scorecardresearch

പ്രതീക്ഷയുടേതാണ് ഈ കഥാകാലം, വായനക്കാരൻ എഴുതുന്നു

ഈ വർഷത്തെ ആദ്യ ആറ് മാസത്തെ മലയാളത്തിലെ കഥകളെ കുറിച്ച് വായനക്കാരനെഴുതുന്നു. ആറ് മാസം പിന്നിട്ടപ്പോൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നൂറിലേറെ കഥകളിലൂടെ കടന്നുപോയ ലേഖകൻ അതിൽ നിന്നും തിരഞ്ഞെടുത്ത 19 മനോഹര കഥകളെ കുറിച്ച്

പ്രതീക്ഷയുടേതാണ് ഈ കഥാകാലം, വായനക്കാരൻ എഴുതുന്നു

മലയാളത്തിൽ കഥപെയ്യുന്നതിന്റെ കാലം കൂടിയാണിപ്പോൾ. ഇടക്കാലത്തെ വരൾച്ചയ്ക്കു ശേഷം മലയാളത്തിലെ കഥാ സാഹിത്യം വീണ്ടും പുതുമുകളോടെ തഴച്ചു വളരുകയാണ്. എഴുത്തിടത്ത് സ്വന്തം സ്ഥലം സ്വന്തമാക്കിയവരും പുതിയ എഴുത്തുകാരും തങ്ങളുടെ എഴുത്തുകളിലൂടെ മലയാളത്തിലെ കഥാ സാഹിത്യത്തെ ഉയർത്തിയ ആറ് മാസങ്ങളാണ് കടന്നുപോയത്.

ഈ വർഷത്തെ ആദ്യ ആറു മാസം വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്ന നൂറിലേറെ കഥകളിൽ നിന്നും തിരഞ്ഞെടുത്ത പത്തൊമ്പത് കഥകൾ. അയ്മനം ജോൺ, പി എഫ് മാത്യൂസ്, ഇ.സന്തോഷ് കുമാർ, എസ് ഹരീഷ്, ആർ. ഉണ്ണി, പ്രമോദ് രാമൻ തുടങ്ങി. ഒരു കഥ മാത്രം പ്രസിദ്ധീകരിച്ച സുദീപ് ടി ജോർജ് വരെ നീളുന്നു ഈ കഥയെഴുത്തുകാരുടെ പട്ടിക. ഈ വർഷത്തെ ആദ്യ ആറ് മാസം നൽകുന്നത് കഥയുടെ പ്രതീക്ഷയാണ്.

മഹർഷിമേട് മാഹാത്മ്യം — അയ്മനം ജോൺ

നാടിന്റെ മുഖഛായ അപ്പാടെ മാറ്റി മറിച്ച് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് നടത്തുന്ന മുന്നേറ്റങ്ങൾ കാരണം പരിസ്ഥിതിക്കേറ്റ ആഘാതം കനത്തതായി. . അതിന്റെ ആത്മരോഷം കഥയായി രൂപാന്തരം പ്രാപിക്കുന്നത് ദേശചരിതവും സമകാലിക യാഥാർഥ്യങ്ങളും ചേർന്നാണ് .നാടിന്റെ വികസനം ആവാസവ്യവസ്ഥയെ തകർത്തു കൊണ്ടാവരുത് എന്ന സന്ദേശം അടിയൊഴുക്കായി കാണാം.

ആഗോളീകരണവും ഉദാരവൽക്കരണവും നടപ്പായ ശേഷം ഉപഭോഗാസക്തിയുടെ വിളനിലമായി മാറിയ നാടിനെ അടയാളപ്പെടുത്തുന്ന വയാണ് ഇതെല്ലാം.സദ്ഗുണങ്ങൾ കൊണ്ട് ജീവിതത്തിന്റെ പാരുഷ്യത്തെ നേരിടാനാകില്ലെന്ന വസ്തുത വെളിപ്പെടുന്നുണ്ട്.
അയ്മനം ജോൺ പ്രകൃതിയുടെ ഉപാസകനായ കഥാകാരനാണ് എന്നത് ഒരിക്കൽക്കൂടി ഈ കഥ ഉറപ്പിക്കുന്നു

 93 ലെ രാത്രി — പി എഫ് മാത്യൂസ്

കഥയ്ക്കുള്ളിൽ കഥയായി പല അടരുകളുള്ള ഒരു രചനയാണിത് .
ഒരെഴുത്തുകാരൻ ,അയാളെ വല്ലാതെ മഥിച്ച ഒരോർമ്മ , സിനിമാസംവിധായകനായ യുവാവിന് കൈമാറുന്നു . പടം പൂർത്തിയായപ്പോൾ ആദ്യത്തെയാൾ ഉദ്ദേശിച്ചതല്ല സിനിമയിൽ പകർത്തിയത് . ആ ഖിന്നത കഥയായി പരിണമിക്കയാണ് .
സാമൂഹ്യ പ്രതിബദ്ധതയും ഗുണപാഠങ്ങളും സന്ദേശങ്ങളും ഒളിപ്പിച്ചു വെക്കുന്ന , കാരുണ്യം നിറഞ്ഞ കഥകളെഴുതിക്കിട്ടുന്ന ബഹുമതിക്കും പ്രതിഫലത്തിനും എഴുത്തുകാരനായ നിങ്ങൾക്കെന്ത് അർഹതയാണുള്ളത് എന്ന ചോദ്യം കഥയുടെ കാതലാണെന്നു കാണാം.

e santhoshkumar, r unni, s hareesh,
വാവ –ഇ സന്തോഷ് കുമാർ

കേവലമൊരു തെറ്റിധാരണയിലൂന്നി ഒരപ്പനും മകനും തമ്മിലുണ്ടായ ഇടർച്ച ദുരന്തത്തിൽ അവസാനിക്കുന്നതിന്റെ ആഖ്യാനമാണ് വാവ. തനിക്കു പട്ടാളത്തിൽ ചേരാൻതക്കവണ്ണം ഉയരം വെപ്പിക്കാൻ വൈദ്യനായ അപ്പന്കഴിവുണ്ടായിട്ടും തുനിഞ്ഞില്ല എന്ന വൈരാഗ്യത്തോടെ പ്രാകൃതനായി , വാവ സമൂഹത്തിൽ നിന്നും അകന്നു കഴിയുന്നു.
എന്നാൽ തന്റെ പിതാവിനോട്കാട്ടിയ സഹാനുഭൂതിയില്ലായ്മ കഥാന്ത്യത്തിൽ അയാളെ വല്ലാതെ വലയ്ക്കുന്നുണ്ട് എന്നൂഹിയ്ക്കാം. കാരണം അതേ അവസ്ഥയിലാണല്ലോ കാലം അയാളെ കൊണ്ടുചെന്നെത്തിക്കുന്നത്.വിശാലമായ പറമ്പിലെ പഴക്കംചെന്ന ഇരുനിലമാളികവീടും ഭീകരാന്തരീക്ഷവും കഥയുടെ പ്രമേയവുമായി ചേർന്നുപോകുന്നു കഥാന്ത്യത്തിലതിനു പ്രസക്തിയേറുന്നുമുണ്ട് .

സിനിമാ പറുദീസ — ഇ സന്തോഷ് കുമാർ

അതിരുകളില്ലാത്ത സിനിമാക്കമ്പവും അതിലൂടെ എത്താവുന്ന പറുദീസാമോഹവും എങ്ങനെ ഒരാളിൽ ഒടുങ്ങാത്ത ആസക്തിയാകുന്നു എ ന്നതും അത് ജീവിതത്തെ ഒട്ടാകെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നു എന്നതുമാണ് ഇ സന്തോഷ്കുമാറിന്റെ ‘സിനിമാപറുദീസ” യിൽ വിഷയമാക്കുന്നത്.

ജീവസന്ധാരണത്തിനായി പലമേഖലയിലും വർത്തിക്കുന്നവർ നമുക്ക്ചുറ്റുമുണ്ട് .തീക്ഷ്ണമായ ചില മോഹങ്ങൾ ഉള്ളിലെ കനലായി സൂക്ഷിച്ചുവെക്കുകയും തികച്ചും അന്യമായ മറ്റേതൊക്കെയോ സരണികളിൽ വയറ്റുപിഴപ്പിനു വഴികണ്ടെത്തുകയും ചെയ്യുന്ന ഒരാളാണ് കഥയിലെ നായകനായ ‘ആൻജി. വായനയെ ത്വരിതപ്പെടുത്തുന്ന പല ഘടകങ്ങൾ കൂട്ടിയിണക്കുന്ന ഒരു സിദ്ധി സന്തോഷ്കുമാറിന്റെ എഴുത്തിനുണ്ട്. അത് ഈ കഥയിലും കാണാം

 കമ്മ്യൂണിസ്റ്റ് പച്ച — ഉണ്ണി ആർ

വാക്കിനും നോട്ടത്തിനും അർത്ഥം കൽപ്പിക്കുകയും വെളിച്ചത്തിനു ജീവൻ നൽകുകയും ചെയ്യുന്ന വിധമാണ് ഉണ്ണി ആറിന്റെ കഥയുടെ ശൈലി .സാത്താന്റെ ചുറ്റിയടിയെക്കുറിച്ച് ബൈബിളിലെ ‘ ജോബിന്റെ പുസ്തക’ത്തിൽ പരാമർശമുണ്ടല്ലോ. ദുഷ്ടകഥാപാത്രമായ സാത്താന് മനുഷ്യപരിവേഷം നൽകുമ്പോൾ കഥാകൃത്ത് മറ്റൊരു മുഖം നൽകുന്നു.

ബഹുമാന്യനും ആരാധ്യനുമായ ഒരാളുടെ തലത്തിലേക്കുയർത്തുന്നു പ്രായമേറെ ആയെങ്കിലും തനിയെ വൈകീട്ട് നടക്കാനിറങ്ങുന്ന സാത്താനും വഴി കാട്ടിയാകാൻ ഇരുട്ടത്ത് മാത്രം ‘കാഴ്ച’യുള്ള മൂങ്ങയും തമ്മിലുള്ള വിനിമയം രസം പകരുന്നു .മനുഷ്യന്റെ മനസ്സും ചലനങ്ങളുമായി ഐക്യപ്പെട്ട സാത്താന്റെ നീക്കങ്ങളെല്ലാം തുറസ്സിലാണ് .ഒളിവിലല്ല. മനുഷ്യന്റെത് പാത്തും പതുങ്ങിയുമാണ് .

അചേതന വസ്തുക്കൾക്ക് ആത്മാവുണ്ടെന്നു തോന്നവണ്ണം അവ പ്രതികരിക്കുന്നതിൽ കൗതുകമുണ്ട് . പാരായണക്ഷമമായ കഥ കൃതഹസ്തനായ ഉണ്ണി ആറിന്റെ അനുപമമായ ആഖ്യാന ചാതുരിക്കുള്ള സാക്ഷിപത്രമാണ്

റെസിപ്പി — പ്രമോദ് രാമൻ

ക്രാഫ്റ്റിന്റെ മിടുക്കു കൊണ്ട് വായനക്കാരുടെ ഉള്ളുലയ്ക്കാൻ പ്രമോദ് രാമന്റെ ഈ കഥയ്ക്കാവുന്നുണ്ട്. .പുരുഷാധിപത്യത്തിന്റെ തേർവാഴ്ചയിൽ ഉള്ളം പൊള്ളിക്കുന്നതും നീറ്റൽ സദാ നിലനിൽക്കുന്നതുമായ അന്തരീക്ഷത്തിൽ കഴിയുന്ന ഒരു വീട്ടമ്മയുടെ മനസ്സാണ് കഥയുടെ കാൻവാസ് ; അതിൽ കോറിയിടുന്ന ചിത്രങ്ങൾ അനുവാചകരുടെ ഉള്ളിൽ തീ കോരിയിടും .സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മനോവിഭ്രാന്തിയുടെ കയങ്ങളിൽ മുങ്ങിത്താഴുന്ന സാവിത്രിയെന്ന നായിക യുടെ വ്യവഹാരങ്ങളിലൂടെയാണ് പ്രമോദ് ഈ കഥ പറയുന്നത്.

 താത്തിത്തകോം തെയ് തെയ് തോം — എസ്. ഹരീഷ്

കഥ പറച്ചിലുകാരെ ആരാണ് ഇഷ്ടപ്പടാത്തത് ? അതേറ്റവും ഭംഗിയായി തനിക്കു കഴിയുമെന്ന് വെളിപ്പെടുത്തുന്നു ,എസ് ഹരീഷ് .
രാജ്യം അന്യാധീനപ്പെട്ട് ക്ഷയിച്ചു പോയെങ്കിലും പൂഞ്ഞാർ രാജാവിൽ നിന്നും കിട്ടിയ ബഹുമതിക്ക് മൂല്യമുണ്ട് .ശങ്കരൻ കൃഷ്ണനെന്ന മുത്തച്ഛന്റെ അപദാനങ്ങൾ വാഴ്ത്തുന്ന കഥ ,തുള്ളലിൽ തുടങ്ങി ഏതാനും പിള്ളേരെ വേലകളി പഠിപ്പിക്കുന്നതിനിടെ പള്ളിപ്പറമ്പിൽ പോയി മിനുങ്ങാനും കപ്പയും ഇറച്ചിയും കഴിക്കാനും മുത്തച്ഛൻ അവസരം കണ്ടെത്തുന്നതിലൂടെ ജാതി മത ഭേദങ്ങൾക്ക് അതീതമായ സഹവർത്തിത്വം അക്കാലത്തു നില നിന്നതായി പറയുന്നു .
അദ്ദേഹം പുലിയുമായി നേർക്കുനേർ വരുന്നതിന്റെ വിവരണം ഒട്ടൊന്നുമല്ല രസിപ്പിക്കുന്നത്

ഞങ്ങൾ മൂന്നു കള്ളന്മാർ — കമറുദ്ദീൻ

നൊമ്പരം കലർന്ന നർമ്മത്തിൽ ചാലിച്ച കഥ . കള്ളനിലും വില്ലന്റെയുള്ളിലും നന്മയുള്ളത് നാം തിരിച്ചറിയുന്നില്ല . രണ്ടു കള്ളന്മാർ , തങ്ങളുടെ സഹകള്ളനെ പിന്തുടരുന്നത് അയാളേതോ രഹസ്യസമാഗമത്തിനു പോകയാണെന്ന ധാരണയിലാണ്. എന്നാൽ അവൻ സ്വന്തം കുഞ്ഞുപെങ്ങളെ കാണാനാണ് പാത്തും പതുങ്ങിയും പോകുന്നതെന്ന അറിവ് അവരെ ഞെട്ടിക്കുന്നു .
കഥയുടെ ഒടുവിൽ രക്ഷകന്മാരെല്ലാം വന്നുപോയ്ക്കഴിഞ്ഞെന്നും ഇനി പ്രവാചകന്മാർ ആരും വരാനില്ലെന്നും നിരാശരാകുന്നു . ആ കുഞ്ഞു മുതിർന്നാൽ , പാപികളായ തങ്ങളുടെ മോക്ഷത്തിനായി ഒരു മിശിഹായെ പ്രസവിച്ചേക്കുമെന്ന പ്രതീക്ഷ കഥയിൽ നിലനിർത്തുന്നുണ്ട്.

 സിനിമാ തിയേറ്റർ — യമ

പുതുനിര സ്ത്രീ എഴുത്തുകാരിൽ ശ്രദ്ധേയയായ യമ , അരികുജീവിതങ്ങളുടെ സമകാലിക ദുരനുഭവങ്ങൾ പ്രമേയമാക്കുന്നു ഈ കഥയിൽ .അധികാരം എങ്ങനെ പൗരന്റെ സ്വാതന്ത്ര്യത്തിനു നേരെ ഭീഷണി ഉയർത്തുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു.
പുരുഷാധിപത്യത്തിന്റെ പരുഷമായ നോട്ടങ്ങളിലൂടെ ഭയപ്പെടുത്തുന്ന നിരാലംബയായ സ്ത്രീയെയാണ് കഥയിൽ അവതരിപ്പിക്കുന്നത്.
.ജനാധിപത്യം പുലരുന്നനാട്ടിൽ , സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷമായിട്ടും ,
ദയനീയമാണ് സ്ഥിതിയെന്ന അരികുവൽക്കരിക്കപെട്ടവരുടെ ആത്മരോഷങ്ങൾ
വെളിപ്പെടുകയാണ് കഥയിൽ .

vinoy thomas, vivek chandran yama,

 കളി– വിനോയ് തോമസ്

ഒരു ദേശത്തിലെ ആളുകളത്രയും അവർ വസിക്കുന്ന ഭൂമിയുടെ അതിരുകളിൽ ജാതിമത വ്യത്യാസമില്ലാതെ ഐക്യപ്പെടുന്നത് കളിയുടെ ബലത്തിലാകുന്നത് കൗതുക കരമാണ്.
ദേശത്തിന്റെ സ്വത്വം അപ്പാടെ ചീട്ടുകളിയിലേക്ക് ആവാഹിച്ച ചാച്ചൻ
വിവിധ സമുദായങ്ങളിലുള്ള പലതരക്കാരായ ആളുകളെ ഒരുമയിലേക്കു നയിച്ച വ്യക്തിയാണ് . അങ്ങനെയുള്ള ഒരാൾ മറ്റൊരു ദേശത്ത് എത്തി
ഇടപെടലുകൾ നടത്തുമ്പോൾ സംഭവിക്കുന്നത് എന്തെന്നുള്ള താണ് കഥ. എന്താണ്ദേശീയത , എന്താണ് സ്വരാജ്യസ്നേഹം , അതിന്റെ അതിർവരമ്പ് എവിടെയാണ് എന്നൊക്കെയുള്ള കുറെ ചോദ്യങ്ങളും സന്ദേഹങ്ങളും ഉയരുന്ന വേളയിൽ ഈ കഥയ്ക്ക് പ്രസക്തിയുണ്ട് .
സമൂഹത്തിലെ ചലനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുന്നു ഈ എഴുത്തുകാരൻ . ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ പലതും നാം മനസ്സിലാക്കുന്നത് പൊള്ളുന്ന നേരനുഭവങ്ങളിലൂടെയാണ് എന്ന് കാട്ടിത്തരികയാണ് ഈ കഥ .

 രാമച്ചി — വിനോയ് തോമസ്

രാമച്ചി എന്ന കഥ പല തരത്തിൽ സവിശേഷതകൾ നിറഞ്ഞതാണ്.. ‘മാജിക്കൽറിയലിസത്തിന്റെ ‘ അനന്യമായ ചാരുത ആഖ്യാനത്തിലുള്ള രാമച്ചിയിൽ ,മഞ്ഞമുത്തിയെന്ന പേരിൽ വരെ മാന്ത്രികത കാണാം. . മല്ലികയ്ക്കു കുഞ്ഞു പിറന്നപ്പപ്പോൾ കുഞ്ഞ് മഞ്ഞ നിറത്തിലേക്കു ജ്ഞാന സ്നാനം ചെയ്യപ്പെടുന്നതും ഇതോടൊപ്പം വായിക്കാം.
നാട്ടിലെ കൊള്ളയ്ക്കും കൊള്ളരുതായ്മക്കുമുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ആത്മരോഷം പ്രകടമാവുന്ന കഥ ഒരു പ്രണയകാവ്യമാണ്‌. വനവിഭവങ്ങൾ ,ചെടികൾ ,മരങ്ങൾ , പലതരം മീനുകൾ എന്നിവ ഉൾപ്പെടുത്തിയത് കഥയുടെ പ്രമേയവുമായി ഇണങ്ങിച്ചേർന്നാണ് .. ആഴ്ന്നഅറിവും തേനൂറുന്ന വിവരണവും അതിനെ പൊലിപ്പിക്കുന്നു ആദിവാസികളുടെ ഭാഷയുടെ തനിമപകർന്ന സംഭാഷണങ്ങൾ കൗതുകകരം തന്നെ

 ഇരുൾ രതി — ഫ്രാൻസിസ് നൊറോണ

കടലോരത്തെ അരികുവൽക്കരിക്കപ്പെട്ടവരുടെ കഠിനമായ ജീവിതത്തിന്റെ ഉറഞ്ഞു തുള്ളലാണ് ഇരുൾരതി.
അമിത ഭോഗാസക്തിയാൽ ഒരുവൻ മരണഗർത്തത്തിലേക്കു –ഇരുളിന്റെ അഗാധതയിലേക്ക് — ആണ്ടുപോകുന്നത്തിന്റെ ആഖ്യാനമാണ് ഇതിൽ .
കടൽക്കരയിലെ അരികുജീവിതവും അവരുടെ ആകുലതകളും പ്രതീക്ഷകളും തദ്ദേശീയഭാഷയിൽ , പ്രതീകങ്ങളുടെ ധാരാളിത്തത്തോടെ കഥയിൽ ആലേഖനം ചെയ്തിരിക്കുന്നു . .
ഒരു ചോദ്യത്തിന്റെ രൂപത്തിലെത്തുന്ന ഉല്ലാസക്കപ്പലിൽ തുടങ്ങിയ കഥ അവസാനിക്കുന്നത് കടലിന്നാഴത്തിൽ അതിന്റെ മന്ദഗതിയിലുള്ള തിരോധാനത്തിലൂടെയാണ്. ഇത് ക്രാഫ്റ്റിലെ മികവ് അടയാളപ്പെടുത്തുന്നു

തൊട്ടപ്പൻ — ഫ്രാൻസിസ് നൊറോണ

കൊടിയ ദാരിദ്യ്രവും അതിന്റെ ഫലമായി ഉറവെടുക്കുന്ന അപകർഷതാ ബോധവും കൊണ്ട് വലയുന്ന ഒരുവളെ വീണ്ടും ശിക്ഷിക്കുന്ന സമൂഹം എന്തു സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്ന് കഥയിലൂടെ പ്രക്ഷേപിക്കുകയാണ് ഇതിൽ . അതൊരു മുറിവായി അനുവാചകരെ നൊമ്പരപ്പെടുത്തുന്നു . കുഞ്ഞുന്നാളിലേ തന്നെ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്ന പെൺകുട്ടി, മോഷണം തൊഴിലാക്കിയ തൊട്ടപ്പന്റെ നിർബന്ധത്താൽ അയാളുടെ സഹായിയായി പോകുന്നതും പാതിവഴിയെ ആ ഉദ്യമത്തിൽനിന്ന് സ്വയം പിൻവാങ്ങുന്നതും തുടർന്നുണ്ടാകുന്ന ഏറ്റുമുട്ടലിൽ മറ്റാരുടെയോ കയ്യാൽ അയാൾ കൊല്ലപ്പെടുന്നതും ആണ് കഥയുടെ പരിസരം.
പുണ്യ പാപങ്ങൾ തമ്മിലുള്ള സംഘർഷം മനസ്സിലും പ്രവൃത്തിയിലും നടക്കുന്നു .ദാരിദ്ര്യവും കഷ്ടപ്പാടും നിമിത്തം പാപത്തിന്നാണ് മുന്നാക്കം ലഭിക്കുന്നത് എന്നീ കഥ തെളിയിക്കുന്നു.

 ഓർമ്മച്ചിപ്പ് — കെ വി പ്രവീൺ

കംപ്യുട്ടർവത്കൃത ലോകത്തിന്റെ നൂതന പ്രവണതകൾ സാകൂതം നിരീക്ഷിക്കുന്നതോടൊപ്പം യഥാർത്ഥ ജീവിതത്തിൽ പ്രായോഗികമായേക്കുമെന്നു പ്രതീക്ഷിക്കാവുന്ന കണ്ടുപിടിത്തങ്ങൾ തന്റെ കഥകളിൽ വിശ്വസനീയമാം വണ്ണം സന്നിവേശിപ്പിക്കുകയും ചെയ്യുന്ന കെ വി പ്രവീണിന്റെ പുതിയ കഥയാണിത്. കംപ്യുട്ടർ ഹാക്കർമാർ അതിവിദഗ്ധമായി മറ്റുള്ള സിസ്റ്റത്തിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന വിവരം ലോകത്തെയാകമാനം പരിഭ്രാന്തിയിൽ
ആക്കിയ വാർത്തകൾ നാം നിത്യേന അറിയുന്നു. ഈ വേളയിൽ ഹാക്കറിന്റെ പ്രവൃത്തികൾ ആസ്പദമാക്കിയുള്ള കഥയ്ക്ക് പ്രസക്തിയേറുന്നു .
പ്രായമേറുന്തോറും ഓർമ്മയുടെ സഞ്ചയത്തിൽ തുളവീണാലെന്നപോലെ മറവി ബാധിച്ച ഒരമ്മയുടെ ഓർമ്മകൾ വീണ്ടെടുക്കുന്നതിനായി വിദഗ്ധഡോക്ടർ അവരുടെ തലയോട്ടിയിൽ ചിപ്പുകൾ ഘടിപ്പിക്കുന്നതും മകൻ ഹാക്ക് ചെയ്ത് അതിലെ വിവരങ്ങൾ ചോർത്തുന്നതും കഥയിലുണ്ട് .. ആർട്ടിഫിഷ്യൽ ഇന്റലിജൻസും വെർച്വൽ റീയാലിറ്റിയും കൈകോർത്തു മറ്റൊരു മനുഷ്യമസ്തിഷ്ക്കത്തിലെ രഹസ്യങ്ങൾ ചോർത്തുന്നതും അതിന്റെ പ്രത്യാഘാതങ്ങളുമാണല്ലോ കഥയുടെ പ്രമേയം . ഇതൊക്കെ വിദൂരമല്ലാത്ത ഭാവിയിൽ സംഭവിച്ചേക്കാമെന്നതും കഥയുടെ പ്രമേയത്തെ പ്രസകതമാക്കുന്നു

 ചിത്ര ദുർഗം — കെ വി പ്രവീൺ

നാം ഓരോരുത്തരും അഭിലഷിക്കുന്നത് മോഹങ്ങൾ സഫലമായതും സ്വാസ്ഥ്യം നിറഞ്ഞതുമായ ജീവിതമാണല്ലോ . തനിക്ക് വേണ്ടപ്പെട്ടവർ തന്നെ മനസ്സിലാക്കുന്നുവെന്നും എന്നും താങ്ങും തണലുമായി കൂടെ ഉണ്ടാകുമെന്നും ഉള്ള ബോധ്യം നിലനിൽക്കുന്ന വേളകളിലാണ് സന്തോഷം നില നിൽക്കുക . ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആകട്ടെ , മക്കളിലൂടെയും ആയിരിക്കും .

ഭൗതികസാഹചര്യങ്ങൾ സ്വപ്നസദൃശം മെച്ചപ്പെട്ടതായിട്ടും ജീവിതം
കൈവിട്ടുപോകുന്നത് ആകസ്മികമായാണ് . കാലിക പ്രസക്തമായ വിഷയം , ഭാവിയിലെ കണ്ടുപിടിത്തങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ചില സന്ദേഹങ്ങൾ ഉയർത്തുന്നു . അമിതമായ യന്ത്രവൽക്കരണത്തിന്റെ ഉപയോഗം മനസ്സിലെ നന്മ നഷ്ടപ്പെടുത്തുമോ എന്നും ഒറ്റപ്പെടലുകൾ ഓരോരുത്തരും അനുഭവിക്കേണ്ടി വരുമോ എന്നും ആണത് .

 വന്യം — വിവേക് ചന്ദ്രൻ

വന്യം ‘ പ്രതീകമായെടുത്താൽ മനുഷ്യരിലെ മൃഗീയത എന്നാവാം വിവക്ഷ .
മനുഷ്യരുട അമിതഭോഗതൃഷ്ണ ആത്യന്തികമായി കുടുംബത്തെ ദുരന്തങ്ങളിലെത്തിക്കുന്നു എന്ന ബോധ്യത്തെ സാധൂകരിക്കുന്ന കഥയാണിത് മെഴുകുതിരിനാളത്തിൽനിന്നും പൊങ്ങി വരുന്ന അനേകം മാലാഖമാരുടെ വിവരണവും .കഥയാസ്വദിക്കുന്നതിനായായാണ് അവരുടെ വരവ്എന്നപരാമർശവും കഥയിലെ അസുലഭസന്ദർഭം തന്നെ .കഥാന്ത്യത്തിൽ അവരുടെ അതേ മട്ടിലുള്ള തിരിച്ചുപോക്കും അതിമനോഹരം.

വിശുദ്ധ പിശാച് — പി എസ് റഫീഖ്

മനുഷ്യരും കടലുമായി ബന്ധപ്പെട്ട രചനകൾ നിരവധിയാണ് . കൂടുതലും കടൽ യാത്രയുമായി ബന്ധപ്പെട്ടതുമാവും . രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾ വഴി മനുഷ്യർ പുരോഗതി നേടുന്നതിനുമുമ്പേ രൂപപ്പെട്ട സെമറ്റിക്ക് മതങ്ങൾ ലക്ഷക്കണക്കിന് പേരെ ഓരോരോ വിശ്വാസങ്ങളിൽ ഉറപ്പിച്ചു നിർത്താൻ പരിശ്രമിച്ചു .
മനുഷ്യർ ഇന്നും ദൈവം , പിശാച് എന്നീ ദ്വന്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണണമെന്നറിയാതെ വിഷമിക്കുന്നു .
ഈ ഒരു പരിപ്രേക്ഷ്യത്തിൽ വേണം ‘ വിശുദ്ധ പിശാച്’ എന്ന കഥയെ കാണാൻ .
തികച്ചും ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഇക്കഥയുടെ സൗകുമാര്യം അവതരണത്തിലുള്ള ലാളിത്യവും ഡസൻ കണക്കിന് കഥാപാത്രങ്ങളുടെ അനുയോജ്യമായ വിന്യാസവും അതോടൊപ്പം ശക്തമായ അടിത്തറയിലൂന്നിയ കഥനവും തന്നെ .
നിരവധി അത്ഭുത പ്രവർത്തികളാൽ ജനത്തെ വിഷമതകളിൽ നിന്ന് മുക്തരാക്കിയ ദൊരയച്ചനിൽ തുടങ്ങി ക്രൂരതയുടെ , ദുരയുടെ , അത്യാഗ്രഹത്തിന്റെ പര്യായമായതും പിശാച് എന്ന് പേർ പതിച്ചു കിട്ടിയതുമായ അച്ചമ്പിയിൽ അവസാനിക്കുന്നതുമായ കഥയിൽ മനുഷ്യകാമനകളുടെ തിരത്തള്ളൽ കാണാവുന്ന ഒട്ടനവധി കാര്യങ്ങളുണ്ട് .

 ആരാൻ — കെ എൻ പ്രശാന്ത്

ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ബോധം കൈമോശം വന്ന തലമുറയുടെ പ്രതിനിധികളായ രണ്ടു യുവാക്കളുടെയും ഒരു പ്രണയിനിയുടെയും ആരാന്റെ തെറ്റിന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന അരികു ജീവിതവാസിയുടെയും കഥയാണ് ഇതെന്ന് ചുരുക്കി പറയാം . ദുരന്തങ്ങളേറ്റു വാങ്ങുന്ന ആൾക്ക് ശബ്ദിക്കാനാവസരം കിട്ടിയിട്ടും തെറ്റുകാരനെ ചൂണ്ടിക്കാട്ടാൻ അയാൾ തയാറാകുന്നില്ല .ഒടുവിൽ മരണത്തിനു കീഴ്പെടുമ്പോൾ , അതീത ശക്തികൾ അയാൾക്ക് കൂട്ടിനെത്തുന്നു ; ഫലമോ ,ഭാവി ജീവിതം ഭീതിയിൽ പെട്ടുഴലാനായി , കുറ്റം ആരോപിച്ചവന്റെ യോഗം .ഇതാണ് കെ എൻ പ്രശാന്തിന്റെ ആരാൻ പറയുന്നത്

 ബോൺസായ് — സുദീപ് ടി ജോർജ്

അത്യാധുനിക കാലത്ത് കുടുംബം എന്നതൊരു മിഥ്യയായി മാറുകയാണെന്നും വെവ്വേറെ താമസിക്കുന്ന കുറെ വിഭിന്ന വ്യക്തികളായി തീരുകയാണെന്നും ഈ കഥ നമ്മോട് പറയുന്നു . സമൂഹത്തിന്റെ സ്ഥിതിയും അതു തന്നെ . വിരുദ്ധ ഭാവത്തിലുള്ള കുറെ വ്യക്തികൾ അവിടവിടെയായി കഴിയുന്നു . സർ റിയലിസത്തിന്റെ മാന്ത്രികത കഥയിലാവോളം നിറയുന്നു . സുദീപിന്റെ ആദ്യ കഥ ബോൺസായ് ശ്രദ്ധേയമാവുന്നത് ഇത്തരത്തിലാണ്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: New malayalam short stories readers review surendran ponthottahil