ആദ്യമായ്
ട്രെയിൻ കയറിയപ്പം
കട്ടിക്കണ്ണടയും
നീളൻ പർദ്ദയുമുടുത്ത ഇമ്മ
ഇളം കാലിൽ
കടൽ തിരകളാദ്യമായ്
തൊട്ടപോലുള്ള കുഞ്ഞായി.
ഒഴിഞ്ഞ സീറ്റുകളിലൊന്നുമിരിക്കാതെ
ഉപ്പ് മണലിലോടും കുഞ്ഞു പോൽ
ഇടക്കിടെ
ഞാനിരിക്കുന്നിടത്ത് വന്ന് ചിരിച്ചും
വീണ്ടുമോടിയും
ബോഗിയുടെ ഒരു തലക്കൽ നിന്നും
മറു തലക്കിലേക്ക് പറന്നു കളിച്ചു.

കാലം വരച്ചിട്ട
കൈ തണ്ടയിലെ തൊലിച്ചുളിവ് കണ്ട്
കൂടെയിരുന്നവർ
“ഇതെന്ത് തള്ളയെന്ന്”
മുഖം കറുപ്പിക്കവേ
പട്ടത്തിനൊപ്പം പാഞ്ഞ
കുഞ്ഞിനെ പിടിച്ചിരുത്തും പോലെ
ഇമ്മയെ പിടിച്ച്
എന്നോട് ചേർത്തിരുത്തി.

തീവണ്ടിയിൽ തൊട്ട്
പുറത്തൊരു കാട് കടന്നു പോകവേ
വേരറ്റതായിട്ടും
നരച്ച മുടിയിഴകളിൽ നിന്നും
ചൂടി നടന്നൊരു മുല്ലപ്പൂവിന്റെ
പൂ മണം ചുറ്റിലും പടർന്നു.mubashir cp , poem, iemalayalam

കണ്ണടച്ചില്ലുകളിൽ
വെയിൽ കുത്തുമ്പോൾ
കണ്ണ് ചിമ്മുകയും
പുഴ കാണുമ്പോൾ
കൈ കൊട്ടിച്ചിരിക്കുകയും ചെയ്തു.

ദാഹിക്കുന്നതിന്
വെള്ളം നീട്ടിയിട്ടും വേണ്ടന്നും
അത് വഴി വന്ന
ഐസ് ക്രീം തന്നെ വേണമെന്നും
അപ്പുറത്തിരുന്ന പെൺകൊച്ച്
കണ്ട് ചിരിച്ചുകൊണ്ടിരുന്ന
കാർട്ടൂൺ
ഇനിക്കും വെച്ച് താന്നും
എന്നോട് വാശിപിടിച്ചു.
കുട്ടിത്തം സഹിക്കവയ്യാതെ
ഞാൻ
ഇമ്മാനിം കൂട്ടി
അടുത്ത സ്റ്റേഷനിലിറങ്ങി.

ഒഴുകിത്തീർന്നൊരു പുഴയെ
ഭൂമി പൊറുക്കും പോൽ
കാൽപാട് തീർന്നൊരു
കുറിയൻ കാലും വലിച്ച്
മുതുക് നന്നേ വളച്ച്
പ്ലാറ്റ്ഫോം മുറിച്ചു നടക്കവേ
ഇമ്മയുടെ ചുണ്ടിൽ
കെടാനൊരുങ്ങുന്നു
പെടുന്നനെ തീർന്ന് പോയൊരു
ബാല്യകാലം.

ഇമ്മാനെ ഇനി ആദ്യായിട്ട്
കടല് കാണിക്കാൻ കൊണ്ടോണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook