/indian-express-malayalam/media/media_files/LyhJy5SWx1ZQDsb8DM5m.jpg)
മിന്നുന്നൊരു പ്രാണിയൊത്തിരിനേരമായ്
ജന്നലിൽ വന്നു മുട്ടുന്നു
ഒന്നു ചെറുതായ് തുറന്നു നോക്കുമ്പൊഴേ -
യ്ക്കിങ്ങുപറന്നു കേറുന്നു
എങ്ങുമിരിയ്ക്കുവാനാവാത്തിരക്കുപോ-
ലങ്ങുമിങ്ങും പതറുന്നു.
മങ്ങിത്തുടങ്ങിയ മന്ദാരബൾബിനെ
ഒന്നു വലംവച്ചിടുന്നു
ചാരത്ത് ചെന്നുമ്മ വയ്ക്കുന്ന പോലതിൻ
കാതിലെന്തോ വിതറുന്നു.
പുന്നാരമേതാണ്ട് തൊട്ട പോലെ കവിൾ -
ച്ചില്ലിൽ തുടുപ്പ് പാളുന്നു.
പിന്നെയുമെന്തോ തിടുക്കം അതോ തൊട്ടു
പൊള്ളിയോ, പൊള്ളിച്ചതാമോ
വന്ന വഴിയോടൊരു പൊയ്ച്ചിരിനന്ദിയും
ചൊല്ലാതെ പാറിമറയുന്നു
പോയതെങ്ങോട്ടത് വിണ്ണിലേയ്ക്കോ വേറെ -
യേതന്യഗോളത്തിലേക്കോ?
അന്യലോകത്തിന്നിരുട്ട് ഗർഭം ധരി -
ച്ചുള്ളൊരു തീമൊട്ടിലേയ്ക്കോ?
ആ വിചാരത്തിനെ തൊട്ടും തൊടാതെയും
ഏതോ ചിറക് വീശുമ്പോൾ
ഉള്ളിലെ ദീപകം കാണാതെയാവുന്നു,
പിന്നിലായ് ജന്നലടയുന്നു
ചുറ്റും സുഗന്ധം കലർന്നൊരു വെണ്മയാ -
ണപ്പൊഴും പൂത്തു നിൽക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.