അമ്മ ഒരു വ്യക്തിയോ ബന്ധമോ മാത്രമല്ല. താൻ ഉൾപ്പെടുന്ന സവിശേഷ സമയത്തിൻറെയും സ്ഥലത്തിൻറെയും ജ്ഞാനവും സംസ്കാരവും ആണവർ. ജനതയുടെ മാനുഷികമായൊരു വശം അവരിലുണ്ട്. പരമ്പരാഗതമായ മാതൃഭാവങ്ങളുടെ പ്രകാശനത്തോടൊപ്പം ഈ കവിത വളരെ വൈയക്തികമായ ഒരനുഭൂതി സൂക്ഷിക്കുന്നുണ്ട്. അത് സംസ്കാരത്തെ പരിരക്ഷിക്കുന്ന ഒന്നാണ്. ഇപ്പോൾ നാം ശൂന്യദുർവ്യയങ്ങളെക്കുറിച്ചു പറയുമ്പോൾ ഞാൻ അമ്മയുടെ കാലഘട്ടത്തെക്കുറിച്ചോർക്കും. അവർ ഒന്നും പാഴാക്കിയിരുന്നില്ല. സൃഷ്ടിയും പുനഃസൃഷ്ടിയും ഗൃഹപരിപാലനത്തിൽ അവരുടെ കൈമുതലായിരുന്നു. ‘അമ്മ കുടുംബത്തിന്റെ ജീവനായിരുന്നു- അവരുടെ അഭാവത്തിൽ കുട്ടികൾക്ക് സ്ഥാനഭ്രഷ്ടരായതായി അനുഭവപ്പെടുമായിരുന്നു. ഞാൻ അമ്മയെക്കുറിച്ചു സംസാരിക്കുന്നു. സമകാലികരായ അമ്മമാർ പഴമയിൽ നിന്ന് ചില കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.

rethi saxsena, poem, mother's day, ps manoj kumar

അമ്മ കരുതി വയ്ക്കുമായിരുന്നു

അമ്മയുടെ കലവറ
ഒരിക്കലും ഒഴിഞ്ഞിരുന്നില്ല-
ഏതു സാഹചര്യത്തിലും.
അവർ എണ്ണയും ധാന്യങ്ങളും അച്ചാറുകളും
പയറുവർഗ്ഗങ്ങളും മിച്ചം വച്ചു
കളിമൺ പാത്രങ്ങളിൽ ഉപ്പും
സ്ഫടിക ഭരണികളിൽ ശർക്കരയും സൂക്ഷിച്ചു
അവയെല്ലാം അവരുടെ
മാന്ത്രികക്കലവറയിൽ
നൂറ്റാണ്ടുകളോളം ജീവിച്ചു
ആവശ്യമുള്ളപ്പോൾ
“ഓപ്പൺ, സെസ്മി!”
എന്ന മൊഴിയൊന്നുമില്ലാതെ
അവയെല്ലാം ലഭ്യമായി

അമ്മ മാംസവും സൂക്ഷിച്ചു:
അവരുടെ ഇടുപ്പിലും അരക്കെട്ടിലും
ഒന്നിന് പിറകെ ഒന്നായി ജനിച്ച
ആർത്തിക്കാരായ ഏഴു കുഞ്ഞുങ്ങൾക്കും
അടുത്ത തലമുറയ്ക്കുമായി:
അമ്മൂമ്മയുടെ നനുത്തതും മധുരമുള്ളതുമായ
സ്നേഹത്തിന്റെ അനുഭൂതിയാകാൻ

അവർ കരുതി വച്ചു:
പേരക്കുട്ടികളുടെ സ്വപ്നങ്ങൾക്കായി
കഥകൾ, ഐതിഹ്യങ്ങൾ,
അറിയപ്പെടാത്ത താളങ്ങൾ, ചുവടുകൾ-
അമ്മ പോയ്മറഞ്ഞാലും
പേരക്കുട്ടികൾക്കൊപ്പം അവരെ
ചേർത്തുകെട്ടാനുള്ളൊരു വഴി.

അമ്മയുടെ അന്ത്യനിമിഷങ്ങളിൽ,
അവരുടെ അവസാനശ്വാസങ്ങളിൽ
പെണ്മക്കൾക്കായി ഒരു വീടു വിട്ടുവച്ചു
അതിലൂടെ ജലത്തിൽ പഞ്ചസാരക്കട്ടകളെന്ന പോലെ
അവർ അലിഞ്ഞുകൊണ്ടേ ഇരിക്കുന്നു.

rethi saxsena, poem, mother's day, ps manoj kumar
നിക്കോളാ*സിന്റെ അമ്മ

അവരുടെ ലോകം
അവരുടെ റൊട്ടിയുടെയത്ര മാത്രം
വലുപ്പമുള്ളത്
ജനൽ താണ്ടിപറക്കുന്ന
കറുത്തപക്ഷിയുടെ അത്രയും മാത്രം
അവരുടെ ആകാശം
അവൾക്കായുള്ള എല്ലാ പഴച്ചാറുകളും
മുന്തിരികളിൽ തുടങ്ങി
അതിൽ തന്നെ ഒടുങ്ങുന്നു.

അവർ പെരുവിരലിൽ ഊന്നിനിൽക്കുകയും
വട്ടം കറങ്ങാൻ തുടങ്ങുകയും ചെയ്യുന്നു.

അതിരുകൾ
അവരുടെ മാറിടത്തിലൂടെയും ഭാഷകളിലൂടെയും
അവരുടെ കൈവെള്ളയിൽ നിന്ന്
ഒളിഞ്ഞും കൊത്തിയുമെടുക്കുന്ന ധാന്യങ്ങളിലൂടെയും
സ്വയം വരയ്ക്കുകയും
മാറ്റിവരയ്ക്കുകയും ചെയ്യുന്നു

നിക്കോളാസിന്റെ അമ്മയെന്ന
അക്ഷത്തിൽ നിന്ന്
ഒരിക്കലും മാറാതെ
അവർ ഒരുപാട് രാഷ്ട്രങ്ങളായി.

  • * നിക്കോള മാസിഡോണിയൻ കവി. അയാളുടെ അമ്മയുടെ വീട് അവരുടെ ജീവിതകാലത്തിൽ മൂന്നു വ്യത്യസ്തമായ രാഷ്ട്രങ്ങളാൽ ഭരിക്കപ്പെട്ടു.


poem, rethi saxsena, mother's day, ps manoj kumar

 മറവിരോഗത്തിൻറെ ചതുപ്പുകളിൽ

-1-
അവരുടെ ഇടറുന്ന പാദങ്ങൾ
ഭാവിയിലേക്ക് ചുവടു വയ്ക്കുന്നു.
പെട്ടെന്ന് തെന്നുന്നു,
പെട്ടെന്നവൾ ഭൂതകാലത്തിലേക്ക്
പതിക്കുന്നു,
അമർത്തിച്ചിരിക്കാൻ തുടങ്ങുന്നു:
‘നോക്കു! മരങ്ങൾ-
അവയെന്നോട് സംസാരിക്കുന്നു.
അവർ മുത്തച്ഛന്റെ വീട്ടുമുറ്റത്തുള്ള
ആര്യവേപ്പിന്റെ
കൊമ്പുകളോടും ഇലകളോടും
സംസാരിക്കാൻ തുടങ്ങുന്നു.
തെങ്ങുകളുടെ ഉയരങ്ങളിൽ നിന്ന്
ഞാനവരെ ബലമായി പിടിച്ചുവാലിക്കുന്നു-
അവരിപ്പോൾ അസ്വസ്ഥയാകുന്നു;
വാക്കുകളിലേക്ക് ഓടുന്നു.
മൂത്തമ്മാവന്റെ കലവറയിലേക്കും
അവൾ ഓടിയെത്തുന്നു
അവിടെ അവൾ കാലങ്ങൾക്കു മുൻപ്
മായ്ക്കപ്പെട്ട
മഷിയാലെഴുതിയ മേൽവിലാസങ്ങൾ
തിരയുന്നു.

ഞാൻ അവരെ വിളിക്കുന്നു-
അവരപ്പോൾ വീണ്ടും വീണ്ടും
ചെറിയൊരു പെൺകുട്ടിയായിത്തീരുന്നു.
മറവിരോഗത്തിന്റെ ചതുപ്പുകളിൽ
അമ്മ.
-2-
ഇനിയെൻറെ ഊഴം,
ഞാൻ നിന്റെ തലമുടി ചീകാം
നീ എന്റേത് വലിക്കുന്നു
കൂടുതൽ എണ്ണ പുരട്ടു.

നരച്ചു കനംകുറഞ്ഞ മുടിയിഴകളിലൂടെ
വിരലുകളോടിക്കുമ്പോൾ
വളർന്ന ഒരു കുഞ്ഞിനെക്കുറിച്ച്
പെണ്മക്കൾ ആലോചിക്കുന്നു
വൃദ്ധയായ അമ്മയപ്പോൾ
കുഞ്ഞുപെൺകുട്ടിയായ് മാറുന്നു.
-3-
കലുഷമാക്കുന്ന ഓർമ്മകളാൽ
അവരിപ്പോൾ സ്തബ്ധയായിരിക്കുന്നു
വർത്തമാനം
അവരിൽ നിന്ന് മാഞ്ഞുപോകുന്നു.
ഓർമ്മകളുടെ കൂട്ടം
പിന്നിലേക്കു പായുന്നു

താക്കോൽ വാക്കുകളുടെ
അർത്ഥംപോലും അവർ മറക്കുന്നു.
കഥകളിലേക്കും
ചിലപ്പോൾ ഉറക്കത്തിലേക്കും
മറ്റു ചിലപ്പോൾ അടുക്കളയിൽ
ഒളിക്കാനും
അവർ നിർബന്ധിതയാകുന്നു
-4-
കിടക്കയിൽ മൂത്രമൊഴിച്ച്
തലയിണകൊണ്ടത്
മറയ്ക്കാൻ നോക്കുന്നു
ഇടയ്ക്കവിടം നോക്കി
വിടരുന്ന മൊട്ടുപോലെ
പുഞ്ചിരിക്കുന്നു
ഒരു വഴക്കുപറയലിനു
ശേഷവും
ചുണ്ടിൻറെ കോണിൽ
കുസൃതി തുളുമ്പുന്നു

ഓ! ഇതെൻറെ അമ്മയോ
അശ്രദ്ധയേറിയ ഒരു പെൺകുഞ്ഞോ?
-5-
ഇപ്പോൾ
എല്ലാം അവരോടു സംസാരിക്കുന്നു
എല്ലാ കസാരകളും മേശകളും പെട്ടികളും
പട്ടികൾ സിംഹങ്ങൾ പുള്ളിപ്പുലികൾ-
അവ അമ്മയുടെ മുറിയിലേക്ക് വരുന്നു
ഭയമില്ലാതെ
അവർ ഈച്ചകൾക്കൊപ്പം കളിക്കുന്നു
ഉറുമ്പുകൾക്കൊപ്പം നൃത്തം ചെയ്യുന്നു
നമ്മൾ, ബുദ്ധിശാലികൾക്ക്
കാണാനാവാത്ത
എല്ലാവരുടെയും
ചങ്ങാതിയാണ് അമ്മ.

കൈവിട്ടു പോയൊരു
പട്ടം പോലെ
മറവിരോഗത്തിൻറെ ചതുപ്പുകളിലൂടെ
അമ്മയൊഴുകുന്നു

രതി സക്‌സേന: രാജസ്ഥാനിലെ ഉദയ്പൂരിൽ ജനനം. കവി, നിരൂപക, വിവർത്തക, ഗവേഷക, പത്രാധിപ. ഒരു ജനലും എട്ടഴികളും, കവിത, കടൽ കിനാവു കാണുന്നു, പെണ്ണുടലിൽ ചുറ്റുന്ന സർപ്പം, മായാമഹാത്യാഗിനി, പ്രവാഹങ്ങളിൽ എഴുതിയത് എന്നിവ പ്രധാന കവിതാഗ്രന്ഥങ്ങൾ. മനസ്സിൻറെ വിത്തുകൾ എന്ന ശീർഷകത്തിൽ അഥർവ്വവേദ പഠനം. ബാലാമണിയമ്മയുടെ കാവ്യകലയും ജീവിതദർശനങ്ങളും എന്ന നിരൂപണ ഗ്രന്ഥം. എല്ലാം ഭൂതകാലമാണ് എന്ന ശീർഷകത്തിൽ അയ്യപ്പപ്പണിക്കരെക്കുറിച്ച് സ്മൃതി പുസ്തകം. അയ്യപ്പപ്പണിക്കർ, തകഴി, സച്ചിദാനന്ദൻ, ബാലാമണിയമ്മ, കാരൂർ, മാധവിക്കുട്ടി, തുടങ്ങിയവരുടെ കൃതികൾ ഹിന്ദിയിലേക്ക് വിവർത്തനം ചെതിട്ടുണ്ട്. വിവിധ ഭാഷകളിലേക്ക് കവിതാസമാഹാരങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

പി.എസ്.മനോജ്‌കുമാർ: സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ ചരിത്ര  അദ്ധ്യാപകൻ. പ്രാർത്ഥനകൾ മുറിയുന്നിടം (കവിതാസമാഹാരം) പ്രാണനിൽ പതിഞ്ഞവ, അരയാലിന്നപ്പുറമിപ്പുറം (നിരൂപണകൃതികൾ) സംസ്കാരവും ദേശീയതയും, ജൈവചോരണം, ജാതിയെ ലിംഗവത്കരിക്കുമ്പോൾ, ജ്വലിക്കുന്ന പാദങ്ങൾ, ജീവൻറെ നിലനിൽപ്, തിരണ്ട ദേവതകൾ ( പ്രധാന വിവർത്തന കൃതികൾ.)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook