/indian-express-malayalam/media/media_files/uploads/2018/12/akhil-6.jpg)
1
ഈ മനുഷ്യനെ നിനക്ക് ഓര്‍മ്മയുണ്ടോ?
കാളിദാസന്‍ മുഖം ഉയര്‍ത്തി നോക്കിയില്ല.
പൊലീസുകാരന്‍ വീണ്ടും ചോദിച്ചപ്പോള്‍ അയാള്‍ അതേയെന്നു പറഞ്ഞു.
നടക്ക്. കാളിദാസന്‍ നടന്നു. ഓരോ വഴിയും പരിചിതമാകും പോലെ.
ഒരു പൂച്ച അവര്‍ക്കിടയില്‍ വന്നുകയറി. ഇതാരുടെ പൂച്ചയാണ്
സമീപത്ത് നിന്നിരുന്ന സ്ത്രീ മുകളിലേക്ക് കൈ ചൂണ്ടി
അവിടെ ഞാന്‍ നില്‍ക്കുന്നുണ്ടായിരുന്നു.
എന്‍റെ പൂച്ചയാണ് സാര്‍.
സാര്‍, സാര്‍, ഈ കൊളോണിയല്‍ ബഹുമാനം നമ്മെ വിട്ടുപോകുന്നില്ലല്ലോ. അധിനിവേശത്തിന്‍റെ കൊടുങ്കാറ്റ് അവസാനിച്ചെങ്കിലും ഈ രീതി ശാസ്ത്രങ്ങള്‍ ഒന്നും മാറുന്നില്ല. രേണു അങ്ങനെ പറഞ്ഞത് പൊലീസുകാരന്‍ കാളിദാസനെയും കൊണ്ട് പോയതിനു ശേഷമാണ്.
പൊലീസുകാരന്‍ എന്നെ നോക്കി കുറച്ചു സമയം നിന്നു.
"കൊള്ളാം നല്ല പൂച്ചയാണ്. സ്ത്രീയെ നിങ്ങള്‍ക്ക് ഇയാളെ അറിയാമോ?"
ഞാന്‍ പറഞ്ഞു. അറിയുമായിരുന്നു
ഇപ്പോള്‍ എനിക്ക് അയാളെ അറിയില്ല.
"അപ്പോള്‍ നിങ്ങള്‍ ഇയാളുടെ പരിചയക്കാരന്‍ ആണെന്ന് ഉറപ്പല്ലേ? അപ്പോള്‍ സ്ത്രീയേ വെറുതെ കളിക്കാന്‍ നിക്കണ്ട."
കാളിദാസന്‍ എന്നെ തന്നെ നോക്കി.
ഞാന്‍ എന്റെ പൂച്ചയെ വിളിച്ചു. അവള്‍ മുകളിലേക്ക് പെട്ടന്ന് ഓടി വന്നു.
പൊലീസുകാരന്‍ അയാളെയും കൊണ്ട് നടന്നു പോയി.
''ഞങ്ങള്‍ പുതപ്പിനടിയില്‍
ഒളിച്ചിരുന്ന രാത്രികളില്‍
പലപ്പോഴും അവള്‍ പാടുകയും
ഞാന്‍ ആവർത്തിപ്പിക്കുകയും ചെയ്തു.
ചിലപ്പോള്‍ അവള്‍ ചുംബിക്കുകയും ഫാസിസത്തെക്കുറിച്ച്
നീണ്ട പ്രഭാഷണം നടത്തുകയും ചെയ്യും .
ആ രാത്രികള്‍ ഞാന്‍ ഒരിക്കലും മറക്കുന്നില്ല .
ഓരോ പുതു കവിത കാണുമ്പോഴും
ഞാന്‍ നിന്നെയും എന്നെയും അതിലേക്ക് ചേര്‍ത്തു വയ്ക്കാന്‍ ശ്രമിക്കുന്നു .
ഒരു കവിതയാകുന്നത് ശ്രമകരമാണെന്ന് എനിക്കറിയാം .
ജീവിതം നിന്റെ ഗന്ധമായിതീരുന്ന
ഇഷ്ടങ്ങളുടെ അമൂര്‍ത്തതയെ അനുഭവിക്കുമ്പോള്‍ ഞാനും നീയും കവിതയാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
2
രണ്ടു കുട്ടികള്‍ മുഖത്തോട് മുഖം നോക്കി കിടക്കുന്നു. അവര്‍ കാണിക്കുന്നതെന്തോ അതവരുടെ ലോകം മാത്രമാണ്. കുട്ടികള്‍ ചിരിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, അവരുടെ ചുറ്റും മനുഷ്യരുടെ കാലുകള്‍ ചലിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീയുടെയും പുരുഷന്റെയും കാലുകള്‍. വ്യത്യസ്തമായ ചെരുപ്പുകള്‍. കുട്ടികള്‍ എന്നിട്ടും അതറിയുന്നില്ല. മണ്ണ് യുക്തിക്കും അപ്പുറം മറ്റെന്തോ ആയതിനാലാവാം കുട്ടികള്‍ക്ക് മുകളില്‍ ലോകം അതിന്‍റെ വൈചിത്ര്യങ്ങള്‍ ഓരോന്നും കാണിച്ചു കൊണ്ട് മറയുന്നു.
ഞാന്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു . കാളിദാസന്‍ വന്നിട്ടുണ്ട്. കാളിദാസന്‍ തന്നെ പറഞ്ഞു .
മുഖത്ത് നല്ല ക്ഷീണം. വാട്ട്സ് ആപ്പില്‍ ഞാന്‍ അയച്ച മെസ്സേജുകള്‍ ഒക്കെ നിങ്ങള്‍ കണ്ടിരുന്നു. എന്താണ് മറുപടി അയക്കാഞ്ഞത് ?
ഞാനതിനുമറുപടി പറഞ്ഞില്ല.
വിശക്കുന്നില്ലേ.
വിശപ്പും ദാഹവുമുണ്ട് ...എന്തൊരു ചൂട്
നില്‍ക്കൂ.
ഞാന്‍ അകത്തേക്ക് പോയി
പാതി മുറിച്ച ചെറുനാരങ്ങ പിഴിഞ്ഞ് ഗ്ലാസ്സിലേക്ക് പകര്‍ന്ന് പഞ്ചസാരയും ലേശം ഉപ്പും ചേര്‍ത്ത് ജലം അതിലെക്കൊഴിച്ചു .
കാളിദാസന്‍ പറഞ്ഞു ജലം ഓര്‍മയാണ്.
എന്നാല്‍ ഓര്‍മയെ ഭക്ഷിച്ചു കൊള്ളൂ. ഞാന്‍ അയാള്‍ക്ക് അരികിലേക്ക് ജലം നീക്കി വെച്ചു.
അയാള്‍ പൊട്ടിച്ചിരിച്ചു .
എന്തൊരു ലാഘവത്വമാണ് നിങ്ങള്‍ക്ക്, ഞാന്‍ അയാളിലേക്ക് ചേര്‍ന്നിരുന്നു . കാളി ദാസന്‍. ഈ പേര് നിങ്ങളുടെ അച്ഛനിട്ടതാണോ?
അച്ഛനോ അമ്മയോ എനിക്ക് കൃത്യമായി അറിയില്ല .
അല്ലെങ്കിലും പേരില്‍ എന്താണ് കാര്യം?
പേരില്‍ കാര്യം ഇല്ലെന്നല്ല.
അതുപോട്ടെ ഇവിടെ നിങ്ങള്‍ എന്തുചെയ്യുന്നു ?
സസ്യശാസ്ത്ര ഗവേഷണം
യു മീന്‍ ബോട്ടണി?
കാളിദാസന്‍ അതേയെന്ന് തലയാട്ടി .
ഗവേഷണമാണ്
ഇഴഞ്ഞു നീങ്ങുന്ന ഗവേഷണം.
അയാള്‍ ചിരിച്ചു.
നീ ചിത്രത്തില്‍ കാണുന്നതിലും സുന്ദരിയാണ്.
ഓ ഞാനൊരു വയസ്സിയാണ്.
ഒറ്റക്ക് ഇവിടെ എത്രകാലമായി?
ഞാന്‍ ചിരിച്ചു ഞാന്‍ ഇവിടെയെ ആയിരുന്നിട്ടുള്ളൂ.
ഫിലോസഫി.
ഇന്ത്യയില്‍ കാര്യങ്ങള്‍ വിചിത്രമാണ്.
നോക്ക് കാളിദാസന്‍ നിങ്ങളെ പറ്റി ആളുകള്‍ എന്താണ് പറയാന്‍ പോകുന്നത് എന്നെനിക്ക് അറിയില്ല. നിനക്ക് മുപ്പതു കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ, ഞാന്‍ അറുപതിന് അടുത്തെത്തി.
ലോകം വളരെ വിചിത്രമായി പെരുമാറും. ഞാന്‍ പറഞ്ഞന്നേയുള്ളൂ .
അയാള്‍ എന്നെ അമര്‍ത്തി ചുംബിച്ചു. എന്നേക്കാള്‍ ഇളപ്പം ചെന്ന ഒരു ജീവന്‍ പെട്ടന്ന് ചുണ്ടില്‍ കടിച്ച പോലെ. എനിക്ക് കവിളില്‍ ചൊറിയാന്‍ തോന്നി. അവന്‍ അമര്‍ത്തി ചുംബിച്ചു കൊണ്ടിരുന്നു .
ഞങ്ങള്‍ അന്ന് ആദ്യമായി കാണുകയായിരുന്നു. സംഭാഷണ ശകലങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും അപ്പുറം. മണവും രുചിയും ഭംഗിയുമുള്ള ഒരു മനുഷ്യന്‍ എനിക്ക് അയാളെ അങ്ങനെ ഓര്‍ക്കാനായിരുന്നു ഇഷ്ടം. അതുകൊണ്ടാകണം ഓരോ തവണയും പരിചിതമായ ശബ്ദംകൊണ്ട് പരിചയത്തെ സാധാരണമാക്കുമ്പോഴും നോട്ടത്തിലെ ശരീര ശാസ്ത്രത്തെ അറിയാനുള്ളതോ. ജന്മ സഹജമായതോ ആയ തിടുക്കമായിരുന്നു കാളിദാസനില്‍.
തെളിച്ചമുള്ള ജലത്തില്‍ ഞങ്ങള്‍ നീന്താന്‍ തുടങ്ങി.പച്ചപ്പായാല്‍ ദേഹത്തില്‍ ചുറ്റി ഒരു മന്ത്രധാരയില്‍ ആഴങ്ങളിലേക്ക് പോയി. ഗൗതമനെ കണ്ടു അവന്‍റെ അച്ഛനെ കണ്ടു.മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും മദ്ധ്യേയാണ് കാളിദാസനും ഞാനും ഒഴുകിയത്. ഓര്‍മയോ ജീവിതമോ?
നിനക്ക് എന്തുതോന്നുന്നു.
രണ്ടുമാണ്.
അയാള്‍ ഫോണിലേക്ക് എന്നെ വീണ്ടും വീണ്ടും പകര്‍ത്തുന്നു .
ചീവീടുകള്‍, മണ്ണിരകള്‍ നമ്മള്‍ അവയിലേക്ക് തീര്‍ഥയാത്ര നടത്തുന്നു. വേലിപ്പത്തല്‍ കുമിളകള്‍ ഉണ്ടാക്കുന്ന രാസവിദ്യ പഠിച്ചെടുത്ത കാളിദാസന്‍ ഒന്നിനുമുകളില്‍ ഒന്നായി കുമിളകളെ അടുക്കി രസിച്ചു .
എനിക്ക് നിന്‍റെ ഗന്ധമാണ് ഇഷ്ടം. തൊടിയിലൂടെ നടക്കുമ്പോള്‍ ഞാനതു പറഞ്ഞു .അവന്‍ എന്നെ ശരീരത്തോട് ചേര്‍ത്തു നിര്‍ത്തി.
ഇതേത് പൂവാണ്.
കൃഷ്ണക്രാന്തിയുടെ മണം.
സ്ക്രോള്‍ ചെയ്യുന്നതിനിടയില്‍ അവന്‍ ചിത്രങ്ങള്‍ കാണിച്ചു. വണ്ടുകള്‍, കരഞണ്ട്. ദ്വിഭാഷിയായ രാജേന്ദ്ര ജസ്വാള്‍. അമ്മ, വീട് .
3
ദൈവമേ... ചീനിച്ചട്ടിയില്‍ വറുക്കുന്ന ഉണക്കമീന്‍ ഇടവഴികളെ നനക്കുന്നു. മിശ്രഭുക്കുകളായ പൂച്ചകള്‍, നായകള്‍ ചുവന്ന ചെമ്പരത്തിയുടെ തണലില്‍ നിന്നും തലയുയര്‍ത്തി നോക്കുന്നു.
ചുവന്ന ചെമ്പരത്തി അഥവാ ഹിബിസ്കസ്. കാളിദാസന്‍ നിരീക്ഷിച്ചു .
ചുവന്ന ചെമ്പരത്തികള്‍ നിരത്തി നാട്ടുപിടിപ്പിച്ചാണ് അതിരുകളെ മറ്റതിരുകളില്‍ നിന്നും തിരിച്ചിരുന്നത്. ഒരു രാജ്യത്തില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് എന്നപോലെ പക്ഷികളും. മഞ്ഞ ശലഭങ്ങളും തുടരെ പറക്കുന്നു .
കാളിദാസന്‍ തുടര്‍ന്നു.
ഒറ്റപ്പെട്ടവരുടെ ലോകം വിചിത്രമാണ് .ഒരുപക്ഷെ നിങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറം ഒറ്റക്കായിപ്പോയാല്‍ അവര്‍ മനുഷ്യരെ മടുക്കാന്‍ തുടങ്ങും.ഒരു ദിവസം ഓടിപ്പോയി എവിടെയെങ്കിലും ഒളിച്ചിരിക്കും. നമ്മള്‍ കാണുന്ന മനുഷ്യരൊക്കെ അവരെ എവിടെയൊക്കെയോ ഒളിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.
വരൂ എന്നോട് ചേര്‍ന്ന് ഒരു ചിത്രം എടുക്കാമോ?
കാളിദാസന്‍ അടുത്തുവന്നു .അവനെ കാട്ടുപുല്ലുകള്‍ മണത്തു .എന്‍റെ മുന്നിലെ നരച്ച മുടികള്‍ ഒതുക്കി വെച്ചു.ഞങ്ങള്‍ ഒരു സെല്‍ഫിയെടുത്തു.
എന്താണ് ഈ സ്റ്റാറ്റസ്സിന്റെ തലക്കെട്ട്.
ഞാന്‍ ചിരിച്ചതു മാത്രമേയുള്ളൂ.
എത്രകാലം ഉണ്ടാകും ഇവിടെ?
കൃത്യമായി അറിയില്ല.
ദാസന്‍ മുന്നിലേക്ക് നടന്നു.
പിന്നെ പെട്ടന്നുനിന്നു. അവന്‍ എന്നെ ചേര്‍ത്തു പിടിക്കാന്‍ നോക്കി. അപ്പോള്‍ ഞാനതാദ്യമായി കണ്ടു. ഒരരണ പെണ്ണിന്‍റെ പള്ളയില്‍ കടിച്ചുപിടിച്ചുകൊണ്ട് അരഭാഗം മറ്റൊരു അരണയോട് ചേര്‍ത്ത് ബന്ധപ്പെടുന്നു. ഉണങ്ങി വീണ ഇലകള്‍ക്കിടയില്‍ നടക്കുന്ന ഒരു മഹാരഹസ്യം വെളിപ്പെട്ടു കിട്ടുന്നത് നോക്കി ഞങ്ങള്‍ നിന്നു.ചുവന്ന വാലുള്ള അരണകളുടെ ഇണ ചേരല്‍ അതിനുമുന്‍പ് ഒരിക്കലും അയാള്‍ കണ്ടിരുന്നില്ല. വെയില്‍ മൂക്കുമ്പോള്‍ മനുഷ്യര്‍ ഉച്ചയില്‍ ഉള്ളിലേക്ക് ഒതുങ്ങുമ്പോള്‍ മാത്രം നിലത്തെ വെറും മണ്ണില്‍ സ്വസ്ഥമായി തലയുയര്‍ത്തി നില്‍ക്കുന്ന അരണകളുടെ ഒരു വിചിത്ര ലോകം കുട്ടിക്കാലം മുതലേ അയാൾക്ക് പരിചിതമാണെന്ന് പറഞ്ഞു .
