നിന്നോടു മിണ്ടാതിരിക്കുമ്പോൾ
മെഴുകുതിരിയിൽ നിന്നെന്ന പോലെ
വാക്കുകൾ
ഉരുകിവീഴാൻ തുടങ്ങും;
വലംവെച്ചു പറക്കുന്ന
മഞ്ഞപ്പൂമ്പാറ്റകളെപ്പോലെ
ഭൂമി മുഴുവൻ
നിശ്ശബ്ദതയായിരിക്കും;
നിന്നോടു മിണ്ടാതിരിക്കുമ്പോൾ
ഞാനെന്നോടുതന്നെ മിണ്ടുന്നു:
കണ്ണാടിയിലെ നിഴലിന്റെ
കണ്ണീർ തുടയ്ക്കുന്നതുപോലെ.
നനയാതിരിക്കാൻ
വിരലുകൾ കോർത്ത്
തലമുകളിൽ
മേൽക്കൂര തീർക്കുന്നു;
തുള്ളി വിടാതെ
ചോർന്നൊലിച്ചിട്ടും
കാൽച്ചുവട്ടിൽ
മണൽച്ചൂടെന്നറിയുന്നു;
പറയാത്ത വാക്കുകൾ
പൊടിമണ്ണിലെ രൂപങ്ങൾ പോലെ
നിന്റെ കണ്ണുകളിൽ നോക്കി നിൽക്കുന്നു
നിന്നോടു പറയാതിരുന്നതെല്ലാം
ഒരു ഉപമയിലും ഒതുങ്ങാത്തതെന്ന്
തിരിച്ചറിയുന്നതു വരെ….