scorecardresearch

എന്റെ തീവണ്ടി

“തീവണ്ടി കുട്ടിയുടെ കവിളിൽ തൊട്ടു അപ്പോഴേക്കും കുട്ടിക്ക് ഉറക്കം വന്നു” മോൻസി ജോസഫ് എഴുതിയ കവിത

moncy joseph, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

എവിടുന്നോ ഒരു കാറ്റ് പോലെ ഓടിപ്പാഞ്ഞു വരുകയായിരുന്നു.
കുറേ നേരം കഴിഞ്ഞ് കുട്ടി തീവണ്ടിയോട് ചോദിച്ചു
എങ്ങോട്ടാ?

പുൽപറമ്പിൽ
ഒരു ആടിനെ പോലെ
തീവണ്ടി മാനം നോക്കി കിടന്നു
എങ്ങോട്ടാ?
തീവണ്ടി ചോദിച്ചു

ഒരു കാര്യം അങ്ങോട്ട്‌ ചോദിച്ചാൽ തിരിച്ചും അതു തന്നെ ചോദിക്കുകയോ?
കുറേ നേരം കഴിഞ്ഞു
കുട്ടി തീവണ്ടിയുടെ താടിക്ക് ഒരു തട്ട് വച്ചു കൊടുത്തു.

തീവണ്ടി പറഞ്ഞു,
“എന്നെ ഒന്നും ചെയ്യരുത്,
ഞാൻ പാവമാണ്.”

“നിനക്കു ആനയെ പോലും കൊല്ലാൻ
കെൽപ്പുണ്ടല്ലോ,”
കുട്ടി ചോദിച്ചു.
“പത്രത്തിലുണ്ടായിരുന്നു അല്ലെ, അറിയാതെ ഇടിച്ചതാ.”

തീവണ്ടി കുട്ടിയുടെ കവിളിൽ തൊട്ടു
അപ്പോഴേക്കും കുട്ടിക്ക് ഉറക്കം വന്നു
കുറേ കഴിഞ്ഞു തീവണ്ടി ഉണർന്നു കുട്ടിയോട് പറഞ്ഞു.
കോഴിക്കോടായി

moncy joseph, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

എന്റെ തീവണ്ടീ, ആരാണ്
ഈ സ്ഥലങ്ങൾക്കിങ്ങനെ പേരിടുന്നത്
പണ്ട് പണ്ട് ഒന്നിനും
ഒരു പേരുണ്ടായിരുന്നില്ല.
കുട്ടി അങ്ങോട്ട് ഊർന്നിറങ്ങി
എന്നിട്ട് ചോദിച്ചു.
എങ്ങോട്ടാ?
അപ്പോൾ, തീവണ്ടി വേഷം മാറി ഒരു ദൈവദൂതനെപ്പോലെ പറഞ്ഞു
ഞാൻ എദൻതോട്ടത്തിൽ നിന്നു വന്നു
അങ്ങോട്ട് തന്നെ പോവുന്നു

എന്നാലും എന്റെ തീവണ്ടി,
എന്നെ വിട്ടുപോവുകയാണോ?

ഇല്ല, ഞാനീ വഴി ഇനിയും വരും.
കുട്ടി സങ്കടം മറച്ചുപിടിച്ചു
തീവണ്ടിയും അതു തന്നെ ചെയ്തു

എവിടെ തീവണ്ടി.
ക്ഷണപ്രഭാചഞ്ചലം എന്ന് പറഞ്ഞ് ഒരു കാറ്റ് അവർക്കിടയിൽ വീശി മറഞ്ഞു.
എന്നിട്ടും
ഒന്നും അറിയാത്ത പോലെ എങ്ങോട്ടെങ്ങോട്ടെങ്ങോട്ടെന്ന് സർവജീവജാലങ്ങളെയും പോലെ ചോദിച്ചുകൊണ്ടിരുന്നു

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Moncy joseph poem ente theevandi

Best of Express