scorecardresearch

Latest News

നക്സൽബാരി-ഡി പി അഭിജിത്ത് എഴുതിയ കഥ

സ്വർണ്ണപ്പിടിയുള്ള പേനാക്കത്തി തലയിണക്കടിയിൽ തിരുകി ബെഡ്ഷീറ്റിന്റെ അറ്റം വലിച്ച് കാതു കൂർപ്പിച്ചു കിടന്നു. കാടിളക്കിവരുന്ന ഉറക്കു പാട്ടിനായ്. പക്ഷേ അപ്പോഴേയ്ക്കും ഇരുട്ട് വാതിലിൽ മുട്ടിത്തുടങ്ങിയിരുന്നു

dp abhijith, story ,iemalayalam

എട്ടുമണിയെങ്കിലും കഴിഞ്ഞിഞ്ഞിരിക്കും. കുറച്ചു നേരത്തേക്കെങ്കിലും നഗരത്തെ മുഴുവൻ മൂടിയ ഇരുട്ടു നീങ്ങി മുനിർകയിലെ കടുംമഞ്ഞ സ്ട്രീറ്റ് ലൈറ്റ് സാവധാനം കത്തിത്തുടങ്ങിയപ്പോഴാണ് വാതിലിലെ മുട്ടു കേട്ടത്. കറണ്ടു പോയപ്പോൾ വെറുതെ കണ്ണടച്ചു കിടക്കുകയായിരുന്നു. വന്ന വേഷം പോലും മാറിയിട്ടില്ല. തപ്പിത്തടഞ്ഞെഴുനേറ്റ് വാതിൽ തുറക്കുന്നേരം മുറിയിലെ വെളിച്ചവും മിന്നി. പുറത്ത് രണ്ടുപേര്‍. മഫ്തിയിലാണെങ്കിലും ഒറ്റനോട്ടത്തിൽത്തന്നെ ഫോഴ്സിലെ ഉദ്യോഗസ്ഥരാണെന്നറിയാൻ പാകത്തിലുള്ള ശരീരഭാഷ. ഒരാൾക്ക് സിക്കുകാരുടേത്പോലെ തലപ്പാവുണ്ട്, കൊമ്പൻ മീശയുള്ള മറ്റേയാൾ ഐഡന്റിറ്റി കാർഡ് പിടിച്ച കൈ അകത്തേക്ക് നീട്ടി. വെളിച്ചത്തിന്റെ ഉറുത്തലിൽ കണ്ണുചുരുക്കി അതിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ അയാൾ തന്നെ പറഞ്ഞു ‘വി ആർ ഫ്രം എൻഐഎ.’

പ്രതിഷേധിക്കുന്നവർക്കെതിരെ അന്വേഷണമുണ്ടാകുമെന്നറിയാമായിരുന്നെങ്കിലും സത്യത്തിൽ അന്നേരം ഞെട്ടിപ്പോകുകയാണുണ്ടായത്. കാരണം ഇത് കരുണയില്ലാത്ത വർഗ്ഗമാണ്.

ചുറ്റാകെ കണ്ണോടിച്ചുകൊണ്ട് അവര്‍ അകത്തേക്കു കയറി. സിക്കുകാരന്റെ തലപ്പാവ് കട്ടളയിൽ ഉരസി. കാർഡു കാട്ടിയ ഉദ്യോഗസ്ഥൻ മേശപ്പുറത്തും പുസ്തകറാക്കുകൾക്കിടയിലും കാര്യമായ തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. ‘എൻ’ കൊണ്ടു തുടങ്ങുന്ന അയാളുടെ പേരിന്റെ രണ്ടാം ഭാഗം നായർ എന്നായിരിക്കാം.

ഒറ്റ നോട്ടത്തിൽ അങ്ങനെയേ മനസ്സിൽ പെടുള്ളൂ. മലയാളിയാണോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ആയിരുന്നെങ്കിൽ ഒരുപക്ഷെ എന്തെങ്കിലും കനിവ് കിട്ടിയേക്കും. ഒരിക്കലുമില്ല.

ഇംഗ്ലീഷ് പുസ്തകങ്ങളിലാണയാളുടെ ശ്രദ്ധ മുഴുവനും. അയാളൊരു മലയാളിയായിരുന്നെങ്കിൽ ഉറപ്പായും അൽപം ഗൃഹാതുരതയോടെ  കൂട്ടബലാൽസംഘത്തിനിരയാക്കപ്പെട്ടതു പോലെയുള്ള  മലയാളം പുസ്തകങ്ങളിലേക്ക്, കീറിമാറ്റപ്പെട്ട ഉടയാടകളാകുന്ന അവയുടെ പുറംചട്ടകളിലേക്ക് ഒരു മാത്രയെങ്കിലും നോക്കി നിന്നേനെ. നിരാശയോടെ ഓർത്തു നിൽക്കുമ്പോഴാണ് സിക്കുകാരൻ ചുമലിൽ കൈവച്ചു കൊണ്ട് സംസാരമാരംഭിച്ചത്.

“അജ്മൽ, വയസ്28. സ്വദേശം കേരളം, ദില്ലിയിൽ വന്നിട്ട് എട്ടു വർഷം. ഹിന്ദുവായ ഭാര്യയുമൊത്ത് ഇവിടെ താമസം, യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ്. എഴുത്തുകാരൻ, ഫ്രീലാൻസ് പത്രപ്രവർത്തകൻ, കമ്യൂണിസ്റ്റ്.” വലതു വശത്തെ ഭിത്തിയിൽ പതിപ്പിച്ചിരുന്ന മാർക്സിന്റെ ചിത്രത്തിലേക്ക് ഊന്നിക്കൊണ്ടയാള്‍ പറഞ്ഞു നിർത്തി. പതിയെ നോട്ടം ഇടതു വശത്തെ അംബേദ്കറുടെ ചിത്രത്തിലേക്കാക്കി കൗതുകത്തോടെ ശരിയല്ലേ എന്ന് കൈയ്യാംഗ്യം കാട്ടി.dp abhijith, story ,iemalayalam

‘ഹ്യൂമനിസ്റ്റ്’ എന്ന് തിരുത്തണമെന്നു തോന്നിയെങ്കിലും എല്ലാം ശരിവച്ച് മൂളുക മാത്രം ചെയ്തു.
ഈ വിവരങ്ങളെല്ലാം പ്രയാസമേതുമില്ലാതെ ആർക്കും സംഘടിപ്പിക്കാവുന്നവയേയുള്ളൂ.

“താങ്കളെ ഒന്ന് നേരിട്ടു കാണാം എന്ന് കരുതി ഇവിടേക്ക് കയറിയതാണ്. കുറച്ചു കാര്യങ്ങൾ ചോദിച്ചറിയണം. എന്റെ ഹിന്ദി മനസിലാകുന്നുണ്ടല്ലോ അല്ലേ?” സൗഹൃദഭാവത്തിലൊരു പുഞ്ചിരികവിളുകളിലെ കുറ്റി രോമങ്ങൾക്കിടയിൽ അയാൾ വരുത്തുവാൻ ശ്രമിച്ചു.
അന്നേരവും സാധാരണത്തിലധികം ഭാരം അയാൾ തോളില്‍ പ്രയോഗിക്കുന്നുണ്ടായിരുന്നു. വശത്തിൽ ചരിച്ച് അത് ഒഴിവാക്കാനാണ് തോന്നിയത്. ചെയ്തില്ല.

മുറിയിലെ ചൂട് അസഹ്യമാകുകയായിരുന്നു. വിയർത്തൊഴുകി. കൂളർ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടയാൾ റജായിയുടെ ഒരറ്റത്തിയി ഇരുന്നു.

“അത് പ്രവർത്തിക്കില്ല സാബ്‌.” വൈക്കോൽ പുറത്തു കാണുന്ന കൂളറിന്റെ പിൻഭാഗത്തേക്കു ചൂണ്ടിക്കാട്ടി പറഞ്ഞു. അയാളുടെ കണ്ണുകള്‍ അപ്പോഴും പമ്പരം പോലെ ചുറ്റാകെ ചലിച്ചുകൊണ്ടിരുന്നു. ഷർട്ടിന്റെ മേൽ ബട്ടൺ ഊരി എഴുന്നേറ്റ് ബാൽക്കണിയിലേക്ക് കടന്നു നിന്നുകൊണ്ടയാൾ അസ്വസ്ഥതയോടെ ചോദിച്ചു.

“ഈ ചൂടിൽ ഫാനും കൂളറുമോന്നുമില്ലാതെ നിങ്ങൾ പിന്നെ എങ്ങനെ കഴിയുന്നു? കറന്റില്ലാ, വെള്ളമില്ല. ഈ ഗവൺമന്റ് ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. ശരിക്കും അവർ സ്വാർത്ഥരായ ദ്രോഹികളാണ് അല്ലേ അജ്മൽ?”

ചോദ്യത്തിലെ കുരുക്ക് മനസിലാക്കി പെട്ടന്നു തന്നെ മറുപടി പറഞ്ഞു “അങ്ങനെയല്ല സാബ്, ഗവൺമന്റ് നമുക്ക് വേണ്ടിയാണ്.”

“ആണോ? പക്ഷേ നിങ്ങളുടെ കഴിഞ്ഞ ദിവസത്തെ കവർസ്റ്റോറി വായിക്കുന്നൊരാൾ എന്നെപ്പോലെ തെറ്റിദ്ധരിച്ചേക്കും…” അയാൾ സൗമ്യമായി ചിരിച്ചു.

“നിങ്ങളുടെ എഴുത്ത് നിങ്ങളുടെ നിലപാടുകളല്ലന്നുണ്ടോ?”

മുഖത്തേക്ക് ചൂഴ്ന്നു നോക്കി അയാള്‍ തുടർന്നു. സത്യത്തില്‍ എന്ത് പറയണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു. ആണെന്നോ അല്ലെന്നോ അര്ത്ഥം വരാതെ മൂളുകമാത്രം ചെയ്തിട്ടും പ്രതീക്ഷിച്ചതുപോലെതന്നെ ചോദ്യം വന്നു.

“അപ്പോൾ നമ്മുടെ പരമോന്നതമായ നീതിപീഠത്തോടും താങ്കള്ക്ക് പുച്ഛമാണ് അല്ലേ?”

“അല്ല സാബ് വിശ്വാസമാണ്.”

അതുവരെക്കണ്ടപോലെയായിരുന്നില്ല, അയാളുടെ വിധം മാറി.

“പക്ഷേ കഴിഞ്ഞ രണ്ടു പ്രാവശ്യവും താങ്കൾ ബഹുമാനപ്പെട്ട കോടതി വിധിയെ എതിർത്തു. ശരിയല്ലേ.”

ശരിക്കും വിറയ്ക്കുന്നുണ്ടായിരുന്നു. കുഴിയിലിറക്കി മണ്ണിട്ടുനിര്ത്തിയതുപോലെ, കാലുകള്‍ അനക്കമറ്റുപോയിരുന്നു. അയാൾ വീണ്ടും ചോദ്യങ്ങൾ തുടർന്നു.dp abhijith, story ,iemalayalam
“സർക്കാരിനെതിരെ പ്രവർത്തിക്കുന്ന ആർട്ടിക്കിൾ 14 എന്ന കൂട്ടായ്മയില്‍ നീ പ്രവര്ത്തിലക്കുന്നില്ലേഡാ പന്നേ?  നമ്മുടെ രാജ്യത്തിന്റെ നാശം കാണാനാഗ്രഹിക്കുന്ന പലവിദേശ ഗ്രൂപ്പുകളുടെയും എജന്റുമാർ അതിൽ പ്രവർത്തിക്കുന്നതായും അതിനെഏകീകരിക്കുന്നത് നീയാണെന്നും ഞങ്ങൾക്ക് സംശയമുണ്ട്. നിന്റെ എഴുത്തുകളും അത് ശരിവയ്ക്കുന്നുണ്ട്. നിനക്കൊന്നും ഈ രാജ്യത്തോട് ജന്മംകൊണ്ടുതന്നെ കൂറില്ല. വാസ്തവത്തിൽ നീയൊരു രാജ്യദ്രോഹിയാണ്!”

ദേഹമാസകലം തണുപ്പ് പടരുന്നതുപോലെ തോന്നി. ശരിയെന്നു തോന്നിയതുകൊണ്ട് ഒന്നു രണ്ടു തവണ പ്രതിഷേധങ്ങളിൽ ഒപ്പം ചേർന്നു. മറ്റൊന്നുമറിയില്ല. സിംഗിന്റെ ചോദ്യത്തിന്റെ മൂളൽ കഴിയും മുമ്പ് മറ്റെയാള്‍ കയ്യിലെ പുസ്തകങ്ങൾ കാണിച്ചു കൊണ്ട് പറഞ്ഞു.

“അതെ സാർ ഇവന്‍ രാജ്യദ്രോഹി തന്നെയാണ്. പക്ഷേ എനിക്കു കൂടുതൽ സംശയം ഇവനൊരു മാവോയിസ്റ്റാണോ എന്നതാണ്. ഈ പുസ്തകങ്ങൾ നോക്കൂ. ഇവനെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. ”

“നിങ്ങൾ ക്രൂരന്മാരാണ് ഈ പറഞ്ഞതെല്ലാം അസത്യങ്ങളാണ്…” അഞ്ചു നിലയുള്ള കെട്ടിടത്തിന്റെ ഉടമ, ഈയിടെ മരിച്ചുപോയ കപ്പടാ മീശക്കാരൻ സേഠ് പോലും കേൾക്കുന്ന ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ശബ്ദം പുറത്തു വന്നില്ല.

അപ്പോഴാണ് ഗീതു ടോർച്ചു വെട്ടവും കൊണ്ട് കുളികഴിഞ്ഞ് ഇറങ്ങി വന്നത്. അരവരെയെത്തുന്ന ടൗവ്വൽ മാത്രമായിരുന്നു അവൾ ധരിച്ചിരുന്നത്.

എന്താണ് നടക്കുന്നതെന്നറിയാതെ അങ്കലാപ്പോടെ നിന്ന ഗീതുവിനെ അടിമുടി നോക്കി സിക്കുകാരൻ ചോദിച്ചു.

“മിസിസ് ഗീതുവും ഭർത്താവിനെപ്പോലെ രാജ്യദ്രോഹിയാണോ അതോ നീയാണോ ഇതിന്റെയെല്ലാം മാസ്റ്റർ ബ്രയിൻ?”

അയാളുടെ നോട്ടം കണ്ടപ്പോൾ തന്നെ സംഭവിക്കാൻ പോകുന്നതെന്താണെന്നുറപ്പായി.

“അവൾ ഗർഭിണിയാണ്സാബ് ദയവുചെയ്ത് അവളോടൊന്നും ചോദിക്കരുത്.”

അയാളുടെകാലു പിടിച്ച് കരഞ്ഞു നോക്കി. പക്ഷെ അയാള്‍ മറ്റേക്കാലുകൊണ്ട് ആഞ്ഞ് ചവിട്ടി. പിന്നെ ചെറിയ ശബ്ദത്തിൽ ഒരു തെറി വിളിച്ച് കൊമ്പൻ മീശക്കാരനെ നോക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

“മിസിസിന്റെ മുടിയിൽ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്.അസുഖങ്ങൾ ഒന്നും വരുത്താതെ അത് നന്നായി തുടച്ചു കൊടുക്കൂ സാബ്.”

മറ്റേ ഉദ്യോഗസ്ഥനും അവൾക്കു നേരെ തിരിഞ്ഞു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ സിക്കുകാരൻ കൈമുട്ടിന് മുതുകിൽ ഓങ്ങിയോങ്ങി പ്രഹരിച്ചു. ഇത്തവണ കൂടുതൽ ഉച്ചത്തിൽ തെറികളും വിളിച്ച് ബലത്തിൽ കഴുത്തിൽ ബൂട്ടമർത്തുകയും ചെയ്തു. ശ്വാസം മുട്ടി.

അവൾ വലിയ വായില്‍ ഒച്ചവച്ചു. അയാൾ മുന്നോട്ടാഞ്ഞ് ഒറ്റയടിക്ക് കോസടിയിലേക്ക് മറിച്ചിട്ടു. മറ്റെയാൾ ടൗവ്വൽ വലിച്ചഴിച്ചു. അവരുടെ ചിരി ഉച്ചത്തിലായി.
ചോരയൊലിപ്പിച്ചു കരയുന്ന ഗീതുവിനെ നീണ്ട കാലത്തെ പകയുള്ള പോലെ ചൂഴ്ന്നു നോക്കി അയാൾ പറയുന്നത് മുഴക്കം പോലെ കേൾക്കാമായിന്നു.

“നിന്റെ മാവോയിസ്റ്റ് ചരിത്രമൊക്കെ ഞങ്ങൾക്കറിയാം കേട്ടോടി.”

പൊടിക്കാറ്റ് ഇടക്കിടെ ചൂളം വിളിച്ച് ബാൽക്കണിയിൽ മുട്ടി. ഊഴം മാറിയപ്പോൾ കഴുത്തിൽ നിന്നും ബൂട്ടു പൊങ്ങി. വെള്ളത്തിലേക്ക് തിരിച്ചെറിഞ്ഞ മീനിനെപ്പോലെ അഞ്ഞാഞ്ഞു ശ്വാസമെടുത്തു. നെറ്റി നിലത്തു മുട്ടിച്ചു നിർത്തി. ചെറിയ തണുപ്പ് തരിപ്പു പോലെ അരച്ചു കയറുന്നുണ്ട്. കോസടിക്കു താഴെക്കിടന്ന ചുറ്റിക കൈയ്യിൽ തടഞ്ഞു. വേറൊന്നും ആലോചിച്ചില്ല. ഒറ്റ ശ്വാസത്തിൽ സിക്കുകാരന്റെ തലയിലേക്കാഞ്ഞടിക്കുമ്പോൾ മരിക്കണം എന്നുമാത്രം ഉറപ്പിച്ചു. ചോര പെയിന്റടര്ന്നി ഭിത്തിയിലൂടെ ഒലിച്ചിറങ്ങി. തലപ്പാവ് തെറിച്ചു പോയി. മറ്റെയാൾ വാതിൽ തുറന്ന് വെപ്രാളത്തോടെ പുറത്തേക്കോടി.

സാധാരണയിലും അധികം ശബ്ദത്തിൽ, എയർ ഹോളിലിരുന്ന ഇണപ്രാവുകളുടെ കുറുകൽ മാത്രമാണ് അവിടെനിന്നിറങ്ങും വരെ പിന്നെ ചെവിക്കുള്ളിൽ കേട്ടത്.dp abhijith, story ,iemalayalam

1

ജീവനും കയ്യിൽ പിടിച്ചു കൊണ്ടുള്ള ഓട്ടമായിരുന്നു. മൂന്ന് ദിവസം ഇന്ത്യയുടെ തൊലിപ്പുറത്തുകൂടി ഓടി കേരളത്തിൽ വന്നിരിക്കുന്നു. സംഭവിച്ചതൊക്കെയും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.

“അന്നിത് കിട്ടിയ വെലയ്ക്ക് തട്ടിയിരുന്നേ ഇന്നിപ്പോ കേറിവരാനൊരെടം ഉണ്ടാവുമാരുന്നോ?”
മുറ്റത്തെ തലപ്പൊക്കമെത്തിയ ഓറഞ്ച് മരത്തിൽനിന്ന് ചെമ്പ്രമടിച്ചു തുടങ്ങിയഒരെണ്ണം പറിച്ചെടുത്ത്കൊണ്ട് റാഫി ത്തരകൻ പറഞ്ഞു. ഇവിടെയുള്ള ഏക ബന്ധു അയാളാണ്.
വെളുപ്പിന് കൊല്ലത്ത് ട്രയിനിറങ്ങിയതു മുതൽ പാവം കൂടെത്തന്നെയുണ്ട്. പ്രേതബാധയുണ്ടെന്നും താമസ യോഗ്യമല്ലന്നുമൊക്കെ പറഞ്ഞ് പല കൈമറിഞ്ഞ ഈ ബംഗ്ലാവ് ഇയാൾ ചുളുവിലയ്ക്ക് വാങ്ങിത്തരുമ്പോൾ പ്രൊഫഷണൽ എഴുത്തുകാരെ ലക്ഷ്യം വയ്ക്കുന്ന ഒരുഗ്രൻ ട്രഡിഷണൽ ടൂറിസ്റ്റ് കോട്ടേജിനുള്ള പദ്ധതിയായിരുന്നു. ഡൽഹി വിട്ടിവിടെ കൂടാനുള്ള പ്ലാനെല്ലാം പൊളിഞ്ഞതോടെ ഇതൊരു ബാധ്യതയായി. പക്ഷേ ഇതു കൂടി പോയാൽ ഇനിയീ രാജ്യത്ത് വേറെ മണ്ണില്ല.

സോപാനത്തിലേക്ക് ചരിഞ്ഞിരുന്നയാൾ ഒരല്ലി വായിലിട്ട് ചവച്ചു. ”ഹോ… കയ്പ്പനാ.”

മദ്യം കയ്യിലെടുത്ത് ഒരു തുള്ളി തൊട്ട് പുറത്തേക്ക് കുടഞ്ഞു. ബാക്കി ഒറ്റ വലിക്കകത്താക്കിക്കൊണ്ട് പറഞ്ഞു.

“കുഞ്ഞേ, പറ്റിയതായാലും പറ്റിച്ചതായാലും സംഗതി രാജ്യദ്രോഹമാ. അകത്തായാ പിന്ന പൊറം ലോകം കാണാൻ പറ്റൂന്ന് നിരീക്കണ്ട. എന്ന് വച്ച് പേടിക്കുവൊന്നും വേണ്ട, ആരു വന്നാലും ഇവട നിങ്ങള് സെയിഫാ. നിങ്ങള് പുതിയ പിള്ളേർക്ക് ഭൂതത്തിലും പ്രേതത്തിലുമൊന്നും വിശ്വാസം കാണത്തില്ല പക്ഷേങ്കി ഒന്നുണ്ട്… ഇത് പട്ടര് കാവലൊള്ള സ്ഥലാ. ഇവടക്കേറാൻ പൊറത്തൂന്നൊള്ളോര് വെഷമിക്കും. ഈ മണ്ണിച്ചിരി പെശകാ. ഒരു പിടി വാരി പിഴിഞ്ഞുനോക്ക്. ചോര പൊടിയും.”

മഴക്കാറ്റിനു വിധേയപ്പെട്ട് സാവധാനം ചലിക്കുന്ന ചൂരലൂഞ്ഞാലിൽ നിസ്സംഗതയോടെ ചമ്മറം പടിഞ്ഞിരിക്കുന്ന ഗീതുവിനെ നോക്കി സ്വതസിദ്ധമായ പരുക്കൻ ശബ്ദത്തിൽ അയാള്‍ ചരിത്രം പറയുവാൻ തുടങ്ങി.

“പണ്ടിവിട മുഴുവൻ കാടാ. അതെല്ലാം വെട്ടിത്തളിച്ചാ ഇന്നീക്കാണുന്നമാതിരി എണ്ണപ്പനത്തോട്ടം പിടിപ്പിച്ചത്. ആദ്യമൊക്കെ സംശയമാരുന്നു ഇതിവിടുത്ത കാലാവസ്ഥയ്ക്ക് ഒക്കുവോന്ന്. പക്ഷേങ്കി എടുപിടീന്ന് ഇതുങ്ങളങ്ങ് വളന്നങ്ങ് കേറീല്ലേ. അങ്ങനെ പ്ലാന്റേഷൻ ഉദ്ഘാടനം ചെയ്യാൻ ഇന്ദിരാഗാന്ധിക്കുവേണ്ടി ഹെലിപ്പാടുമൊരുക്കിയിരിക്കുമ്പോഴാണ് സംഗതികളാകെ വഷളാകുന്നത്.”

നിർത്തി നീട്ടി ശ്വാസമെടുത്തുകൊണ്ടയാള്‍ തുടർന്നു .

“ഇന്ത്യ മൊത്തത്തിൽ നിന്നു കത്തുന്ന സമയം. ഞാനന്ന് ചെറുപ്പമാ, ഏതാണ്ട് പന്ത്രണ്ടോ പതിനഞ്ചോ വയസ്സേ കാണത്തൊള്ളു. ആ പ്രായത്തിലൊള്ള പിള്ളേരൊന്നും ഉച്ചയുദിക്കാതെ വെളിയിലിറങ്ങാത്ത കാലം. എന്നും ആരടേങ്കിലുമൊക്കെ കയ്യും തലേം പോയ കഥ പറയാനേ ആളുകൾക്ക് നേരമുള്ളു. അന്നിവിടുത്ത പരിഷകൾക്കാണെങ്കി മേത്തന്മാരുടെ പാല് തൊണ്ടയ്ക്ക് താഴോട്ടെറങ്ങത്തില്ല. വാപ്പച്ചിക്ക് മുട്ട് വെരുത്തമുള്ളോണ്ട് ഞാന്തന്നെ ആളുകളൊണർന്നെത്തും മുമ്പ് ചായക്കടേ പാലെത്തിക്കണം. സംഭവം നടന്ന ദെവസം കവലേലോട്ട് കുറുക്കിനൊള്ള പഞ്ചായത്ത് തടത്തിൽക്കൂടെ ഇതിന്റെ മുമ്പിലെത്തിയപ്പോ ഒണ്ടല്ലോ… എന്റെ കുഞ്ഞേ.. വലിയ പട്ടരുടെ തലവെട്ടി വെള്ളയടിച്ച മതിലിന്റ മേല് വച്ചിരിക്കുവാ.”

അതിന്റെ ഭീകരതയ്ക്കെന്നോണം അയാള്‍ കണ്ണുകള്‍ രണ്ടും തള്ളി പുറത്തേക്ക് വച്ചു.dp abhijith, story ,iemalayalam
“അതൊന്നൊന്നര കാഴ്ചതന്നായിരുന്നപ്പാ പട്ടരട നീണ്ട എണ്ണയൊലിക്കുന്ന മുടി ചീകിവാരി ഉച്ചിയിൽ കെട്ടി,കണ്ണൊക്കെ നീട്ടി എഴുതി,ചോരകൊണ്ടു ഗോപിക്കുറീം തൊട്ട്,തല മറിഞ്ഞു താഴെ വീഴാണ്ട് ചെറിയ കല്ലുകളും അടവെച്ച് മതിലിന്റ താഴെവരെ ചോരയൊലിപ്പിച്ച്. തൊട്ടപ്പറത്ത്തന്നെ ചോര കൊണ്ടൊരെഴുത്തും ‘നക്സൽബാരി സിന്ദാബാദ്.’ എന്റ കുഞ്ഞേ കണ്ടിട്ട് എനിക്കാണെങ്കി സുന്നത്ത് പൊട്ടി ചോരയൊലിക്കും പോലെ അടിവയറ് പെരുത്ത് ചെവിത്ത അപ്പപ്പോയി. കയ്യിലിരുന്ന പാലും വീണൊഴുവി. അന്നത്തെയാ കെടപ്പീന്ന് എഴുന്നേറ്റത് ഒരാഴ്ച്ച കഴിഞ്ഞിട്ടങ്ങാണ്ടാ. പിന്ന ജീവിതത്തീ ഇന്നേവരെ ഞാന്‍ വേറൊന്നും കണ്ട് പേടിച്ചിട്ടില്ല, ഒരുച്ച നേരത്ത്വാപ്പച്ചി ഇടിവീണു കരിഞ്ഞു കെടക്കണ കണ്ടിട്ടുപോലും.”

സോപാനത്തിൽനിന്ന് ചൂരൽകസേരയിലേക്ക് മാറിയിരുന്ന് കയ്യിലെ മദ്യം പകുതിയാക്കികൊണ്ടയാൾ സ്വരം കനപ്പിച്ചു.

“അന്ന് പട്ടരുടെ വീട്ടിലൊണ്ടാരുന്നോരെ എല്ലാരേം അവര് ചന്നം പിന്നം വെട്ടിക്കൂട്ടിക്കളഞ്ഞില്ലേ. എത്രയെണ്ണമാ അവടെക്കെടന്നുരുണ്ടത്. പെണ്ണുങ്ങളേം കൊച്ചുങ്ങളേം ഒന്നും ഒരു നോട്ടോം ഇല്ലാണ്ട്. പട്ടാളം പണ്ട് അറയ്ക്കലെ തുലുക്കത്തികളടുത്ത് ചെന്നപ്പോ തീട്ടം തേച്ച് രക്ഷപ്പെട്ടപോലെ ഇവിടുള്ളോരും ചെയ്തുനോക്കി. പക്ഷേങ്കില് അതങ്ങാനും എവരടുത്തേക്കുവോ. തീട്ടത്തിലും കാട്ടത്തിലും കെടക്കണോരുക്കു അതുവല്ലോം നോക്കണോ. പെഴപ്പിച്ച്കളഞ്ഞില്ലേ. വെട്ടി മലച്ച് ഇട്ടേക്കണ കാണാൻ പിറ്റേന്ന് ചെന്നൊരൊക്കെ പറഞ്ഞത് ചോര മാത്രേ തലയറുത്തിട്ടിരുന്ന വെള്ള ജടങ്ങളിൽ തുണിയായിട്ട് ഉണ്ടായിരുന്നോളെന്നാ. പട്ടരടെ പെണ്ണുങ്ങളെ നോക്കി വായും വരിയും എറക്കി നടന്നോമ്മാര് പോലും കണ്ണുപൊത്തിപ്പോയി. എന്ന് വച്ചാ ഞാമ്പറഞ്ഞില്ലേ തനി ചോരക്കളം.”

തരകൻ തന്റെ പെരിക്കാലട്ട പോലുള്ള ചുണ്ടു പുളുത്തി തലചലിപ്പിച്ച് സംഭവത്തിന്റെ ഉഗ്രത പിന്നെയും മുഖത്തു വരുത്താൻ ശ്രമിച്ചു.

“ഇവിടുത്തത് കഴിഞ്ഞു ആ പോയ പോക്കിന് അവര് രണ്ടടത്ത് കൂടി പണി നടത്തി. നഗരൂരും പാണിക്കാവിലും.അവിടേം ഏതാണ്ടൊക്കെ പണക്കാരടെ മൊതലെല്ലാം തൂക്കി സ്ഥലോം നാശാക്കി കുളത്തൂപ്പഴ വഴി കാട്ടിക്കേറികളഞ്ഞു. പിന്നെ രക്ഷയില്ല. കാടവർക്ക് കളിത്തൊട്ടില് കണക്കാ. കൊറേ നാള് വെളയാട്ടം തന്നായിരുന്ന്. പനങ്കാട്ടിലും താഴെ ഇടുക്കിലും മേയാൻ വിടണതുകള് തിന്നു തിന്നു മലേക്കേറിക്കളയും. പിന്നെ നോക്കണ്ട. എത്രയെണ്ണം പോയെന്നറിയാവോ. ആട്, പശു, പന്നി, പാമ്പ്, മൊതല അങ്ങനെ എന്തോന്നിനെ കിട്ടിയാലും അവര് വെട്ടിക്കൂട്ടി തിന്നും. ഒന്നിനും ഒര് നോട്ടോം ഇല്ല.”

മരക്കൂട്ടത്തിനിടയിലൂടെ താഴേക്കിറങ്ങുന്ന മഞ്ഞയിൽ നെടുവീർപ്പുകളുടെ ഐസു ചേർത്ത് ഒരു പെഗ്ഗ് വലിച്ചടിച്ച് അയാൾ കുറച്ചു നേരം ശ്വാസം പിടിച്ചു.

“നമ്മള് പറഞ്ഞ് വന്നത് പട്ടരുടെ കാര്യം. ഇട്ടുമൂടാൻ സ്വത്തൊണ്ടാരുന്നതല്ലിയോ. ഒക്കെയും പോയി. ഇതൊന്നും മറ്റവന്മാര് ചെയ്തതല്ലന്നും പട്ടര ശിങ്കിടികള്, പ്രത്യേകിച്ചും പട്ടരെ കളിയെല്ലാമറിയാവുന്ന ഒറ്റച്ചെവിയൻ കാര്യസ്ഥന്റ സഹായത്തോട വേറാരോ പണിഞ്ഞിട്ടു അവരടെ അക്കൗണ്ടിൽ വച്ചുകൊടുത്തതാണെന്നുമൊക്കെ പറഞ്ഞ് സ്വന്തക്കാര് പരാതി കൊടുത്ത്.”

അയാള്‍ ഒന്നുകൂടി ഉറച്ചിരുന്നു.

“ഒരു കണക്കിനതില് കാര്യോമൊണ്ട് കേട്ടോ അമ്മാതിരിയല്ലാരുന്നോ പണ്ടിവുടുത്തെ തോട്ടക്കൊല. തോട്ടത്തിന്റെ നോട്ടത്തിന് നിർത്തിയിരിരുന്ന കമ്പനീടേം സർക്കാരിന്റെം ഉദ്യോഗസ്ഥര്. അവമ്മാര്ട കുന്തളിപ്പ്. അവര് തല്ലാൻ വിട്ടാൽ കൊന്നിട്ട് വരുന്ന കൊറേ പണിക്കാര്. അകത്തും പൊറത്തും എത്ര എണ്ണത്തിനെ… എന്റെ കുഞ്ഞേ കളീന്ന് വച്ചാ എന്താ! തട്ടാൻ തീരുമാനിച്ചാപ്പിന്നെ വെട്ടുകാരനെ രഹസ്യായിട്ടൊള്ളൊരു മീറ്റിംഗില് കൂറു നോക്കി ഉറപ്പിക്കും. പിന്ന വൈകിപ്പിക്കത്തില്ല. ഇരുട്ടു വീണാ നല്ല വെടിപ്പിന് പണീം തീർത്ത് ആള് നേരെ വീട്ടിച്ചെന്ന് കെടന്ന് സുഖമായിട്ടൊറങ്ങും. രണ്ടിന്നന്ന് ഇവട തന്നെ ഒള്ള ഒരാള് പിടീം കൊടുക്കും. കോടതില് കേസു വരുമ്പോ കളി മാറീല്ലേ വെട്ടിയ നേരത്ത് പിടികൊടുത്തവന്‍ സ്ഥലത്തില്ല. വല്ല സമ്മേളനത്തിലോ എസ്റ്റേറ്റ് മീറ്റിങ്ങിലോ ആണെന്നുള്ള രേഖേം കാണിക്കും. കേസ് തള്ളി. സിംബിൾ. മൊബൈലും പുല്ലും കൊടച്ചക്രോമൊക്ക വന്നപ്പോ കളി കയ്യീ നിക്കാതായി.”

തരകൻ പിന്നെയും ആവേശം പൂണ്ടു. ഉരിഞ്ഞ മുണ്ട് വലച്ചു മാടി, കൈ കൊട്ടി വല്ലാത്തൊരു താളത്തിൽ പറഞ്ഞു “ഈക്കാണുന്ന എണ്ണപ്പനയെല്ലാം ചോരേപ്പൊടിച്ചു കേറിയതാ. അതിന്റെ കാപ്പൊറത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിയേ തനിച്ചോരേട  നെറമാ. വിമാനത്തിക്കൊണ്ട്ത്തളിച്ച മരുന്നിലല്ല മനുഷ്യര്ടെ എല്ലും പൊടീമാ ഇതുങ്ങടെ വളം.”

“ഏതായാലും അതോടെ കൊറേ പോലീസ് കഴപ്പികള് ഇവിടെക്കേറി പൊറുതി തൊടങ്ങി. പകല് അന്വേഷണോന്നും പറഞ്ഞു കാട്ടിക്കേറിയെറങ്ങി കള്ളും കഞ്ചാവും സേവ. രാത്രീല്  പെണ്ണ് പിടുത്തം. അന്ന് പോലീസിന്റെ പിടുത്തം വീണാ പിന്ന പടം. അതോണ്ട് ചോദിക്കാനാർക്കും നാവു പൊങ്ങൂല്ല. അവര് പെരേക്കേറുമ്പോ ഒറപ്പില്ലാത്തോമ്മാര് പിള്ളേരേം വിളിച്ചോണ്ട് പൊറത്തെറങ്ങിനിക്കും. പന്നിക്ക് പെറന്നോമ്മാര് പൊരേലും വന്ന്. കട്ടായം പറഞ്ഞു മുമ്പിനിന്ന വാപ്പിച്ചിയെ തൂക്കിയെറിഞ്ഞ് ഉമ്മച്ചിയെ വലിച്ചിഴച്ചോണ്ടുപോയി. അവരടെ തൊള്ള കീറിയൊള്ള നെലവിളീം കേട്ടുറക്കത്തീന്നെഴുനേക്കുമ്പോ വാപ്പച്ചീടെ പെറം പൊട്ടി ചോരയൊഴുകുവാ. ഒന്ന് തരിച്ചു നിന്നുപോയെങ്കിലും കയ്യീക്കിട്ടിയതൊക്കെ എടുത്ത് അവന്മാരെ ഞാനെറിഞ്ഞു. മലേന്നെറങ്ങണ പന്നി പറമ്പിക്കേറാതിരിക്കാൻ മുറ്റത്ത് കൂട്ടിയിരുന്ന തീയീന്നൊരു കനത്ത കൊള്ളി വലിച്ചൂരി ഒരുത്തന ഞാൻ കീച്ചി. ഉമ്മാനെ വിട്ട് എന്റെ പിറകെ ആയി എല്ലാവനേം കണ്ടം വഴി കൊറേയിട്ട് ചുറ്റിച്ച് ഓടി പേരേ തിരിച്ചു വരുമ്പഴേക്കും കിണറ്റിനു ചുറ്റാകെ ആള്ക്കാര് വട്ടം കൂടിക്കഴിഞ്ഞിരുന്നു. പിന്നേം വലിഞ്ഞും എഴഞ്ഞും വാപ്പച്ചി കൊറേക്കൊല്ലം കൂടി കഴിഞ്ഞു. അതൊക്കെ ഓർത്താ കബറിക്കെടന്നു പോലും നീറും കുഞ്ഞേ…”dp abhijith, story ,iemalayalam

തരകന്റെ നിസ്ക്കാരത്തഴമ്പ് ചുവന്നു. കണ്ണ് നിറഞ്ഞു. അയാൾ പ്രയാസപ്പെട്ട് മുറ്റത്തിറങ്ങി വീണ്ടും നാരകത്തിന്റെ പട്ടയിൽ ചാരി നിന്നു. അൽപ്പം കഴിഞ്ഞ് തിരിഞ്ഞു നിന്ന് ഓർത്തെടുക്കും പോലെ പറഞ്ഞു.

“അന്നത്തെ സംഭവമെല്ലാം കണ്ട പട്ടരുടെ ഒറ്റച്ചെവിയൻ കാര്യസ്ഥനെ മൊഴികൊടുക്കാൻ പോണെന്റെ തലേന്ന് വീടടക്കം ആരാണ്ട് കത്തിച്ചുകളഞ്ഞ്. അയാള് അറിഞ്ഞോണ്ട് തന്നാ പട്ടര പൂളിയതെന്നും കേക്കുന്നൊണ്ടായിരുന്നല്ലോ. അന്ന് പക്ഷേങ്കി എല്ലടക്കം എരിഞ്ഞ് തീരാറായ രണ്ട് ശവങ്ങളെ കിട്ടിയൊള്ള്. അവരുടെ നാലഞ്ചു വയസൊണ്ടായിരുന്ന ഒരു കുഞ്ഞിനെപ്പറ്റി പിന്നാർക്കും വിവരമൊന്നുമില്ല.”

ഒച്ച താഴ്ത്തി അയാൾ പറഞ്ഞു “സത്യത്തി അതാ ഗീതുക്കുഞ്ഞിന്റമ്മ. പാവം നേരത്തെ ആണേലും അവളെന്തോരം സഹിച്ചിട്ടാ മേലോട്ട് പോയത്. പാതിരാത്രി കെടക്കേന്നെഴുനേറ്റോടി അലറുമാര്ന്ന്. ഗീതുക്കുഞ്ഞിന്റെ ചെലനേരത്തെ പെരുമാറ്റം കാണുമ്പോ എനിക്കതാ ഒരു പേടി.”

2

ഓർക്കുമ്പോൾ നട്ടുച്ച ഇരുണ്ടുകൂടിപ്പെയ്തതുപോലെയാണ് തോന്നുന്നത്. ഏതു നേരത്തും അവിരിടെയും വരാം. കഴിഞ്ഞ ഏതാനം മാസങ്ങൾ, ചിലപ്പോൾ വർഷങ്ങൾ കൊണ്ടുതന്നെ നിഴലനക്കങ്ങൾ പോലും നിരീക്ഷിക്കുന്നുണ്ടാകാം. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പരിചയക്കാരെല്ലാം ഇതിനോടകം സംഭവമറിഞ്ഞുകഴിഞ്ഞു. അതുകൊണ്ട് അവിടെയിനിയാരും സഹായിക്കില്ല. കേരളക്കാരെ, വിശേഷിച്ചും എഴുതുന്നവരെ ഒറ്റുകാരെപ്പോലെ പേടിയോടെയാണ് ഉത്തരേന്ത്യക്കാർ കാണുന്നത്. ഈ ചെറിയ കാലത്തിനിടയ്ക്ക് എവിടെ നിന്നെല്ലാം, തുണിയും പുസ്തകങ്ങളും വലിച്ചെറിഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്. എത്രയോ തവണ ഒരു കാരണവുമില്ലാതെ കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാം ചെയ്തത് നിസ്വരായ മനുഷ്യർ. അവരും ഇരയാക്കപ്പെടുകയാണ്. അഷ്ടിക്ക് വകയില്ലാത്ത പാവങ്ങൾ. സത്യത്തിനു നിരക്കാത്തതായൊരു വരി പോലും ഇന്നുവരെ എഴുതിയിട്ടില്ല, ഒന്നിനും കൂട്ടുനിന്നിട്ടുമില്ല. എന്നിട്ടും…

ആശ്വസിക്കാനാകെയുള്ളത് ആ സിക്കുകാരൻ മരിച്ചിട്ടില്ല എന്നുള്ളതാണ്. ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അയാളെ മറ്റെവിടേക്കോ കൊണ്ടുപോയെന്നും റയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി മടങ്ങുന്നതിനു മുൻപ്, കൂടെ ജോലി ചെയ്യുന്ന റോഷൻ മറ്റാരോ വഴി അന്വേഷിച്ച് പറഞ്ഞതാണ്. സമയം കുറേയധികം ചിലവഴിച്ചിട്ടും അതുമായി ബന്ധപ്പെട്ട വാർത്തകളൊന്നും ഈ ദിവസങ്ങളിൽ കണ്ടതുമില്ല. വാർത്തകൾ മൂടിവയ്ക്കാൻ മീഡിയയ്ക്ക് എളുപ്പം സാധിക്കും. ജേർണലിസ്റ്റായിരിക്കുക എന്നാൽ അദൃശ്യവും ഭീകരവുമായൊരു സർപ്പത്തിന്റെ തുറന്നു പിടിച്ച വായ്ക്കുള്ളിലിരുന്ന് മറ്റനേകം ചെറുസർപ്പങ്ങളോട് പൊരുതുന്നത് പോലെയാണ്. അതിനിടയിൽ കുടുംബം ജീവിതം എല്ലാം ബാധ്യത തന്നെയാണ്.dp abhijith, story ,iemalayalam

സോഫയിൽ കാലും നടുവും മടക്കി ചരിഞ്ഞു കൂമ്പി തരകൻ കിടപ്പുണ്ട്. അകത്തുനിന്ന് ഗീതുവിന്റെ പതിവ് വിതുമ്പലുകൾ. ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല. ഉറക്കം നീരുവയ്പ്പിച്ച കണ്ണുകളെ ലാപ്പിൽ നിന്നും പൊക്കി ചീവീടിന്റെ ഒച്ചയോട് മല്ലിട്ടിരുന്ന അവളുടെ മൈഗ്രൈൻ നിലവിളികളോട് ചേർത്തിരുത്തി.

ലൈറ്റിട്ടപ്പോൾ കണ്ണും കവിളും ചുണ്ടും ചുരുക്കി മുഖം പഴന്തുണിപോലെയാക്കി അവൾ തേങ്ങി.

”തലപൊളിയുന്നെടാ… ലൈറ്റോഫാക്കി തടവിത്താ…”

ക്യാമ്പസ് ഗാർഡനിലെ തണുപ്പ് കുടിച്ചുകിടന്നിരുന്ന സിമന്റ് ബഞ്ചുകളിൽ വെളുക്കുവോളം കുളിരു പുതച്ച് കൂട്ടിരുന്ന മൈഗ്രൈനിരവുകൾ മനസ്സിൽ ചടപ്പിന്റെ പച്ചവിരിക്കുന്നു.
അവളെ ചേർത്തുപിടിച്ചും കാൽ വെള്ളയിൽ ഉമ്മവെച്ചും വെളിച്ചക്കീറിനായി കാത്തിരിക്കുമ്പോഴെല്ലാം പറയാറുളള ആ വാചകം വർഷങ്ങൾകൂടി ഓർത്തതിപ്പോഴാണ്.

‘ഒരു പെണ്ണിലേക്കിറങ്ങാൻ രണ്ടുവഴികളുണ്ട്… കണ്ണും കാലും. കണ്ണിലൂടെ ഇറങ്ങി മനസിനുള്ളിലും കാലിലൂടെ കാമത്തിലും…’

അത് കേൾക്കുമ്പോഴെല്ലാം അവൾ പറയും, “കണ്ണാടാ സ്ത്രീവിരുദ്ധാ എളുപ്പവഴി. അതിലൂടെ കേറി എങ്ങോട്ട് പോകാനും മനുഷ്യർക്ക് പറ്റും. പ്രേത്യേകിച്ചും ആണുങ്ങക്ക്…”

ആദ്യരാത്രിയിൽ തന്നെയുണ്ടായ ജാരദംശന പച്ച വെട്ടം വീഴും മുൻപലിഞ്ഞു തീർന്നെങ്കിലും. പതിയെപ്പതിയെ ദിവസങ്ങളെ നിരവധിയായി നുറുക്കിക്കളയുന്ന നിലവിളികൾ തലപൊളിച്ചു പുറത്തു ചാടുന്നത് പേടിയോടെനോക്കിയിരിക്കുമ്പോൾ മുടിനാരു കൊണ്ടു തലയ്ക്കുമുകളിൽ കൊരുത്തിട്ട വലിയ ഇരുമ്പു നങ്കൂരം പോലെ മൈഗ്രൈൻ ചോദ്യ ചിഹ്നമായി രൂപാന്തരപ്പെട്ടിരുന്നു. അതിന്റെ കൂടെ ജോലി സംബന്ധമായ നൂറു കൂട്ടം പ്രശ്നങ്ങളും.

യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്ന കൈകൾ പ്രവർത്തനം നിർത്തിയപ്പോൾ ചുരുളൻമുടി വകഞ്ഞുമാറ്റി ചുണ്ട് പുറത്തെടുത്ത് പതിഞ്ഞ ഒച്ചയിൽ അവൾ ചോദിച്ചു “ഡാ നിനക്ക് നിധിവേണോ… വാരിയാലും കോരിയാലും തീരാത്തത്രയും പൊന്നും പണവും.
ഇവിടം കുഴിഞ്ഞു ഞാനും നീയും താഴോട്ട് പോയാ ചെന്ന് വീഴുന്നത് നേരെ നിധിപ്പുറത്താ. അറിയോ?”

അവളാകെ ഉലഞ്ഞിരിക്കുകയാണ്. മറുപടിയൊന്നും പറയാതെ പതിയെക്കണ്ണുകളടച്ചു പറഞ്ഞു ”നീ ഉറങ്ങിക്കോ നേരം കുറേയായി.”

3

ആർത്തലച്ചുകയറിവന്ന കാറ്റ് ജനൽ ചില്ലുകളെ തകർത്ത് തൂക്കുവിളക്കുകളെ ഉലയ്ക്കുന്നത് ഇടയ്‌ക്കെപ്പഴോ അറിഞ്ഞപ്പോഴാണ് കയ്യകലത്തിൽ ഗീതുവില്ലെന്നു മനസിലാക്കുന്നത്. ബെഡ് ലാംപ് തെളിയിച്ച തൊട്ടടുത്ത നിമിഷം ത്രികോണം പോലെ ഇരുട്ടിനെ വരഞ്ഞുകീറിയ വെളിച്ചം ഭൂഗോളത്തെ നെടുകെപിളർത്തി. നേർമുകളിൽ, ഭൂഗുരുത്വത്തെ മുഴുവൻ റദ്ദീകരിച്ചുകൊണ്ടു കിടക്കയിൽ അവൾ സുഖമായി ഉറങ്ങുന്നു. പ്രപഞ്ചത്തിന്റെ കീഴ്മേൽ മറിച്ചിലിൽ പോലെ. രാത്രി ഒരു ഭീകര സത്വത്തെപ്പോലെ ഭയം തുപ്പുന്നു. എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല.

പുറത്തു വരാത്ത നിലവിളികൾ കേട്ടവൾ ഉണർന്ന് എങ്ങോട്ടെന്നില്ലാതെ നടക്കുവാന്‍ തുടങ്ങി. അനൈച്ഛികങ്ങളെന്നപോലെ മറ്റാരോ നിയന്ത്രിക്കുന്ന ചലനങ്ങള്‍. അനുസരണയോടെ അവൾക്ക് പിന്നാലെ നടക്കാനല്ലാതെ മറ്റൊന്നുമാകുന്നില്ല. വീശിയടിക്കുന്ന തണുത്ത കാറ്റിൽ അവൾ അലിഞ്ഞു ചേരുകയാണണെന്ന് തോന്നുന്നു. വേഗം കിട്ടുന്നില്ല, പൂഴിയിലെന്ന പോലെ കാൽ തളരുന്നു.

ഇരുട്ടിന്റെ ഇടഭിത്തികളെ വകഞ്ഞുമാറ്റി ദേശാന്തരഗമനംപോലെയാ നടത്തം വെളിച്ചത്തിന്റെ ഒരു ചൂണ്ടുപലകയ്ക് മുന്നില്‍ എത്തിനില്ക്കുന്നു. ഇരുവശത്തും അണഞ്ഞു കത്തുന്ന പന്തങ്ങളുള്ള, കനാലു പോലെ ഒന്നിലേക്ക് താഴേക്കിറങ്ങാവുന്നത്. ഉള്ളിലേക്കിറങ്ങി. വശങ്ങളിലെ മണ്ണുകയ്യാല രാജകീയ ഭിത്തികളായും വെള്ളവും ചെളിയും നിറഞ്ഞ കനാൽ പാദം സ്വർണ്ണ പരവതാനിവിരിച്ച രാജവീഥിയായും മാറുന്നു, വിശേഷപ്പെട്ട ആരെയോ പ്രതീക്ഷിച്ചുള്ള ഒരുക്കങ്ങളെന്നപോലെ. ആരായിരിക്കും ആ അതിഥി. ഞാനാകുമോ?

ഒറ്റനിമിഷത്തില്‍ മുന്നിലെ ചുവന്ന പ്രകാശത്തിൽഅവളലിഞ്ഞില്ലാതാകുകയും ഒറ്റമുണ്ടുമാത്രം ധരിച്ചൊരു നിഴൽ രൂപം പുറത്തു വരികയും ചെയ്തു. വർഷങ്ങളോളം പട്ടിണിക്കിട്ട മനുഷ്യനെപ്പോലെ മെലിഞ്ഞുണങ്ങിയ, ചോരയോട്ടം നിലച്ചെന്നു തോന്നുമെങ്കിലും ജീവനുള്ള ശരീരം. ചുറ്റാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെയും സത്യമെന്നും മിഥ്യയെന്നും വേർപിരിക്കാനാകുന്നതല്ല. ഒരു മായാജാലക്കഥപോലെ. dp abhijith, story ,iemalayalam
ശരീരത്തിനും ശവത്തിനുമിടയിൽ അവശേഷിക്കാവുന്ന ആശയറ്റൊരു മൂളൽ പോലും അയാളിൽ നിന്നുമുണ്ടായില്ല. ഒരേ സമയം ജീവിച്ചിരിക്കുകയും മരിക്കുകയുമാണെന്ന് തോന്നിച്ച വൈകൃതരൂപത്തിന്റെ തുറിച്ച് തള്ളിയ കണ്ണുകളിൽ തളം കെട്ടിക്കിടക്കുന്ന ചോരപ്പോടെ മുന്നിലെ സ്വർണ്ണകൂമ്പാരത്തിലേക്ക് ചൂണ്ടി അനക്കമറ്റുനിന്നു.
മരങ്ങളും വെട്ടുകല്ലുകളും കൊണ്ടുണ്ടാക്കിയ ഒരറ നിറയെപ്പൊന്ന്.
പട്ടരുടെ കൊള്ളയടിക്കപ്പെട്ട നിധിയാണോ ഇത്? ആണെങ്കിൽ ഇത് സ്വന്തമാകുമ്പോൾ തനിക്കുവേണ്ടി ഇരുട്ടുപോലവർ വീണ്ടും വരില്ലേ?. അറുത്തെടുത്ത തല അതേ മതിലിന്മുകളിൽ നിലം വരെ ചോരയൊലിപ്പിച്ച് കാഴ്ച്ചക്കാർക്കുള്ള താക്കീതായി ഇരിക്കില്ലേ?.

ഒറ്റ ചെവി മാത്രമുള്ള അയാള്‍ അകത്തേക്ക് വലിഞ്ഞു കോടിയ മുഖപേശികൾ കൊണ്ട്പകുതിപോലും മുഴുവിപ്പിക്കാത്തൊരു ചിരിയെറിഞ്ഞ് കാഴ്ചവട്ടത്തിൽ നിന്നില്ലാതെയാകുമ്പോൾകൂട്ടക്ഷരങ്ങളാൽജന്മാന്തരബന്ധം ആലേഖനം ചെയ്യപ്പെട്ടുകിടന്നു. നെടുവീർപ്പൊരു മുഴക്കം പോലെ.

കുറേ നേരം സ്വലാത്ത് ചൊല്ലി മുട്ടിലിരുന്നു. കഥാലസ്യത്തിലെന്നോണം പരിചിതമായി ചുറ്റും മാറിയിരിക്കുന്നു.ഊറിക്കൂടിനിന്ന പേടിയെല്ലാം അലിഞ്ഞിറങ്ങുന്നു. എല്ലാം ഇനി സ്വന്തം.

Read More : അഭിജിത്ത് എഴുതിയ കഥകള്‍ വായിക്കാം

തിരിച്ച് പടവുകൾകയറുമ്പോൾ കാൽച്ചുവട്ടിൽ ഒരു യുഗം പിന്തുടരുന്നതുപോലെ. താഴേക്കുള്ള വാതിൽ ശ്രദ്ധയോടെയടച്ച് മുറിയിലെത്തുമ്പോൾ
എല്ലാം സ്വപ്നംപോലെ ഭദ്രം.

ഒന്നുമറിയാതെ അവൾ കിടക്കയിൽ സുഖമായുറങ്ങുന്നു.ഒഴിവാക്കുവാനുള്ള പരിശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തി എല്ലാമറിഞ്ഞുള്ളിലുറങ്ങുന്ന കുഞ്ഞ്. ചുറ്റാകെ നോക്കി. ശാന്തം.

സ്വർണ്ണപ്പിടിയുള്ള പേനാക്കത്തി തലയിണക്കടിയിൽ തിരുകി ബെഡ്ഷീറ്റിന്റെ അറ്റം വലിച്ച് കാതു കൂർപ്പിച്ചു കിടന്നു. കാടിളക്കിവരുന്ന ഉറക്കു പാട്ടിനായ്. പക്ഷേ അപ്പോഴേയ്ക്കും ഇരുട്ട് വാതിലിൽ മുട്ടിത്തുടങ്ങിയിരുന്നു.

 

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Naxalbari short story d p abhijith