/indian-express-malayalam/media/media_files/uploads/2018/11/sutharya-01-1.jpg)
മീൻകണ്ണ്
ദുർഘടമായ വഴി
വരച്ചു വെച്ച
ചെവി,
കാറ്റടിച്ചാൽ മാത്രം
മുഖം തൊടുന്ന
മുടി
നിറം മങ്ങിയ
വെള്ളാരം കല്ലു പോലെ
ഉലഞ്ഞ മുലഞ്ഞെട്ട്.
അടിവയർ മടക്കിൽ
ആലസ്യം പതഞ്ഞ് തുടങ്ങുന്നു.
രോമകൂപങ്ങളിൽ
ഏതു നേരവും തുടങ്ങാവുന്ന
വിയർപ്പിന്റെ
ഫ്ലാഷ് മോബ്.
പെട്ടുപോയാൽ
തിരിച്ചുവരവില്ലാത്ത പൊക്കിൾ ചുഴി
വസന്തം വരുമെന്ന തോന്നലിൽ
തുറിച്ചു നോക്കി.
വീട്ടുമുറ്റത്തെ കടപ്പുറത്ത് കിടന്ന്
അസ്തമയ സൂര്യൻ
കക്ഷത്തിലേക്ക് ഇറങ്ങി പോകുന്നത് നോക്കിനിൽക്കെ
നിന്റെ മുലകൾക്കിടയിൽ ഞാൻ വരച്ചൊരു മീൻ ഉണ്ടായിരുന്നല്ലോ?
ഏതു നിമിഷവും
ഉൾകടലിലേക്ക് ഊളിയിട്ടിറങ്ങാൻ
വെമ്പലുകൂട്ടികൊണ്ടിരിക്കുന്നത്..
അതെവിടെപ്പോയി?
തുടകൾക്കിടയിലെ
കാക്കപ്പുള്ളികളിൽ വരെ തിരഞ്ഞിട്ടും,
നേർത്ത വിരലുകളിൽ പറ്റിയിരിപ്പുണ്ടോയെന്ന്
എന്റെ വിരൽ കോർത്ത് നോക്കിയിട്ടും,
നിന്റെ നാവിനടിയിൽ എന്റെ നാവ്
നങ്കൂരമിട്ടപ്പോഴും
മീനടയാളങ്ങൾ ഒന്നും
കണ്ടതേയില്ല.
ഉടൽപെടപ്പിലെപ്പോഴോ
നിന്റെ മുഖത്തേക്ക്
എന്റെ കാഴ്ച്ചയുടെ പ്രതലം നീണ്ടു.
പൊടുന്നനെ നിന്റെ കണ്ണിൽ നിന്നൊരു
പൊന്മാൻ
ചിറകടിച്ചുയർന്നതു കണ്ടു.
അതിന്റെ തൂവലിൽ
ഒരു മീൻകണ്ണ്
പറ്റിപ്പിടിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.