ദേഹത്ത് ഒട്ടിക്കിടക്കുന്ന നീന്തൽ വസ്ത്രം പോലെ ഒരാവരണം ശരീരത്തിൽ പൊതിഞ്ഞു തുടങ്ങി. എല്ലാ ബോധങ്ങളിൽ നിന്നും വിമുക്തനാകുന്നത് പോലെ… ആദ്യമായി അയാളോട് വല്ലാത്ത സ്നേഹം തോന്നി, ചെയ്ത്താൻ മത്തായിയോട്…

‘അതുങ്ങളെ ചെയ്ത്താൻ കൊണ്ടുപോയിക്കാണും,’ പത്രത്തിലേയ്ക്ക് തലയിട്ടുകൊണ്ട്, ലോഡ്ജിൽ ഒരുമിച്ചുതാമസിക്കുന്ന തോമാച്ചന്റെ ആത്മഗതം കേട്ടുകൊണ്ടാണ് മുറിയിലേയ്ക്ക് കയറിയത്, പ്രതികരിച്ചില്ല. ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് മനസ്സിലാകാഞ്ഞിട്ടല്ല. പുഴയിലോ ഡാമിലോ കുളിക്കാനിറങ്ങി കാണാതാകുന്നവരെക്കുറിച്ചുള്ള വാർത്തകൾ വരുമ്പോൾ അവനെപ്പോഴും പറയാറുള്ളതാണിത്.

‘ഡാമിന്റെയടുത്തെങ്ങാണ്ടല്ലേ നിന്റെ വീടെന്ന് പറഞ്ഞത്, എന്നിട്ടും മത്തായിയെ അറിയത്തില്ലേ? ചെയ്ത്താൻ മത്തായിയെ?’

‘അല്ലടാ, നിനക്കയാളെ ശരിക്കും അറിയത്തില്ലേ? എന്റെയൊക്കെ ചെറുപ്പത്തിൽ, പൊഴേലുമുങ്ങിച്ചത്തവരെയൊക്കെ എടുക്കാൻ വരണത് ഇങ്ങോരാരുന്നു. എന്നാ ഒരു രൂപമാ. ചോറുണ്ണാനൊക്കെ മടി കാണിക്കു മ്പോ തള്ള ഇങ്ങോരുടെ കാര്യം പറഞ്ഞാരുന്ന് പേടിപ്പിക്കുന്നത്. മത്തായി ശരിക്കുമൊരു വെള്ളത്തിലാശാനായിരുന്നു. ഉളുമ്പുമണമുള്ള, ആറടിയിലധികം ഉയരവും മുട്ടിനുതാഴെവരെ എത്തുന്ന പങ്കായം പോലുള്ള കൈകളും, വലിയ കാൽപ്പാദങ്ങളുമുള്ള, സാധാരണ ആളുകളേ ക്കാളധികം നേരം വെള്ളത്തിൽ നീന്താനും, മുങ്ങിക്കിടക്കാനും കഴിയുന്ന ജലജീവി. കരയ്ക്കടിയാത്ത ശവങ്ങൾക്ക് ശാപമോക്ഷം കൊടുക്കുന്ന ജലദൈവം!!!’

ഒരു മൂളലിൽ മറുപടിയൊതുക്കിയത് ഇഷ്ടപ്പെടാതെ തോമാച്ചൻ തല പത്രത്തിലേയ്ക്കുതന്നെ കമിഴ്ത്തി.

മത്തായിക്കുഞ്ഞേ, മത്തായിക്കുഞ്ഞേ… ആളുകൾ നീട്ടിവിളിച്ചു കളിയാക്കുന്നു. കേൾക്കാത്തതുപോലെ പുഴയുടെ ആഴങ്ങളിലേയ്ക്ക് നോക്കി ഒറ്റയ്ക്ക് നിൽക്കുന്ന ഒരു ഏഴുവയസ്സുകാരൻ.

ആനവാൽ പോലുള്ള രോമങ്ങൾ നിറഞ്ഞ കൈകാലുകൾ നീട്ടിനീട്ടി മത്തായി വെള്ളത്തിൽ ആഞ്ഞുതുഴഞ്ഞു.മുങ്ങാം കുഴിയിട്ടു കാണാതായി, ഇടയ്ക്കിടെ മാത്രം ഉപരിതലത്തിൽ വന്നു ശ്വാസമെടുത്തു. അയാളും കേൾക്കുന്നുണ്ടാവും മത്തായിക്കുഞ്ഞേയെന്നുള്ള വിളികൾ. ഉണ്ടായിരിക്കണം, വെള്ളത്തിൽ മുങ്ങി മുങ്ങി അയാളുടെ ഒരു ചെവി അടഞ്ഞുപോയിയെന്നാണ് പറയുന്നത്. ആ ചെവിയിലൂടെ ചലമൊഴുകി ക്കൊണ്ടേയിരിക്കും. ചലത്തിന് തടയണ കെട്ടും പോലെ ഒരുകുന്ന് പഞ്ഞി ചെവിയിൽ തിരുകിയിട്ടാണയാൾ വെള്ളത്തിൽ ചാടുന്നത്. എങ്കിലും മത്തായിക്കുഞ്ഞേയെന്ന വിളി അയാളും കേൾക്കുന്നുണ്ടാവും. അതായിരിക്കും മുകളിൽ തലപൊക്കി ഞാൻ നിൽക്കുന്നിടത്തേയ്ക്കുമാത്രം നോക്കുമ്പോൾ മുഖത്തുണ്ടാകുന്ന അളിഞ്ഞ ചിരി. junaith abubacker ,story, malayalam writer

ഡാമിന്റെ പണി നടക്കുന്ന സമയം മുതൽ മത്തായി അവിടെത്തന്നെയാണ്. അതിനുമുൻപും അല്ലറചില്ലറ പണികളുമായി അവിടെത്തന്നെയായിരുന്നു. എഞ്ചിനീയർമാരേയും പണിക്കാരേയും പുഴയുടെ അക്കരേയും ഇക്കരേയും കൊണ്ടുവരാനുള്ള തോണിക്കോണ്ട്രാക്റ്റ് മത്തായിക്ക് കിട്ടിയതോടെ മുഴുവൻ സമയവും കാട്ടിൽത്തന്നെയായി പൊറുതി. പുഴയുടെ കുറുകെ വടം വലിച്ചുകെട്ടി, അതിൽ പിടിച്ചാണ് ഒഴുക്കുള്ള പുഴയുടെ അക്കരെയിക്കരെ ജോലിക്കാരെ എത്തിച്ചിരുന്നത്. കടത്ത് കഴിഞ്ഞാൽ പിന്നെ മദ്യപാനവും ചീട്ടുകളിയും മാത്രം. പോകപ്പോകെ വടത്തിൽപ്പിടിച്ച് പണിക്കാർ തന്നെ അക്കരെയിക്കരെ പോകാൻ തുടങ്ങി, മത്തായി ഉറക്കെ കൂവി അടയാളം കൊടുക്കും, അവർ കയർ പിടിച്ചുവരും, പോകും. അതു തരമായപ്പോൾ മത്തായി തോണിതുഴയാൻ എടുക്കുന്ന സമയം കൂടി ചീട്ടുകളിക്കാനും കള്ളുകുടിയ്ക്കാനും മാറ്റിവച്ചു. മലവെള്ളം ഊക്കോടെവന്ന് അന്നു തോണിയിലുണ്ടായിരുന്ന എല്ലാവരേയും കൊണ്ടുപോയതുവരെ മത്തായി കുടിച്ചു.. ആരേയും കിട്ടിയില്ല, മത്തായി തിരഞ്ഞിട്ടും കിട്ടിയില്ല, പോയി.

കുറേക്കാലം കേസും മറ്റുമായി മത്തായി ഒളിവിലായി. കാട്ടിൽത്തന്നെ. പോയവർക്കുപോയി. ഒളിച്ചുകഴിയുന്ന സമയത്തും മത്തായി വീട്ടിൽ വരും. ആ ദിവസം മാത്രം അമ്മ മീൻ കറി വയ്ക്കും. നല്ല എരിവായിരുന്നു ആ കറികൾക്കെല്ലാം. അമ്മ അയാൾക്ക് ചോറും കറിയും വിളമ്പിക്കൊടുക്കും. എന്നിട്ട്, വലിയ കൈകൾകൊണ്ട് ഉരുട്ടിയുരുട്ടി ചോറുവിഴുങ്ങുന്ന, മത്തായിയെ ഭക്തിയോടെ നോക്കിനിൽക്കും. കൊടുവാൾ മീശയുടെ അറ്റത്തും, ഉമിക്കരിപോലെ കറുകറുത്ത കുറ്റിത്താടിയിലും കറിയുടെ മഞ്ഞ പറ്റിയിരിക്കുന്നത് അറപ്പോടെ നോക്കുമ്പോൾ പുറത്തുപോയി കളിക്കെടാന്ന് അമ്മ പറയും.. ‘ഇവന്റെ പേരെന്നാ?’ വലിയ, ഇരുണ്ട ഗുഹയിൽ നിന്നും അയാളുടെ ഒച്ച പൊന്തി. ചെവി കേൾക്കാത്തവന്റെ ശബ്ദം!!

ഇവന്റെ പേരെന്നാ… ഇവന്റെ പേരെന്നാ…??
മത്തായിക്കുഞ്ഞ്, മത്തായിക്കുഞ്ഞ്… നാട്ടുകാർ ഒന്നടങ്കം അലറി…
ഭൂതങ്ങൾ കൊണ്ടിട്ട കല്ലുകളിൽതട്ടി ആ ശബ്ദം പിന്നെയും മുഴങ്ങി…
മത്തായിക്കുഞ്ഞ്… മത്തായിക്കുഞ്ഞ്… അയാൾ രസിച്ചുരസിച്ച് തലയാട്ടി..

‘നീയും വാ.. നിന്നെ നീന്താൻ പഠിപ്പിക്കാം.. വെള്ളത്തിൽ മുങ്ങിക്കിടക്കാൻ പഠിപ്പിക്കാം.. എടാ വാടാ…’

‘ചെല്ലെടാ..’ അമ്മയ്ക്ക് അയാൾ പറയുന്നത് മാത്രമാണ് കാര്യം..

കയ്യിൽപ്പിടിക്കാൻ അയാളൊരുങ്ങും മുൻപ് ഓടി പുറത്തുകടന്നു.

‘പോടാ ചെയ്ത്താനേ.. പോടാ..’ ഉറക്കെയുറക്കെപ്പറഞ്ഞു.. ആരും കേൾക്കാതെ..മനസ്സിൽ.

തോണിമറിഞ്ഞ് ചത്തവരെ വീട്ടുകാരടക്കം എല്ലാവരും മറന്നു. മത്തായി നാട്ടിൽ വീണ്ടും പതിവുകാരനായി. പുഴയിലും ഡാമിലും പിന്നെയും ആളുകളെക്കാണാതായി. ചിലരെ പുഴതന്നെ തിരിച്ചുകൊടുത്തു. ചിലരെ കൊടുക്കാതെ സ്വന്തമാക്കിവച്ചു. കിട്ടാത്തവരെ കിട്ടാൻ നാട്ടുകാർ പൊലീസിനെ വിളിച്ചു. ഫയർ ഫോഴ്സിനെ വിളിച്ചു. അവർ ചെയ്ത്താൻ അവിടെയില്ലേയെന്നു ചോദിച്ചു. നാട്ടുകാർ മത്തായിയെ വിളിച്ചു, അയാൾ കാര്യമാക്കിയില്ല, പൊലീസുകാർ വിളിച്ചു, പണി അറിയാവുന്ന, ബാക്കിയായ ഒറ്റപ്പണിക്കാരനെപ്പോലെ മത്തായി പുല്ലുവിലകൊടുത്ത് പൊലീസുകാരെ അവഗണിച്ചു.. അവർ റമ്മിന്റെ കുപ്പിയുമായി സ്നേഹത്തോടെ വീണ്ടും വിളിച്ചു. മത്തായി പുച്ഛത്തോടെ ഒറ്റവലിക്ക് മദ്യം അകത്താക്കി ശവം പിടിക്കാനിറങ്ങി.     junaith abubacker ,story, malayalam writer

അയാൾക്കറിയാം എവിടെ തിരയണമെന്ന്. അണക്കെട്ടിന്റെ അടിയിലെ വിടെയോ അയാളുടെ വീടുണ്ട്. അവിടെ അയാൾക്കിഷ്ടമുള്ളതെല്ലാം ഒതുക്കിവച്ചിട്ടുണ്ടാവും. അതിന്റെ മുറ്റത്ത് ഒരിക്കൽ അയാൾ കളിച്ചിട്ടു ണ്ടാവും. അയാളെ ആരെങ്കിലും മത്തായിക്കുഞ്ഞേയെന്ന് വിളിച്ചിട്ടുണ്ടാ കുമോ? അണക്കെട്ടിന്റെ പണി നടക്കുന്ന സമയത്ത് മുറിച്ചിട്ട കൂറ്റൻ തടികൾ അയാൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തതായി കേട്ടിട്ടുണ്ട്. വള്ളം കമഴ്ത്തിയിട്ട് വടം ചുറ്റി താഴേയ്ക്കുകൊണ്ടുപോയി തടികളിൽ കെട്ടി, മുകളിൽ വന്ന് വള്ളം നേരേയാക്കുമ്പോൾ തടികൾ ജലനിദ്ര ഒഴിവാക്കി പതിയെ അനങ്ങിത്തുടങ്ങും, പിന്നെ കയറുചുറ്റിച്ചുറ്റി അവയെ മുകളിലേക്കെത്തിച്ച് എത്രപേർക്ക് കടത്തി കൊടുത്തിട്ടുണ്ടാവും. അയാളുടെ മുറ്റത്തുനിന്ന, ചുറ്റിലും നിന്ന മരങ്ങൾ! അവിടെ ബാക്കിയായ വലിയ മരങ്ങളുടെ ഇറുക്കിപ്പിടിക്കുന്ന കൊമ്പുകളിൽ തങ്ങിനിൽക്കുന്ന അഴുകിയ ശവങ്ങളെ റമ്മിന്റെ ബലത്തിൽ അയാൾ വെളിയിലെത്തിച്ചു, വെള്ളത്തിൽ നിന്നും ഭൂമിയിലേക്കു മടക്കി അയച്ചു. ശവം തിന്നു മുറ്റിയ കൂറ്റൻ മീനുകളെക്കുറിച്ചുപറഞ്ഞ് വലവീശുകാരെ പ്രലോഭിപ്പിച്ചു. അനാക്കൊണ്ടയെക്കാളും വലിയ പാമ്പുകളെക്കുറിച്ചുപറഞ്ഞ് നീന്താൻ വരുന്ന പിള്ളാരെ പേടിപ്പിച്ചു. കാലങ്ങളോളം അടിത്തട്ടിൽ വെളുത്ത പ്രതിമകണക്കെ സമാധിയായിരിക്കുന്ന അജ്ഞാതശവങ്ങളുടെ വിശദമായ വിവരണങ്ങൾ നൽകി കുടിയന്മാരുടെയിടയിലെ കഥാകാരനായി. ഒരുനാൾ എവിടെയോ കാണാതായി. കയത്തിലോ, ഡാമിലോ? ആർക്കറിയാം. പുഴ കൊണ്ടുപോയി തിരിച്ചുതരാത്ത ഏതോ ഒരു ശവം പോലെ ചെയ്ത്താൻ മത്തായി പോയി. കൂടെ മത്തായിക്കുഞ്ഞും.. ആരെയെങ്കിലും പുഴയിലോ ഡാമിലോ കാണാതാകുമ്പോൾ മാത്രം ഓർക്കുന്ന ഒരു പേരായി അയാൾ മാറി. അണക്കെട്ടിൽ ആണ്ടുപോയ തുരുമ്പിച്ച ആ ഓർമ്മകളാണ് തോമാച്ചൻ ചുരണ്ടിപ്പുറത്തിട്ടത്.

മത്തായിക്കുഞ്ഞേ, മത്തായിക്കുഞ്ഞേ…

അസഹ്യമായിത്തുടങ്ങിയിരിക്കുന്നു… എന്നോ മറന്നുപോയ ഒരു കുറ്റപ്പേര് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉയർന്നുകേൾക്കുന്നു. ഒരിക്കൽ കുഴിച്ചുമൂടപ്പെട്ടതെല്ലാം ഉയിർത്തെഴുന്നേറ്റുവരുന്നു. ശവം കൊണ്ട് കരയ്ക്കുവരുന്ന ചെയ്ത്താൻ മത്തായിയെപ്പോലെ അവ ഉയിർക്കുന്നു. മത്തായിക്കുഞ്ഞേ…മത്തായിക്കുഞ്ഞേ… ഇനി ഒളിച്ചോടാൻ വയ്യ. അയാളെക്കാണണം. അല്ല, അയാൾ മുങ്ങിപ്പോയെന്നു പറയപ്പെടുന്ന ഭൂതപ്പാറകൾ നിറഞ്ഞ കയത്തിനടുത്തുചെന്നെങ്കിലും അയാളോട് ചോദിക്കണം. എന്തിന് ഈ കുറ്റപ്പേരുമായി പുറകെ കൂടിയതെന്ന്? ഒരു നല്ല പേരുതന്ന് കൂടെ കൂട്ടാഞ്ഞതെന്തെന്ന് ചോദിക്കണം. ചോദിക്കണം.. ഇടതടവില്ലാതെ ഉയർന്ന ശബ്ദങ്ങൾ നിലച്ചു. ഇടയ്ക്കിടെ മാത്രം പോകുന്ന രാത്രിവണ്ടികൾ പോലും മത്തായിക്കുഞ്ഞേ. മത്തായിക്കുഞ്ഞേയെന്ന് വിളിക്കുന്നു. ശരീരത്തിലെ ഓരോ പരമാണുവിലും ആ പേര് തോണ്ടിവിളിക്കുന്നു. ഇതിനൊരു അവസാനം വേണം. രാത്രിയെ ഇരുട്ടിന്റെ പരൽ കട്ടിയിൽ പൊതിഞ്ഞുതുടങ്ങിയപ്പോൾ ഇറങ്ങിനടന്നു.

നാലും കൂടിയ കവലയിൽ നിന്നും അഞ്ചാറ് കിലോമീറ്റർ നടന്നു കഴിഞ്ഞപ്പോൾ കാട് കാണാൻ തുടങ്ങി. ആളുകളെ ഭയന്ന് പുറകോട്ടുപോയ മരങ്ങൾ നിലാവിൽ ഉറങ്ങുന്നു. ആരോ തോലുരിച്ചു ചോരപൊടിയിച്ച് രസിച്ച ചോരക്കാലി മരങ്ങൾക്കിടയിലൂടെ നടന്നു. വംശമറ്റില്ലയെന്ന് തെളിയിക്കാൻ മാത്രമായിട്ട് ഇടയ്ക്കിടെ മുഴങ്ങുന്ന രാത്രിജീവികളുടെ ശബ്ദം നേർത്തുനേർത്ത് കേൾക്കുന്നു. ഇത്രയും കാലംകൊണ്ട് അണക്കെട്ടും പരിസരവും ആൾക്കാർക്ക് കാഴ്ച്ചസ്ഥലങ്ങളായി മാറിയിരിക്കുന്നു. കാഴ്ച്ചബംഗ്ലാവുപോലെ കാടും പണം കൊടുത്തു കാണേണ്ടിവരുന്ന കാലം ഉടനെത്തും.

അണക്കെട്ടിലേയ്ക്ക് പോകും വഴിയിൽ നിർമ്മിച്ചിരിക്കുന്ന പാർക്കിൽ ഭൂതത്തിന്റെ കൽരൂപം. അല്ല, മത്തായിയുടെ രൂപം. പുഴയിലേക്കെറിയാൻ പൊക്കിപ്പിടിച്ചിരിക്കുന്ന വലിയ കല്ലുമേന്തി അതുറക്കെ വിളിക്കുന്നു മത്തായിക്കുഞ്ഞേ…മത്തായിക്കുഞ്ഞേ… നിലാവ് നനഞ്ഞ കല്ലെടുത്ത് അയാളുടെ മുഖത്തേക്കെറിഞ്ഞു. ഭൂതം ഒഴിഞ്ഞുപോകുന്നതുപോലെ ശബ്ദം അപ്രത്യക്ഷമായി. കല്ല് വീഴുന്ന ഒച്ചമാത്രം മുഴങ്ങി. എങ്ങും കല്ലുകൾ, അതിലെല്ലാം അയാൾ, മത്തായിക്കുഞ്ഞേയെന്ന് വീണ്ടും വിളിക്കുന്നതിനു മുൻപ് ‘മത്തായിയമ്പല’ത്തിലേയ്ക്ക് ഓടി. അവിടെ ഒഴിഞ്ഞ ബിയറിന്റേയും മദ്യത്തിന്റേയും കുപ്പികൾ കൂട്ടം കൂടിക്കിടക്കുന്നു. വി.ജെ ജയിംസിന്റെ നോവൽ ‘നിരീശ്വരൻ‘ വായിച്ച ഏതോ കോളേജ് പിള്ളാർ ഡാമിന്റെ അരികിൽ വലിയ കല്ലുനാട്ടി മത്തായി പ്രതിഷ്ഠ വച്ചതാണ്! നീന്താൻ ഇറങ്ങുന്നവർ അവിടെ മദ്യക്കുപ്പികൾ നേദിച്ചു. കുറഞ്ഞകാലം കൊണ്ട് അത് മത്തായി അമ്പലമായി മാറി. കുളികഴിഞ്ഞുവന്ന അവർ തന്നെ നിവേദ്യം കുടിച്ചുതീർത്തു. അണക്കെട്ട് പുണ്യാളനായി മത്തായി നാൾക്കുനാൾ വളർന്നു. പുണ്യാളനായ ചെയ്ത്താൻ മത്തായിയോടുള്ള ദേഷ്യം ആ തണുപ്പിലും വിയർപ്പിച്ചു. മത്തായീ… എടാ മത്തായി ഇറങ്ങിവാടാ… പൊട്ടൻ മത്തായി കേൾക്കാനായി അലറിവിളിച്ചു..

അണക്കെട്ടിൽ തടവിലാക്കപ്പെട്ട വെള്ളം ശബ്ദം കേട്ട് അനങ്ങി, വേദനയോടെ ഒന്നുകൂടി ഞരങ്ങി. ‘മത്തായീ…എടാ ചെയ്ത്താനേ…’ വീണ്ടും അലറി. അണക്കെട്ടിൽ ഒരു ഹുങ്കാരമുയർന്നു. ഒരിക്കലും തുറക്കാത്ത പതിമൂന്നാം നമ്പർ ഷട്ടറിന്റെ മുകളിൽ നിഴലുപോലെ മത്തായി നിൽക്കുന്നു! മത്തായിക്കുഞ്ഞേ… മത്തായിക്കുഞ്ഞേ.. അയാൾ വിളിക്കുന്നു… മത്തായിയമ്പലത്തിൽ നിന്നും ഒഴിഞ്ഞ ബിയർക്കുപ്പി പ്രതിഷ്ഠയിൽ ഉടച്ചുകൊണ്ട് അങ്ങോട്ടോടി. ഇന്ന് അവസാനമാണ്.. മത്തായിയും, മത്തായിക്കുഞ്ഞും ഇനി വേണ്ടാ.junaith abubacker ,story, malayalam writer

നിലാവിൽ പൂർണ്ണ നഗ്നനായി മത്തായി. വലിയ ആഫ്രിക്കൻ മുഷുവിന്റെ തൊലിപോലെ മിനുസമായ ഉടൽ നീലനിറത്തിൽ തിളങ്ങുന്നു. ഭീരു! അയാൾക്കും ഇങ്ങനെ വിളിക്കാനേ അറിയൂ. പൊട്ടിച്ച ബിയർക്കുപ്പി യുമായി അയാളുടെ അടുത്തേക്കോടി. അടുത്തെത്തും തോറും അയാളുടെ ഉയരം വർദ്ധിച്ചുവന്നു. ആനവാൽ രോമങ്ങളൊക്കെ പൊഴിഞ്ഞ മിനുസമായ തൊലിയുള്ള ഭീമൻ മീൻ കണക്കെ മത്തായി. ഭീഷണിയോടെ പിരിച്ചുവച്ചിരുന്ന കൊമ്പൻ മീശയ്ക്കുപകരം മാംസനൂൽ പോലുള്ള മീൻ മീശ ഞാന്നുകിടക്കുന്നു. അതിൽ നിന്നും ഇറ്റുവീഴുന്ന വെള്ളം. ശ്വസിക്കുമ്പോൾ ചെവികളുടെ പുറകിൽ ചെകിളകളുടെ കലമ്പൽ. മദ്യപിച്ചും, നീന്തിയും പഴുത്തുപാകമായ ചുവന്ന കണ്ണുകൾക്കു പകരം പാടമൂടിയ വലിയ മഞ്ഞക്കണ്ണുകൾ. മത്തായിക്കുഞ്ഞേ അത് വീണ്ടും വിളിക്കുന്നു. വെള്ളത്തിന്നടിയിൽ നിന്നും കേൾക്കുന്നത് പോലെ അതിന്റെ ശബ്ദം. അറപ്പ് തോന്നി. ബിയർക്കുപ്പി അതിന്റെ വയറ്റിലേക്ക് ആഞ്ഞുകുത്തി. ആ ജീവിയൊന്നു കുനിഞ്ഞു. ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്തപോലൊരു മുരൾച്ച. ഒന്നുകൂടി കുനിഞ്ഞ് അത് നിവർന്നപ്പോൾ കുപ്പി പുറത്തേക്കു തെറിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ അവൻ ഒന്നുകൂടി ഞെളിഞ്ഞുനിവർന്നു.

എന്താണെന്ന് മനസ്സിലാകും മുൻപ് ശ്വാസം കിട്ടാതെ പിടഞ്ഞു. ചെറിയ ചെറിയ കുമിളകൾ ശ്വാസകോശത്തിൽ പൊട്ടിയമരുന്നു. മത്തായി പതിമൂന്നാം നമ്പർ ഷട്ടറിൽ നിന്നും അണക്കെട്ടിലേക്ക് ചാടിയിരിക്കുന്നു. നിമിഷങ്ങൾക്കകം പുഴയിൽ ആരും നീന്താൻ മടിക്കുന്ന കയത്തിൽ എത്തിയതുപോലെ വെള്ളത്തിന്റെ ചുഴലി. അയാളുടെ നീണ്ട കൂർത്ത നഖങ്ങളുള്ള കൈപ്പത്തിക്കുള്ളിൽ കഴുത്ത് കുടുങ്ങിയിരിക്കുകയാണ്. അനങ്ങാനാവുന്നില്ല. ഇരുട്ടിന്റെ വലിയ കുഴൽ, വെള്ളത്തിന്റെ വലയം, ഒന്നുമൊന്നും കാണാതെ മത്തായിയുടെ കൂടെ അണക്കെട്ടിന്റെ, അതോ പുഴയുടേയോ, അടിയിലോട്ടു പോയിക്കൊണ്ടേയിരിക്കുന്നു. പൊടിഞ്ഞു നിൽക്കുന്നൊരു വീടിന്റെ അസ്ഥികൂടത്തിൽ വന്നുനിന്നതോടെ നിലാവ് നിറയുന്നു, ചുറ്റും പ്രകാശം. അണക്കെട്ടിന്റെ അടിയിൽ തന്നെയാണ്.. ഉള്ളിൽ പൊട്ടിച്ചിതറുന്ന വായുവിന്റെ കുമിളകൾ. ശ്വാസം. ജലജീവിയായി രിക്കുന്നു! ചുറ്റും നിറഞ്ഞുനിൽക്കുന്ന കാട്, വനം മുഴുവൻ അണക്കെട്ടി ലുമുണ്ട്. നിർമ്മാണസമയത്ത് മുറിച്ചിട്ട, പൊടിഞ്ഞുതുടങ്ങിയ, ഭീമൻ മരത്തടികൾ, നീന്തിനടക്കുന്ന വന്യജീവികൾ, മത്തായി പറഞ്ഞു പ്രലോഭിപ്പിച്ച വമ്പൻ മീനുകൾ, ഭയപ്പെടുത്തിയ ഭീകരൻ പാമ്പുകൾ, കഥപോലെ കേട്ട വെളുത്ത പ്രതിമമനുഷ്യർ. ചുറ്റും ചുറ്റും മറ്റൊരു ലോകം. അവിടെ രാജാവായി മത്സ്യാവതാരമെടുത്ത ചെയ്ത്താൻ മത്തായി! അയാളുടെ മുന്നിലൂടെ ഒഴുകിവന്ന പൂതലിച്ച തടിയിൽ പ്രജകളെല്ലാവരും ചേർന്നു പിടിച്ചിരുത്തി. അനുസരണയോടെ അടങ്ങിയിരുന്നു.

‘നിന്റെ പേരെന്താ.’

വീണ്ടുമതേ ചോദ്യം, ഈപ്രാവശ്യം അമ്മയോടല്ല. പുറത്തു പോയി കളിക്കെടായെന്ന് പറയാൻ അമ്മയില്ല. ചെയ്ത്താൻ ഒഴുകിവന്നു തലയിൽ തൊട്ടു, മുടിയിഴകളിലൂടെ തലോടി. ‘നീ നിന്റെ അമ്മയുടെ രൂപമാണ്. എന്റെ പേരെങ്കിലും നിനക്കിരിക്കട്ടെ.’

അയാളുടെ വിരലുകളിലൂടെ ഊർജ്ജത്തിന്റെ നേർത്തചാലുകൾ പ്രവഹിച്ചു. അത് ശരീരമാസകലം ചെതുമ്പലായി പൊതിഞ്ഞുതുടങ്ങി. എല്ലാ ബോധങ്ങളിൽ നിന്നും വിമുക്തനാകുന്നതുപോലെ. ആദ്യമായി അയാളോട് വല്ലാത്ത സ്നേഹം തോന്നി, ചെയ്ത്താൻ മത്തായിയോട്.

‘നിനക്കു വേറൊരു പേരുവേണ്ടാ.’ മത്തായി സ്നേഹത്തോടെ പറഞ്ഞു.

‘മത്തായിക്കുഞ്ഞേ, നിനക്കു വേറൊരു പേരുവേണോ?’

‘വേണ്ടാ. വേറൊരു പേരുവേണ്ടാ.’

‘മത്തായിക്കുഞ്ഞേ…മത്തായിക്കുഞ്ഞേ…’

മീനുകളും, പാമ്പുകളും, പേരറിയാജീവികളും, സമാധിയിൽ വെളുത്തുപോയ, ഒരിക്കൽ മനുഷ്യരായിരുന്ന, പ്രതിമകളും ഉറക്കെവിളിച്ചു. മത്തായിക്കുഞ്ഞേ… മത്തായിക്കുഞ്ഞേ….

ചെയ്ത്താൻ അരികിലേയ്ക്ക് നീന്തിവന്നു.. ചെവിക്കരികിൽ മൃദുവായി വിളിച്ചു.. മത്തായിക്കുഞ്ഞേ…മത്തായിക്കുഞ്ഞേ…

‘എന്തോ.. എന്തോ…’

Read More: ജുനൈദ് അബുബക്കറിന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook