scorecardresearch
Latest News

റാണി പിങ്ക്‌

“ഇന്ദു പഴയ തുണിവെട്ടി കത്രികയുടെ മൂർച്ച നോക്കുന്ന ശബ്ദം. അമ്മയുടെ നെഞ്ച്‌ പിടയുന്നതുപോലെ. അവർ ഹാളിലിട്ട കസേരയിൽ ഇരുന്ന്, പത്രമെടുത്ത്‌ നിവർത്തി. വീണ്ടും കത്രികയുടെ ശബ്ദം. അവിടേക്ക്‌ നോക്കാതിരിക്കാൻ മനസ്‌ അനുവദിക്കുന്നില്ല.” മിഥുൻ കൃഷ്ണ എഴുതിയ കഥ

midhun krishna , story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“ഈ ചെറിയ കാര്യത്തിന്‌ ഇത്ര പ്രയാസപ്പെടുന്നതെന്തിനാ? നാട്ടിൽ ഒരുപാട്‌ സുഹൃത്തുക്കളില്ലേ…? കുറച്ചുപൈസ വീട്ടിൽ കൊടുക്കാൻ പറയണം. ഇന്നിപ്പോൾ 23ആയില്ലേ. ഒരാഴ്ച കൂടി കഴിഞ്ഞാൽ ശമ്പളം കിട്ടുമല്ലോ? അപ്പോൾ തിരികെ കൊടുക്കാമല്ലോ.” ഒരു സിപ്പുകൂടി ഇറക്കി കാപ്പിക്കപ്പ്‌ മേശപ്പുറത്തുവച്ച്‌ ആര്യ എഴുന്നേറ്റുനടന്നു.

അശോകിന്റെ കപ്പ്‌ അപ്പോഴും നിറഞ്ഞുതന്നെ. ക്യാഷ്‌ കൗണ്ടറിന്‌ പിന്നിലെ ചുമരിലെ ഘടികാരത്തിൽ അലാറം. ആറിത്തണുത്ത ചായ ഒറ്റവലിക്ക്‌ അകത്താക്കി അവൻ ധൃതിയിൽ കന്റീൻ വിട്ടു. നാട്ടിൽ ആരോടും ഇനി കടം വാങ്ങിക്കാനുണ്ടാവില്ല. കിട്ടുന്നിടത്തുനിന്നെല്ലാം വാങ്ങിയും ഉള്ളതു വിറ്റുപെറുക്കിയും സാലറിയിൽ മൂക്കാലും ലോണെടുത്തുമാണ്‌ പുതിയ വീട്‌ പണിതത്‌. ഒരു പനി വന്നാൽ പൊട്ടുന്ന കുടുംബ ബജറ്റിലാണ്‌ ഓട്ടം. കോഴിക്കോട്ടെ വീടും കൊച്ചിയിലെ ജോലിയും. ഒരാളുടെ ജോലി കൊണ്ട്‌ ഇപ്പഴത്തെ കാലത്ത്‌ ഒരു കുടുംബം എങ്ങനെ ജീവിക്കുമെന്നാ… അതിനിടയിലാണ്‌ സ്‌കൂളിലെ ഓണാഘോഷവും പട്ടുപാവാടയും.

തീപിടിച്ച തലയുമായി അശോക്‌ ഓഫീസിലെ കാബിനിൽ വന്നിരുന്നു. ടീം ടൈം കഴിഞ്ഞ്‌ ലേറ്റായെന്ന്‌ ധ്വനിപ്പിച്ച്‌ താടിക്കാരനായ മാനേജരുടെ നോട്ടം. ഓഫീസിൽ ഇനി ചോദിക്കാൻ അയാൾ മാത്രമേയുള്ളൂ. ചോദിച്ചാലും തരില്ല. കൊടുക്കൽ വാങ്ങലുകളല്ല ജീവിതം. വാങ്ങലുകൾ മാത്രമാണെന്നാണ്‌ ഇന്നു രാവിലെയും ടീം മീറ്റിങിൽ അയാൾ പറഞ്ഞത്‌. മാസാവസാനമല്ലേ എല്ലാവരും ഞെക്കിയും ഞെരുക്കിയുമാണ്‌ മുന്നോട്ടുപോകുന്നത്‌. രണ്ടുദിവസം മുൻപ്‌ നാട്ടിൽ പോകാൻ ആര്യ കടം തന്നതാണ്‌.

പട്ടുപാവാട വേണ്ടെന്ന്‌ മോളോട്‌ പറയുന്നതെങ്ങനെ? എല്ലാവരും പട്ടുപാവാടയും ധരിച്ചുവരുമ്പോൾ സന മാത്രമെങ്ങനെ? ഞാൻ ജീവിച്ചിരിക്കുമ്പോൾ അവൾക്കൊരു വിഷമം ഉണ്ടാകരുത്‌. ഈ വർഷം കൂടി കഴിഞ്ഞാൽ അവളുടെ സ്‌കൂൾ ജീവിതം കഴിയും. ശമ്പളം കിട്ടിയിട്ട്‌ ഓണക്കോടി വാങ്ങാനാ കരുതിയത്‌. സ്‌കൂളിൽ ഇത്ര നേരത്തെ ഓണപരിപാടി നടത്തുന്നത്‌ ആരറിഞ്ഞു. അശോക്‌ മൗസിന്റെ പിടിവിട്ടു.

“വാട്‌സാപ്പിൽ മെസേജ്‌ വീഴുന്ന ശബ്ദം. ആര്യയാണ്‌. അവൻ തലയുയർത്തി അവളുടെ ഹാഫ്‌ കാബിനിലേക്ക്‌ തലയിട്ടു. ആര്യ മെസെജ്‌ നോക്കാൻ കണ്ണുകൊണ്ട്‌ ആംഗ്യം കാട്ടി.

“വീട്ടിൽ ഭാര്യയുടെ പഴയ പട്ടുസാരി ഇരിപ്പുണ്ടാവില്ലേ. അതെടുത്ത്‌ മകൾക്കൊരു പാവാടയും ബ്ലൗസും തയ്‌ക്കാൻ പറ. അവൾക്ക്‌ ടൈലറിങ്‌ അറിയാന്നല്ലേ പറഞ്ഞത്‌.” മെസേജ്‌ വായിച്ച അശോകിന്റെ തല വീണ്ടും ആര്യയുടെ കാബിനിലേക്ക്‌ നീണ്ടു. അവൾ ജോലിത്തിരക്കിലാണ്‌.

ഇന്ദു സാരി ധരിക്കില്ല. കല്യാണത്തിന്‌ രജിസ്‌ട്രാർ ഓഫീസിൽ ചുരിദാറുമിട്ടാണ്‌ വന്നത്‌. അതാണത്രേ കംഫട്ടബിൾ. സാരി ധരിക്കാൻ പാടാണത്രേ. ചേച്ചിയുടെ സാരിയുടുത്ത്‌ ബന്ധുവിന്റെ കല്യാണത്തിന്‌ പോകാൻ തീരുമാനിച്ചന്ന്‌ രാവിലെ അഞ്ചരയ്‌ക്ക്‌ തുടങ്ങിയ സാരിയുടുപ്പ്‌ അവസാനിച്ചത്‌ ഒമ്പതിനാ. ഒരുങ്ങിക്കെട്ടി അവിടെയെത്തുമ്പോൾ കെട്ടുംസദ്യയും കഴിഞ്ഞിരുന്നു.

മാനേജർ തന്നെത്തന്നെ നോക്കുന്നുണ്ട്‌. സിസിടിവിക്കൊപ്പം മനസറിയുന്ന യന്ത്രവും ഇവിടെ ഘടിപ്പിച്ചുണ്ടാവോ? ഓഹരി കമ്പോളത്തിലെ ലാഭത്തിൽ മാത്രമാണ്‌ അയാൾക്ക്‌ കണ്ണ്‌.

ഇന്നലെ കനത്ത ഇടിവായിരുന്നു. സെൻസെക്സ് 431 പോയിന്റ് നഷ്ടത്തിൽ 19691ലും നിഫ്റ്റി 126പോയിന്റ് ഇടിഞ്ഞ് 5980ലുമെത്തിയാണ് സമാപിച്ചത്. ഇന്ന്‌ വ്യാപാരം തുടങ്ങിയതും നഷ്ടത്തിലാണ് അതിന്റെ ചൂടിലാണ്‌ അയാൾ. ഇത്‌ ചെറിയൊരു കമ്പനിയാണെന്ന വിചാരം അയാൾക്കില്ല.

midhun krishna , story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

അശോക്‌ സിസ്‌റ്റത്തിൽ തന്നെ ജാഗരൂകനായി. സാരി എവിടെ കിട്ടും. പെട്ടെന്ന്‌ സ്‌ക്രീനിലേക്ക്‌ കയറിവന്ന പോപ്പ്‌ വിൻഡോയിൽ അലമാരയുടെ പരസ്യം. അവന്‌ അമ്മയുടെ അലമാര ഓർമവന്നു. അതിൽ നിറയെ സാരികളുണ്ടല്ലോ? അക്കൂട്ടത്തിൽ പട്ടുസാരിയുണ്ടാകുമോ? പുതിയ വീട്ടിലേക്ക്‌ മാറുംമുൻപ്‌ അച്ഛന്റെ കാണാതായ ഡത്ത്‌ സർട്ടിഫിക്കറ്റ്‌ പരതാനായി അമ്മക്കൊപ്പം അലമാര തുറന്നിരുന്നു. അതിൽ പത്തുനാൽപ്പത്‌ വർഷത്തെ സാരികൾ അട്ടിവച്ചിട്ടുണ്ട്‌. പഴമയുടെ മങ്ങലും മണവുമുള്ള സാരികൾ. വെള്ളപ്പൊക്കക്കാര് വരുമ്പോൾ അവർക്ക്‌ കൊടുക്കാൻ പറഞ്ഞാൽ കേൾക്കില്ല.

“ആ സാരി അച്‌ഛൻ തൃശൂരിൽനിന്നും വരുമ്പോൾ കൊണ്ടുവന്നതാ, അത്‌ 91ലെ ഓണത്തിന്‌ ഗ്രാൻഡ്‌ ഹൗസീന്ന്‌ വാങ്ങിതാ. അതിന്റെ ബ്ലൗസ്‌ പിഞ്ഞിപ്പോയെടാ… എന്റെ മുപ്പത്തിരണ്ടാം പിറന്നാളിന്‌ വാങ്ങീതാ ആ ആകാശകളറ്‌ സാരി ” എന്നു തുടങ്ങി ഓരോ സാരിയുടെയും ചരിത്രവും വർത്തമാനവും അമ്മ പറയും. ഉടുക്കാറില്ലെങ്കിലും ഓർമകളുടെ നിധിയായി അമ്മ സൂക്ഷിക്കുന്നു. അച്ഛൻ മരിച്ചതിൽ പിന്നെ വെള്ളയിൽ പൂക്കളുള്ള സാരി മാത്രമേ ഉടുക്കാറുള്ളൂ. അലമാരയിലെ സാരിക്കിടയിൽ പട്ടുസാരി ഉണ്ടാകുമോ? അശോക്‌ തൂങ്ങിനിന്ന ഒരു മീശരോമം പിഴുതെടുത്തു.

അമ്മയെ വിളിച്ചുനോക്കിയാലോ? ഇപ്പോൾ വിളിച്ചിട്ട്‌ കാര്യമില്ല. തൊഴിലുറപ്പിന്‌ പോയിക്കാണും. അച്ഛൻ മരിച്ചതിൽപിന്നെ സ്വന്തം കാര്യങ്ങൾക്കുള്ള പണം തൊഴിലുറപ്പിനുപോയാണ്‌ അമ്മ സമ്പാദിക്കുന്നത്‌. പിന്നെ സർക്കാറിന്റെ വിധവാ ക്ഷേമപെൻഷനുമുണ്ട്‌. എന്റെ പ്രാരാബ്‌ധം കണ്ടിട്ടാവണം. ഇല്ലാക്കഥകളൊന്നും പറയാറില്ല.

ഒന്നരയായതോടെ അശോക്‌ ഫോണുമായി ഫ്രഷ്‌ റൂമിലേക്കോടി. രണ്ടാമത്തെ റിങിൽതന്നെ അമ്മയെ കിട്ടി. “പട്ടു സാരിയോ? എന്റെടുത്തോ? അതിപ്പോൾ നിനക്കെന്തിനാ?” അമ്മയുടെ ശബ്ദം ബാത്‌റൂമിൽ പ്രതിധ്വനിച്ചു. അശോക്‌ കാര്യം പറഞ്ഞു.

“രണ്ടെണ്ണം എന്റെടുത്തുണ്ട്‌. ഒന്ന്‌ 87ല്, നിനക്ക് മൂന്നു വയസുള്ളപ്പോൾ അച്‌ഛൻ വാങ്ങിതാ… തമിഴ്‌നാട്ടില ജലഘണ്‌ഠാപുരത്ത്‌ പട്ടുനൂൽകൃഷിക്ക്‌ പോയിവരുമ്പോൾ സുഹൃത്ത്‌ സൗണ്ടപ്പന്റെ ലൂമിൽനിന്ന്‌ വാങ്ങിയ സാരിയാണത്‌. അത്‌ പഴക്കംകൊണ്ട്‌ പൊടിഞ്ഞു തുടങ്ങി. രണ്ടാമത്തേത്‌ അച്‌ഛൻ അവസാനമായി വാങ്ങിതന്നതാ… ഒരു ബോർഡർ ലെസ്‌ റാണി പിങ്ക്‌ പട്ടുസാരി. അച്‌ഛൻ മരിക്കുന്നതിന്റെ മൂന്നുദിവസം മുൻപായിരുന്നല്ലോ ഓണം. അതിന്‌. അത്‌ ഞാൻ തരില്ല…” അമ്മയുടെ മറുപടിയുടെ കനത്തിൽ അശോക് ഒന്നു പതറി. ദേഷ്യത്തോടെ ഫോൺ കട്ടാക്കി. മോൾക്കാണെന്നു പറഞ്ഞിട്ടും അമ്മയാ പഴയ സാരി തന്നില്ലല്ലോ… അവൻ നിരാശയോടെ സീറ്റിലേക്ക്‌ നടന്നു. പിന്നീട്‌ അന്ന്‌ അമ്മയെ വിളിച്ചില്ല.

രാത്രി ഉറങ്ങാൻ കിടക്കാൻ നേരത്തുള്ള പതിവ്‌ വിളി ഇല്ലാതായപ്പോൾ അമ്മ അങ്ങോട്ടുവിളിച്ചു. അവൻ ഫോൺ കട്ടുചെയ്‌തു. അമ്മയ്‌ക്ക്‌ ഉറക്കം വന്നില്ല. ഇവനിത്‌ ഇങ്ങനെയാ… എന്റെ പ്രിയപ്പെട്ടതെല്ലാം പറിച്ചോണ്ട്‌ പോകും. ബാലേട്ടൻ മരിച്ചതിനുശേഷം അലമാരയുടെ മൂലയിലായിരുന്നു മൂപ്പരുടെ കാലൻകുട. നല്ലൊരു മഴക്കാലത്ത്‌ അതെടുത്ത്‌ എവിടെയോ കൊണ്ടിട്ടു. പിന്നെ മൂപ്പരുടെ കയ്യില്‌ പത്തുമുപ്പതു കൊല്ലം ഒട്ടികിടന്ന എച്ച്‌എംടി വാച്ചിലായി കണ്ണ്‌. അതുംകൊണ്ടുപോയി. ഇപ്പഴിതാ എന്റെ സാരിയിലായി. അമ്മയ്‌ക്ക്‌ ദേഷ്യംവരുന്നുണ്ട്‌.

ഇതിപ്പോൾ സനമോൾക്കാണെന്ന്‌ പറയുമ്പോൾ ഉള്ളിലൊരു പിടച്ചില്‌. ഒരുമാസത്തെ വ്യത്യാസത്തിനല്ലേ ബാലേട്ടൻ അവളെ കാണാതെ പോയത്‌. ഇന്ദുവിന്‌ അന്ന്‌ ഒമ്പതാം മാസം തുടങ്ങിയിരുന്നു. ഓണത്തിനു മൂന്നുദിവസം മുൻപ് ആ പട്ടുസാരി കൊണ്ടുവന്നതിന്റെ പിറ്റേന്ന് ഉമ്മറത്ത് മുറുക്കിയിരിക്കുമ്പോൾ ബാലേട്ടൻ “അത്‌ പെൺകുട്ട്യായിരിക്കും”ന്ന്‌ ഉറപ്പിച്ചു പറഞ്ഞു. അത്‌ ഇങ്ങക്ക്‌ എങ്ങനെ അറിയാന്ന്‌ ചോദിച്ചപ്പോൾ ആ മുഖം വിരിഞ്ഞിരുന്നു. മോൾക്ക്‌ സന എന്നു പേരു വിളിക്കണം എന്നും പറഞ്ഞു. ശുദ്ധം എന്നാണത്രേ അതിനർഥം. അമ്മ ദീർഘനിശ്വാസം വിട്ടു.

midhun krishna , story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

തുറക്കുമ്പോൾ ബാലേട്ടനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അലമാര. അമ്മ എഴുന്നേറ്റ്‌ അലമാര തുറന്നു. ബാലേട്ടൻ പെരാപെരാ ശബ്ദമുണ്ടാക്കുന്ന കവർ തുറന്ന്‌ സാരി പുറത്തേക്കെടുത്തു നിവർത്തി. അങ്ങിങ്ങായി മഞ്ഞനൂലിൽ തിലകക്കുറി പതിപ്പിച്ച റാണി പിങ്ക്‌ നിറത്തിലുള്ള പട്ടുസാരി. സാരിയെടുത്ത് ദേഹത്തുവച്ചപ്പോൾ തന്റെ കണ്ണുകൾ വിടർന്നു. നിനക്ക് നന്നായി ചേരുന്നുണ്ട്. ചുണ്ടിൽ എരിഞ്ഞ ബീഡിക്കുറ്റിയിൽനിന്ന് കനൽത്തരി പാറി സാരിയിൽ വീണത് ബാലേട്ടൻ വെപ്രാളത്തോടെ തട്ടിമാറ്റിയെങ്കിലും ഒരു ബീഡി വ്യാസത്തിൽ അതവിടെ വൃത്തം തുളച്ചു. അയാൾ അസ്വസ്ഥതയോടെ കട്ടിലിലേക്ക് ഇരുന്നു.

“അത് സാരോല്ല ബാലേട്ടാ… കിടക്കയിലാകാഞ്ഞത് ഭാഗ്യം. മുന്താണിയിലാ തുള വീണത്. കണ്ടില്ലേ തിലകകുറീന്റെ നടുക്കുള്ള കറുപ്പിൽ… ഭാഗ്യം.” താര ബാലേട്ടന്റെ കവിളിലൊരു ഉമ്മ കൊടുത്തു. “ഈ പ്രായത്തിലും നീയെത്ര സുന്ദരിയാ താരേ…” തന്നെ ചേർത്തുപിടിച്ച്‌ ബാലേട്ടൻ പറഞ്ഞ വാക്കുകളിലെ ചൂട്‌ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.

അമ്മ അലമാരയടച്ച് അതിൽ പതിപ്പിച്ച കണ്ണാടിയിലേക്ക് നോക്കി. നരകയറിയ നെറ്റിത്തടത്തിൽ പൊട്ടില്ലെന്ന് മാത്രം. കട്ടിലിരുന്ന് ബാലേട്ടൻ നോക്കുന്നുണ്ടോ? ഓർമകൾ പട്ടുനൂൽപുഴുപോലെ ഇഴഞ്ഞു. സാരിത്തലപ്പെടുത്ത് കണ്ണുരുട്ടിയ ഒരുതുള്ളിവട്ടം തുടച്ചു.

“അച്ഛമ്മേ ഇവിടെ ചായക്ക്‌ കൂട്ടലെന്താ… അമ്മ ഇന്നും ദോശയാ ഉണ്ടാക്കുന്നേ” പിറ്റേ ദിവസം രാവിലെ സന മോൾ പതിവുപോലെ തറവാട്ടിലെത്തി. “അച്ഛമ്മ എഴുന്നേറ്റില്ല… മോളെ… നിനക്കിന്ന് സ്കൂളില്ലേ…” അടുക്കളയിൽ പാപ്പനെ ജോലിക്കയക്കാനുള്ള തിരക്കിൽ പാപ്പി പുറത്തേക്ക്‌ എത്തിനോക്കി.

“പോകണം…” സന്ന തുള്ളിച്ചാടി അച്ഛമ്മയുടെ മുറിയുടെ പാതി തുറന്നിട്ട വാതിൽ തള്ളിതുറന്നു. റാണി പിങ്ക്‌ നിറത്തിലുള്ള സാരിയും ദേഹത്തിട്ട്‌ കണ്ണാടി നോക്കി നിശ്‌ചലയായ അച്ഛമ്മ. ഈ അച്ഛമ്മക്കിത്‌ എന്തുപറ്റി. ഇത്ര രാവിലെ എവിടേക്കാ… അവൾ ശങ്കിച്ചു. അവളെ കണ്ടതും അവർ സാരി മടക്കി കിടക്കയിലേക്കിട്ടു.

“മോൾക്കിന്ന്‌ സ്‌കൂളിൽ പോകണ്ടേ?” അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു. “അച്ഛമ്മയ്ക്കെന്താ പറ്റിയത്‌?’ അവൾ അടുത്തേക്ക്‌ ചെന്നു. “ഒന്നുമില്ല മോളെ.” അവർ മുടി ഒന്നുകൂടി ഒതുക്കിവെച്ചു. “മോള്‌ വാ…” അമ്മ അടുക്കളയിലേക്ക്‌ നടന്നു.

“അച്ഛമ്മേ സ്‌കൂളിൽ മറ്റന്നാൾ ഓണപരിപാടിയാ. സദ്യക്കുള്ള വിഭവങ്ങൾ ഒരോരുത്തരു കൊണ്ടുപോകണം. ഞാൻ കൊണ്ടുപോകേണ്ടത്‌ എരിശേരിയാ? അതെങ്ങനെയാ ഉണ്ടാക്കുക? അമ്മയ്‌ക്കറിയില്ലാന്ന്‌. അച്ഛമ്മയോട്‌ ചോദിക്കാൻ പറഞ്ഞു.” സന പിന്നാലെ കൂടി.

“ഉം.” അമ്മ ഒന്നുമൂളി. അച്ഛമ്മയുടെ മൂഡ്‌ ശരിയല്ല. സന പിന്നെ ഒന്നും മിണ്ടിയില്ല.

ഫോൺ ബെൽ കേട്ട് അശോക് ഞട്ടിയെഴുന്നേറ്റു. ഞായറാഴ്ച രാവിലെ ഫോൺ പതിവുള്ളതല്ല. സ്കൂളുള്ള ദിവസങ്ങളിൽ ഏഴരയ്ക്ക് മോള് സ്കൂളിൽ പോകാൻ ഒരുങ്ങിയുള്ള വീഡിയോ കോളാണ് പതിവ്. അവൻ ആധിയോടെ ഫോണെടുത്തു. “എനിക്ക് പട്ടുപാവാടയ്ക്കുള്ള തുണി കിട്ടിയച്ഛാ… ” സനയുടെ ഉത്സാഹം കേട്ടപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌. പൊടുന്നനെ ഫോൺ കട്ടായി. വീഡിയോ കോൾ. അവൾ റാണി പിങ്ക്‌ നിറത്തിലുള്ള സാരിയെടുത്ത്‌ ഉയർത്തി.

“ഇതെവിടുന്നാ?” അശോക്‌ ചോദിച്ചെങ്കിലും അവൾ അത്‌ കേൾക്കുന്നുണ്ടായില്ല. “നല്ല കളറാണച്ഛാ… എനിക്ക്‌ നന്നായി ചേരും. നൂലു വാങ്ങിയാൽ ഇന്നു തന്നെ തയ്‌ക്കാലോ… രണ്ടിനല്ലേ ഓണപരിപാടി?” സന പറഞ്ഞുകൊണ്ടിരുന്നു. അവൾക്ക്‌ പിന്നിലായി അമ്മയുടെ മുഖം. ഇടംകണ്ണിട്ട്‌ അമ്മ ഫോണിലേക്ക്‌ നോക്കുന്നുണ്ട്‌. അച്ഛമ്മയ്‌ക്ക്‌ ഫോൺ കൊടുക്കൂ എന്നു പറഞ്ഞപ്പോഴേക്കും സന ഫോൺ കട്ടാക്കി. അവൻ അമ്മയുടെ നമ്പറിലേക്ക്‌ വിളിച്ചു. മറുതലയ്‌ക്കൽ മറുപടിയില്ല. രണ്ടുമൂന്നു പ്രാവശ്യം കട്ടാക്കിയപ്പോൾ ഇന്ദുവിനെ വിളിച്ചു.

“അമ്മ പോയല്ലോ. തൊഴിലുറപ്പിന്‌ പോണംന്ന്‌ പറഞ്ഞ്‌ പെട്ടന്നിറങ്ങി.” അശോക്‌ നിരാശയോടെ കട്ടിലിൽ കല്ലിച്ചിരുന്നു.

midhun krishna , story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

വൈകിട്ട്‌ ഇന്ദു മിഷ്യനിൽ നൂലു കോർക്കുമ്പോഴാണ്‌ അമ്മ കയറി വന്നത്‌. മേശപ്പുറത്ത്‌വിരിച്ച സാരിയിൽ ചോക്ക്‌ കൊണ്ട്‌ അളവ്‌ മാർക്ക്‌ചെയ്‌തിരുന്നു. ചോക്കിന്റെ അരികിലൂടെ വിരലോടിച്ചിരുന്ന സന അച്‌ഛമ്മയെ കണ്ടതും ഓടി ഉമ്മറത്തെത്തി.

“എന്താ അച്ഛമ്മയ്‌ക്ക്‌ ഒരുഷാറില്ലാത്തത്‌.’ സന അവരുടെ കയ്യിൽപിടിച്ചു. “ഒന്നൂല്ല മോളേ… അതുവെറുതെ തോന്നുന്നതാ…”

അമ്മ പുറത്തേക്ക്‌ നോക്കി. “അല്ല… അച്ഛമ്മയ്‌ക്ക്‌ എന്തോ പറ്റി” സന അവരെ ചേർത്തുപിടിച്ചു. ഇന്ദു പഴയ തുണിവെട്ടി കത്രികയുടെ മൂർച്ച നോക്കുന്ന ശബ്ദം. അമ്മയുടെ നെഞ്ച്‌ പിടയുന്നതുപോലെ. അവർ ഹാളിലിട്ട കസേരയിൽ ഇരുന്ന്, പത്രമെടുത്ത്‌ നിവർത്തി. വീണ്ടും കത്രികയുടെ ശബ്ദം. അവിടേക്ക്‌ നോക്കാതിരിക്കാൻ മനസ്‌ അനുവദിക്കുന്നില്ല. സന തന്നെത്തന്നെയാണ്‌ നോക്കുന്നത്‌. അമ്മ മുഖത്ത്‌ ചിരിവരുത്താൻപാടുപെട്ടു. മുന്താണിയിലെ തുളയിൽനിന്ന്‌ ബാലേട്ടന്റെ ബീഡിമണം പരക്കുന്നുണ്ടോ?

ഇന്ദു ചോക്കുവരയിട്ട അളവിൽ കത്രിക പതിക്കാൻ തുടങ്ങിയപ്പോഴേക്കും സന തടഞ്ഞു. “എടീ, നീ എന്താ കളിക്കുന്നേ? നാളത്തെ പരീക്ഷയ്ക്ക് പഠിക്കണ്ടേ, പോ.” ഇന്ദുവിന്റെ ശബ്ദംകേട്ട്‌ അമ്മ മുറുക്കിയടച്ച കണ്ണുകൾ തുറന്നു.

“അതല്ല അമ്മേ, ഞാനാലോചിക്കുകയാ. ഈ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ സ്കൂളിലെന്തിനാ ഓണ പരിപാടിക്ക് പെൺകുട്ടികൾ പട്ടുപാവാടേം ബ്ലൗസും ഉടുക്കണത്. ഞാൻ ജീൻസും ബർത്ത് ഡേയ്ക്ക് വാങ്ങിതന്ന കറുപ്പ് ടീഷർട്ടും ധരിച്ചാ അന്ന്‌ പോകുന്നേ…” അവൾ കത്രികയിലെ പിടിത്തംവിട്ടില്ല. ഇന്ദു കത്രിക മേശപ്പുറത്ത് വച്ചു. സന മേശപ്പുറത്ത് നിവർത്തിവിരിച്ച സാരിയിലെ ചോക്കടയാളങ്ങൾ മായ്ക്കാൻ തുടങ്ങി.

“വേണ്ട മോളെ, ഞാൻ നിനക്ക് പട്ടുപാവാടേം ബ്ലൗസും തയ്ക്കാനാ അതുകൊണ്ടു വന്നേ. മോള് ഉടുത്ത് സ്കൂളിൽ പോണത് ഞാൻ സ്വപ്നം കണ്ടു.” അച്ഛമ്മ കസേരയിൽനിന്ന് എഴുന്നേറ്റു. “അതു സ്വപ്നത്തിലല്ലേ… അച്ഛമ്മയിങ്ങ്‌ വന്നേ…”

സനമോൾ മേശപ്പുറത്തുനിന്നും സാരി വലിച്ചെടുത്ത് അച്ഛമ്മയുടെ കൈ പിടിച്ച് ബെഡ് റൂമിലേക്ക് കയറി. ഇന്ദുവിന് മുന്നിൽ മുറിയുടെ വാതിലടഞ്ഞു. “നീ എന്തു കളിക്കാ മോളെ. ഞാൻ കുളിച്ചിട്ടില്ലാന്ന്. അകത്തുനിന്നും ശബ്ദം. “നന്നായി ഞൊറിയ്.” സാരിയുടെ മുന്താണി ഞൊറിഞ്ഞെടുത്ത് അടിപ്പാവാടയ്ക്കുള്ളിൽ തിരുകി വയ്ക്കുമ്പോൾ അച്ഛമ്മയ്ക്ക് ഇക്കിളിയായി.

“ഇപ്പോ എന്തു ഭംഗിയാ. ആ വട്ടപൊട്ടും കുത്തിക്കേ.” അകത്തുനിന്നുള്ള ചിരിയും കളിയും. ഇന്ദു കത്രികയെടുത്ത് മേശവലിപ്പിലേക്ക് വച്ചു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Midhun krishna short story rani pink

Best of Express