ശവം
നേരം വെളുത്തു വരുന്നതേയുള്ളൂ. കോഴി കൂവിയതും ഇരുട്ടിൽ വെളിച്ചം വീണ് തുടങ്ങിയതും ആ പുരയ്ക്കകത്തുള്ളവർ അറിഞ്ഞില്ല. ഉറക്കത്തിന്റെ കരിമ്പടം അവർക്ക് മുകളിൽ മൂടി കിടക്കുകയായിരുന്നു. മഞ്ഞുകാലമായതിനാൽ അയാളും പൊന്നികുട്ടിയും മകളും വേർപ്പെടാത്ത മൂന്ന് ശിലാരൂപങ്ങൾ പോലെ ഉറഞ്ഞ് കിടന്നു. മകൾ പാവകുട്ടിയെ നെഞ്ചോട് ചേർത്ത് പൊന്നികുട്ടിയുടെ ഇടത് വശം ചേർന്നുറങ്ങുന്നു. അയാളുടെ തഴമ്പിച്ച വലുത് കൈപടം പൊന്നികുട്ടിയുടെ മാദളമായ ഇടത്തേ മുലയിൽ ആമത്താഴ് പോലെ തണുത്തുറച്ച് കിടന്നു. അന്നേരമാണ് ഉറങ്ങി കിടക്കുന്ന ശിലാരൂപങ്ങളെ കൊത്തിയുണർത്താൻ പാകത്തിനുള്ള ഉളിയുടെ ശബ്ദം പുറത്ത് നിന്ന് കേട്ടത്:
”നാരായണേട്ടോ.. നാരായണേട്ടോ”
ഉമ്മറത്തെ വിളി കുടിലിനുള്ളിലേയ്ക്ക് നീണ്ടു നീണ്ടു വന്നു.
“നാരായണേട്ടോ.. നാരായണേട്ടോ..”
പുറത്തെ ശബ്ദത്തിന്റെ മുഴക്കം കേട്ട് പൊന്നികുട്ടി കണ്ണ് തുറന്നു. അയാളുടെ കയ്യെടുത്ത് മാറ്റി പുഴപോലെ ഒഴുകി നടന്ന മുലകളെ മുലക്കച്ച കൊണ്ട് തേവി കെട്ടി. മുടി കോതിയൊതുക്കി വാതിൽ തുറന്ന് പുറത്തേയ്ക്ക് നോക്കി. പീളകെട്ടിയ കണ്ണുകൾ തിരുമ്മി ഉറക്കത്തിന്റെ നൂലിഴമാറ്റി. പതിയെ തെളിഞ്ഞു വരുന്ന മനുഷ്യൻ; കണാരൻ. ‘എന്താ’ കണാരാ എന്ന് ചോദിക്കേണ്ട കാര്യമില്ല. അതുകൊണ്ട് ‘ആരാ’ കണാരാ എന്ന് ചോദിച്ചു. ഈ വെളുപ്പാൻ കാലത്ത് ഇത്ര ഒച്ചയിൽ വിളിക്കണമെങ്കിൽ.. അതും കണാരൻ…!
അയാൾ സ്വരമല്പം താഴ്ത്തി:
“കോലാന്തറയിലെ രഘു..”
“നേരത്തോട് നേരമായോ..?”
“ഉറങ്ങാൻ കെടുക്കുമ്പോവരെ ഒരു കൊഴപ്പോം ഇല്ലാർന്നു.. പുലർച്ചെ വിളിച്ചപ്പോ എണീക്കണില്ലാ..”
“ആ.. നീ നടന്നോ.. അങ്ങേര് പുറകേ വരും..”
കണാരൻ തലയാട്ടി. പിന്നെ നടന്നു നീങ്ങി. കൈതോലകളിലും നെൽകതിരുകളിലും ഇളവെയിൽ പരന്നു. കന്നുകാലികളുടെ ചെവികളിൽ കൊറ്റികളുടെ കൊക്കുകളുരുമ്മി. പൊന്നികുട്ടി കുടിലിനുള്ളിലേയ്ക്ക് കയറി അടക്കം പറഞ്ഞു. നാരായണൻ എഴുന്നേറ്റ് മുഖം കഴുകുകയോ ഉമിക്കരിയെടുക്കുകയോ ഉണ്ടായില്ല. മകളുടെ മുടിയിൽ മൃദുവായി തലോടി, ഒരു ബീഡി കത്തിച്ച് പാടവരമ്പത്ത് കൂടി നടന്നു. ഈ കാണുന്ന നാല് കണ്ടവും അതു കഴിഞ്ഞ രണ്ട് പറമ്പും കടന്നാൽ വെട്ടുവഴി. വെട്ടുവഴിയ്ക്കിടത് വശം കറവാക്കാരൻ രാമകൃഷ്ണന്റെ വീട്. തൊട്ട് തന്നെ ബാലന്റെയും. വലതു വശം മാന്തോപ്പ്. മൂവാണ്ടൻ മാവുകളുടെ നീണ്ട നിര. നേരെ പോയാൽ ചെന്ന് കേറുന്നത് കോലാന്തറ തറവാട്ടിൽ. അവിടെയാണ് രഘു ഉറങ്ങുന്നത്. നിതാന്തമായ ഉറക്കം! ഒരു പുളിയുറുമ്പുംകൂടിനെ അനുസ്മരിപ്പിക്കും മട്ടിൽ ഉമ്മറത്ത് കൂടി നിൽക്കുന്ന ആളുകൾ. ചിലർ അകത്തേയ്ക്കും പുറത്തേയ്ക്കും പുളിയനുറുമ്പുകളെ പോലെ പാഞ്ഞു നടക്കുന്നു. മരണവീടിന്റെ ഭീകരനിശബ്ദത തൂങ്ങി നിൽക്കുന്ന ചുറ്റുവട്ടം. ശവം കുളിപ്പിച്ച് കാണിക്ക വച്ചിരിക്കുന്നു. ഒരു നോട്ടം കൊണ്ടയാൾ ആറടി പൊക്കവും എണ്പത് കിലോ തൂക്കവും അളന്ന് കുറിച്ചു. നാരായണൻ വീടിന്റെ തെക്ക് ഭാഗത്തേയ്ക്ക് നീങ്ങി.
തൊടിയിൽ നിന്ന് ശരിയാക്കിയ മൂന്ന് വാഴകൾ ഇടത് തോളിൽ ഏറ്റി വരുന്ന കണാരൻ. വലത് കൈപ്പടമില്ല. എന്നാലെന്താ വലതിന്റെയടക്കം ബലം ഇടതിനുണ്ട്. ദൈവം അവിടെ ദയാലുവായി. തന്റെ മകളുടെ കാര്യത്തിൽ പക്ഷെ…
ഒരു വൃദ്ധൻ അടുത്ത് വന്ന് മറവ് ചെയ്യേണ്ട സ്ഥാനം കാണിച്ച് കൊടുത്തു. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചിതലുകൾ ഏറ്റെടുത്തിരുന്ന ജോലിയാണ് ഇപ്പോൾ നാരായണന്റെ അത്താഴത്തിനൊരു മാർഗ്ഗമായി തീർന്നിരിക്കുന്നത്. ആറടി നീളത്തിൽ മൂന്നടി താഴ്ചയിൽ നാരായണൻ കുഴി വെട്ടി. ശേഷം വാഴപ്പിണ്ടി കണാരനിൽ നിന്ന് വാങ്ങി നെടുങ്ങനെയും തലങ്ങനെയും ഒരു ചതുരം കണക്കെ വെട്ടി വച്ചു. ഒരു വരി വിറകുകെട്ടുകൾ അടക്കി.
“നേരമായെങ്കിൽ എടുക്കാം…”
നാരായണൻ പറഞ്ഞു:
അത് കേൾക്കാൻ കാത്ത് നിൽക്കുന്ന ജനക്കൂട്ടം. ശവമെടുക്കുമ്പോൾ അലയൊതുങ്ങിയ തിര പിന്നെയും ഉയർന്ന് പൊന്തിയ മട്ടിൽ അകത്തളത്തിൽ നിന്നും തളർന്ന കരച്ചിലുകൾ മുറവിളി കൂട്ടി ഉയർന്നു…
ശവം കൊണ്ടു വന്ന് വച്ചു. വെട്ടുകത്തി കൊണ്ട് വിടിനീർകുടം കൊത്തി. ദ്വാരത്തിൽ നിന്നും ഊർന്ന് വീഴുന്ന ജലം മൂന്ന് വലം വച്ച് കഴിഞ്ഞപ്പോൾ മണ്ണിൽ പുതിയ നീർച്ചാലുകളായി രൂപപ്പെട്ടു. പിന്നാക്കം മറിച്ചിട്ട കുടത്തിന്റെ ഏറ്റവും വലിയ കഷ്ണവും അതിൽ തങ്ങി നിന്ന ഇത്തിരി ജലവും ശവത്തിന് മുകളിലേയ്ക്കിട്ടു. മരണശേഷം പൊട്ടുന്ന കുടം!
ശേഷം നാരായണൻ കാണാരനേം കൂട്ടി ശവത്തിന് മുകളിലൂടെ നനച്ച രണ്ട് കന്ന് വക്കോലും കീറി മുറിച്ച മൂന്നാല് തുണിചാക്കും വിതറി. അരികിലിരുന്ന സഞ്ചിയിൽ നിന്ന് മൂന്ന് കിലോത്തോളം വരുന്ന പഞ്ചസാരയെടുത്ത് ചൊരിഞ്ഞു. എഴുന്നൂറ് ചിരട്ടയിൽ മുന്നൂറ്റിയമ്പത് കണ്ണൻചിരട്ട ചെറുകയറിൽ കോർത്ത് ശവത്തിൽ മാലയാക്കി പരത്തിയിട്ടു. അത്രത്തോളം തന്നെയുള്ള മറ്റ് ചിരട്ടകൾ അടക്കിയടക്കി വച്ചു. നാഞ്ഞൂറോളം വരുന്ന ചാണകവരുളികൾ പൊത്തി. അടക്കാരപാളയിൽ പുഴ വക്കിലെ കല്ലില്ലാത്ത ചെളിയും പച്ചചാണകവും വെള്ളം ചേർത്ത് പശിമ കുറച്ച് കുഴച്ച് മീതെ മെഴുകി. യഥാക്രമം തല, വയർ, കാല്ഭാഗം എന്നിവിടങ്ങളിൽ മൂന്ന് പൊത്തുകൾ തുളച്ചു. അടിഭാഗം തുരന്ന് ‘ശേഷക്കാരൻ’ കൊള്ളി വച്ചു. അല്പം കഴിഞ്ഞാൽ നീറി കത്തുന്ന ചന്ദനത്തിരി കണക്കെ ശവം എരിയാൻ തുടങ്ങും. മൂന്ന് പൊത്തുകളിലൂടെ മാംസം കത്തിയ പുക മുകളിലേയ്ക്ക് ഉയർന്ന് പൊന്തും. അയാൾ മനസ്സിൽ കണക്കാക്കി. പത്ത്. പത്ത് മണിക്കൂർ! അത് തന്നെ ധാരാളം.
ഒട്ടനവധി ശവങ്ങൾ ദഹിപ്പിച്ച അയാൾക്ക് മരണം അത്ര വലിയൊരു കാര്യമായി തോന്നിയിരുന്നില്ല. ജനനവും മരണവും ഒരൊളിച്ചു കളിയാണ്; ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കും വെളിച്ചത്തിൽ നിന്നും ഇരുട്ടിലേയ്ക്കും ഇതിനിടയിൽ നൂറ് വരെ എണ്ണി തീർക്കുന്ന പ്രാന്തി ഇടയ്ക്ക് എണ്ണം തെറ്റിച്ചും ഒളിക്കണ്ണെറിഞ്ഞും കളിക്കാരെ കണ്ടുപിടിച്ച് നേരത്തേ സാറ്റ് അടിച്ച് പുറത്താക്കുന്നു. ഒളിക്കും മുൻപേ പിടിക്കപ്പെടുന്ന മനുഷ്യർ എത്ര നിസ്സഹായരാണ്!
കൂലി ചോദിക്കാൻ മേൽനോട്ടം വഹിച്ചിരുന്ന കാർന്നവന്മാരെ നോക്കിയപ്പോൾ ആർക്കും ഒരനക്കമില്ല, യാതൊരുവിധ ഭാവവ്യത്യാസവുമില്ല. പച്ചിലകളിൽ ഒരു തവിട്ട് നിറമുള്ള ഓന്ത് ഓടി കയറി പതിയെ പച്ച നിറം ഉൾക്കൊണ്ടു. ഇപ്പോഴാണ് മരണത്തിന്റെ ആഘോഷം അവരിൽ തെളിയുന്നത്. അവിടുന്ന്, ആ ഭീകരനിശബ്ദതയിൽ നിന്നും അയാൾ ഇറങ്ങി നടന്നു…
അർദ്ധവിലാപം
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഉപയോഗപ്രദവുമായ ഒരു ഭാഗം ഇല്ലാതെയാണ് കണാരന്റെ ജനനം; വലതു കൈപ്പടം! തോൽവിയോടെയാണ് ജീവിതത്തിലേയ്ക്ക് കാലെടുത്ത് കുത്തിയതെന്ന് അയാൾ കരുതുന്നു. അതിനുതക്ക കാരണങ്ങൾ നിരത്താനും അയാൾക്ക് കഴിഞ്ഞിരുന്നു. കളിയാക്കലുകളും, ആക്ഷേപങ്ങളും, ശാപവാക്കുകളുമെല്ലാം കേട്ട് കേട്ട് പരാജയം അതിന്റെ തലയെടുപ്പോടെ, ഏറ്റെടുത്ത കുട്ടിക്കാലം. തന്റെ തലയില്ലാത്ത വലത് കയ്യിലേയ്ക്കുള്ള മറ്റുള്ളവരുടെ ഒളിനോട്ടം കാണാരനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു: കുഴിച്ചു മൂടിയ ജഡം തോണ്ടി പുറത്തെടുത്ത് അതിന്റെ ദുർഗന്ധം ശ്വസിക്കുന്നത് പോലെ.
കുട്ടിക്കാലം തൊട്ടേ കണാരൻ ഒന്നേ മോഹിച്ചിട്ടുള്ളൂ. കല്യാണിയെ! നുണകുഴികളും കൂട്ടുപുരികവും അയാളുടെ സ്വപ്നങ്ങളിലെ സൗന്ദര്യ സങ്കല്പമായിരുന്നു. അത് രണ്ടും ഒത്തിണങ്ങിയ കല്യാണി. കുഞ്ഞുനാളിൽ കൊണ്ട് നടന്ന സ്നേഹം അതിര് കവിഞ്ഞുള്ള ഒരു സന്ധ്യയിൽ അയാളറിയാതെ തേട്ടി. മറുപടി അന്നേവരെ അനുഭവിച്ചു പോന്ന തോൽവിയുടെ ത്രാസിന്റെ വലിപ്പിലേയ്ക്കുള്ള ഇരുമ്പുകട്ടി മാത്രമായിരുന്നു.
“നീ തിന്നുന്നതും തൂറുന്നതും ഒരേ കയ്യോണ്ടല്ലേ… എനിക്കിഷ്ടല്ലാ ഒറ്റക്കയ്യന്മാരെ..”
പിന്നീട് എപ്പോൾ ചോറ് ഉരുള കൂട്ടുമ്പോഴും അയാളുടെ ചിന്ത സ്വന്തം മലത്തെ കുറിച്ച്; വിസർജ്യങ്ങളിരിക്കുന്ന പൃഷ്ടത്തെ കുറിച്ച്; അത് കഴുകി വൃത്തിയാക്കാൻ പോകുന്ന തന്റെ കൈപ്പത്തിയെ കുറിച്ച്; തനിക്കിങ്ങനെയൊരു തോൽവി കൂടിയുണ്ടെന്ന് ചൂണ്ടി കാട്ടിയ കല്യാണിയെ കുറിച്ച്…
അയാൾ, ഏതോ കാറ്റിൽ എങ്ങോട്ടാ തിരിയുന്ന തെങ്ങോല പമ്പരം പോലെ കറങ്ങി.
പലപല ജോലികളിൽ ഇതേ പറ്റിയുള്ള പരാമർശങ്ങൾ തുടർക്കഥയായപ്പോൾ അയാൾ നാരായണനോടൊപ്പം കൂടി. അത് കണാരന്റെ ജീവിതത്തിന് വഴിത്തിരിവായി. നാരായണന്റെ എല്ലാ ജോലികളിലും കയ്യാളായി അല്ലെങ്കിൽ തരാതരക്കാരനായി നാരായണൻ കാണാരനെ കണ്ടു. വിശ്വസിച്ച് കൂടെ നിർത്തി.
കണാരന്റെ ഈ വിഷമങ്ങൾ എല്ലാം തന്നെ മാറിയത് നാരായണന് മകൾ ജനിച്ചപ്പോഴാണ്. താൻ മാത്രമല്ല ദൈവത്തിന്റെ വികൃതികൾക്ക് ഇരയായിട്ടുള്ളതെന്ന് അയാൾ മനസ്സിലാക്കുന്നതും അതിന് ശേഷമാണ്. ഒരു പൂർണ്ണവിലാപം പാതിയിൽ പകുത്തു…
ജീവന്റെ തുള്ളി
മഴയുള്ളൊരു പാതിരായിലാണ് ഇടിവെട്ടിന്റെ ശബ്ദം കേട്ട് നാരായണൻ ഞെട്ടി ഉണർന്നത്. തൊട്ടുരുമ്മി കിടക്കുന്ന പൊന്നികുട്ടിയെ ഒന്ന് നോക്കി. പിന്നെ എണീറ്റ് ബീഡിക്ക് തീ പകർന്നു. പുകയൂതി വളയം വിട്ടു. പുറത്ത് മിന്നൽ താഴ്ന്ന് വന്നു. മഴ കനത്തു. റാന്തൽ വെട്ടത്തിൽ ഉലഞ്ഞ മേൽമുണ്ടിനുള്ളിൽ തികഞ്ഞ യൗവ്വനം. അവളുടെ ഉടലിൽ കാട്ടുതുളസിയുടെ ഗന്ധം. അടുത്ത ഇടിമുഴക്കത്തോടൊപ്പം രക്തചന്ദനം പോലുള്ള ഉടൽ അയാൾ ചെത്തി മിനുക്കി. പലവെട്ടുവഴികളിലും ആഞ്ഞു കൊത്തി, നീരുറവ പൊട്ടിയൊലിച്ചു. മറ്റൊരു ബാല്യം തനിക്ക് മുന്നിൽ നൃത്തം ചവിട്ടുന്നത് സ്വപ്നം കണ്ടയാൾ തളർന്നുറങ്ങി.
ഭൂമി പിളരും മട്ടിൽ ഉയർന്ന പൊന്നികുട്ടിയുടെ കരച്ചിലിന്റെ തിരയടങ്ങി. ശേഷം ഒരു കുഞ്ഞിന്റെ കരച്ചിൽ കാതിൽ പാഞ്ഞു കയറി. ഉമ്മറത്തെ നടത്തം നാടകീയമായി നിന്നു. തീ കെടാത്ത ചിതറിയ ബീഡി കുറ്റികളിൽ ചവിട്ടി, തുറന്ന വാതിലിലെ പേറ്റിച്ചിയുടെ കയ്യിലെ വെള്ളതുണിയിലേയ്ക്ക് അയാളുടെ ആകാംക്ഷ മൊട്ടിട്ടു. കുഞ്ഞിനെ കയ്യിലെടുക്കുമ്പോൾ ഞളുങ്ങിയ ഓട്ടുപാത്രം പോലുള്ള തല സന്തോഷത്തിന്റെ തിരയടക്കി. ശരീരത്തിനേക്കാൾ നീളം കൂടിയ കൈകാലുകൾ. ഒരു പകപ്പ് തലച്ചോറിന്റെ ഭ്രമണപഥത്തിൽ മൂളി പറന്നു.
വളരുംതോറും കൈകാലുകളുടെ കൂട്ടി പിണച്ചിൽ തീർത്താൽ തീരാത്ത കുടുക്കായി. ഊരാകുടുക്ക്! മരുന്നിനും മന്ത്രത്തിനുമായി കാശൊത്തിരി ചെലവായി. ഒടുവിൽ നിലവിളക്ക് ഊതി കെടുത്തും മട്ടിൽ പ്രതീക്ഷ കെട്ടു. കൈകാലുകളുടെ സ്വാധീനക്കുറവ് അവളുടെ സഞ്ചാരം കൂരയുടെ ഉള്ളിൽ ഒരു ഘടികാരത്തിലെ സൂചി പോലെ വലം വച്ചു. എങ്കിലും നാരായണൻ മകളെയും എടുത്ത് ഉത്സവത്തിനും മറ്റ് ആഘോഷങ്ങൾക്കും പങ്ക് ചേർന്നിരുന്നു. അവൾക്കിഷ്ടമുള്ള പാവകുട്ടികൾ വാങ്ങി കൊടുത്തു. ആനകളെ കാട്ടി കൊടുത്തു. പൂരവും വർണ്ണക്കാഴ്ചകളും കാണിച്ച് കൊടുത്തു. അളവറ്റ വാത്സല്യം അയാൾ കോരി ചൊരിഞ്ഞു. എന്നിട്ടും അവൾ ഒരക്ഷരം പോലും ഊരിയാടിയില്ല. ചില ആംഗ്യങ്ങളിൽ മാത്രമായൊതുക്കി അവളുടെ ഭാഷ. കുറേ കഴിഞ്ഞപ്പോൾ തനിക്കിങ്ങനെയൊരു കുഞ്ഞിനെ തന്ന പൊന്നികുട്ടിയെ അയാൾ വെറുത്തു തുടങ്ങി. പുറം തിളയ്ക്കാത്ത അകം വേവുന്ന വെറുപ്പ്.
വിഹിതം
ദേവിയുടെ വീടിന്റെ പുറക് വശം. അടുക്കള ജനലഴികൾക്കിടയിൽ കൂടി വെളിയിലേക്ക് വീണ നോട്ടത്തിൽ ഒരു നിഴലനക്കം.
“ആരാത്..?”
ദേവിയുടെ കണ്ണിലേക്ക് മാറി നിന്ന് നാരായണൻ തല ചൊറിഞ്ഞു.
“എന്താ ഈ നേരത്ത്..?” ദേവി അല്പം പേടിയോടെ ചോദിച്ചു. കൂട്ടിനുള്ള തള്ള നേരത്തേ തന്നെ കെടുന്നിരുന്നു.
“കൂലി….” മുഴുവിപ്പിക്കാത്ത വാചകം തലയിലൂടെ ഓടി കളിച്ച ചൂണ്ടുവിരൽ മുഴുവിപ്പിച്ചു.
“നാളെ വരൂ… ഇവിടിപ്പോ ഇരുപ്പില്ല..”
“അയ്യോ.. വേണ്ടാ എന്ന് പറയാനാ വന്നത്…” തലയിലെ ചൊറിച്ചിൽ മാറാതെ നാരായണൻ പറഞ്ഞു..
വാതിൽ തുറക്കപ്പെട്ടു.. ഇളകി തൂങ്ങുന്ന വാതിൽ അടർത്തി മാറ്റിയപ്പോൾ വിജാഗിരി പഴുതുകളിലൂടെയൊരു നിലവിളി പുറത്തേയ്ക്ക് തെറിച്ചു. ഇരുട്ട് കട്ടകുത്തി കിടക്കുന്നു. കൂറകളുടെ വിഹാരകേന്ദ്രം.
ഇരുട്ടിൽ നിഴലുകൾ ഒരുടലായി.
രാത്രിയുടെ ഏതോ യാമത്തിൽ ആത്മസംതൃപ്തിയുടെ നിറവിൽ ബീജത്തുള്ളികൾ വെളിച്ചത്തിന്റെ വാതായനം സ്വപ്നം കണ്ടുറങ്ങി.
ദേവി. അമ്മാവന്റെ മകനായ രഘുവിനെ സ്വപ്നം കണ്ടു തുടങ്ങിയത് നന്നേ ചെറുപ്പത്തിലാണ്. . ആ ഇഷ്ടം ഒരടിയറവായി. കല്യാണ തലേന്നുള്ള രഘുവിനൊപ്പമുളള തന്റെ ഇറങ്ങി പോക്കും അച്ഛന്റെ ഹൃദയസ്തംഭനവും എല്ലാമെല്ലാം മനസ്സിന്റെ ഉള്ളറകളിൽ, കാറ്റിൽ അലയാത്ത, കെട്ടിയിട്ട കടവുതോണി പോലെ ഇന്നും.
രഘുവിന് വേണ്ടിയാണല്ലോ എന്ന ആശ്വാസം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. വൈകാതെ അതിനും തിരശീല വീണു.
കുടിച്ച് വരുമ്പോൾ ചവിട്ടി തേക്കാൻ ഒരു സ്ത്രീ ശരീരം.
മറ്റുള്ളവരുമായുള്ള രതിസുഖമളക്കാൻ.
അശ്ലീലച്ചുവ നുണയാൻ.
ആത്മാവില്ലാതെ കാമിക്കാൻ.
മുറിവേല്പിക്കാൻ…
നാരായണൻ ഒരു ചെറുതേനായിരുന്നു. ആ മുറിവുണക്കാൻ..!
നാട്ടുവർത്തമാനം
‘കാവൽപ്പുര’ എന്നാണ് ഗ്രാമത്തിന്റെ പേര്. അവിടെ ആദ്യമായി ചായക്കടയിട്ടത് പരമുവാണ്. പരമുവിന് വയ്യാതായപ്പോൾ പരമുവിന്റെ രണ്ടു മക്കളും അതേറ്റെടുത്തു; പ്രേമനും നന്ദനും. ചായയിലാർന്നു നന്ദന്റെ കഴിവെങ്കിൽ ദോശയിലും കടലയിലുമായിരുന്നു പ്രേമന്റെ കൈവഴക്കം. ഇളക്കം കൂടുതലുള്ള ബെഞ്ചും മേശയും അടക്കം പറയുന്നവർക്കുള്ളതല്ല. നേരിനും നെറിവിനുമല്ല; വിഭവങ്ങൾക്കും സ്വാദിനുമായിരുന്നു. ഏറ്റവും ചർച്ചയേറുന്ന വിഭവങ്ങൾ കൊണ്ട് വരുന്നവന് നന്ദന്റെ വക സ്പെഷ്യൽ ചായ. അതും സൗജന്യമായി. അതുകൊണ്ട് തന്നെ വാർത്തകൾക്ക് പഞ്ഞമില്ലാത്ത കട. അവയെല്ലാം സത്യമാവണമെന്നില്ല. എന്നാൽ മുഴുവനും നുണയായി തള്ളാനും അന്നാട്ടിലെ ചെറുപ്പക്കാർ തയ്യാറല്ലായിരുന്നു. അതിനവർക്കൊരു ന്യായം പറച്ചിലുമുണ്ട്: തീയില്ലാണ്ട് പുകയുണ്ടാകുമോ…?
ദേവിയുടെ വീടിന് മുകളിലൂടെ വട്ടമിട്ട് പറക്കുന്ന നാരായണന്റെ ചിറകുകളാണ് ഇന്നത്തെ ചർച്ചാ വിഷയം.
“അല്ലോളി.. നിങ്ങള് കണ്ടൂന്നുള്ളത് നേരാ..?” – തൊപ്പിക്കു താഴെയുള്ള നിസ്ക്കാരതഴമ്പിൽ കയ്യോടിച്ചു കൊണ്ടായിരുന്നു ഹാജ്യാരുടെ ആ ചോദ്യം:
“ഓനാന്ന് ഉറപ്പുണ്ടേൽ ഏറ്റെടുക്കട്ടേന്ന്.. എന്തേ..”
“അല്ലാണ്ട് പിന്നെ…” പത്രത്തിന്റെ മുൻഭാഗം അൽപ്പം താഴ്ത്തി രാമകൃഷ്ണൻ പറഞ്ഞു: “പാതിരായ്ക്ക് അവിടെന്നിറങ്ങി പോണത് ഞാൻ എത്ര വട്ടം കണ്ടിരിക്കണു..”
ചായക്കടയിലെ തിണ്ണയിലേയ്ക്ക് നാരായണൻ കയറി ഇരുന്നപ്പോൾ അവിടമാകെ മൂകമായൊരു നിശബ്ദത പരന്നു.
“നന്ദാ.. ഒരു ചായ” -സൗമ്യമായ നാരായണന്റെ ശബ്ദം.
“ചായിട്ടു തരാൻ പുതിയ വീടുള്ളപ്പോ എന്തിനാ നാരായണാ വെറുതെ കാശ് കളയണേ..?” -പത്രം താഴ്ത്താതെയായിരുന്നു രാമകൃഷ്ണന്റെ ചോദ്യം.
ചോദ്യത്തിലെ കുന്തമുനയുടെ ആഴം മനസ്സിലാക്കിയ നാരായണൻ:
“അനാവശ്യം പറയരുത്…”
“പിന്നെങ്ങനാടോ കോലാന്തറയിലെ പെണ്ണിന് അഞ്ചാം മാസമായത്.. ചത്ത് പോയ അവളുടെ പുയ്യാപ്ല പിന്നേം എണീറ്റ് വന്നോ..?” -ബെഞ്ചിൽ നിന്ന് ചാടി എണീറ്റ് കൊണ്ടായിരുന്നു ഹാജ്യാരുടെ ചോദ്യം.
എത്ര സമർത്ഥമായി കളവ് ചെയ്താലും ഒരു തെളിവ് അവിടെ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടാകും. ആ തെളിവ് സ്വയം മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഏതിരുട്ടിലും തിളങ്ങുന്ന സ്ഫടികമണി പോലെ. ആ തെളിവാണ് ഇപ്പോൾ ജീവന്റെ കണികയായി അവളുടെ വയറ്റിൽ വളരുന്നത്. ലോകം മുഴുവൻ എതിരെ നിന്നാലും അയാൾ ആ സത്യം അംഗീകരിക്കുകയില്ല. നാരായണൻ പതറിയ നോട്ടം പിൻവലിച്ച് വെയിലിലേയ്ക്കിറങ്ങി. ചുട്ട് പൊള്ളുന്ന തലയിൽ തീ ചൊരിഞ്ഞ് കൊണ്ട് സൂര്യൻ പകിട്ട് കാണിച്ചു.
മുന്നൂറ്കുടം
ഇരുട്ട് ദേവിയ്ക്ക് മുകളിലൊരു മറപിടിച്ചില്ല. കഴുത്ത് ഞെരുക്കി അവളുടെ ചുണ്ടോടടുപ്പിച്ച് നാരായണൻ ചോദിച്ചു:
“പുലയാടി മോളേ.. നീ എന്തിനെന്നോടിത് മറച്ചു വച്ചു…?”
ഏറു കൊണ്ട കോഴിയെ പോലെ ദേവി മൂലയിൽ പതുങ്ങി. ജനലഴികൾക്ക് പുറത്ത് ഒരു അടക്കാരപ്പട്ട പൊട്ടി വീണു. നിറവയറിനെ തലോടി മുഴച്ചു നിൽക്കുന്ന തേക്കിന്റെ കട്ടിൽ തലയിലേയ്ക്ക് അവളുടെ മുടി പിടിച്ച് ആഞ്ഞുന്തി. മുറിയിൽ തട്ടി തെറിച്ചു രാത്രിയുടെ തണുപ്പിലേക്കൊരു കരച്ചിൽ മുങ്ങി താഴ്ന്നു..
അയാൾ അവിടെ നിന്നിറങ്ങി. ബാലന്റെ വീട്ടിൽ വെളിച്ചം കത്തി. ചലിക്കുന്ന റാന്തൽ വെട്ടം. സമീപം കറവക്കാരൻ രാമകൃഷ്ണന്റെ നിഴൽ. നാരായണൻ അവരുടെ മുമ്പിൽ വെട്ടുവഴിയിൽ നിന്നു. ഒരു ഭാഗത്ത് രാമകൃഷ്ണന്റെയും ബാലന്റെയും നെഞ്ചിടിപ്പ് കൂടി, നിറവയറിൽ നിൽക്കുന്ന പശുവിനെ നോക്കി കൊണ്ട്. മറുഭാഗത്ത് ദേവിയുടെ… അലസിയില്ലെങ്കിൽ..? മാനസിക പിരിമുറുക്കത്തോടെ നാരായണൻ. ഏത് നിമിഷവും പുറം ലോകമറിയുന്ന ഒരു ജീവൻ പുറത്ത് വരും. നാരായണന്റെ മുഖം വിയർത്തു. മുന്നൂറ്കുടം പശുവിന്റെ ഈറ്റത്തിൽ നിന്ന് പുറംതള്ളി. ജനനത്തിന് മുമ്പ് പൊട്ടുന്ന കുടം…! അത് പൊട്ടിയാൽ പിന്നെ ജീവൻ പുറത്ത് വരികയായി. പൊട്ടി! അയാൾ കണ്ടാരമുത്തപ്പന് ഒരു കുപ്പിയെണ്ണ നേർന്നു:
“ചാപിള്ളയാകാണേ…”
രണ്ട് വെളുത്ത കുളമ്പ് നടുവിൽ ചെറിയൊരു മുഖവും. അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥയിൽ കുരുക്കിൽ തലപ്പെട്ടത് പോലെ നിന്നു. രാമകൃഷ്ണൻ പുറത്തേയ്ക്ക് വലിച്ചെടുക്കാൻ പാടുപെടുന്നു. പശു ആവുന്നോളം മുക്കുന്നു. അതനുസരിച്ച് കുട്ടിയെ പുറകിൽ നിന്ന് വലിക്കുന്നു. ഒടുവിൽ കാലുമടങ്ങി പൊടുന്നനെ വാരികുഴിയിൽ വീഴുന്ന ആനയെപോലെ പശു നിലംപൊത്തി. കുട്ടി പുറത്തേയ്ക്ക് വന്നില്ല. ഉള്ളിലോട്ട് തന്നെ പോയി. പശുവിന്റെ കണ്ണ് തുറിച്ചു. അവിടെ കൂടി നിന്നവരെല്ലാം സ്തബ്ധരായി; ഒരാളൊഴികെ. അയാളുടെ മനസ്സിൽ ചിരിയുടെ, സന്തോഷത്തിന്റെ, സമാധാനത്തിന്റെ അലകളുണർന്നത് അന്നേരമാണ്.
അന്ന് രാത്രി അയാൾ ഉറങ്ങിയില്ല. വാക്കും വാചകവും പോലെ ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങളിൽ മനസ്സുടക്കി.
പിറ്റേന്ന് ചുവന്ന തുണ്ടുകൾ ആകാശകീറിൽ തെന്നി തെളിഞ്ഞതും കണാരൻ വാർത്തയുമായെത്തി.
“ഒന്നല്ല.. രണ്ട് ജീവൻ..!” -അയാൾ വിളറി വെളുത്തു.
വിളിച്ചാൽ വിളി കേൾക്കുന്ന കണ്ടാരമുത്തപ്പൻ. നാരായണൻ നിശ്വസിച്ചു.
“വർഷം കുറേ ആയില്ലേ നീ എന്റെ കൂടെ നിൽക്കുന്നു. ഇത് നിന്റെ കന്നി ചെയ്താവട്ടെ.. അതും രണ്ട്..”
നാരായണൻ അവന്റെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. പുലരിയുടെ പുതുവെളിച്ചം!
കണാരന്റെ ആദ്യത്തെ ഊഴം. പിന്നീടത് അയാളുടെ മാത്രം ചോറായി. എല്ലാരിൽ നിന്നും കണക്ക് പറഞ്ഞു പൈസ വാങ്ങി. അന്നുമുതൽ മരണം അയാൾക്കെന്നും കേൾക്കാൻ രസമുള്ളൊരു വാക്കായി. ഒരിക്കലൊഴികെ.
പൂർണ്ണവിരാമം
വെള്ളപൊതിഞ്ഞ അമ്മയും കുഞ്ഞും കൂടെ കൂടെ സ്വപ്നത്തിൽ വന്ന് നാരായണനെ സ്വൈര്യം കെടുത്തി. അയാൾ ഷാപ്പുകളിൽ ബോധമില്ലാതെ അന്തിയുറങ്ങാൻ ശീലിച്ചു. പൊന്നികുട്ടി മകളെ തനിച്ചാക്കി വീട്ടുപണികൾക്ക് പോയി തുടങ്ങി. കുടുംബം പോറ്റി. മഴ നനഞ്ഞ തിണ്ടിലെ വഴുപ്പിൽ അയാൾ ഉഴറി. മഴവെള്ളത്തിൽ ചോർന്നൊലിച്ചു പോയ അടിമണ്ണ് പോലെ അയാളിൽ നിന്ന് എല്ലാം കാലം പിടിച്ച് പറിച്ചു. ദേവിയോടൊപ്പമുള്ള നിമിഷങ്ങൾ അയവിറക്കി ലഹരിയുടെ നൂൽപാലത്തിൽ ചരിഞ്ഞാടി അയാൾ വീട്ടിലെത്തി. മകൾ ഇഴഞ്ഞു നീങ്ങി എന്തോ പറയാൻ ആഗ്യം കാട്ടി. അയാളുടെ മനസ്സ് നിറയെ ദേവിയായിരുന്നു. ദേവിയുടെ നിറഞ്ഞ നിശ്വാസങ്ങൾ. ഉലഞ്ഞ വാർമുടിക്കെട്ടുകൾ. ഉതിർന്ന വിയർപ്പ് തുള്ളികൾ..ദേവി..!
മഴ കോരി ചൊരിഞ്ഞ് ഇടവിട്ട് ഇടവിട്ടുള്ള കാറ്റിൽ ആടിയുലഞ്ഞു തട്ടി തെറിച്ച് മരങ്ങളിലൂടൂർന്നൊലിച്ച് മണ്ണിൽ പുതിയ വിത്തുകൾക്ക് മുളയിട്ടു. വളരാൻ പാടില്ലാത്ത വിത്തുകൾക്ക്.
നെൽക്കതിരുകളിൽ തെളിക്കാൻ വച്ചിരുന്ന വിഷം വീട്ടിൽ ഭദ്രമായി ഇരിക്കുന്നത് അയാൾ കണ്ടു.
പൊന്നികുട്ടി ജോലി കഴിഞ്ഞു വരുമ്പോൾ ഉമ്മറത്ത് നാല് വലിയ വാഴകൾ വെട്ടി ശരിപ്പെടുത്തിയിരിക്കുന്നു. ഒരു പാള നിറച്ചും പച്ചചാണകം. നാല് കിലോ പഞ്ചസാര. കല്ലില്ലാത്ത ചെളി. മാലയാക്കി കോർത്തിട്ട കണ്ണൻ ചിരട്ടകൾ. പിന്നെയെല്ലാം അവ്യക്തമായേ അവളുടെ കണ്ണിൽ പെട്ടുള്ളൂ. പുരയ്ക്കകത്ത് ചോര തുപ്പി കെട്ടിപുണർന്ന് കിടക്കുന്ന രണ്ട് ശരീരങ്ങൾ.
നിലവിളികൾ നാല് ഭാഗത്തേയ്ക്കും ഉയർന്നു. ഓടി കൂടിയവരെല്ലാം അന്ധാളിച്ച് നിൽപ്പായി. അന്തി ചുവന്ന് തിടം വച്ചു. ഇനി വൈകിക്കണ്ട. കൂട്ടത്തിലൊരു കാർന്നവരുടെ സ്വരം. കണാരൻ അന്ത്യകർമ്മങ്ങൾ ചെയ്യാനായി ശവങ്ങൾ കുളിപ്പിക്കാനെടുത്തപ്പോൾ വാടിയ ചെമ്പരത്തി പോലെ മകളുടെ തുടയിൽ പറ്റി പിടിച്ച് കിടക്കുന്ന രക്തക്കറ..! ഒരു മിണ്ടാപ്രാണിയുടെ ഏങ്ങലടികൾ അയാളുടെ കാതോരമെത്തി തകർന്നു. കണാരന്റെ കൈകൾ വിറച്ചു. മുഖം കോടി. കണ്ണുകൾ ചത്ത മീൻ പോലെ ചലനമറ്റു. അയാൾ ധിറുതിയിൽ വെള്ളമൊഴിച്ച് ആ പാപക്കറയിളക്കി. മോന്തത്തൊട്ടി കെട്ടിയ മൂരികുട്ടിയെ പോലെ അയാളുടെ ശബ്ദം ഉള്ളിൽ വീർപ്പുമുട്ടി. ഒരു കുഴിയിൽ രണ്ട് ശവങ്ങളും അടക്കി. മാംസം കത്തുന്ന മണം നാല് ദിക്കിലേയും മനുഷ്യർ അസ്വസ്ഥതയോടെ ശ്വസിച്ചു. നീറി പിടിച്ച് മൂന്ന് പൊത്തുകളിൽ നിന്ന് മേലോട്ടുയർന്ന കറുത്ത പുക ആകാശം മുട്ടേ പടർന്ന് പന്തലിച്ചു.
ഒളിച്ചുകളി
കാലം പോന്നു. ജീവന്റെ പൊടിപ്പുകൾക്ക് മുള പൊട്ടുകയും അണയുകയും ചെയ്തു. കൂടപ്പിറപ്പുകളില്ലാത്ത സഞ്ചാരിയാണ് കാലം: തിരിഞ്ഞു നോട്ടമില്ല, ആരോടും മമതയുമില്ല. എന്നിട്ടും പൊന്നികുട്ടിയിൽ മാത്രം മരണത്തിന്റെ നിഴൽ പതിച്ചില്ല. ഒരു തീണ്ടാപാടകലെ അത് മാറി നിന്നു.
അവരുടെ മരണകാരണം ഇപ്പോഴും അവളുടെ നെഞ്ചിൽ പിടിതരാതാടുന്നൊരു കൊളുത്തായി. പച്ച പിടിച്ച് വിടർന്നു നിൽക്കുന്ന നെൽപാടത്തിന് നടുവിലൂടെ ഇളവെയിലിൽ മങ്ങിയ കണ്ണുകൾ ആവുന്നത്ര തുറന്ന് പിടിച്ച്, വേച്ച് വേച്ച് പ്രാന്തിയുടെ മുമ്പിൽ പിടികൊടുക്കാൻ തയ്യാറായവൾ നടന്നു. നരച്ച തലമുടികൾ വായുവിൽ തുളുമ്പി.
പ്രാന്തി എണ്ണം തെറ്റിച്ചില്ല; ഒളിക്കണ്ണെറിഞ്ഞതുമില്ല; അവൾ പിന്നെയും തന്റെ ഊഴം കാത്ത് കിടന്നു.