മരിച്ചാലും മായില്ല മരിച്ചവന്റെ മേൽവിലാസം
കൈതവളപ്പിൽ കുഞ്ഞപ്പൻ മകൻ ശിവദാസൻ
പരേതൻ പീലേരി കുഞ്ഞമ്പു മകൻ
ആ അറാംപെറന്നോൻ…
അന്വേഷിച്ചുവരും മണിയോർഡറുമായി പോസ്റ്റ്മാൻ
കുടിശ്ശിക മുടങ്ങിയതിൻ പേരിൽ
ബാങ്ക് ശിപായി
ഒക്കത്തൊരു കുഞ്ഞിനേയും പേറി
തല നരച്ചു തുടങ്ങിയ പെണ്ണ്
അവളുടെ സാരി കോന്തലയിൽ വിയർപ്പിനാ-
ലൊട്ടിയ നിറംമങ്ങിയ ഫോട്ടോ.
വരും വിലാസം തേടി പലരും പലതും
മല ചവിട്ടാൻ പോയതാണ്
പ്രളയത്തിൽ മുങ്ങിയതാണ്
പുലി പിന്നാലെ ഓടിയതാണ്
കിട്ടിയില്ലൊരു മുദ്രമോതിരം; അടയാളവാക്യവും
അടിവസ്ത്രം കണ്ടാണ് അടിയാത്തിപ്പെണ്ണൊരുവൾ
അവൻ തന്നെയെന്നുരുവിട്ടത്
എല്ലും തോലും മുടിയുമായല്ലോ തമ്പ്രാൻ എന്ന് വലിയ വായിൽ നിലവിളിച്ചത്
ചത്തവന്റെ വിലാസം തേടി ആളുകൾ
വന്നുകൊണ്ടിരിക്കും
പാർട്ടികാർ പത്രക്കാർ കടം കൊടുത്തവർ
ഇൻഷൂറൻസ് ഏജന്റ്
ചത്തവന്റെ സുവിശേഷം തേടിയെത്തും
ചില എഴുത്തുകാരും.
സഹായ വാഗ്ദാനങ്ങളുമായി പിരിവുകാർ.
അനുശോചന സായാഹ്നമൊരുക്കി
സ്ഥലത്തെ ദേശപോഷിണി വായനശാല
എന്നിട്ടും
കുഴി മൂടിയതിന്റെ നാല്പത്തിയൊന്നാം നാൾ
മരിച്ചത് ഞാനല്ലെന്നും പറഞ്ഞവൻ
സ്വന്തം വിലാസം തേടി
വരുമോന്നൊരു പേടി
വെറും പേടിയല്ല.