scorecardresearch

മലയാളിയുടെ ആസ്വാദനശീലങ്ങളിൽ ഒരു ആസിഡ് പരീക്ഷണം

മലയാളിയുടെ ജീവിതവും ആസ്വാദനവുമെല്ലാം കുരുങ്ങിക്കിടക്കുന്ന ലോകത്ത് നടത്തുന്ന ഒരു അമ്ലപരീക്ഷണമാണ് സംഗീത ശ്രീനിവാസന്റെ ഈ നോവൽ

മലയാളിയുടെ ജീവിതവും ആസ്വാദനവുമെല്ലാം കുരുങ്ങിക്കിടക്കുന്ന ലോകത്ത് നടത്തുന്ന ഒരു അമ്ലപരീക്ഷണമാണ് സംഗീത ശ്രീനിവാസന്റെ ഈ നോവൽ

author-image
Rahul Radhakrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
acid, novel, sangeetha sreenivasan, rahul radhakrishnan

മലയാളത്തിലെ ലക്ഷണമൊത്ത കോസ്മോപോളിറ്റൻ നോവലായ ആസിഡ് പ്രമേയത്തിന്റെ പുതുമ കൊണ്ടും പരീക്ഷണസ്വഭാവം കൊണ്ടും ശ്രദ്ധയാകർഷിക്കുന്നു. മധ്യവർഗത്തിന്റെ നാഗരികജീവിതം, അണുകുടുംബത്തിന്റെ അശാന്തി, ദാമ്പത്യത്തിന്റെ അസ്വാരസ്യങ്ങൾ, ലൈംഗികത്വത്തിന്റെ വകഭേദങ്ങൾ, ലഹരിയുടെ തീവ്രത , മാനുഷികബന്ധങ്ങളുടെ പുതുതലമുറ നിർവചനങ്ങൾ, സർവോപരി രാത്രി അസ്തമിക്കാത്ത മഹാനഗരത്തിന്റെ വർണക്കാഴ്ചകൾ, താളങ്ങൾ, ഇടർച്ചകൾ .എന്നിവയുടെ പട്ടികയെ അരക്ഷിതരായ കഥാപാത്രങ്ങളുടെ വൈയക്തിക ധാരകളുമായി ചേർത്തു വെയ്ക്കുകയാണ് സംഗീത ശ്രീനിവാസൻ എന്ന നോവലിസ്റ്റ്.

Advertisment

സംഗീത ശ്രീനിവാസൻ ആസിഡിനെ പ്രതിഷ്ഠിച്ചിരിക്കുന്നതും ഇടം തേടുന്നവരുടെ" താത്കാലികയിടത്ത് തന്നെയാണ്. ഭാഷയിലും അവതരണത്തിലും ' മലയാളിത്തത്തിന്റെ' സാമ്പ്രാദായികവട്ടങ്ങൾ ഒഴിവാക്കിയ ആസിഡിൽ നാഗരിക ജനതയുടെ സ്വത്വപ്രതിസന്ധികളും അന്ത:സംഘർഷങ്ങളും വിശദീകരിച്ചു കൊണ്ട് ബാംഗ്ലൂർ പോലെയുള്ള തിരക്കു പിടിച്ച നഗരത്തിലെ പെൺ-പെൺ-ആൺ ബന്ധങ്ങളുടെ കരുത്തും വിഹ്വലതകളുമാണ് ഇഴ ചേർത്തിരിക്കുന്നത്.

acid, novel, sangeetha sreenivasan,

സാര്‍വ്വജനീനമായ അവസ്ഥ ഉരുത്തിരിയുന്നത് ബഹുസാംസ്കാരികതയുടെ അധിനിവേശത്തിന്റെ ഫലമായിട്ടാണ്. സങ്കുചിതമായ പല ഘടകങ്ങളേയും റദ്ദു ചെയ്തു കൊണ്ട് മാനസികവും മാനവികവുമായ അതിരുകളെ വികസിപ്പിക്കുന്ന ആശയമാണ് ഇത് മൂലം സംജാതമാവുന്നത്. കൂട്ടത്തിൽപ്പെടാതെ ഒറ്റ തിരിഞ്ഞു നിൽക്കുന്ന വസ്തുക്കളുടെ അഭംഗി പോലെ താളപ്പിഴകൾ മുഴച്ചു നിൽക്കുന്ന ജീവിതമായിരുന്നു നോവലിലെ കമലയുടേത്.ഭർത്താവായായിരുന്ന മാധവനെക്കാൾ ചില ഘട്ടങ്ങളിൽ മനസ്സ് കൊണ്ടും ശരീരം കൊണ്ടും കമലയ്ക്ക് കൂട്ടായിരുന്ന ഷാലിയാണ് ആദ്യമായി മൂന്നു തുള്ളി ആസിഡ് കമലയുടെ നാക്കിൽ മുട്ടിച്ചു കൊടുത്തത്. ആ കുറ്റബോധം അവളെ പിന്നീടുള്ള ജീവിതം മുഴുവനും വേട്ടയാടുകയും ചെയ്തു .

Advertisment

acid, sangeetha sreenivasan

ഇരട്ടക്കുട്ടികളായ ആദിയും ശിവയും ഷാലിയെ ആ കുടുംബത്തിലെ അംഗമായി കാണാൻ തുടങ്ങിയിരുന്നു. ഒരപകടത്തെ തുടർന്ന് ശരീരം തളർന്നു കിടപ്പിലായ ശിവ അക്കാരണം കൊണ്ടു തന്നെ പൊതുവെ നിരാശനായിരുന്നു. കമലയുടെ അമ്മാവന്റെ മകനായ , ആർത്തിയുടെയും പിടിവാശിയുടെയും മറ്റൊരു രൂപമായ മാധവനുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം കമലയും കുട്ടികളും ഷാലിയുമൊത്ത് ബാംഗ്ലൂർ വിട്ടു നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു.ഷാലിയോടുള്ള തീവ്രപ്രണയവും ലഹരിയുടെ ഉപയോഗത്തിന്റെ ഭാഗമായുള്ള ഇടവിട്ടുള്ള ഡിപ്രെഷനും കാരണം കമലയ്ക്ക് ജീവിതവിരക്തി തന്നെ ഉണ്ടായി. ബാംഗ്ലൂർ എന്ന സ്വാതന്ത്ര്യമുള്ള തുറസ്സിൽ നിന്നും നാട്ടിൻപുറത്തെ പ്രാചീനത മണക്കുന്ന തറവാട്ടു വീട്ടിലെ ജീവിതം ആദിയെയും ശിവയേയും ഒരു പോലെ മടുപ്പിക്കുകയും ചെയ്തു. തറവാട്ടിൽ നിന്നും നഗരത്തിലെ പുതിയ വീട്ടിലേക്ക് താമസം മാറിയാൽ കാര്യങ്ങളെല്ലാം ശരിയാവും എന്ന പ്രതീക്ഷ ഉണ്ടെങ്കിലും ശിവയുടെ രോഗാവസ്ഥയും ആദിയുടെ ഭാവിയും ഷാലിയുടെ മനോഭാവവവുമെല്ലാം കമലയെ വിഷാദക്കടലിൽ താഴ്ത്തുകയായിരുന്നു.

To live is the rarest thing in the world. Most people exist. That's all. എന്ന ആപ്തവാക്യം ആസിഡിലെ കഥാപാത്രങ്ങളുടെ സ്വത്വബോധവുമായി ചേർന്നു നിൽക്കുന്നു. ഷാലിക്ക് ഒരിക്കലും കമല ആഗ്രഹിക്കുന്ന വിധത്തിലുള്ള പങ്കാളി ആയിത്തീരാൻ കഴിയുമായിരുന്നില്ല. മനസ്സിനെ സ്വസ്ഥമാക്കാൻ വേണ്ടി നടത്തിയ ഒരു തീർഥയാത്രയ്ക്കിടയിൽ വെച്ചായിരുന്നു കമല, ഷാലിയെ പരിചയപ്പെട്ടത്. ആ ബന്ധത്തിന്റെ നിറം പതുക്കെ കടുത്തു തുടങ്ങി. വീട്ടിൽ കുട്ടികൾ ഉള്ളപ്പോൾ തന്നെ ഇണ ചേരാൻ മാത്രം അടുപ്പം അവർക്കുണ്ടായി.

മാധവനെയെന്നല്ല ഒരു പുരുഷനെയും ഇഷ്ടപ്പെടുവാൻ കഴിയില്ല എന്നുറക്കെ പറയാൻ ഭയപ്പെട്ടിരുന്ന കമല, കൂടെ പഠിച്ചിരുന്ന പെൺകുട്ടിയെ ഉമ്മ വെച്ചതിനു ശിക്ഷ കിട്ടിയ കമല; ഒടുവിൽ അവൾ ഭർത്താവിന്റെ സാന്നിധ്യത്തിൽ തന്നെ ഷാലിയുമായി രതിയിലേർപ്പെടുന്നു. എന്നാൽ ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ കുട്ടികൾ ഒറ്റപ്പെടുന്നത് ആരും അറിയുന്നില്ല. " മൂന്നു തുള്ളി ആസിഡിനെക്കാൾ കുരുക്കാണ് മനുഷ്യർ പരസ്പരം മുറുക്കുന്ന പിടിവള്ളികൾ. ആസിഡ് പോലെ തൊട്ടാൽ പൊള്ളുന്നത്. തീ പോലെ വിഴുങ്ങുന്നത്. Acid is cool if you are cool.” അല്ലെങ്കിൽ ആസിഡ് വിഷാദരോഗം മാത്രമേ സമ്മാനിക്കൂ. കമലയ്ക്കു സംഭവിച്ചതും ഇത് തന്നെയായിരുന്നു.

sangeetha sreenivasan, acid, malyalam novel സംഗീത ശ്രീനിവാസൻ

പാപം എന്ന മുഴക്കമുള്ള വാക്കിന്റെ പ്രാധാന്യം മനസിലാക്കിച്ചു ഷാലിയെ വളർത്താനായിരുന്നു അവളുടെ അമ്മ യത്നിച്ചത്. എന്നാൽ മിസോറത്തിലെ ബാല്യകാലത്തിനിടയിൽ കൂട്ടുകാരിയായ മിമിയുടെ ശിരസ്സ് ഒരു കൂട്ടം ചെറുപ്പക്കാർ മുണ്ഡനം ചെയ്യുന്നത് കണ്ടതോടെ ഷാലി മറ്റു ചില ബോധ്യങ്ങളിൽ എത്തുകയായിരുന്നു. "ഓർമപ്പെടുത്തലിന്റെ കറുത്ത മുടിയിഴകൾ ശരീരം പാപമല്ല എന്ന തിരിച്ചറിവിലാണ് ഷാലിയെ പായിച്ചത്". ഷാലി ഇല്ലാതായാൽ കമലയോളം ദുഃഖിക്കുന്ന ആരും ഭൂമിയിലുണ്ടാകില്ല. എന്നാൽ ആദിയ്ക്കും ശിവയ്ക്കും അതു മനസ്സിലാകാനും ബോധ്യപ്പെടാനുമുള്ള അറിവും വിവേകവും പ്രായവും ഉണ്ടായിരുന്നില്ല. ഇതൊക്കെ വെറും എലിക്കെണിയാണെന്നും നമ്മളൊക്കെ എലികളാണെന്നും ആദി പറയുന്നത് അവന്റെ നിരാശയെയാണ് പുറത്തു കൊണ്ട് വരുന്നത്. ഈ മടുപ്പിൽ നിന്നും കര കയറാനായി ആദി ഒരു യാത്ര ആരംഭിച്ചു. യാത്രകൾ തന്നെ കരുത്തനാക്കുമെന്നും കൂടുതൽ തെളിഞ്ഞ മനസ്സോടെ തിരിച്ചെത്താനുമായി യാത്ര തുടങ്ങിയ ആദി ഇതിലൂടെ പുരുഷനാവുന്നതിന്റെ ആദ്യ ലക്ഷണം കാണിച്ചു തുടങ്ങി എന്ന് സ്വയം വിശ്വസിച്ചു. ബാഗ്ലൂരിലെ സുഹൃത്തുക്കളെ കാണായി തുടങ്ങിയ ആ യാത്ര തീരെ പ്രതീക്ഷിക്കാത്ത മറ്റൊരിടത്താണ് അവസാനിച്ചത്. ബാംഗ്ലൂരിലെ തടാകതീരത്ത് വെച്ചു മഞ്ഞു പതയുന്ന കാഴ്ച കണ്ട അമ്പരക്കുന്ന ആദിയെ തന്‍മയത്വത്തോടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. കറുത്ത ധൂളികൾ മഞ്ഞുപാതയിൽ പറക്കുന്ന സർറിയൽ കാഴ്ചയെ മനോഹരമായി നോവലിൽ വിവരിക്കുന്നുണ്ട്. ആ യാത്രയിലൂടെ അവൻ ജീവിതത്തിന്റെ ചില യാഥാർഥ്യങ്ങൾ അടുത്തറിയുകയായിരുന്നു.

മനുഷ്യബന്ധങ്ങളുടെ കൊടുക്കൽവാങ്ങലുകൾ, ശരീരത്തിന്റെ വിനിമയങ്ങൾ, സൗഹൃദത്തിന്റെ പച്ചപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ സങ്കീർണവും പ്രശ്നഭരിതവും ആകുന്നതിന്റെ ദൃഷ്ടാന്തങ്ങൾ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. പുതിയ തലമുറയിൽ അന്തര്‍ലീനമായ അവസ്ഥകൾ ജീവിതമെന്ന കെട്ടുകാഴ്ചയെ ഒറ്റിക്കൊടുക്കുന്നതിന്റെ സന്ദർഭങ്ങൾ 'ആസിഡിൽ' പരാമർശിക്കുന്നു. ലൈംഗികതയുടെ ' വേറിട്ട' വഴികളുടെ അന്വേഷണവും ശരീരത്തിന്റെ ആസക്തിയും ആസിഡിന്റെ ലഹരിയും സ്വാതന്ത്ര്യത്തിന്റെ കിളിയൊച്ചകളും സമകാലികതയുടെ അടയാളങ്ങളാണെന്ന ഊന്നിപ്പറച്ചിലിനു സംഗീത ശ്രീനിവാസൻ ഈ നോവലിലൂടെ ശ്രമിച്ചിരിക്കുന്നു.

acid nevel malayalam,

പ്രമേയപരമായി പുതുമയുള്ള ആഖ്യാനത്തെ ആത്മവിശ്വാസമുള്ള വീക്ഷണത്തോടെ,കാലികശൈലിയിൽ എഴുതിയ നോവൽ മലയാള സാഹിത്യത്തിന്റെ നിലവിലുള്ള അതിരുകളെ ഭേദിച്ച് കൊണ്ട് പുതിയ വഴികൾ തുറന്നു തരാനാണ് ശ്രമിച്ചിരിക്കുന്നത്. സ്വതന്ത്രമായ ചിറകുകളോടെ അനന്ത വിഹായസ്സിൽ പറക്കാനും അനുഭവിച്ചിട്ടില്ലാത്ത വികാരമുഹുർത്തങ്ങളുടെ ലഹരി സിരകളിലേറ്റാനും അരാജകത്വത്തിന്റെ വഴിയിലൂടെ വേച്ചു വേച്ചു നടക്കാനും കൊതിക്കുന്ന ജീവിതത്തിൽ നിയന്ത്രണങ്ങൾ കടലാസുരേഖകളും അതിരുകൾ അതിക്രമിച്ച് കടക്കാനുമുള്ളതാകുന്നു . എന്നാൽ ചില വീഴ്ചകൾ വിഷാദപൂർണമായ , സ്വയം തീർക്കുന്ന തടവറയിലേക്ക് മനുഷ്യനെ എത്തിക്കുന്നതിന്റെ ചിത്രം കൂടിയാണ് ആസിഡ് അനുഭവിപ്പിക്കുന്നത്.

കൗമാരത്തിന്റെ വിഹ്വലതകളും അന്യഥാത്വവും വിങ്ങലുകളായി അവശേഷിപ്പിച്ച ജെ ഡി സാലിംഗർ "എന്റെ രതിനിയമങ്ങൾ ഞാൻ തന്നെയുണ്ടാക്കുന്നു. വൈകാതെ അത് തകർക്കുന്നതും ഞാൻ തന്നെ", എന്ന് പറഞ്ഞിട്ടുണ്ട്. വ്യക്തിയുടെ ലൈംഗികത അയാളുടെ രാഷ്ട്രീയമായി മാറുന്ന സമകാലികാവസ്ഥയിൽ രണ്ടു സ്ത്രീകളുടെയും രണ്ടു മക്കളുടെയും ജീവിത പരിസരങ്ങളുടെ വഴികളിലൂടെ സഞ്ചരിക്കുകയാണ് ആസിഡ് എന്ന നോവൽ.

Malayalam Writer Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: