scorecardresearch

ദി നെയ്ബര്‍ഹുഡ് : വൃദ്ധകാമനയുടെ ഉദ്യാനശിലകള്‍

മാരിയോ വാർഗാസ് യോസയുടെ പുതിയ നോവലിനെ കുറിച്ച് മലയാളത്തിലെ ആദ്യ വായന

മാരിയോ വാർഗാസ് യോസയുടെ പുതിയ നോവലിനെ കുറിച്ച് മലയാളത്തിലെ ആദ്യ വായന

author-image
Dr. Rajesh Kumar M.P.
അപ്‌ഡേറ്റ് ചെയ്‌തു
New Update
mario vargas llosa, dr.rajeshkumar m.p,novel,the neighborhood

"ലവ് ഇന്‍ ദ ടൈം ഓഫ് കോളറ"യ്ക്കു ശേഷം അറുപത്തിഒന്‍പതാം വയസ്സില്‍ ഗാര്‍സിഅ മാര്‍ക്കേസ് 'ന്യൂസ് ഓഫ് എ കിഡ്നാപ്പിങ്' എന്ന പുസ്തകമാണെഴുതിയത്. കൊളംബിയയില്‍ തുടരെത്തുടരെയുണ്ടായ തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചായിരുന്നു അത്. മയക്കുമരുന്നു രാജാവ് പാബ്ലോ എസ്കോബാറിന്റെ മെദെജിന്‍ കാര്‍ട്ടെല്‍ ആയിരുന്നു ആ കിഡ്നാപ്പിങ്ങുകള്‍ക്കു പിന്നില്‍. തന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും കഠിനവും വേദനാജനകവുമായ എഴുത്തായിരുന്നു അതെന്നാണ് മാര്‍ക്കേസ് അതിനെ അടയാളപ്പെടുത്തിയത്. അതുകഴിഞ്ഞ് ഒരു നോവെല്ലയും ആത്മകഥയും മാത്രമാണ് അദ്ദേഹമെഴുതിയത്.

Advertisment

അരാജകത്വത്തിന്റെ ഈറ്റില്ലമായ ലാറ്റിനമേരിക്കയിലെ മറ്റൊരു രാജ്യമായ പെറുവില്‍ ആല്‍ബെര്‍ട്ടോ ഫ്യുജിമോറിയുടെ ഫാഷിസ്റ്റ് ഭരണത്തില്‍ നടമാടിയ ചില സംഭവങ്ങളെന്ന രീതിയില്‍ മാരിയോ വാര്‍ഗാസ് യോസയെഴുതിയ ഏറ്റവും പുതിയ നോവെലാണ് 'ദി നെയ്ബര്‍ഹുഡ്' (മാര്‍ച്ച് 2018, Farrar, Straus and Giroux, $ 26). വിഖ്യാതയായ ഈഡിത് ഗ്രോസ്മന്‍ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

"Cinco Esquinas" എന്ന സ്പാനിഷ് മൂലകൃതിയുടെ തര്‍ജ്ജമ 'അഞ്ചും കൂടുന്ന കവല' എന്ന അര്‍ത്ഥമാണ് തരിക. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ കുപ്രസിദ്ധമായ ഒരു കവലയിലാണ് നോവലിലെ പ്രധാന സംഭവങ്ങള്‍ നടക്കുന്നത്.

കര്‍ഫ്യുവിന്റെയും തട്ടിക്കൊണ്ടുപോകലുകളുടേയും അന്തരീക്ഷത്തിലാണ് കഥ തുടങ്ങുന്നത്. എഞ്ചിനീയറും ബിസിനെസ്സുകാരനുമായ എന്‍‌റീക്കെയെ സന്ദര്‍ശിച്ച 'ദി എക്സ്പോസ്ഡ്' എന്ന മഞ്ഞ ടാബ്ലോയ്ഡിന്‍റെ  എഡിറ്റര്‍ തന്റെ കയ്യിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. എന്‍‌റീക്കെ ഉള്‍പ്പെട്ടിട്ടുള്ള ഒരു രതികേളിയുടെ വിവിധ ചിത്രങ്ങളാണവ. പ്രസിദ്ധീകരിക്കാതിരിക്കണമെങ്കില്‍ തന്റെ പത്രത്തില്‍ മുതല്‍ മുടക്കണമെന്നാണ് റൊളാന്തോ ഗാര്‍ഹോ എന്ന പത്രാധിപരുടെ ആവശ്യം. പരിഭ്രാന്തനായ എന്‍‌റീക്കെ ഉറ്റസുഹൃത്തായ അഭിഭാഷകന്‍ ലൂസിയാനോയെ കാണുന്നു. ഫ്യുജിമോറിയുടേ വലംകൈ ആയ, 'ഡോക്ടര്‍' എന്നു വിളിപ്പേരുള്ള, സര്‍‌വ്വവ്യാപിയായ, രഹസ്യപ്പോലീസ് തലവന്റെ സഹായമഭ്യര്‍ത്ഥിക്കാമെന്ന് തീരുമാനിക്കപ്പെടുന്നു. ആ ധൈര്യത്തില്‍ എന്‍‌റീക്കെ റൊളാന്തോയെ ആട്ടിയോടിക്കുന്നു. അതോടെ, അടുത്ത ലക്കത്തില്‍ ചിത്രങ്ങള്‍ അച്ചടിച്ചു വരുന്നു, കോളിളക്കമുണ്ടാവുന്നു.mario vargas llosa, dr.rajeshkumar m.p,novel,the neighborhood

Advertisment

തുടര്‍ന്ന്, റൊളാന്തോയെ കാണാതാവുന്നു. രണ്ടാം ദിവസം അയാളുടെ വികലമാക്കപ്പെട്ട മൃതദേഹം അഞ്ചും കൂടിയ കവലയില്‍ കാണപ്പെടുന്നു. പത്രാധിപര്‍ക്കുള്ള കത്തുകളില്‍ നിരന്തരം റൊളാന്തോയെ വിമര്‍ശിച്ചുകൊണ്ടിരുന്ന, മറവിരോഗം ബാധിച്ചു തുടങ്ങിയ, വൃദ്ധനായ ഹുആന്‍ പെയ്നേത്തയെ പൊലീസ് അറസ്റ്റു ചെയ്യുന്നു. ഒരുകാലത്ത് ടെലിവിഷന്‍ ഷോയിലെ കോമാളിയായിരുന്ന പെയ്നേത്തയുടെ കരിയര്‍ നശിച്ചത് റൊളാന്തോ എഴുതിയ ഗോസിപ്പുകളായിരുന്നു.

ദി എക്സ്പോസ്ഡിന്റെ സാരഥ്യം ഷോര്‍ട്ടി എന്നു വിളിപ്പേരുള്ള ഹൂലിയേറ്റ ലെഗീസമോണ്‍ ഏറ്റെടുക്കുന്നു. 'ഡോക്ടറു'ടെ ചൊല്‍‌പ്പടിയിലാണ് ഷോര്‍ട്ടിക്ക് ജോലി ചെയ്യേണ്ടി വരിക. ടാബ്ലോയ്ഡിന്റെ ഇരുപത്തിരണ്ടാം ലക്കത്തില്‍, പേര് അന്വര്‍തഥമാക്കും വിധം, റൊളാന്തോയുടെ കൊലപാതകത്തിന്റേതടക്കമുള്ള രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നു.

ഫ്യുജിമോറിക്കെതിരെ പെറുവില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു യോസ. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിലായിരുന്നു തോ‌‌ല്‍‌വി. പ്രസിഡന്റ് നേരിട്ടു പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും അധികാരത്തിന്റെയും അരാജകത്വത്തിന്റേയും അഴിഞ്ഞാട്ടവും ദരിദ്രരും സാധാരണക്കാരുമായ ജനതയ്ക്കുമേല്‍ അത് പ്രയോഗിക്കുന്ന അനീതിയും ഭീതിയും നോവലിലുണ്ട്.

എങ്കിലും, സമൂഹത്തിലെ ഉന്നതരുടെ വൈരസ്യത്തിലും ചെടിപ്പിലും രതിയിലുമൊക്കെയാണ് നോവലിസ്റ്റിനു താല്പര്യം. എന്‍‌റീക്കെയുടെ ഭാര്യ മരീസയും ലൂസിയാനോയുടെ ഭാര്യ ചബേലയുമായുള്ള രതിയുടെ വര്‍ണ്ണനയിലാണ് നോവല്‍ തുടങ്ങുന്നതു തന്നെ. കഥയുടെ ക്ലൈമാക്സിനടുപ്പിച്ച് അവര്‍ രണ്ടുപേരും എന്‍‌റീക്കെയും ചേര്‍ന്ന് ഏര്‍പ്പെടുന്ന രതികേളിയുടെ വര്‍ണ്ണനയ്ക്കാണ് എഴുത്തുകാരന്റെ ഊര്‍ജ്ജം ഏറെ ചെലവഴിക്കപ്പെട്ടിട്ടുള്ളത്.

വാര്‍ത്തകളുടെയും സംഭവങ്ങളുടെയും ഉൽപ്പാദനവും വിതരണവും നേരിട്ടു നടത്തുന്ന ഒരു ഗവൺമെന്റ് ആരുമറിയാതെ കൊന്നു കളഞ്ഞേക്കാമെന്നിരിക്കിലും, രഹസ്യത്തെ അനാവരണം ചെയ്യാന്‍, ഷോര്‍ട്ടിയെന്ന കഥാപാത്രം ആകാരം കൊണ്ടുള്ള അപകര്‍ഷതാ ബോധത്തെ മറികടന്ന്, വിശ്വരൂപമാര്‍ജ്ജിക്കുന്നതാണ് ഈ നോവലിലെ ഏക വെള്ളി രേഖ.

ഇക്കൊല്ലം മാര്‍ച്ചില്‍ പുറത്തിറങ്ങിയത് അമേരിക്കയില്‍ നിന്നു വരുത്തി ചൂടോടെ വായിച്ചതെങ്കിലും പള്‍പ്പ് എന്നതിനു മുകളിലേക്കുയരാത്ത കൃതിയാണ്, എണ്‍പത്തിരണ്ടുകാരനായ, യോസയുടെ 'ദി നെയ്ബര്‍ഹുഡ്' എന്ന് ഖേദപൂര്‍‌വ്വം പറയാതെ വയ്യ.

Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: