അർദ്ധരാത്രി കഴിഞ്ഞായിരുന്നു അവൾ മരിച്ചത്. സൈലന്റ് അറ്റാക്ക്. അപൂർവ്വം വണ്ടികൾ മാത്രം ഇറങ്ങുന്ന ആ ചരിവിലെ വീട്ടിലേക്ക്, ഒരു പിക്കപ്പ് വന്നിറങ്ങി അവളെ അയാളുടെ കയ്യിൽ നിന്നും പതുക്കെ ഏറ്റുവാങ്ങുകയായിരുന്നു. ഹോസ്പിറ്റലിൽ പോയി അതേ വണ്ടിയിൽ തന്നെ മരണമുറപ്പിച്ചു വന്നു. അവർ പതിവായി ആശ്രയിക്കുന്ന വണ്ടിയായിരുന്നു അത്. തിരിച്ച് ഇറക്കമിറങ്ങുമ്പോൾ, പുലർച്ചയോടടുത്തിരുന്നു. അവൾക്കൊപ്പം ചരിവും തണുത്തു തുടങ്ങിയതായി അയാൾക്ക് തോന്നി.
അടുത്ത കുറച്ചു ബന്ധുക്കൾ, താഴേക്കുള്ള മണ്ണ് റോഡ് തുടങ്ങുന്നിടത്ത് വണ്ടി നിർത്തി നടന്നു വന്നു. അവർക്കും മുന്നേ, വളരെ ദൂരെയുള്ള അവളുടെ മൂന്ന് കാമുകന്മാരും വീട്ടിലെത്തിയിരുന്നു. കളത്തിലേക്കിറങ്ങിയ വണ്ടിയിൽ നിന്ന് അവരിൽ രണ്ടുപേർ ചേർന്ന് അവളുടെ വെള്ള മൂടിയ ശരീരം അകത്തേക്ക് ഇറക്കി വയ്ക്കാൻ സഹായിക്കുമ്പോൾ, മൂന്നാമത്തെ ആൾ അകത്തെ ഫൈബർ കസേരകളിൽ ചിലത് പുറത്തേക്കിട്ട്, പിക്കപ്പ് വണ്ടിക്കാരനോട് കുറച്ചു കസേരയും, ടാർപോളിനും ഇറക്കുന്ന കാര്യം ഓർമ്മിപ്പിച്ചു. വെളിച്ചം വന്നു തുടങ്ങായാലുടൻ അയാളത് എത്തിക്കാമെന്ന് ഉറപ്പു കൊടുത്തു. തണുപ്പിൽ മൂന്നാമൻ ഒന്ന് ചുമച്ചു.
വന്ന ബന്ധുക്കളിൽ രണ്ടു സ്ത്രീകൾ എന്തോ ഓർമ്മകൾ പറഞ്ഞു മൂക്കു ചീറ്റി കരഞ്ഞു. അതൊരു ദൈർഘ്യം കുറഞ്ഞ ഓർമ്മയായിരുന്നു. ശബ്ദം കുറച്ചു നേരം കൊണ്ട് നിലച്ചു. മൂന്നാലുപേർ കൂടി വലിയ ഒച്ചയൊന്നുമുണ്ടാക്കാതെ അകത്തേക്ക് കയറിപ്പോയി.

നോക്കിയാൽ കാണുന്ന അയൽവക്കമായിരുന്നില്ല. പുള്ളികളുള്ള ഷർട്ടും ക്രീം കളർ പാന്റുമിട്ട, കാമുകന്മാരിൽ പ്രായക്കൂടുതൽ ഉള്ള ആ മനുഷ്യൻ മൊബൈൽ വെളിച്ചത്തിൽ, ദൂരെ കത്തുന്ന ഒരു ബൾബ് നോക്കി നടന്നു. അതൊരു ചെറിയ വീടായിരുന്നു.
വാതിലിൽ മുട്ടി കുറേനേരം കാത്തിരുന്നപ്പോഴാണ് അവളോളം പ്രായമുള്ള ഒരു സ്ത്രീ വാതിൽ തുറന്നത്. സ്വയം പരിചയപ്പെടുത്താതെ ആ മനുഷ്യൻ നിറഞ്ഞ കണ്ണോടെ മരിച്ച കാര്യം അറിയിച്ചുകൊണ്ട് ഇരുട്ടിലേക്കു തന്നെ തിരിച്ച് നടന്നു. വാതിൽ തുറന്നു വന്ന സ്ത്രീ പുലർച്ചെ അവർ സ്ഥിരമായി കാണാറുള്ള സ്വപ്നങ്ങളിൽ ഒന്നണെന്ന് കരുതി കുറച്ചു നേരം വാതിൽക്കൽ തന്നെ നിന്നു. ഒരു തണുപ്പൻ കാറ്റ് വീശിയപ്പോഴാണ് അവരകത്തേക്ക് ചെന്ന് ഭർത്താവിനെ കുലുക്കി വിളിച്ചു കാര്യം പറഞ്ഞത്. ഇടവിട്ടിടവിട്ട് അങ്ങിങ്ങായി കോഴികൾ കൂവിത്തുടങ്ങിയിരുന്നു.
അവളെ കിടത്തിയ പായയോട് ചേർന്ന്, ചാരിയിരിക്കാവുന്ന കുഴിയൻ കസേരയിൽ അവളുടെ ഭർത്താവിനെ ഇരുത്തി, ഏറ്റവും പ്രായം കുറവുള്ള മെലിഞ്ഞു കറുത്ത ചെറുപ്പക്കാരൻ കാമുകൻ പതുക്കെ കുനിഞ്ഞു. എന്നിട്ട് പറഞ്ഞു.
“വിളിച്ചറിയിക്കാനുള്ള ആളുകളുടെ നമ്പർ പറഞ്ഞാൽ ഞങ്ങൾ വിളിക്കാം, ചേട്ടനിവിടെ അൽപ്പം റെസ്റ്റെടുക്കൂ…”
അയാൾ തലയുയർത്തി ആ ചെറുപ്പക്കാരനെ നോക്കി. മാസ്ക്കുള്ളതുകൊണ്ട് അവന്റെ കലങ്ങിയ കണ്ണുകൾ മാത്രമേ കാണുന്നുള്ളൂ. തിരക്കിൽ താൻ മാസ്ക് വിട്ടുപോയെന്ന് അയാളോർത്തു.
അവൾ മുൻപെപ്പോഴോ പറഞ്ഞത് വെച്ച്, ടോണി എന്നായിരിക്കണം ഇവന്റെ പേര്. അയാൾ മാസ്കില്ലാതെ, കുഞ്ഞിനെ പോലെ ചിരിച്ചു. അവന്റെ കയ്യിൽ അരുമയോടെ തഴുകി. വിയർത്തു നനഞ്ഞ കീശയിൽ നിന്ന് ഫോണെടുത്ത് നീട്ടി.
“രാജേന്ദ്രൻ ന്യൂ, എന്ന നമ്പറിൽ വിളിച്ചു പറയണം. പിന്നെ സത്യൻ, മെമ്പർ. സത്യനോട് പറഞ്ഞാൽ അവൻ ബാക്കിള്ളവരോട് പറഞ്ഞോളും…”
ചെറുപ്പക്കാരൻ തലയാട്ടിക്കൊണ്ട് ഫോണും വാങ്ങി പുറത്തിറങ്ങി. വെളിച്ചം കൊറേശ്ശേയായി വന്നു തുടങ്ങിയിരുന്നു. മറ്റു രണ്ടുപേരും പുറത്ത് നീളത്തിലുള്ള വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. മുൻപരിചയമില്ലാത്ത രണ്ടുപേർ! ഗന്ധപ്പുല്ലുകളുടെ പച്ചമണം അവിടമാകെ നിറഞ്ഞു നിന്നിരുന്നു.

വെളിച്ചത്തിലേക്ക് കസേരയും ടാർപോളിനുമൊക്കെയായി വണ്ടി പിന്നെയും ഇറങ്ങി വന്നു. മൂന്ന് കാമുകന്മാരും ഉത്സാഹത്തോടെ അതെല്ലാമിറക്കി, പന്തല് കെട്ടാൻ സഹായിച്ചു. അകത്തെ ജനാല തുറന്ന് ഭർത്താവ് അവരെ നോക്കിക്കൊണ്ടിരുന്നു. കസേരകൾ അവിടവിടെയായി നിരത്തിയിട്ട്, അവർ മറ്റു കാര്യങ്ങൾ ഓർത്തു ചെയ്യുകയാണ്. ജനൽക്കമ്പി യിൽ പിടിച്ച് അങ്ങനെ നിന്നപ്പോൾ അയാളിൽ ഒരു ചെറു ചിരി പൊടിഞ്ഞു. ഇക്കാലമത്രയും അവൾ നേരിൽ കാണാത്ത, മിണ്ടാത്ത, എന്നോ അവളുടെതായിരുന്ന കാമുകന്മാർ.
അവളെ തിരിഞ്ഞു നോക്കിയപ്പോൾ പൊടിഞ്ഞ ചിരിയെ കരച്ചിലിന്റെ തരികൾ ചേർത്തു പിടിച്ചു. പിന്നെയും കണ്ണു നനഞ്ഞു. അവളെ കിടത്തിയ ഹാളിൽ, പെട്ടന്ന് വന്നും നിന്നും പോകുന്ന നിലവിളികളുമായി ബന്ധുക്കളിൽ പലരും നിറഞ്ഞു.
മക്കളില്ലാത്തത് കൊണ്ട് അയാളും അവളുടെ മൂത്ത സഹോദരനും ചേർന്ന് കർമ്മങ്ങൾ ചെയ്യാമെന്ന് തീരുമാനമായി. കുളിപ്പിക്കുമ്പോഴും, തിരികെ വിളക്കോരത്ത് കിടത്തുമ്പോഴും കാമുകന്മാർ കുറച്ചു മാറി കാണുന്നിടത്ത് തന്നെ ഉണ്ടായിരുന്നു. വളരെ വൈകി ആരോ കടുപ്പം കുറഞ്ഞ ഒരു ചന്ദനത്തിരിയുടെ കവർ പൊട്ടിച്ച് കത്തിച്ചു വച്ചു. അവളുടെ ഗന്ധം പതുക്കെ മുറി വിട്ടു പോയത്, അയാളിൽ പിന്നെയും വേദന പടർത്തിയിരുന്നു. മൂന്നുപേരും അത് മനസ്സിലാക്കി അയാൾക്കടുത്ത് വന്ന് നിന്നു.
എത്ര ചുഴിഞ്ഞു ചോദിച്ചിട്ടും ആർക്കും അവരെ മനസ്സിലാക്കാൻ പറ്റിയില്ല. തലമൂത്ത രണ്ട് കാരണവന്മാർ മാറി മാറി അവരോടന്വേഷിച്ചെങ്കിലും നിറഞ്ഞ കണ്ണോടെ ചിരിച്ചുകൊണ്ട് ഇവിടുത്തെയാണ് എന്നവർ പറഞ്ഞൊപ്പിച്ചു. ആ ചെറിയ നേരത്തിനിടയിൽ അവളുടെ ഭർത്താവ് അവരെ വിദഗ്ധമായി പല മൂലയിൽ നിന്നും രക്ഷപ്പെടുത്തി. മെമ്പർ വന്നപ്പോൾ കൂടുതൽ ആളുകൾ കൂടി നിൽക്കരുത് എന്ന് ഓർമ്മിപ്പിച്ച്, ചടങ്ങുകൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു.
“മഴപെയ്യുമെന്ന് തോന്നുന്നു…” എന്ന് പറഞ്ഞ് കാമുകന്മാരിൽ അതുവരെ നിശബ്ദനായിരുന്ന, ചാര നിറത്തിലുള്ള ടീഷർട്ടും മുണ്ടും ധരിച്ച നര കേറിത്തുടങ്ങിയ മനുഷ്യൻ പുറത്തേക്കിറങ്ങി. കിഴക്ക് ഭാഗത്ത് നാട്ടുകാരിൽ യുവാക്കളായ കുറച്ചുപേർ വിറക് കൊണ്ടിട്ടു തുടങ്ങിയിരുന്നു. അയാളുടെ മേലേക്ക് നോക്കിയുള്ള നിൽപ്പ് കണ്ട് അവളുടെ ഭർത്താവ്, അങ്ങോട്ട് നടന്നു.
“രാജനോട് പറയാം. പെട്ടിയും ചിരട്ടയും അവൻ ഇപ്പൊ കൊണ്ടു വരും…”
തന്നോളം പ്രായം തോന്നിക്കുന്ന ശുഷ്കിച്ച മനുഷ്യൻ. ഇയാളെപ്പറ്റി അവൾ പറഞ്ഞതൊന്നും ഓർമ്മയിലില്ല. അവളെന്നോ അയാളോട് പറഞ്ഞിരുന്നിരിക്കാവുന്ന ശംഖുപുഷ്പത്തിന്റെ കാടുകളും, പിച്ചകത്തിന്റെ തലകളും, ചുവന്ന രാജമല്ലിയുടെ ഏലുകളും വെട്ടിമാറ്റിയതിന്റെ പ്രയാസത്തോടെയുള്ള നോട്ടം തിരികെ കിട്ടിയപ്പോൾ, പിക്കപ്പ് വണ്ടിക്കാരൻ ദൂരെ നിന്ന് കൈ വീശി.

മഴ കുറച്ചു നേരമേ പെയ്തുള്ളു. അവൾ കത്തിത്തുടങ്ങിയപ്പോൾ അത് കുറഞ്ഞു. മൂന്നുപേരും ആ ചൂട് പറ്റി കുറച്ചു നേരം നിന്നു. അന്നേരം കൂട്ടത്തിലെ പ്രായം കുറഞ്ഞവൻ മറ്റു രണ്ടുപേരോടുമായി പറഞ്ഞു “ചടങ്ങിന് കറുകപ്പുല്ലു വേണം… വേണ്ടേ? അങ്ങനല്ലേ?”
പ്രായക്കൂടുതലുള്ള ആൾ, തല കുലുക്കി.
“ഇവിടുന്ന് ഇനീം താഴെക്കിറങ്ങിയാൽ പാടമാണ്. അങ്ങോട്ടുള്ള വഴിയിൽ കാണും.”
ഇരുവരും അമ്പരപ്പോടെ അയാളെ നോക്കി.
“സത്യം പറ ചേട്ടാ, നിങ്ങൾ മുൻപിങ്ങോട്ട് വന്നിട്ടുണ്ട്, അല്ലെ?”
ചെറുപ്പക്കാരൻ വിടർന്ന കണ്ണോടെ അയാളെ തൊട്ടു. അയാൾ ഇല്ലെന്ന് തലയാട്ടി. നനഞ്ഞ വഴിയിലേക്ക് നടന്നു. രണ്ടുപേരും അയാൾക്ക് പിന്നൽ മിണ്ടിക്കൊണ്ട് നടന്നു. മഴവെള്ളം കലങ്ങി, ചെറിയ കൈവഴികളായി അവർക്ക് മുന്നേ ഒഴുകി. എവിടെ നിന്നൊക്കെയോ വെള്ളച്ചാലുകളുടെയും മയിലുകളുടെയും ശബ്ദം.
“അന്ന്, ഞങ്ങളുടെ ഓഫീസിലെ യാത്രയയപ്പ് കഴിഞ്ഞ്, ചേച്ചി എന്നെ കണ്ടിരുന്നു. വണ്ടിയിൽ നിന്ന് ഇറങ്ങി അടുത്ത് വന്ന് സ്നേഹത്തോടെ എന്നെ നോക്കി. ന്നിട്ട്…”
ചെറുപ്പക്കാരൻ ഏതോ പിടപ്പിൽ പെട്ട് ഒന്നു നിന്നു. മുന്നിൽ നിന്ന് ‘മതി’ എന്ന് ഒരു തളർന്ന ശബ്ദമുയർന്നു. അവൻ തല താഴ്ത്തിക്കൊണ്ട് നിർത്തി. ഓർമ്മകൾ മൂന്നുപേരെയും ഒരു ചാറ്റൽ മഴകൊണ്ട് നനച്ചു. കല്ലു വഴിയിറങ്ങിയപ്പോൾ ദൂരെ പാടം കണ്ടു.
പാടത്തിലേക്കുള്ള വഴിയിലേക്കിറങ്ങും മുൻപേ, ഒരു കൈത്തോടിന്റെ അരികുപറ്റി കറുകകൾ പടർന്നത് കണ്ട് അവർ തെളിഞ്ഞു നോക്കി. കൈത്തോട് കടന്നാൽ ഭഗവതിയുടെ ഒരു കല്ലുണ്ട്. അതു കഴിഞ്ഞുള്ള വളവിനപ്പുറത്തേക്ക് ഒരു കോൺക്രീറ്റ് റോഡാണ്. ആ റോഡ് മറ്റൊരു ഭേദപ്പെട്ട, ഇറക്കം കുറഞ്ഞ ചരിവിൽ നിന്നാണ്. കൈത്തോടിന്റെ അതിരിന് ഇപ്പുറമാണ് അവളുടെ വീട്! മൂന്നുപേരും കറുകകൾ പറിച്ചെടുക്കാൻ തിടുക്കപ്പെട്ടു.
വെയിലിനു കനം കൂടുമ്മുന്നേ, ചടങ്ങുകൾ കഴിഞ്ഞു. ബലിച്ചോർ കാക്ക തിന്നില്ലെന്ന് പറഞ്ഞ്, കാരണവന്മാർ പ്രശ്നക്കാരനെ കാണണം എന്ന് അവളുടെ ഭർത്താവോട് സൂചിപ്പിച്ചു. അയാളത് വേണ്ടെന്ന് തള്ളിക്കളഞ്ഞു. കാമുകന്മാർ അതുകേട്ട്, സ്നേഹത്തോടെ ചിരിച്ചു.

ചടങ്ങുകൾ തീരും മുൻപ്, മൂന്നുപേരും വെള്ള അവിൽ തേങ്ങയും ചെറിയുള്ളിയും പച്ചമുളകുമൊയൊക്കെയിട്ട് നനച്ചു വെച്ചിരുന്നു. കട്ടൻ തിളച്ചു തുടങ്ങിയപ്പോൾ, മധുരം വേണ്ടാത്തവർക്കുള്ള ചായ അതിലൊരാൾ കരുതലോടെ മാറ്റി വച്ചിരുന്നു.
അടുക്കളയിൽ ചില പെണ്ണുങ്ങൾ, തേങ്ങ ചിരകുന്ന ഈ ആണുങ്ങളെ നോക്കി, പുച്ഛത്തോടെ ‘ഇതൊക്കെ എവിടുന്ന് വരുന്നെന്റപ്പോ’എന്ന് കണ്ണു മിഴിച്ചു. എല്ലാവരും വെള്ളയവിൽ നനച്ചത് കഴിച്ചു. കട്ടൻ കുടിച്ചു. ചടങ്ങുകൾ തീർന്നപ്പോൾ കൊറേപ്പേർ മേലറ്റം കാണാത്ത കുന്നു കേറി നടന്നു.
കാമുകന്മാർ മൂന്നുപേരും യാത്ര ചോദിക്കാൻ അവളുടെ ഭർത്താവിനെ തിരക്കി. അയാൾ അവരുടെ മുറിയിൽ അവളുടെ നഷ്ടപ്പെട്ടേക്കാവുന്ന ബാക്കി ഗന്ധങ്ങളിൽ കണ്ണടച്ചു കിടക്കുകയായിരുന്നു. അവർ വന്ന ശബ്ദം കേട്ട് അയാളെണീറ്റു. എല്ലാവരും തെല്ലകലത്തിൽ നിന്ന് മാസ്ക് താഴ്ത്തി. ചിരിച്ചു. അയാളും ചിരിച്ചു. കുറച്ചു നേരം ഒന്നും മിണ്ടാതെ, അവരാ മുറിയിൽ അങ്ങുമിങ്ങും നടന്ന് അവൾ തൊട്ടു നടന്ന ഇടങ്ങളെല്ലാം തൊട്ടു. വെറും നിലത്ത് ഇരുന്നു.
മേശയിലെ ഫോട്ടോയിൽ നോക്കി നൊന്തു. വൈകിയെന്നു തോന്നിയപ്പോൾ, പിന്നെയും അയാൾക്ക് മുന്നിൽ വന്നു നിന്നു.
“ചേട്ടാ… ഫോണിൽ ടോണി എന്ന് നമ്പർ സേവ് ചെയ്തിട്ടുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം.”
ചെറുപ്പക്കാരന്റെ കണ്ണുകൾ കലങ്ങി. അയാൾ തലയാട്ടി.
മറ്റു രണ്ടുപേരും കൂടുതലൊന്നും മിണ്ടാതെ അയാളുടെ ചുമലിൽ തൊട്ട്, ഉള്ളം കയ്യിൽ തലോടി പുറത്തേക്കു നടന്നു. അയാൾ അവർക്കൊപ്പം വഴി വരെ ചെന്നു. കുന്നു കയറുമ്പോൾ കൈ വീശി. തിരിച്ചു വരാന്തയിൽ വന്നിരിക്കുമ്പോൾ ശേഷിച്ചവരിൽ ഒരു വൃദ്ധൻ അയാളുടെ അടുത്തു ചെന്നിരുന്നു.
“എല്ലാം നോക്കീം കണ്ടും ചെയ്തു. വീട്ടുകാരെ പോലെ. ആരായിരുന്നു മോനെ അവരൊക്കെ?”
അയാൾ, ആ വൃദ്ധനെ സ്നേഹത്തോടെ നോക്കി. തൊലി തൂങ്ങിയ കൈകളിൽ പിടിച്ച് പതുക്കെ മന്ത്രിച്ചു.
“ഞങ്ങൾ നാലുപേരും, അവളുടെ കാമുകന്മാരായിരുന്നു അമ്മാമാ…”
അതുകേട്ട്, അണയാൻ ബാക്കിയുള്ള കനലുകൾ നീക്കി, വെട്ടിയിട്ട ശംഖുപുഷ്പത്തിന്റെ വള്ളികളിലേക്ക് കയ്യെത്തി പിടിച്ച് അയാളെ അവളൊന്ന് ചരിഞ്ഞു നോക്കി. പതുക്കെ ചിരിച്ചു…