1
അയാൾ ഒരുമ്മ തരും
“ഇവിടെയിരുന്നാലൊരു കാര്യം പറയാം”
“എന്താണ്”
“അത് കണ്ടോ ആകാശത്തിലൊരു മേഘം
കഴുതയെ വരച്ചു കൊണ്ട് പോണത്”
“ഓ ഇതാണോ കാര്യം?
രാവിലെണീറ്റപ്പോളിതുപോലെ
ഒരാനയെ ആകാശം
നാട് കടത്തുന്നത് കണ്ടവനാണ് ഞാൻ.”
“അങ്ങനെയെങ്കിൽ ആകാശമൊരു
ബസ്സാണ്.”
“അതെങ്ങനെ?”
“ഈ കാട് മടുക്കുമ്പോളാ കാട്ടിലേക്ക്
മൃഗങ്ങളെ കണ്ണടച്ച്, ചിറക് കൊടുത്ത്
കൊണ്ട് പോണ ആന വണ്ടിയാണ് ആകാശം”
“അപ്പൊ നമ്മളേ പറത്തില്ലേ?”
“ഇല്ല, മേഘങ്ങൾക്ക് ദൈവമാകാൻ താൽപ്പര്യമില്ല”
“ഹോ!”
“ഇതല്ല ശരിക്കുമുള്ള കാര്യം?”
“പിന്നെ?”
“ജങ്ഷൻ തിരിഞ്ഞാൽ കാണുന്ന
ചായക്കടയിൽ ഒരു കുട്ടി ഇരിക്കുന്നുണ്ട്”
“കുട്ടിയോ?”
“അതെ”
“കുട്ടിയുമായി എന്താണ് ഇടപാട്?”
“ഒന്നുമില്ല, പറയുന്നത് കേൾക്കൂ.
കുട്ടിയോട് നീ ഏറ്റവും രുചിയുള്ള സുഖം ഏതെന്ന് ചോദിക്കണം.”
“ഏറ്റവും രുചിയുള്ള സുഖമോ? കുട്ടിയോടോ?”
“ഹാ, കാണാത്തതിനെ കാണുക എന്നതാണ് അവരുടെ കഴിവുകൾ”
“എന്നിട്ട്…”
“കുട്ടി നിന്നെ കടൽക്കരയിലപ്പോളെത്തിയ മീൻ ബോട്ടിലേക്ക് കൊണ്ട് പോകും.”
“ഈ നട്ടുച്ചയ്ക്കോ?”
“ആ… പേടിക്കണ്ട കുട്ടി ഇല്ലേ കൂടെ.”
“ഹ്മ്മ്… ശരി.”
“അവിടെ നിനക്ക് കുട്ടി ഒരാളെ കാണിച്ചു തരും.
കുഞ്ഞൻ കാലായിട്ടും വലിയ ഷൂസും
തടിയനായിട്ടും കുറിഞ്ഞ ജുബ്ബയും കീശകളിലെല്ലാം പേനകൾ തൂക്കിയ,
സൺഗ്ലാസ് വെച്ച മനുഷ്യനെ.”
“ഹോ! എന്നിട്ട്?”
“നിന്നെ കാണുമ്പോൾ നിന്റെ കണ്ണിലെന്റെ മുഖം കാണുന്ന അയാൾ
ഒരുമ്മ തരും
നീയത് വേടിച്ചു പോന്നാൽ മാത്രം മതി.”
“ശേ… നാണക്കേട് ഞാൻ പോകില്ല.”

2
“ആ സാനമിന്ന് കിട്ടുമോ?”
വണ്ടി ശരിയായാക്കിക്കൊണ്ടിരുന്നയാളോട് വർക്ക് ഷോപ്പിലേക്ക് ഓടിക്കയറിവന്ന പയ്യൻ: “രണ്ടാലൊന്നറിയണം”
“അതിനുമാത്രമെന്തുണ്ടായി?”
“ഞാനിന്ന് കളിച്ച ബുള്ളറ്റ്ഷൂട്ട് ഗെയിമിൽ
തൊപ്പി വെച്ച,
കറുത്തവരെ മാത്രം ഇരകളാക്കുന്ന
ജിമ്മന്റെ നെറ്റിയിൽ നിങ്ങൾക്കുള്ളതുപോലെ മുറിപ്പാട്,
മിസ്റ്റർ നെരാണ്ടസ് എന്ന് പേരും.”
“ഓ…
ശെരിക്കും?”
“അതേ, ഞാൻ കളിച്ചതാണ്.”
“ഹോ!
എനിക്കറിയില്ല, അത് വിട്ടേക്ക്.
നീ വാ
അലി മുസാഹെബിന്റെ
ഒറ്റമുറിക്കടയുണ്ടടുത്ത്,
ചായ വാങ്ങിത്തരാം.”
(ചായക്കടയിൽ)
“ഇത് പറയൂന്നേ
അത് നിങ്ങളേ അല്ല”
“എന്നാ കേട്ടോ
കൽക്കത്ത റെയിൽവേ പാളത്തിലിരുന്ന പൂച്ചക്ക്
കഴുത്ത് ചൊറിഞ്ഞു കൊടുത്ത പയ്യൻ
അതെണീറ്റപ്പോളൊപ്പൊമെണീറ്റു,
പൂച്ച കയറിയിരുന്ന അതേ ബെഞ്ചിലിരുന്നു,
ഇതാ, ഇവിടെ.
ഒറ്റയുണ്ടയുള്ളൊരു തോക്ക്
അരയിൽ പൊത്തിയിരിക്കുമെന്നോട്
അലി മുസാഹെബന്ന് ചിരിച്ചു.”
“ഹോ”
“ആ സാനം ഇന്ന് കിട്ടുമോ?”
“എന്ത്? തോക്കോ?”
“ചായ”
“ഓ, ഞാനത് വിട്ട് പോയി.
ഡേയ്… ചായതാ
ചെക്കന് പോണം.”

3
പറക്കുന്ന കിളി
“ഇന്നുമാകിളി വന്നിരുന്നു”
“ഏത്”
“ഇന്നലെ പറഞ്ഞില്ലേ. അതേ കിളി”
“ശരിക്കും! എന്നിട്ട്”
“പഴയ ജനാലക്കൊപ്പം കിടക്കും
എനിക്ക് കാണാം
എന്നെ നോക്കും കണ്ണാടിക്ക് കാണാം
അയൽ വീട്ട് മുറിയും ഞാനും
ഒരുപോലൊളിഞ്ഞു നോക്കി
കിളിയെ”
“എന്നിട്ടെന്നിട്ട്….”
“കിളി ഒറ്റക്കു വന്നിരിക്കുന്നു
കറുപ്പിൽ വെള്ള വരയിട്ട ഉടുപ്പ് നിറം
കിളിക്കണ്ണ്
അവളുടെ കഴുത്തൊന്ന് കാണണം!”
“ഒലിപ്പിക്കാതെ ഒന്ന് വേഗം പറയോ?”

“തലപോയ തെങ്ങിലെ
തലേന്നത്തെ
ചന്ദ്രനിരുന്നു പോയ പാടിൽ
കിളി ഒറ്റയ്ക്ക് നിന്നു.
ഞാൻ നോക്കി നിന്നു.
താഴേന്നു കാണുമാളുകൾ വിളിക്കും
കിളിത്തലത്തെങ്ങെന്ന്
ആനപ്പാറയെന്ന് വിളിച്ച പോലെ.”
“ഒന്ന് നിറത്തോ നീ?
ഏത് കിളിയാ ഇത്?”
“പറക്കുന്ന കിളി.”
“ഓ, ഒന്ന് പോയെ ഇവിടന്ന്
പൂതിപ്പിച്ച്…”