പാറകളിലൂടെ വെള്ളം ഒഴുകുമ്പോള്‍ തുറന്നുതുറന്നു പോകുന്ന ചില
സ്വരസ്ഥാനങ്ങള്‍ അപാരതയില്‍ ചില അടയാളങ്ങള്‍ മായ്ക്കുന്നു
തിരക്കേറിയ തെരുവില്‍ പെട്ടെന്ന് മഴപെയ്തിറങ്ങുമ്പോള്‍
ഒഴുകിവരുന്നത് മാഞ്ഞുപോയ ആ അടയാളങ്ങളാണ്
ചില വിള്ളലുകള്‍ ശ്രദ്ധയോടെ നോക്കുന്നു
വെള്ളം , ചുവക്കുമ്പോള്‍ എങ്ങോട്ടു തിരിയും
വീഞ്ഞിലേക്കോ രക്തത്തിലേക്കോ
വെളിച്ചം,അണയുമ്പോള്‍ എങ്ങോട്ടു നോക്കും
താഴേക്കോ മുകളിലേക്കോ
വെള്ളത്തില്‍ താഴ്ന്നു ,ഉയര്‍ന്ന് ഒഴുകുന്ന വെളിച്ചം ഈ താളില്‍
ഇങ്ങനെ…
മണ്ണിനെ ഇത്രയും ആകുലമാക്കുന്നതെന്തെന്ന്
മഴ അറിഞ്ഞില്ല
ഇടിമിന്നലുകള്‍ക്ക് ഭേദിക്കാനായില്ല
നിശബ്ദതയെ
നോട്ടങ്ങള്‍ പെയ്തൊഴിഞ്ഞ ഇടങ്ങള്‍
വിലാപസ്വരമുയര്‍ത്തിയില്ല
ഇവിടെ ഇപ്പോള്‍
കാറ്റിന്‍റെ താരയോ
മായുന്നതിന്‍ ആഘോഷമോ
ചീവീടുകള്‍ കടന്നുപോയി
മണ്ണിരകളും
ചില മണങ്ങളുണ്ട് ഇപ്പോഴും ഇവിടെ
മഴ മാറി
കാറ്റും
നനവിന് ചില തിളക്കങ്ങള്‍
ഇരുളിനെ അടയാളപ്പെടുത്തുന്ന…
നിയോഗം ബുക്സ് പ്രസിദ്ധീകരിക്കുന്ന ജോര്‍ജിന്‍റെ ‘പരാഗണങ്ങള്‍’ എന്ന കവിതാസമാഹാരത്തില്‍ നിന്ന്