തോക്കിനോടെന്തുത്തരമെന്ന്
ചോദിച്ചു മുമ്പാരോ…..
തോക്കിന് തോക്കല്ലാതെ മറ്റെ- ന്തുത്തരമെന്നുത്തരം ‘
തോക്കിനെ തോക്കാൽ നേരിട്ട ചോര –
പ്പുഴകൾ നീന്തിക്കയറുന്നു നാം …
വീണ്ടും സ്വന്തം ചോരയിൽ കുതിർന്ന
കൊടിയുയരുന്നു കാമ്പസിൽ
അവൾ, പഴയ കയ്യൂരബൂബക്കറിന്റെ ‘ കുഞ്ഞുമോളല്ലാതെ മറ്റാര് ?
പേരും പരിചിത, മദ്രുമാന്റെ മകൾ,
പഴയ പട്ടുപാവാടക്കാരി ..
അവളുടെ പിന്നിലുയരുന്നു നൂറുനൂറ് പ്ലക്കാർഡുകൾ, മുദ്രാകാവ്യങ്ങൾ:
ഹേ റാം, ജയ്ഭീം, തക്ബീറി,ങ്ക്വിലാബ്,
ജയ്ഹിന്ദിന്റെ മഴവിൽ പതാകകൾ
തോക്കിനോട് തോക്കല്ലുത്തരo, തോക്കി –
നേക്കാൾ കൂർത്തൊരു ചൂണ്ടുവിരൽ ..
ഹായ് കൈ നീട്ടുന്നു പരസ്പരം ഗാന്ധിയുമoബേദ്ക്കറും …
വാക്കാണ് തോക്കല്ല ,ചൂണ്ടുവിര-
ലുത്തരം കുഞ്ഞുങ്ങളേ …
തുപ്പുന്നു വീണ്ടും തോക്ക് വിഷപ്പുകയും
പെല്ലറ്റും ഘുമുഘുമേ …
ഉയരുന്നു ചൂണ്ടു വിരലുകളായിരമാകാശ –
ത്തിനും ഭൂമിക്കുമിടയിൽ … തീയണയ്ക്കാനോടിയെത്താനെന്തി –
നാധാറും ജനന സർടിഫിക്കറ്റും ? പ്രായപൂർത്തിയാവാൻ കാത്തു നിൽക്കുന്നതെന്തിന്
നാടിന് തീ പിടിക്കുമ്പോൾ ……..
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook