Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

മുഴ – സി ഗണേഷ് എഴുതിയ കഥ

എല്ലാം ഉപേക്ഷിച്ച് ആ മനുഷ്യന്‍ ഹരിദ്വാറിലും ഗിരിശൃംഗങ്ങളിലും ഹിമാലയത്തിലും നാനാ ദേശങ്ങളിലും അന്വേഷണ വ്യഗ്രതയോടെ കെഞ്ചിനടന്നത് ആ ചെറിയ മുഴയോട് ഒന്നു ചോദിക്കാനാണ്

c ganesh , story, iemalayalam

പ്ലാറ്റ്‌ഫോമില്‍ നിറഞ്ഞുനിന്നിരുന്ന ജനങ്ങളില്‍ ഏതാണ്ട് എല്ലാറ്റിനെയും ഒറ്റവലിക്ക് പിടിച്ചെടുത്ത് പാസഞ്ചര്‍ ട്രെയിന്‍ മുന്നോട്ടു പോയതേ ഉണ്ടായിരുന്നുള്ളൂ.  നീണ്ട പ്ലാറ്റ്‌ഫോമില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ചില കടകള്‍ മാത്രം ബാക്കി. അത്രയ്ക്ക് നിശ്ശൂന്യമായ പ്ലാറ്റ്‌ഫോമിലേക്കാണ് വലിയ പെട്ടികള്‍ ചുമക്കുന്ന പോര്‍ട്ടറുമായി ദമ്പതികള്‍ എത്തിയത്. അവര്‍ക്ക് പോകേണ്ട തീവണ്ടി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാലാവണം ചെറുപ്പക്കാരനായ ഭര്‍ത്താവ് യാതൊരു തിടുക്കവും കാണിക്കാതെ ചുവന്ന കുപ്പായമണിഞ്ഞ പോര്‍ട്ടറില്‍ നിന്ന് ഓരോപെട്ടികളായി ഇറക്കി വാങ്ങി, ടൈല്‍ പതിച്ച ഇരിപ്പിടങ്ങളില്‍ വച്ചത്. അടുത്തുള്ള ഇരിപ്പിടങ്ങള്‍ വരെ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ജീന്‍സിന്‍റെ പോക്കറ്റില്‍നിന്ന് പോര്‍ട്ടര്‍ ചോദിച്ചതില്‍ നിന്ന് സ്വല്പം കൂടുതല്‍തുക കൊടുത്ത് ആളെ സന്തോഷിപ്പിച്ച് പറഞ്ഞയച്ചു. അവള്‍ പോലും ചിരി കൊണ്ട് ഉപചാരം നല്‍കിയാണ് പോര്‍ട്ടറെ യാത്രയാക്കിയത്. വിവാഹ സമ്മാനമായി കിട്ടിയ സ്വര്‍ണ്ണ നക്ഷത്രങ്ങള്‍ വാരിവിതറിയ കുര്‍ത്തീ ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. ഇപ്പോള്‍ ആ നീണ്ട പ്ലാറ്റ്‌ഫോമില്‍ അവനും അവളും പിന്നെ അടുക്കി വെക്കപ്പെട്ട എട്ടോ ഒന്‍പതോ ബാഗുകളും പെട്ടികളും മാത്രം. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്‍റെ ജോലിയിടത്തേക്ക് ഒപ്പം പോവുകയാണവള്‍. അവര്‍ക്കിരുവര്‍ക്കും യാതൊരു തിരക്കും ഇല്ല. അവരുടെ തീവണ്ടി വരുവാന്‍
ഇനിയും ഒന്നര മണിക്കൂര്‍ സമയമുണ്ട്. അന്നേരമാണ് അവളുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്.

“അമ്മേ, ഞങ്ങള്‍ ഇവിടെ സ്റ്റേഷനിലെത്തി. ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു, വഴീലൊക്കെ. അതുകൊണ്ട് പോര്‍ട്ടറെ വിളിച്ച് പ്ലാറ്റ്ഫോം വരെ എത്തിച്ചു. പ്ലാറ്റ്‌ഫോമിലെ കസേരയില്‍ ബാഗുകളും പിടിച്ചിരിക്ക്യാ. അച്ഛന്‍ ഞങ്ങള്‍ പോണ വിഷമം കാരണം ആയിരിക്കുമല്ലേ ഊണ് കഴിക്കാതിരുന്നത്, അല്ലെങ്കില്‍ 12 മണിയാവുമ്പോഴേക്കും ചോറ് ചോറ് എന്ന് പറയുന്ന ആളല്ലേ… വരാന്‍ നേരത്ത് പോലും മിണ്ടിയില്ല. രാവിലെ മുതല്‍ മുഖം കൂടി പിടിച്ചിരിക്വേണ്… അച്ഛന്‍ വല്ലതും കഴിച്ചോ? അപ്പുറത്തെ വീട്ടിലെ ദേവി ചേച്ചിയും വര്‍ഗീസ് ചേട്ടനും പോയോ? തീവണ്ടീല് മൂന്നു ദിവസത്തെ യാത്ര ഉണ്ടെന്നാ പറയണേ, ചെലപ്പോ നാല് ആവാനും മതീത്രേ. ഇത്രയും ദിവസം എങ്ങനെ കഴിച്ചുകൂട്ടും ന്ന് അറിയില്ല… ങാ, അമ്മേ… വേറെ ആരോ വിളിക്കുന്നുണ്ടെന്ന് തോന്നുണു, ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം ട്ടോ.” അവള്‍ ഭര്‍ത്താവിന്‍റെ കയ്യില്‍നിന്നും റിങ്ങ് ചെയ്തു കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു.

“മേമേ, ഞങ്ങളിവിടെ സ്റ്റേഷനില്‍ എത്തിയതേയുള്ളൂ, ഏയ് അല്ല ഇവിടെ, ഇവിടത്തെ സ്റ്റേഷനില്‍. വണ്ടി വരാന്‍ കുറച്ചു നേരംണ്ട്… പോണേതിന് മുമ്പ് അവിടെ ഒരു ദിവസം കൂടി വരണമെന്ന് വിചാരിച്ചതായിരുന്നു പറ്റീല്ല ട്ടോ… അര്‍ജുവേട്ടന് കൊളോം, കൊളത്തിലെ മീനുകളേം വലിയ ഇഷ്ടമായി… അവിടെ വന്നു പോന്ന ശേഷം അത് തന്നെ പറയ്യായിരുന്നു. ചെറിയച്ഛന്‍ ഉച്ചയുറക്കത്തിലായിരിക്കും ല്ലേ… എണീച്ചാ അന്വേഷണം പറയണം… ശരി വെക്കട്ടെ.”

c ganesh , story, iemalayalam

“അമ്മ വിളിച്ചപ്പോ മുഴുവന്‍ സംസാരിക്കാന്‍ പറ്റിയില്ല’. ബാഗുകളില്‍ രണ്ടു മൂന്നെണ്ണത്തിനെ കൂട്ടിപ്പിടിച്ച് ഇരിക്കുന്ന അര്‍ജുന് മൊബൈല്‍ തിരികെ കൊടുത്ത് അവള്‍ കൂട്ടിച്ചേര്‍ത്തു: ‘എന്‍റെ നമ്പറില്‍ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് വിളിച്ചതാ…”

അപ്പോഴേക്കും അത് വീണ്ടും അടിച്ചു. “ഇതെന്താ മേമ പിന്നേം വിളിക്കുന്നേ” എന്ന് പറഞ്ഞു വീണ്ടും അവള്‍ ഫോണ്‍ കാതില്‍ ചേര്‍ത്തു. അവള്‍ മേമക്ക് മറുപടി കൊടുക്കുന്നു.

“ആ അതാണോ.. ഇപ്പോ വലിയ കുഴപ്പമൊന്നുമില്ല …ഒരു മാസം മരുന്നുണ്ട്..വേദന കാര്യായിട്ടില്ല, എന്നാ ശരി എത്തിയിട്ട് വിളിക്കാം.”

“അര്‍ജുവേട്ടന്‍റെ കാര്യം ചോദിക്കാന്‍ മറന്നൂന്നും പറഞ്ഞ് വീണ്ടും വിളിച്ചതാ മേമ. സര്‍ജറി കഴിഞ്ഞ് അര്‍ജുവേട്ടന് കൂടുതലൊന്നുമില്ലല്ലോ എന്ന് ചോദിച്ചു.”  അവള്‍ വീണ്ടും ഫോണ്‍ തിരികെ കൊടുത്തു.

അര്‍ജുന്‍ ഫോണ്‍ എടുത്ത് ഒന്നു രണ്ടടി മാറി റെയില്‍പ്പാളത്തിലൂടെ അകലേക്ക് നോക്കിക്കൊണ്ട് ഒരു നമ്പര്‍ ഡയല്‍ ചെയ്തു. “ചേച്ചീ ഞാന്‍ സ്റ്റേഷനില്‍ നിന്ന് കയറാന്‍ നില്‍ക്വാ… കോയമ്പത്തൂര് പോയിട്ട് മാറിക്കേറണ ട്രെയിനാ കിട്ടീത്. എനിക്ക് കൊഴപ്പല്യ… ഇവള് ആദ്യായിട്ടായതുകൊണ്ട് ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാവും. ഏയ്… എന്‍റെ വയറിലെ പ്രശ്നം ആദ്യം ഒന്നു രണ്ടു ദിവസം വേദന ഉണ്ടായിരുന്നു. ഇപ്പോള്‍ ചെറിയ മുറിവിന്‍റെ മാതിരിയേ ഉള്ളൂ. അതെയതെ മരുന്ന് കഴിക്കുന്നുണ്ട്.”

അവന്‍ ഫോണ്‍ പോക്കറ്റിലിട്ട് എന്തോ ആലോചിച്ച് രണ്ടുചാല്‍ നടന്നു. അപ്പോഴേക്ക് അവള്‍ അവനോട് ചേര്‍ന്നിരുന്നു. ദൂരെയുള്ള സ്നാക്സ് കടക്കാരന്‍ തൂക്കിയിട്ടിരിക്കുന്ന പാക്കറ്റുകള്‍ക്കിടയിലൂടെ ഒന്ന് പാളി നോക്കി. മഴ തൂവിപ്പോയ പ്ലാറ്റ്ഫോമില്‍ അവിടവിടെ നനവ് പടര്‍ന്നു കിടപ്പുണ്ട്. അവള്‍ അവനെ പുഞ്ചിരിയോടെ നോക്കി. ദീര്‍ഘയാത്രയുടെ പ്രതീക്ഷ അവളുടെ കുങ്കുമം തുടിച്ചു നില്‍ക്കുന്ന സിന്ദൂരപ്പൊട്ടില്‍ പോലും
കാണാമായിരുന്നു. അര്‍ജുന്‍ അവളുടെ തോളില്‍ കൈവച്ചപ്പോഴാണ് അമ്മയെ തിരികെ വിളിച്ചില്ല എന്ന കാര്യം അവളോര്‍ത്തത്.

“എന്‍റെ അമ്മയെ ഒന്ന് വിളിച്ചോട്ടെ, നേരത്തെ സംസാരിച്ചു മുഴുമിച്ചില്ലല്ലോ,” എന്ന് പറഞ്ഞുകൊണ്ട് അവള്‍ പതുക്കെ അര്‍ജുന്‍റെ കൈ തോളില്‍ നിന്നും മാറ്റി നമ്പര്‍ ഡയല്‍ ചെയ്തു. അര്‍ജുന്‍റെ കൈ തോളിലുണ്ടെങ്കില്‍ അവള്‍ക്ക് ഭാര്യയായേ സംസാരിക്കാന്‍ പറ്റൂ. തോളില്‍ നിന്നും ഭാരം മാറ്റിയതോടെ അവള്‍ മകളായി.

“അമ്മേ….അമ്മേ നേരത്തെ വിളിച്ചത് മേമയായിരുന്നു. കുറെ സംസാരിച്ചു. അര്‍ജുവേട്ടന് കുളത്തിലെ മീനുകളെ ഇഷ്ടമായത് വരെ പറഞ്ഞു.പക്ഷേ ശ്യാമളയുടെ കല്യാണം നോക്കണമെന്ന് പറയാന്‍ മറന്നു. അര്‍ജുവേട്ടന്‍റെ മലയാളി ഫ്രണ്ട്സിനോട് പറഞ്ഞു നോക്കാം. ചെന്നെത്തിയാ അവിടെയും നോക്കാം… അമ്മ ഒന്ന് പറഞ്ഞേക്കണേ…” ഇത്രയുമായപ്പോഴേക്കും അര്‍ജുനിന്‍റെ ഫോണ്‍ ചിലച്ചതിനാല്‍ പുതിയ മലയാളം പാട്ടിന്‍റെ വരികള്‍ പ്ലാറ്റ്ഫോമിലൂടെ ഒഴുകിപ്പോയി. അവന്‍ വോള്യം കുറച്ചാണ് വെച്ചിരുന്നത്. എങ്കിലും പരിപൂര്‍ണ നിശബ്ദതയായിരുന്നതിനാല്‍ പാട്ടിന് അനായാസം ഒഴുകിപ്പോവാന്‍ പറ്റി.

“അളിയാ ഞങ്ങള്‍ വണ്ടി കയറാന്‍ നില്‍ക്വാ… ഇനിയും സമയമുണ്ട്. വീട്ടീന്ന് നേരത്തെ ഇറങ്ങി. ഇടയ്ക്ക് അളിയന്‍ വീട് വഴി പോകുമ്പോ എന്‍റെ ബൈക്ക് വേണെങ്കില്‍ എടുത്തോ. അത് വെറുതെ നിര്‍ത്തിയിട്ട് ഒരു കാര്യവുമില്ല. ചോറ് പൊതിഞ്ഞ് എടുത്തിട്ടുണ്ട്. കോയമ്പത്തൂര് രാത്രി 11 മണിക്ക് എത്തും എന്നാണ് പറയുന്നത്. പിന്നെ അവിടുന്ന് ഒന്നര മണിക്കാണ് വണ്ടി. കുറച്ചുനേരം സ്റ്റേഷനില്‍ ഇരിക്കേണ്ടിവരും. റെയില്‍വേ സ്റ്റേഷന്‍ ആയതുകൊണ്ട് വേറെയും ആളുകള്‍ ഉണ്ടാവുമല്ലോ… പേടിക്കാനില്ല. ഉണ്ട്… ഉണ്ട്…. വെള്ളമൊക്കെ മൂന്നാല്
ബോട്ടില്‍ എടുത്തിട്ടുണ്ട്. കുട്ടികളോട് പറയണം. ഞാനിതാ ഫോണ് ഇവള്‍ക്ക് കൊടുക്കാം.”

c ganesh , story, iemalayalam

“ഏട്ടാ പറയൂ, സ്റ്റേഷനില്‍ ആളുകള്‍ വളരെ കുറവാ… ഇത്രയൊക്കെ ഒഴിഞ്ഞുകിടക്കുന്ന പ്ലാറ്റ്‌ഫോം ഞാന്‍ ആദ്യായിട്ട് കാണ്വാ… പി എസ് സി ക്ലര്‍ക്ക് പരീക്ഷ എഴുതാന്‍ ഞാനും ഏട്ടനും അന്ന് കൊച്ചിക്ക് പോയപ്പോ എന്തൊരു തിരക്കായിരുന്നു. അര്‍ജുവേട്ടന്‍റെ മരുന്നൊക്കെ എടുത്തിട്ടുണ്ട്. ഞാന്‍ ശ്രദ്ധിച്ചോളാം ഏട്ടാ…”

പണം കൊടുത്ത് ഉപയോഗിക്കാവുന്ന കുളിമുറിയും കക്കൂസും എന്ന് എഴുതി വച്ചിരിക്കുന്ന ഭാഗത്തുനിന്ന് ഒരാള്‍ ഇഴഞ്ഞ് വരുന്നതുപോലെ തോന്നി. കാലുകള്‍ രണ്ടും കുഴഞ്ഞു പോയ ഒരു യാചകനായിരുന്നു. രണ്ടുകൈയും തറയില്‍ വെച്ചാണ് അയാള്‍ നടന്നിരുന്നത്. ബാത്ത് റൂമില്‍ നിന്നിറങ്ങിയതിനാല്‍ അയാളാകെ നനഞ്ഞിരുന്നു. നടന്ന് തങ്ങള്‍ക്കടുത്ത് എത്തുമ്പോഴേക്കും പോകാനുള്ള തീവണ്ടി വരുമെന്ന് തന്നെ അവള്‍ക്കു തോന്നി. അയാള്‍ വരികയാണെങ്കില്‍ നല്ലൊരു തുക കൊടുക്കണം. പാവം.

“നിന്‍റെ ബന്ധുക്കളിലാരെയൊക്കെയാ നമ്മള്‍ വിട്ടുപോയത്,”  അര്‍ജുന്‍ മൃദുവായി ചോദിച്ചു. “കണ്ണൂര് അച്ഛമ്മേടെ കസിന്‍റെടുത്ത് പോണംന്ന് ണ്ടായിരുന്നു. പത്താം ക്ലാസ് പാസായപ്പൊ അഞ്ഞൂറു രൂപേം ഒരു നാനോ കുടേം സമ്മാനം തന്ന ഏടത്തിയാ. സാരല്യ. ഇന്നലെ വിളിച്ചിരുന്നു.”

“നമ്മള് ഇറങ്ങീന്ന് പറഞ്ഞോ,”  അര്‍ജുന്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് കോള്‍ പ്രസ് ചെയ്തു. അവിടെ ഹരിവരാസനം റിങ്ങ് ടോണ്‍ വന്നപ്പോള്‍ അര്‍ജുന്‍ മൊബൈല്‍ കൈമാറി. “സോറി ട്ടോ…എടത്തിയമ്മേ… കണ്ണൂര്‍ക്ക് ഞങ്ങള്‍ക്ക് എത്താന്‍ പറ്റിയില്ല.അര്‍ജുവേട്ടന്‍റെ ബന്ധുക്കളുടെ അടുത്തും പോകണമല്ലോ… ഹലോ… ഹലോ… ങാ… ഒന്നുല്ല… റേഞ്ച് പോണതാ… എല്ലാം കഴിഞ്ഞ് നോക്കുമ്പോ സമയവും പോയി… ഇനി ലീവിന് വരുമ്പോ തീര്‍ച്ചയായും വരാം. ഞാനിതാ അര്‍ജുവേട്ടന് കൊടുക്കാം.

ആന്‍റി പറയൂ, കല്യാണത്തിന് കണ്ടതല്ലേ പിന്നെ എങ്ങനെയാ മറക്വാ… ഇവള് പറയുകയായിരുന്നു, കണ്ണൂര് വരാന്‍ പറ്റാത്തതില് വിഷമമുണ്ടെന്ന്. ഞാന്‍
പറഞ്ഞു, ആദ്യ ലീവിന് വരുമ്പോ നേരെ കണ്ണൂര് വന്ന് ഇറങ്ങാമെന്ന്. എല്ലാവടേയും പോയിട്ട് വരാംന്ന് വിചാരിച്ചതായിരുന്നു… പറ്റിയില്ല. പിന്നെ ഇടയ്ക്ക് എനിക്ക് ചെറുതായി ഒരു സര്‍ജറിയും വേണ്ടി വന്നു. അങ്ങനെയും കുറച്ചു ദിവസം പോയി…”

അത്രയും പറഞ്ഞതോടെ ശോഭയുള്ള കണ്ണുകളുടെ ഔത്സുക്യത്തോടെ അവനെ നോക്കുകയായിരുന്ന അവളുടെ മുഖം വാടി. “ഇല്ല സീരിയസ് ഒന്നുമല്ല. വയറിന്‍റെ സൈഡില് ഒരു ചെറിയ മുഴ, അത്രേ ഉള്ളൂ… കുറെ കാലമായിട്ട് ഉണ്ടായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ഉള്ളതാ. കല്യാണത്തിന്‍റെ കറക്കത്തിനിടയില്‍ അത് ചെറുതായി വേദനിക്കാന്‍ തുടങ്ങി. അകത്തുനിന്ന് പഴുപ്പ് വരാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടറെ കണ്ടു. വലിയ സംഗതിയൊന്നുമല്ല, എന്നാലും വെച്ചിരിക്കേണ്ട എന്ന് ഡോക്ടര്‍ പറഞ്ഞു. എളുപ്പത്തില്‍ കീറി തരാമെന്നും. ഒറ്റദിവസമേ ആശുപത്രിയില്‍ കിടക്കേണ്ടി വന്നുള്ളൂ… രണ്ടുമാസത്തേക്ക് മരുന്നുകഴിക്കാന്‍ തന്നിട്ടുണ്ട്… അല്ല ഞാന്‍ പറഞ്ഞത് വിചാരിക്കാതെ ഈ തിരക്ക് കൂടി വന്നതുകൊണ്ട് കണ്ണൂര് വരാന്‍ പറ്റിയില്ല എന്നാണ്. കാണാം, ഏടത്തിയമ്മേ. നേരില്‍
കണ്ടിട്ടില്ലെങ്കിലും ഏട്ടനോടും പറയൂ.”

c ganesh , story, iemalayalam

വണ്ടി വരുന്ന സമയത്തെക്കുറിച്ചും പ്ലാറ്റ്‌ഫോമിനെക്കുറിച്ചും കൃത്യമായ വിവരം വരാനിരിക്കുന്നതേയുള്ളൂ എന്നതിനാല്‍ സ്റ്റേഷനിലെ ഓഫീസര്‍മാര്‍
ആലസ്യത്തിലാണ്. വിവരം ലഭിച്ചാല്‍ പെട്ടെന്ന് ഉണര്‍ന്നു തുടങ്ങുക എന്നതാണ് അവരുടെ ശീലം. എന്‍ജിനീയറിങ് റൂം, റേഡിയോ റൂം എന്നിവ പൂട്ടിക്കിടന്നിരുന്നു. ടിക്കറ്റ് കൗണ്ടറിന്‍റെ അടുത്തു നിന്ന് ചില യാത്രക്കാര്‍ വന്ന് തുടങ്ങുകയാണ്. കുമാരി വാട്ടര്‍ ബോട്ടിലില്‍ നിന്ന് അല്‍പം വെള്ളമെടുത്ത് കുടിച്ചു. കുറച്ച് അവനും വാങ്ങിക്കുടിച്ചു. അവള്‍ പുതുമോടിയുടെ ഒരു നോട്ടമെറിഞ്ഞു. അവന്‍ കൈയോടെ അത് പിടിച്ചെടുത്തു. കല്‍ക്കരി മണവും പാളങ്ങളിലെ മനുഷ്യാവശിഷ്ടങ്ങളുടെ വാടയും സമാസമം ഉള്‍ക്കൊണ്ട കാറ്റ് അവര്‍ക്കിടയിലൂടെ മടിച്ച് കടന്നു പോയി.

“ശ്ശോ! അര്‍ജുവേട്ടാ… എന്‍റെ ഫോണ്‍ കൈതട്ടി അറിയാതെ സയലന്‍സിലായിപ്പോയി.ദാ… നോക്കൂ,… നല്ലമ്മ വിളിച്ചിരിക്ക്ണൂ, മൂന്നാലു വട്ടം”

അമ്മ മരിച്ചപ്പോള്‍ എടുത്തു വളര്‍ത്തിയ നല്ലമ്മ. കൂടെ വരാന്‍ പറഞ്ഞാല്‍ എന്നും ഒഴിഞ്ഞു മാറിയിട്ടേ ഉള്ളൂ. പല വീടുകളില്‍ ഓടിനടന്ന് പെണ്ണിനെ കൈയില്‍ പിടിച്ചു തന്നതും നല്ലമ്മയാണ്. നല്ലമ്മയ്ക്ക് ഫോണ്‍ ഡയല്‍ ചെയ്യാനറിയില്ല. വിളി വന്നാല്‍ എടുക്കാന്‍ മാത്രമേ അറിയൂ. എന്നിട്ടും അവരെങ്ങനെയാ വിളിച്ചത്. അര്‍ജുന്‍ തിടുക്കപ്പെട്ട് തിരികെ വിളിച്ചു. അപ്പുറത്ത് നല്ലമ്മയുടെ ആര്‍ദ്രമായ ശബ്ദം.”മോനേ, നീയും കുമാരിയും വണ്ടിയില്‍ കയറിയോ? ദേഹം സൂക്ഷിക്കണം. അവള്‍ ദേശം വിട്ട് യാത്ര ചെയ്യാത്ത കുട്ടിയാ… ആ ഓര്‍മ്മ വേണം. അവള്‍ നിന്നെയും മോന്‍ അവളേയും നന്നായി നോക്കണം.”

“ഇത് പറയാനാണോ നല്ലമ്മേ, എന്നെ വിളിച്ചത്? ‘ ഇല്ല മോനേ ഞാന്‍ വിളിച്ചിട്ടില്ല. എനിക്ക് വിളിക്കാനറിയില്ലെന്ന് നിനക്കറിഞ്ഞൂടേ?”

“ഹോ! അത്ഭുതം, ഇതില്‍ കുറേ മിസ് കോള്‍ കണ്ടു.”

“ഉപകരണമല്ലേ, അങ്ങനെ പലതും കാണും… ങാ, പിന്നേയ് എന്‍റെ മനസ്സ് അറിയാതെ വിളിച്ചു കാണും.”

അപ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ നിന്നും നീല യൂനിഫോമിട്ട ഒരാള്‍ വന്ന് ചെമ്പുവട്ടയില്‍ ചുറ്റിക പോലൊരു സാധനം കൊണ്ട് ആഞ്ഞടിച്ചു. അത്ര മുഴക്കമൊന്നുമില്ലെങ്കിലും ലോഹ ശബ്ദം കേട്ടു. അതിനിടയില്‍ അര്‍ജുന്‍ പറഞ്ഞു, “നല്ലമ്മേ, കൂട്ടുകാര് വിളിക്ക്ണ് ണ്ട്, വണ്ടി വരാന്‍ സമയവും ആവുന്നു. ഞാനവമ്മാരോട് ഒന്ന് മിണ്ടീട്ട് വിളിക്കാം, പോരേ.”

“മതി മോനേ മതി. നിനക്ക് സൗകര്യം കിട്ടുമ്പോ വിളിച്ചാ മതി… അല്ലെങ്കിലും ഇനിയൊക്കെ ഞാന്‍ മനസില്‍ വിചാരിച്ചാല്‍ നിന്‍റെ ഫോണില്‍വിളിച്ചതായി തെളിയുമല്ലോ.” നല്ലമ്മ ചിരിക്കുന്നു. ചിരിയെ പാതിയില്‍ മുറിച്ചു കൊണ്ട് വന്ന കോള്‍ അര്‍ജുന്‍ അറ്റന്‍ഡ് ചെയ്തു.

“എടാ രവീ….. എടാ, ഒന്നും തോന്നരുത്…കാണണമെന്നും നിന്നെ മീറ്റ് ചെയ്യണമെന്നും ഒക്കെ വിചാരിച്ചതാ.  പക്ഷേ,സ്കൂളില്‍ പഠിക്കുമ്പോ മുതലേ എന്‍റെ വയറിലെ സൈഡില്‍
ഉള്ള മുഴ നിനക്കറിയാലോ എടാ അത് പറ്റിച്ചെടാ… കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതും അതങ്ങട് വലുതാവാന്‍ തുടങ്ങി… ഒന്ന് പോടാ പട്ടി… ഹെന്ത് അവളുടെ കൈനഖം തട്ടീതാണത്രേ. നിന്‍റെ… ഞാമ്പറിയണില്ല, ഉം അപ്പൊ അത് പഴുത്തു, ബള്‍ജ് ചെയ്ത് ആകെ കുഴപ്പായെടാ. ബക്കര്‍ ഡോക്ടറെ കാണിച്ചു, ആള് കീറാന്‍ പറഞ്ഞു. കീറി. ഒരാഴ്ച അങ്ങനെ പോയി. ദാ, ഞാന്‍ വിളിക്കാന്‍ നിക്വായിരുന്നെടാ… വണ്ടി ദാ പ്പൊ എത്തും… നി വരുമ്പൊ കാണണം. ഓ എന്താടാ, ഇല്ല മുഴ വലുതാവുന്നൊന്നുമില്ല സര്‍ജറി കഴിഞ്ഞിട്ടും അത് ചെറുതായിട്ടും ഇല്ലാ, അതാ തമാശ! പിന്നെ ബക്കര്‍ ഡോക്ടറോട് അങ്ങോട്ടെന്തെങ്കിലും ചോദിച്ചാല്‍ തീര്‍ന്നില്ലേ കഥ, മൂക്കത്തല്ലേ പഹയന്‍റെ ശുണ്ഠി… എന്താ, മുഴ പോലെ മറ്റൊന്ന് വലുതാക്കണമെന്നോ, ആരുടെ…? അവളുടെ! ഓ നിന്‍റെയൊരു തമാശ. വെറുതെയല്ല നിനക്കൊന്നും പെണ്ണ് കിട്ടാത്തേ. ശരിയെടാ, വണ്ടി വരാറായീന്നാ തോന്നുന്നേ…”

പെട്ടെന്ന് വണ്ടി വരുന്നുണ്ടെന്ന അറിയിപ്പ് വന്നു. ചൂളം വിളിച്ചു കൊണ്ടുവന്ന് വണ്ടിയെ ഭയ സംഭ്രമത്തോടെ കുമാരി നോക്കുന്നത് കാണാമായിരുന്നു. ഒരു മിനിറ്റ് മാത്രം നില്‍ക്കുന്ന വണ്ടിയിലേക്ക് ബാഗേജുകള്‍ മുഴുവന്‍ കയറ്റിയത് എങ്ങനെയാണെന്ന് ഇന്നും അര്‍ജുന്
അറിയില്ല.

അങ്ങനെ കയ്യില്‍ എട്ടുപത്ത് ബാഗുകളും വയറിന്‍റെ വശത്ത് ചെറിയ ഒരു മുഴയുമായി വണ്ടി കയറിയ അര്‍ജുനും കുമാരിയും കോയമ്പത്തൂരില്‍ അര്‍ദ്ധരാത്രി എത്തുകയും അവിടെ കുറെ വിശ്രമിച്ച്, അടുത്ത വണ്ടിയില്‍ കയറിക്കൂടുകയും മൂന്ന് ദിവസത്തിന് ശേഷം തൊഴിലിടത്ത് എത്തിച്ചേരുകയും ചെയ്തു.c ganesh , story, iemalayalam

33 വര്‍ഷത്തിന് ശേഷം പിന്നീടാണ് യഥാര്‍ത്ഥത്തില്‍ കഥ നടന്നത്. എല്ലാവരും സൂക്ഷിക്കണം എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അര്‍ജുന്‍ തന്‍റെ ചെറിയ മുഴ വലുതാവുന്നുണ്ടോ എന്ന്
നോക്കും. കുളിക്കുന്ന വേളയില്‍ എന്നുമതിനെ മൃദുവായി പരിപാലിക്കും. ശരീരം അനാവൃതമാകുന്ന ലൈംഗിക രാത്രികളില്‍ വയറില്‍ മടക്കുകള്‍ ഉണ്ടാക്കി അവന്‍ മുഴയെ മറച്ചു പിടിച്ചു.അവളില്‍ നിന്ന് അത് മറച്ചുവെക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും അവനത് ചെയ്തു. ജീവന്‍ ഉണ്ടായിരുന്നെങ്കില്‍ കണ്മുന തട്ടി കരിഞ്ഞുപോകും വിധം അര്‍ജുനിന്‍റെ കോടി കോടി കണ്ണാക്രമണങ്ങള്‍ സഹിക്കാനായിരുന്നു പാവം മുഴയുടെ 33 ആണ്ടിന്‍റെ വിധി.
ആരുമറിയാതെ, ആരോരുമറിയാതെ, അര്‍ജുനോ കുമാരിയോ അവരുടെ രണ്ട് മക്കളോ, ആ ചെറിയ മുഴ പോലുമോ, തന്നെ പക്ഷേ, മുഴ വലുതാവുകയായിരുന്നു.

ഒരിക്കല്‍ നാട്ടിലേക്ക് വരാനായി കാത്തുനില്‍ക്കുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് തന്നെയാണ് അര്‍ജുന്‍ ആ സത്യം അറിഞ്ഞത്. പ്ലാറ്റ്ഫോമിലെത്തുമ്പോഴേക്കും വണ്ടി വിട്ടിരുന്നു. പുതിയ ആപ്പില്‍ ട്രെയിന്‍ സമയം കൃത്യമായി അളന്നാണ് സ്റ്റേഷനിലെത്തിയത്. എന്നിട്ടു ചതിക്കപ്പെട്ടു. പ്ലാറ്റ്‌ഫോം ആകെ മാറിയിരുന്നു. നിറയെ കടകള്‍, വര്‍ണ വെളിച്ചങ്ങള്‍, റേസര്‍ രശ്മികളുടെ കാഴ്ചകള്‍, കയറാനിരുന്ന വണ്ടി പുറകിലെ വിപരീത ചിഹ്നത്തിന്‍റെ കോക്രി കാണിച്ച് പോയ അന്ന് വെറുതെ നിന്ന് ശരീരമപ്പാടെ വന്ന ഉഷ്ണം തട്ടിക്കളയുമ്പോള്‍ കണ്ടു, മുഴ വീര്‍ത്തിരിക്കുന്നു… അപ്പോഴേക്കും അയാള്‍ നീണ്ട മുടി വളര്‍ന്നു തൂങ്ങിയ മുതുകെല്ലുവളഞ്ഞ ഒരാളായിത്തീര്‍ന്നിരുന്നു.

എല്ലാം ഉപേക്ഷിച്ച് ആ മനുഷ്യന്‍ ഹരിദ്വാറിലും ഗിരിശൃംഗങ്ങളിലും ഹിമാലയത്തിലും നാനാ ദേശങ്ങളിലും അന്വേഷണ വ്യഗ്രതയോടെ കെഞ്ചിനടന്നത് ആ ചെറിയ മുഴയോട് ഒന്നു ചോദിക്കാനാണ്. നീയിങ്ങനെ എന്നില്‍ വളരുന്നതെന്തിന്? അതിനായിരുന്നു പിന്നീടുള്ള യാത്രകളൊക്കെ. കാഴ്ച മിക്കവാറും നശിച്ച് ചെവി പൊട്ടിപ്പോയി എല്ലു മാത്രമായ ഒരു കോലം കഷ്ടപ്പെട്ട് തന്‍റെ അവിശ്രാന്തമായ പ്രയത്നത്താല്‍ ആ ധന്യ നിമിഷത്തില്‍ എത്തിച്ചേര്‍ന്നു.

ഭൂമിയിലെ അത്യപൂര്‍വമായ തപസ്വികള്‍ക്ക് മാത്രം ചെന്നെത്താന്‍ കഴിയുന്ന അതിന്ദ്രിയവെട്ടത്തില്‍ അയാള്‍ അപ്പോഴേക്കും ഏറെ വലുതായിക്കഴിഞ്ഞ മുഴയോട് കൊഴിഞ്ഞ പല്ലുകള്‍ക്കിടയില്‍ കുടുങ്ങുന്ന നാവിനെ ബലപ്പെടുത്തിക്കൊണ്ട് ചോദിക്കുന്നു: “പരിപാലിച്ചിട്ടും ശുശ്രൂഷിച്ചിട്ടും പ്രതിരോധിച്ചിട്ടും എന്നെപ്പോലും മറച്ചു പിടിച്ചു കൊണ്ട് നീ ഇത്രയും വലുതായി വന്നതെന്തേ?”

മുഴ വ്യക്തമായ മറുപടി പറഞ്ഞെങ്കിലും ചെവിയുടെ വേരുപടലം മുഴുവനും പറിഞ്ഞു പോയതിനാല്‍ അയാള്‍ മറുപടി കേട്ടതേയില്ല.

“നീ രണ്ട് കണ്ണുകൊണ്ടും ഇതുവരെ കണ്ടിരുന്നത് മുഴയായിരുന്നില്ല”

“എന്ത്?”

“അതെ മുഴയായിരുന്നില്ല. അത് പ്രപഞ്ചമായിരുന്നു… വലുതായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം.”

അര്‍ജുന്‍ തന്‍റെ മുഷിഞ്ഞ ഉടയാട കാറ്റില്‍പ്പറന്നുപോവുന്നതും അത് നദിയുടെ മടിത്തട്ടിലേക്ക് പറന്നിറങ്ങൂന്നതും കണ്ടു. ആരോ ഒരു വെളുത്ത തുണി അയാളെ പുതപ്പിച്ചു.

“എനിക്ക് വളരാതിരിക്കാനാവില്ലായിരുന്നു… ഞാന്‍ മുഴയല്ലായിരുന്നു.” മുഴ അവസാനമായി പറയുന്നത് അയാള്‍ കേട്ടു. അയാള്‍ക്കപ്പോള്‍ എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Muzha short story c ganesh

Next Story
സർജിക്കൽ ബ്ലേഡ്arun t vijayan, poem, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com