫോണും എടുത്ത് ഫാനിന്റെ കീഴെ വന്നിരുന്നു. ബീഫൊക്കെ തിന്ന് കൊഴുപ്പടിഞ്ഞിട്ട് മുസ്ലിം ആണുങ്ങൾക്ക് കാമാസക്തി കൂടുതലാണെന്നൊരു സ്വാമി ഉദ്ഘോഷിക്കുന്ന വീഡിയോ കണ്ടപ്പോൾ ഗ്രൂപ്പിലെ ഒരുത്തിക്ക് സംശയം, ബീഫ് കഴിക്കുന്ന പെണ്ണുങ്ങൾക്ക് ആസക്തി കൂടില്ലേന്ന്? അങ്ങനെ ആണേ എത്ര നന്നായിരുന്നു, ഫാനിലെ പൊടി നോക്കണ്ടല്ലോന്ന് പെൺകൂട്ടം ചിരിച്ചു മറിഞ്ഞു. മുത്തലാഖും നാല് കെട്ടും ഒക്കെ പറഞ്ഞു ചർച്ച കൊഴുക്കുമ്പോൾ ആണൊരുത്തൻ ഒരു പോസ്റ്റുമായി വന്നു. സ്ത്രീയുടെ ഗർഭാശയത്തിൽ പ്രവേശിക്കുന്ന ബീജം മൂന്ന് ആർത്തവത്തോടെ മാത്രമേ ഗർഭാശയത്തിൽ നിന്ന് പൂർണ്ണമായി നീക്കം ചെയ്യപ്പെടുകയുള്ളൂ. ഭർത്താവ് മരിച്ച സ്ത്രീ നാല് മാസവും പത്ത് ദിവസവും ഇദ്ദ ആചരിച്ചതിന് ശേഷം മാത്രമേ അടുത്ത വിവാഹത്തെ ക്കുറിച്ച് ചിന്തിക്കാവൂ എന്ന് ഇസ്‌ലാം പറഞ്ഞത് ഈ ശാസ്ത്രത്തിന്റെ പിൻബലത്തിലാണെന്ന്. ഇതൊക്കെ കേട്ടപ്പോൾ കൂട്ടത്തിലെ ഡോക്ടർ നാഗവല്ലിയായി. എന്നിട്ടും അവനൊരു സംശയം ഇത് സത്യമല്ലേ, അല്ലങ്കി ലെന്തിനാ ഇദ്ദ എന്ന്.

സംഗതി ഇപ്പോ, ഒരു പെണ്ണും – ഭർത്താവിനോട് യാതൊരു സ്നേഹവും ഇല്ലാത്തവൾ ആണെങ്കിൽ പോലും – പിറ്റേന്ന് തന്നെ വേറെ കെട്ടാൻ പോണില്ല. വലിയൊരാഘാതം സംഭവിച്ചവളെ പുറം ലോകം കാണാതെ മുറിക്കകത്തിരുത്തുന്നത് മാനസിക പീഢനം കൂടിയാണെന്ന് ഞാൻ പറഞ്ഞു. രണ്ടു ദിവസം മുറിയടച്ചിരുന്നാ തന്നെ മനുഷ്യന് വട്ടാവും. ‘നീയല്ലങ്കിലും കഞ്ചാവ് ബുജി’ എന്നു പറഞ്ഞു തുടങ്ങിയ അവനെ ഞങ്ങളൊക്കെ കൂടി കൊന്നു ഊറയ്ക്കിട്ടു . ഗൾഫിൽ നിന്ന് രണ്ടു മാസത്തെ അവധിക്കെത്തിയവളോട് ഇനി ഒന്നും പേടിക്കണ്ട, നാല് മാസം മുൻപ ത്തെ ബീജം ഓടിക്കളിച്ചതാ പറയാലോ എന്ന് വീണ്ടും ചിരിച്ചാർത്തു.

മോഹിനിക്ക് പിന്നെ ഈ ഗർഭപ്പേടിയില്ല, അവൾ ദിവസവും പല പുരുഷന്മാരുടെ കൂടെ ശയിക്കുന്നുണ്ടെങ്കിലും. അവസാനം സ്വന്തം അച്ഛന്റെ മുൻപിൽ വരുന്ന വരെ. അവിടെയാണല്ലോ കഥയിലെ ട്വിസ്റ്റ്. ഫോണടിക്കുന്നു. ശ്ശോ! കൊണ്ടു പിടിച്ച് വല്ലതും ചിന്തിക്കുമ്പോഴായിരിക്കും ഇത് ബെല്ലടിക്കുക. നീമയാണ്, അവളുടെ കൂടെ ഒന്ന് ആശുപത്രി വരെ ചെല്ലുമോന്ന് ചോദിച്ച്. അവൾക്ക് നല്ല കാലു വേദനയുണ്ട്, യാത്ര കുറയ്ക്കാനും പറഞ്ഞിട്ടുണ്ട് ഡോക്ടർ. ഓട്ടോ ഓരോ കുഴിയിലും ചാടുമ്പോൾ എനിക്കാണ് ഗർഭമെന്ന പോൽ ഞാൻ അറിയാതെ വയർ പൊത്തിപ്പി ടിച്ചു. ഗൈനക്കോളജിസ്റ്റിന്റെ മുൻപിലെ നീണ്ട നിരയിൽ കാത്തിരിക്കുല മ്പോൾ നീമ തമാശ പറഞ്ഞു, ഡോക്ടർ ചോദിച്ചാൽ നമ്മൾ ലെസ്ബിയൻ കപ്പ്ൾ ആണെന്ന് പറയാമെന്ന്. മുൻപിലൂടെ കടന്നു പോവുന്ന ആൾക്കൂട്ടത്തെ നോക്കി അവൾ പറഞ്ഞു. “നിങ്ങടാൾക്കാരെക്കൊണ്ട് ഹോസ്പിറ്റലിൽ വരാൻ വയ്യാട്ടോ, കല്യാണത്തിന് പോവുന്ന പോലെയാണ് ഒരുങ്ങി വരിക, പിന്നെ തീറ്റയും!” ഞങ്ങളിരുന്നതിന് മുൻപിൽ രണ്ട് മുറികൾ, രണ്ടു ഗൈനക്കുകൾ, അക്ഷരങ്ങളിലെ ജാതികൾ. പേരു വിളിക്കുന്നതിനനുസരിച്ച് ഓരോരുത്തരായി കയറി ഇറങ്ങുന്നു. കുറച്ചു കഴിഞ്ഞു നീമ പറഞ്ഞു “ആ ഡോക്ടറുടെ അടുത്ത് പോവുന്നതൊക്കെ മുസ്ളീംസാട്ടോ, നിങ്ങടാൾക്കാർക്ക് അങ്ങനെ ഒരിദുണ്ട്ന്ന് കേട്ടിട്ടുണ്ട്’. എന്നാൽ, ആ ഡോക്ടറുടെ അടുത്ത് ഹിന്ദുക്കളാരും പോവാത്തതെന്താ എന്നു ഞാൻ തിരിച്ചു ചോദിച്ചില്ല. പെട്ടന്നൊരു ഹാർട്ട് അറ്റാക്ക് വരുമ്പോൾ ഇവരൊക്കെ സ്വന്തം ജാതിയും ഉപജാതിയും നോക്കി ഡോക്ടറെ തപ്പി ഹൃദയവും താങ്ങിപ്പിടിച്ച് ഓടുന്നത് സങ്കൽപ്പിച്ചു.

ഡോക്ടർക്ക് ഹൃദയാഘാതം വരുന്നതായിട്ട് ഒരു സീൻ വേണോ? അത്രയും വലിയ ദുരന്തങ്ങളല്ലേ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നത്. അല്ലെങ്കിൽ വേണ്ട, അത്ര മെലോഡ്രാമ ആവശ്യമില്ല. എന്നു മാത്രമല്ല, ഒരു തുള്ളി കണ്ണുനീർ കൂടി ഒഴുക്കാതെ ഉള്ളിൽ കെട്ടി നിർത്തിയ സങ്കടകടലിൽ നിന്നാണല്ലോ ഡോക്ടർ പ്രതികാരത്തിന്റെ പുതിയ വഴികൾ കടഞ്ഞെടുക്കുന്നത്. ഭാര്യയും അതേ, ഒട്ടും പതറാതെയാണ് മുന്നിൽ നിൽക്കുന്ന പൊലീസുകാരനോട് മകളുടെ മുലക്കണ്ണ് സ്ഥാനം തെറ്റി പൊക്കിൾ ചുഴിയിലാണ് കിടക്കുന്നതെന്ന് കാണിച്ചു കൊടുക്കുന്നത്. പൊലീസുകാർ ഇത്ര ഇൻസെൻസിറ്റീവ് ആയി പെരുമാറരുതെന്ന് പറഞ്ഞു മനു ആണ് അന്ന് ബഹളം വച്ചത്. വാണിയുടെ അമ്മയെയും കൂട്ടി വീട്ടിലെത്തുമ്പോഴേക്ക് അവൻ കുഴഞ്ഞു പോയിരുന്നു. “ഡൽഹീന്ന് ഡോക്ടറോട് വേഗം വരാൻ പറ, വല്യ സർജനല്ലേ, ഒക്കെ നേരാം വണ്ണം ചേർത്തു വയ്ക്കണം, ഞാൻ പറഞ്ഞു തരാം. അമ്മയ്ക്കറിയുന്നത് പോലെ അച്ഛനറിയില്ലാലോ മോളെ” എന്നും പറഞ്ഞു കൊണ്ടാണ് അവർ സാരി മാറാൻ മുറിയിൽ കയറി വാതിലടച്ചത്, ജീവിതം തന്നെ മാറിക്കൊണ്ട് ഇറങ്ങി വരാതിരുന്നതും.

ഇതിന്റെ മ്യൂസിക് ആരെക്കൊണ്ട് ചെയ്യിക്കും? വിശാൽ ഭരധ്വാജ് ആയാൽ സംഗതി പൊളിച്ചേനെ. ആദ്യം നമ്മുടെ ടീമിനോട് കഥ പറഞ്ഞു നോക്കട്ടെ, അവിടെ ഏശിയാൽ പിന്നെ പേടിക്കാനില്ല, അമ്മാതിരി മൊതലുകളാണ്.SHAHINA K RAFIQ ,story

‘അതേയ്, ഞാനൊരു കഥയെഴുതുകയാ’ എന്നു പറഞ്ഞു ഗ്രൂപ്പിൽ കയറി ചെന്നു. എല്ലാർക്കും ഉത്സാഹമായി, കുറേ ഗ്യാപ് ആയല്ലോ എന്തേലും എഴുതീട്ട്. കമ്പി കഥയാണോ ജാനൂ എന്നും ചോദിച്ച് ഷഡി വന്നു. ഒരേ തായ് വേരിൽ നിന്ന് മുളപൊട്ടിയ കൂതറകളായിരുന്നു ഞങ്ങളൊക്കെ, ഇരട്ടപ്പേരിൽ മാത്രം വിളിക്കപ്പെടുന്നവർ. ദുബായിലെ നീന്തൽ കുളത്തിൽ കുളി സീൻ നോക്കിയവൻ അൽ ചന്തു (ചന്ദനലേപ സുഗന്ധം ജെപെഗ്), വിവാഹിതയായ പൂർവ കാമുകിയെ ഓർക്കുന്നവൻ പുരുഷു (പുരുഷു എന്നെ അനുഗ്രഹിക്കണം ജെപെഗ്), ജെട്ടി വിരുദ്ധ കമ്മിറ്റി അഥവാ ജെ.വി.സിക്കാരൻ ഷഡി അങ്ങനെ പോവുന്നു പേരുകൾക്ക് പിന്നിലെ കഥകൾ. മുഴുവൻ പറയാൻ നിന്നാൽ മലയാളത്തിലെ പുതിയ നിഘണ്ടു ആവും, അതു കൊണ്ട് പിന്നെ പറയാം. കഥയുടെ ഐഡിയ പറഞ്ഞപ്പോൾ തന്നെ കീരി എതിർപ്പുമായി വന്നു, ‘നിനക്കീ പീഢനം മാത്രേ പറയാനുള്ളൂ?’ എന്നു ചോദിച്ച്.

“ഇതെന്താ വേറെ ടോപ്പിക്ക് ഒന്നുല്ലേ, സ്ത്രീകൾക്ക് മാത്രല്ല, പുരുഷന്മാർക്കും പ്രശ്നങ്ങളുണ്ട്, എത്ര ആൺകുട്ടികൾ പീഢിപ്പിക്കപ്പെടുന്നുണ്ട്,” കുക്കൂസും പറങ്കിയും വീറോടെ പറയാൻ തുടങ്ങി.

“ആണായാലും പെണ്ണായാലും പീഢിപ്പിക്കുന്നത് ആണ് തന്നെയാണ്,” മറുവാദവുമായി നാഗു എന്ന നാഗവല്ലി.

അല്ല, അല്ല, എന്ന പോർവിളിയുമായി ആൺകൂട്ടം ഇരച്ചെത്തുമ്പോഴേക്കും ഞാൻ അടുത്ത ചോദ്യം പോസ്റ്റി.

ഈയടുത്തായി നിങ്ങളെ ഏറ്റവും ഡിസ്റ്റർബ് ചെയ്ത സംഭവം എന്താണ്?

‘കാത്തിരുന്ന ആ ക്ലിപ്പ് ഇതു വരെ കിട്ടാത്തത് വളരെ ഡിസ്റ്റർബിങ് ആണ്’ എന്നും പറഞ്ഞു ഷഡി വീണ്ടും വന്നപ്പോൾ ‘ഫാ പട്ടി’ എന്ന് ഞാൻ ഒരാട്ട് വച്ചു കൊടുത്തു.

“ഇങ്ങള് ചൂടാവാതെ ബാക്കി കഥ പറയീന്ന്,” അവൻ പറഞ്ഞു

“ഹയ്, ഈ കഥ വേറെ ആളുടെയല്ലേ, ഞാൻ എഴുതുന്നത് ശരിയല്ലാലോ, ചുമ്മാ നിങ്ങളോട് പറഞ്ഞൂന്നേ ഉള്ളൂ.”

“നശിപ്പിച്ച്! വെറുതെ ആളെ മക്കാറാക്കാ. സംഗതി ഞമ്മക്ക് പുടി കിട്ടീക്ക്ണ്, മോഹനനെ മോഹിനി ആക്കിയതല്ലേമ്മടെ ഡോക്ടർ”

“നീ ഹനുമാനല്ലടാ, സുലൈമാനാണ്.”

“ഹനുമാനെ തൊട്ടു കളിക്കണ്ട മോളേ, നിന്റെ വീടിരിക്കുന്ന സ്ഥലം ഹനുമാൻ കോവിൽ ആവും.”

“നീ ഈ വഴിക്കൊന്നും വരല്ലേ, നിന്നെ പിടിച്ച് പ്രതിഷ്ഠ ആക്കിക്കളയും”

“ഹോ! എന്തൊരു ചളി. ഞാൻ ഓഫീസിൽ പോട്ടെ, മണി എത്രയായിന്ന് അറിയോ?”

“അയ്യോ അത് പറഞ്ഞപ്പോഴാ, എനിക്കിന്ന് ആധാർ കാർഡ് ലിങ്ക് ചെയ്യാൻ പോണം”

‘ഇനി എന്താ ലിങ്ക് ചെയ്യാൻ ബാക്കിയുള്ളത്’ എന്നു ചോദിച്ചു വന്ന പിച്ചാണ്ടിക്ക് ഞാൻ രണ്ടു തെറി അയച്ചു കൊടുത്ത് നെറ്റ് ഓഫ് ചെയ്ത് പോവാൻ റെഡിയായി.

ബസ്സിൽ തിരക്കൊഴിഞ്ഞു തുടങ്ങിയിരുന്നു, കയറിയപ്പോൾ തന്നെ സീറ്റ് കിട്ടി. ഇറക്കത്തിൽ വേഗത കൂടുന്ന ബസ്സിനൊപ്പം മുടിയിഴകളെ പറത്തി വിട്ട് കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ബസ് സഡൻ ബ്രേക്കിട്ടത്. നെറ്റി മുൻപിലെ കമ്പിയിലിടിച്ച് വേദനിച്ചു, വായിൽ വന്ന തെറി പുറത്തെ ബഹളത്തിൽ ആരും കേട്ടു കാണില്ല. മുൻപേ പോയ ലോറിയും ഓവർ ടേക്ക് ചെയ്തു വന്ന കാറും കൂട്ടിയിടിച്ചതാണ്. ആരൊക്കെയോ കാഴ്ചകൾ കാണാൻ ഇറങ്ങിപ്പോയി. എനിക്ക് കാലുകൾ വിറയ്ക്കുന്നത് പോലെ തോന്നി. മൂന്നും അഞ്ചും വയസ്സുള്ള കുട്ടികൾ സ്പോട്ടിൽ തന്നെ തീർന്നെന്ന് ആരോ പറഞ്ഞത് കേട്ടതും വയറ്റിൽ നിന്നൊരു പുളിരസമുള്ള ദ്രാവകം ചങ്കിൽ വന്നു തടഞ്ഞു. ഈ യാത്ര ഞാനെങ്ങനെ മായ്ച്ചു കളയും പടച്ചോനേ എന്നാധി കൊള്ളുമ്പോഴേക്ക് ഏഴും തീർന്നെന്ന വാർത്ത വന്നു.

“ഓ നമ്മടാൾക്കാരല്ല”

അതൊരു സ്വകാര്യമായിരുന്നോ? ഞാൻ കേട്ടത് തന്നെയാണോ? തലയടിച്ചതു കൊണ്ട് എനിക്ക് തോന്നിയതാണോ? പുളിച്ചു വന്നത് വായിൽ കയ്ച്ചു നിറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook