ശക്തമായൊരു പാരമ്പര്യത്തിന്റെ ആർജ്ജവം ഉൾക്കൊണ്ട് കൂടുതൽ ചലനാത്മകമായിരിക്കുകയാണ് സമകാലീന മലയാള ചെറുകഥാ ലോകം. കാലാനുസൃതമായ നവീകരണം ചെറുകഥകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജനകീയ സാഹിത്യ രൂപമായ ചെറുകഥകൾ വായനക്കാരന് അഭിമതമാവുന്ന രീതിയിൽ തന്നെ സൂക്ഷ്മ സംവേദനം നടത്തുന്നു എന്നതാണ് പുതിയ കഥകളുടെ പ്രധാന സവിശേഷത. “അർത്ഥപൂർണമായി പലതും സംഭവിച്ചുകൊണ്ടിരിക്കുന്ന പല നാൽക്കവലകൾ” എന്ന പരികല്പനയാണ് സമകാല ചെറുകഥയുടെ വിശേഷണത്തിനായി എൻ.പ്രഭാകരൻ സ്വീകരിച്ചത്. പുതിയ കാലത്തെ സംബോധന ചെയ്യുന്ന വൈവിധ്യമാർന്ന പ്രമേയങ്ങളും നവമായ ആഖ്യാന തന്ത്രങ്ങളും സ്വീകരിച്ച് കൂടുതൽ ബലിഷ്ഠമായ രീതിയിൽ ചെറുകഥ കരുത്താർജ്ജിക്കുകയാണിന്ന്. ആഗോളീകരണം മനുഷ്യന് മുന്നിൽ കാഴ്ചവച്ച പുതിയ ലോകവീക്ഷണവും ജീവിത ബോധവും സാമൂഹികജീവിതത്തിൽ സൃഷ്ടിച്ച ആഘാതങ്ങളെയും ഉത്കണ്ഠകളെയും സൂക്ഷ്മഗ്രാഹികളായ (microscopic) കാഴ്ചകളായി ആവിഷ്കരി ക്കാനാണ് പുതിയ കഥകൾ ശ്രമിക്കുന്നത്. സൂക്ഷ്മമായ രാഷ്ട്രീയ സംവേദനം സാധ്യമാക്കുന്ന കഥകളാണ് ഇന്ന് സജീവമായികൊണ്ടിരിക്കുന്നത്

സർഗാത്മക രചനകളുടെ വിസ്തൃതമണ്ഡലത്തിൽ പുതിയ എഴുത്തുകാരുടെ ധാരാളിത്തം ഏത് സാഹിത്യ വിഭാഗത്തിലും ഉണ്ട്. ചെറുകഥയുടെ ഇടവും അക്കാര്യത്തിൽ ഭിന്നമല്ല. ഒറ്റയൊറ്റ കഥകളുമായും കഥാകൂട്ടമായും സാഹിത്യത്തിൽ സ്വന്തം ഇടം ഉറപ്പിച്ച പുതുകഥാകൃത്തുക്കളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. എസ്.ഹരീഷ്, പി.വി.ഷാജികുമാർ, വി.എം.ദേവദാസ്, ധന്യാ രാജ്, ഷീബാ ഇക്കെ, ഷാഹിന ഇ.കെ, വി.എച്ച്.നിഷാദ്, വി.ദിലീപ്, എന്നീ യുവ കഥാകൃത്തുകളുടെ സമകാലത്തിൽ മറ്റൊരു പുതുനിര കഥകളിൽ ഗൗരവമായി കൊണ്ടിരിക്കുന്നു. വിനോയ് തോമസ്, കെ.വി. പ്രവീൺ, ലാസർ ഷൈൻ, ഫ്രാൻസിസ് നൊറോണ, അജിജേഷ് പച്ചാട്ട്, വിവേക് ചന്ദ്രൻ, അമൽ, സുനിൽ ഗോപാലകൃഷ്ണൻ, അബിൻ ജോസഫ്, കെഎൻ.പ്രശാന്ത്, സുദീപ് ടി.ജോർജ്, സോണിയ റഫീക്, യമ തുടങ്ങിയവരുടെ ഒരു ശ്രേണി കഥാലോകത്ത് സജീവത സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

mlayalam ,story , writers. vinoy thomas, francis noronha, abin joseph,yama

ഒരോ കഥാകൃത്തുക്കളുടെയും കഥകളുടെയും താരതമ്യമോ ഒന്ന് മറ്റൊന്നിൽ നിന്ന് മെച്ചമോ എന്ന തരത്തിലുള്ള വായനയും വീക്ഷണവും അപ്രസക്തമാണിന്ന്. കാരണം ഓരോ കഥകളും കഥാകൃത്തുക്കളും “എന്നുടെ യൊച്ച കേട്ടുവോ വേറിട്ടെന്ന്,’ അവരവരുടെ ശബ്ദം വ്യതിരിക്തമാക്കാൻ ശ്രമിക്കുന്നുണ്ട്. കാലത്തോടുള്ള പലതരം പ്രതികരണങ്ങളായി സമകാല സാമൂഹ്യ രാഷ്ട്രീയാവസ്ഥകളെ വിശാലമായ ക്യാൻവാസിൽ ആവിഷ്‌കരിക്കുന്ന കഥകളാണ് വിനോയ് തോമസിന്റേത്. ചരിത്രവും വർത്തമാനവും മനുഷ്യ ബന്ധങ്ങളിൽ അധികാരത്തിൽ എങ്ങനെ ഇടപെടുന്നു എന്ന് സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്നുണ്ട് “രാമച്ചി’യിലെ കഥകൾ. മാനവികതയുടെ ഭിന്ന രാഷ്ട്രീയങ്ങളെ ആർജവത്തോടെ അവതരിപ്പിക്കുന്നുണ്ട് കഥകൾ. മൈക്രോ സ്കോപ്പിക് കാഴ്ചകളെ മനുഷ്യനും ഇതര ജൈവ ലോകവും ചേരുന്ന ഇടത്തിൽ കണ്ടെത്താനുള്ള ശ്രമവും ആ കഥകളിൽ ഉണ്ട്.

കെ.വി.പ്രവീണിന്രെ കഥകൾ സംബോധന ചെയ്യുന്നത് മാനവവാദത്തിന്റെ അനന്തര കാലത്തെയാണ്. techno- human സങ്കല്പനങ്ങളുടെ ഇടങ്ങളിലാണ് ആ കഥകൾ ചരിക്കുന്നത്. ‘ഓർമ്മച്ചിപ്പി ‘ലെ കഥകൾ ആഗോളീകരണ കാലത്തെ ശാസ്ത്ര സാങ്കേതിക വിസ്ഫോടനം മനുഷ്യ നൈതികതയെ കൊണ്ടെത്തിക്കുന്ന സംഘർഷാത്മക തലത്തെയാണ് ആഖ്യാനം ചെയ്യുന്നത്. ഡിജിറ്റൽ സാങ്കേതികത, സൈബർ സംസ്കാരം ഭൗതിക ലോകത്തോടൊപ്പം സൃഷ്ടിക്കുന്ന പ്രതീതി യാഥാർത്ഥ്യം മനുഷ്യ ജീവിതത്തെ – ബന്ധങ്ങളെ- സങ്കീർണ്ണമാക്കുന്നതിന്റെ ഉത്കണ്ഠകളും ആകുലതകളും ആ കഥകൾ ആവിഷ്കരിക്കുന്നുണ്ട്. വർത്തമാനത്തിലെയും സമീപസ്ഥമായ ഭാവികാലത്തിലെയും മനുഷ്യ നൈതികതയുടെ പ്രശ്ന ങ്ങളെ _ മാനവവാദാനന്തര ലോകത്തിന്റെ സ്വത്വ സംഘർഷങ്ങളെ സാങ്കേതിക, ശാസ്ത്ര ലോകത്തിന്റെ ഇടങ്ങളിൽ രൂപപ്പെടുത്തുകയാണ് പ്രവീണിന്രെ കഥകൾ.

ആഖ്യാനത്തിലും പ്രമേയത്തിലും നവമായ ഒരാക്ടിവിസം ലാസർ ഷൈൻ കഥകളിൽ കൊണ്ടുവന്നിട്ടുണ്ട്. “കൂ” എന്ന സമാഹാരത്തിലെ കഥകൾ അരുതുകളെ അല്ലെങ്കിൽ നിഷേധത്തിന്റെ ലോകത്തെ പുതിയ തന്ത്രങ്ങളിൽ ആവിഷ്ക്കരിക്കുന്നുണ്ട്. ലിംഗബോധത്തിലെ ഭിന്ന ലിംഗ ബന്ധങ്ങൾ, സ്വവർഗസ്നേഹങ്ങൾ, ലൈംഗികത, രതി ഇവയെല്ലാം അകം /പുറം കാഴ്ചകളായി ആ കഥകളിൽ കടന്നു വരുന്നുണ്ട്. സാധാരണമല്ലാത്ത സംഭവ്യങ്ങളെയാണ് സാർവയലൻസ് കൂ , രസ രാത്രി തുടങ്ങിയ കഥകൾ ആഖ്യാനം ചെയ്യുന്നത്. ഏറ്റവും ഒടുവിൽ എഴുതിയ ഡ്രൈവിങ് സ്കൂളും ആഖ്യാനത്തിലെ പരീക്ഷണമാണ്.

mlayalam ,story , writers. vinoy thomas, francis noronha, abin joseph,yama

സ്ത്രീ, പരിസ്ഥിതി ആഗോളീകരണ പ്രതിസന്ധികൾ, എന്നിവ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുകഥകൾ സംവേദനം ചെയ്ത പ്രധാന വിഷയങ്ങളാണ്. ഇത്തരം വിഷയങ്ങളെ പുതു കഥാകൃത്തുക്കൾ സമീപിക്കുന്നതിലെ നൂതനത്വവും അവയെ ആഖ്യാനം ചെയ്യുന്ന രീതികളിൽ കാണിക്കുന്ന ശൈലിയുമാണ് കഥകളെ വ്യതിരിക്തമാക്കുന്നത്.

അരിക് ജീവിതങ്ങളെ, സ്ത്രീ ജീവിതങ്ങളെ ആഖ്യാനം ചെയ്യുന്ന ഫ്രാൻസിസ് നൊറൊണയുടെ കഥകൾ ശ്രദ്ധേയമാകുന്നത് ആ രീതിയിലാണ്. ‘തൊട്ടപ്പനി’ ലെ മോഷ്ടാവായ പെണ്ണും ‘കടവരാലി’ ലെ സെയിൽസ്സ് ഗേളും, ‘എലേടെ സുഷിര’ങ്ങളിലെ വനിതാ പൊലീസും സ്ത്രീ കാഴ്ചകളുടെ വാർപ്പ് മാതൃകകളിൽ നിന്നും വിഭിന്നമായി നിൽക്കുന്നവയാണ്. സാധാരണവും അസാധാരണവുമായ സ്ത്രീയിടങ്ങളെ വൈയക്തികമായ ഭാഷാഭേദത്തിൽ ആഖ്യാനം ചെയ്യുന്നു ഈ കഥകൾ. സാമുദായികവും പ്രാദേശികവുമായ ഭാഷാഖ്യാനം. വർത്തമാന സാമൂഹ്യ രാഷ്ട്രീയത്തിലെ അരിക് കാഴ്ചകളെ സ്വതസിദ്ധമായ ആഖ്യാന ശൈലിയിൽ ആവിഷ്കരിക്കുന്നു ‘പെണ്ണാച്ചി’യും മറ്റ് കഥകളും.

കാഴ്ചയുടെയും കേൾവിയുടെയും ‘വന്യത’യാണ് വിവേക് ചന്ദ്രന്റെ കഥകളുടെ ലോകത്തെ വഴിമാറ്റിനടത്തുന്നത്. കൺകെട്ടുകാരന്റെ മായാജാലങ്ങളിലൂടെ മാന്ത്രികത സൃഷ്ടിക്കുന്ന കാഴ്ചകൾ ജീവിതാസക്തിയുടെയും അതിജീവനത്തിന്റേതുമാണ്. ഓരോ പ്രഭാതത്തിന്റെ കാഴ്ചകളും രൂപപ്പെടുത്തുന്ന യന്ത്ര ഊഞ്ഞാലിന്റെ കറക്ക കാഴ്ചകളിൽ ആരംഭിക്കുന്ന കാഴ്ചകളുടെ വന്യത ‘വന്യം’ത്തിലും ‘സമരൻ ഗണപതി ‘യിലും ‘ഭൂമി ‘യിലും കൂടുതൽ തീവ്രമാവുന്നു. വന്യമായ ശക്തിയും വികാരവുമുള്ള മനുഷ്യരുടെ വന്യമായ ജീവിതകാമന, തമോവാസനകൾ കാഴ്ചകളായും കേൾവികളായും ആഖ്യാനം ചെയ്യപ്പെടുകയാണ്. അദമ്യമായ ജന്തുവാസനയെ ചോരയുടെ മണമായി എല്ലാ കഥകളിലും ആഖ്യാനം ചെയ്യുന്നുണ്ട്. ഗർഭപാത്രത്തിലെ ബീജരൂപത്തിൽ നിന്നാരംഭിച്ച് ചാപിള്ളയായി തിരിച്ച് ഗർഭപാത്രത്തിലേക്ക് ചുരുങ്ങുന്ന ‘സമരൻ ഗണപതി’ ഉടലുയിർച്ചയിൽ തന്നെ തന്നെ തിരയുന്നവനാണ്. തന്നെ തന്നെ സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന ജന്തു ചോദന കഥയുടെ അന്തരാളത്തിൽ കഥാകൃത്ത് ഇണക്കി നിർത്തുന്നുണ്ട്. സ്വന്തം ഉയിരിന്റെ ചോദനകളെയും അദമ്യമായ വന്യതകളെയും പുതിയ കാലത്തെ കാഴ്ചകളുടെ കേന്ദ്രമാക്കി അവതരിപ്പിക്കുകയാണ് വിവേകിന്റെ കഥകൾ.

ഒരേ സമയം അനേകം വിഷയങ്ങളെ ആഖ്യാനത്തിൽ കോർത്തു നിർത്തുന്നതാണ് അജിജേഷ് പച്ചാട്ടിന്റെ കഥകൾ. പൊളിറ്റിക്കൽ സറ്റയർ ഏറെ കടന്നു വരുന്നുണ്ട് ആ കഥകളിൽ. ജാതി, ലിംഗം, വർഗം രാഷ്ട്രീയം എന്നിവയെ പുതിയ വ്യവഹാരങ്ങളിലൂടെ ആഖ്യാനം ചെയ്യുന്ന കഥകളാണ് ‘ദൈവക്കളി’ എന്ന കഥാ സമാഹാരത്തിലുള്ളത്. ദൈവം ദൈവക്കളിയായി മാറുന്ന ആൾ ദൈവങ്ങളുടെ, ഡിങ്കൻ ദൈവത്തിന്റെ വർത്തമാന രാഷ്ട്രീയത്തെ, പ്രത്യയ ശാസ്ത്രത്തെ, ഹാസ്യത്തിന്റെ മേമ്പൊടിയിൽ ഉൾക്കാഴ്ചയോടെ ആഖ്യാനം ചെയ്യുന്നുണ്ട് ആ കഥ. കൂവൽ കിണറുകൾ, കാസ്ട്രോൽസവ ശേഷം, മ എന്ന കാർണിവലിലെ നായകനും നായികയും തുടങ്ങിയ കഥകൾ ആഖ്യാനം ചെയ്യുന്ന വൈവിധ്യമുള്ള പ്രമേയങ്ങളാണ്. സമയത്തെയും കാലത്തെയും ചലിപ്പിച്ചു കൊണ്ട് ജീവിത കാലത്തിൽ സൃഷ്ടിക്കുന്ന വ്യതിരിക്തത ആഖ്യാതാവിന്റെ ജീവിതവീക്ഷണത്തിന്റെ മുദ്രകളായി തീരുന്നുണ്ട്.

mlayalam ,story , writers. vinoy thomas, francis noronha, abin joseph,yama

രാഷ്ട്രീയ പ്രതിജ്ഞാബദ്ധത ഏത് കാലത്തും ചെറുകഥയുടെയും അന്തർ ധാരയാവാറുണ്ട്. പുതുകാലത്തെ പ്രാദേശികതയുടെയും രാഷ്ട്രീയ ബോധത്തിന്രെയും ആഖ്യാനങ്ങളാകുന്നുണ്ട് അബിൻ ജോസഫിന്രെയും കെ.എൻ.പ്രശാന്തിന്രെയും കഥകൾ. ‘കല്യാശേരി തീസീസ്’ എന്ന സമാഹാരത്തിലെ കഥകളും പ്രശാന്തിന്റെ ‘ഗാളിമുഖ’യും ‘ആരാനും’ “തൊണ്ടച്ചനും’ പ്രാദേശിക ജീവിതത്തിന്റെയും ഭാഷയുടെയും ചൈതന്യത്തെ ഒപ്പിയെടുക്കുന്നു. സാധാരണ ജീവിതത്തിന്റെ അസാധാരണത്വത്തെ, സമകാല സാമൂഹ്യാവസ്ഥയെ, ജാതി മത രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്ക് അകത്ത് നിന്നുകൊണ്ട് ആഖ്യാനം ചെയ്യുന്നു ആ കഥകൾ. അബിൻ ജോസഫിന്റെ ‘അരിവാൾ ചുറ്റിക നക്ഷത്രം’ എന്ന കഥ സ്ത്രീ വീക്ഷണത്തെ പുതിയ തലത്തിൽ പ്രതിഷ്ഠിക്കുന്നുണ്ട്.

സുദീപ് ടി.ജോർജ്ജിന്റെ ബോൺസായ്, ആനിമൽ പ്ലാനറ്റ്, ടൈഗർ ഓപ്പറ തുടങ്ങിയ കഥകളും പുതുകഥകളുടെ ഭാവുകത്വ രാഷ്ട്രീയത്തിൽ കണ്ണി ചേരുന്നുണ്ട്. ഭൗതിക ലോകത്തിന്റെയും സാമൂഹിക ജീവിതത്തിന്രെയും പുതിയ ഇടങ്ങളെ ആ കഥകൾ മുന്നിൽ നിർത്തുന്നുണ്ട്. നവ മാധ്യമ സാങ്കേതികതയും മനുഷ്യന്റെ ഇരുണ്ട വാസനയും ഫ്രെയിമുകളായി ആഖ്യാനം ചെയ്യപ്പെടുന്ന ആനിമൽ പ്ലാനറ്റിലും ചരിത്രവും വർത്തമാനവും ഇടകലർന് വരുന്ന ടൈഗർ ഓപ്പറയിലും പുതിയ കാലത്തിന്രെ ആഖ്യാനവിശേഷങ്ങൾ രൂപപ്പെടുന്നുണ്ട്.

mlayalam ,story , writers. vinoy thomas, francis noronha, abin joseph,yama

പെൺകഥകളിലെ എടുത്തു പറയേണ്ടുന്ന പുതു സാന്നിദ്ധ്യം യമ യുടേതാണ്. ലിംഗ വർഗ ബോധത്തെ പെൺബോധത്തിന്റെ – ആധിപത്യത്തിൽ നിന്നു കൊണ്ട് ആഖ്യാനം ചെയ്യുന്നുണ്ട് യമയുടെ കഥകൾ. പെൺ ഉടലിനെയും കർത്തൃത്വത്തെയും സമകാലത്തിന്റെ ലിംഗ രാഷ്ട്രീയത്തെയും പൊതുമണ്ഡലത്തിൽ സ്ത്രീ എങ്ങനെ പ്രതിരോധിക്കുന്നു എന്നതാണ് ആ കഥകൾ. ‘സിനിമാ തീയറ്റർ ‘ പോസ്റ്റ്മാന്രെ മകൾ’, ‘തുരുത്തുകൾ ഉണ്ടാകുന്നത്…’ ‘ചുടലത്തെങ്ങ്” തുടങ്ങിയ കഥകൾ ഉദാഹരണമാണ്. ഭാഷയുടെയും ആഖ്യാനത്തിന്റെയും തലത്തിൽ വ്യതിരിക്തമായ പെൺശബ്ദമാവാൻ യമയുടെ കഥകൾക്ക് കഴിയുന്നുണ്ട്. വിശാലമായ പെൺലോകബോധത്തിന്റെ കാഴ്ചകളുടെ മണ്ഡലമാണ് ആ കഥകളുടെ ക്യാൻവാസ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ട് ദശാബ്ദങ്ങളിലായി മലയാള ചെറുകഥ ഇത്തരത്തിൽ അനേക വൈവിധ്യങ്ങളുടെ അർത്ഥപൂർണമായ ശബ്ദങ്ങളും പ്രതികരണങ്ങളുമായി വായനാ സമൂഹത്തോട് സംവദിച്ചുകൊണ്ടിരിക്കുന്നു. ദേശം, പ്രദേശം, ജാതി, മതം, വർഗം, ലിംഗം, രാഷ്ട്രീയം, ചരിത്രം, പരിസ്ഥിതി തുടങ്ങിയവ ആഗോളീകരണ കാലത്തെ കാഴ്ചകളും കേൾവികളുമായി പരിണമിക്കുമ്പോൾ മനുഷ്യ സമൂഹത്തിന്റെ പ്രതികരണങ്ങൾ നവ മാധ്യമ സംസ്കാരത്തിന്റെയും ഭൗതികലോകത്തിന്റെയും ഇടങ്ങളിൽ നിന്ന് ആഖ്യാനം ചെയ്യുകയാണ് പുതുകഥാലോകം. വായനക്കാരനും എഴുത്തുകാരനുമിടയിൽ ദാർശനികതയുടെയോ ജീവിതസമസ്യകളുടെയോ ആവരണമില്ലാതെ സുതാര്യമായ എഴുത്തുകളായി വായനക്കാരെ കഥയോട് ചേർത്ത് നിർത്തുന്ന അനുഭവം പുതുകഥകൾ നൽകുന്നുണ്ട്. വായനക്കാർക്ക് അഭിമതമായ സാഹിത്യ രൂപമായി ചെറുകഥ മാറുന്നതും അതുകൊണ്ട് തന്നെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook