രണ്ടാളുകൾ നടക്കുന്നതിൻമേൽ

ഒരു വണ്ടി പോകുന്ന
വേഗത്തിൽ നടക്കുന്നു
രണ്ടാളുകൾ .
അവർക്ക് പരസ്പരo
കേൾക്കാവുന്ന ശ്വാസത്തിന്റെ
കയറ്റിറക്കങ്ങൾ.

ഒരാൾക്ക് തളരുമ്പോൾ
കയറി നിൽക്കാവുന്ന മറ്റേയാളിന്റെ നിഴൽ.
അവർ നടന്നു പോകെ
നീണ്ടു പോകുന്ന ദൂരങ്ങളുമാഴങ്ങളും.
തൊട്ട് പോകുന്ന ശീതസമരങ്ങൾ.

ആൾപ്പാർപ്പില്ലാത്ത ഒരിടത്തെ ഇരുട്ട്
അവരുടെ കാലിലിഴയും.
കുന്നിന്റെ ചോട്ടിൽ കുറുന്തോട്ടി വള്ളിയിൽ പിണഞ്ഞ്
തണുപ്പിൽ ചൂളിയവരുറങ്ങും.
ഉറങ്ങുമ്പോൾ അവർ
സാവധാനത്തിലല്ലാത്ത
ഒരു വാഹനത്തിന്റെ വേഗത്തിനൊപ്പം
കാലനക്കും.
ഉറങ്ങുന്നവരുടെ മേൽ
എപ്പോഴുമില്ലാത്ത കാട്ടുചോലയിരമ്പം .ragila saji, poems,malayalam poem

അവർ… നമ്മൾ .
ആഞ്ഞ് ചവിട്ടിയാൽ
വേഗത്തിൽ പാഞ്ഞേക്കാവുന്ന വാഹനം.
പരസ്പര ഘർഷണത്തിന്റെ പരിക്കിൽ തളർന്നുങ്ങുന്നവർ .
ഉറക്കത്തിലേക്ക് കയറി വരുന്ന
മടുപ്പിന്റെ ഹെയർ പിൻ വളവുകളെ
നടന്നു തീർക്കുമ്പോൾ
നമ്മൾ ചീവീടുകളായി കവിത മൂളും.
ഹെയർ പിന്നുകളുടെ ഓർമ്മ
ഒരാൾക്കൊരാളിന്റെ നടത്തവും തളർച്ചയും മറ്റെയാളിന്റെ കുതിപ്പിൽ കൊരുത്തിടാൻ പറ്റുവോളം
കുനിപ്പുകളുള്ളത്.

ഞരങ്ങി നീങ്ങുന്ന
ചക്രങ്ങൾ, നമ്മൾ നടന്നു തീർക്കുന്ന
വേഗ പാതാളങ്ങളും.

സ്വപ്നത്തിലെങ്കിലും
നടന്ന് തീർക്കുമോ
നമ്മൾ കണ്ടു മോഹിച്ച ദൂരങ്ങളൊക്കെയും, സമര വേഗങ്ങളത്രയും?

സ്വപ്നനദി

സ്വപ്നത്തിൽ കണ്ട നദിയെക്കുറിച്ച്
നീയെന്നോട് വർണ്ണിക്കുകയാണ്

മാൻ കുഞ്ഞുങ്ങളെ നീന്തൽ
പഠിപ്പിക്കുന്ന ഒരു മുങ്ങൽ വിദഗ്ദ്ധനായിരുന്നത്രേ നീ
ഒഴുക്കിൽ പെട്ട് പോയ മാൻ കുഞ്ഞുങ്ങളുടെ അമ്മയോട്
നിനക്ക് വല്ലാത്ത ഇഷ്ടം തോന്നി.
അവരെ സ്നേഹിക്കൽ
എത്ര എളുപ്പമാണ്
ഒലിച്ചുപോയ ഒരു ജോഡിച്ചെരിപ്പിനെ
മറക്കുമ്പോലെ ലളിതം എന്ന് ചിരിക്കുന്നു.ragila saji, poems,malayalam poem

മാൻ കുഞ്ഞുങ്ങൾ നീന്തുമ്പോൾ ചെവിയാട്ടേണ്ട വിധത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു.
ചെവി പോലത്തെ ഒരു ചുഴിയെ മറികടക്കാൻ അവർക്കതത്യാവശ്യമാണെന്നാണ് നിന്റെ പക്ഷം.
നദിയുടെ പേര് ചോദിക്കരുതെന്ന്
എന്നെ വിലക്കുന്നു .
രാത്രികളിൽ നമുക്കിടയിൽ പെട്ട്
ഒഴുക്ക് നിലച്ച നീല നദിയെന്ന്
ഞാൻ വിചാരിച്ചോളാം.
അതിന്റെ കരയിലാണല്ലോ
നമ്മുടെ കുഞ്ഞുങ്ങൾ പകപ്പോടെ നിൽക്കാറുള്ളത്.
ഏയ്, അവർക്കാ മാൻകുട്ടികളുമായി സാമ്യമൊന്നുമില്ല.
മലവെള്ളപ്പാച്ചിലിൽ പെട്ട
നിന്നെ
മീനുകൾ കരയിലേക്കെത്തിക്കും വരെയ്ക്കും
താത്പ്പര്യത്തോടെ ഞാൻ കേട്ടിരുന്നു.

അടഞ്ഞു പോയ വാതിലിൽ ചെന്ന്
മുട്ടുന്ന പോലെ
നീന്തൽ പഠിച്ച ഒരു മാൻകുഞ്ഞ്
എന്റെ കീഴച്ചുണ്ടിൽ
വന്ന് തട്ടുകയാണ്.
അതിന്റ കൺമുനയിലെ നിശ്ചലമായ ഒഴുക്കിൽ
നിന്റെ സ്വപ്നത്തിന്റെ വേര് .

നീന്തി നീന്തി പുഴ കടന്നതിനെക്കുറിച്ചും അസാധാരണമായ ഒരു സ്വപ്നത്തെക്കുറിച്ചും ഒരക്ഷരമിനി മിണ്ടിപ്പോകരുത്.

ചെവിയുടെ ഇന്ദിയങ്ങൾ

ചെവിയുടെ വാതിലുകളുന്തിത്തുറന്ന്
അകത്ത് കയറും
വെളിച്ചം
ചെവിക്കിടയിൽ കറങ്ങിത്തിരിയും.
ചുരുണ്ടു കിടക്കുന്ന ചെവിത്താരകളിൽ
ഒട്ടിയമർന്ന വാക്കിൻ തരികളെ
കാറ്റിലേക്ക് നീട്ടാൻ
ഒരു കൈ പുറത്തേക്കിടും.

വായുവിലൊഴുകും
പാട്ടുകഷ്ണങ്ങൾ
വെളിച്ചo വഴി ചെവിയിലേക്ക് കയറി
മൂളിത്തുടങ്ങും.
ഇപ്പോൾ ചെവിയുടെ ചുണ്ട് നോക്കിപ്പറയാമോ
ഏത് നാട്ടുപാട്ടിന്റെയീണം, വരികൾ?ragila saji, poems,malayalam poem

ചെവിയുടെ മൂക്ക്
മണങ്ങളെയോരോന്നായി
വേർതിരിച്ചെടുക്കും,
ചെവിയുടെ നാക്ക്
ഉമിനീരിൽ കുളിച്ച്
കൊതിയുടെ വെള്ളക്കെട്ടുണ്ടാക്കും.

ഇരുട്ടിന്റെയലകൾ
വെളിച്ചത്തിലേയ്ക്ക് തുഴയുന്ന കണ്ട് പിന്മാറുമോ
ചെവിയുടെ കണ്ണിലെയിരുട്ട്?

ചെവിയുടെ തൊലിക്കടിയിലൊക്കെയും
ആടലോടകത്തിന്നിലകൾ,
മഞ്ചാടിച്ചോപ്പുകൾ,
വീട്ടൊച്ചകൾ, നാട്ടുഭാഷാ വിനിമയങ്ങൾ.

ഇന്ദ്രിയങ്ങളൊന്നാകെ
ചെവിയുടെ ചെവിയിൽ തന്നെ വട്ടം പിടിച്ച്
നിൽപ്പത് കണ്ടോ?

നമ്മളോളം കുന്ന്

കിടക്കയിൽ
മറിഞ്ഞ് വീണ ഒരു കുന്ന്
അതിനപ്പുറമിപ്പുറം ഞാൻ, നീ, മക്കൾ.

കുന്നിൽ നിന്നിറങ്ങിക്കന്നാലികൾ
നമ്മളിലലയുന്നു
മേഞ്ഞ് മടുക്കുമ്പോളവതിരികെപ്പോയി.

ഉറങ്ങുന്ന കുട്ടികൾക്കു മേൽ
കുന്നിലെക്കാറ്റ്
നിനക്ക് ചുറ്റും
കുന്നിന്റെ ശീതം.ragila saji, poems,malayalam poem

കുന്നിൽ നിന്ന് മറിഞ്ഞ് വീണ
ഒരു വാഹനത്തിന്റെ ഹോൺ
കാതിൽ മുഴങ്ങിയപ്പോൾ
നീയെണീക്കുമോയെന്ന് ഞാൻ പേടിച്ചു.

അടുത്ത കിടന്ന നിന്നെയും മക്കളെയും
തിരിച്ച് കിടത്തി ഞാൻ
പുതപ്പൂർന്ന എന്റെ താഴ്‌വാരങ്ങളെ
ശബ്ദവുമുണ്ടാക്കാതെ
അവയുടെ ശ്വാസവുo ശരീരവും
ഇഴചേർത്ത് മുറിക്ക് പുറത്തേക്കയച്ചു.

നീയുണരുമ്പോൾ
ഉറക്കച്ചടവോടെ ഞാൻ
കട്ടിലിലിരിപ്പുണ്ടായേക്കാം.
മക്കൾ മഹാഗണിത്തണ്ടുകൾ,
അവരുറങ്ങട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook