scorecardresearch

മാണിക്യക്കല്ലിന്റെ കഥ എം ടി എഴുതുന്നു

“എന്റെ ചുമതലയിലുള്ള ബാലപംക്തിയില്‍ പേരുവെച്ച് എഴുതാന്‍ മടി തോന്നി. അതുകൊണ്ട് ‘കെ. സരള’ എന്ന പേരിലാണ് നോവല്‍ പ്രസിദ്ധീകരിച്ചുവന്നത്.” മാണിക്കക്കല്ല്, ദയ എന്ന പെൺകുട്ടി, തന്ത്രക്കാരി എന്നീ പ്രശസ്തമായ ബാലസാഹിത്യ കൃതികളെഴുതിയ മലയാളികളുടെ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ മലയാളത്തിലെ ബാലസാഹിത്യത്തെ കുറിച്ച് എഴുതുന്നു

mt vasudevan nair, dr. k sreekumar, iemalayalam
ഫൊട്ടൊ : ഹരിഹരന്‍ എസ് .

എന്റെ കുട്ടിക്കാലത്ത് കുട്ടികള്‍ക്കു മാത്രമായി ഒരു സാഹിത്യശാഖ ഉണ്ടായിരുന്നില്ല. അവര്‍ക്കു വായിക്കാന്‍ ആകെയുണ്ടായിരുന്നത് പാഠപുസ്തകങ്ങളാണ്. അറിവു നേടുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കി, അച്ചടിച്ചിറക്കിയവയായിരുന്നു അവ. കുട്ടികള്‍ക്ക് രസിച്ചു വായിക്കാന്‍ പര്യാപ്തമായിരുന്നില്ല അതിലധികവും. റാനഡെയുടെ ജീവിതകഥ, മാഡം ക്യൂറിയുടെ ജീവചരിത്രം തുടങ്ങി, രസനീയത ഒട്ടുമില്ലാത്ത കുറെ പുസ്തകങ്ങള്‍. 1947 കാലത്ത് മാത്യു എം. കുഴിവേലിയുടെ ‘ബാലന്‍ പുസ്തകമാല’യിലെ പുസ്തകങ്ങള്‍ പുറത്തിറങ്ങും വരെ ഇതായിരുന്നു കേരളത്തിലെ അവസ്ഥ.

അമ്പിളി അമ്മാവന്‍

‘അമ്പിളി അമ്മാവനാ’യിരുന്നു അക്കാലത്ത് ഞങ്ങള്‍ കുട്ടികളുടെ പ്രധാന ആകര്‍ഷണം. ‘ചന്ദമാമ പബ്ലിക്കേഷന്‍സ്’ മദ്രാസില്‍ നിന്ന് വലിയ രൂപത്തിലും ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, മലയാളം തുടങ്ങി പന്ത്രണ്ട് ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്തിയിരുന്ന ബഹുവര്‍ണ്ണ സചിത്രമാസികയാണത്. വിക്രമാദിത്യ-വേതാളകഥകള്‍ കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചത് ഇതിലൂടെയാണ്. അമ്പിളി അമ്മാവന്റെ ലക്കങ്ങള്‍ വാങ്ങി, വായിച്ചശേഷം ബൈന്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നവര്‍ അന്ന് നിരവധിയാണ്. 1947-ല്‍ തെലുങ്കിലും തമിഴിലുമാണ് ആദ്യം ഇത് പ്രസിദ്ധീകരിച്ചത്.

‘അമ്പിളി അമ്മാവന്’ പുറമെ കുട്ടികള്‍ക്കായി ചെറിയ പുസ്തകങ്ങളും ‘ചന്ദമാമ പബ്ലിക്കേഷന്‍സ്’ പ്രസിദ്ധീകരിച്ചിരുന്നു. എണ്‍പതും നൂറും പുറങ്ങളുള്ള കുറെ നല്ല പുസ്തകങ്ങള്‍. വിഷയങ്ങള്‍ കണ്ടെത്തി, പുസ്തകമെഴുത്ത് പലരെയും ഏൽപ്പിക്കുകയാണു ചെയ്തത്. തച്ചോളി ഒതേനനടക്കമുള്ള പുസ്തകങ്ങള്‍ ഇങ്ങനെ കുട്ടികളുടെ കൈകളിലെത്തി. പുരാണകഥകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നതിനാല്‍ അത്തരം പുസ്തകങ്ങളാണ് കൂടുതലായും പുറത്തിറക്കിയത്..

മദ്രാസിലെ ‘വിജയ പ്രസ്സി’ലാണ് അമ്പിളി അമ്മാവനും മറ്റു ബാലപുസ്തകങ്ങളും അച്ചടിച്ചത്. വിജയ പ്രസ്, വിജയ സ്റ്റുഡിയോ, വിജയ ഫിലിംസ്, വിജയ ലാബ്, വിജയ ഹോസ്പിറ്റല്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ്. ആന്ധ്രക്കാരനായ ബൊമ്മി റെഡ്ഡി നാഗിറെഡ്ഡിയും ചക്രപാണിയും ചേര്‍ന്നാണ് മദ്രാസില്‍ ‘വിജയ-വാഹിനി സ്റ്റുഡിയോ’ തുടങ്ങിയത്. കലശലായ അഭിനയമോഹവുമായി ആന്ധ്രയില്‍ നിന്ന് മദ്രാസിലെത്തിയ നാഗിറെഡ്ഡി പില്‍ക്കാലത്ത് അറിയപ്പെടുന്ന സിനിമാനിര്‍മ്മാതാവും സംവിധായകനുമൊക്കെയായി. ചെറിയ നിലയില്‍ തുടങ്ങിയ വിജയ സ്റ്റുഡിയോ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റുഡിയോകളില്‍ ഒന്നായി വളര്‍ന്നു. പാതാളഭൈരവി, മായാബസാര്‍, ഗുരുമ്മ കഥ, രാം ഔര്‍ ശ്യാം, ശ്രീമാന്‍ ശ്രീമതി, ജൂലി, സ്വര്‍ഗ് നരക് തുടങ്ങിയ ബിഗ് ബജറ്റ് തെലുങ്ക്-ഹിന്ദി സിനിമകള്‍ വിജയയാണ് നിര്‍മ്മിച്ചത്.

നാഗിറെഡ്ഡിയുമായി എനിക്ക് അടുത്ത പരിചയമുണ്ടായിരുന്നു. വെളുത്തുമെലിഞ്ഞ ഒരു നല്ല മനുഷ്യന്‍. എന്‍ എഫ് ഡി സിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഞാനും അദ്ദേഹവും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാനകാലത്ത് അദ്ദേഹം വെള്ളിത്തിരയിലുമെത്തി. കമലഹാസന്‍ നിര്‍മ്മിച്ച സിനിമയില്‍ മുത്തച്ഛന്റെ റോളിലായിരുന്നു അത്.
വിജയ പ്രസ് മാനേജരായി അക്കാലത്തു പ്രവര്‍ത്തിച്ചിരുന്നത് മലയാളിയായ ഒരു പിഷാരോടിയാണ്. എന്റെ പരിചയക്കാരനായിരുന്നു അദ്ദേഹം. വര്‍ണ്ണാഭമായ ഒന്നാന്തരം കലണ്ടറുകളും ഡയറികളും പ്രത്യേക താൽപര്യമെടുത്ത് അദ്ദേഹമെനിക്ക് അയച്ചുതന്നിരുന്നു. അവര്‍ പ്രസിദ്ധീകരിച്ച കുട്ടികള്‍ക്കുള്ള ചില പുസ്തകങ്ങളും വല്ലപ്പോഴും പിഷാരോടിയുടെ ദയവില്‍ എനിക്കു കിട്ടി. ആവേശത്തോടെ പലയാവൃത്തി വായിച്ചുതീര്‍ത്തു ആ പുസ്തകങ്ങള്‍.

mt vasudevan nair, dr. k sreekumar, iemalayalam

അമ്പിളി അമ്മാവനും അവരുടെ ബാലപുസ്തകങ്ങളും സ്ഥിരമായി കാണാനോ, വായിക്കാനോ ഉള്ള അവസരം മലബാറുകാരായ ഞങ്ങള്‍ക്ക് അന്നുണ്ടായി രുന്നില്ല. കേരളത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മലബാറില്‍ ഇവയ്ക്ക് പ്രചാരം കുറവായിരുന്നു. എങ്കിലും, അവിടന്നും ഇവിടന്നുമൊക്കെയായി മാസികയുടെ ചില ലക്കങ്ങളും പുസ്തകങ്ങളില്‍ ചിലതും കണ്ടു. അതിനു വഴിയൊരുക്കിയതാവട്ടെ, റെയില്‍വെ സ്റ്റേഷനിലെ ‘ഹിഗ്ഗിന്‍ബോത്തംസ്’ പുസ്തകശാലയും. അവിടെച്ചെന്ന് മാസികയും പുസ്തകങ്ങളുമൊക്കെ ചുരുങ്ങിയ സമയംകൊണ്ട് ഒന്നു മറിച്ചുനോക്കും. വിശദമായ വായനയൊന്നും നടന്നില്ലെങ്കിലും അതും മനസ്സിന് ആഹ്ലാദം പകര്‍ന്നു.

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അദ്ധ്യക്ഷനായി രൂപവത്കരിച്ച ‘പാഠപുസ്തകക്കമ്മിറ്റി’ കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ തയ്യാറാക്കി, പ്രസിദ്ധീകരിച്ച വിവരം കേട്ടറിഞ്ഞിരുന്നു. മലബാറിലെ വിദ്യാലയങ്ങളില്‍ അവ കാര്യമായി ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവ കാണാനും വായിക്കാനുമുള്ള അവസരം എനിക്കു ലഭിച്ചതുമില്ല.

ബാലസാഹിത്യം എന്ന പ്രത്യേക വിഭാഗം ഉണ്ടായിരുന്നില്ലെങ്കിലും മുതിര്‍ന്നവര്‍ക്കു വേണ്ടി കഥയും കവിതയുമെഴുതുന്ന പല പ്രമുഖരും കുട്ടികളുടെ കാര്യത്തിലും ശ്രദ്ധവെച്ചു. പന്തളം കേരളവര്‍മ്മ, കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ബാലാമണിയമ്മ, പി.കുഞ്ഞിരാമന്‍ നായര്‍, അക്കിത്തം, വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ്, സുഗതകുമാരി, കാരൂര്‍, ഉറൂബ്, ചെറുകാട് തുടങ്ങി ഒട്ടേറെ എഴുത്തുകാര്‍ കുട്ടികള്‍ക്കായി കാമ്പുള്ള രചനകള്‍ നടത്തി. ആദ്യഘട്ടത്തില്‍ പരിഭാഷകളും പുനരാഖ്യാനങ്ങളുമാണ് ബാലസാഹിത്യവിഭാഗത്തില്‍ പുറത്തുവന്നതെങ്കില്‍ മൗലികരചനകള്‍ പിന്നീടുണ്ടായി. രാമായണ, ഭാരത, ഭാഗവതകഥകള്‍ തന്മയത്വത്തോടെ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്ത ‘മാലി’ എന്ന വി.മാധവന്‍ നായര്‍, പാശ്ചാത്യ ബാലകഥകള്‍ രസം ചോരാതെ മൊഴിമാറ്റിയ ഏവൂര്‍ പരമേശ്വരന്‍, മികച്ച മൗലിക ബാലരചനകളിലൂടെ കുട്ടികളെ സ്വാധീനിച്ച പി.നരേന്ദ്രനാഥ്, കുഞ്ഞുണ്ണിമാഷ്, സുമംഗല, കെ.വി.രാമനാഥന്‍ എന്നിവര്‍ മലയാള ബാലസാഹിത്യരംഗത്തെ സമ്പുഷ്ടമാക്കി. പി.നരേന്ദ്രനാഥിനെ എനിക്കു പരിചയമുണ്ടായിരുന്നു. ചില പരിപാടികളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളിക്കഥാകാരനെന്ന പഴി കേട്ട മുട്ടത്തു വര്‍ക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’, പട്ടാളക്കഥാകാരനായി അറിയപ്പെട്ട നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകവും’ കുട്ടികളെ ആഴത്തില്‍ സ്വാധീനിച്ച ബാലസാഹിത്യരചനകളായി.

വേറിട്ട ചില പുസ്തകങ്ങളും ആദ്യകാലത്തു പ്രസിദ്ധീകരിച്ചു വന്നത് ഓര്‍മ്മയുണ്ട്. അതിലൊന്നാണ് നൂറിലേറെ പുറങ്ങള്‍ വരുന്ന ‘പഴഞ്ചൊല്‍ക്കഥകള്‍.’ ഓരോ പഴഞ്ചൊല്ലിനെയും സാധൂകരിക്കുന്ന, ഒറ്റപ്പുറത്തിലൊതുങ്ങുന്ന കഥകള്‍. കുഞ്ഞുണ്ണിമാഷ് പില്‍ക്കാലത്ത് കുറെ പഴഞ്ചൊല്ലുകള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചിരുന്നു.

ബാലമാസികകള്‍

അമ്പിളി അമ്മാവനുശേഷം പുറത്തുവന്ന ബാലമാസികകളില്‍ പ്രധാനം ചിലമ്പൊലി, പൂമ്പാറ്റ, ബാലരമ, ബാലയുഗം തുടങ്ങിയവയായിരുന്നു. അവയ്ക്ക് വളരെ വേഗം സ്വീകാര്യത ലഭിച്ചതോടെ പുതിയ പല ബാലമാസികകളും വിപണിയിലെത്തി. പല മാധ്യമസ്ഥാപനങ്ങളും ബാലമാസികകളുമായി രംഗത്തെത്തി. മാതൃഭൂമിയുടെ ‘ബാലഭൂമി’ 1996-ല്‍ ദ്വൈവാരികയായി പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ പിരിയോഡിക്കല്‍സ് വിഭാഗത്തിന്റെ പത്രാധിപരായിരുന്നത് ഞാനാണ്.

‘മലര്‍വാടി’യായിരുന്നു മറ്റൊരു ബാലമാസിക. പല കാലത്തായി കോഴിക്കോട്ടു നിന്നും തൃശൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും അത് പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്‍റെ പത്രാധിപര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ ഇടയ്ക്കൊക്കെ ചില രചനകള്‍ അയച്ചുകൊടുക്കുകയും അവ നന്നായി പ്രസിദ്ധീകരിച്ചുവരികയും ചെയ്തു. അതുമായി ബന്ധപ്പെട്ട രസകരമായ ഒരനുഭവം ഇപ്പോഴും ഓര്‍മ്മയി ലുണ്ട്. എഴുത്തിന്റെ ആവശ്യത്തിനായി ഞാന്‍ പലപ്പോഴും ചെറുതുരുത്തി ടി ബി യില്‍ ചില നാളുകള്‍ തങ്ങുക പതിവുണ്ട്. എട്ടും പത്തും ദിവസം തുടര്‍ച്ചയായി ഞാനവിടെയുണ്ടാവും. എന്റെ കാര്യത്തില്‍ പ്രത്യേക താൽപ്പര്യമെടുത്തയാളാണ് അവിടത്തെ മാനേജര്‍ മുഹമ്മദ്. മുന്‍കൂട്ടി അറിയിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ എന്തെങ്കിലുമൊക്കെപ്പറഞ്ഞ് ഒഴിവാക്കി, മൂന്നോ നാലോ മുറികള്‍ എനിക്കായി ഒഴിച്ചിട്ടുതരും അയാള്‍. ഞാന്‍ ടി ബി യിലുള്ള ഒരു ദിവസം എട്ടുപത്തു കുട്ടികള്‍ എന്നെ കാണാനെ ത്തി. മലര്‍വാടിയില്‍ കഥകളെഴുതിയ എന്നെ കാണാനാണ് അവര്‍ വന്നത്. ‘മലര്‍വാടിയിലെ കഥാകാരന്‍’ എന്ന അറിവേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഞാനെഴുതിയ മറ്റൊന്നും അവര്‍ വായിച്ചിട്ടേ ഇല്ലായിരുന്നു. അതെന്നെ ശരിക്കും അതിശയിപ്പിച്ചു.

യൂറീക്ക, ശാസ്ത്രകേരളം, തളിര്, കുട്ടികളുടെ ദീപിക, ബാലമംഗളം, ബലൂണ്‍ തുടങ്ങിയ ബാലമാസികകളും വിപണിയിലെത്തി. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഉദ്ദേശിച്ച് വിവിധ പ്രായക്കാര്‍ക്ക് ഉതകുംവിധം ശാസ്ത്രീയമായി തയ്യാറാക്കിയ മികച്ച പുസ്തകങ്ങളും യൂറീക്കയുടെയും ശാസ്ത്രകേരളത്തിന്റെയും പ്രസാധകരായ ‘കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്’ പ്രസിദ്ധീകരിച്ചു.

ബാലപംക്തിക്കാലം

അനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കുട്ടികള്‍ക്കു മാത്രമായുള്ള പംക്തികള്‍ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. അത്തരമൊന്ന് ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ല്‍ ആരംഭിച്ചപ്പോള്‍ അതിന് വലിയ സ്വീകാര്യത ലഭിച്ചു. മാതൃഭൂമി പത്രാധിപരായിരുന്ന എന്‍ വി കൃഷ്ണവാരിയരാണ് അതിനു തുടക്കമിട്ടത്. കുട്ടികളില്‍ സാഹിത്യാവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യമായിരുന്നു അതിനു പിന്നില്‍. ആഴ്ചപ്പതിപ്പ് വലിയ സൈസില്‍ അച്ചടിച്ചിരുന്ന കാലത്ത് നാലു പേജാണ് കുട്ടികള്‍ക്കായി മാറ്റിവെച്ചത്. തുടക്കത്തില്‍ പംക്തിക്ക് ഒരു പേരു നല്‍കിയിരുന്നില്ല. കുട്ടികളുടെ രചനകളും കുട്ടികള്‍ക്കായുള്ള രചനകളും ആ പുറങ്ങളില്‍ ഒരുമിച്ചുകൊടുത്തു എന്നു മാത്രം. പിന്നീടെപ്പോഴോ ആണ് അതിന് ‘ബാലപംക്തി’ എന്ന പേരു നല്‍കിയത്. എന്‍ വി തന്നെ ആ പേരു നിര്‍ദ്ദേശിച്ചു എന്നാണ് കേട്ടിട്ടുള്ളത്. മൂന്നു കുട്ടികള്‍ അടുത്തടുത്തിരുന്ന് പുസ്തകം വായിക്കുന്ന പ്രശസ്തമായ ലോഗോ പിന്നീട് ബാലപംക്തിക്കായി രൂപകൽപ്പന ചെയ്തത് മാതൃഭൂമി ആര്‍ട്ടിസ്റ്റായിരുന്ന എം വി ദേവനാണ്. അതുവരെ മറ്റൊരു ലോഗോയാണ് ചേര്‍ത്തിരുന്നത്.

ഞങ്ങളുടെ കുട്ടിക്കാലത്ത് ബാലപംക്തിയിലൂടെയും മറ്റും താൽപര്യപൂര്‍വ്വം വായിച്ചിരുന്ന തുടര്‍ക്കഥകളുടെ കര്‍ത്താവായിരുന്നു, മലയാളം മുന്‍ഷി വാരിയത്ത് കുട്ടിരാമമേനോന്‍. കുട്ടികളെ എളുപ്പത്തില്‍ വശീകരിക്കുന്ന കഥകളെഴുതാന്‍ അദ്ദേഹത്തിനു പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. കഥകളെഴുതുക മാത്രമല്ല, അവയ്ക്കിണങ്ങുന്ന കമനീയമായ ചിത്രങ്ങളും അദ്ദേഹം തന്നെ വരച്ചു. മൃഗകഥകളോടായിരുന്നു അദ്ദേഹത്തിനു പഥ്യം. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ അദ്ദേഹത്തിന്റെ മകളെ യാദൃച്ഛികമായി കണ്ടുമുട്ടി. കുട്ടിരാമമേനോന്റെ കഥകള്‍ കണ്ടെത്തി, സമാഹരിക്കണമെന്ന് ഞാനവരെ ഉപദേശിച്ചു. അവരുടെ ശ്രമഫലമായി കഥകള്‍ സമാഹരിക്കുകയും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി.

എന്‍ വി കൃഷ്ണവാരിയരുടെ കീഴില്‍ ആഴ്ചപ്പതിപ്പിലെ സബ് എഡിറ്ററായി ഞാന്‍ മാതൃഭൂമിയിലെത്തിയപ്പോള്‍ ആദ്യം ലഭിച്ച ചുമതല, പ്രസിദ്ധീകരിക്കാനായി അയച്ചുകിട്ടുന്ന കഥകള്‍ വായിക്കുകയും പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു. പിന്നീട് ലേഖനങ്ങളും വായിക്കാനായി നല്‍കി. ഞാന്‍ ഭേദമെന്നു പറയുന്നവ എന്‍ വി ഒന്നുകൂടി വായിച്ച് പ്രസിദ്ധീകരണകാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. കവിതകള്‍ എന്‍ വി തന്നെയാണ് തിരഞ്ഞെടുത്തിരുന്നത്.

ജോലിയില്‍ പ്രവേശിച്ച് കുറച്ചുനാള്‍ കഴിഞ്ഞതും മറ്റൊരു ചുമതല കൂടി എനിക്കു കിട്ടി – ബാലപംക്തിയുടെ. കുട്ടികള്‍ക്കു വായിക്കാനുള്ള വിഭവങ്ങളായതിനാല്‍ അവയുടെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് എന്‍ വി ഉപദേശിച്ചു. സന്തോഷത്തോടെ ഞാനത് ഏറ്റെടുത്തു. എന്നാല്‍, വിചാരിച്ചപോലെ അനായാസമായിരുന്നില്ല അത്. ദിവസേന തപാലിലെത്തുന്ന അനേകം രചനകള്‍ മനസ്സിരുത്തി വായിച്ച്, ഭേദപ്പെട്ടവ തിരഞ്ഞെടുത്ത്, വേണ്ട തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരിക്കുകയെന്ന ദൗത്യം മറ്റു തിരക്കുകള്‍ക്കിടയ്ക്ക് ഏറ്റെടുക്കുകയായിരുന്നു. സര്‍ഗ്ഗരചന സംബന്ധിച്ച് കുട്ടികള്‍ക്ക് ഉപദേശ, നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ‘കുട്ടേട്ടന്റെ കത്ത്’ ബാലപംക്തിയുടെ പ്രധാന ആകര്‍ഷണമായിരുന്നു. ആദ്യകാലത്ത് അതും എന്റെ ചുമതലയിലായി.

ബാലപംക്തി സ്ഥിരം വായിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുംവിധം ഒരു തുടര്‍രചന ഉണ്ടാവണമെന്ന് എനിക്കു തോന്നി. ആ ആലോചനയാണ് ഒരു ബാലനോവലിന്റെ രചനയില്‍ കലാശിച്ചത്. വീട്ടില്‍നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ പലപ്പോഴായി കേട്ട നാട്ടുകഥകളെയും കഥാപാത്രങ്ങളെയും ചേര്‍ത്തുവെച്ച് എഴുതിയ ‘മാണിക്യക്കല്ലാ’ണത്. തൊട്ടടുത്ത ആഴ്ച മുതല്‍ ബാലപംക്തിയില്‍ അത് പ്രസിദ്ധീകരിച്ചുതുടങ്ങി. ഓരോ ആഴ്ചയും ആ ലക്കത്തിലേയ്ക്ക് വേണ്ട അധ്യായം എഴുതിയുണ്ടാക്കുകയായിരുന്നു. എന്റെ ചുമതലയിലുള്ള ബാലപംക്തിയില്‍ പേരുവെച്ച് എഴുതാന്‍ മടി തോന്നി. അതുകൊണ്ട് ‘കെ. സരള’ എന്ന പേരിലാണ് നോവല്‍ പ്രസിദ്ധീകരിച്ചുവന്നത്. മരുമകളും ബാലന്‍മാമയുടെ മകളുമായ സരളയുടെ പേര് ഞാനിതില്‍ സ്വീകരിക്കുകയായിരുന്നു. പിന്നീടത് പുസ്തകരൂപമായപ്പോഴും ആദ്യം സരളയുടെ പേരില്‍ത്തന്നെയാണ് പുറത്തുവന്നത്. തുടര്‍ന്നുവന്ന പതിപ്പുകളിലാണ് എന്‍റെ പേരു ചേര്‍ത്തത്. ഇന്നും വിപണിയിലുണ്ട് അതിന്റെ പുതിയ പതിപ്പുകള്‍.

ഇതിനിടയില്‍ ‘ചിത്രശാല’യെന്ന ചലച്ചിത്രനിരൂപണപംക്തിയുടെ അധികച്ചുമതലയും എന്റെ ചുമലിലായി. അതോടെ ബാലപംക്തിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താനാവാത്ത അവസ്ഥ വന്നു. മറ്റു പണികള്‍ തീര്‍ത്തുകഴിഞ്ഞാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമാണ് കുട്ടികളുടെ രചനകള്‍ വിലയിരുത്താനായി എനിക്കു മിച്ചം വന്നത്. തപാലിലെത്തുന്ന രചനകള്‍ ഒന്ന് ഓടിച്ചുനോക്കാന്‍പോലും ഈ സമയം മതിയായില്ല. ഒറ്റ വായനയില്‍ രചനയിലെ അത്യാവശ്യ തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരണത്തിനു കൊടുക്കേണ്ടതായിവന്നു. അതെനിക്ക് ഒട്ടും തൃപ്തി നല്‍കിയില്ല. ഇക്കാര്യം ഞാന്‍ എന്‍ വി യോട് തുറന്നു പറഞ്ഞു. അതിന് എന്‍ വി യുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “കുട്ടികളുടെ രചനകള്‍ ശ്രദ്ധാപൂര്‍വ്വം നോക്കുകയും അവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം. അതിനു താൽപ്പര്യവും സമയവുമുള്ള ഒരാളെ കണ്ടെത്തി ബാലപംക്തിയുടെ ചുമതല ഏൽപ്പിച്ചോളൂ.” ബാലപംക്തിയുടെ ചുമതലക്കാരനായി മാതൃഭൂമിക്കു പുറത്തുനിന്നും ഒരാളെ കണ്ടെത്താനുള്ള തീരുമാനം അങ്ങനെയുണ്ടായി.

ഡോ. കെ. ശ്രീകുമാര്‍

മാതൃഭൂമിയിലെ സ്ഥിരം സന്ദര്‍ശകരായിരുന്ന എന്‍.എന്‍.കക്കാട്, കടവനാട് കുട്ടിക്കൃഷ്ണന്‍, തിക്കോടിയന്‍, ഗ്രന്ഥാലയത്തിന്റെ ചുമതലക്കാരിയായിരുന്ന വി.പാറുക്കുട്ടി അമ്മ എന്നിവര്‍ വിവിധ കാലങ്ങളില്‍ ബാലപംക്തിയുടെ മേല്‍നോട്ടം ഏറ്റെടുത്തു. അപ്പോഴും ബാലപംക്തിക്കാര്യത്തില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും മുക്തനായിരുന്നില്ല. തപാലില്‍ വരുന്ന രചനകള്‍ തരംതിരിച്ച് ആദ്യനോട്ടത്തിനുശേഷം പരിശോധകരെ ഏൽപ്പിക്കുന്ന ജോലി അക്കാലത്തും ഞാന്‍ തന്നെ ചെയ്തു.

വിചാരിച്ചതുപോലെ വിജയകരമായില്ല ബാലപംക്തിയുടെ ഈ അധികാരക്കൈമാറ്റം. ബാലപംക്തിയുടെ ചുമതല ഏറ്റെടുത്തവരെല്ലാം തികഞ്ഞ ഗൗരവത്തോടെ തന്നെയാണ് അതിനെ സമീപിച്ചത്. എന്നാല്‍ ദീര്‍ഘകാലം അവരാരും അതില്‍ ഉറച്ചുനിന്നില്ല. ആവര്‍ത്തനവിരസതയാണ് ചിലരെ പിന്തിരിപ്പിച്ചതെങ്കില്‍, മറ്റു ചിലര്‍ക്ക് അവരുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ കുട്ടികളുടെ രചനകള്‍ വേണ്ടത്ര ശ്രദ്ധിക്കാനാവാതെ വന്നു. തിക്കോടിയനാണ് ഒടുവില്‍ ബാലപംക്തി കൈകാര്യം ചെയ്തത്. ആദ്യമെല്ലാം അദ്ദേഹം വലിയ താൽപ്പര്യത്തോടെ രചനകള്‍ പരിശോധിക്കുകയും അവയെക്കുറിച്ച് കുറിപ്പുകളെഴുതുകയും ചെയ്തു. ആ ഉത്സാഹം പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. പുതിയൊരു നോവലെഴുതാന്‍ തുടങ്ങിയപ്പോള്‍ ഈ ചുമതലയില്‍നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് അദ്ദേഹം എന്നോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കടവനാട് കുട്ടിക്കൃഷ്ണനാണ് എത്തിയത്. അതും കുറച്ചുകാലം മാത്രം. ബാലപംക്തിയുടെ ചുമതലക്കാര്‍ ഓരോരുത്തരായി ഒഴിഞ്ഞപ്പോള്‍, ആ ഇടവേളകളില്‍ എനിക്കുതന്നെ പംക്തി കൈകാര്യം ചെയ്യേണ്ടതായി വന്നു.

കുട്ടികളുമായും അവരുടെ രചനകളുമായും നന്നായി ഇടപഴകാന്‍ കഴിയുന്ന ഒരു ‘കുട്ടേട്ടനെ’ത്തേടിയുള്ള അന്വേഷണം ചെന്നെത്തിയത് കുഞ്ഞുണ്ണിമാഷിലാണ്. അദ്ദേഹമന്ന് കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ അദ്ധ്യാപകനും അവിടത്തെ ഹോസ്റ്റലിലെ അന്തേവാസിയുമാണ്. പല ദിവസങ്ങളിലും സ്കൂള്‍ സമയം കഴിഞ്ഞാല്‍ മാഷ് തന്റെ കുഞ്ഞുകവിതകളു മായി മാതൃഭൂമിയിലെത്തും. എന്‍ വി ക്കത് വായിക്കാന്‍ കൊടുക്കും. എന്‍ വി വായിച്ച് ചെറുചിരിയോടെ തിരിച്ചു കൊടുക്കുകയും ചെയ്യും. അതുകഴിഞ്ഞ് അദ്ദേഹം എന്റെ കസേരയുടെ മുന്നിലേക്ക് മാറിയിരിക്കും. ആ സംസാരത്തില്‍ നിന്നാണ് ബാലപംക്തിയിലെ രചനകള്‍ അദ്ദേഹം ശ്രദ്ധിച്ചു വിലയിരുത്തുന്നു ണ്ടെന്ന് എനിക്കു മനസ്സിലായത്. അതുകൊണ്ടുതന്നെ കുട്ടേട്ടനാവാനുള്ള അഭ്യര്‍ത്ഥന മാഷ് സന്തോഷത്തോടെയും ആവേശത്തോടെയും സ്വീകരിച്ചു.

കുട്ടികളുടെ രചനകള്‍ മാഷ് മാതൃഭൂമിയില്‍ വന്ന് കൊണ്ടുപോവും. അവ വളരെ ശ്രദ്ധയോടെ പരിശോധിക്കും. ചിലത് തിരുത്തി തിരിച്ചയയ്ക്കും. പലര്‍ക്കും കത്തുകളെഴുതും. കത്തുകളില്‍ ‘കുട്ടേട്ട’നെന്നല്ലാതെ പേര് വെയ്ക്കുന്ന പതിവില്ല. ഇതെല്ലാം മാതൃഭൂമിയില്‍ കൊണ്ടുവന്നു തരും. ആ കത്തുകള്‍ മാതൃഭൂമിയുടെ ലറ്റര്‍പാഡില്‍, മാതൃഭൂമിയുടെ കവറില്‍ കുട്ടികളുടെ അടുത്തെത്തിക്കൊണ്ടിരു ന്നു. അതിനൊരു പ്രതിഫലവും മാഷിന് നിശ്ചയിച്ചുനല്‍കി.

ജോലിയില്‍ നിന്നു വിരമിച്ച്, കോഴിക്കോടുവാസം അവസാനിപ്പിച്ച്, വലപ്പാട്ടേയ്ക്കു താമസം മാറ്റിയപ്പോഴും കുട്ടേട്ടനായി മറ്റൊരാളെ സങ്കൽപ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ബാലപംക്തിയിലേയ്ക്കുള്ള രചനകള്‍ വലപ്പാട്ടെ അതിയാരത്തു വീടിന്റെ മേല്‍വിലാസത്തില്‍ അയച്ചുകൊടുത്തു പിന്നീട്. മരുമകള്‍ ഉഷാ കേശവരാജിന്റെ സഹായത്തോടെ രചനാവിശകലനവും കത്തെഴുത്തും നടന്നു. എഴുത്തിനെ സംബന്ധിക്കുന്ന കുറിപ്പുകളും മുടക്കമില്ലാതെ തുടര്‍ന്നു. അവ കുട്ടികള്‍ സഹര്‍ഷം നെഞ്ചേറ്റി. കുട്ടേട്ടനെന്നാല്‍ കുഞ്ഞുണ്ണിമാഷായി. എഴുത്തില്‍ താൽപ്പര്യമുള്ള കുട്ടികളുടെ ഒരു യോഗം മാഷിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ ചേര്‍ന്നു. കുട്ടേട്ടനെന്നാല്‍ മാഷാണെന്ന് ആ യോഗത്തില്‍വെച്ച് ഞാനാണ് കുട്ടികളെ പരിചയപ്പെടുത്തിയത്.

മുതിര്‍ന്നവരുടെ പംക്തിയില്‍ വരാന്‍ സാധ്യത കുറവാണെന്നു തോന്നിയ എഴുത്തുകാര്‍ രചനയ്ക്കൊപ്പം ‘ബാലപംക്തിയിലെങ്കിലും ചേര്‍ക്കാന്‍ ശ്രമിക്കണ’മെന്ന അഭ്യര്‍ത്ഥന നടത്തിയിരുന്നു. സത്യന്‍ അന്തിക്കാടിനെയും അക്ബര്‍ കക്കട്ടിലിനെയും പോലുള്ള എത്രയോ എഴുത്തുകാരെ ബാലപംക്തിയിലൂടെ കുഞ്ഞുണ്ണിമാഷ് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമധികം കാലം ബാലപംക്തി കൈകാര്യം ചെയ്തുവെന്ന ബഹുമതിയും മാഷിനു സ്വന്തം. ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് കഥാ-കവിതാമത്സരങ്ങളും പ്രതിഭകളായ കുട്ടികളെ കണ്ടെത്തി സാഹിത്യലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ പര്യാപ്തമായിട്ടുണ്ട്.

ബാലപംക്തിയില്‍ കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ സൗജന്യമായി പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. പില്‍ക്കാലത്ത് രക്ഷിതാക്കള്‍ക്കും വായനക്കാര്‍ക്കും താല്പര്യം കുറഞ്ഞതോടെ അതു നിര്‍ത്തി. അതുപോലെ ഇരുപത്തേഴു രൂപ ഈടാക്കി ‘വിവാഹവേദി’യില്‍ നവവധൂവരന്മാരുടെ ചിത്രവും അടിക്കുറിപ്പും നല്‍കിയിരുന്നു. കുഞ്ഞുങ്ങളുടെ ഹൃദയഹാരിയായ ഫോട്ടോകള്‍ ഉപയോഗിച്ചുള്ള ന്യൂസ് സ്റ്റോറികള്‍ കോഴിക്കോട്ടുകാരനായ ചന്ദ്രമേനോക്കിയും വയനാട് സ്വദേശിയായ ബേബിതങ്കപ്പനും തയ്യാറാക്കി ആഴ്ചപ്പതിപ്പിന്റെ നടുപ്പേജില്‍ പ്രസിദ്ധീകരിച്ചു വന്നു.

mt vasudevan nair, dr. k sreekumar, iemalayalam

‘ദയ’യും ‘തന്ത്രക്കാരി’യും മറ്റും

കൗമാരപ്രായക്കാര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ ധാരാളം പുസ്തകങ്ങള്‍ ‘മില്‍സ് ആന്‍റ് ബൂണ്‍’ ആദ്യകാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. നാലഞ്ചു കുട്ടികള്‍ കുറ്റാന്വേഷകരായി രംഗത്തെത്തുന്ന സാഹസികവും വ്യത്യസ്തവുമായ പുസ്തകപരമ്പരകളായിരുന്നു അവ. ഏതു കുട്ടിയെയും പിടിച്ചിരുത്താന്‍ അവയ്ക്ക് കഴിഞ്ഞിരുന്നു.

കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാതൃഭൂമിയും താൽപ്പര്യം കാട്ടി. ചേര്‍ക്കില്‍ ഗോവിന്ദന്‍കുട്ടി നായരുടെ ‘കുട്ടികളുടെ രാമായണ’വും ചേര്‍ക്കില്‍ പാറുക്കുട്ടി അമ്മയും സി.സരോജിനി അമ്മയും ചേര്‍ന്നെഴുതിയ ‘കുട്ടികളുടെ മഹാഭാരത’വുമൊക്കെ മാതൃഭൂമി പുറത്തിറക്കി. മാതൃഭൂമിക്ക് അന്ന് പ്രത്യേകം പ്രസിദ്ധീകരണവിഭാഗം ഇല്ലായിരുന്നെങ്കിലും അവിടത്തെ ജീവനക്കാരനായിരുന്ന സി.എച്ച്.കുഞ്ഞപ്പ നല്ല പുസ്തകങ്ങള്‍ കണ്ടെത്തി, മൊഴിമാറ്റിയും പുനരാഖ്യാനം ചെയ്തും പ്രസിദ്ധീകരിച്ചു. വി.എസ്.ഖാണ്ഡേക്കറുടെ രണ്ട് നോവലുകള്‍ ഇങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാണിക്യക്കല്ലിനു പുറമെ രണ്ടു ബാലസാഹിത്യകൃതികള്‍കൂടി ഞാനെഴുതി – അറബിക്കഥകളുടെ സ്വതന്ത്രപുനരാഖ്യാനമെന്ന നിലയില്‍ രചിച്ച ‘ദയ എന്ന പെണ്‍കുട്ടി’യും ‘തന്ത്രക്കാരി’യുമാണവ. അവ എഴുതാനൊരു സാഹചര്യവുമുണ്ടായി. ആയിരത്തൊന്നു രാവുകള്‍ക്ക് റിച്ചാര്‍ഡ് ബര്‍ട്ടണ്‍ നിര്‍വ്വഹിച്ച പ്രശസ്തമായ പുനരാഖ്യാനം എന്‍റെ പുസ്തകശേഖരത്തിലുണ്ടായിരുന്നു. ‘കല്‍ക്കത്ത സ്റ്റാന്‍ഡേര്‍ഡ് ലിറ്ററേച്ചര്‍ കമ്പനി’യുടെ ജീവനക്കാരില്‍ ഒരാള്‍ പുതിയ പുസ്തകങ്ങളുടെ വിവരങ്ങള്‍ അറിയിച്ചുകൊണ്ട് എനിക്കു കത്തയ്ക്കാറുണ്ട്. താൽപ്പര്യമുള്ളവര്‍ക്ക് പുസ്തകം വി.പി.പി. ആയി അയച്ചുകൊടുക്കും. പുസ്തകങ്ങള്‍ തവണവ്യവസ്ഥയിലും നല്‍കിയിരുന്നു. അങ്ങനെ ഞാന്‍ വാങ്ങിയ രണ്ടു ഭൃഹദ്ഗ്രന്ഥങ്ങളാണ് ‘അറേബ്യന്‍ നൈറ്റ്സും’ ‘ഗ്രേറ്റസ്റ്റ് സ്റ്റോറീസ് ഓഫ് ദ വേള്‍ഡും.’ ഞാന്‍ പലകുറി വായിച്ച പുസ്തകങ്ങളാണവ. അതിലെ വിസ്മയകരമായ രണ്ടു കഥകളാണ് ദയ എന്ന പെണ്‍കുട്ടിയും തന്ത്രക്കാരിയുമായത്. ഒരിക്കല്‍ പ്രൊഫ.എം.അച്യുതന്‍ അറബിക്കഥകള്‍ എന്റെയടുത്തുനിന്നും കൊണ്ടുപോയി. പിന്നെയത് തിരിച്ചുതന്നില്ല. അദ്ദേഹമത് പുനരാഖ്യാനം ചെയ്ത്, മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിച്ചു. ‘ദയ എന്ന പെണ്‍കുട്ടി’, ‘മലര്‍വാടി’ ബാലമാസികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നു.

മലയാള ബാലസാഹിത്യത്തിന്റെ നാളിതുവരെയുള്ള ചരിത്രം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു എന്നത് സന്തോഷകരമായ വാര്‍ത്തയാണ്. കുട്ടികള്‍ക്കു വേണ്ടി ഒട്ടേറെ മികച്ച പുസ്തകങ്ങള്‍ രചിച്ച ഡോ.കെ.ശ്രീകുമാറാണ് ‘മലയാള ബാലസാഹിത്യ ചരിത്രം’ തയ്യാറാക്കുന്നത് എന്നത് എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു. കാലം ആവശ്യപ്പെടുന്ന ഒരു ചരിത്രഗ്രന്ഥമാണിത്. ഈ ‘ഭഗീരഥപ്രയത്ന’ത്തിന് ഒരുമ്പെട്ട ഗ്രന്ഥകാരനോട് ബാലസാഹിത്യരംഗം കടപ്പെട്ടിരിക്കുന്നു.

  • ഡോ. കെ. ശ്രീകുമാർ എഴുതി പൂർണ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘മലയാള ബാലസാഹിത്യ ചരിത്രം’ എന്ന പുസ്കത്തിന് എം ടി വാസുദേവൻ നായർ എഴുതിയ അവതാരിക

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Mt vasudevan nair on childrens literature malayala balasahithya charithram dr k sreekumar