മകന്‍ വിളിച്ചപ്പോള്‍ ഞാന്‍ കിണറ്റിന്റെ കരയില്‍ നില്‍ക്കുകയായിരുന്നു. മണ്ണ് വെട്ടി മുകളിലേക്ക് കയറ്റി വിസ്താരത്തില്‍ തടമെടുക്കുകയായിരുന്നു ജോലിക്കാരന്‍. ആസന്നമായ മഴക്കാലം കണ്ടുകൊണ്ടുതന്നെ പണികള്‍ പലതും മുന്നേ ചെയ്തു തുടങ്ങിയിരുന്നു. ''അമ്മേ അവന്‍ പുറപ്പെട്ടിട്ടുണ്ട് .ഉച്ചയോടെ എത്തുമായിരിക്കും'' അവന്‍ വേറൊന്നും പറഞ്ഞില്ല, വല്ലപ്പോഴും അവന്‍ വിളിക്കുന്നു എന്തെങ്കിലും പറയുന്നു. അവന്‍റെ വിളി മരണത്തിനു മുന്‍പോ പിന്‍പോ അതോര്‍ക്കാന്‍ സാധിക്കുന്നില്ല .
കാളിദാസന്‍ പറമ്പില്‍ കുനിഞ്ഞിരുന്നു അയാളൊരു പെരിക്കാലട്ടയെ ഈര്‍ക്കില്‍ കൊണ്ട് തോണ്ടി രസിക്കുകയാണ്.
വിട്ടേക്ക് , ഞാന്‍ പറഞ്ഞതുകേട്ടിട്ടും അയാള്‍ അങ്ങനെ തന്നെചെയ്തു. ദേഷ്യത്തോടെ അയാളുടെ തോളില്‍ തട്ടി എഴുന്നേല്‍ക്ക് നേരം താമസിക്കുന്നു എന്നു പറയേണ്ടി വന്നു .
പപ്പായ മരങ്ങള്‍ പുരപ്പുറം കടന്നു വളര്‍ന്നാല്‍ മുറിച്ചു കളയണം എന്നാണ് പണ്ടുള്ളവര്‍ പറയുന്നത് പറമ്പിലൂടെ നടക്കുമ്പോള്‍ ഞാനയാളോട് പറഞ്ഞു. പകുതി തീര്‍ത്ത ഒരു കപ്പക്കയുടെ ഉള്ളില്‍ നിന്നും തല പുറത്തേക്ക് വലിച്ച് ഒരു പക്ഷി പറന്നു. വൈറ്റ് ചീക്കിട് ബാര്‍ബറ്റ് അയാള്‍ ഇംഗ്ലീഷില്‍ പറഞ്ഞു ..
തനിക്ക് ഇങ്ങനെയൊരു കടിച്ചാല്‍ പൊട്ടാത്ത പേരുണ്ടോ യെന്നു കിളിക്കറിയാമോ? ഞാന്‍ അയാളോട് തമാശക്ക് ചോദിച്ചു . ചിലപ്പോ അറിയാമായിരിക്കും ഗൗരവമുള്ള അയാളുടെ മറുപടിയിലെ അരസികത്വമോര്‍ത്ത് എനിക്ക് ദേഷ്യം വന്നു .പ്രായത്തില്‍ അയാള്‍ എന്നേക്കാള്‍ ചെറുപ്പമാണ്. എങ്കിലും അയാളുടെ അറിവും സ്ഥാനവും വളരെ മുകളിലാണ്. ഞാന്‍ അങ്ങനെ കരുതിയിരുന്നു എന്നുവേണം കരുതാന്‍.
പിടിക്കപ്പെടുംവരെ അവന്‍ എന്നെ നിരന്തരം ആനന്ദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. മകന്‍റെ കൂട്ടുകാരന്‍ ഞാന്‍ മരങ്ങളോട് പറഞ്ഞു. മരങ്ങള്‍ എല്ലാം അറിയുന്നുണ്ട്.
കുല്‍ദീപ് നയ്യാരുടെ ഒരു പുസ്തകം വായിച്ചു മടക്കി ഉറങ്ങാന്‍ കിടന്നതാണ് ഞാന്‍. പതിവുതെറ്റിയ ഒരു എകാന്തത വന്നുവിളിച്ചതുപോലെ. ഞാന്‍ എഴുന്നേറ്റിരുന്നു. പിന്നെ ഇതെഴുതാന്‍ തുടങ്ങി. ലാപ്ടോപ്പിലെ മോണിട്ടര്‍ സ്ക്രീനില്‍ പറന്നു പറ്റുന്ന ഷഡ്പദങ്ങളിലെ വിചിത്ര രൂപികളെ കാലുകളും ചിറകും മണവും കൊണ്ട് അനുഭവിക്കുന്നു. ഈ പ്രക്രിയക്ക് എന്താണ് പറയുന്നതെന്ന് സെര്‍ച്ച് ചെയ്തു നോക്കി.
പ്രകാശം ചിലപ്പോഴെങ്കിലും ഒരു കെണിയാണ്. പ്രകാശം എന്തിനെയും ആകര്‍ഷിക്കുന്നു. ഞാനോര്‍ത്തത് മനുഷ്യനും ഇതുപോലെയാണെന്നാണ്. ചിലര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. ഒടുവില്‍ ആ പ്രകാശ സ്രോതസ്സിന്റെ തകര്‍ച്ച പ്രകാശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു .
ഇരുട്ടിന്‍റെ സ്വാഭാവികതയില്‍ ജീവികള്‍ സ്വതന്ത്രരായി നടക്കുന്നു എന്നെനിക്ക് തോന്നി.ലൈറ്റുകള്‍ അണച്ചു കളയുക ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം പോലെ തോന്നി.
രണ്ടു കാലങ്ങളില്‍ ഇവിടെ ആളുകള്‍ വന്നിരിക്കാം മനുഷ്യര്‍ അവരെ ചൂഴ്ന്നു നിന്ന രഹസ്യങ്ങളെ അവസാനിപ്പിച്ചു കൊണ്ട് പൂവായും പറവയായും ജലമായും മാറി.
അതൊരു ഗവേഷണ കഥയാണ്.സസ്യ ശാസ്ത്രം കൊണ്ടുമാത്രം വൃക്ഷങ്ങളെ മനനം ചെയ്തെടുക്കാന്‍ സാധിക്കുമോ.
പക്ഷേ, ജലം ഭരിക്കുന്നു. ജലം പ്രതീകമാണ് ജലത്തെ നോക്കി കാല ഗണന ആവശ്യമില്ലാത്ത വിചാരങ്ങളെ എന്നിലേക്ക് തന്നെ കൊണ്ടുവന്നു. ഞാന്‍ സങ്കൽപ്പിച്ചു നോക്കി .
വളരെ വിചിത്രമായ കാര്യങ്ങളെപ്പറ്റി നിരീക്ഷിക്കുകയാണെങ്കില്‍ ഈ പ്രപഞ്ചത്തില്‍ എല്ലാം സംവേദനം ചെയ്യുന്നു എന്നുതോന്നും. അതൊരു തീവ്ര യാഥാര്‍ത്ഥ്യമാണ്. ഇത്തരം കളികള്‍ ഏകാന്തതയെ കൊല്ലുന്നു . നിര്‍ജീവമായ പലതും ജീവനുള്ളതായി മാറുന്നു.
''കാളിദാസാ''? ഇരുട്ടില്‍ ആരോ വിളിക്കുന്നു.
ആരാണത് ?
ഞാന്‍ ചോദിച്ചു.
ഉത്തരമില്ല
ഒന്നുകൂടി ഉറക്കെ വിളിച്ചു ചോദിച്ചു ഉത്തരമില്ല
കഷ്ടം
എന്‍റെ ഉറക്കം ഒന്നുകൂടി നഷ്ടപ്പെട്ടു .
കാളി ദാസന്‍ ഇനിയും വന്നിട്ടില്ല.രാത്രി പുകമഞ്ഞുകൊണ്ട് മൂടിക്കിടക്കുന്നു , മനസ്സിന് കാളിദാസനെ രാത്രിയില്‍ അന്വേഷിച്ച ആളെ അറിയണം.ഒരു നിഗൂഢ സ്വഭാവം ഒളിപ്പിച്ചുകൊണ്ട് ആ ശബ്ദം എങ്ങോട്ട് പോയെന്ന് ചിന്തിക്കണം .
പാതിരാത്രിയായിട്ടും എനിക്ക് ഉറക്കം വരുന്നില്ലല്ലോ.
ജലത്തിന്‍റെ ഓര്‍മയില്‍ നിന്നാണ് ഞാന്‍ എഴുന്നേറ്റത് .പ്രളയം രണ്ടുതെങ്ങുകളെ ഏറ്റിപ്പിടിച്ച ഉയരത്തിലൂടെ അറബിക്കടലിലേക്ക് ഒഴുകിപ്പോയത് ..ഒരു മഴയില്‍ മീനുകള്‍ ടാങ്കുകളെ ഭേദിച്ചുകൊണ്ട് പുറത്തു ചാടിയത് .
കാളിദാസന്‍ വന്നിരുന്നു
അതുകൊണ്ട്
കാളിദാസന്‍ പറഞ്ഞു "സ്വാതന്ത്ര്യം"
ഞാന്‍ ചിരിച്ചു.
പക്ഷേ, മീനുകള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
അതിനെന്തുവേണം ഒരിക്കല്‍ മഹാസമുദ്രം കണ്ടില്ലേ.
അങ്ങനെ ജീവിതം സാക്ഷാല്‍ക്കരിക്കപ്പെട്ടില്ലേ.
അന്ന് പച്ചപ്പായലില്‍ ഒളിച്ചു കിടന്ന ഒരു പൊത്ത വെള്ളത്തിനുമേല്‍ പൊന്തി വന്നു ചോദിച്ചു രഹസ്യം കണ്ടെത്തിയോ?
കുട്ടത്തിപ്പരല്‍ മാനത്തുകണ്ണി, പീര നാട്ടു മത്സ്യങ്ങള്‍ പൊന്തിവന്നു. ഞാന്‍ കാളിദാസനെ പിടിച്ചുവലിച്ചു. എനിക്ക് സമാധാനം പറയാന്‍ വയ്യ.
മീന്‍ കണ്ണുകള്‍.
ദയാവായ്പോടെ നോക്കി.
എന്തുചെയ്യാന്‍.
4
ഗവേഷണങ്ങള്‍ അവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത കണ്ടെത്താന്‍ ഇനി ഒന്നും അവസാനിക്കുന്നില്ല എന്ന തോന്നല്‍ മാത്രമാണ്. മകനെ ഞാന്‍ ഗവേഷണം ചെയ്തു. കാളിദാസന്‍ സസ്യങ്ങളിലും.
പക്ഷേ, അയാളുടെ പെട്ടികള്‍ മുഴുവന്‍ പ്രാണി ലോകമായിരുന്നു. സസ്യ ശാസ്ത്രം കളവായിരുന്നു.അയാളുടെ സഞ്ചിയില്‍ ഞാന്‍ ഗൗതമനെ കണ്ടു. അവന്‍ ഉറങ്ങുകയായിരുന്നു.
വിഡ്ഢിയായ കാളിദാസന്‍ സിഗാര്‍ പുകച്ചു നടക്കുന്നത് ഞാന്‍ കണ്ടു. ഓരോ ജീവിയും കുറച്ചു തുള്ളി ഫോര്‍മാലിന്‍ ദ്രാവകത്തില്‍ മുങ്ങി നടക്കുന്നു. ഏകാന്തതയില്‍ നിശ്ചലമായ ജീവപദാര്‍ഥങ്ങളില്‍ നിന്നും അയാള്‍ എന്താണ് സ്വീകരിച്ചിരുന്നതെന്ന് ഞാന്‍ ഓര്‍ത്തു. ഒടുവില്‍ കൂടെക്കിടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. മോര്‍ച്ചറി യിലെ ഗന്ധം പോലെ. അന്നാണ് അയാള്‍ കാണാതെ പോയത്.
5
കാളിദാസന്‍ എന്ന ഇയാളെ നിങ്ങള്‍ക്ക് അറിയാമായിരുന്നോ? ഉദ്യോഗസ്ഥന്‍ ചോദിച്ചു.
ഞാന്‍ മുഖം ഉയര്‍ത്തി നോക്കിയില്ല.കാളിദാസനും.
ഞങ്ങള്‍ തറയിലൂടെ ഓടി നടക്കുന്ന ഉറുമ്പുകളെ നോക്കി അങ്ങനെ തന്നെ നില്‍ക്കുകയായി രുന്നു.
രണ്ടു മനുഷ്യര്‍ക്കിടയിലൂടെ ശബ്ദങ്ങള്‍ ചോദ്യങ്ങളായി മാറി
മകന്‍റെ സുഹൃത്താണ്.
"അപ്പോള്‍ മകന്‍ എവിടെയാണ്?"
ഞാന്‍ നിലത്തിരുന്നു.കാളിദാസനും
ഉറുമ്പുകളില്‍ ഞങ്ങള്‍ അവനെ പരതി
ദാ ഇന്‍സ്പെക്ടര്‍, ഇതാ ഗൗതമന്‍.
ആ ചെറിയ ഉറുമ്പ് പ്രാണഭയത്താല്‍ ഓടിക്കൊണ്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.